വ്യാഴാഴ്‌ച, ജൂലൈ 03, 2008

ഭഗ്ന ഭവനം

മനസ്സിനിണങ്ങിയ ഒരു വീട് ഉണ്ടാക്കുകാനും അതില്‍ കയറി താമസിക്കാനും ആഗ്രഹം ഇല്ലാത്ത മനുഷ്യന്‍ ഉണ്ടാകില്ല. അമിത പലിശക്ക് വായ്പയെടുത്തും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും മണി സൌധം പടുത്തുയര്‍ത്തുന്ന മനുഷ്യന്‍, ആ മണി സൌധത്തില്‍ താമസിക്കാന്‍ വിധിക്കപ്പെട്ടവനല്ലെങ്കില്‍ അവന്‍റെ പേരത്രേ മറുനാടന്‍ മലയാളി. ഉയര്‍ന്ന സാക്ഷരതയും അവകാശങ്ങളുടെ അമിതാവബോധത്തില്‍ നാടിനെ കുട്ടിച്ചോറാക്കിയ സാമൂഹ്യ പശ്ചാത്തലവും മൂലം വെളിനാടുകളില്‍ ജോലി ചെയ്യേണ്ടി വരുന്ന ഈ ഹതഭാഗ്യന്‍ വീടും കുടിയും ആവശ്യമാണെന്ന് ജീവിതാന്ത്യത്തിലാണ് ആലോചിക്കുന്നത് തന്നെ. വീട് ഉണ്ടാക്കി പാലും കാച്ചി സുഹൃത്തുക്കളും ബന്ധുക്കളും ഒന്നിച്ചു ഗ്രഹപ്രവേശം നടത്തിയ ശേഷമാണ് ആലോചിക്കുക ഈ ഗ്രഹത്തില്‍ താമസിക്കാന്‍ സമയമായിട്ടില്ലല്ലോ എന്ന്. വീടിനു അനുയോജ്യമായ വാടകക്കാരെ അന്വേഷിയ്ക്കുകയാണ് അടുത്ത പടി. മുന്തിയ തരം ടൈല്‍സ് പതിച്ച
തറയും, ലക്ഷക്കണക്കിന്‌ വിലകൊടുത്തു നിര്‍മ്മിച്ച മോഡുലാര്‍ അടുക്കളയുമെല്ലാം
നാളിതുവരെ കാണാത്ത അപരിചിതന് ഇരുപതു രൂപയുടെ മുദ്ര പത്രത്തിന്‍റെ ബലത്തില്‍ താമസിയ്ക്കാന്‍ കൊടുക്കേണ്ടി വരുന്ന ഗതികേട് ഓര്‍ത്തു പാവം മലയാളി നെടുവീര്‍പ്പിടുന്നുണ്ടാവും. ജീവിതത്തിന്‍റെ അവസാന യാമത്തില്‍ സ്വന്തം നാട്ടില്‍ ശിഷ്ട ജീവിതം കഴിച്ചു കൂട്ടാനുള്ള വ്യഗ്രതയില്‍ നാട്ടിലെത്തുന്ന മലയാളിയ്ക്ക് കിട്ടുന്നത് ആന കയറിയ കരിമ്പിന്‍ തോട്ടം മാതിരിയുള്ള വീടാണ്. വാടകക്കാരന്റെ കൊച്ചു മക്കളുടെ ഭാവനാ വിലാസങ്ങള്‍ കാട് കയറിയത് വിലപിടിപ്പുള്ള ടൈല്‍സ് കൊണ്ടു നിര്‍മ്മിച്ച തറയിലും ചുമരിലുമാണ്. സൌന്ദര്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാടകക്കാരന്റെ നല്ല പകുതി പെരുമാറിയ അടുക്കളയാകട്ടെ, യൌവ്വനത്തിനു മുമ്പെ ചാരിത്ര്യം നഷ്ടപെട്ട പെണ്‍കുട്ടിയെ അനുസ്മരിപ്പിയ്ക്കുന്നു. മലയാളി ജീവിയ്ക്കുകയാണ്, എല്ലാ നായകളും ജീവിയ്ക്കുന്നതുപോലെ തന്നെ. (സോക്രടീസിനോട് കടപ്പാട്).