ബുധനാഴ്‌ച, ജനുവരി 07, 2009

"മാന്ദ്യ" വിചാരം

ആഗോള തലത്തില്‍ മാന്ദ്യം ആണത്രേ! കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു, ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നു, നിര്‍ബന്ധ അവധി എടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു. അമേരിയ്ക്കയില്‍ ബാങ്കുകളെല്ലാം പൊളിഞ്ഞു കുത്ത് പാള എടുത്തു പോലും. അമേരിയ്ക്കയില്‍ തുടങ്ങിയ മാന്ദ്യം യൂറോപ്പ് വഴി ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഇങ്ങു ഡല്‍ഹിയിലും ബംഗ്ലോരിലും മുംബയിലും ചെന്നയിലും എത്തി എന്നൊക്കെ ഏതൊക്കെയോ വിവര ദോഷികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ആദ്യമൊക്കെ കരുതിയത്‌ ഈ മാന്ദ്യം എന്നാല്‍ പക്ഷി പ്പനി പോലത്തെ ഒരു അസുഖമായിരിയ്ക്കുമെന്നാണ്. ഉള്ളിന്റെ ഉള്ളില്‍ വാസ്തവത്തില്‍ സന്തോഷമായിരുന്നു. കഴിഞ്ഞ പക്ഷിപ്പനി സമയത്തു നാമയ്ക്കലിലെ കോഴികടകളിലെ കോഴികളെല്ലാം ചാവാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ മുട്ട ഒന്നു ഇരുപതു പൈസയ്ക്ക് കിട്ടിയിരുന്നു. ഒരു കിലോ കോഴി പത്തു രൂപയും. ഒരാഴ്ച കുശാലായിരുന്നു. കോഴിയും കള്ളും കുറെ അകത്തു പോയി. പക്ഷി പ്പനി കുറെ കാലം കൂടി നീണ്ടുപോകണമേ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചു. ഈ കോഴികളെ പോലെ ആടിനും പച്ചക്കറികള്‍ക്കും എന്താണാവോ ഒരു പനിയും വരാത്തത്? ഓ സോറി! നമ്മള്‍ പറഞ്ഞു വന്നത് മാന്ദ്യത്തെ കുറിച്ചായിരുന്നല്ലോ?



ഉര്‍വ്വശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. ഒരു "പട്ടി" പോലും തിരിഞ്ഞു നോക്കാത്ത ഇനം ആയിരുന്നു ഈ പാവത്താന്‍. പെട്ടന്നൊരു സുപ്രഭാതത്തില്‍ മൂപ്പിലാന്റെ ഡിമാണ്ട് ഗ്രാഫ് മേല്പോട്ട് ഒറ്റ കയറ്റമായിരുന്നു, ഓഹരി ചന്തയിലെ സൂചിക പോലെ. സ്വതവേ തലയ്ക്കു നല്ല ഭാരമായിരുന്നു. "മാന്ദ്യ" ശേഷം തലക്കനം ഒരു പത്തു കിലോ കൂടി. അമ്പതു പവനും ആള്‍ട്ടോ കാറും ആയിരുന്നു തലേന്ന് വരെ "ചെക്കനെ" കാണാന്‍ വന്നവരോട് തന്തപ്പടി പറഞ്ഞിരുന്നത്. നൂറു പവനും ഫോര്‍ഡ് ഐകോണും എന്ന് അതെ തന്ത തന്നെ മാറ്റി പറഞ്ഞതു "മാന്ദ്യം ഇഫക്ട്" എന്ന് നാട്ടു വര്‍ത്തമാനം. ഐ ടി ലോകത്തെ ബാല ഭാസ്കരന്മാര്‍ പിങ്ക് സ്ലിപ്പും സുവര്‍ണ ഹസ്ത ദാനവും (ഗോള്‍ഡന്‍ ഹാന്‍ഡ് ഷേക്ക്‌) ആയി പൊറുതി മുട്ടുമ്പോള്‍, ആറാം ശമ്പള കമ്മീഷന്റെ അവസാന ഗടു‌ എങ്ങനെ ചിലവഴിയ്ക്കണമെന്ന ആശയ കുഴപ്പത്തിലാണ് സര്ക്കാരിന്റെ വിനീത ഭൃത്യന്‍. ഭാരിച്ച ഉത്തരവാദിത്വം ആണ് ഈയിടെ ആയി സര്‍ക്കാര്‍ മൂപ്പരുടെ തലയില്‍ കെട്ടി വെയ്ക്കുന്നത്. അരാജകപ്പെട്ടുകിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പോയി ഡെവലപ്പ് ചെയ്തു വരാന്‍ ആദ്യം ഉത്തരവ് കിട്ടി. കഷ്ടപ്പെട്ട് വിമാനത്തിലൊക്കെ കയറി അവിടെ എത്തി ഒരു മാതിരി "വികസനം" ഒക്കെ നടത്തി തിരിച്ചു ജോലിയ്ക്ക്‌ കയറി ഓഫീസില്‍ കഠിന അദ്വാനം ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ ആണ് സര്‍ക്കാരിന്റെ അടുത്ത അശരീരി " അല്ലയോ സര്‍ക്കാര്‍ സേവക! നീ അങ്ങ് ഭാരതത്തിന്റെ വടക്കു കിഴക്ക് മേഖല സന്ദര്‍ശിയ്ക്കുക, വികസനം എന്തെന്നറിയാത്ത ആ ദരിദ്ര സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യ ധാരയിലെയ്ക്ക് ഉയര്‍ത്തി കൊണ്ടു വരിക, നിനക്കു എല്ലാ മംഗളങ്ങളും!" എന്ത് ചെയ്യാനാണ് ദൈവമേ? സര്‍ക്കാര്‍ ഉത്തരവ് നിരസിയ്ക്കാനൊക്കുമൊ ? പോവുക തന്നെ. പ്രയാസപ്പെട്ടു എണിപ്പടി വഴി വിമാനം കയറി വടക്ക് കിഴക്ക് എത്തി തെക്കു വടക്കു അലഞ്ഞു വികസിപ്പിച്ചു വികസിപ്പിച്ചു ഒരു കണക്കിന് തിരികെ എത്തി. സിക്കിം മസ്ക്കിന്റെ ഒരു മുഴു കുപ്പി ഒന്നങ്ങനെ വാങ്ങി, നൂറ്റി ഇരുപതു രൂപ എണ്ണി കൊടുത്തിട്ട് മനസ്സില്‍ പറഞ്ഞു: വികസിയ്ക്കൂ സംസ്ഥാനമേ പ്ലീസ്....... നൂറ്റി ഇരുപതു കോടി രൂപ ചിലവില്‍ ഗങ്ങ്ടോക്കില്‍ വിമാനത്താവളം വരുന്നുന്നുണ്ട് എന്ന് ഈയിടെ പത്രത്തില്‍ കണ്ടു . ത്രീ ചിയേര്‍സ് ടു സിക്കിം മസ്ക്! ഈ മാന്ദ്യം സിംഗ പൂരിനെയും തായ്‌ ലന്റിനെയും ബാധിയ്ക്കുമോ എന്നാണിപ്പോഴത്തെ പേടി. അവിടെയും "വികസിപ്പിയ്ക്കാന്‍" ഇനി അങ്ങോട്ട് കെട്ടി കെട്ടിയ്ക്കുമോ ഈയുള്ളവനെ? ഈ സര്‍ക്കാരിനെ കൊണ്ടു തോറ്റു.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

It is high time the Government reviews its unlimited favaratism being extended to the Govt.servants who do not have any commitments to the society other than develop own pocket.

Regards

Madhu