തിങ്കളാഴ്‌ച, ഡിസംബർ 29, 2008

രണ്ടായിരത്തി എട്ട് - ഒരു തിരിഞ്ഞു നോട്ടം.




സാധാരണക്കാരന്‍റെ "സ്വന്തമായൊരു കാറ്" എന്ന സ്വപ്നം സാക്ഷാല്‍ക്കരിയ്ക്കുവാനായി, രത്തന്‍ ടാറ്റ എന്ന വ്യവസായ രാജാവ് രണ്ടായിരത്തി എട്ടു ജനുവരിയില്‍, കൊട്ടും കുരവയോടും തുടങ്ങിയ "നാനോ" പ്രൊജക്റ്റ്‌ എന്ന പളുങ്ക് പാത്രം, രാഷ്ട്രീയ മേലാളന്മാരുടെ ഇച്ഛാശക്തിയ്ക്ക് മുമ്പില്‍ വീണു ഉടയുന്നതിനു ഈ വര്‍ഷം മൂക സാക്ഷി ആയി. നാടിന്‍റെ അഭിവൃദ്ധിയ്ക്ക് വിദേശ മൂലധനം അത്യാവശ്യമാണെന്നും സോഷ്യലിസം ഇന്ത്യന്‍ ചുറ്റുപാടില്‍ സാധ്യമല്ലെന്നും ഉള്ള വിപ്ലവാച്ചര്യന് സ: ജ്യോതി ബസുവിന്‍റെ വെളിപ്പെടുത്തല്‍, പുതു വര്‍ഷ പുലരിയിലെ പ്രധാന വാര്‍ത്ത‍ ആയിരുന്നു. പാവപ്പെട്ടവനെ ചവിട്ടി മെതിച്ചുകൊണ്ടുള്ള വികസന കാഴ്ച്ചപാടിനെതിരെ ബംഗാളി സാഹിത്യകാരി മഹേശ്വതാ ദേവി സംസാരിച്ചതും കേരളത്തിലെ സാംസ്കാരിക നായകര്‍ക്കെതിരെ രോഷം കൊണ്ടതും, സുകുമാര്‍ അഴിക്കോട് "സംസ്കാര സാഹിതി" യുടെ പുരസ്കാരം തമസ്കരിച്ചതും രണ്ടായിരത്തി എട്ടിലെ ചരിത്രമായി.


ഏറ്റവും കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളം ആണെന്നുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ യുടെ റിപ്പോര്‍ട്ടിന് സാക്ഷി പത്രം എന്നോണം, കണ്നുരിലും കൊടുങ്ങല്ലൂരിലും ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ സാക്ഷര കേരളത്തിന്‍റെ യശസ്സിനു ഒട്ടൊന്നുമല്ല കളങ്കം ചാര്‍ത്തിയത്.


സങ്കുചിത ജാതി-മത ചട്ടകൂട്ടില്‍ നിന്നും വിഭിന്നമായി ചിന്തിയ്ക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌, പരിഷ്കൃത പഠന രീതി അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു സര്‍ക്കാരിനെ പ്രതി കൂട്ടില്‍ കയറ്റി, "ജീവനില്ലാത്ത മതം" ഉണ്ടാക്കാന്‍ ക്രൈസ്തവ സഭയും പ്രതിപക്ഷ സമൂഹവും ഒത്തു ചേര്ന്നു, തെരുവില്‍ കാഹളം മുഴക്കിയതും നമ്മള്‍ ഈ വര്‍ഷം കണ്ടു. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമായ വിദ്യാഭ്യാസ മേഖല പരിഷ്കരിയ്ക്കാനായി, സര്‍ക്കാര്‍ കൊണ്ടു വന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പ്രബലമായ സഭയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ ഫലം കാണാതെ പോയി. സിസ്റ്റര്‍ അഭയ വധ കേസില്‍, കന്യാസ്ത്രീകളുടെ പ്രായത്തെ സംബന്ധിച്ച് വനിതാ കമ്മീഷന്‍ നടത്തിയ പരാമര്‍ശത്തില്‍, സഭ സ്വീകരിച്ച നിലപാട്, ഇതു വരെ പരിപാവനമെന്നു ശുദ്ധ മനസ്കര്‍ കരുതിയിരുന്ന വിശ്വാസ പ്രമാണങ്ങളെ തുരങ്കം വെയ്ക്കുന്നവ ആയിരുന്നു. ക്ലസ്റ്റെര്‍ പരിശീലനവുമായി ബന്ധപ്പെട്ട് ഉണ്ടായ കശപിശയില്‍ ഒരു സ്കൂള്‍ ഹെഡ് മാസ്റ്റര്‍ നരാധമന്‍ മാരാല്‍ നിഷ്കരുണം വധിയ്ക്കപ്പെട്ടതും രണ്ടായിരത്തി എട്ടിലെ കറുത്ത ഏടായി അവശേഷിയ്ക്കുന്നു.


പി കൃഷ്ണപിള്ളയുടെയും എകെ ജിയുടെയും ഇ എം എസ്സിന്റേയും അനുയായികളുടെ കൈകളില്‍, പാവപ്പെട്ടവന്‍റെ ആശാകേന്ദ്രമായി വര്‍ത്തിച്ച വിപ്ലവ പാര്‍ട്ടി, ഗ്രൂപ്പുകളിയുടെ കൂത്തരങ്ങായി അധപ്പതിച്ചതും കേരളം കണ്ടറിഞ്ഞു. റിയല്‍ എസ്റ്റേറ്റ്‌ - ഭൂ ഉടമകള്‍ക്കെതിരെ സത്യസന്ധമായി പട നയിച്ച ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ഗ്രൂപ്പ് കളി യ്ക്ക് ബലിയാട് ആയതിനും കേരള ജനത നിര്‍ലജ്ജം സാക്ഷ്യം വഹിച്ചു.


നീതി നിഷേധത്തിന്റെയും പട്ടിണിയുടെയും ഉപോല്‍പ്പന്നമായ തീവ്ര വാദം കേരളത്തിലും വേര് പിടിയ്ക്കുന്നു എന്ന് ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കി. ഒമ്പത്/പതിനൊന്നിന്റെ രണ്ടാം ഭാഗം ഇരുപത്തി ആറ്/പതിനൊന്നിനു മുംബൈ താജ് ഹോട്ടല്‍ കേന്ദ്രമാക്കി അരങ്ങേറിയപ്പോള്‍ അതിര്‍ത്തി കടന്നുള്ള ഭീകര ആക്രമണങ്ങളുടെ തീവ്രത നമ്മള്‍ നേരിട്ടനുഭവിച്ചു. ഭീകരരെ സ്വന്തം ജീവന്‍ ത്യജിച്ചു തുരത്തിയ ധീരന്മാരേ നമ്മള്‍ ശ്വാന പ്രയോഗം നടത്തി അനുമോദിച്ചു/അവഹേളിച്ചു.


ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആഗോള ഒറ്റപെടലില്‍ നിന്നും കരകയറ്റാനായി പ്രധാന മന്ത്രി അമേരിയ്ക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ രണ്ടായിരത്തി എട്ടില്‍ നിറഞ്ഞു നിന്ന വാര്ത്ത ആയിരുന്നു. സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരത്തിലെര്‍പ്പെട്ട ഇടതു പക്ഷം തങ്ങളുടെ "ചരിത്രപരമായ അബദ്ധം" പിന്തുണ പിന്‍ വലിച്ചതിലൂടെ ആവര്‍ത്തിച്ചു. കേന്ദ്ര വിരുദ്ധ സമരം മറന്നു പോയ സംസ്ഥാന ഭരണ നേതൃത്വം പെട്ടെന്നൊരു സുപ്രഭാതത്തില്‍ പാര്‍ലിമെന്റിനു മുമ്പില്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ടിച്ചു ഗാന്ധിയന്‍ സമരങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു.


ഐ എസ്ആര്‍ ഓ യുടെ വിജയകരമായ ചന്ദ്രയാന്‍ ദൌത്യം, ബിജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര നേടിയ വിജയം, അമേരിയ്ക്കയില്‍ ബാരക്ക് ഒബാമ ഹുസൈന്‍ നേടിയ ഐതിഹാസിക വിജയം ഇവയ്ക്കൊപ്പം ഇറാഖ‌ില്‍ പര്യടനത്തിനിടയില്‍ ജോര്‍ജ് ബുഷ് ഏറ്റു വാങ്ങിയ പാദുകവര്‍ഷവും രണ്ടായിരത്തി എട്ടിനെ അവിസ്മരണീയമാക്കി.


പദ്മ ശ്രീ ഭരത് മോഹന്‍ലാല്‍ ലെഫ്ടനെന്റ്റ് കേണല്‍ ആയതും പദ്മശ്രീ ഭരത് മമ്മൂട്ടി അഡ്വക്കേറ്റ് ഡോക്ടര്‍ മേജര്‍ ജനറല്‍ ആകാതിരുന്നതും രണ്ടായിരത്തി എട്ടിലെ തമാശ മാത്രം. സന്തോഷ് മാധവന്മാരുടെയും ഹിമവല്‍ ഭദ്ര ആനന്ദന്‍ മാരുടെയും വിശ്വ ചൈതന്യ ആനന്ദന്മാരുടെയും മായാ ലീലാ വിലാസങ്ങളില്‍ ആകൃഷ്ടരായ ഒട്ടേറെ ലോല ഹൃദയരായ നാരീ ജനങ്ങളുടെ പീഡന ത്തിന്റെ ചരിത്രം കൂടി രണ്ടായിരത്തി എട്ടിന് അവകാശപെട്ടതാണ്. "യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവത" (സ്ത്രീകള്‍ എവിടെയെല്ലാം പൂജിയ്ക്കപ്പെടുന്നുവോ, അവിടെ ദൈവം കുടി കൊള്ളുന്നു.).


എവിടെ സ്ത്രീ കൂടുതലായി പീഡനത്തിനു വിധേയ ആകുന്നുവോ, അവിടം "ദൈവത്തിന്റെ സ്വന്തം നാടെന്ന്" അറിയപ്പെടുന്നു. വിട! മൈ ഡിയര്‍ രണ്ടായിരത്തി എട്ടേ!

ശനിയാഴ്‌ച, ഡിസംബർ 06, 2008

പമ്പ അശാന്തമായി ഒഴുകുന്നു.





ശരണം വിളികളാല്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇരുമുടി കെട്ട് തലയിലേന്തി ശ്രീ കോവില്‍പ്പടി ഇറങ്ങുമ്പോള്‍, യാത്ര അയയ്ക്കാന്‍ വന്ന സ്ത്രീകളുടെയും കൊച്ചുങ്ങളുടെയും കണ്ണുകളില്‍ അപകട ഭീതി നിഴലിച്ചിരുന്നു. വടക്കന്‍ പാട്ടുകളിലെ ചേകവന്മാരെ യുദ്ധത്തിന്നു ആശിര്‍വദിച്ചു പറഞ്ഞയയ്ക്കുന്ന വീരാങ്ങനമാരുടെ മുഖത്തെ വിഷാദ ഭാവം "സംരക്ഷണത്തിന്റെ അതിപ്രസരത്തില്‍" ജീവിയ്ക്കുന്ന നമ്മുടെ സ്ത്രീകളുടെ മുഖത്ത് പ്രകടമായത് സ്വാഭാവികമാവാം . വന്യ മൃഗങ്ങള്‍ നിറഞ്ഞ കാനന പാതയിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരവും ക്ഷേത്രങ്ങളില്‍ അടിയ്ക്കടി ഉണ്ടാവുന്ന ബോംബ് ഭീഷണികളും ആവാം അവരുടെ മനസ്സിനെ ഉലച്ചത്‌.



"എരുമേലി പേട്ട തുള്ളും കന്നി അയ്യപ്പന്മാര്‍ ഞങ്ങള്‍ക്കൊരു ജാതി ഒരു മതം ഒരു ദൈവം...." മേലാസകലം ചായം പൂശി കാട്ടു ജാതിക്കാരുടെ വേഷ വിധാനത്തോടെ പക്ക മേള ക്കാരന്റെ വാദ്യത്തിന് ഒപ്പം ആനന്ദ നടനം ആടുമ്പോള്‍ (പേട്ട തുള്ളല്‍) ഉള്ളിന്റെ ഉള്ളിലെ അഹന്തയും തന്‍ പ്രമാണിത്വവും എല്ലാം അക്ഷരാര്‍ത്ഥത്തില്‍ എങ്ങോ പോയ് മറഞ്ഞിരുന്നു. ഇടുക്കിയിലെ പീരുമെടിനു അരികത്തുള്ള മുത്തവര്‍ കുന്നുകളില്‍ നിന്നും ഉത്ഭവിയ്ക്കുന്ന, ഏകദേശം തൊണ്ണൂറ്റി രണ്ടു കി.മി നീളമുള്ള മണിമലയാര്‍ , ഇങ്ങു എരുമേലി എത്തുമ്പോഴേയ്ക്കും മലിനീകരണം അതിന്‍റെ പാരമ്യതയില്‍ എത്തുന്നു. ആയിര കണക്കിന് അയ്യപ്പ ഭക്തന്മാരെ ദിനം പ്രതി സ്വീകരിയ്ക്കുന്ന എരുമേലി ബസ്സ് സ്റ്റേഷന്‍ ആകട്ടെ ദുര്‍ഗന്ധത്തിന്റെ പര്യായമായി നില കൊണ്ടു. കോടി കണക്കിന് രൂപയുടെ വരുമാനമുള്ള തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡ് ബസ്സ് സ്റ്റേഷന്‍ പരിസരം വൃത്തി ആക്കാനോ എരുമേലി നദിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്.



എരുമേലി യ്ക്ക് ശേഷം നാലു കി.മീ. നടന്നാല്‍ പേരൂര്‍ തോടായി. ഇവിടിന്നങ്ങോട്ടു ശ്രീ അയ്യപ്പന്‍റെ പൂങ്കാവനമാണ്. ആനകളും പുലികളും മറ്റു വന്യ മൃഗങ്ങളും സ്വൈര വിഹാരം നടത്തുന്ന ഘോര വനം. നട്ടുച്ച നേരത്തും പ്രകാശം കടന്നു വരാന്‍ മടിയ്ക്കുന്ന ഇടുങ്ങിയ ഒറ്റയടി പാതയിലൂടെ ഉള്ള യാത്രയില്‍, പേരറിയാന്‍ പാടില്ലാത്ത പക്ഷി മൃഗ ആദികളുടെ അപരിചിതമായ കരച്ചില്‍ ശ്മശാന മൂകത യ്ക്ക് ശമനം വരുത്തി, ഭയാനകമായ അന്തരീക്ഷം സംജാതമാക്കി. ഓരോ കാട്ടരുവികള്‍ക്കും മുളന്ചെടി (ബാംബൂ) കള്‍ക്കും സമീപത്തായി കണ്ടു വന്ന ആവി പറക്കുന്ന ആന പിണ്ടങ്ങള്‍, കൂട്ടം തെറ്റി കാട്ടില്‍ അലയുന്ന ഒറ്റയാന്‍റെ ആപല്‍ക്കരമായ അദൃശ്യ സാന്നിധ്യം വിളിച്ചറിയിച്ചു. കാനന വാസാ... അയ്യപ്പാ... പമ്പാ വാസാ... ശരണം വിളിയുടെ ശബ്ദം സ്വാഭാവികമായും ഉയര്‍ന്നു.......



മഹിഷിയെ വധിയ്ക്കാന്‍ മണി കണ്ടനായി ജന്മമെടുത്ത സ്വ പുത്രന്‍റെ, മഹിഷി വധം നേരിട്ടു കാണാന്‍ ഇറങ്ങിയ പരമശിവന്‍, തന്‍റെ വാഹനമായ കാളയെ മരത്തില്‍ കെട്ടിയ സ്ഥലം പിന്നീട് കാളകെട്ടി എന്ന പേരില്‍ അറിയപ്പെട്ടു. വെടി വഴിപാടു പ്രധാന വരുമാന മായ കാളകെട്ടി ക്ഷേത്രത്തിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം കുന്നും മലയും കയറി വരുന്ന അയ്യപ്പ ഭക്തര്‍ക്ക്‌ വിശ്രമിയ്ക്കാന്‍ പറ്റിയ ഒരു അതി മനോഹര മായ ഇടത്താവളം സൃഷ്ടിക്കുന്നു. കാളകെട്ടി താണ്ടി രണ്ടു കി.മീ. നടന്നാല്‍ പമ്പയുടെ കൈവഴി എന്നറിയപ്പെടുന്ന അഴുത നദി കാണാം. കാട്ടിലൂടെ ഒഴുകുന്ന നദി എന്ന ഒറ്റ കാരണം കൊണ്ടാവാം, അഴുതയിലെ വെള്ളം പൊതുവെ മലിന വിമുക്തം ആയിരുന്നു. കാട്ടിലെ അഴുതയില്‍ ആവോളം മുങ്ങി, കല്ലിടാം കുന്നില്‍ നിക്ഷേപിയ്ക്കാനുള്ള കല്ലുമെടുത്തു പൊങ്ങുമ്പോള്‍, നാട്ടിലെ എരുമേലി നദിയില്‍ പുലര്‍ച്ചെ മുങ്ങിയതിന്റെ പാപമെല്ലാം ഒഴുകി പോയിരിയ്ക്കണം. അഴുക്കു വിമുക്തമായ അഴുതയിലെ സ്നാനം പ്രദാനം ചെയ്ത നവോന്മേഷത്തില്‍, പൊതുവെ ക്ലേശകരമായ അഴുത കയറ്റം സ്വല്‍പ്പം അനായാസകരമായി അനുഭവപ്പെട്ടു. കല്ലിടാം കുന്നിലെ മഹിഷിയുടെ ജഡത്തില്‍ പ്രതീകാത്മകമായി കല്ലു നിക്ഷേപിച്ചു ഇഞ്ചി പാറക്കോട്ട, മുക്കുഴി വഴി കരിയിലാം തോടില്‍ രാത്രി വിശ്രമത്തിന് ഒരുക്കം കൂട്ടുമ്പോള്‍ പിറ്റേന്ന് നടത്തേണ്ട കരിമല കയറ്റവും അതിലും പ്രയാസമേറിയ കരിമല ഇറക്കവുമായിരുന്നു മനസ്സില്‍. "കരിമല കയറ്റം കഠിനം എന്നയ്യപ്പ " എന്ന മന്ത്ര ഉച്ചാരണത്തോടെ പിറ്റേന്ന് പുലര്‍ച്ചെ കൂരിരുട്ടിനെ ഭേദിച്ച് ഭയ ഭക്തിയോടെ തുടങ്ങിയ കാനന യാത്ര ഒമ്പത് മണിയോടെ പമ്പ എത്തിയതോടെ അവസാനിച്ചു.


ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന പമ്പ തീരത്ത് വെച്ചാണ്‌ കുഞ്ഞായ അയ്യപ്പനെ പന്തളം രാജാവ് കണ്ടു മുട്ടിയത്‌ എന്നാണ് പറയപ്പെടുന്നത്‌. സര്‍വ്വ പാപങ്ങളും കഴുകി കളയുന്ന പവിത്രമായ പമ്പാ നദി ലക്ഷോപ ലക്ഷം പൌര ബോധം നഷ്ടപെട്ട അയ്യപ്പ ഭക്തരുടെ വിഴുപ്പു ഭാണ്ഡം പേറുന്ന ഒരു അഴുക്കു ചാലായി രൂപാന്തരപ്പെട്ടിരിയ്ക്കുന്നു. ദര്‍ശനത്തിനു വരുന്ന അയ്യപ്പ ഭക്തര്‍ തങ്ങളുടെ ഉടുവസ്ത്രം പമ്പയില്‍ ഒഴുക്കണം എന്നുള്ള ഏതോ കുബുദ്ധികളുടെ അന്ധ വിശ്വാസത്തിനു പമ്പാ നദി ബലി ആടായി തീര്‍ന്നിരിയ്ക്കുന്നു. കോടികണക്കിന് രൂപയുടെ ചിലവുള്ള "ശബരിമല മാസ്റ്റര്‍ പ്ലാന്‍" പദ്ധതിയില്‍ പമ്പ മലിനമാക്കുന്ന ആധുനിക ഭക്തരെ നിഷ്കരുണം ശിക്ഷിയ്ക്കാനുള്ള വകുപ്പ് സൃഷ്ടിയ്ക്കെണ്ടിയിരിയ്ക്കുന്നു.


ദിനം പ്രതി ഏറി വരുന്ന ഭക്ത ജന പ്രവാഹം ശബരിമലയുടെ സുരക്ഷയ്ക്ക് ഒരു ഭീഷണി ആയി നില കൊള്ളവേ , പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തി സായൂജ്യമടയുന്ന ഭക്തരെ സന്നിധാനത്ത് താമസിയ്ക്കാന്‍ അനുവദിയ്ക്കുന്നത് ഏത് വിശ്വാസത്തിന്റെ പുറത്താണെന്ന് മനസ്സിലാകുന്നില്ല. അരവണ, അപ്പം കൌണ്ടര്‍ വഴി അഭിഷേകം ചെയ്ത നെയ്യും വിതരണം നടത്തി ഭക്ത ജനങ്ങളെ മല കയറിയ ദിനം തന്നെ തിരിച്ചു പറഞ്ഞയയ്ക്കാനുള്ള ഒരു നൂതന മാസ്റ്റര്‍ പ്ലാന്‍ പ്രാബല്യത്തില്‍ വരുത്താന്‍ ക്രാന്ത ദര്‍ശി ആയ പ്രിയ്യപെട്ട നെയ്യഭിഷേക പ്രിയനേ , അവിടുന്ന് കനിയുമാറാകണം!