
താടി പഞ്ഞി പോലെ നരച്ചിരിയ്ക്കണം, സോഡാ കുപ്പി മാതിരിയുള്ള കണ്ണട ധരിച്ചിരിയ്ക്കണം, സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് പടത്തിലെ ആളുകളെ പോലെ ചുണ്ടത്ത്എപ്പോഴും ഒരു സിഗരട്ട് കടിച്ചു പിടിയ്ക്കണം..... ഒരു ശാസ്ത്രജ്ഞന്‍ എന്ന് പറഞ്ഞാല്‍ ഇപ്പറഞ്ഞത് എല്ലാം വേണം എന്നായിരുന്നു കുഞ്ഞു നാള്‍ മുതല്‍ക്കേ മനസ്സിലുള്ള ഒരു ധാരണ . അപ്രതീക്ഷിതമായി നഗരത്തിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞന്‍-ക ഗ്രേഡില്‍ നിയമനം ലഭിച്ചപ്പോള്‍ കുഞ്ഞികുട്ടന്‍ സ്വല്‍പ്പം അമ്പരക്കാതിരുന്നില്ല. ന്യൂട്ടനും ഐന്‍സ്ടീനും മാത്രമല്ല കാടാമ്പുഴ ഭഗവതി കനിഞ്ഞാല്‍ ഏത് കുഞ്ഞികുട്ടനും ശാസ്ത്രജ്ഞന്‍ ആകാമെന്ന് അപ്പോഴാണ് അവന് ബോധ്യം വന്നത്. പരീക്ഷണ ശാല, ടെസ്റ്റ് ട്യൂബ്, ഹൈഡ്രോ ക്ലോറിക് ആസിഡ്, ബുദ്ധി, വിവേകം, കോമണ്‍ സെന്‍സ് ഇതൊന്നും ഇല്ലെങ്കിലും ശാസ്ത്രജ്ഞന്‍ - ഹ വരെ എത്തിയവരെ നേരില്‍ കണ്ടു മനസ്സിലാക്കിയപ്പോഴാണ് ശ്വാസം നേരെ വീണത്. ആപല്‍ ബാന്ധവ! അങ്ങ് കാത്തു! വളരാത്ത താടി വളര്‍ത്താന്‍ ആയുര്‍വേദ മരുന്ന് മസ്സാജിങ്ങും സിഗരട്ട് വലി തുടങ്ങാനുമുള്ള പദ്ധതി തല്ക്കാലം വേണ്ടെന്നു വെച്ചു. ഗവേഷണ ശാലയിലെ ചിട്ടവട്ടങ്ങള്‍ ക്രമേണ കുഞ്ഞികുട്ടന് ബോധ്യപ്പെട്ടു. സര്‍കാര്‍ ഓഫീസ് പോലെത്തന്നെ. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറ് വരെയാണ് സാധാരണ ഗവേഷണ സമയം. പ്രാരംഭ ഗവേഷണം ക്യാന്റീനില്‍ നടത്തി ഒരു പതിനൊന്നു മണിയോടെ ഗവേഷണ ശാലയില്‍ എത്തിയാല്‍ മതി. പിന്നെ കമ്പ്യുട്ടറില്‍ മെയില്‍ ഗവേഷണം .... ഇന്‍റര്‍നെറ്റ് ഗവേഷണം... ഈ കംപ്യുട്ടര്‍ എന്ന കുന്ത്രാണ്ടം ഇല്ലായിരുന്നെന്കില്‍ ഈ ശാസ്ത്രജ്ഞന്മാര്‍ എല്ലാം പണ്ടേ തട്ടിപോയേനെ! അത്രയ്ക്കും ബോറാണ് അളിയാ ഈ ഗവേഷണ ശാലയിലെ ജീവിതം. കുഞ്ഞികുട്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശാസ്ത്രജ്ഞന്‍-ഖ യുടെ അടുത്താണ്. ഖ അവധിയില്‍ പോയാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനാണ് ഉത്തരവ്. മീറ്റിങ്ങില്‍ പങ്കെടുക്കുകയാണ് ഗവേഷണ ശാലയിലെ മുഖ്യ കലാപരിപാടി . ശാസ്ത്രജ്ഞന്‍-ഖ കിഴക്കമ്പലം ലുങ്കി കമ്പനിയുടെ പരസ്യം പോലെ ഒരു കിലോമീറ്റര്‍ നീളമുള്ള ഡ്രോയിംഗ് മേശപ്പുറത്തു വിരിയ്ക്കും. അതില്‍ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും അടയാളപ്പെടുത്തും. കുഞ്ഞികുട്ടനടക്കം മറ്റെല്ലാവരും അപ്പോള്‍ തലയാട്ടി ഹാ ജി! എന്ന് പറയണം. രണ്ടു സമോസയും ഓരോ ചായയും കുടിയ്ക്കണം. യോഗം പിരിച്ചുവിട്ടിരിയ്ക്കുന്നു! വീണ്ടും അടുത്ത നാള്‍. ഒരേ ഡ്രോയിംഗ്, ഒരേ വിഷയം, സമോസയ്ക്ക് പകരം ആലു ബോണ്ട. സംഗതി കുഞ്ഞികുട്ടന് പെരുത്തു ഇഷ്ട്ടായി . ഒരു സംശയം ഇപ്പോഴും ബാക്കി. ഈ ഗുരുത്വാകര്‍ഷണവും ഇ സമം എം സി സ്ക്വയര്‍ എല്ലാം ഉണ്ടായത് ഇങ്ങനെ സമോസയും ആലുവടയും വിഴിങ്ങിയിട്ടായിരിയ്ക്കുമോ? ആ.... എന്തിനീ അനാവശ്യ വിഷയങ്ങള്‍ ആലോചിച്ചു തല വേദന വരുത്തണം? തലച്ചോറ് എന്ന സാധനം തീരെ ഉപയോഗിയ്ക്കേണ്ട, മാസ അവസാനം കൈ നിറയെ പണം. ഇതില്‍ കൂടുതല്‍ എന്നെതാ വേണ്ടത്? സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിളയും ഗ്രാമം..... കുഞ്ഞികുട്ടനിലെ കവി ഉറക്കെ പാടി......