ബുധനാഴ്‌ച, മേയ് 09, 2012

ആണവോര്‍ജ്ജം എന്തെ പുളിക്കുന്നില്ല?


           ആതിരപള്ളി അടക്കമുള്ള ജല വൈദ്യുത പദ്ധതികള്‍ക്ക്  കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിക്കുക വഴി കേരളത്തിന്‌  ലഭിക്കേണ്ടിയിരുന്ന 840 മെഗാ വാറ്റ് വൈദ്യുതിയുടെ കുറവ് നികത്താന്‍,  തമിഴ് നാട്ടിലെ കൂടന്‍കുളം ആണവനിലയം കറന്റ്  ഉത്പാദനം ആരംഭിക്കുമ്പോള്‍ 500  മെഗാ വാറ്റ് വൈദ്യുതി കേരളത്തിന്‌ മാറ്റി വെക്കണമെന്ന്‍  ബഹു.കേരള മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ആവശ്യപെട്ടതായി വാര്‍ത്ത.  

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  കണ്ണൂരിലെ പെരിങ്ങോതും ഇടുക്കി ജില്ലയിലെ ഭൂതത്താന്‍കെട്ടിലും ആണവ നിലയങ്ങള്‍ പണിയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ഭരണാധികാരികളുടെ പുറകെ നടന്നപ്പോള്‍ ഇന്നു കൂടന്‍കുളത്തെ കരണ്ടിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ എവിടെ ആയിരുന്നു? 99 ശതമാനം പണി പൂര്‍ത്തിയാക്കിയ ഒരു വൈദ്യുത നിലയം കമ്മീഷന്‍ ചെയ്യാന്‍ സര്‍വസജ്ജമായിരുന്ന വേളയില്‍ കുംഭകര്‍ണ നിദ്രയിലായിരുന്ന തമിഴ് നാട്ടിലെ  പരിസ്ഥിതിയുടെ കാവല്‍ മാലാഖമാര്‍  പ്ലാന്റ്  "കുഴിച്ചുമൂടാന്‍"  ഗാന്ധിയന്‍ സമരമാര്‍ഗ്ഗം അവലംബിച്ചു. ഏകദേശം 6 മാസത്തോളം നീണ്ടുനിന്ന "ഐതിഹാസികമായ" സമരാഭാസം പുരട്ചി തലവിയുടെ    നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ച നാമേവരും കണ്ടു. കൊക്കോകൊളക്കെതിരെയും എന്‍ഡോസള്‍ഫാനെതിരായും പട നയിച്ചെന്നവകാശപ്പെടുന്ന മലയാളത്തിലെ ഒരു പ്രമുഖ പത്ര മാധ്യമത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഒരു വിഭാഗവും ഭാരതത്തിന്റെ തെക്കേ മുനമ്പിലെ ഈ പ്രകാശ ഗോപുരത്തെ ഇല്ലാതാക്കാന്‍ തങ്ങളാല്‍ ആവുന്നത് പയറ്റിനോക്കി.

തമിഴ് നാടിന്റെ ഭാവി ഭാഗധേയം മലയാളക്കരയിലെ സാഹിത്യ പഞ്ചാസ്യ വിക്രമന്മാരോ പത്ര മാധ്യമങ്ങളോ അല്ല നിശ്ചയിക്കേണ്ടതെന്ന സാമാന്യ തത്വം 101 ശതമാനം സാക്ഷരര്‍ എന്നവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാന്യദേഹങ്ങള്‍ എന്തെ മനസ്സിലാക്കിയില്ല? ചെറുകിട - വന്‍കിട വ്യവസായ ശാലകള്‍, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനോപാധിയായ തുണിമില്ലുകള്‍, ബഹുരാഷ്ട്ര കുത്തകകളുടെ അതിഭീമന്‍ ആട്ടോ മൊബൈല്‍ വ്യവസായങ്ങള്‍ തുടങ്ങീ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ ആയിരിക്കണം എന്നറിയണമെങ്കില്‍ സന്ദര്‍ശിക്കേണ്ട സംസ്ഥാനമത്രെ തമിഴ് നാട്.  അവര്‍ക്കിടയിലേക്ക്  ആണവ വിരുദ്ധ ലേഖനങ്ങളുടെ,    അസത്യ  പ്രചരണങ്ങളുടെ ഒളി അമ്പുകള്‍ ഇനിയെങ്കിലും തൊടുക്കാതിരിക്കുക.   "സമര പുളകങ്ങള്‍ തന്‍ സിന്ധൂരമാല ചാര്‍ത്തിയ"  രാഷ്ട്രീയ വിശ്വാസ സംഹിതകളിലും ഇടിന്തങ്കരയിലെ സമരപ്പന്തലില്‍ വെടി പറഞ്ഞിരിക്കുന്ന "മഹിളാ രത്നങ്ങള്‍" ക്കായി നിങ്ങള്‍ പൊഴിക്കുന്ന കണ്ണീരിലും അധ്വാനത്തിന്റെ വിലയറിഞ്ഞ തമിഴ് മകന് ഒട്ടും താല്പര്യമില്ല തന്നെ. അവരെ അവരുടെ   പാട്ടിനു വിട്ടേക്കുക. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മക്കളെ ദൈവം  കാക്കുമാറാകട്ടെ !  


   

അഭിപ്രായങ്ങളൊന്നുമില്ല: