ശനിയാഴ്‌ച, ജൂൺ 20, 2009

ഒരാള്‍ക്ക് എത്ര അടി മണ്ണ് വേണം?


തറവാട് വീതം വെച്ചതിന്റെ വകയില്‍ ഒരു നാലഞ്ച്‌ ലക്ഷം രൂപ വീടിലെ അലമാരയില്‍ വന്നത് മുതല്‍ മനസ്സിന്റെ സമാധാനം നഷ്ടപ്പെട്ടിരിയ്ക്കുക ആയിരുന്നു. പണം ബാങ്കില്‍ നിക്ഷേപിയ്ക്കണോ, സ്വര്‍ണം വാങ്ങണോ, ഒന്നും തീരുമാനിയ്ക്കാന്‍ പറ്റുന്നില്ല. "ഡോണ്ട് കീപ്‌ സച്ച് ഹ്യുജ് അമൌണ്ട് ഐഡില്‍ യാര്‍. ബെറ്റര്‍ ഇന്‍വെസ്റ്റ്‌ ഇന്‍ സം ഷയെര്സ്" ഓഹരി ചന്തയില്‍ കാള ഓട്ടം സ്വപ്നം കാണുന്ന കൂട്ടുകാരന്റെ ഉപദേശം സ്വീകരിയ്ക്കാന്‍ ധൈര്യം പോരായിരുന്നു. "ഒരു റൂമും തുറന്നു, കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍ പുള്ലെയും അവിടെ ഇരുത്തി ഒരു "ഇന്ദ്രന്‍സ്‌ ഫിനാന്‍സ് " തുടങ്ങരുതോ? ജനങ്ങളുടെയില്‍ എത്ര പൈസ വന്നാലും കടം വാങ്ങാന്‍ ദരിദ്ര വാസികള്‍ പിന്നെയും ഉണ്ടാവും." ബ്ലേഡ് ബാലേട്ടന്റെ അഭിപ്രായം തള്ളികളയാന്‍ രണ്ടാമതൊന്നു ആലോചിയ്ക്കേണ്ടി വന്നില്ല. നാണമില്ലാത്ത കുറെ നാറികള്‍ക്ക്‌ കൊള്ള പലിശയ്ക്കു പൈസ കടം കൊടുക്കുക, തിരിച്ചു തന്നില്ലെങ്കില്‍ കൊട്ടേഷന്‍ സംഘത്തെ നിയമിയ്ക്കുക, സിനിമ സ്റ്റൈലില്‍ പൈസ തിരിച്ചു വാങ്ങുക. ആലോചിയ്ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു. കൊട്ടേഷന്‍ എന്ന വാക്കിനു അര്‍ഥങ്ങള്‍ പലതാണ് എന്ന് ഈയിടെ ആണ് മനസ്സിലായത്.
"മണ്ണിലും പൊന്നിലും പൈസ ഇന്‍വെസ്റ്റ്‌ ചെയ്താല്‍ നഷ്ടമാവില്ല എന്ന് പഴമക്കാര്‍ പറയും. റിയല്‍ എസ്റ്റേറ്റ്‌ പോലെ വേറൊരു ബിസിനസ്സ് ചിന്തിയ്ക്കയെ വേണ്ട. സ്ഥലം ഒന്നും കിട്ടാനേ ഇല്ല സാറേ പഴയ പോലെ. ഒക്കെ അച്ചായന്മാരും കാക്കാന്മാരും കൈ അടക്കി വെച്ചിരിയ്ക്കയാണ്" . ഒരു രഹസ്യം പറയുന്ന പോലെ ആയിരുന്നു ബ്രോക്കര്‍ ഗോപാലന്‍റെ വെളിപ്പെടുത്തല്‍. സാറ് റെഡി ആയി ഇരിയ്ക്ക്. നാളെ രാവിലെ ഞാന്‍ വണ്ടിയുമായി വരാം. ഒരു സൂപ്പര്‍ സ്ഥലം ഉണ്ട്. നമുക്കൊന്ന് പോയി മുട്ടി നോക്കാം, കുറച്ചു കുന്നിന്‍ പുറത്താനെന്നൊരു ദോഷമേയുള്ളൂ. ന്താ? മറുപടിയ്ക്ക് കാക്കാതെ ഗോപാലന്‍ പടിയിറങ്ങി പോയി.
കൃത്യം പത്തു മണിയ്ക്ക് തന്നെ ഗോപാലന്‍ എത്തി. "എ സി കാര്‍ തന്നെ ആവാമെന്ന് കരുതി. സാറിന്‍റെ പദവിയും നോക്കേണ്ടേ സര്‍" . എ സി കാറുമായി വന്നതിനു ഗോപാലന്‍ സ്വയം ന്യായീകരണം കണ്ടെത്തി. ഗോപാലന്റെ മോട്ടോര്‍ സൈക്കിളില്‍ സ്ഥലം സന്ദര്‍ശിയ്ക്കാന്‍ പുറപ്പെട്ടു ഒരുങ്ങിയ ഞാന്‍ എത്ര മണ്ടന്‍!

ടാറിടാത്ത പഞ്ചായത്ത് പാതയിലൂടെ വെളുത്ത അംബാസിഡര്‍ കാര്‍ മണി സൌധങ്ങളും ഓടിട്ട പഴയതും പുതിയതും ആയ വീടുകളും പിന്നിട്ടു ശബ്ദ ഘോഷത്തോടെ മുന്നോട്ടു നീങ്ങി. കഷ്ടിച്ച് ഒരു കാറിനു പോകാന്‍ മാത്രം വീതിയുള്ള റോഡിലൂടെ കാര്‍ ഇഴഞ്ഞിഴഞ്ഞു മുകളിലോട്ട് കയറി. ഭൂ മാഫിയയുടെ ഇടപെടല്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ചു ബ്രോക്കര്‍ ഗോപാലന്‍ യാത്രയിലുടനീളം വാചാലനായി. കുന്നിന്‍ പുറം നിരപ്പായ പ്രതലത്തിനു വഴി മാറി. ചുവന്ന താമരപ്പൂക്കളാല്‍ സമൃദ്ധമായ ഒരു പരന്ന കുളത്തെ അഭിമുഖീകരിച്ചു നില്ക്കുന്ന ഒരു പഴയ ഓടിട്ട വീട്ടിനു മുന്‍പില്‍ കാര്‍ നിന്നു. തെങ്ങുകളും മാവും പ്ലാവും എല്ലാം അടങ്ങിയ ഒരു മനോഹര ഭവനം. "സിനിമ ഷൂട്ടിംഗ് അടിയ്ക്കടി ഇവിടെ ഉണ്ടാവാറുണ്ട്. മോഹന്‍ ലാലും മമ്മൂട്ടിയും ഷക്കീല ചേച്ചി യുമെല്ലാം നീരാടിയ കുളമാണ് ഈ കാണുന്നത്." ഗോപാലന്‍ ഈ വീട് എന്നെ കൊണ്ടു വാങ്ങിപ്പിച്ചേ അടങ്ങു എന്ന് തോന്നി. കൊത്തു പണികളാല്‍ ആകര്‍ഷകമാക്കിയ ജനലുകളും വാതിലുകളും. പഴയ രാജവംശത്തിലെ രാജാക്കന്മാരുടെ ചിത്രങ്ങളാല്‍ അലംകൃതമായ മുറികള്‍. "മണി ചിത്ര താഴിലെ" "ഒരു മുറൈ വന്ത് പാത്തായ " രംഗം അനുസ്മരിപ്പിയ്ക്കുന്ന ഒരു മാടം പള്ളി മാതൃക വീട്.

"സിനിമ ഫീല്‍ഡിലെ ശ്ശി ആളുകളെയും ഈ വീട് വാങ്ങിയാല്‍ സാറിന് അറിയാന്‍ പറ്റും. ഈ വീട്ടില്‍ ഷൂട്ട്‌ ചെയ്ത പടങ്ങള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി എന്നാണ് പൊതുവെ സംസാരം. വേറൊരു രഹസ്യം കൂടി: സാറ് വല്ലപ്പോഴും തനിയെ ഇങ്ങോട്ട് വരുമ്പോള്‍ ഒരുച്ച നേരത്ത് ആ ജനലില്‍ കൂടി കുളം നോക്കി അങ്ങോട്ട് ഇരുന്നാല്‍ മതി. സമയം പോണത് അറിയില്ല. നല്ല നാടന്‍ചേച്ചി മാര്‍ പള്ളി നീരാടാന്‍ വരുന്ന സമയം ആണ് നട്ടുച്ച, ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! ഏത്?" ബ്രോക്കര്‍ ഗോപാലന്റെ വാചകമടിയില്‍ വീഴാത്തവരാരുമില്ല എന്ന് പറഞ്ഞതു എത്ര ശരി!

"സ്വപ്ന ഗൃഹത്തില്‍ " നിന്നും തിരിയ്ക്കുംബോഴെയ്ക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു. അരണ്ട വെളിച്ചത്തില്‍ കാര്‍ മെല്ലെ മെല്ലെ താഴോട്ടു ഇറങ്ങി. ഇടുങ്ങിയ റോഡിനു ഇരുവശവും അമ്പതടി ഓളം താഴ്ച ഉള്ള കൊക്ക ആണ്. പെട്ടെന്നാണ് അത് സംഭവിച്ചത്. മുന്നില്‍ അപ്രതീക്ഷിതമായി വന്നു പെട്ട ഒരു കാട്ടു പൂച്ചയെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ ഡ്രൈവര്‍ വണ്ടി പെട്ടെന്ന് വെട്ടിച്ചു. അടുത്ത നിമിഷം തന്നെ കാര്‍ കൊക്കയിലേക്ക് വലിയ ശബ്ദത്തോടെ മറിഞ്ഞു. മമ്മൂട്ടിയും മോഹന്‍ ലാലും താമര കുളത്തില്‍ നീന്തി തുടിയ്ക്കുന്ന നാടന്‍ സൌന്ദര്യ ധാമങ്ങളും ഒരു നിമിഷം മനസ്സിലൂടെ ഓടി മറഞ്ഞു.

ഐ സി യു വിലും മറ്റുമായി നഗരത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എട്ടു മാസത്തോളം ചിലവഴിച്ചു. ബ്രോക്കര്‍ ഗോപാലന്റെയും വണ്ടിക്കാരന്റെയും ചികിത്സ ചെലവ് "ധനവാന്‍" ആയ ഈയുള്ളവന്റെ കണക്കില്‍ പോയി.

ഇപ്പോള്‍ നല്ല മനസ്സമാധാനം ആണ്: ജീവന്‍ തിരിച്ചു കിട്ടിയതിലും, അലമാരയിലെ തറവാട് ഓഹരി ആശുപത്രിയില്‍ ചിലവഴിച്ചതിലും. ചുമ്മാതല്ല ചങ്ങംപുഴ പാടിയത്: ഒന്നുമില്ലാത്തവന്‍ ഒന്നുമില്ലാത്തവന്‍ മണ്ണില്‍ അവനത്രെ ഭാഗ്യ ശാലി!

ബുധനാഴ്‌ച, ജൂൺ 17, 2009

സ്റ്റോക്ക്‌ ഹോം സിണ്ട്രോം

നാല്‍പ്പത്തി അഞ്ചു വയസ്സായപ്പോള്‍ തുടങ്ങിയ ശീലം ആണ്. പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് തന്നെ ഉണരും. ഒരു മണിയ്കൂര്‍ വേഗത്തിലൊരു നടത്തം. തൂതപ്പുഴ ഓരത്ത് കൂടി കാറ്റും കൊണ്ടു നടക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്. തിങ്ങിയ വനമാണ് രണ്ടു വശവും. പുലിയും ആനയും ഒക്കെ ഉള്ള ഘോര വനം. നടത്തം കഴിഞ്ഞു പുഴയോരത്ത് ഒരു കാജാ ബീഡിയും ചുണ്ടത്ത് വെച്ചു വിസ്തരിച്ചൊന്നു തൂറും. പഴനിചാമിയുടെ ഒരു ദിവസം ആരംഭിയ്ക്കുക ആയി. പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു തന്ത്ര പ്രധാന സര്‍ക്കാര്‍ സ്ഥാപനത്തിലെ ക്യാന്ടീനിലെ പാചകക്കാരനാണ് പഴനിചാമി. ജനിച്ചത്‌ പൊള്ളാച്ചിയില്‍ ആണെങ്കിലും പഴനി ചാമിയ്ക്ക് സംസാര ഭാഷ തലയാളം ആണ്. മലയാളവും തമിഴും കലര്‍ത്തിയ തനതായ ഭാഷ. ഇടയ്ക്കിടെ ജോലിയില്‍ നിന്നും മുങ്ങുന്ന പഴനിചാമിയ്ക്ക് പൊള്ളാച്ചിയില്‍ ഒരു അണ്‍ ഒഫീഷ്യല്‍ പൊണ്ടാട്ടി ഉണ്ടെന്നും ജോലി സ്ഥലത്തെ ഒഫീഷ്യല്‍ പൊണ്ടാട്ടിയ്ക്ക് പഴനി ചാമി കണ്‍ കണ്ട ദൈവം ആണെന്നും പറഞ്ഞു വരുന്നു.


ഒരു മഴയുള്ള ദിനം. പഴനി ചാമി കാജാ ബീഡിയുടെ ധൂമ പടലത്തിലൂടെ പ്രകൃതിയുടെ വിളി അറ്റന്‍ഡ് ചെയ്യുക ആയിരുന്നു. പിന്‍ കഴുത്തിന്‌ താഴെ ആരോ ബലമായി തള്ളുന്ന പോലെ. മേലാസകലം നേരിയ കുളിര് അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കിയ പഴനി ചാമിയ്ക്ക് തന്‍റെ നേര്‍ക്ക്‌ നീളന്‍ തോക്ക് ഉന്നം വെച്ച് നില്ക്കുന്ന അപരിചിതനെ കണ്ടപ്പോള്‍ അമര്‍ഷം ആണ് തോന്നിയത്. യാരെടാ നീ പൈത്യക്കാരാ എന്നെ തൂറാനും വിടമാട്ടെ?


പൈത്യക്കാരന്‍ നിന്റെ അപ്പന്‍. നാന്‍ താന്‍ മാരിയപ്പ ഇന്ത കാട്ടുക്ക് രാജാ. അധികം പേശ വേണ്ട. ശുട്ടു കൊന്നിടുവെന്‍! ഹ ഹ ഹ ....................!


അടെങ്കപ്പാ! അയ്യാ നാനും ഒരു തമിഴന്‍. എന്‍ ഊര് പൊള്ളാച്ചി.


ഷട്ട് അപ്പ്‌ ബ്ലടി അണ്ണാച്ചി! നിന്‍റെ ഊരും പേരുമൊന്നും എന്നോട് ശൊല്ല വേണ്ടാ. നാന്‍ ഉന്നൈ കിട്നാപ്‌ പണ്ണി ഇരുക്ക്‌! നീ അന്ത ന്യൂക്ലിയര്‍ പ്ലാന്‍റിലെ വിജ്ഞാനി താനേ?


കിട്നാപ്പാ? അത് എന്നാപ്പ്? എനക്ക് ഒന്നുമേ പുരിയലേ അയ്യാ ......


അണ്ണാച്ചി ഡ്രാമ നിപ്പാട്ടുങ്കോ. അന്ത ഇടത്തിലെ സീക്രെട്സ് എല്ലാം ശൊല്ലുന്കൊ. ബോംബ് എപ്പടി ഉണ്ടാക്കും, അതെപ്പടി പൊട്ടിയ്ക്കും .... ശീഘ്രം ശീഘ്രം ..... എനക്ക് ടൈം കിടയാത്...


പഴനി ചാമി യ്ക്ക് കാര്യങ്ങള്‍ പതുക്കെ ആണ് മനസ്സിലായത്. തന്നെ ഈ വിഡ്ഢി ശാസ്ത്രജ്ഞന്‍ എന്ന് തെറ്റി ദ്ധരിചിരിയ്ക്കുന്നു. ഇവിടെ നിന്നു രക്ഷപ്പെടുക അസാധ്യം. മാരിയപ്പയെ പറ്റിച്ചു എങ്ങനെയെങ്കിലും രക്ഷപ്പെടണം. പഴനി ചാമിയുടെ കൂര്‍മ ബുദ്ധി അതിവേഗം പ്രവര്ത്തിച്ചു : അയ്യാ ബോംബ് വന്ത് പല ടൈപ്പ് ഇരിക്ക്. ഹൈഡ്രജന്‍ ബോംബ്, അറ്റോമിക്‌ ബോംബ്, കുഴി ബോംബ് ..... അന്ത മാതിരി. നീങ്കള്‍ക്ക് എന്ന ബോംബ് വേണം?


മുതല്ലേ കുഴി ബോംബിനെ പത്തി ശൊല്ലുന്കൊ. അത് താന്‍എനക്ക് മുഖ്യം.


കുഴി ബോംബുക്കാകെ മുതല്ലേ രണ്ടടിയിലൊരു കുഴി മാന്തിടിങ്കെ. അപ്പറം കുഴി മൂടുങ്കോ. തിരിമ്പി കുഴി മാന്തിടിങ്കെ. അങ്ങനെ ഒരു മണി നേരം.... സരിയാ... ?


ഓക്കേ ഓക്കേ അപ്പറം?

അപ്പറം കൊഞ്ചം മൈദ മാവും ഹൈഡ്രോ ക്ലോരിക്‌ ആസിഡും മിക്സ്‌ പണ്ണി അന്ത കുഴിയില്‍ പോട്ടു മൂടുങ്കോ. ഒരു വാരത്തിക്ക് അപ്പറം കുഴി തോണ്ടി പാരുന്കെ. കുഴി ബോംബ് റെഡി!

വെല്‍ മിസ്റ്റര്‍ പഴനി ചാമി. ഹൌ ടു റീച്ച് യുവര്‍ എസ്ടബ്ലിഷ്മെന്റ്റ്‌ ?

എന്ന സര്‍ , തമിഴിലെ പെശുന്കോ.

നീ വേല പാക്കണ അന്ത പ്ലാന്റ്‌ പോകതുക്ക് എന്ന വഴി?

അതെല്ലാം നാന്‍ ശൊല്ലി തരുവേന്‍. എനക്ക് ഒരു ഉദവി പണ്ണുങ്കോ അയ്യാ. എന്‍ ചിന്ന വീട്ടില്‍ പോയിട്ട് റൊമ്പ നാളാച്ചു. ഇങ്കിരുന്തു പൊള്ളാച്ചി പോകതുക്ക് ലീവ് തരമാട്ടെ . എന്നെ കിട്നാപ്‌ പണ്ണിയ ന്യൂസ് അന്ത ന്യൂസ് ചാനല്‍ കാരെ കൂപ്പിട്ടു ശൊല്ലി യാല്‍ റൊമ്പ നന്ദ്രി.

.........

........

" ഹലോ , ഈസ്‌ ഇറ്റ്‌ എം ഡി ടി വി ത്രീ ഇന്‍ ടു ഫോര്‍? ദിസ്‌ ഈസ്‌ മാരിയപ്പ ഫ്രം ദി ബാങ്ക്സ് ഓഫ് തൂത റിവര്‍. വണ്‍ എമിനെന്റ്റ്‌ സയിന്റിസ്റ്റ്‌ വര്‍ക്കിംഗ്‌ വിത്ത്‌ സച്ച് ആന്‍ഡ്‌ സച്ച് പവര്‍ പ്ലാന്റ്‌ ഹാസ്‌ ബീന്‍ കിഡ് നാപ്‌ ട്. ഹി വില്‍ ബി ഫ്രീഡ് ആഫ്ടര്‍ ടെന്‍ ഡേയ്സ് ഒണ്‍ലി. ഡു നോട് അറ്റെംറ്റ്‌ ടു റിലീസ് ഹിം ഫ്രം ഔര്‍ കസ്ടടി ആസ് വി ഹാവ് സെന്‍റ് ഹിം ടു പൊള്ളാച്ചി വിത്ത്‌ എ സീക്രെറ്റ്‌ മിഷന്‍. "

ഓക്കേ പഴനി ചാമി പൊള്ളാച്ചി പോയി നിമ്മതിയ വാങ്കെ.

മാരിയപ്പ അയ്യാ റൊമ്പ നന്ദ്രി ! വണക്കം!















ശനിയാഴ്‌ച, ജൂൺ 06, 2009

പ്രതി വിപ്ലവം

" എടൊ താന്‍ എന്നെ തെറ്റിദ്ധരിചിരിയ്ക്കുന്നു. വീട്ടില്‍ പുജാമുറി സ്ഥാപിച്ചത് കൊണ്ടോ കാര്‍ പോര്‍ച്ച് ഉണ്ടാക്കിയത് കൊണ്ടോ ഞാന്‍ കമ്മ്യുണിസ്റ്റ്‌ അല്ലാതാവുന്നില്ല. കമ്മ്യുണിസ്റ്റ്‌ ആശയങ്ങളോട് എനിയ്ക്ക് ഇപ്പോഴും പഴയ അടുപ്പം തന്നെ ഉണ്ടേ". സഖാവ്‌ പ്രഭാകരന്‍ തെല്ലു ജാള്യതയോടെ പറഞ്ഞു.
"സഖാവിനു വേറൊന്നും തോന്നരുത്‌. എനിയ്ക്ക് സന്തോഷം മാത്രമെ ഉള്ളു സഖാവിന്റെ പ്ലാന്‍ അനുസരിച്ച് വീട് കെട്ടി തരാന്‍. നാളെ ആരെങ്കിലും സഖാവിന്റെ വീട്ടിലെ പൂജ മുറിയെ കുറിച്ചു പരാതി പറഞ്ഞാല്‍ എന്നെ പഴിയ്ക്കരുത്. " കോണ്ട്രാക്ടര്‍ വാസു പിള്ള തന്റെ ഭാഗം ന്യായീകരിച്ചു.
"എടൊ വാസു, കമ്മ്യുണിസം എല്ലാം പ്രസംഗിച്ചു നടക്കാന്‍ കൊള്ളാം. സ്വന്തം കുടുംബത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാലേ , കുടുംബം കൊളം തോണ്ടും " - സഖാവ്‌

" സാര്‍ റേറ്റിന്റെ കാര്യത്തില്‍ എന്തിന്കിലും വിട്ടു വീഴ്ച ചെയ്തേ ഒക്കൂ. സ്ക്വയര്‍ ഫീറ്റിന് തൊള്ളായിരം രൂപ ഈ കാലത്ത് മുതലാവില്ല ഏമാനെ. " - വാസു പിള്ള.

"എപ്പോഴാനെടോ ഞാന്‍ തന്റെ സാറും ഏമാനും ഒക്കെ ആയതു? കാള്‍ മി സഖാവ്‌. ദാറ്റ്‌ ഈസ്‌ കോമ്രേഡ് പ്രഭാകരന്‍ ഓക്കേ? പിന്നെ റേറ്റിന്റെ കാര്യത്തില്‍ നോ മോര്‍ നെഗോഷിയേഷന്‍. സ്ക്വയര്‍ ഫീറ്റിന് തൊള്ളായിരം രൂപ മൂന്നു വട്ടം! "

"സഖാവെ ഇന്നലെ ആണ് കമ്പി വില കൂടിയത്. സിമെന്റിനും വില വര്‍ധിയ്ക്കാന്‍ സാധ്യത ഉള്ളതായി പറയുന്ന കേട്ടു. മണല്‍ ആണെങ്കില്‍ കിട്ടാനേ ഇല്ല. എന്തെങ്കിലും ഒരു ഇളവ്.... " - പിള്ളേച്ചന്‍ മുട്ടോളം കുനിഞ്ഞു.

" ഡോണ്ട് വറി പിള്ളേച്ചോ, ഞാന്‍ സഖാവ്‌ കുഞ്ഞനന്തനോട് പറഞ്ഞോളാം. ഹി വില്‍ ക്ലിയര്‍ ദി മണല്‍ പെര്‍മിറ്റ്‌ സൂണ്‍. നീ കണ്ടോ കമ്പിയും സിമെന്റുമെല്ലാം ഇനി വില കുറയാന്‍ പോകുന്നത്. നമ്മടെ ആള്‍ക്കാര് അല്ലയോ ഇപ്പൊ നാടു ഭരിയ്ക്കുന്നത്? "

"എന്തോന്ന് നമ്മടെ ആള്‍ക്കാരോ? സാറെപ്പോഴാ കോണ്‍ഗ്രെസ്സായത്? "

"എടൊ പിള്ളേച്ചോ, സംഗതി സ്വല്പം പ്രൈവറ്റ്‌ ആണ് കേട്ടോ. ഒള്ളത് പറഞ്ഞാല്‍ അങ്ങ് കേന്ദ്രത്തില് സര്‍ദാര്‍ജി ഭരിയ്ക്കുന്നത് ആണ് നമ്മളെ പോലുള്ള ഇടത്തരക്കാര്‍ക്ക് മെച്ചം. പിള്ളേച്ചന്‍ ഒന്നിങ്ങടുത്തു വന്നെ (പിള്ളേച്ചന്റെ ചെവിയില്‍) എടൊ: ഞാനും ഇത്തവണ കൈയ്യിലാ കുത്തിയത്. ആരോടും പറഞ്ഞെയ്ക്കല്ലേ! "

"ദൈവമേ ഞാനെന്താണീ കേക്കുന്നത്? സഖാവ്‌ പ്രഭാകരന്‍ കോണ്‍ഗ്രസിന്‌ വോട്ടു ചെയ്യേ? ഇതു വഞ്ചനയാണ് സഖാവെ. ഇതിലും ഭേദം അങ്ങ് താമരയ്ക്കു കുത്തുക ആയിരുന്നു." - വാസു പിള്ള കോണ്ട്രാക്ടര്‍ ആണെന്ന കാര്യം തല്‍കാലം മറന്നു.

"എടൊ, താന്‍ കോണ്ട്രാക്ടര്‍ ആയിട്ടു വര്ഷം എത്ര ആയി? - സഖാവ്‌ പ്രഭാകരന്‍ സ്റ്റഡി ക്ലാസ്സ് ആരംഭിച്ചു.

" 5 വര്‍ഷത്തോളം ആയി സഖാവെ"

ഓക്കേ അതിന് മുന്പ് വെറും ഒരു കെട്ട് പണിക്കാരനായിരുന്നു താന്‍ കറക്റ്റ്?
യെസ് സര്‍!

"അതായതു നിര്‍മാണ മേഖലയിലെ മുന്നേറ്റം വെറുമൊരു കല്ലാശാരിയായ തന്നെ കോണ്ട്രാക്ടര്‍ വാസു പിള്ള ആക്കി, റൈറ്റ് ? ഒന്നു കൂടി തെളിച്ചു പറഞ്ഞാല്‍ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉടലെടുത്ത ആ ഒരു ബൂം തന്നെ പോലെ ഉള്ള അധകൃതരെ മെഗാ കോണ്ട്രാക്ടര്‍ പദവിയിലേയ്ക്ക് ഉയര്ത്തി. അമേരിയ്ക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ ആഗോള മാന്ദ്യത്തിന്റെ കെടുതികള്‍ അനുഭവിച്ചപ്പോഴും ഇന്ത്യന്‍ വിപണി കുലുങ്ങാതെ നിന്നതിനു ഞാനും താനുമൊക്കെ ഡോക്ടര്‍ സര്‍ദാര്ജിയ്ക്കും പരലോകം പൂകിയ നരസിംഹ റാവുവിനും നന്ദി പറയണം. "

"ഇതു നല്ല കഥ ! ഈയുള്ളവന്‍ ചോര നീരാക്കി അധ്വാനിച്ചു കോണ്ട്രാക്ടര്‍ ആയതിനു നരസിംഹ രാവുവിനോട് എന്തിന് നന്ദി പറയണം സഖാവെ ?"

" ആഗോള വത്കരണത്തിന് അനുകൂലമായ നിലപാടുകള്‍ നമ്മുടെ നാട്ടില്‍ വ്യാവസായിക അഭിവൃദ്ധി ത്വരിത പെടുത്തുവാന്‍ ഉപകരിച്ചു. വ്യാവസായിക പുരോഗതി വന്‍ കിട - ഇടത്തരം കച്ചവടക്കാര്‍ക്ക് അനുകൂലമായി ഭവിച്ചു. അത് തന്നെ പോലുള്ള ചെറു കിട കരാറുകാരനെ മെഗാ കോണ്ട്രാക്ടര്‍ പദവിയിലേയ്ക്ക് ഉയര്ത്തി. ഇന്ത്യയുടെ മിഡില്‍ ക്ലാസ്സ് ലോവര്‍ മിഡില്‍ ക്ലാസ്സ് കോണ്ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയോടു കടപ്പെട്ടിരിയ്ക്കുന്നു."

"ഇതു ശരിയല്ല സഖാവെ, ഒരേ സമയം രണ്ടു തോണിയില്‍ സഞ്ചരിയ്ക്കരുത്. അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അങ്ങ് കോണ്‍ഗ്രസില്‍ ചേര്ന്നു കൂടായോ? "

"ശ്ശെ മോശം! ഒരു കമ്മ്യുണിസ്റ്റ്‌ കാരന്‍ കോണ്‍ഗ്രസില്‍ ചേരുകയോ? അതില്‍പ്പരം അപമാനം എന്തുണ്ട്? അപ്പര്‍ ക്ലാസ്സ് , മിഡില്‍ ക്ലാസ്സ്, ലോവര്‍ മിഡില്‍ ക്ലാസ്സ് ഈ വര്‍ഗങ്ങള്‍ കൂടാതെ ദരിദ്ര വാസികള്‍ എന്നൊരു എമ്പോക്കികള്‍ കൂടി ഉണ്ട് ഈ നാട്ടില്‍. അവറ്റകള്‍ ഉള്ള കാലത്തോളം ഞങ്ങളെ പോലുള്ള കമ്മ്യുണിസ്റ്റ്‌ കാരും ഉണ്ടാവും. ഇതു പ്രകൃതി നിയമം. "

" ഓക്കേ സഖാവെ , അപ്പൊ അസ്ഥിവാരം പണി നാളെ മുതല്‍ തുടങ്ങിയാലോ? "

"നോ നോ നാളെ നല്ല കാര്യങ്ങള്‍ തുടങ്ങിവെയ്ക്കാന്‍ പാടാത്ത ദിവസമാ. മറ്റന്നാള്‍ രാവിലെ പത്തരയ്ക്ക് പൂജയ്ക്കുള്ള ഏര്‍പ്പാട് ചെയ്തോളൂ. അപ്പ്‌ ടു മോണിംഗ് ടെന്‍ തെര്‍ട്ടി ഇറ്റ്‌ ഈസ്‌ യമ കണ്ട കാലം....."