ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009

മഹാലക്ഷ്മി


അമൃത എക്സ്പ്രസ്സിലെ S-4 ബോഗിയില്‍, അവധി ദിവസം അല്ലാത്തതിനാല്‍ ആവണം, തിരക്ക് താരതമ്യേന കുറവായിരുന്നു. മോര്‍ ഫ്യൂസ് ബ്രാണ്ടിയുടെ 180 ml ലഹരിയില്‍ സൈഡ് ലോവര്‍ ബെര്‍ത്തില്‍, ലൈറ്റ് അണച്ച്, സുഖ സുഷുപ്തിക്കുള്ള ഒരുക്കം കൂട്ടുമ്പോള്‍ ആണ് ആ യുവതിയും ഒരു മധ്യ വയസ്കനും കയറി വന്നത്. മുഷിഞ്ഞ സാരിയും സാരിക്ക് യോജിക്കാത്ത ബ്ലൌസും ധരിച്ച ആ യുവതി അണിഞ്ഞ കട്ടിയുള്ള കണ്ണട ആ മുഖത്തിന്‌ ഒട്ടും യോജിച്ചത് ആയിരുന്നില്ല. തോളില്‍ തൂക്കിയ ഭാരമുള്ള എയര്‍ ബാഗ് സീറ്റിന്റെ അടിയിലെക്കിട്ടു അവള്‍ ആ മധ്യ വയസ്കനെ എന്റെ സീറ്റില്‍ ഇരുത്തി. സുഖ നിദ്രക്കു ഭംഗം വരുത്തിയതിലുള്ള നീരസം ഞാന്‍ പ്രകടം ആക്കും മുന്പേ പതിഞ്ഞ ശബ്ദത്തില്‍ ആ യുവതി പറഞ്ഞു: ക്ഷമിക്കണം സാര്‍, വിരോധമില്ലെങ്കില്‍ സാറീ മുകളിലെ ബെര്‍ത്തില്‍ കിടക്കാമോ. അദ്ദേഹം ഒരു രോഗിയാണ്. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടാണ്." എവിടെയോ കേട്ടുമറന്ന ശബ്ദം. അവളുടെ മുഖം വ്യക്തമായി കാണാനായി ഓഫ്‌ ചെയ്ത ലൈറ്റ് ഓണ്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി. ഈശ്വരാ! ബി എസ്സി ക്ക് ഒന്നിച്ചു പഠിച്ച മഹാലക്ഷ്മി ! കോളേജിലെ കലാ പ്രതിഭ, കോളേജു കുമാരന്മാരുടെ സ്വപ്ന റാണി ആയി വിലസിയ വര വര്‍ണിനി! സൌന്ദര്യത്തിനു ഇങ്ങനെയും ഒരു രൂപാന്തരമോ, അവിശ്വസനീയം. "മഹാലക്ഷ്മി.... ബീ എസ്സിക്ക് വിക്ടോറിയയില്‍ പഠിച്ച......? ഗോപന്‍. അവള്‍ എന്നെയും തിരിച്ചറിഞ്ഞിരിക്കുന്നു. മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ അവള്‍ പാടു പെടുന്നതുപോലെ. ഇതു മോഹന്‍. എന്റെ ഭര്ത്താവ്. ഒരു വര്ഷമായി ചികിത്സയിലാണ്. ഹി ഈസ്‌ എ കാന്‍സര്‍ പേഷ്യന്റ്. വിദൂരതയിലേക്ക് ദൃഷ്ടികള്‍ ഊന്നി നിര്‍വ്വികരാനായി ഇരുന്ന അയാളുടെ തണുത്ത ശോഷിച്ച കൈകള്‍ പിടിച്ചു കുലുക്കുമ്പോള്‍ അയാളുടെ നിസ്സംഗത ഭാവം മഹാലക്ഷ്മി കണ്ടില്ലെന്നു നടിച്ചു. എന്റെ ബെര്‍ത്തില്‍ കിടത്തി അയാള്ക്ക് കമ്പിളി പുതപ്പിച്ച ശേഷം മഹാലക്ഷ്മി പറഞ്ഞു: ആര്‍ സി സി യിലാണ് ട്രീട്മെന്റ്റ്. റേഡിയേഷന്‍ തെറാപി. മാസത്തില്‍ നാലഞ്ച്‌ തവണ വന്നു പോകും. കടുത്ത ക്ഷീണവും അസഹനീയമായ വേദനയും. ആവോളം അനുഭവിച്ചു. അയാളുടെ മുടി കൊഴിഞ്ഞ ശിരസ്സില്‍ അവള്‍ സ്നേഹത്തോടെ തടവി. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഹോണ്‍ മുഴക്കി ഏതോ ഒരു സൂപ്പര്‍ ഫാസ്റ്റ് കടന്നു പോയി. ചില്ല് ജാലകം താഴ്ത്തി സാരികൊണ്ടു തല മൂടി വിഷാദ മൂകയായി മഹാലക്ഷ്മി ഭര്‍ത്താവിന്റെ സമീപം ഇരുന്നു....

"നമസ്തേ ഗരുടാ രൂടെ, കോലാസുര ഭയങ്കരീ... സര്‍വ്വ പാപ ഹരേ ദേവി... മഹാലക്ഷ്മീ നമോസ്തുതേ... " കൂപ്പു കൈകളോടെ മുന്നില്‍ നില്ക്കുന്ന ഭക്തനെ കണ്ടപ്പോള്‍ അവള്‍ ഒന്നംബരക്കാതിരുന്നില്ല. ഞാന്‍ ഗോപന്‍, ഗോപകുമാര്‍. ദേവിയുടെ ക്ലാസ്സില്‍ പഠിക്കാന്‍ ‍അടിയനും ഭാഗ്യം ലഭിച്ചിരിക്കുന്നു. അനുഗ്രഹിക്കൂ അമ്മേ മഹാമായേ! "

" നോം സന്തുഷ്ട ആയിരിക്കുന്നൂ വല്‍സാ.... എന്ത് വരമാണ് വേണ്ടത് ? ചോദിച്ചു കൊള്ളുക...!" പൊട്ടിച്ചിരിയോടെ അവള്‍ പറഞ്ഞു. നര്‍മ ബോധത്തില്‍ അവളും ഒട്ടും പിറകില്‍ ആയിരുന്നില്ലല്ലോ. ചിരിക്കുമ്പോള്‍ തെളിയുന്ന നുണകുഴിയും ചുവന്നു തുടുത്ത കപോലങ്ങളും കലമാന്‍ മിഴികളും മഹാലക്ഷ്മിയുടെ മനോഹാരിത വര്ധിപിചതെ ഉള്ളൂ. കലാ- സാംസ്‌കാരിക പരിപാടികളിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും അസൂയാവഹമായ സുഹൃത്ത് വലയവും മഹാലക്ഷ്മിയെ അധ്യാപക - വിദ്യാര്‍ത്ഥികളുടെ രോമാഞ്ചം ആയി മാറ്റാന്‍ അധിക സമയം വേണ്ടി വന്നില്ല.
ലോക പുകയില വിരുദ്ധ ദിനം. കോളേജ് ചെയര്‍ പേര്‍സണ്‍ മഹാലക്ഷ്മി സ്റ്റേജില്‍ കത്തി കയറുകയാണ്. ....... ..........." മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എതിരെ ഉയര്ന്നു വന്ന ഈ കൂട്ടായ്മയില്‍ ഈ വിഷങ്ങള്‍ സമൂഹത്തില്‍ വരുത്തിവെക്കുന്ന വിനാശങ്ങളെ നമുക്കു പൊതു ജന മധ്യത്തില്‍ തുറന്നു കാട്ടാം. ആരോഗ്യമുള്ള ഒരു ജനതയുടെ ഹൃദയത്തെ, കരളിനെ, ശ്വാസ കോശങ്ങളെ കാര്‍ന്നു തിന്നുന്ന ഈ മഹാവിപത്തുക്കളെ ഉന്മൂലനം ചെയ്യാനുള്ള പ്രയാണത്തില്‍ എന്റെ സ്നേഹ നിധികളായ സതീര്ത്യരെ നമുക്കു കൈകൊര്‍ക്കം.......... തോഴരേ... നിങ്ങള്ക്ക് മംഗളം!

തീവണ്ടി കായംകുളം ജങ്ങ്ഷന്‍ പിന്നിടുമ്പോള്‍ സമയം രാത്രി ഒന്ന്. "ഉറങ്ങാന്‍ സമയം ആയില്ലെ മഹാലക്ഷ്മി. സമയം ഒന്ന് കഴിഞ്ഞു ." ഉറക്കം എല്ലാം പോയിട്ട് മാസങ്ങളായി ഗോപന്‍. ഗോപന്‍ കിടന്നോളൂ. ഞാന്‍ ഇങ്ങനെ ഒക്കെ തന്നെ. ബൈ ദി ബൈ ഗോപന്‍ കല്യാണം കഴിച്ചോ ....?
"നോക്കുന്നുണ്ട്". രണ്ടു കൊച്ചുങ്ങളും ഒരു ഭാര്യയും ആയി സുഖ ജീവിതം നയിക്കുന്നു എന്ന് ആ സമയത്തു അവളോട്‌ പറയാന്‍ തോന്നിയില്ല.
അഞ്ചു മുപ്പതിന് വണ്ടി തൃശ്ശൂരില്‍ എത്തി. മോഹനനെ കൈ പിടിച്ചു ഇറക്കവേ അവള്‍ ചോദിച്ചു: ഗോപന്‍ ഇറങ്ങുന്നില്ലേ? അടുത്ത സ്റ്റോപ്പ്‌ , ഷോര്‍ണൂര്‍.
ശരി ഗോപന്‍, ഇനി വല്ലപ്പോഴും ഒക്കെ കാണാം. ഗോപന് എല്ലാ മംഗളങ്ങളും! മുഖത്ത് ഒരു ചിരി വരുത്താന്‍ മഹാലക്ഷ്മി ബുദ്ധിമുട്ടി. അവളുടെ ഒട്ടിയ കവിളില്‍ നുണ കുഴി തെളിഞ്ഞു......

വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2009

ഒരു കോര്‍പ്പറേറ്റ് പ്രണയ സ്വപ്നം

മാര്‍ച്ച്‌ അവസാനം ബോസ്സ് സ്വയം വിരമിച്ച ശേഷം ആ കസേര ഒഴിഞ്ഞു തന്നെ കിടന്നു. അഭ്യൂഹങ്ങള്‍ പലതും പരന്നു. ഈ ഓണം കേറാ മൂലയിലേക്ക് വരാന്‍ ആര്ക്കും താല്പര്യമില്ല, പ്രൊജക്റ്റ്‌ തന്നെ പൂട്ടി കെട്ടാന്‍ പോകുന്നു, യുവ തലമുറയെ പ്രൊജക്റ്റ്‌ ഏല്‍പ്പിക്കാന്‍ ഹെഡ് ഓഫീസ് ആലോചിക്കുന്നു.... അങ്ങനെ പലതും.


"എ ബോസ്സ് ലെസ്സ് പി എസ് ഈസ്‌ എ യൂസ്ലെസ്സ് പി എസ്. " സ്പ്ളിറ്റ് എയര്‍ കണ്ടീഷന്‍ നു താഴെ കസേരയില്‍ കറങ്ങി കൊണ്ടു ഗോകുല്‍ദാസ്‌ പി എസ് ആത്മ ഗതം നടത്തി. (പി എസ് എന്നുള്ളത് കഥാനായകന്റെ ഉദ്ദ്യോഗ പേരാകുന്നു). പത്തു പന്ത്രണ്ടു വര്ഷം നീണ്ട സര്‍വീസ് ജീവിതത്തില്‍ ഏഴ് ബോസ്സുമാരെ പറഞ്ഞയച്ചു. നല്ല ബോസ്സ് എന്ന സാക്ഷി പത്രത്തിന് അര്‍ഹര്‍ വെറും മൂന്നു പേര്‍. മിത ഭാഷിയും ശാന്ത പ്രകൃതക്കാരനും ആയ കൊല്‍ക്കത്ത കാരന്‍ ബോസ്സ്, സ്ത്രീകളോട് അഭിനിവേശം (അത് ആര്‍ക്കാണ്‌ ഇല്ലാത്തതു!) കുറച്ചു കൂടുതലുള്ള ഒരു ഹരിയാനക്കാരന്‍ ബോസ്സ്, ബോസ്സുമാരിലെ മാണിക്യം ആയ ഒരു ഹൈദരാബാദ് ബോസ്സ്. ഇപ്പോഴും നവ വത്സര ത്തിനും ദീപാവലിക്കും മുടങ്ങാതെ ആശംസകള്‍ അയക്കുന്നത് ഇവര്‍ മൂന്നു പേര്‍ മാത്രം. സ്കൂളില്‍ നല്ല ടീച്ചറെ കിട്ടുക, നല്ല ഭാര്യയെ കിട്ടുക, നല്ല അയല്‍ക്കാരെ കിട്ടുക, ഓഫീസില്‍ നല്ല ബോസ്സിനെ കിട്ടുക ഇതിനെല്ലാം കൊടുത്തു വെക്കണം എന്ന് പഴമക്കാര്‍ പറയും. ഗോകുല്‍ ദാസിന്റെ ചിന്തകള്‍ കാടു കയറി. എന്ത് കൊണ്ടു ബോസ്സിനായി ഒരു പരസ്യം കൊടുത്തു കൂടാ? മാറി ചിന്തിക്കാനാണല്ലോ ഏതോ ഒരു മൊബൈലിന്റെ പരസ്യം തന്നെ പറയുന്നതു. കമ്പനിയുടെ പരസ്യ വിഭാഗം കൈ കാര്യം ചെയുന്ന ഏജന്‍സിക്ക് മാറ്റര്‍ തയ്യാറാക്കി കൊടുത്തു. പിറ്റേന്നത്തെ പ്രമുഖ പത്രങ്ങളില്‍ എല്ലാം പ്രാധാന്യത്തോടെ ആ പരസ്യം പ്രത്യക്ഷപ്പെട്ടു: നല്ല നിലയില്‍ പ്രവര്ത്തിക്കുന്ന സൊ ആന്‍ഡ്‌ സൊ സ്ഥാപനത്തില്‍ ബോസ്സ് എന്ന നിലയില്‍ കമ്പനി നോക്കി നടത്താന്‍ പ്രാപ്തരും അനുയോജ്യരും ആയ വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു. അനുഭവ ജ്ഞാനവും അഴകും അന്തസ്സും ഉള്ള അവിവാഹിത കള്‍ ആയ അംഗന മാര്‍ മാത്രം അപേക്ഷിക്കുക, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി...."

ഗോകുല്‍ദാസ്‌ എന്ന ഏകാംഗ കമ്മിറ്റി കുമിഞ്ഞു കൂടിയിരിക്കുന്ന സി വി (അപേക്ഷകള്‍) കള്‍ ഒന്നൊന്നായി പരിശോധിച്ചു. ദ്രൗപതി സ്വയംവരത്തിലെ അര്‍ജുനനെ പോലെ പിടയ്ക്കുന്ന മനസ്സോടെ തന്റെ ബോസ്സ് ആവാന്‍ തയ്യാറായി വന്ന ലലനാ മണികളുടെ ഫോട്ടോകള്‍ പല കോണിലൂടെ വീക്ഷിച്ചു സായൂജ്യമടഞ്ഞു. എം ബീ എ പഠിച്ച, ഐ ഐ ടിയില്‍ പഠിച്ച, എം സി എ പഠിച്ച അവിവാഹിത കളായ അന്തര്‍ ജനങളുടെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ ക്കിടയില്‍ നിന്നും മാദകത്വം തുളുമ്പുന്ന ഒരു മന്ദാകിനിയെ ബോസ്സ് ആയി നിയമിച്ചു കൊണ്ടു ഞൊടി ഇടയില്‍ ഉത്തരവിറങ്ങി.

മന്ദാകിനി എന്ന മാന്ത്രിക തിടംബിന്റെ മാസ്മരിക ശക്തിയില്‍ ഊര്‍ധ്വന്‍ വലിച്ചു കിടന്നിരുന്ന ആ സ്ഥാപനം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. മന്ദാകിനി എന്ന അത്ഭുത പ്രതിഭാസത്തെ കണ്ടെത്തിയ ഗോകുല്‍ ദാസിനെ കമ്പനി അനുമോദനങ്ങള്‍ കൊണ്ടു വീര്‍പ്പു മുട്ടിച്ചു. മന്ദാകിനി ഗോകുല്‍ദാസ്‌ ബന്ധം ഒരു പി എ ബോസ്സ് ബന്ധങ്ങള്‍ക്കും അപ്പുറം വളര്ന്നു. അസൂയാലുക്കളും അരസികരും ആയ കമ്പനിയിലെ ഉപജാപക സംഘം കോര്‍പ്പറേറ്റ് മേഖലയിലെ ആധുനിക ചന്ദ്രികാ - രമണന്‍ മാരായി ഗോകുല്‍ദാസ്‌ - മന്ദാകിനി ബന്ധത്തെ വിലയിരുത്തി......

എയര്‍ ഇന്ത്യ യുടെ ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറന്നു. ന്യൂ യോര്‍ക്കില്‍ നടക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര ശില്പശാലയില്‍ പന്കെടുക്കനാണ് മന്ദാകിനി യും ഗോകുല്‍ ദാസും യാത്ര തിരിച്ചത്. യാത്ര ക്ഷീണം കൊണ്ടാവണം ഗോകുല്‍ ദാസിന്റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു. മന്ദാകിനി എന്ന മന്ദാര പുഷ്പത്തിന്റെ ചുമലില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ ഉറങ്ങി. ലണ്ടനിലെ ഹീത്രൂ വിമാന താവളത്തില്‍ ഫ്ലൈറ്റ് ഇറങ്ങാന്‍ പോകയാണെന്നു അറിയിപ്പ് വന്നു. പെട്ടെന്നാണ്‌ കോക്ക് പിറ്റിനുള്ളിലെ ബഹളം ശ്രദ്ധയില്‍ പെട്ടത്. പൈലറ്റ്‌ മാരും എയര്‍ ഹൊസ്ടെസ്സ് മാരും തമ്മില്‍ പൊരിഞ്ഞ മല്‍പ്പിടുത്തം. ഏതോ സുന്ദരിയെ "ഗ്ലോറി ഫൈഡ് ഡ്രൈവര്‍" ചുംബിക്കാന്‍ ശ്രമിച്ചു പോലും! വിമാനം ആടി ഉലയുകയാണ്. മന്ദാകിനി ഗോകുല്‍ ദാസിനെ കെട്ടി പിടിച്ചു. ഈശ്വര... രക്ഷിക്കണേ....... വിവിധ ഭാഷകളില്‍ കൂട്ട നിലവിളി ഉയര്ന്നു. ഭയങ്കര ശബ്ദത്തോടെ വിമാനം മൂക്ക് കുത്തി വീണു.....

ഞെട്ടി ഉണര്‍ന്ന ഗോകുല്‍ ദാസ്‌ മുറിയിലെ ലൈറ്റ് ഇട്ടു. വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഇന്നും അത് തന്നെ സംഭവിച്ചിരിക്കുന്നു. ബ്രാന്‍ഡ്‌ മാറി മദ്യം കഴിച്ചാല്‍ കാണുന്ന ദു സ്വപ്നം ..... നാശം! കൂജയിലെ വെള്ളം മട മട ന്നു കുടിച്ചു. ഫാനിന്റെ സ്പീഡ് കൂട്ടി, ലൈറ്റ് അണച്ചു. വീണ്ടും ഒരു സ്വപ്നം കാണാതിരിക്കാനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു : കാര്‍ക്കൊടസ്യ നാഗസ്യ, ദമയന്തി നളസ്യ ജ , ഋതു വര്നസ്യ രാജര്‍ശോ.......

ബുധനാഴ്‌ച, ഒക്‌ടോബർ 07, 2009

കൂടോത്രം

"പന്നി പനി എങ്ങാനും ഉണ്ണിമോന് പിടി പെട്ടാല്‍ തന്റെ പ്രതീക്ഷകളെല്ലാം താളം തെറ്റും എന്നായിരുന്നു ചേട്ടന്റെ ഭയം. രാമന്‍ കുട്ടിയുടെ പത്നി സിന്ധു തുടര്‍ന്നു. ദിവസം ചുരുങ്ങിയത് ഇരുപതു തവണ എങ്കിലും കൈ കഴുകി തുടയ്ക്കും, മോനെയും എന്നെയും കൂടെ കൂടെ കൈ കഴുകാന്‍ നിര്‍ബന്ധിയ്ക്കും. അപ്പോഴും അസ്വാഭവികം ആയി ഒന്നും തന്നെ ഞങ്ങള്ക്ക് തോന്നിയില്ല ഡോക്ടര്‍" - സിന്ധു രാമന്‍ കുട്ടി നെടുവീര്‍പ്പിട്ടു.
" എപ്പോള്‍ മുതല്‍ ആണ് രാമന്കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയത്? തന്റെ നരച്ചു തുടങ്ങിയ താടി തടവി കൊണ്ടു മനശ്ശാസ്ത്ര ഡോക്ടര്‍ ജേക്കബ്‌ കുരുവിള ചോദിച്ചു.
" നാഷണല്‍ ടാലെന്റ്റ്‌ സേര്‍ച്ച്‌ പരീക്ഷയുടെ തിയതി നിശ്ചയിച്ചു എന്ന് പറഞ്ഞു കൊണ്ടു ഉണ്ണി മോന്‍ സ്കൂളില്‍ നിന്നും വന്ന ദിവസം. കേട്ടത് പാതി, കേള്‍ക്കാത്തത് പാതി. മോന്റെ കെയ്യും പിടിച്ചു കൊണ്ടു ചേട്ടന്‍ ഒറ്റ വിടലായിരുന്നു, അടുത്തുള്ള ജ്യോതിഷിയുടെ വീട്ടിലേയ്ക്ക്‌. തിരിച്ചു വന്നത് ഒരു മണിയ്ക്കൂര്‍ കഴിഞ്ഞു ഒരു മന്ത്രവാദിയുടെ മട്ടും ഭാവത്തോടെയും ആയിരുന്നു. അതിന്റെ പിറ്റേന്ന് മുതലാണ് ചേട്ടന്‍ ചേട്ടന്‍ അല്ലാതായത്....." സിന്ധു രാമന്‍ കുട്ടി സാരി തലപ്പ് കൊണ്ടു കണ്‍ തുടച്ചു.

"ജ്യോതിഷി എന്താണ് പറഞ്ഞു വിട്ടത്? "- ഡോക്ടര്‍ കുരുവിള ചോദിച്ചു.

"തുലാത്തിലെ ചിത്തിരയില്‍ ആണ് മോന്റെ ജനനം. ചിത്തിര നക്ഷത്രക്കാര്‍ക്ക് ഏഴര ശനിയുടെ അപഹാരം ആണെന്നും അതിനുള്ള പരിഹാര ക്രിയകള്‍ ചെയ്താല്‍ ഉണ്ണി മോന്റെ പഠനത്തെ ബാധിയ്ക്കില്ലെന്നും ജ്യോതിഷി ചേട്ടനെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിന് ശേഷം തുടങ്ങിയത് ആണ് മുറി അടച്ചുള്ള ഈ പേക്കൂത്തുകള്‍." ......സിന്ധു കരച്ചിലടക്കാന്‍ പാടു പെട്ടു.

"നിങ്ങള്‍ കരയാതെ കാര്യം പറയൂ.... നമുക്കു വഴി ഉണ്ടാക്കാം." ഡോക്ടര്‍ കുരിവിള ശ്രീമതി രാമന്കുട്ടിയെ ആശ്വസിപ്പിയ്ക്കാന്‍ എന്നോണം പറഞ്ഞു.

"അതി രാവിലെ കൃത്യം മൂന്നേ മുക്കാലിന് ഉണരും. കുളിയും കുറിയും എല്ലാം കഴിഞ്ഞു പീതാംബരം ധരിയ്ക്കും, കഴുത്തില്‍ ഗോമേദക കല്ല്‌, ചെവിയില്‍ മഞ്ഞ അരളി പൂക്കള്‍, നാഭിയോളം നീളത്തില്‍ തുളസി മാല, ചന്ദന കളഭ ലേപനം.... പിന്നെ പൂജാ മുറി തുറന്നു സരസ്വതി ദേവിയുടെ ഫോട്ടോയുടെ മുന്‍പില്‍ ഇരുപ്പായി. യാ ദേവി സര്‍വ്വ ഭൂതെഷൂ വിദ്യാ രൂപേണ സംസ്ഥിതാ, നമസ്തസ്യേ നമസ്തസ്യേ......... വൈകുന്നത് വരെ ഒരേ പ്രാര്ത്ഥന മാത്രം".

"മോന്റെ ശനി അപഹാരം അച്ഛന്‍ പൂജ ചെയ്താല്‍ എങ്ങനെ മാറും?" ഡോക്ടര്‍ കുരുവിളയ്ക്ക് തികച്ചും ന്യായമായ സംശയം ഉണര്‍ന്നു.

"അച്ഛനും മോനും ഇരുനാള്‍ ഒരു നാള്‍ കാരാണ്. അച്ഛന്‍ ചോതി, മകന്‍ ചിത്തിര. മകന് സ്കൂളില്‍ പോകേണ്ടതിനാല്‍ അച്ഛന്‍ പൂജ നടത്തിയാലും മതി എന്നാണ് ജ്യോതിഷിയുടെ കണ്ടു പിടുത്തം. ഞങ്ങള്ക്ക് ഒരു നിശ്ചയവുമില്ല ഡോക്ടര്‍ സാര്‍. ഇതു തീര്‍ച്ച ആയിട്ടും ആരോ കൂടോത്രം ചെയ്തതാണ്. ആരായാലും അവര്‍ നശിച്ചേ പോകൂ..... എന്റെ മാങ്ങോട്ടു കാവിലമ്മേ! " സിന്ധു രാമന്‍കുട്ടി നിറ കണ്ണുകളോടെ പ്രാര്‍ത്ഥിച്ചു.

"ഈ പറഞ്ഞ ടാലെന്റ്റ്‌ പരീക്ഷയ്ക്ക് എന്താ ഇത്ര പ്രാധാന്യം. ഐ എ എസ്, ഐ എഫ്‌ എസ് അല്ലെങ്കില്‍ ഐ പി എസ് പോലെ അത്രയ്ക്ക് നിര്‍ണായകം ആണോ ഈ പരൂക്ഷ?" സ്വല്പം പരിഹാസത്തോടെ ആണ് ഡോക്ടര്‍ കുരുവിള ചോദിച്ചത്.

"സത്യം പറയാമല്ലോ ഡോക്ടര്‍, കഴിഞ്ഞ തവണ ഈ പരീക്ഷയ്ക്ക് അയല്‍ വീട്ടിലെ ക്ലാസ്സ് ഫോര്‍ ജീവനക്കാരന്റെ മകള്‍ സ്കൂളില്‍ ഒന്നാമതായിരുന്നു. ക്ലാസ്സ് വണ്‍ ഓഫീസിരായ രാമന്‍ കുട്ടി ചേട്ടന് അത് സഹിയ്ക്കാവുന്നതില്‍ അപ്പുറമായിരുന്നു. അന്ന് മുതലുള്ള പരിശ്രമം ചേട്ടനെ ഈ പരുവത്തിലാക്കി".

"ആട്ടെ, ഇപ്പോള്‍ എവിടെക്കാണ്‌ എന്ന് പറഞ്ഞിട്ടാണ് രാമന്‍ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവന്നിരിയ്ക്കുന്നത്?" ജ്യോതിഷത്തില്‍ അന്ധമായി വിശ്വസിയ്ക്കുന്ന ഒരാള്‍ തന്നെ പോലുള്ള ഒരു മനശ്ശസ്ത്രനെ കാണാന്‍ വരുമോ എന്ന് ഡോക്ടര്‍ കുരുവിള ആശങ്ക പെട്ടിരുന്നു.

" നഗരത്തിലെ ഒരു പ്രമുഖ ജ്യോതിഷ രത്നത്തെ കാണണം എന്നാണ് ഞങ്ങള്‍ ചേട്ടനോട് പറഞ്ഞിരിയ്ക്കുന്നത്. അല്ലെങ്കില്‍ ഒരു പക്ഷെ വന്നില്ലെങ്കിലോ.. "

"ബ്രിംഗ് ഹിം" ഡോക്ടര്‍ കുരുവിള ജ്യോതിഷ രത്നം കുഞ്ഞുരാമന്‍ നമ്പൂതിരി യുടെ ഗൌവരവത്തോടെ ചാരുകസേരയില്‍ ആലോചന നിമഗ്നനായി.

കാഷായ വസ്ത്രവും ചുണ്ടില്‍ നാമ ജപങ്ങളുമായി രാമന്‍ കുട്ടി ജ്യോതിഷ രത്നത്തെ കൈ കൂപ്പി വണങ്ങി. "ഉപവിഷ്ടനാവൂ, വല്‍സാ! നിന്റെ ആഗമന ഉദ്ദ്യേശം നോം മന കണ്ണാലെ ഗ്രഹിചിരിയ്ക്കുന്നു. നിന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് നോം പരിഹാരവും കണ്ടിരിയ്ക്കുന്നു. നമ്മില്‍ പൂര്‍ണമായും വിശ്വസിയ്ക്കുക." - നേരത്തെ പഠിച്ചു വെച്ച ഡായലോഗ് ഡോക്ടര്‍ കുരുവിള നമ്പൂതിരിപ്പാട്‌ ഉരുവിട്ടു.

"അടിയന്‍! " ക്ലാസ്സ് വണ്‍ ഓഫീസര്‍ പഞ്ച പുച്ച മടക്കി ഭവ്യതയോടെ ഇരുന്നു.

"ഒന്നും അഞ്ചും ഭാവാധിപന്മാരെ താരതമ്യം ചെയ്യുമ്പോള്‍ ഒമ്പതാം ഭാവാധിപന് ബലം കുറവാണ്. അതുകൊണ്ട് തന്നെ ചിത്തിര നക്ഷത്രത്തെ ഗ്രസിചിരിയ്ക്കുന്ന ഏഴര ശനിയുടെ അപഹാരം ഇപ്പോള്‍ കുറഞ്ഞു വരുന്നതായി നോം കാണുന്നു. പൂജാദി കര്‍മങ്ങള്‍ ക്രമേണ കുറച്ചു കൊണ്ടു വരിക. ശനി ഭഗവാന്റെ ക്ഷേത്രത്തില്‍ ഒരു ശയന പ്രദക്ഷിണം ആവാം. മനസ്സിന്റെ വിഷമങ്ങള്‍ കുറയ്ക്കാന്‍ ഹണി ബീ മദ്യം രണ്ടു പെഗ് വീതം കിടപ്പറ പോകുന്നതിനു മുന്പ് ഭസ്മത്തില്‍ കലക്കി സേവിയ്ക്ക. ശനി ഭഗവാന്റെ ഫേവറൈറ്റ്‌ ഐറ്റം ആണ് ഹണി ബീ ബ്രാണ്ടി. മംഗളം ഭവിക്ക തേ! " ജ്യോതിഷ രത്നം മാസികയില്‍ നിന്നും കാണാതെ പഠിച്ചതും കൂടെ താന്‍ സ്വയം കണ്ടുപിടിച്ച ഒറ്റ മൂലിയും ചേര്ത്തു ഡോക്ടര്‍ കുരുവിള കസറി.

ഒരു മാസം കഴിഞ്ഞു ഡോക്ടര്‍ കുരുവിള സിന്ധുരാമന്കുട്ടിയെ നഗരത്തിലെ ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ വെച്ചു കണ്ടു മുട്ടി. "ഹൌ ഈസ്‌ രാമന്‍കുട്ടി നൌ, ശനിയുടെ അപഹാരം എല്ലാം മാറിയില്ലേ? "

"ചേട്ടന്‍ ഓക്കേ സര്‍. പക്ഷെ ശനിയുടെ അപഹാരം മാറി ഇപ്പൊ ഹണിയുടെ അപഹാരം തുടങ്ങി. വേറെ കുഴപ്പം ഒന്നുമില്ല. " - സിന്ധു രാമന്‍കുട്ടി ചിരി അടക്കാന്‍ പാടു പെട്ടു.

"മനസ്സിലായില്ല" ഡോക്ടര്‍ കുരുവിള നെറ്റി ചുളിച്ചു.

"സാറന്ന് പറഞ്ഞില്ലേ ശനി ഭഗവാന്റെ ഫേവറൈറ്റ്‌ ബ്രാണ്ടി - ഹണി ബീ. ഇപ്പൊ ദിവസവും ഹണി ബീ രണ്ടെണ്ണം അകത്തു പോയില്ലെങ്കില്‍ ചേട്ടന് ഉറക്കം വരില്ല. എനി വെ ബെറ്റര്‍ ദാന്‍ ഏഴര ശനി ഡോക്ടര്‍....."