വെള്ളിയാഴ്‌ച, ഫെബ്രുവരി 13, 2009

മദ്യപാനികളെ, ഇതിലെ....ഇതിലെ...


ഇതു പോലൊരു സദ്‌ വാര്‍ത്ത‍ ഇനി കേക്കാന്‍ ഇല്ല. നൂറു ശതമാനം ഉറപ്പ്. ഈ സെമിനാറുകളും മറ്റും സംഘടിപ്പിയ്ക്കുന്നവര്‍ കുറച്ചു നേരത്തെ തന്നെ ഇതെല്ലം സംഘടിപ്പിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ! സ്വന്തം പോക്കറ്റിലെ പൈസ മുടക്കി രണ്ടെണ്ണം വീശണം എന്ന് തോന്നിയാല്‍ അല്ലേലും തലേല്‍ മുണ്ടിട്ടു ഷാപ്പില്‍ കയറേണ്ട വല്ല ആവശ്യവുമുണ്ടോ? ശ്ശെടാ ! നമ്മുടെ പൈസ, നമ്മുടെ വയറ്, നമ്മുടെ കരള്. ഓരോ എമ്പോക്കികളുടെ നോട്ടം കണ്ടാല്‍ തോന്നും നമ്മള്‍ കള്ള് വാങ്ങിയിട്ട് വല്ലവന്റെയും കരളിലെയ്ക്ക് ഒഴിച്ച് കൊടുക്കുന്നു എന്ന്. ഫ്ഫൂ.........! രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ നില നിര്‍ത്തുന്നതിനു സുപ്രധാനമായ പങ്കാണ് മദ്യം വഹിയ്ക്കുന്നത്. മദ്യം ഒരു ദേശീയ പാനീയം ആയി അംഗീകരിച്ചു മദ്യപാനികള്‍ക്ക്‌ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിയ്ക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഇതിന്‍റെ ആദ്യപടിയെന്നോണം രാജ്യത്തെ പൊതു മേഖല-സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു നിശ്ചിത തുക സ്മാള്‍ അടി അലവന്‍സ് എന്ന പേരില്‍ കൊടുക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ മുതല്‍ സഹായി വരെ ഉള്ളവര്‍ക്കു ഹയര്‍ ആര്‍ക്കിയെ മാനിച്ചുകൊണ്ട് വേതനത്തില്‍ വ്യത്യാസം വരുത്താവുന്നതാണ്. ഉദാഹരണം: ചെയര്‍മാന്‍ - അയ്യായിരം രൂപ (മുന്തിയ ഇനം സ്കോട്ച്ച് വിസ്കി/ബ്രാണ്ടി), ഡയറക്ടര്‍ ഏമാന്മാര്‍ - മൂവായിരം രൂപ ( നമ്പര്‍ ടു ബ്രാന്‍ഡ് വി/ബ്രാ) , എസ് ഓ -എച്ച് /ജി/എഫ്/ ....രണ്ടായിരം രൂപ (ബ്രാണ്ട് സ്വയം തീരുമാനിക്കുക) , മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെടാത്ത മറ്റു അലവലാതികള്‍ - ആയിരം രൂപ (എനി ബ്രാന്‍ഡ് അദര്‍ ദാന്‍ പട്ടച്ചാരായം) , ഹെല്‍പര്‍ , മാലി തുടങ്ങിയ വര്‍ഗം - അഞ്ഞൂറ് രൂപ (ഒണ്‍ലി പട്ടച്ചാരായം) . മദ്യം കുടിയ്ക്കാത്ത വനിതാ ജീവനക്കാര്‍ക്കും കട്ട് കുടിയ്ക്കുന്ന മാന്യന്മാര്‍ക്കുമായി ഒരു നിശ്ചിത സംഖ്യ നല്‍കുന്നതും നല്ല കാര്യം ആകുന്നു. അങ്ങനെ മദ്യത്തെ അംഗീകരിയ്ക്കുക കാരണം തകരുന്ന ഒട്ടേറെ കുടുംബങ്ങളെ നേരാം വഴിയിലാക്കുവാനും, സമൂഹത്തില്‍ അമാന്യന്‍ എന്ന വിഭാഗത്തെ ഉന്മൂലനം ചെയ്യുവാനും കഴിയുന്നു. കോളേജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സ്ഥിരം മദ്യപാനികള്‍ ആക്കുവനായി ചില പ്രത്യേക ബാറുകളില്‍ അവര്ക്കു ഇളവ് അനുവദിയ്ക്കവുന്നതാണ്. നമ്മുടെ രഫരല്‍ ആസ്പത്രികള്‍ പോലെ ഈ ബാറുകള്‍ രഫരല്‍ ബാറുകള്‍ ആയി അറിയപ്പെടും. ആന്‍ ആപ്പിള്‍ എ ഡേ അല്ല എ ബോട്ടില്‍ എ ഡേ കീപ്സ് ദ ഡോക്ടര്‍ എവേ എന്ന് പാഠപുസ്തകം ഭേദഗതി വരുത്തി കുഞ്ഞുങ്ങളുടെ മനസ്സില്‍ മദ്യം എന്ന മഹനീയ പാനീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ആരംഭിയ്ക്കണം.
മദ്യത്തിന്‍റെ മഹത്വം ഈ വൈകിയ വേളയിലെങ്കിലും മനസ്സിലാക്കി മനസ്സു തുറക്കാന്‍ ചങ്കൂറ്റം കാണിച്ച മഹാനുഭാവനായ സ: ജയരാജന്‍ ജീ , അങ്ങേക്ക് വിപ്ലവാഭിവാദനങ്ങള്‍!