വെള്ളിയാഴ്‌ച, മാർച്ച് 06, 2009

ഗാന്ധിജിയും ലേലവും പിന്നെ ദാരിദ്ര്യവും.



പട്ടിണി പാവങ്ങളുടെയും ദരിദ്ര നാരായണന്മാരുടെയും നാടായ നമ്മുടെ സ്വന്തം ഭാരതത്തിനു സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ഒരു യാഥാര്‍ഥ്യം ആകാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരിയ്ക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ച് അഹിംസ സിദ്ധാന്തത്തിലൂടെ ബ്രിട്ടിഷ്കാരെ ഇന്ത്യയില്‍ നിന്നു കെട്ട് കെട്ടിച്ച മഹാനായ ഗാന്ധിജി തന്നെ അതിന് കാരണമായത് ഒരു പക്ഷെ യാദൃശ്ചികമാവാം. മഹാത്മജിയുടെ കണ്ണടയും, മെതിയടിയും, വാച്ചും അദ്ദേഹത്തിന്‍റെ പഴയ സുഹൃത്തായ ജെയിംസ് ഓട്ടിസ് ലേലം വെയ്ക്കാന്‍ പോകുകയാണ് പോലും. ലേലം നടക്കാം, നടക്കാതിരിയ്ക്കാം. ലേലം ഉപേക്ഷിയ്ക്കനായി ജെയിംസ് ഓട്ടിസ് മുന്നോട്ടു വെയ്ക്കുന്ന ഉപാധികള്‍ ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ചാല്‍ അടുത്ത ഒരു ദശാബ്ദതോടെ നമ്മുടെ രാജ്യത്ത് പട്ടിണി എന്നത് ചരിത്രമായി മാറും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം പാവങ്ങളുടെ ഉന്നമനത്തിനായി ചെലവാക്കാനാണ് ഒട്ടിസിന്റെ നിര്‍ദ്ദേശം. ലോകം കണ്ടതില്‍ വെച്ച്‌ ‌ ഏറ്റവും സമുന്നതനായ മഹാത്മജിയ്ക്ക് വേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ സ്വീകരിയ്ക്കുകയാണ് വേണ്ടത്. അമൂല്യവും മഹാതമാവിനു ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്ന കണ്ണടയും മെതിയടിയും അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് വരുന്നു എന്ന് മാത്രമല്ല പാവപ്പെട്ടവന്‍റെ ഉന്നമനത്തിന്റെ ശംഖ് വിളി കൂടി ആകും ഇതിലൂടെ സാധ്യമാകുക. ഇതെങ്ങനെ സാധ്യമാകും? നമുക്കു പരിശോധിയ്ക്കാം: വര്‍ഷം രണ്ടായിരത്തി ഒമ്പത്: ഇന്ത്യയുടെ മൊത്തം ജനസംഖ്യ - ഏകദേശം നൂറു കോടി. ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബി പി എല്‍) ജനസംഖ്യ - മുപ്പതു കോടി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക്- എട്ടു/ഒമ്പത് ശതമാനം. ഓട്ടിസ് ഫോര്‍മുല പ്രകാരം ജി ഡി പി യുടെ അഞ്ചു ശതമാനം പാവങ്ങള്‍ക്കായി ചെലവാക്കിയാല്‍ അടുത്ത പത്തു വര്‍ഷത്തോടെ ദരിദ്ര വാസികളുടെ എണ്ണം മുപ്പതില്‍ നിന്നു പതിനഞ്ചു കോടി ആയി ചുരുങ്ങുന്നു എന്ന് സങ്കല്‍പ്പിയ്ക്കുക. അതായതു രണ്ടായിരത്തി പത്തൊമ്പതില്‍ അല്ലെങ്കില്‍ രണ്ടായിരത്തി ഇരുപതില്‍ പോപുലേഷന്‍ ബിലോ പോവര്ടി ലൈന്‍ : പതിനഞ്ചു കോടി (വിത്ത് സ്ട്രിക്ട് ഫാമിലി പ്ലാനിംഗ് മേഷേര്സ്!). ഇനി കലാപരിപാടിയിലെ അടുത്ത ഇനം: ദാരിദ്ര്യം പൂര്‍ണമായും തുടച്ചു നീക്കണമെന്ന് ആത്മാര്‍ഥമായും ആഗ്രഹിയ്ക്കുന്ന ഒരു സന്നദ്ധ സംഘം അഹമ്മദാബാദ് സബര്‍മതി ആശ്രമം, പോര്‍ബന്ദറിലെ ഗാന്ധി ഗൃഹം എന്നിവ സന്ദര്‍ശിയ്ക്കുന്നു. ഗാന്ധിജിയുടെ അവശേഷിയ്ക്കുന്ന ഊന്നു വടി, മറ്റു സാമഗ്രികള്‍ എന്നിവ സമര്‍ത്ഥമായി മോഷ്ടിയ്ക്കുന്നു. ജെയിംസ് ഓട്ടിസ് ആട്ടകഥ രണ്ടാം ഭാഗം ഇതോടെ ആരംഭിയ്ക്കുകയായി. ജി ഡി പി യുടെ പത്തു ശതമാനമാണ് ഇത്തവണ ഓട്ടിസ് ആവശ്ശ്യപ്പെടെണ്ടത് മോചന ദ്രവ്യം വകയില്‍. ഇന്ത്യയില്‍ ചൂടു പിടിച്ച വാദ പ്രതിവാദങ്ങള്‍ നടക്കുന്നു. പാര്‍ലിമെന്റില്‍ പ്രതിപക്ഷവും ഭരണ പക്ഷവും എട്ടു മുട്ടുന്നു. പ്രധാന മന്ത്രി രാഹുല്‍ ഗാന്ധി പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട് ഒട്ടിസില്‍ നിന്നും ഊന്നു വടി കരസ്തമാക്കുവനായി ജി ഡി പി യുടെ പത്തു ശതമാനം പാവപ്പെട്ടവര്‍ക്ക് മാറ്റി വെയ്ക്കുന്നു.
വര്‍ഷം : രണ്ടായിരത്തി മുപ്പതു. ഭാരതത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിയ്ക്കുന്ന ജനസംഖ്യ - പൂജ്യം പൂജ്യം പൂജ്യം പൂജ്യം!
വര്‍ഷം: രണ്ടായിരത്തി മുപ്പത്തി ഒന്നു. ന്യൂ ഡല്‍ഹിയിലെ പ്രശസ്തമായ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരു ലേലം അരങ്ങേറാന്‍ പോകുകയാണ്. ലേല സമാഗ്രികള്‍ : ജോര്‍ജ് വാഷിംഗ്‌ടണ്‍ ഉപയോഗിച്ച വാക്കിംഗ് സ്റ്റിക്, എബ്രഹാം ലിങ്കന്‍റെ കോട്ട്, ജോണ്‍ കെന്നഡിയുടെ സ്വിസ് വാച്ച്. ലേലം നടത്തുന്നത് : വിജയ് മല്ല്യ ജൂനിയര്‍. ലേലക്കാരന്റെ ആവശ്യം: ലേലം അല്ലെങ്കില്‍ അമേരിയ്ക്കയുടെ മൊത്തം ജി ഡി പിയുടെ അമ്പത് ശതമാനം അവിടുത്തെ അറുപതു ശതമാനത്തോളം വരുന്ന ദരിദ്ര സായിപ്പന്മാര്‍ക്കായി നീക്കി വെയ്ക്കുക.........
ചരിത്രം ആവര്‍ത്തിച്ച് കൊണ്ടേ ഇരിയ്ക്കുന്നു.....




ബുധനാഴ്‌ച, മാർച്ച് 04, 2009

ട്വന്റി പെര്‍സെന്റ്

ഹലോ, മാഷേ ഞാന്‍ കുട്ടപ്പനാ.. ആ ട്വന്റി പെര്‍സെന്‍റ് എന്തായി?

ഒന്നും അറിഞ്ഞില്ലടെ. അപ്പ്രൂവ് ആയി എന്ന് പറയുന്നു, ഇല്ല എന്ന് പറയുന്നു, ഒന്നും വ്യക്തമല്ല. ഫയല്‍ ചെയര്‍മാന്‍റെ ഓഫീസില്‍ ആണത്രെ. ചെയര്‍മാന്‍ ഏമാന്‍ പാപ്പാ ന്യൂ ഗിനിയില്‍ എന്തോ പ്രധാന ദൌത്യവുമായി പോയി എന്ന് കേട്ടു. താന്‍ ഇപ്പൊ എവിടെയാ കുട്ടപ്പാ ?

ഞാന്‍ ഗങ്ങ്ടോക്കിലാ..... ഒടുക്കത്തെ തണുപ്പ്... ഒരു സ്മാളിന്റെ ബലത്തിലാണ് നിന്നോട് സംസാരിയ്ക്കുന്നത്.

അപ്പൊ താന്‍ കമ്പിളി വസ്ത്രം ഒന്നും കൊണ്ടുപോയില്ലയോ? ഡിപ്പാര്‍ട്ട്മെന്റ് ഒരു അടിപൊളി സ്വെട്ടെര്‍ തന്നിരുന്നല്ലോ?

ഓ! അത് ഞാന്‍ നമ്മുടെ കോയകുട്ടിയ്ക്ക് മറിച്ചുവിറ്റു മാഷേ. ഒരു ബ്ലാക്ക്‌ ഡോഗ് മുഴുകുപ്പി അങ്ങനെ ഒപ്പിച്ചു. ആട്ടെ, നീ ഇപ്പൊ എന്തെടുക്ക്വ?

ഞാനും കുടുംബവും ഇങ്ങു ഊട്ടിയിലാ ഇപ്പൊ. വാട്ട് എ പ്ലെസെന്‍റ് ക്ലൈമറ്റ് യാര്‍!

ചങ്ങാതി അപ്പൊ ഫാക്ടരിയിലാരുണ്ടിപ്പോള്‍? നീ അങ്ങോട്ടും പോയി, ഞാന്‍ ഇങ്ങോട്ടും വന്നു. പുലിവാലാകുമോ രാജപ്പാ?

മണ്ണാങ്കട്ട! ആരുടെയൊക്കെയോ മുന്ജന്മ്മസുകൃതം കൊണ്ടു ഫാക്ടറി ഒരു വിധം ഓടുന്നുണ്ട്. നീയും ഞാനും പോയാലും ഫാക്ടരീന്നു പുക വരും. പിന്നെ നമ്മടെ സഹായി ഉണ്ടവിടെ. അവനോടു പറഞ്ഞിട്ടുണ്ട് ലീവ് എടുക്കരുതെന്ന്.
ദെന്‍ ഇറ്റ് ഈസ് ഓക്കേ! ട്വന്റി പെര്‍സെന്‍റ് ഡിക്ലൈര്‍ ചെയ്താല്‍ ഒന്നു വിളിച്ചു പറഞ്ഞേര്. എനി തിംഗ് എല്‍സ്?

ങ്ഹാ യാര്‍ ! വണ്‍ തിംഗ് ഐ ഫോര്‍ഗോട്ട് ടു ടെല്‍ യു. നമ്മടെ രാജിവെച്ചു പോയ കണ്ണപ്പനില്ലേ? ഹി ഈസ് ബാക്ക് നൌ!
കണ്ണപ്പന്‍, ദ ഗയ് ഹു വാസ് ഓഫെഡ് ടെന്‍ ലാക് പെര്‍ ആനം ബൈ സം എം എന്‍ സി ?
ങ്ഹാ യാര്‍ ദ സെയിം പുവര്‍ ചാപ്പ്. മാന്ദ്യം ഇഫക്ട്. നൌഹിസ്‌ ടോട്ടല്‍ സാലറി ഇസ് ട്വന്റി പെര്‍സെന്‍റ് ഓഫ് വാട്ട് ഇസ് ഓഫെഡ് ഇനിഷ്യലി! മൂപ്പര് രാജി കൊടുത്തു പറയുന്ന കേട്ടു. കാട കോഴി വളര്‍ത്തു പരിപാടി ഉണ്ടെന്നു കേട്ടറിഞ്ഞു. ലോണ്‍ അപ്ലൈ ചെയ്തെന്നും ട്വന്റി പെര്‍സെന്‍റ് ലോണ്‍ സംഗ്ഷന്‍ ആയെന്നും.....

വെള്ളിയാഴ്‌ച, ഫെബ്രുവരി 13, 2009

മദ്യപാനികളെ, ഇതിലെ....ഇതിലെ...


ഇതു പോലൊരു സദ്‌ വാര്‍ത്ത‍ ഇനി കേക്കാന്‍ ഇല്ല. നൂറു ശതമാനം ഉറപ്പ്. ഈ സെമിനാറുകളും മറ്റും സംഘടിപ്പിയ്ക്കുന്നവര്‍ കുറച്ചു നേരത്തെ തന്നെ ഇതെല്ലം സംഘടിപ്പിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ! സ്വന്തം പോക്കറ്റിലെ പൈസ മുടക്കി രണ്ടെണ്ണം വീശണം എന്ന് തോന്നിയാല്‍ അല്ലേലും തലേല്‍ മുണ്ടിട്ടു ഷാപ്പില്‍ കയറേണ്ട വല്ല ആവശ്യവുമുണ്ടോ? ശ്ശെടാ ! നമ്മുടെ പൈസ, നമ്മുടെ വയറ്, നമ്മുടെ കരള്. ഓരോ എമ്പോക്കികളുടെ നോട്ടം കണ്ടാല്‍ തോന്നും നമ്മള്‍ കള്ള് വാങ്ങിയിട്ട് വല്ലവന്റെയും കരളിലെയ്ക്ക് ഒഴിച്ച് കൊടുക്കുന്നു എന്ന്. ഫ്ഫൂ.........! രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ നില നിര്‍ത്തുന്നതിനു സുപ്രധാനമായ പങ്കാണ് മദ്യം വഹിയ്ക്കുന്നത്. മദ്യം ഒരു ദേശീയ പാനീയം ആയി അംഗീകരിച്ചു മദ്യപാനികള്‍ക്ക്‌ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിയ്ക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഇതിന്‍റെ ആദ്യപടിയെന്നോണം രാജ്യത്തെ പൊതു മേഖല-സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു നിശ്ചിത തുക സ്മാള്‍ അടി അലവന്‍സ് എന്ന പേരില്‍ കൊടുക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ മുതല്‍ സഹായി വരെ ഉള്ളവര്‍ക്കു ഹയര്‍ ആര്‍ക്കിയെ മാനിച്ചുകൊണ്ട് വേതനത്തില്‍ വ്യത്യാസം വരുത്താവുന്നതാണ്. ഉദാഹരണം: ചെയര്‍മാന്‍ - അയ്യായിരം രൂപ (മുന്തിയ ഇനം സ്കോട്ച്ച് വിസ്കി/ബ്രാണ്ടി), ഡയറക്ടര്‍ ഏമാന്മാര്‍ - മൂവായിരം രൂപ ( നമ്പര്‍ ടു ബ്രാന്‍ഡ് വി/ബ്രാ) , എസ് ഓ -എച്ച് /ജി/എഫ്/ ....രണ്ടായിരം രൂപ (ബ്രാണ്ട് സ്വയം തീരുമാനിക്കുക) , മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെടാത്ത മറ്റു അലവലാതികള്‍ - ആയിരം രൂപ (എനി ബ്രാന്‍ഡ് അദര്‍ ദാന്‍ പട്ടച്ചാരായം) , ഹെല്‍പര്‍ , മാലി തുടങ്ങിയ വര്‍ഗം - അഞ്ഞൂറ് രൂപ (ഒണ്‍ലി പട്ടച്ചാരായം) . മദ്യം കുടിയ്ക്കാത്ത വനിതാ ജീവനക്കാര്‍ക്കും കട്ട് കുടിയ്ക്കുന്ന മാന്യന്മാര്‍ക്കുമായി ഒരു നിശ്ചിത സംഖ്യ നല്‍കുന്നതും നല്ല കാര്യം ആകുന്നു. അങ്ങനെ മദ്യത്തെ അംഗീകരിയ്ക്കുക കാരണം തകരുന്ന ഒട്ടേറെ കുടുംബങ്ങളെ നേരാം വഴിയിലാക്കുവാനും, സമൂഹത്തില്‍ അമാന്യന്‍ എന്ന വിഭാഗത്തെ ഉന്മൂലനം ചെയ്യുവാനും കഴിയുന്നു. കോളേജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സ്ഥിരം മദ്യപാനികള്‍ ആക്കുവനായി ചില പ്രത്യേക ബാറുകളില്‍ അവര്ക്കു ഇളവ് അനുവദിയ്ക്കവുന്നതാണ്. നമ്മുടെ രഫരല്‍ ആസ്പത്രികള്‍ പോലെ ഈ ബാറുകള്‍ രഫരല്‍ ബാറുകള്‍ ആയി അറിയപ്പെടും. ആന്‍ ആപ്പിള്‍ എ ഡേ അല്ല എ ബോട്ടില്‍ എ ഡേ കീപ്സ് ദ ഡോക്ടര്‍ എവേ എന്ന് പാഠപുസ്തകം ഭേദഗതി വരുത്തി കുഞ്ഞുങ്ങളുടെ മനസ്സില്‍ മദ്യം എന്ന മഹനീയ പാനീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ആരംഭിയ്ക്കണം.
മദ്യത്തിന്‍റെ മഹത്വം ഈ വൈകിയ വേളയിലെങ്കിലും മനസ്സിലാക്കി മനസ്സു തുറക്കാന്‍ ചങ്കൂറ്റം കാണിച്ച മഹാനുഭാവനായ സ: ജയരാജന്‍ ജീ , അങ്ങേക്ക് വിപ്ലവാഭിവാദനങ്ങള്‍!




വെള്ളിയാഴ്‌ച, ജനുവരി 23, 2009

എന്‍റെ പ്രശസ്ത്യന്വേഷണ പരീക്ഷണങ്ങള്‍


കുട്ടി കാലം മുതലേ മനസ്സില്‍ ഉള്ള ഒരാഗ്രഹമാണ് : എങ്ങനെയെങ്കിലും ഒന്നു പ്രശസ്തനാവണം. എന്ത് പണ്ടാരം അടങ്ങിയിട്ടായാലും തരക്കേടില്ല. നമ്മടെ പേരു കേട്ടാല്‍ ഫോര്‍ പീപ്പിള്‍ അറിയണം. എന്താ അതിനൊരു കുറുക്കു വഴി? വേലു പിള്ള പ്രഭാകരനും ബിന്‍ ലാദനുമൊക്കെ എങ്ങനെ ആണാവോ ഇത്രയും പ്രസിദ്ധരോ കുപ്രസിദ്ധരോ ആയതു? ഈ ചങ്ങാതിമാര് അടുത്ത് എവിടെയെങ്കിലും ഉണ്ടെകില്‍ നേരിട്ടു പോയി ചോദിച്ചു സംഗതിയുടെ ഗുട്ടന്‍സ് കണ്ടുപിടിയ്ക്കാമായിരുന്നു. ഷൂസ് ഊരി അമേരിയ്കന്‍ പ്രസിഡന്റിനെ എറിഞ്ഞു പെരെടുക്കമെന്നു വെച്ചാല്‍ കഷ്ടകാലത്തിനു ബുഷ് അമ്മാവന്‍ വെള്ള കൊട്ടാരം ഒഴിഞ്ഞു എന്ന് കേട്ടു. ഇനി മൂപ്പരെ എറിയാന്‍ പോയാല്‍ കാര്‍ന്നോര് തിരിച്ചു എറിയും എന്നത് തീര്‍ച്ച.

പഠിയ്ക്കുന്ന കാലത്ത് നേരെ മാര്‍ഗം പഠിച്ചിരുന്നെങ്കില്‍ വല്ല റാങ്കോ കുന്ത്രാണ്ടാമോ വാങ്ങി പത്രത്തിലും ടി വി യിലും ഒക്കെ നിറഞ്ഞു നില്‍ക്കാമായിരുന്നു. പഠിയ്ക്കാന്‍ പറ്റാത്ത മൂഡന്മാര്‍ക്ക് ഷൈന്‍ ചെയ്യാന്‍ പറ്റിയ പാട്ട്‌, കൂത്ത്, ഡാന്‍സ് & നേരംപോക്ക് ഇനങ്ങളിലും കൈ വെച്ചു നോക്കി. ങൂ ഹും! ശാസ്ത്രജ്ഞന്‍ -ജി എച്ച് ഐ വിഭാഗത്തിന്‍റെയോ ടീച്ചര്‍ മാരുടെയോ സന്തതി ആയി പിറക്കാത്ത കാരണം അവിടെയും ഫലം തഥൈവ . ഇനി ഇപ്പൊ പ്രശസ്തിയ്ക്കു വേണ്ടി തന്തയെ മാറ്റി പറയാന്‍ പറ്റുമോ?

സ്കൂളിനോട് ഗുഡ് ബൈ ചൊല്ലി തേരാ പാര അലയുംബോഴാണ്നാട്ടില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പേരെടുക്കാന്‍ ഇതിലും നല്ല ഒരു അവസരം ഇനി വരാനില്ല. ആള് കൂടുതലുള്ള പാര്‍ടിയുടെ നേതാവിനെ ഒരു വിധം പറഞ്ഞു ബോധ്യപ്പെടുത്തി ഒരു സീറ്റ് ഒപ്പിച്ചെടുത്തു. നോമിനേഷന്‍ സമര്‍പ്പിയ്ക്കുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളായിരുന്നു! പഞ്ചായത് പ്രസിഡന്റ്, ജില്ല പഞ്ചായത് പ്രസിഡന്റ്, എം എല്‍ എ , എം പി പിന്നെ മന്ത്രി........ മന്ത്രി വരെ ആയാല്‍ മതി, അതിനപ്പുറം വേണ്ട. ഇലക്ഷന്‍ കഴിഞ്ഞു , വോട്ടെണ്ണി .... കിട്ടിയത് നാല്‍പ്പതു വോട്ട്. ഈ വോട്ടു ചെയ്യുന്ന പരിഷകള്‍ കഴുതകളല്ല കോവര്‍ കഴുതകളാണെന്ന് അപ്പോഴാണ്‌ ശരിയ്ക്കും ബോധ്യപ്പെട്ടത്‌.

നാന സിനിമ വാരിക വെറുതെ മറിച്ചു നോക്കുമ്പോഴാണ് നടന്മാരെ ആവശ്യമുണ്ടെന്ന ബോക്സ് പരസ്യം ശ്രദ്ധയില്‍ പെട്ടത്. അറിയപ്പെടാത്ത ഒരു സംവിധായന്റെ പടത്തിലെയ്ക്ക് ആണ്. ഒത്താല്‍ പിന്നെ പ്രശസ്തനാവാന്‍ വേറൊന്നും വേണ്ട. നാലഞ്ച്‌ പോസിലുള്ള ഫോട്ടോസ് ഉടന്‍ തന്നെ സ്പീഡ് പോസ്റ്റ് ചെയ്തു. ഒരാഴ്ച കൊണ്ടു മറുപടി വന്നു. ഉടന്‍ മദ്രാസിലെ പ്രസാദ് കളര്‍ ലാബിലേയ്ക്ക് ചെല്ലാന്‍. മേല്‍വിലാസം ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി. അതെ കത്ത് തനിയ്ക്ക് തന്നെ. കോട്ടും കുപ്പായവും ഒക്കെ തയ്പ്പ്പിച്ചു ചെന്നൈ മെയില് കയറുമ്പോള്‍ മനസ്സില്‍ മുഴുവന്‍ സില്‍ക്ക് സ്മിത ആയിരുന്നു (അക്കാലത്തു ഷക്കീല ഇല്ല). മദ്രാസില്‍ നിന്നു കത്ത് വന്ന ദിവസം മുതല്‍ സ്വപ്നം കാണുകയാണ് സില്‍ക്കിനെ. സ്വപ്നം ചിലര്‍ക്കു ചില കാലം ഒത്തിടും. എന്‍റെ രാശി തെളിയുമോ , തൃപ്പങ്ങോട്ടപ്പ രക്ഷിയ്ക്കണേ! അഭിമുഖം കഴിഞ്ഞു തിരിയ്ക്കുമ്പോള്‍ ഡയറക്ടര്‍ ഏമാന്‍ ഉവാച : "ഇപ്പൊ നീങ്കള്‍ പോന്കെ, അപ്പ്രം കൂപ്പിടുവെന്‍" ! പിന്നീട് അറിഞ്ഞു നമ്മളെ കൂപ്പിടുവാന്‍ ഇരുന്ന ആളെ കടവുള്‍ മേലോട്ട് കൂപ്പിട്ടെന്നു. പാപി പോയ ഇടം പാതാളം!

സില്‍ക്ക് സ്മിതയെ തല്ക്കാലം മറന്നു നല്ല കുട്ടി ആയി കഴിഞ്ഞു കൂടുമ്പോളാണ് ഗിന്നസ് ബുക്ക് എന്ന ഒരു സാധനത്തില്‍ കയറി കൂടാന്‍ ഓരോരുത്തര്‍ ചെയ്തു കൂട്ടുന്ന വിക്രിയകളെ കുറിച്ചു അറിയുന്നത്. ഒരു ചങ്ങാതി കുറെ വിഷ പാമ്പിന്റെ കൂടെ ഒരു കൂട്ടില്‍ പത്തു നാള്‍ ചിലവഴിച്ചു. പാമ്പ്‌ വേലായുധന്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തനായി. പത്തര നാള്‍ ചിലവഴിച്ചാല്‍ വേലായുധനെ ഔട്ടാക്കി റെക്കോര്‍ഡ് തിരുത്താം. നടന്നു നേരെ പാടത്തേയ്ക്ക്. മൂര്‍ഖനുമായി സഹ വസിയ്ക്കുന്നതിനു മുന്നോടിയായി ഒരു ട്രയല്‍ ബേസിസില്‍ ഒന്നു രണ്ടു നീര്‍ക്കോലി (വാട്ടര്‍ സ്നേക്ക്) യെ പിടിയ്ക്കാന്‍ പോയതായിരുന്നു. പിടിയും കടിയും കിട്ടിയത് ഒരേ സമയത്തായിരുന്നു. അത്താഴം മുടങ്ങിയത് മിച്ചം.

മൂക്ക് മുട്ടെ വിഴുങ്ങിയാലും ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാമെന്ന് "കുമ്പ കുരിശായ റപ്പായി"യുടെ കഥ കലാകൌമുദിയില്‍ വായിച്ചപ്പോളാണ് മനസ്സിലായത്. വളരെ ഈസി! ഒരു മുതല്‍ മുടക്കും വേണ്ട. രണ്ടു കുല നേന്ത്രപ്പഴം ഒറ്റ ഇരുപ്പിന് ഇരുന്നു വിഴുങ്ങണം. അമ്പതു ഇഡ്ഡലി അഞ്ചു മിനുട്ടില്‍ അകത്താക്കണം. ദൃശ്യ- ശ്രവ്യ മാധ്യമങ്ങളുടെ മുമ്പില്‍ മേല്‍പ്പറഞ്ഞ കലാപരിപാടി അവതരിപ്പിച്ചാല്‍ ഗിന്നെസ് ബുക്കില്‍ പ്രവേശനം സൌജന്യം! അകത്താക്കുന്ന ഇനങ്ങള്‍ക്കും അഞ്ചു പൈസ മുടക്കേണ്ട. അതിനാണല്ലോ കോണ്ട്രാക്ടര്‍ എന്നൊരു പാവത്താനെ ദൈവം സൃഷ്ടിച്ചു ഈ ദുനിയവിലെയ്ക്ക് അയച്ചിരിയ്ക്കുന്നത്. പയ്യെ തിന്നാല്‍ പനയും തിന്നാം എന്നാണല്ലോ പഴമൊഴി. പഴത്തില്‍ തൊട്ടു തുടങ്ങി. പാളയന്‍ കോടനാവട്ടെ ഉദ്ഘാടനം. ആദ്യ ദിവസം അര ഡസന്‍ അകത്താക്കി. പിറ്റേന്നു ഏഴെണ്ണം, മൂന്നാം നാള്‍ രാവിലെ മുതല്‍ രാത്രി വരെ കക്കൂസിലായിരുന്നു കുടി കിടപ്പ്. ആരെല്ലാമോ ആംബുലന്‍സില്‍ കയറ്റുന്നതും കാല ശകടം ണിംഗ് ണിംഗ് ശബ്ദം ഉണ്ടാക്കി പോയതും ഓര്‍മ ഉണ്ട്. ബോധം വന്നപ്പോള്‍ കട്ടിലിനു ചുറ്റും ബന്ധു മിത്രാദികളുടെ വന്‍ നിര.....അങ്ങനെ അതും സ്വാഹ!

ഇപ്പോള്‍ ദൈവം സഹായിച്ചു ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. ഉള്ളത് തിന്നു കുടിച്ചു സമാധാനത്തോടെ ജീവിയ്ക്കുന്നു. പഴ വര്‍ഗങ്ങള്‍, രാഷ്ട്രീയം, പാട്ടു, ഡാന്‍സ്, പേ കൂത്ത് , എന്തിന് താര റാണി നമിത ചേച്ചി വരെ ഇപ്പോള്‍ കണ്ടാല്‍ അലെര്‍ജി ആണ്.
ഭജ ഗോവിന്ദം, ഭജ ഗോവിന്ദം, ഗോവിന്ദം ഭജ മൂഡമതേ.......
ജഗത് ഗുരു ശ്രീ ശങ്കരാചാര്യരെ! അങ്ങേയ്ക്ക് പ്രണാമം!



































ശനിയാഴ്‌ച, ജനുവരി 17, 2009

സാറോപദേശം

കഥ ഇതു വരെ: പൈലി - സാറ ദമ്പതികളുടെ ഏക മകള്‍ കൊച്ചു ത്രേസ്സ്യ വ്യവസായ പ്രമുഖന്‍ സത്യപാലനെ വിവാഹം കഴിയ്ക്കുന്നു. സത്യപാലന്റെ കച്ചവടം ക്ഷയിക്കുന്നത്തോടെ ത്രേസ്യാ- സത്യ വിവാഹ ബന്ധം ഉലയുന്നു. ഇനി തുടര്‍ന്ന് വായിയ്ക്കുക.....

എന്‍റെ വര്‍കിച്ചായ! ഇതു കൊല ച്ചതി ആയി പോയി. എന്‍റെ മോളെ വഴിയാധാരമാക്കാന്‍ ങ്ങള്‍ക്കു എങ്ങനെ മനസ്സു വന്നു? എന്‍റെ ഈശോയെ! ഞാന്‍ ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും?

ഈയുള്ളവന്‍ എന്നാ ചെയ്യാനാ സാറാമ്മ ഏടത്തി? എല്ലാം ആ കണക്കു പിള്ള പ്രൈവാകു ചേട്ടന്‍റെ വേലത്തരം അല്ലാരുന്നോ? സത്യപാലന് എട്ടായിരം കോടി രൂപ വിറ്റു വരവുള്ള കമ്പനിയുണ്ട്, അമേരിയ്ക്കയിലും യുറോപ്പിലും ആയി പത്തമ്പത് ഓഫീസുകളുണ്ട്, അമ്പതിനായിരത്തോളം ജോലിക്കാരുണ്ട്........... എരണം കെട്ട പ്രൈവാകുവിനെ വിശ്വസിയ്ക്കാന്‍ കൊള്ളില്ല എന്ന് ഇപ്പോഴല്ലേ അറിഞ്ഞത്?

ഇതിയാനോട് ഞാനപ്പോഴേ പറഞ്ഞതാ സത്യപാലനെ പറ്റി ഒന്നു രണ്ടു പേരോട് കൂടെ ചോദിച്ചിട്ട് പോരായിരുന്നോ ഉറപ്പിയ്ക്കാന്‍ എന്ന്. ങൂ ഹൂ ! ഈ ഉള്ളവള് പറയുന്നതു അല്ലെങ്കില്‍ എപ്പോഴാ ഇതിയാന്‍ കേക്കുന്നത്? പെണ്ണുങ്ങള്‍ അടുക്കള ഭരിച്ചാല്‍ മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി?

എല്ലാം നമ്മുടെ വിധി എന്നങ്ങോട്ടു കരുതിയാല്‍ മതി ഇന്‍റെ സാറമ്മോ ! സത്യപാലന്‍ ഇപ്പോഴെങ്കിലും സത്യം പറഞ്ഞല്ലോ എന്നോര്‍ത്ത് സമാധാനിക്യാ. മൂപ്പിലാന്‍ ഒരു നാലഞ്ച്‌ കൊല്ലം കൂടി പത്തു കോടി ഇരുപതു കോടി എന്നൊക്കെ പറഞ്ഞു ഒടുവില്‍ കൈ മലര്‍ത്തി ഇരുന്നെങ്കിലോ? സ്ഥിതി ഇതിലും വഷള് ആവില്ലയിരുന്നോ? വേളാങ്കണ്ണി മാതാവ് കാത്തൂന്നു അങ്ങട്ട് വിചാരിയ്ക്ക്യ, അത് ന്നെ.


ങ്ങള് ബേജാറ് ആകാതെ ന്‍റെ പൈലി ചേട്ടാ ! കേട്ടടെത്തോളം സത്യപാലന്‍ മാത്രല്ല ഈ പണിയും കൊണ്ടു നടക്കുന്ന ശ്ശി കച്ചവടക്കാര്‍ കട പൂട്ടാന്‍ ഒരുങ്ങി ഇരിയ്ക്കുന്നുണ്ട് എന്നാണ് കവലയില്‍ കേട്ടത്. ഈ വര്‍കിയെ അങ്ങനെ അങ്ങ് കൊച്ചാക്കാന്‍ വരട്ടെ. പണ്ടേ ഈ പ്രൈവാകു പിള്ള കള്ള കണക്കുണ്ടാക്കാന്‍ മിടുക്കന്‍ ആണ് എന്നാണ് നാട്ടുകാരു പറേന്നത്‌.

പിള്ലെച്ചനേം സത്യപാലനേം തെറി പറഞ്ഞിട്ട് ഇനി എന്നാ പ്രയോജനം? . ആയ കാലത്ത് പെണ്ണിനെ കല്യാണം കഴിപ്പിച്ചെങ്കില്‍ ഈ ഉള്ളവള്‍ ഇപ്പൊ ഒരു അമ്മുമ്മ ആയേനെ! ഇച്ചാച്ചന്റെ ഇടവകയില്‍ നല്ല കിളുന്തു പോലത്തെ ചെക്കന്മാര്‍ ഉണ്ടായിരുന്നു. ടപ്പര് വെട്ടും കള്ളു ഷാപ്പുമായി നാട്ടില്‍ അന്തസ്സോടെ ജീവിയ്ക്കുന്ന മിടുക്കന്മാര്‍. കമ്പ്യൂട്ടറും ആംഗലേയവും അറിയില്ല എന്ന ഒറ്റ കുഴപ്പമേ ഉള്ളു. സത്യപാലനെ മൊഴി ചൊല്ലി പെട്ടെന്ന് പെണ്ണിനെ വേറെ നല്ല ആണ്‍ പിള്ളേരെ എല്പ്പിയ്ക്കണം. വര്കിച്ചായന്‍ ഒന്നുകൂടി മനസ്സു വെച്ചാല്‍ എന്‍റെ പെണ്ണിന് രണ്ടാമത് ഒരു ചെക്കനെ കിട്ടും.
നിങ്ങള് വിസമിയ്ക്കേണ്ടാന്നും! നല്ല മണി മണി പോലത്തെ പിള്ളേരെ നമ്മന്റെ ത്രേസ്സ്യാകുഞ്ഞിനു ഈ വര്‍കി കൊണ്ടു വരും. ഓള് സത്യപാലന്റെ കൂടെ പൊറുത്തവള്‍ ആണെന്ന് മാത്രം ങ്ങള് ആരോടും മുണ്ടണ്ട, എന്താ പൈലിച്ചായ സരിയല്ലേ?
ഈശോ മിശിഹയ്ക്കു സ്തുതി ആയിരിയ്ക്കട്ടെ!




ബുധനാഴ്‌ച, ജനുവരി 07, 2009

"മാന്ദ്യ" വിചാരം

ആഗോള തലത്തില്‍ മാന്ദ്യം ആണത്രേ! കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു, ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നു, നിര്‍ബന്ധ അവധി എടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു. അമേരിയ്ക്കയില്‍ ബാങ്കുകളെല്ലാം പൊളിഞ്ഞു കുത്ത് പാള എടുത്തു പോലും. അമേരിയ്ക്കയില്‍ തുടങ്ങിയ മാന്ദ്യം യൂറോപ്പ് വഴി ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഇങ്ങു ഡല്‍ഹിയിലും ബംഗ്ലോരിലും മുംബയിലും ചെന്നയിലും എത്തി എന്നൊക്കെ ഏതൊക്കെയോ വിവര ദോഷികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ആദ്യമൊക്കെ കരുതിയത്‌ ഈ മാന്ദ്യം എന്നാല്‍ പക്ഷി പ്പനി പോലത്തെ ഒരു അസുഖമായിരിയ്ക്കുമെന്നാണ്. ഉള്ളിന്റെ ഉള്ളില്‍ വാസ്തവത്തില്‍ സന്തോഷമായിരുന്നു. കഴിഞ്ഞ പക്ഷിപ്പനി സമയത്തു നാമയ്ക്കലിലെ കോഴികടകളിലെ കോഴികളെല്ലാം ചാവാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ മുട്ട ഒന്നു ഇരുപതു പൈസയ്ക്ക് കിട്ടിയിരുന്നു. ഒരു കിലോ കോഴി പത്തു രൂപയും. ഒരാഴ്ച കുശാലായിരുന്നു. കോഴിയും കള്ളും കുറെ അകത്തു പോയി. പക്ഷി പ്പനി കുറെ കാലം കൂടി നീണ്ടുപോകണമേ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചു. ഈ കോഴികളെ പോലെ ആടിനും പച്ചക്കറികള്‍ക്കും എന്താണാവോ ഒരു പനിയും വരാത്തത്? ഓ സോറി! നമ്മള്‍ പറഞ്ഞു വന്നത് മാന്ദ്യത്തെ കുറിച്ചായിരുന്നല്ലോ?



ഉര്‍വ്വശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. ഒരു "പട്ടി" പോലും തിരിഞ്ഞു നോക്കാത്ത ഇനം ആയിരുന്നു ഈ പാവത്താന്‍. പെട്ടന്നൊരു സുപ്രഭാതത്തില്‍ മൂപ്പിലാന്റെ ഡിമാണ്ട് ഗ്രാഫ് മേല്പോട്ട് ഒറ്റ കയറ്റമായിരുന്നു, ഓഹരി ചന്തയിലെ സൂചിക പോലെ. സ്വതവേ തലയ്ക്കു നല്ല ഭാരമായിരുന്നു. "മാന്ദ്യ" ശേഷം തലക്കനം ഒരു പത്തു കിലോ കൂടി. അമ്പതു പവനും ആള്‍ട്ടോ കാറും ആയിരുന്നു തലേന്ന് വരെ "ചെക്കനെ" കാണാന്‍ വന്നവരോട് തന്തപ്പടി പറഞ്ഞിരുന്നത്. നൂറു പവനും ഫോര്‍ഡ് ഐകോണും എന്ന് അതെ തന്ത തന്നെ മാറ്റി പറഞ്ഞതു "മാന്ദ്യം ഇഫക്ട്" എന്ന് നാട്ടു വര്‍ത്തമാനം. ഐ ടി ലോകത്തെ ബാല ഭാസ്കരന്മാര്‍ പിങ്ക് സ്ലിപ്പും സുവര്‍ണ ഹസ്ത ദാനവും (ഗോള്‍ഡന്‍ ഹാന്‍ഡ് ഷേക്ക്‌) ആയി പൊറുതി മുട്ടുമ്പോള്‍, ആറാം ശമ്പള കമ്മീഷന്റെ അവസാന ഗടു‌ എങ്ങനെ ചിലവഴിയ്ക്കണമെന്ന ആശയ കുഴപ്പത്തിലാണ് സര്ക്കാരിന്റെ വിനീത ഭൃത്യന്‍. ഭാരിച്ച ഉത്തരവാദിത്വം ആണ് ഈയിടെ ആയി സര്‍ക്കാര്‍ മൂപ്പരുടെ തലയില്‍ കെട്ടി വെയ്ക്കുന്നത്. അരാജകപ്പെട്ടുകിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പോയി ഡെവലപ്പ് ചെയ്തു വരാന്‍ ആദ്യം ഉത്തരവ് കിട്ടി. കഷ്ടപ്പെട്ട് വിമാനത്തിലൊക്കെ കയറി അവിടെ എത്തി ഒരു മാതിരി "വികസനം" ഒക്കെ നടത്തി തിരിച്ചു ജോലിയ്ക്ക്‌ കയറി ഓഫീസില്‍ കഠിന അദ്വാനം ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ ആണ് സര്‍ക്കാരിന്റെ അടുത്ത അശരീരി " അല്ലയോ സര്‍ക്കാര്‍ സേവക! നീ അങ്ങ് ഭാരതത്തിന്റെ വടക്കു കിഴക്ക് മേഖല സന്ദര്‍ശിയ്ക്കുക, വികസനം എന്തെന്നറിയാത്ത ആ ദരിദ്ര സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യ ധാരയിലെയ്ക്ക് ഉയര്‍ത്തി കൊണ്ടു വരിക, നിനക്കു എല്ലാ മംഗളങ്ങളും!" എന്ത് ചെയ്യാനാണ് ദൈവമേ? സര്‍ക്കാര്‍ ഉത്തരവ് നിരസിയ്ക്കാനൊക്കുമൊ ? പോവുക തന്നെ. പ്രയാസപ്പെട്ടു എണിപ്പടി വഴി വിമാനം കയറി വടക്ക് കിഴക്ക് എത്തി തെക്കു വടക്കു അലഞ്ഞു വികസിപ്പിച്ചു വികസിപ്പിച്ചു ഒരു കണക്കിന് തിരികെ എത്തി. സിക്കിം മസ്ക്കിന്റെ ഒരു മുഴു കുപ്പി ഒന്നങ്ങനെ വാങ്ങി, നൂറ്റി ഇരുപതു രൂപ എണ്ണി കൊടുത്തിട്ട് മനസ്സില്‍ പറഞ്ഞു: വികസിയ്ക്കൂ സംസ്ഥാനമേ പ്ലീസ്....... നൂറ്റി ഇരുപതു കോടി രൂപ ചിലവില്‍ ഗങ്ങ്ടോക്കില്‍ വിമാനത്താവളം വരുന്നുന്നുണ്ട് എന്ന് ഈയിടെ പത്രത്തില്‍ കണ്ടു . ത്രീ ചിയേര്‍സ് ടു സിക്കിം മസ്ക്! ഈ മാന്ദ്യം സിംഗ പൂരിനെയും തായ്‌ ലന്റിനെയും ബാധിയ്ക്കുമോ എന്നാണിപ്പോഴത്തെ പേടി. അവിടെയും "വികസിപ്പിയ്ക്കാന്‍" ഇനി അങ്ങോട്ട് കെട്ടി കെട്ടിയ്ക്കുമോ ഈയുള്ളവനെ? ഈ സര്‍ക്കാരിനെ കൊണ്ടു തോറ്റു.

തിങ്കളാഴ്‌ച, ഡിസംബർ 29, 2008

രണ്ടായിരത്തി എട്ട് - ഒരു തിരിഞ്ഞു നോട്ടം.




സാധാരണക്കാരന്‍റെ "സ്വന്തമായൊരു കാറ്" എന്ന സ്വപ്നം സാക്ഷാല്‍ക്കരിയ്ക്കുവാനായി, രത്തന്‍ ടാറ്റ എന്ന വ്യവസായ രാജാവ് രണ്ടായിരത്തി എട്ടു ജനുവരിയില്‍, കൊട്ടും കുരവയോടും തുടങ്ങിയ "നാനോ" പ്രൊജക്റ്റ്‌ എന്ന പളുങ്ക് പാത്രം, രാഷ്ട്രീയ മേലാളന്മാരുടെ ഇച്ഛാശക്തിയ്ക്ക് മുമ്പില്‍ വീണു ഉടയുന്നതിനു ഈ വര്‍ഷം മൂക സാക്ഷി ആയി. നാടിന്‍റെ അഭിവൃദ്ധിയ്ക്ക് വിദേശ മൂലധനം അത്യാവശ്യമാണെന്നും സോഷ്യലിസം ഇന്ത്യന്‍ ചുറ്റുപാടില്‍ സാധ്യമല്ലെന്നും ഉള്ള വിപ്ലവാച്ചര്യന് സ: ജ്യോതി ബസുവിന്‍റെ വെളിപ്പെടുത്തല്‍, പുതു വര്‍ഷ പുലരിയിലെ പ്രധാന വാര്‍ത്ത‍ ആയിരുന്നു. പാവപ്പെട്ടവനെ ചവിട്ടി മെതിച്ചുകൊണ്ടുള്ള വികസന കാഴ്ച്ചപാടിനെതിരെ ബംഗാളി സാഹിത്യകാരി മഹേശ്വതാ ദേവി സംസാരിച്ചതും കേരളത്തിലെ സാംസ്കാരിക നായകര്‍ക്കെതിരെ രോഷം കൊണ്ടതും, സുകുമാര്‍ അഴിക്കോട് "സംസ്കാര സാഹിതി" യുടെ പുരസ്കാരം തമസ്കരിച്ചതും രണ്ടായിരത്തി എട്ടിലെ ചരിത്രമായി.


ഏറ്റവും കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളം ആണെന്നുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ യുടെ റിപ്പോര്‍ട്ടിന് സാക്ഷി പത്രം എന്നോണം, കണ്നുരിലും കൊടുങ്ങല്ലൂരിലും ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ സാക്ഷര കേരളത്തിന്‍റെ യശസ്സിനു ഒട്ടൊന്നുമല്ല കളങ്കം ചാര്‍ത്തിയത്.


സങ്കുചിത ജാതി-മത ചട്ടകൂട്ടില്‍ നിന്നും വിഭിന്നമായി ചിന്തിയ്ക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌, പരിഷ്കൃത പഠന രീതി അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു സര്‍ക്കാരിനെ പ്രതി കൂട്ടില്‍ കയറ്റി, "ജീവനില്ലാത്ത മതം" ഉണ്ടാക്കാന്‍ ക്രൈസ്തവ സഭയും പ്രതിപക്ഷ സമൂഹവും ഒത്തു ചേര്ന്നു, തെരുവില്‍ കാഹളം മുഴക്കിയതും നമ്മള്‍ ഈ വര്‍ഷം കണ്ടു. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമായ വിദ്യാഭ്യാസ മേഖല പരിഷ്കരിയ്ക്കാനായി, സര്‍ക്കാര്‍ കൊണ്ടു വന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പ്രബലമായ സഭയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ ഫലം കാണാതെ പോയി. സിസ്റ്റര്‍ അഭയ വധ കേസില്‍, കന്യാസ്ത്രീകളുടെ പ്രായത്തെ സംബന്ധിച്ച് വനിതാ കമ്മീഷന്‍ നടത്തിയ പരാമര്‍ശത്തില്‍, സഭ സ്വീകരിച്ച നിലപാട്, ഇതു വരെ പരിപാവനമെന്നു ശുദ്ധ മനസ്കര്‍ കരുതിയിരുന്ന വിശ്വാസ പ്രമാണങ്ങളെ തുരങ്കം വെയ്ക്കുന്നവ ആയിരുന്നു. ക്ലസ്റ്റെര്‍ പരിശീലനവുമായി ബന്ധപ്പെട്ട് ഉണ്ടായ കശപിശയില്‍ ഒരു സ്കൂള്‍ ഹെഡ് മാസ്റ്റര്‍ നരാധമന്‍ മാരാല്‍ നിഷ്കരുണം വധിയ്ക്കപ്പെട്ടതും രണ്ടായിരത്തി എട്ടിലെ കറുത്ത ഏടായി അവശേഷിയ്ക്കുന്നു.


പി കൃഷ്ണപിള്ളയുടെയും എകെ ജിയുടെയും ഇ എം എസ്സിന്റേയും അനുയായികളുടെ കൈകളില്‍, പാവപ്പെട്ടവന്‍റെ ആശാകേന്ദ്രമായി വര്‍ത്തിച്ച വിപ്ലവ പാര്‍ട്ടി, ഗ്രൂപ്പുകളിയുടെ കൂത്തരങ്ങായി അധപ്പതിച്ചതും കേരളം കണ്ടറിഞ്ഞു. റിയല്‍ എസ്റ്റേറ്റ്‌ - ഭൂ ഉടമകള്‍ക്കെതിരെ സത്യസന്ധമായി പട നയിച്ച ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ഗ്രൂപ്പ് കളി യ്ക്ക് ബലിയാട് ആയതിനും കേരള ജനത നിര്‍ലജ്ജം സാക്ഷ്യം വഹിച്ചു.


നീതി നിഷേധത്തിന്റെയും പട്ടിണിയുടെയും ഉപോല്‍പ്പന്നമായ തീവ്ര വാദം കേരളത്തിലും വേര് പിടിയ്ക്കുന്നു എന്ന് ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കി. ഒമ്പത്/പതിനൊന്നിന്റെ രണ്ടാം ഭാഗം ഇരുപത്തി ആറ്/പതിനൊന്നിനു മുംബൈ താജ് ഹോട്ടല്‍ കേന്ദ്രമാക്കി അരങ്ങേറിയപ്പോള്‍ അതിര്‍ത്തി കടന്നുള്ള ഭീകര ആക്രമണങ്ങളുടെ തീവ്രത നമ്മള്‍ നേരിട്ടനുഭവിച്ചു. ഭീകരരെ സ്വന്തം ജീവന്‍ ത്യജിച്ചു തുരത്തിയ ധീരന്മാരേ നമ്മള്‍ ശ്വാന പ്രയോഗം നടത്തി അനുമോദിച്ചു/അവഹേളിച്ചു.


ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആഗോള ഒറ്റപെടലില്‍ നിന്നും കരകയറ്റാനായി പ്രധാന മന്ത്രി അമേരിയ്ക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ രണ്ടായിരത്തി എട്ടില്‍ നിറഞ്ഞു നിന്ന വാര്ത്ത ആയിരുന്നു. സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരത്തിലെര്‍പ്പെട്ട ഇടതു പക്ഷം തങ്ങളുടെ "ചരിത്രപരമായ അബദ്ധം" പിന്തുണ പിന്‍ വലിച്ചതിലൂടെ ആവര്‍ത്തിച്ചു. കേന്ദ്ര വിരുദ്ധ സമരം മറന്നു പോയ സംസ്ഥാന ഭരണ നേതൃത്വം പെട്ടെന്നൊരു സുപ്രഭാതത്തില്‍ പാര്‍ലിമെന്റിനു മുമ്പില്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ടിച്ചു ഗാന്ധിയന്‍ സമരങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു.


ഐ എസ്ആര്‍ ഓ യുടെ വിജയകരമായ ചന്ദ്രയാന്‍ ദൌത്യം, ബിജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര നേടിയ വിജയം, അമേരിയ്ക്കയില്‍ ബാരക്ക് ഒബാമ ഹുസൈന്‍ നേടിയ ഐതിഹാസിക വിജയം ഇവയ്ക്കൊപ്പം ഇറാഖ‌ില്‍ പര്യടനത്തിനിടയില്‍ ജോര്‍ജ് ബുഷ് ഏറ്റു വാങ്ങിയ പാദുകവര്‍ഷവും രണ്ടായിരത്തി എട്ടിനെ അവിസ്മരണീയമാക്കി.


പദ്മ ശ്രീ ഭരത് മോഹന്‍ലാല്‍ ലെഫ്ടനെന്റ്റ് കേണല്‍ ആയതും പദ്മശ്രീ ഭരത് മമ്മൂട്ടി അഡ്വക്കേറ്റ് ഡോക്ടര്‍ മേജര്‍ ജനറല്‍ ആകാതിരുന്നതും രണ്ടായിരത്തി എട്ടിലെ തമാശ മാത്രം. സന്തോഷ് മാധവന്മാരുടെയും ഹിമവല്‍ ഭദ്ര ആനന്ദന്‍ മാരുടെയും വിശ്വ ചൈതന്യ ആനന്ദന്മാരുടെയും മായാ ലീലാ വിലാസങ്ങളില്‍ ആകൃഷ്ടരായ ഒട്ടേറെ ലോല ഹൃദയരായ നാരീ ജനങ്ങളുടെ പീഡന ത്തിന്റെ ചരിത്രം കൂടി രണ്ടായിരത്തി എട്ടിന് അവകാശപെട്ടതാണ്. "യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവത" (സ്ത്രീകള്‍ എവിടെയെല്ലാം പൂജിയ്ക്കപ്പെടുന്നുവോ, അവിടെ ദൈവം കുടി കൊള്ളുന്നു.).


എവിടെ സ്ത്രീ കൂടുതലായി പീഡനത്തിനു വിധേയ ആകുന്നുവോ, അവിടം "ദൈവത്തിന്റെ സ്വന്തം നാടെന്ന്" അറിയപ്പെടുന്നു. വിട! മൈ ഡിയര്‍ രണ്ടായിരത്തി എട്ടേ!