വെള്ളിയാഴ്‌ച, ജനുവരി 23, 2009

എന്‍റെ പ്രശസ്ത്യന്വേഷണ പരീക്ഷണങ്ങള്‍


കുട്ടി കാലം മുതലേ മനസ്സില്‍ ഉള്ള ഒരാഗ്രഹമാണ് : എങ്ങനെയെങ്കിലും ഒന്നു പ്രശസ്തനാവണം. എന്ത് പണ്ടാരം അടങ്ങിയിട്ടായാലും തരക്കേടില്ല. നമ്മടെ പേരു കേട്ടാല്‍ ഫോര്‍ പീപ്പിള്‍ അറിയണം. എന്താ അതിനൊരു കുറുക്കു വഴി? വേലു പിള്ള പ്രഭാകരനും ബിന്‍ ലാദനുമൊക്കെ എങ്ങനെ ആണാവോ ഇത്രയും പ്രസിദ്ധരോ കുപ്രസിദ്ധരോ ആയതു? ഈ ചങ്ങാതിമാര് അടുത്ത് എവിടെയെങ്കിലും ഉണ്ടെകില്‍ നേരിട്ടു പോയി ചോദിച്ചു സംഗതിയുടെ ഗുട്ടന്‍സ് കണ്ടുപിടിയ്ക്കാമായിരുന്നു. ഷൂസ് ഊരി അമേരിയ്കന്‍ പ്രസിഡന്റിനെ എറിഞ്ഞു പെരെടുക്കമെന്നു വെച്ചാല്‍ കഷ്ടകാലത്തിനു ബുഷ് അമ്മാവന്‍ വെള്ള കൊട്ടാരം ഒഴിഞ്ഞു എന്ന് കേട്ടു. ഇനി മൂപ്പരെ എറിയാന്‍ പോയാല്‍ കാര്‍ന്നോര് തിരിച്ചു എറിയും എന്നത് തീര്‍ച്ച.

പഠിയ്ക്കുന്ന കാലത്ത് നേരെ മാര്‍ഗം പഠിച്ചിരുന്നെങ്കില്‍ വല്ല റാങ്കോ കുന്ത്രാണ്ടാമോ വാങ്ങി പത്രത്തിലും ടി വി യിലും ഒക്കെ നിറഞ്ഞു നില്‍ക്കാമായിരുന്നു. പഠിയ്ക്കാന്‍ പറ്റാത്ത മൂഡന്മാര്‍ക്ക് ഷൈന്‍ ചെയ്യാന്‍ പറ്റിയ പാട്ട്‌, കൂത്ത്, ഡാന്‍സ് & നേരംപോക്ക് ഇനങ്ങളിലും കൈ വെച്ചു നോക്കി. ങൂ ഹും! ശാസ്ത്രജ്ഞന്‍ -ജി എച്ച് ഐ വിഭാഗത്തിന്‍റെയോ ടീച്ചര്‍ മാരുടെയോ സന്തതി ആയി പിറക്കാത്ത കാരണം അവിടെയും ഫലം തഥൈവ . ഇനി ഇപ്പൊ പ്രശസ്തിയ്ക്കു വേണ്ടി തന്തയെ മാറ്റി പറയാന്‍ പറ്റുമോ?

സ്കൂളിനോട് ഗുഡ് ബൈ ചൊല്ലി തേരാ പാര അലയുംബോഴാണ്നാട്ടില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പേരെടുക്കാന്‍ ഇതിലും നല്ല ഒരു അവസരം ഇനി വരാനില്ല. ആള് കൂടുതലുള്ള പാര്‍ടിയുടെ നേതാവിനെ ഒരു വിധം പറഞ്ഞു ബോധ്യപ്പെടുത്തി ഒരു സീറ്റ് ഒപ്പിച്ചെടുത്തു. നോമിനേഷന്‍ സമര്‍പ്പിയ്ക്കുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളായിരുന്നു! പഞ്ചായത് പ്രസിഡന്റ്, ജില്ല പഞ്ചായത് പ്രസിഡന്റ്, എം എല്‍ എ , എം പി പിന്നെ മന്ത്രി........ മന്ത്രി വരെ ആയാല്‍ മതി, അതിനപ്പുറം വേണ്ട. ഇലക്ഷന്‍ കഴിഞ്ഞു , വോട്ടെണ്ണി .... കിട്ടിയത് നാല്‍പ്പതു വോട്ട്. ഈ വോട്ടു ചെയ്യുന്ന പരിഷകള്‍ കഴുതകളല്ല കോവര്‍ കഴുതകളാണെന്ന് അപ്പോഴാണ്‌ ശരിയ്ക്കും ബോധ്യപ്പെട്ടത്‌.

നാന സിനിമ വാരിക വെറുതെ മറിച്ചു നോക്കുമ്പോഴാണ് നടന്മാരെ ആവശ്യമുണ്ടെന്ന ബോക്സ് പരസ്യം ശ്രദ്ധയില്‍ പെട്ടത്. അറിയപ്പെടാത്ത ഒരു സംവിധായന്റെ പടത്തിലെയ്ക്ക് ആണ്. ഒത്താല്‍ പിന്നെ പ്രശസ്തനാവാന്‍ വേറൊന്നും വേണ്ട. നാലഞ്ച്‌ പോസിലുള്ള ഫോട്ടോസ് ഉടന്‍ തന്നെ സ്പീഡ് പോസ്റ്റ് ചെയ്തു. ഒരാഴ്ച കൊണ്ടു മറുപടി വന്നു. ഉടന്‍ മദ്രാസിലെ പ്രസാദ് കളര്‍ ലാബിലേയ്ക്ക് ചെല്ലാന്‍. മേല്‍വിലാസം ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി. അതെ കത്ത് തനിയ്ക്ക് തന്നെ. കോട്ടും കുപ്പായവും ഒക്കെ തയ്പ്പ്പിച്ചു ചെന്നൈ മെയില് കയറുമ്പോള്‍ മനസ്സില്‍ മുഴുവന്‍ സില്‍ക്ക് സ്മിത ആയിരുന്നു (അക്കാലത്തു ഷക്കീല ഇല്ല). മദ്രാസില്‍ നിന്നു കത്ത് വന്ന ദിവസം മുതല്‍ സ്വപ്നം കാണുകയാണ് സില്‍ക്കിനെ. സ്വപ്നം ചിലര്‍ക്കു ചില കാലം ഒത്തിടും. എന്‍റെ രാശി തെളിയുമോ , തൃപ്പങ്ങോട്ടപ്പ രക്ഷിയ്ക്കണേ! അഭിമുഖം കഴിഞ്ഞു തിരിയ്ക്കുമ്പോള്‍ ഡയറക്ടര്‍ ഏമാന്‍ ഉവാച : "ഇപ്പൊ നീങ്കള്‍ പോന്കെ, അപ്പ്രം കൂപ്പിടുവെന്‍" ! പിന്നീട് അറിഞ്ഞു നമ്മളെ കൂപ്പിടുവാന്‍ ഇരുന്ന ആളെ കടവുള്‍ മേലോട്ട് കൂപ്പിട്ടെന്നു. പാപി പോയ ഇടം പാതാളം!

സില്‍ക്ക് സ്മിതയെ തല്ക്കാലം മറന്നു നല്ല കുട്ടി ആയി കഴിഞ്ഞു കൂടുമ്പോളാണ് ഗിന്നസ് ബുക്ക് എന്ന ഒരു സാധനത്തില്‍ കയറി കൂടാന്‍ ഓരോരുത്തര്‍ ചെയ്തു കൂട്ടുന്ന വിക്രിയകളെ കുറിച്ചു അറിയുന്നത്. ഒരു ചങ്ങാതി കുറെ വിഷ പാമ്പിന്റെ കൂടെ ഒരു കൂട്ടില്‍ പത്തു നാള്‍ ചിലവഴിച്ചു. പാമ്പ്‌ വേലായുധന്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തനായി. പത്തര നാള്‍ ചിലവഴിച്ചാല്‍ വേലായുധനെ ഔട്ടാക്കി റെക്കോര്‍ഡ് തിരുത്താം. നടന്നു നേരെ പാടത്തേയ്ക്ക്. മൂര്‍ഖനുമായി സഹ വസിയ്ക്കുന്നതിനു മുന്നോടിയായി ഒരു ട്രയല്‍ ബേസിസില്‍ ഒന്നു രണ്ടു നീര്‍ക്കോലി (വാട്ടര്‍ സ്നേക്ക്) യെ പിടിയ്ക്കാന്‍ പോയതായിരുന്നു. പിടിയും കടിയും കിട്ടിയത് ഒരേ സമയത്തായിരുന്നു. അത്താഴം മുടങ്ങിയത് മിച്ചം.

മൂക്ക് മുട്ടെ വിഴുങ്ങിയാലും ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാമെന്ന് "കുമ്പ കുരിശായ റപ്പായി"യുടെ കഥ കലാകൌമുദിയില്‍ വായിച്ചപ്പോളാണ് മനസ്സിലായത്. വളരെ ഈസി! ഒരു മുതല്‍ മുടക്കും വേണ്ട. രണ്ടു കുല നേന്ത്രപ്പഴം ഒറ്റ ഇരുപ്പിന് ഇരുന്നു വിഴുങ്ങണം. അമ്പതു ഇഡ്ഡലി അഞ്ചു മിനുട്ടില്‍ അകത്താക്കണം. ദൃശ്യ- ശ്രവ്യ മാധ്യമങ്ങളുടെ മുമ്പില്‍ മേല്‍പ്പറഞ്ഞ കലാപരിപാടി അവതരിപ്പിച്ചാല്‍ ഗിന്നെസ് ബുക്കില്‍ പ്രവേശനം സൌജന്യം! അകത്താക്കുന്ന ഇനങ്ങള്‍ക്കും അഞ്ചു പൈസ മുടക്കേണ്ട. അതിനാണല്ലോ കോണ്ട്രാക്ടര്‍ എന്നൊരു പാവത്താനെ ദൈവം സൃഷ്ടിച്ചു ഈ ദുനിയവിലെയ്ക്ക് അയച്ചിരിയ്ക്കുന്നത്. പയ്യെ തിന്നാല്‍ പനയും തിന്നാം എന്നാണല്ലോ പഴമൊഴി. പഴത്തില്‍ തൊട്ടു തുടങ്ങി. പാളയന്‍ കോടനാവട്ടെ ഉദ്ഘാടനം. ആദ്യ ദിവസം അര ഡസന്‍ അകത്താക്കി. പിറ്റേന്നു ഏഴെണ്ണം, മൂന്നാം നാള്‍ രാവിലെ മുതല്‍ രാത്രി വരെ കക്കൂസിലായിരുന്നു കുടി കിടപ്പ്. ആരെല്ലാമോ ആംബുലന്‍സില്‍ കയറ്റുന്നതും കാല ശകടം ണിംഗ് ണിംഗ് ശബ്ദം ഉണ്ടാക്കി പോയതും ഓര്‍മ ഉണ്ട്. ബോധം വന്നപ്പോള്‍ കട്ടിലിനു ചുറ്റും ബന്ധു മിത്രാദികളുടെ വന്‍ നിര.....അങ്ങനെ അതും സ്വാഹ!

ഇപ്പോള്‍ ദൈവം സഹായിച്ചു ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. ഉള്ളത് തിന്നു കുടിച്ചു സമാധാനത്തോടെ ജീവിയ്ക്കുന്നു. പഴ വര്‍ഗങ്ങള്‍, രാഷ്ട്രീയം, പാട്ടു, ഡാന്‍സ്, പേ കൂത്ത് , എന്തിന് താര റാണി നമിത ചേച്ചി വരെ ഇപ്പോള്‍ കണ്ടാല്‍ അലെര്‍ജി ആണ്.
ഭജ ഗോവിന്ദം, ഭജ ഗോവിന്ദം, ഗോവിന്ദം ഭജ മൂഡമതേ.......
ജഗത് ഗുരു ശ്രീ ശങ്കരാചാര്യരെ! അങ്ങേയ്ക്ക് പ്രണാമം!



































2 അഭിപ്രായങ്ങൾ:

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് അറിയാമോ? അതു മാത്രം മതി ഇവിടെ പ്രശസ്തനാവാന്‍.. ശരിയല്ലേ..
:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

തളരാന്‍ പാടില്ല കൂട്ടുകാരാ... ഇനിയും സമയമുണ്ട് ...
:) കൊള്ളാട്ടോ...