ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009

വാര്‍ധക്യ കാല ചിന്തകള്‍

ഡൈ പോടട്ടുമാ സാര്‍, മുടിയെല്ലാം നരച്ചു പോച്ച്. ക്ഷുരക കുമാരന്‍ എന്തോ പുതിയ കണ്ടു പിടുത്തം നടത്തിയപോലെ ആയിരുന്നു പറഞ്ഞതു. വിവിധ തരം ഡൈ കളെ കുറിച്ചുള്ള ഒരു വര്‍ണനയും. ഒരാഴ്ച മുതല്‍ ഒരു മാസം വരെ നിറം മാറാതെ ഇരിയ്ക്കുന്ന ഹെര്‍ബല്‍ ഡൈ മുതല്‍ ചീപ്പ്‌ പോലെ ഉപയോഗിയ്ക്കാവുന്ന അമേരിക്കന്‍ ഡൈ വരെ ബാര്‍ബറാം ബാലന്‍ സൂക്ഷിചിരിയ്ക്കുന്നു. വെറുമൊരു ബാര്‍ബര്‍ അല്ലിവനൊരു....


"മുടി നരയ്ക്കുവത് അല്ലെന്റെ വാര്‍ദ്ധക്യം, മുടി നരയ്ക്കാത്തത് അല്ലെന്റെ യൌവ്വനം " എന്ന് വിപ്ലവ കവി സുബ്രമണ്യന്‍ തിരുമുന്പ് പണ്ടു പാടിയത് ബാര്‍ബറാം ബാലനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി.


തല മുടി കളര്‍ ചെയ്യുന്നതിനോട് എന്ത് കൊണ്ടോ എനിയ്ക്ക് പണ്ടു മുതലേ എതിര്‍പ്പാണ്. കരിക്കട്ട പോലത്തെ ചായം കൊണ്ടു തല മുടി മുഴുവന്‍ വൃത്തി കേടാക്കി കറുപ്പിക്കുക, അല്ലെങ്കില്‍ മൈലാഞ്ചി ചായത്താല്‍ ചുവപ്പിയ്ക്കുക, അഴകിയ രാവണനെ അണിയിച്ചൊരുക്കുന്ന കലാപരിപാടി കണ്ടു അക്ഷമരായി ഇരിയ്ക്കുന്ന മറ്റു മുടിവെട്ടാന്‍ വന്ന മാന്യന്മാരുടെ ഇഷ്ടപ്പെടാത്ത രീതിയിലുള്ള നോട്ടവും.


എന്തിനാ മാഷേ വെറുതെ നീല കുടത്തില്‍ വീണ കുറുക്കനെ പോലെ സ്വയം പരിഹാസ്യനാകുന്നത്? ആരെ ബോധ്യപ്പെടുത്താന്‍ ആണീ അഭിനവ യയാതി ചമയല്‍? ഒരിയ്ക്കല്‍ ബാര്‍ബര്‍ ഷോപ്പിലെ പ്രതിവാര സന്ദര്‍ശകനായ എന്‍റെ സുഹൃത്തിനോട് ചോദിച്ചു.


പെണ്ണും പുള്ള അടങ്ങി ഇരിയ്ക്കില്ല ചങ്ങാതി. അവള്ക്ക് വേണ്ടിയാണ് ഈ വേഷം കെട്ടല്‍. ഒരുമിച്ചു പണ്ടൊരു പാര്‍ടിയ്ക്ക് പോയപ്പോള്‍ കുലട ആയ ഏതോ കൂട്ടുകാരി അവളോട്‌ മൊഴിഞ്ഞു പോലും : യുവര്‍ ഹസ് ലുക്സ്‌ ലൈക്‌ യുവര്‍ ഫാദര്‍. വൈ കാന്റ് യു ആസ്ക്‌ ഹിം ടു ഡൈ? അങ്ങനെ തുടങ്ങിയത് ആണത്രെ ബാബര്‍ ഷാപ്പിലോട്ടുള്ള "ചാവാന്‍ " വേണ്ടിയിട്ടുള്ള വിസിറ്റ്. പാവം കൂട്ടുകാരന്‍.


സാരിയിലും ആഭരണ ത്തിലും മാത്രമല്ല കൂടെ നടക്കുന്നവന്റെ തലമുടിയുടെ കളറിലും ആധുനിക അന്തര്‍ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ഇരിയ്ക്കുന്നു. നാട്ടുകാരെ ജാഗ്രതൈ!

സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിയ്ക്കും, ഭൂമി അതിന്റെ അച്ചു തണ്ടില്‍ കറങ്ങും, വയസ്സാകുമ്പോള്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ ശോഷിയ്ക്കും, മുടി നരയ്ക്കും, പ്രസവാനന്തരം സ്ത്രീകളുടെ സോഫ്റ്റ്‌ വയര്‍ ഹാര്‍ഡ് വയര്‍ ആയി രൂപാന്തരപ്പെടും (വെനിസ്വലന്‍ വിശ്വ സൌന്ദര്യ റാണി സ്ടീഫാന ഫെര്നാണ്ടെസ് ആണെങ്കില്‍ പോലും). ഇതു ഒരു പ്രപഞ്ച സത്യം ആകുന്നു. അത് മനസ്സിലാക്കുക യുവാക്കളെ, യുവതികളെ.......