ചൊവ്വാഴ്ച, ഡിസംബർ 22, 2009

ലവ് അറ്റ്‌ ഫോര്ടി പ്ലസ്‌

കോരിച്ചൊരിയുന്ന മഴ. ദിഗന്തങ്ങള്‍ മുഴങ്ങുന്ന ഇടി നാദം. ഭൂമിയെ പിളര്‍ന്നു പോകുന്ന മിന്നല്‍ പിണരുകളില്‍ വിറങ്ങലിച്ചു നില്ക്കുന്ന പടു വൃക്ഷങ്ങള്‍. ശക്തി ആയി വീശുന്ന കാറ്റില്‍ ആടി ഉലയുന്ന വൃക്ഷ ശിഖരങ്ങള്‍. ചോര്‍ച്ച തടയുവാന്‍ വീടിന്റെ ടെറസ്സിനു മുകളില്‍ സ്ഥാപിച്ച അലൂമിനിയം ഷീറ്റുകളില്‍ കനത്ത മഴ തുള്ളികളുടെ താളം തെറ്റിയ വൃഷ്ടി വൈകി എത്തിയ തുലാ വര്‍ഷത്തിന്റെ അപ്രമാദിത്വം ആവര്‍ത്തിച്ചു ഉറപ്പിക്കുന്നതുപോലെ തോന്നി. സമയം പുലര്‍ച്ചെ നാല് മണി. ഡാര്‍ജിലിങ്ങിലെ ഏതോ ഒരു തെരുവോരത്തെ, വെളുത്ത സുന്ദരി ആയ ഗൂര്‍ഖ യുവതിയില്‍ നിന്നും വാങ്ങിയ കട്ടിയുള്ള കമ്പിളി തല വഴി മൂടി കാലുകള്ക്കിടയിലേക്ക് കൈയ്യുകള്‍ കയറ്റി ചുരുണ്ടു കൂടി നിദ്രയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങവേ ആണ് പ്രസാദ്‌ മോഹന്റെ മൊബൈല് ശബ്ദിച്ചത്. പണ്ടാരം! ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ഏത് മറ്റവന്‍ ആണെടോ തനിക്ക് ഫോണ്‍ ചെയ്യാന്‍? നാശം! മൊബൈല് കൈയ്യിലെടുത്തു. ലൈറ്റ് ഓണ്‍ ചെയ്തു. കണ്ണട തേടി പിടിച്ചു. വിളിച്ച മാന്യ ദേഹം ആരെന്നു നോക്കുമ്പോഴേക്കും കട്ടായി. കണ്ണട ഇല്ലാതെ ഒന്നും വായിക്കാന്‍ പറ്റാത്ത അവസ്ഥ. വയസ്സ് നാല്‍പ്പത്തി രണ്ടു കഴിയാന്‍ പോകുന്നു ഈ തുലാത്തില്‍. മധ്യ വയസ്കന്‍ ആയി എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ആദ്യമൊക്കെ മനസ്സു കൊണ്ടു മടി ആയിരുന്നു. ക്രമേണ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു, അര്‍ദ്ധ മനസ്സാലെ. മിസ്ഡ് കോള്‍ ലിസ്റ്റിലേക്ക് തെല്ലൊരു ആശങ്കയോടെ നോക്കി. അതെ. അതവള്‍ തന്നെ. ആയിഷ. വയസ്സ് നാല്‍പ്പത്തി നാല്. പ്രസാദ്‌ മോഹന്റെ പ്രണയ വല്ലരിയില്‍ ആദ്യമായ് (ഒരു പക്ഷെ അവസാനമായും) പൂത്ത മന്ദാര പുഷ്പം. ഇനി അവളെ തിരിച്ചു വിളിക്കണം. അവളുടെ പരിഭവങ്ങള്‍ കേള്‍ക്കണം. അവളെ ആശ്വസിപ്പിക്കണം. അവള്ക്ക് വേണ്ടതും അത് തന്നെ ആണല്ലോ. ആയിഷ തനിയെ താമസിക്കാന്‍ തുടങ്ങീട്ടു കൊല്ലം രണ്ടാകുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം, അവളില്‍ സ്നേഹമില്ലായ്മ, ഓഫീസ് ജോലി കാര്യങ്ങളില്‍ അമിത ശ്രദ്ധ ... ആയിഷ - ഇബ്രാഹിം ദമ്പതികളുടെ വൈവാഹിക ജീവിതം ശിഥിലം ആകുവാന്‍ കാരണങ്ങള്‍ ഇതൊക്കെ തന്നെ ധാരാളം....

പോയ വര്ഷം മണ്ഡല മാസ ക്കാലത്തിന്റെ ആരംഭം. നഗരത്തിലെ അയ്യപ്പ ക്ഷേത്രത്തില്‍ വെച്ചു വൃശ്ചികം ഒന്നാം തിയതി മാല ഇടാനായി യാത്ര തിരിച്ച ദിവസം. റെയില്‍ വേ ക്രോസ്സിങ്ങില്‍ തീവണ്ടി വരുന്നതും കാത്തു അക്ഷമനായി മോട്ടോര്‍ സൈക്കിളില്‍ വിശ്രമിക്കുംപോഴാണ് തൊട്ടരികിലായി കറുത്ത കളറുള്ള ഹോണ്ട ആക്ടിവയില്‍ അവളെത്തിയത്. വെയിലില്‍ നിന്നും രക്ഷ പെടാനെന്ന വണ്ണം തല വഴി മൂടിയ കടും നീല കളറുള്ള സാരി, ചായം പുരട്ടാത്ത പേലവാ ധരം, വിടര്‍ന്ന വലിയ വശ്യത ആര്ന്ന കണ്ണുകള്‍. ചെമ്പക പൂവിന്റെ സുഗന്ധമുള്ള ഏതോ എണ്ണയുടെ സൌരഭ്യം അവളെ പൊതിഞ്ഞു. അവള്‍ ഒരു മുസ്ലിം യുവതിയാണെന്ന് മനസ്സിലാക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു. കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടു ഒരു ചരക്കു വണ്ടി കടന്നു പോയി. ഗേറ്റു തുറന്നതും ധൃതിയില്‍ ഓവര്‍ ടേക്ക് ചെയ്തു പാളങ്ങള്‍ കടന്നു അവള്‍ എങ്ങോട്ടോ യാത്ര തിരിച്ചു. കോമള ഗാത്രിയുടെ വശ്യതയാര്‍ന്ന കടാക്ഷങ്ങളും ചെമ്പക പൂവിന്റെ ലഹരി പിടിപ്പിക്കുന്ന മണവും അവളെ പിന്തുടരാന്‍ എന്നിലെ പച്ചയായ മനുഷ്യ കീടത്തോട് ആജ്ഞാപിക്കുന്നതുപോലെ തോന്നി. ധര്‍മ ശാസ്താവിനു സെക്കന്റ്‌ പ്രിഫെരെന്‍സ് കൊടുത്തു, നമ്പര്‍ പ്ലേറ്റില്‍ ആയിഷ എന്നെഴുതിയിരുന്ന അവളുടെ വാഹനത്തിനു പിന്നാലെ വിട്ടു. സ്ഥലത്തെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു വ്യവസായ സ്ഥാപനതിനുള്ളിലേക്ക് അവളുടെ ഹോണ്ട ആക്ടിവ ഒരു ചിത്ര ശലഭത്തെ പോലെ പറന്നകന്നു. അയ്യപ്പ ഭക്തനാവാന്‍ ഇറങ്ങി തിരിച്ച ഞാന്‍ അംഗനലാവണ്യ ത്തിനു മുന്‍പില്‍ അല്‍പ നേരത്തെങ്കിലും വശം വദന്‍ ആയതിനു സര്‍വ്വാ പരാധങ്ങളും പൊറുക്കുന്ന ശാസ്തവിനോട് വൈകീട്ട് മാല ധരിക്കവേ കൂപ്പു കെയ്യോടെ അപേക്ഷിച്ചു...

കടും നീല സാരി തല വഴി മൂടിയ നാരീ മണിയുടെ വശ്യതയാര്‍ന്ന വലിയ കണ്ണുകളും ചെമ്പക പൂവും എന്നെ പക്ഷെ വേട്ട ആടി കൊണ്ടേ ഇരുന്നു. ഇന്റര്‍ നെറ്റ് വഴി പ്രസ്തുത വ്യവസായ സ്ഥാപനത്തിലെ ആയിഷ എന്ന് പേരുള്ള ആളുടെ ഇ മെയില് ഐ ഡി തേടി പിടിക്കുവാന്‍ വിഷമം ഉണ്ടായില്ല. മിടിക്കുന്ന ഹൃദയത്തോടെ, അറിഞ്ഞു കൊണ്ടു തെറ്റ് ചെയ്യുന്നതിലുള്ള കുറ്റ ബോധത്തോടെ അവളുടെ ഇ മെയില് ഐ ഡി യിലേക്ക് പ്രഥമ സന്ദേശം കൈ മാറി : വൃശ്ചികം ഒന്നാം തിയതി ചുറ്റിയ സാരിയില്‍ ആയിഷ കൂടുതല്‍ മനോഹരി ആയി കാണപ്പെട്ടെന്നും, ചെമ്പക പൂവിന്റെ മണം തന്നെ മത്തു പിടിപ്പിചെന്നും ആയിഷയെ കുറിച്ചു കൂടുതല്‍ അറിയാന്‍ താത്പര്യം ഉണ്ടെന്നും കാണിച്ച്. ഇ മെയില് ഐ ഡി പിഴച്ചില്ല. അതവള്‍ തന്നെ ആയിരുന്നു. മാല ഇട്ടു കപട ഭക്തനാകാന്‍ ഇറങ്ങിയ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ അവള്‍ മുന്പേ നോട്ടമിട്ടു വെച്ചിരുന്നു പോലും! പ്രസാദ്‌ മോഹന്‍ - ആയിഷ അനുരാഗത്തിന്റെ നാന്ദി അവിടെ കുറിക്കുക ആയിരുന്നു. ഭര്‍ത്താവിന്റെ, ഭാര്യയുടെ, സ്വന്തം കുഞ്ഞുങ്ങളുടെ, ബന്ധു ജനങ്ങളുടെ, കൂട്ടുകാരുടെ കണ്ണ് വെട്ടിച്ചു ഹൃദയ വികാരങ്ങള്‍ പരസ്പരം കൈ മാറുന്ന കമിതാക്കളുടെ കാല്‍പനിക ലോകത്തില്‍ ആയിഷ- പ്രസാദ്‌ മോഹന്‍ പ്രണേതാക്കള്‍ ലൈലാ മജ്നു മാരായി വിലസി.

"കുസുമേ കുസുമോല്‍പ്പത്തി
ശ്രുയത, ന ദൃശ്യതാ,
ബാലെ തവ മുഖാംബോജെ
നേത്ര മിന്ദീവര ദ്വയം!
നിന്റെ കണ്ണുകളെ കുറിച്ചായിരിക്കണം പണ്ടു കാളിദാസന്‍ പടിയത്ത്‌" - ഒരിക്കല്‍ പ്രസാദ്‌ മോഹന്‍ ആയിഷയോട് പറഞ്ഞു.

"ക്ഷമിക്കണം സുഹൃത്തേ. ഞാന്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്ണാണ്. ഇയാളുടെ സംസ്കൃതം ഒന്നും എന്റെ അടുത്ത് വേണ്ട - സൌകര്യം ഉണ്ടെങ്കില്‍ മലയാളത്തില്‍ പറയൂ. ഒരു സംസ്കൃത വിദ്വാന്‍!"

" പൂക്കളില്‍ നിന്നും പൂക്കള്‍ ഉണ്ടായതായി കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. അല്ലയോ സുന്ദരി, പക്ഷെ നിന്റെ മുഖം ആകുന്ന താമരയില്‍ കണ്ണുകള്‍ ആകുന്ന ഇന്ദീവര പൂക്കള്‍ എങ്ങനെ ആണ് ഉണ്ടായത്? എ ഡി അഞ്ചാം ശതകത്തിലോ മറ്റോ ജനിച്ച മഹാകവി കാളിദാസന്‍ ഒരു പക്ഷെ ഇരുപതൊന്നാം നൂറ്റാണ്ടില്‍ ജനിക്കാന്‍ പോകുന്ന ഇബ്രാഹിം ഭാര്യ ആയിഷയെ തന്റെ മന കണ്ണാല്‍ കണ്ടിരിക്കണം! "

"തന്നെ തന്നെ. ഒന്നു പോകൂ മിസ്റ്റര്‍ .... അധികം കളിയാക്കാതെ..... നോക്കൂ, നേരം ഒരു പാടായിരിക്കുന്നു. നമ്മള്‍ ചെയ്യുന്നത് എന്തെന്ന് നമ്മള്‍ക്ക് അറിയുന്നില്ല. അറിഞ്ഞു കൊണ്ട് തന്നെ നമ്മുടെ ജീവിത പങ്കാളികളെ നമ്മള്‍ വന്ജിക്കയല്ലേ. നമ്മളോട് ദൈവം പൊറുക്കുമോ? "

"തീര്ച്ചയായും ആയിഷ. ദൈവം സ്നേഹമാകുന്നു, സ്നേഹിക്കുന്ന ഹൃദയങ്ങളെ അദ്ദേഹം ഒരിക്കലും കൈ വിടാറില്ല" . ഒരു വിവാഹ മോചനത്തെ കുറിച്ചു എന്ത് കൊണ്ടു നീ ആലോചിക്കുന്നില്ല ? - ഇബ്രാഹിം എന്ന വില്ലന്‍ കഥാപാത്രത്തിന്റെ അദൃശ്യ സാന്നിധ്യം എല്ലായിപ്പോഴും തന്നെ അസ്വസ്ഥന്‍ ആക്കി ഇരുന്നല്ലോ.

"ഇല്ല പ്രസാദ്‌. ഒരിക്കലും അതുണ്ടാവില്ല. അദ്ദേഹത്തെയും കുട്ടികളെയും എനിക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ഒരു നാള്‍ അദ്ദേഹം എന്നെ തിരികെ വിളിക്കും. എനിക്ക് ഉറപ്പാണ്. അള്ളാഹു സത്യം! "
...........
...........
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ആയിഷ തന്നെ വീണ്ടും വിളിക്കുക ആണ്. ഈ അസമയത്ത് വിളിക്കാന്‍ എന്തെങ്കിലും പ്രത്യേകിച്ച് കാരണം ഉണ്ടായിരിക്കണം. അധികം വൈകിയില്ല, അവള്‍ വിളിച്ചു വീണ്ടും. ഇബ്രാഹിം അവളെ തിരികെ കൊണ്ട് പോകാന്‍ വരുന്നുവെന്ന സന്തോഷ വര്‍ത്തമാനം അറിയിക്കാനാണ് അവള്‍ വിളിച്ചത്. സംഭവിച്ചു പോയതിനെ ഓര്‍ത്തു താന്‍ ഖേദിക്കുന്നു വെന്നും ആയിഷ ഇല്ലാതെ ഇനി മുന്നോട്ടുള്ള ജീവിതം അസാധ്യം ആണെന്ന് ഇബ്രാഹിമിന് ബോധ്യമായെന്നും ഗധ്ഗധ കണ്ടയായി അവള്‍ മൊഴിഞ്ഞു. പ്രസാദ്‌ മോഹനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും അവള്‍ നേര്‍ന്നു. അവളുടെ ശബ്ദം ഒരു തേങ്ങലായി...
ഇ മെയില്‍ വഴി ആരംഭിച്ച അനുരാഗം ഇ മെയില്‍ വഴി തന്നെ അവസാനിപ്പിക്കാനായി പ്രസാദ്‌ മോഹന്‍ വീണ്ടുമൊരിക്കല്‍ കൂടി ആയിഷക്കെഴുതി: "ഏകാന്തവും വിരസവും ആയ എന്റെ ജീവിത സായാഹ്നത്തില്‍ ദിവ്യ പ്രേമത്തിന്റെ അഗ്നി ജ്വാലകള്‍ പടര്‍ത്തി പോയ്‌ പോയ യൌവനത്തെ കുറച്ചു കാലത്തെങ്കിലും തിരികെ കൊണ്ട് വരാന്‍ കാരണ ഭൂതയായ എന്റെ പ്രേമോ ദാരയായ ആയിഷാ....... നിനക്ക് നല്ലത് വരട്ടെ, നിന്റെ ഭര്‍ത്താവിനും! "
പ്രസാദ്‌ മോഹന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണ് നീര്‍ കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ ഇറ്റു വീണു....

ചൊവ്വാഴ്ച, ഡിസംബർ 08, 2009

എലി ജന്മം

പുതിയ അണ്ടര്‍ വെയര്‍ ആയിരുന്നു. ദേ കിടക്കുന്നു. മാര്‍ജാര രിപുവിന്റെ വിശപ്പടക്കാന്‍ നൂറ്റി ഇരുപതു രൂപ കൊടുത്തു കഴിഞ്ഞ ആഴ്ച വാങ്ങിയ വി ഐ പി ഫ്രെഞ്ചി തന്നെ വേണ്ടി വന്നു. കമ്പനി സപ്ലൈ ചെയ്യുന്ന ജെട്ടി ആണേല്‍ പോകട്ടെ എന്ന് വെക്കാം . ഇതു പക്ഷെ കൈയ്യില്‍ നിന്നു പൈസ കൊടുത്തു വാങ്ങിയതാണ്. രാത്രി ഉറക്കത്തിനിടെ അലമാരയില്‍ നിന്നു അപശബ്ദം കേട്ടപ്പോഴേ കരുതിയതാണ് ഏതോ പെരുച്ചാഴി അകത്തു പ്രവേശിച്ചിട്ടുണ്ട് എന്ന്. മൂഷിക രാജന്റെ അടുത്ത ദിവസത്തെ ഇര ഭാര്യയുടെ ബ്രേസിയര്‍ ആയിരുന്നു. അടിവസ്ത്രങ്ങളോട് അടങ്ങാത്ത അഭിനിവേശത്തോടെ യമലോകം പൂകിയ ഏതോ അര കിറുക്കന്‍ എലി ജന്മം എടുത്തു അവതരിച്ചിരിക്കാനാണ് സാധ്യത. തീര്‍ച്ച. കമ്പ്യൂട്ടര്‍ മൗസ് കേബിള്‍ തിന്നപ്പോഴും വാഷിംഗ്‌ യന്ത്രത്തിന്റെ ഹോസ് കരണ്ടപ്പോഴും വിശപ്പടക്കാന്‍ പാടുപെടുന്ന ഒരു നികൃഷ്ട ജീവിയുടെ ഗതികേട് എന്ന് മാത്രമെ കരുതി ഉള്ളൂ. നികൃഷ്ട ജീവിയിലെ യഥാര്‍ത്ഥ വില്ലനെ തിരിച്ചറിഞ്ഞത് ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്നു നാല്‍പ്പത്തി ഒന്നു ദിവസം നീണ്ട വൃതം മുറിക്കാന്‍ ഒരുങ്ങോമ്പോള്‍ ആയിരുന്നു. അടുക്കളയിലെ സൈഡ് റാക്കില്‍ വെച്ചിരുന്ന ഹണി ബീ മുഴു കുപ്പി, അരകുപ്പി ആയി തീര്‍ന്നിരിക്കുന്നു! പ്ലാസ്റ്റിക് ബോട്ടില്‍ മേല്‍വശം സമര്‍ത്ഥമായി കാര്‍ന്നു സോഡയും അച്ചാറും ഇല്ലാതെ മൂഷിക പൂരുഷന്‍ (അതോ സ്ത്രീയോ!) കാര്യം സാധിച്ചിരിക്കയാണ്. ബീവരജെസ് കോര്പോരേഷന്റെ ഏതോ ശാഖയില്‍ റം കുടിച്ചു പൂസാവുന്ന എലി കളെ കുറിച്ചു ഈയിടെ ആണ് പത്രത്തില്‍ വായിച്ചതു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എലികളും മദ്യപാനം ആരംഭിച്ചിരിക്കുന്നു. കുടിച്ചു പാമ്പാകുന്ന മനുഷ്യ സമൂഹമേ ബീവെയര്‍ ഓഫ് യുവര്‍ ന്യൂ ഫാന്‍ഗില്‍ഡ് എനിമീസ്!

കള്ള് കട്ട് കുടിക്കുന്ന ഈ പുത്തന്‍ കുരിശിനെ എങ്ങനെ ഒഴിവാക്കണം എന്നായി എന്റെ ചിന്ത. എലിവിഷം വെച്ചു കൊന്നാലോ? പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്ട്ടി ടു അനിമല്‍സ് ആക്റ്റ് 1960 പ്രകാരം മനേക ഗാന്ധി യുടെ അനുയായികള്‍ വല്ല കേസും കൊടുത്താല്‍ തെണ്ടിയത് തന്നെ. വര്ഷം മുഴുവന്‍ കന്നി മാസം ആഘോഷിക്കുന്ന തെരുവിലെ ചാവാലി പട്ടികള്‍ പി സി എ ആക്റ്റ് 1960 ന്റെ ബലത്തില്‍ സ്വൈര വിഹാരം നടത്തുന്നത് ആര്‍ക്കാണ് അറിയാത്തത്? അപ്പുറത്തെ വീട്ടിലെ പാണ്ടന്‍ പൂച്ചയുടെ സേവനം ഉപയോഗപ്പെടുത്തിയാലോ? അനുരണ്ജനത്തിന്റെ പാത ആണ് എപ്പോഴും നല്ലത്. എബ്രഹാം ലിങ്കണ്‍ ഡിസ്ട്രോയ്ട് ഹിസ്‌ എനിമീസ് ബൈ മേക്കിംഗ് ദേം ഹിസ്‌ ഫ്രന്റ്സ് . പത്താം ക്ലാസ്സില്‍ ബാലന്‍ മാഷ് പഠിപ്പിച്ചതാണ്. ഇവിടെയും അത് തന്നെ രക്ഷ. ചന്തയില്‍ പോയി വരുമ്പോള്‍ വീട്ടിലെ പുതിയ അതിഥി ക്ക് കുറച്ചു ഉണക്ക തേങ്ങ, ഉണക്ക മീന്‍ തുടങ്ങിയ ഐറ്റം വാങ്ങാന്‍ മറന്നില്ല. അന്ന് രാത്രി തേങ്ങ കഷണവും ഉണക്ക മീനും മാതൃഭൂമി പത്രത്തിന്റെ നനുത്ത താളുകളില്‍ വിരുന്നുകാരന്‌ അടുക്കള ഭാഗത്ത് വിതറിയ ശേഷം ആണ് ഉറങ്ങിയത്. ങ്ങൂ ഹൂം. മീനും തേങ്ങയും അതെ പടി അവശേഷിച്ചു. പകരം അടിവസ്ത്രം ഒന്നു കൂടി മാര്‍ജാര ശത്രുവിന്റെ മൃഷ്ടാന്ന ഭോജനമായി.

പിറ്റേന്ന് വൈകീട്ട് പതിവു പോലെ കുപ്പിയും ഗ്ലാസ്സുമായി സോഫയിലോട്ടു അമര്ന്നപ്പോഴാണ് അവന്‍ അടുക്കളയിലെ സിന്കിന് താഴെ ഉള്ള മാളത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ടത്. എഴുന്നു നില്ക്കുന്ന ചെവികള്‍. മദ്യത്തിന്റെ ഗന്ധം ആസ്വദിക്കുന്ന പോലെ മേല്പോട്ടും കീഴ്പോട്ടും ചലിക്കുന്ന നാസിക. കണ്ണുകളില്‍ നൂറ്റി പത്തു വാറ്റ് ബള്‍ബിന്റെ സ്വര്‍ണ തിളക്കം. വൈദ്യുത വിളക്കിന്റെ പ്രഭയില്‍ അവന്റെ ശരീരത്തിലെ കറുത്ത രോമങ്ങള്‍ ചെമ്പൊന്നിന്‍ നിറം പോലെ തിളങ്ങി. ഹണി ബീ യുടെ സുഗന്ധം അവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതെ. അവന്‍ എനിക്ക് കമ്പനി തരാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കയാണ്. കുപ്പിയുടെ അടപ്പില്‍ അവനും പകര്ന്നു ഒരു പത്തു മില്ലി. ചിയേര്‍സ് പറയുന്നതിന് മുന്പ് തന്നെ അവന്‍ രണ്ടു സിപ് അകത്താക്കി സോഡാ ഇല്ലാതെ, വെള്ളം ഇല്ലാതെ. ഗണപതി വാഹനം ടേസ്റ്റ് ചെയ്ത പാനീയത്തിന്റെ അവസാന പെഗ്ഗും മെല്ലെ മെല്ലെ നുകരവേ, എന്റെ ശരീരത്തിലെ രോമ കൂപങ്ങള്‍ വളര്ന്നു വലുതാക്കുന്നത് ഞാനറിഞ്ഞു. എന്റെ ചെവികള്‍ മൂഷിക സുഹൃത്തിന്റെ ചെവികള്‍ പോലെ ചുരുങ്ങി. മുഖം തീരെ ചെറുതാകുന്നു, നേര്ത്ത മീശ രോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നു, പുറകു വശത്ത് നീളത്തില്‍ വാല് പ്രത്യക്ഷപ്പെടുന്നു............ മ്യാവൂ........ അപ്പുറത്തെ വീട്ടിലെ പാണ്ടന്‍ പൂച്ചയുടെ ശബ്ദം! ഞാന്‍ അടുക്കളയിലെ സിന്കിന് താഴെ ഉള്ള മാളത്തില്‍ ഒളിച്ചു....