വെള്ളിയാഴ്‌ച, മേയ് 29, 2009

മലയാള ഭാഷ തന്‍ മാധുര്യ ഭംഗി...


പിന്നെന്താ അവര്ക്കു പ്രമോഷന്‍ കൊടുക്കണമെന്ന് കരുതിയോ? അല്ലാ പിന്നെ! മലയാളം ഒക്കെ അങ്ങ് നാട്ടില്. കാസര്‍ഗോഡ്‌ അതിര്‍ത്തി കടന്നാല്‍ പിന്നെ മലയാളി മാമന് വണക്കം സര്‍! speak നോ മലയാളം, ഹിയര്‍ നോ മലയാളം ആന്‍ഡ്‌ സീ നോ മലയാളീസ്‌! ച്ചാല്‍ മല്ലുവിനെ കണ്ടാലും കണ്ടില്ലെന്നു നടിച്ചു നടന്നോണം അണ്ടര്‍ സ്റ്റാന്റ്? ഈ ബേസിക് തത്വങ്ങള്‍ ഒന്നും മനസ്സിലാക്കാതെ നാട് വിടരുത്, പുവര്‍ കണ്ട്രി ഫെല്ലോവ്സ്‌! മലയാളി ഇല്ലാത്ത മറുനാടില്ല, ചന്ദ്രന്‍, ചൊവ്വ, നെപ്റ്റ്യൂണ്‍ , പോളിറ്റ്‌ ബ്യൂറോയില്‍ നിന്നു പറഞ്ഞു വിട്ട പ്ലുറ്റൊവില്‍ വരെ ഒരു പക്ഷെ മല്ലു എന്ന മലയാലി ഉണ്ടായിരിയ്ക്കാം . ബട്ട്‌ ദാറ്റ്‌ ഈസ്‌ നോട് ആന്‍ എക്സ്ക്യുസ്‌ ടു സ്പീക്ക്‌ യുവര്‍ ബ്ലടി ലാംഗ്വേജ് അമോങ്ങ്സ്റ്റ്‌ ഫോര്‍ പീപ്പിള്‍! ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കാരന്‍ സ്ത്രീ ധനമായി തന്നിട്ട് പോയ ഒരു ഭാഷ ഉണ്ടിവിടെ. ആന്‍ഡ്‌ ദാറ്റ്‌ ഈസ്‌ കോള്‍ഡ്‌ ഇംഗ്ലീഷ്, ദി ലാംഗ്വേജ് ഓഫ് ദി നോബിള്‍ ക്ലാസ്സ്. അതുമല്ലെങ്കില്‍ സ്പാനിഷ് സംസാരിയ്ക്കട്ടെ, അല്ലെങ്കില്‍ ഫ്രഞ്ച് അതുമല്ലെങ്കില്‍ നമ്മുടെ ചീന സഖാക്കന്മാരുടെ ഭാഷ ഉണ്ടല്ലോ : ഹൂ ഹാ ഹൂം! ഒരു പ്രയാസവുമില്ല , മൂക്ക് പൊത്തി പിടിച്ചു malayalam പറഞ്ഞാല്‍ ചൈനീസ് ആയി. മനസ്സിലായോ മലയാലി മങ്കമാരെ? ഇനി മലയാളം സംസാരിച്ചു എന്നോ മറ്റോ എവിടെ എങ്കിലും കേട്ടാല്‍, നേഴ്സ് ആണെന്ന് ഒന്നും നോക്കൂല, ഇഞ്ചക്ഷന്‍ വെച്ചു കളയും ചന്തിയ്ക്ക്, പറഞ്ഞേയ്ക്കാം!

ചൊവ്വാഴ്ച, മേയ് 26, 2009

വാട്ട്‌ ആന്‍ ഐഡിയ സര്‍ ജി!

അഭിവന്ദ്യനായ മിത്രമേ!

ആദ്യമായി അങ്ങേയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍! കുതി കാല്‍വെട്ടും കുതിര കച്ചടവും ഒന്നും ഇല്ലാതെ തന്നെ അങ്ങും കൂട്ടാളികളും ഇരുനൂറ്റി എഴുപത്തി രണ്ടു എന്ന മാന്ത്രിക സംഖ്യ കൈ വരിച്ചതില്‍ ഏതൊരു ഇന്ത്യന്‍ പൌരനേയും പോലെ ഈയുള്ളവനും സന്തോഷവാനാണ്. അങ്ങേയുടെയും അങ്ങയുടെ പാര്‍ടിയുടെയും നേതൃത്വ പാടവം നമ്മുടെ രാജ്യത്തിന്റെ ഭാവി ഭാഗധേയം നിശ്ചയിയ്ക്കുന്നതില്‍ ഇനിയും ലഭിയ്ക്കുമാര്‍ ആകട്ടെ.

വിജയ ശ്രീ ലാളിതനായ അങ്ങയുടെ ടീമിന്റെ മുന്നോട്ടുള്ള പ്രയാണം മന്ത്രിസഭ രൂപീകരണം എന്ന കീറാമുട്ടിയില്‍ തട്ടി ഉടക്കി നില്‍ക്കയാണല്ലോ? പ്രവചനങ്ങളും കുപ്രച്ചരണങ്ങളും കാറ്റില്‍ പറത്തി ഒരു ഫിനിക്സ്‌ പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ അങ്ങയുടെ ടീം അധികാര മോഹികളുടെയും വംശാധിപതികളുടെയും തീട്ടൂരങ്ങള്‍ക്ക് മുന്‍പില്‍ നിസ്സഹായരായി നില്ക്കുന്നത് ഒട്ടും ഭൂഷണമല്ല. ഈ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഈയുള്ളവന്റെ എളിയ മനസ്സില്‍ തോന്നിയ ഒരു ആശയം അങ്ങേയ്ക്ക് മുന്‍പില്‍ സമര്‍പ്പിയ്ക്കുന്നു:
പാര്‍ലിമെന്റിന്റെ ഒരു നിശ്ചിത ശതമാനം മെമ്പര്‍മാരെ മന്ത്രി ആകാവൂ എന്ന നിബന്ധന (അങ്ങനെ ഒന്നുണ്ടെങ്കില്‍) ആദ്യമേ തന്നെ എടുത്തു മാറ്റുക. അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ അങ്ങനെ തന്നെ. ഇരുനൂറ്റി എഴുപത്തി രണ്ടു എന്ന മാജിക്‌ നമ്പറില്‍ നിന്നു തിരഞ്ഞെടുക്കുന്ന സെവെന്ടി പ്ലസ്‌ ഭാഗ്യശാലികളെ എപ്പോള്‍ താഴെ ഇറക്കാം എന്ന് കരുതി ഇരിയ്ക്കുന്നവരാണ് അതില്‍ പ്പെടാത്ത ഇരുനൂറോളം ഭാഗ്യ ഹീനര്‍. അധികാരം ഉള്ള കാലത്തോളം അധികാര മോഹികള്‍ ഉണ്ടാവും. അത്രയും കാലം അസ്ഥിരതയും ഉണ്ടാവും. ഈ സമസ്യ ഒഴിവാക്കാന്‍ ബാക്കിയുള്ള ഇരുനൂറു ഓളം വരുന്ന മാന്യന്മാരെയും പിടിച്ചു മന്ത്രി ആക്കുക എന്നതാണ്. ഈ ആശയം വിഡ്ഢിത്തം എന്ന് പറയാന്‍ വരട്ടെ. നൂറു കോടിയിലധികം ജനസംഖ്യയുള്ള ഈ മഹാ രാജ്യത്ത് അതിലും കൂടുതല്‍ പ്രശ്നങ്ങളുണ്ട്‌. ഇതെല്ലം പരിഹരിയ്ക്കാന്‍ ഒരു പക്ഷെ എഴുപതോളം വരുന്ന മന്ത്രി പുംഗവന്മാര്‍ റൌണ്ട് ദി ക്ലോക്ക് പണിയെടുതാലും പറ്റില്ല എന്നത് നൂറ്റൊന്നു ശതമാനം ഉറപ്പ്. തന്ത്ര പ്രധാനമായ വകുപ്പുകള്‍ ഒഴികെയുള്ള മറ്റു അപ്രധാന വകുപ്പുകള്‍ വിഭജിച്ച്‌ ഓരോ പാര്‍ലിമെന്റ് അംഗത്തിനും നല്കി അധികാര ആസക്തിയും ഭരണ അസ്ഥിരതയും ഒഴിവാക്കാവുന്നതാണ്. ഫോര്‍ എക്സാമ്പിള്‍ : സ്ത്രീ - കുടുംബ ക്ഷേമ വകുപ്പുകള്‍ വിഭജിച്ച്‌ സ്ത്രീ പീഡനം വകുപ്പ് ഒരു ആദരണീയ മെമ്പറെ ഏല്പ്പിയ്ക്കുക. അതില്‍ തന്നെ കന്യ സ്ത്രീ പീഡനം സാദാ സ്ത്രീ പീഡനം എന്നീ രണ്ടു വകുപ്പുകള്‍ സൃഷ്ടിയ്ക്കാവുന്നതാണ്. വീണ്ടും സാദാ സ്ത്രീ വകുപ്പില്‍ ബാല സ്ത്രീ ആന്‍ഡ്‌ പ്രായ പൂര്‍ത്തി സ്ത്രീ എന്നീ വകുപ്പുകള്‍ വീണ്ടും രണ്ടു മന്ത്രി ഏമാന്മാര്‍ നോക്കട്ടെ. സന്തോഷ്‌ മാധവന്‍ മാര്‍ ഉണ്ടാവുന്നത് ഇത്തരത്തില്‍ ഒരു വകുപ്പ്‌ വിഭജനത്തിന്റെ അഭാവത്താലാണ്. ഒരു ഉദാഹരണം കൂടി : കര്‍ഷകരുടെ കൂട്ട ആത്മഹത്യ യ്ക്ക് സാക്ഷ്യം വഹിച്ച നാടാണ് നമ്മുടെ ഭാരതം. ശരി ആയ രീതിയിലുള്ള കാര്ഷിക രീതി അവലംബിച്ചാല്‍ ഈ ആത്മഹത്യ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്. അതിന്റെ ഭാഗമായി രാസവള മന്ത്രാലയം വിഘടിക്കുക. മിനിസ്റ്റെര്‍ ഫോര്‍ യൂറിയ, മിനിസ്റ്റെര്‍ ഫോര്‍ അമോണിയ, മിനിസ്റ്റെര്‍ ഫോര്‍ പൊട്ടാഷ്‌ .......... ഭാരതത്തിന്റെ കാര്ഷിക മേഖലയില്‍ ഒരു വിപ്ലവം തന്നെ ഈ നീക്കത്തിലൂടെ പ്രതീക്ഷിയ്ക്കാവുന്നതാണ്‌. ഈ വിധം വകുപ്പുകള്‍ വേര്‍തിരിയ്ക്കുമ്പോള്‍ ഒരു പക്ഷെ മൊത്തത്തില്‍ അഞ്ഞൂറ്റി നാല്‍പ്പത്തി മൂന്നു അംഗങ്ങളെയും മന്ത്രിമാര്‍ ആക്കാവുന്നതാണ്. എന്ത് വേണമെന്നു അങ്ങ് തീരുമാനിയ്ക്കുക. ഭരണ പ്രതിസന്ധി അകറ്റാന്‍ ഈ നിഷ്കളങ്ക മനസ്സില്‍ തോന്നിയ ഒരു ഐഡിയ മാത്രമാണിത്. വാട്ട്‌ ആന്‍ ഐഡിയ സാര്‍ ജി! അങ്ങേയ്ക്ക് പ്രണാമം!

വെള്ളിയാഴ്‌ച, മേയ് 22, 2009

ഒരു മെയ്‌ മാസ പുലരിയില്‍

കുടുംബം നാട്ടില്‍ പോയതിനു ശേഷം അകത്തെ കിടപ്പ് മുറിയില്‍ ഡ്രസ്സ്‌ ചെയ്യാന്‍ മാത്രമെ പോകാറുള്ളൂ. ഭാര്യയും കൊച്ചുങ്ങളും ആയി മിയ്ക്ക സമയവും ചിലവഴിച്ച മുറിയിലെ ശ്മശാന മൂകത മനസ്സിനെ അസ്വസ്ഥമാക്കി ഇരുന്നു. അത് കൊണ്ടു തന്നെ ഉറക്കം മുന്‍ വശത്തെ മുറിയിലേക്ക് മാറ്റിയിട്ടു അധിക ദിവസം ആയിരുന്നില്ല.

രാത്രി വളരെ വൈകീട്ട് ആണ് തലേന്ന് ഉറങ്ങാന്‍ കിടന്നത്. കിടക്കയിലേയ്ക്ക് വീണത്‌ മാത്രമെ ഓര്‍മ ഉള്ളൂ. രാവിലെ കൃത്യം അഞ്ചു മുപ്പതിന് തന്നെ ടെലിഫോണ്‍ അലാറം മുഴങ്ങി. ഈയിടെ ആയി മദ്യപാനം കുറച്ചു കൂടുന്നില്ലേ എന്നൊരു തോന്നല്‍. രണ്ടാമത്തെ പെഗ്ഗില്‍ ഗ്ലാസ്‌ കമിഴ്തുന്നതാണ് സാധാരണ പതിവ്‌. ബി പി (ഭാര്യയെ പേടി) ഇല്ലാത്ത കാരണം ഈയിടെ ആയി രണ്ടു പെഗ് നാലു പെഗ്ഗായി പുരോഗമിച്ചിരിയ്ക്കുന്നു! തലയ്ക്കാകെ ഒരു കനം. മുഖം കഴുകാനായി കുനിയവേ ആണ് വാഷ്‌ ബേസിന്റെ മുമ്പിലെ കണ്ണാടിയിലെ പ്രതിഫലനം ശ്രദ്ധയില്‍ പെട്ടത്. അകത്തെ കിടപ്പ് മുറിയിലെ കട്ടിലില്‍ ഒരു യുവതി ശാന്തമായി ഉറങ്ങുന്നു. കണ്ടത് സത്യം ആണെന്ന് ഉറപ്പു വരുത്താന്‍ പെട്ടന്നു തിരിഞ്ഞു കിടക്കയിലോട്ട് ഒന്നു കൂടി കണ്ണോടിച്ചു. അതെ, അതൊരു സ്ത്രീ തന്നെ. മുഖം ഒരാവര്‍ത്തി കൂടി കഴുകി . കണ്ണുകള്‍ തുറന്നു പിടിച്ചു വെള്ളം കണ്ണിലോട്ടു തെറിപ്പിച്ചു. കാഴ്ച നൂറു ശതമാനം ഓക്കേ. സുതാര്യമായ ഇളം നീല നൈറ്റി അവളുടെ വെളുത്ത ശരീരത്തില്‍ ഒട്ടി കിടന്നു. ബെഡ് റൂമിന്റെ അരണ്ട വെളിച്ചത്തില്‍ അവള്‍ ഒരു അപ്സരസ്സിനെ പോലെ ഉറങ്ങുന്നു. ശരീരം അടിമുടി വിറയല്‍ അനുഭവപ്പെടുന്നു. ആരാണ് ഈ സുന്ദരി? എന്തിനിവിടെ വന്നു? അതും ഭാര്യ ഇല്ലാത്ത സമയത്ത്‌! എന്റീശ്വരാ.....


വെള്ളം വീഴുന്ന ശബ്ദം കേട്ടിട്ടാവണം. അവള്‍ മെല്ലെ കണ്ണ് തുറന്നു. "ചേട്ടന്‍ എഴുന്നെറ്റുവോ? സോറി ഞാന്‍ സ്വല്പം മയങ്ങി പോയി. തലേന്ന് വളരെ വൈകീട്ടാണ് എത്തിയത്. അയല്‍ക്കാരി ചേച്ചി ചാവി തന്നത് കാരണം ചേട്ടനെ ബുദ്ധിമുട്ടിയ്ക്കാതെ എനിയ്ക്ക് അകത്തു കയറാന്‍ പറ്റി." അപരിചിത ഭാവം നിശ്ശേഷം ഇല്ലാതെ ആണ് അവള്‍ മൊഴിഞ്ഞത്.
"നീ ആരാണ്? എപ്പോള്‍ ഇതിനകത്ത് കയറി പറ്റി, എന്താ വരവിന്റെ ഉദ്ദ്യേശം? " ഉള്ളിലെ ഭയം പുറത്തു കാണിയ്ക്കാതെ ഉറച്ച ശബ്ദത്തോടെ ആണ് ചോദിച്ചത് .

"ബലേ ഭേഷ്! എന്നെ ഇത്ര പെട്ടെന്ന് മറന്നുവോ? മോഹിനി ആണ് ചേട്ടാ ഞാന്‍. വേഗം നടക്കാന്‍ പോയി വരൂ, ഞാന്‍ ചായ ഉണ്ടാക്കാം" തെല്ലും അസ്വാഭാവികത ഇല്ലാതെ അവള്‍ അടുക്കളയില്‍ പ്രവേശിച്ചു.

ഇരുപത്തി അഞ്ചു മിനിട്ടു നടത്തം ഇരുപതു മിനിട്ടാക്കി ചുരുക്കി തിരികെ റൂമിലെത്തിയപ്പോള്‍ ആവി പറക്കുന്ന ചായയുമായി അവള്‍ മുന്നില്‍. "ചേട്ടന്‍ ഇന്നു അഞ്ചു മിനിട്ട് നേരത്തെ ആണല്ലോ. ഇതു ശരി അല്ല കേട്ടോ" ഞാന്‍ നടക്കുന്ന സമയവും അവള്‍ അറിഞ്ഞു വെച്ചിരിയ്ക്കുന്നു.

"വരൂ ചായ കുടിയ്ക്കാം". ചായ ഊതി കുടിയ്ക്കുമ്പോള്‍ മുഖ ഭാവം ശ്രദ്ധിച്ചു അവള്‍ പറഞ്ഞു : "മധുരം കുറച്ചേ ഇട്ടുള്ളൂ. ഇനി കുറേശ്ശെ നിയന്ത്രണം ഒക്കെ ആവാം". കുറച്ചു ഗൌരവത്തോടെ ആണ് അവള്‍ പറഞ്ഞത്.

പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റി പുറത്തു വരുമ്പോള്‍ നീന്തല്‍ വസ്ത്രവും തോര്‍ത്തുമായി അവള്‍ വീണ്ടും മുന്നില്‍. "ചേട്ടന്‍ പോയി വേഗം നീന്തി വരൂ. ഞാന്‍ ബ്രേക്ക്‌ ഫാസ്റ്റ് തയ്യാറാക്കട്ടെ". ധൃതിയില്‍ അവള്‍ വീണ്ടും അടുക്കള പൂകി.

മനസ്സാകെ ഉലഞ്ഞിരിയ്ക്കുന്നു. ആരായിരിയ്ക്കും ഇവള്‍? നാട്ടുകാര്‍ എന്ത് വിചാരിയ്ക്കും, സുന്ദരി ആയ ഒരു യുവതിയുമായി വീട്ടില്‍ തനിയെ! ഇതെങ്ങാനും ശ്രീമതി അറിഞ്ഞാല്‍, ഹൊ ! ആലോചിയ്ക്കാന്‍ പോലും വയ്യ! എന്തൊരു പരീക്ഷണം ആണിത് ദൈവമേ!

പ്രതീക്ഷിച്ചത് പോലെ തീന്‍ മേശയില്‍ അവള്‍ എനിയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തന്നെ ആണ് വിളമ്പി ഇരുന്നത്. ചേട്ടന്‍ ഒരു ഇടി അപ്പം കൂടെ കഴിയ്ക്കൂ. അവള്‍ ഭക്ഷണം വിളമ്പി കൊണ്ടേ ഇരുന്നു. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്നെക്കാളുപരി എന്റെ ഭാര്യയെ ക്കാളുപരി അവള്‍ മനസ്സിലാക്കിയിരിയ്ക്കുന്നു. ഓഫീസിലോട്ട് പോവാനായി വാതില്‍ തുറന്നു പതുക്കെ അയല്‍ക്കാര്‍ അറിയാതെ ഇറങ്ങാന്‍ ശ്രമിയ്ക്കുമ്പോള്‍ അയല്‍ക്കാരിയുടെ വക: "മോഹിനി വന്നിട്ടുണ്ട് അല്ലെ? ബുദ്ധിമുട്ടിയ്ക്കെണ്ടെന്നു കരുതി ഞാന്‍ ആണ് രാത്രി ചാവി കൊടുത്തത്- അയല്‍ക്കാരിയുടെ മൊഴി കണ്‍ഫ്യൂഷന്‍ വര്‍ദ്ധിപ്പിയ്ക്കാനെ ഉപകരിച്ചുള്ളൂ.


ഓഫീസില്‍ ഇരിയ്ക്കുമ്പോഴും അപരിചിത ആയ അതിഥിയെ കുറിച്ചുള്ള ചിന്ത ആയിരുന്നു മനസ്സു നിറയെ . കട്ടിലില്‍ മലര്‍ന്നു കിടന്നു ശാന്തമായി ഉറങ്ങുന്ന ആ കോമള ഗാത്രിയുടെ അംഗ ലാവണ്യം അസ്വസ്ഥമായ മനസ്സില്‍ ഭീതിയുടെ നിഴല്‍ പരത്തി. ഓഫീസില്‍ നിന്നിറങ്ങി വീടിലെതിയപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ അവള്‍ വാതിലില്‍ തന്നെ നില്ക ആയിരുന്നു, എന്നെയും കാത്തു. കുളി കഴിഞ്ഞു കടും കളറില്‍ സാരി ചുറ്റി കാച്ചെണ്ണ യുടെയും മുല്ലപ്പൂവിന്റെയും മത്തു പിടിപ്പിയ്ക്കുന്ന ഗന്ധത്തില്‍ അവള്‍ കുമാര സംഭവത്തിലെ പാര്‍വതിയെ അനുസ്മരിപ്പിച്ചു.

വിസ്മയം കൊണ്ടു കണ്ണ് തള്ളി പോയത് കുളി കഴിഞ്ഞു അത്താഴത്തിനായി തീന്‍ മേശയ്ക്കു മുന്‍പില്‍ ഇരുന്നപ്പോഴാണ്. എന്റെ പ്രിയ്യപ്പെട്ട ഹണി ബീ ബ്രാണ്ടി ഒരു അര കുപ്പിയും ഗ്ലാസുമായി അവള്‍ എന്നെയും കാത്തിരിയ്ക്കുന്നു ! . എന്റെ ഭാര്യയ്ക്ക് പോലും അറിയാത്ത എന്റെ ഇഷ്ടപെട്ട മദ്യം.

മദ്യത്തിന്റെയും മതി ഭ്രമതിന്റെയും മാസ്മരിക വലയത്തില്‍ ഞങ്ങള്‍ കിടപ്പറ പൂകവേ മോഹിനി എന്ന മനോ മോഹിനി പതിന്മടങ്ങ്‌ സൌരഭ്യം ചൊരിഞ്ഞു..... അതെ... ബെഡ് റൂമിലെ എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അവള്‍ അറിഞ്ഞിരിയ്ക്കുന്നു... എന്നെ കാളുപരി....എന്റെ ഭാര്യയെക്കാളുപരി....

"പ്രത്യുഷ നിദ്രയിലിന്നലെ ഞാനൊരു ചിത്ര പദങ്കമായി മാറീ....

സുന്ദര സ്വപ്നമേ... നീ എനിയ്ക്കേകിയ.....

സ്വര്‍ണ ചിറകുകള്‍ വീശി... ...."

ചൊവ്വാഴ്ച, മേയ് 19, 2009

കണ്ടവരുണ്ടോ?


ഈ ഫോട്ടോയില്‍ കാണുന്ന രണ്ടു പാവം പയ്യന്മാരെ കഴിഞ്ഞ പതിനാറാം തിയതി പകല്‍ പന്ത്രണ്ടു മണിയ്ക്ക് ശേഷം കാണാതായിരിയ്ക്കുന്നു. കണ്ടാല്‍ അമ്പത് വയസ്സോളം തോന്നിയ്ക്കുന്ന ഈ യുവാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സ്വര്‍ഗ്ഗ ലോകം വാഗ്ദാനം ചെയ്തു കുറെ കാലം ഇവിടെ ഒക്കെ ഉണ്ടായിരുന്നു. പാവപ്പെട്ടവന്‍, മുതലാളിത്തം, ബൂര്‍ഷ്വാ, സാമ്രാജ്യത്വം, മാധ്യമ സിന്‍ഡിക്കേറ്റ്‌ എന്നീ വാക്കുകള്‍ ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞു കൊണ്ടിരിയ്ക്കും. കടലിലെ തിരമാലകളെ കുറിച്ചു ഇതില്‍ ആദ്യത്തെ വ്യക്തി ഒരു തിസീസ്‌ രചിച്ചിട്ടുണ്ട്. അച്യുതന്‍, ലാവലിന്‍ തുടങ്ങിയ പദങ്ങളോടു ഇവരുടെ ശരീരത്തിന് അലര്‍ജി ഉള്ളതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വാര്ഷിക പരീക്ഷയില്‍ ഇരുപതില്‍ നാലു മാര്‍ക്ക് വാങ്ങിയതിന്റെ അപമാനം സഹിയ്ക്കാന്‍ ഭയന്ന് നാടു വിട്ടതാകാംഎന്നു അനുമാനിയ്ക്കപ്പെടുന്നു. എഴുതിയ നാലു വിഷയത്തിലും പൂജ്യം മാര്‍ക്ക് വാങ്ങിയ വേറൊരു അമ്മാവനും മേല്‍ പറഞ്ഞവര്‍ക്കൊപ്പം മുങ്ങിയതായി അറിയാന്‍ കഴിഞ്ഞു . ചൈന അല്ലെങ്കില്‍ ക്യൂബ യില്‍ അഭയം പ്രാപിചിരിയ്ക്കാനുള്ള സാധ്യത തള്ളി കളയുന്നില്ല. ഈ കക്ഷികളെ കുറിച്ചു എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവര്‍ ഉടന്‍ തന്നെ താഴെ കാണുന്ന നമ്പറില്‍ വിളിച്ചു അറിയിയ്ക്കെണ്ടാതാണ്. വിളിയ്ക്കേണ്ട നമ്പര്‍ : പൂജ്യം പൂജ്യം പൂജ്യം പൂജ്യം പൂജ്യം ...............
എന്ന് സന്തപ്തരായ കുടുംബാംഗങ്ങള്‍
(പ്രിയ്യപ്പെട്ട മക്കളെ : നിങ്ങള്‍ പോയ ശേഷം ഞങ്ങള്‍ സുഖമായി ഉണ്ണുന്നു, ഉറങ്ങുന്നു. ദയവു ചെയ്തു ഞങ്ങളുടെ മനസ്സമാധാനം കെടുത്താതെ അവിടെ തന്നെ ശിഷ്ട കാലം കഴിച്ചു കൂട്ട്. അള്ളാഹു ഉണ്ട് നിങ്ങളുടെ കൂട്ടായി, ലാല്‍ സലാം! )