വ്യാഴാഴ്‌ച, ഒക്‌ടോബർ 30, 2008

ഒരു വടക്കു കിഴക്കന്‍ വീര ഗാഥ



ജെറ്റ് എയര്‍ വെയ്സ് വിമാനത്തിലെ അര്‍ദ്ധ നഗ്ന ആയ സുന്ദരിയുടെ വശ്യമായ പുഞ്ചിരിയില്‍ രണ്ടു മണിയ്ക്കൂര്‍ നീണ്ട മദിരാശി യാത്ര അഞ്ചു നിമിഷമായി തോന്നി. ഇനി അങ്ങോട്ടുള്ള യാത്രയും ഈ വിമാനത്തില്‍ ആയിരുന്നെങ്കില്‍ എന്ന് മനസ്സു വെറുതെ ആഗ്രഹിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ത്യന്‍ വിമാനത്തിലെ കൊല്‍കട്ട യാത്ര വിരസവും അസഹനീയവുമായിരുന്നു. ആയിരത്തി തൊള്ളായിരത്തി അമ്പതിമൂന്നില്‍ രൂപം കൊണ്ട വിമാന കമ്പനിയിലെ വായു ഗസ്റ്റുകള്‍ (എയര്‍ ഹൊസ്ടെസ്സ്) യാത്ര കാരോട് ചിരിയ്ക്കാന്‍ ബുദ്ധിമുട്ടന്നത് കണ്ടപ്പോള്‍ ഇന്നലെ കടന്നുവന്ന കിങ്ങ്ഫിഷേര്‍ വിമാനത്തിലെ ചുവന്ന അപ്സരസ്സുകളെ വെറുതെ ഓര്‍ത്തുപോയി. ഓപ്പണ്‍ സ്കൈ പോളിസിയുടെ ഭാഗമായി സ്വകാര്യ വിമാന കമ്പനികളെ മത്സരത്തിനു ഇറക്കിയ ഇന്ത്യ ഗവണ്‍‌മെന്റ് സ്വന്തം വിമാനത്തിലെ ജീവനക്കാരെ പുഞ്ചിരിയ്ക്കുന്നത് എങ്ങനെ എന്ന് പഠിപ്പിയ്ക്കാന്‍ മറന്നത് വിരോധാഭാസമാവാം!



ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആയിരത്തി തൊള്ളായിരത്തി പതിനൊന്നു വരെ തലസ്ഥാനമാക്കി വെച്ചിരുന്ന കൊല്‍കട്ട നഗരം പ്രതാപ ഐശ്വര്യങ്ങള്‍ നഷ്ടപ്പെട്ട് പോയ ഒരു എം ടീ മോഡല്‍ നാലുകെട്ടിനെ അനുസ്മരിപ്പിച്ചു. ഇടുങ്ങിയ തിരക്കേറിയ റോഡിലൂടെ ടാക്സിയില്‍ യാത്ര ചെയ്യവേ ജന്മം കൊണ്ടു ബംഗാളിനെ അനശ്വരമാക്കിയ ടാഗോറിനെയും നേതാജിയെയും മുതല്‍ സത്യജിത് റായ് , ജ്യോതി ബസു തുടങ്ങി പല മഹത് വ്യക്തികളെയും ഓര്‍ത്തുപോയി. കാലഹരണപ്പെട്ടു പോയ പ്രത്യയ ശാസ്ത്രങ്ങളില്‍ കുരുങ്ങി സ്വന്തം ജനങ്ങളുടെ ക്ഷേമം വിപ്ലവ ജ്വാലകളില്‍ ഹോമിച്ച ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥത, മുച്ചക്ര വാഹനങ്ങളില്‍ മുന്നൂറു കിലോ ഭാരം വലിച്ചു നീങ്ങുന്ന അസ്ഥി കൂടങ്ങളില്‍ കൂടിയും തെരുവോരത്ത് ഭിക്ഷ യാചിയ്ക്കുന്ന അനാഥ ബാലന്മാരിലൂടെയും ദര്‍ശിക്കാന്‍ കഴിഞ്ഞു.




കൊല്‍കട്ടയില്‍ നിന്നു ബാഗ്ടോഗ്ര വരെ ഉള്ള വിമാന യാത്ര വിജയ് മല്ല്യയുടെ ചുവപ്പ് ധരിച്ച കന്യകാ രത്നങ്ങളുടെ സാന്നിധ്യം മൂലമായിരിയ്ക്കണം തുലോം ദൈര്‍ഘ്യം കുറവായിരുന്നു. വടക്കു കിഴക്കിന്റെ ഒരു പ്രധാന പ്രവേശന കവാടമായ ബാഗ്ടോഗ്ര വിമാന താവളം സിവിലിയന്‍ - മിലിട്ടറി വിമാനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിയ്ക്കുന്നു. ഒരു വിമാന താവളത്തിലെ ബഹളങ്ങളോ ശബ്ദ ഘോഷാമോ ഇല്ലാത്ത ഒരു പാവം വിമാന താവളം!




മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഹില്‍ സ്റ്റെഷനുകളുടെ റാണി എന്നറിയപ്പെടുന്ന ഡാര്‍ജിലിംഗ് ഉള്‍പ്പെട്ട പ്രദേശങ്ങളോട് അനുവര്‍ത്തിച്ചു വരുന്ന ചിറ്റമ്മ നയം മൂലം ഉള്ള അമര്‍ഷം പരിചയപ്പെടാന്‍ ഇട ആയ മിയ്ക്ക മണ്ണിന്റെ മക്കളിലും പ്രകടം ആയിരുന്നു. ആയിരത്തി എണ്ണൂറ്റി മുപ്പത്തി അഞ്ചില്‍ സിക്കിം രാജാവിന്റെ വരദാനമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്ത ഡാര്‍ജീലിംഗ് വികസനത്തിന്‌ വിട പറഞ്ഞതു ഭാരത സര്ക്കാരിന്റെ കൈകളിലാണെന്ന് ഇവിടുത്തെ ലോക്കല്‍ ഖുക്രികള്‍ ആത്മാര്‍ത്ഥമായും വിശ്വസിയ്ക്കുന്നു. ബ്രിട്ടീഷ് ഭരണ കാലത്തെ സ്കൂളുകളും അവരുടെ തന്നെ സംഭാവന ആയ യു എന്‍ ഹെരിടജ് ലിസ്റ്റില്‍ പെട്ട നൂറ്റാണ്ട് പഴക്കമുള്ള ടോയ് ട്രെയിനും അല്ലാതെ, ഹില്‍ ജനതയുടെ അഭിവൃദ്ധിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന പരാതി വിശ്വസനീയമായി തോന്നി. ഡാര്‍ജീലിംഗ് കേന്ദ്രമാക്കി പ്രത്യേക ഗൂര്‍ഖ ലാന്‍റ് ആവശ്യപെട്ടുകൊണ്ടുള്ള പ്രക്ഷോഭം ആയിരത്തി തൊള്ളായിരത്തി എമ്പത്തി എട്ടില്‍ ഡാര്‍ജീലിംഗ് ഗൂര്‍ഖ ഹില്‍ കൌണ്‍സില്‍ രൂപീകൃതമായതോടെ സുഭാഷ് ഘീഷിന്ഗ് അവസാനിപ്പിച്ചു. സ്വയം ഭരണ അവകാശം നേടിയ ജി എന്‍ എല്‍ എഫ് , പശ്ചിമ ബംഗാള്‍ രജിസ്ട്രഷന്‍ വാഹനങ്ങള്‍ ജി എല്‍ നെയിം പ്ലെറ്റൊടെ മാത്രമെ ഹില്‍ സ്റ്റേഷന്‍ വഴി ഓടുവാന്‍ അനുവദിയ്ക്കു.


ഒരു ഡ്രൈവറില്‍ ഉപരി നല്ലൊരു വഴി കാട്ടി ആയി വര്‍ത്തിച്ച സിലിഗുരിക്കാരനായ ഗൌതം സര്‍ക്കാര്‍ ഡാര്‍ജീലിംഗ് ഹില്‍ സ്റ്റേഷന്റെ മാത്രം പ്രത്യേകത ആയ ആറ് "ടി" കളെ കുറിച്ചു വിവരിച്ചു: ടീ (ചായ), ടീക്‌ (തേക്ക്), ടൂറിസം, ട്രെക്കിന്ഗ് , ടോയ് ട്രെയിന്‍, ടൈഗര്‍ ഹില്‍. ടൈഗര്‍ ഹില്ലിലെ സൂര്യോദയം കണ്ണ് കുളിര്‍പ്പിയ്ക്കുന്നതായിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ്റി തൊണ്ണൂറു മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൈഗര്‍ ഹില്ലില്‍ സൂര്യോദയ ദര്‍ശനത്തിനായി ആയിരങ്ങള്‍ തലേന്ന് തന്നെ സ്ഥാനം പിടിയ്ക്കുന്നു. മരം കോച്ചുന്ന തണുപ്പില്‍ കുന്നു കയറുന്ന സന്ദര്‍ശകര്‍ക്ക് ചൂടു കാപ്പി ചായ പകര്ന്നു കൊടുക്കാന്‍ സുന്ദരികളായ നേപ്പാളി യുവതികള്‍ മത്സരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ഉദിച്ചു ഉയരുന്ന പ്രഭാത സൂര്യന്റെ ചുവന്ന രശ്മികള്‍ കാഞ്ചന്‍ ജംഗ കൊടുമുടിയുടെ ഹിമ ധവളത്തില്‍ പതിച്ചു താഴേയ്ക്ക് വ്യാപിയ്ക്കുന്ന കാഴ്ച , ഒരഗ്നി പര്‍വ്വതം പൊട്ടി ഒലിച്ചിറങ്ങുന്ന ലാവ പോലെ അനുഭവപ്പെട്ടു. പര്‍വ്വത ആരോഹകര്‍ക്ക് വില മതിയ്ക്കനാവാത്ത ഒട്ടേറെ വിവരങ്ങള്‍ നല്കുന്ന ഹിമാലയന്‍ പര്‍വ്വത ആരോഹക സ്ഥാപനം, ചുവന്ന പാണ്ടയ്ക്ക് പേരുകേട്ട സുവോലോജിക്കള്‍ പാര്‍ക്ക് , ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഘൂം റെയില്‍വേ സ്റ്റേഷന്‍, കലിമ്പോങ്ങിലെ സയന്‍സ് എക്സിബിഷന്‍ സെന്റര്‍, ക്യക്ട്ടസ്സുകളുടെ അപൂര്‍വ ശേഖരങ്ങളുള്ള തോട്ടം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശന യോഗ്യമാണ്. തീസ്ത നദിയിലൂടെ ഉള്ള ബോട്ട് യാത്ര സ്മരണീയമായ അനുഭവമായി.


കേരളത്തിലെ ഒരു പാര്‍ലിമെന്റ് മണ്ഡലത്തിന്റെ വലിപ്പവും ജനസംഖ്യയുമുള്ള സിക്കിം സംസ്ഥാനം ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ ഇന്ത്യയുടെ ഇരുപത്തി രണ്ടാമത് സംസ്ഥാനം ആയി. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കള്ള് കടകള്‍ മാത്രം! അതത്രേ വര്‍ഷങ്ങളോളം സ്വതന്ത്ര പരമാധികാര രാജ്യമായി വിലസിയ സിക്കിമിന്‍റെ പ്രത്യേകത. മദ്യ ഷാപ്പുകളുടെ ബാഹുല്യം കാരണമാവാം ലഹരി വിമുക്ത കേന്ദ്രങ്ങളും ഇടയ്ക്കിടെ കാണപ്പെട്ടു. പന്ത്രണ്ടായിരത്തി നാനൂറു അടി ഉയര്‍ച്ചയില്‍ സ്ഥിതി ചെയ്യുന്ന സോങ്കോ തടാകവും പതിനാലായിരത്തി എഴുനൂറു അടി മേലെ സ്ഥിതി ചെയ്യുന്ന നതുല പാസ്സും സന്ദര്‍ശകരെ ആകര്‍ഷിയ്ക്കുന്ന സ്ഥലങ്ങളാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിലെ ഇന്‍ഡോ- ചൈന യുദ്ധത്തിന്നു ശേഷം അടച്ച നതുല ചുരം പിന്നീട് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത് ജൂലൈ രണ്ടായിരത്തി ആറിലാണ്. ഏത് പ്രതികൂല സാഹചര്യത്തിലും രാജ്യാതിര്‍ത്തി സംരക്ഷിയ്ക്കാന്‍ കര്‍മ നിരതരായി നിതാന്ത ജാഗ്രത പാലിയ്ക്കുന്ന ഇന്ത്യന്‍ സൈനികരെ അവരുടെ കര്‍മ ഭൂമിയില്‍ വെച്ചു തന്നെ കാണാന്‍ സാധിച്ചത് അനുഗ്രഹമായി. ഗാന്ഗ് ടോക്കില്‍ നിന്നും അമ്പത്തെട്ടു കിലോമീറ്റര്‍ മാറി നതുലയോട് ചേര്‍ന്ന് ബാബ മന്ദിരം സ്ഥിതി ചെയ്യുന്നു. അതിര്‍ത്തിയില്‍ സഹ സൈനികരുമൊത്തു സുരക്ഷ ജോലിയില്‍ ഏര്‍പ്പെട്ടിരിയ്ക്കവേ വീര ചരമം അടഞ്ഞ ബാബയുടെ ആത്മാവ് ഇപ്പോഴും നതുലയില്‍ അലഞ്ഞു നടന്നു ജോലി ചെയ്യാതെ നേരം കൊല്ലുന്ന ജവാന്മാരെ കരണത്ത് അടിച്ച് ജോലി ചെയ്യിപ്പിയ്ക്കുന്നതായും ജവാന്മാര്‍ക്ക് താങ്ങും തണലുമായി അദൃശ്യ വിഹാരം നടത്തുന്നതായും സൈനികര്‍ വിശ്വസിയ്ക്കുന്നു.




























വെള്ളിയാഴ്‌ച, ഒക്‌ടോബർ 10, 2008

ബീരാന്‍ കുട്ടി സര്‍വീസില്‍ നിന്നു വിരമിയ്ക്കുകയാണ്.





ബീരാന്‍ കുട്ടി സര്‍വീസില്‍ നിന്നു വിരമിയ്ക്കുകയാണ്. ബീരാന്‍ കുട്ടിയെ ആര്‍ക്കാണ് അറിയാത്തത്? മുപ്പത്തിരണ്ടാം വയസ്സില്‍ ഇരുപത്തി നാലു വയസ്സിന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു സര്‍വീസില്‍ കയറിയ ബീരാന്‍ കുട്ടി സര്‍വീസ് ചട്ടങ്ങള്‍ തിരുത്തി എഴുതാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതനാക്കിയ ഒരു അപൂര്‍വ വ്യക്തിത്വം ആയിരുന്നു. ബീഡി, പാന്‍ പരാഗ്, സിഗരറ്റ് ഇത്യാദി ചില്ലറ കച്ചവടം ഓഫീസില്‍ നടത്തിയിരുന്ന ബീരാന്‍ കുട്ടി ബീഡി ബീരാന്‍ എന്ന ചെല്ല പേരിലും അറിയപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകയുടെ തുടയ്ക്കു നുള്ളിയതിനു ഒരു മാസത്തെ സസ്പെന്‍ഷന്‍, തുടര്‍ന്ന് ഇന്ക്രിമെന്റ്റ് മൂന്നു വര്‍ഷത്തേയ്ക്ക് തടഞ്ഞു വച്ചു കൊണ്ടുള്ള ശിക്ഷ നടപടി. ബീഡി ബീരാന്റെ സംഭവ ബഹുലമായ സര്‍വീസ് സ്റ്റോറി ഇവിടെ തുടങ്ങുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സഹപ്രവര്‍ത്തകയുടെ ചന്തിയില്‍ നുള്ളിയതിനു ഇന്ക്രിമെന്റ്റ് രണ്ടു വര്‍ഷത്തേയ്ക്ക് തടഞ്ഞു കൊണ്ടുള്ള അടുത്ത ശിക്ഷ നടപടി. ഇതിനെ കുറിച്ചു ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ അറിയുന്ന ബീരാന്‍കുട്ടി കൂട്ടുകാരനോട് പറഞ്ഞതിങ്ങനെ: ദ മോര്‍ ദ പ്ലെഷര്‍ , ദ ലെസ്സര്‍ ദ പെനാല്‍റ്റി വില്‍ ബി! മദ്യ നിരോധനം നടപ്പാക്കിയ സര്‍ക്കാരിനോട് ബീരാന്‍കുട്ടി ഏറെ കടപ്പെട്ടിരിയ്ക്കുന്നു. ബീരാന്‍ കുട്ടിയുടെ മൊബൈല്‍ നമ്പര്‍ അറിയാത്ത ഒരൊറ്റ മദ്യപാനിയും ആ ടൌന്‍ ഷിപ്പിലോ പരിസരത്തോ ഉണ്ടായിരുന്നില്ല പോലും! ആവശ്യപ്പെട്ട ബ്രാന്‍ഡ് ആവശ്യപ്പെട്ട സമയത്തു, ആവശ്യപ്പെട്ട സ്ഥലത്തു എത്തിച്ചു കൊടുക്കാനുള്ള ബീരന്കുട്ടിയുടെ പ്രാവീണ്യം , ഔദ്യോഗിക ജീവിതത്തില്‍ അല്പമെങ്കിലും പ്രകടമായിരുന്നെങ്കില്‍ ഈ രാജ്യം എപ്പോഴോ നന്നായേനെ! ഇരുനൂറ്റമ്പത് മില്ലി പട്ട ചാരായം ഒറ്റയടിയ്ക്ക് വിഴുങ്ങി ദിനേശ് ബീഡി ആഞ്ഞു വലിച്ചു പുക വിടുന്ന ബീഡി ബീരാന്‍ , താനത്രേ ഗാന്ധിജിയുടെ യഥാര്‍ത്ഥ അനുയായി എന്ന് ലഹരിയുടെ മൂര്‍ധന്യത്തില്‍ പ്രസംഗിയ്ക്കുക പതിവാണ് . ബീരാന്‍ കുട്ടിയുടെ സുന്ദരി ആയ ഭാര്യയെ കുറിച്ചോ മനോഹരികളായ അഞ്ചു പെണ്മക്കളെ കുറിച്ചോ ആര്‍ക്കും പക്ഷെ വിവരം ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യയുടെ കെട്ട് താലി വരെ ബീരാന്‍കുട്ടി പണയപ്പെടുത്തി ഇരിയ്ക്കയാനെന്നും അതിനെ ചൊല്ലി വീട്ടില്‍ നിത്യവും അടിപിടി ആണെന്നും ബീരന്കുട്ടിയുടെ അടുത്ത സുഹൃത്തുക്കള്‍ മാത്രം പറഞ്ഞറിഞ്ഞു. പൈസ ദുര്‍വ്യയം ചെയ്യാതെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും മല്‍സ്യമോ മാംസമോ വാങ്ങി കൊടുക്കാന്‍ ഉപദേശിച്ച സുഹൃത്തിനോട് ബീരാന്‍കുട്ടി ഈ വിധം മൊഴിഞ്ഞത്രെ: "മല്‍സ്യ മാംസങ്ങളിലെ കൊഴുപ്പ്‌ പെണ്ണുങ്ങളെ കഴിപ്പിയ്ക്കരുത്. കൊഴുപ്പ്‌ അകത്തു ചെന്നാല്‍ അവറ്റകള്‍ തുടല്‍ പൊട്ടിച്ചു വെളിയില്‍ ചാടും, പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിയ്ക്കണം! " പൊന്നാനിയിലെ ഒരു സമ്പന്ന മുസ്ലിം കുടുംബത്തില്‍ പിറന്ന ബീരന്കുട്ടിയുടെ കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ ആണ് ഒരു രാത്രിയില്‍ വീട്ടില്‍നിന്നു ഒളിച്ചോടാന്‍ നിര്‍ബന്ധിച്ചതെന്നും പിന്നീടുള്ള സാഹചര്യങ്ങള്‍ ആണ് ബീരാന്‍ കുട്ടിയെ ബീഡി ബീരാന്‍ ആക്കി മാറ്റിയതെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും മുപ്പത്തിനാല് വര്‍ഷത്തെ സര്‍കാര്‍ സേവനത്തില്‍ എട്ടു തവണ സസ്പെന്‍ഷന്‍ കിട്ടിയതായും , മൂന്നു തവണ താഴ്‌ന്ന തസ്തികയിലേയ്ക്ക് തരം താഴ്ത്തിയതായും മറ്റു പല കാരണങ്ങള്‍ക്കായി പത്തു തവണ മെമോ ലഭിച്ചതായും ബീരന്കുട്ടിയുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നു. നാളെയാണ് ബീരാന്‍കുട്ടി ഔദ്യോഗിക ജീവിതത്തിനോട് വിട ചൊല്ലുന്നത്. വകുപ്പ് മേധാവിയുടെ പേരില്‍ എഴുതി തയ്യാറാക്കിയ പ്രശംസ പത്രം ഇങ്ങനെ അവസാനിച്ചു: " മുപ്പത്താറ് വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിയ്ക്കുന്ന പ്രിയ്യങ്കരനായ ശ്രീ ബീരാന്‍കുട്ടി അവര്‍കള്‍ നമ്മുടെ സ്ഥാപനത്തിന് തന്നെ ഒരു മാതൃകയാണ്. അദ്ദേഹത്തിന്‍റെ കറ കളഞ്ഞ വ്യക്തിത്വവും സേവന തല്പ്പരതയും , ജോലി ചെയ്യുന്ന സ്ഥാപനത്തോടുള്ള അര്‍പ്പണ മനോഭാവവും എല്ലാവര്‍ക്കും മാതൃക ആക്കാവുന്നതാണ്. നമ്മുടെ സ്ഥാപനത്തിന്റെ അഭിവൃദ്ധിയ്ക്കായി അദ്ദേഹം ചെയ്ത സേവനങ്ങളെ നമുക്കു നന്ദിയോടെ സ്മരിയ്ക്കം. അദ്ദേഹത്തിനും കുടുംബത്തിനും ശാന്തിയുടെയും സമാധാനത്തിന്‍റെയും നല്ല നാളുകള്‍ നമുക്കു നേരാം. നന്ദി!"
യെസ് , മിസ്റ്റര്‍ ബീരാന്‍കുട്ടി ഈസ് റീ ട്ടയരിംഗ് ഫ്രം സര്‍വീസ്.

ശനിയാഴ്‌ച, ഒക്‌ടോബർ 04, 2008

ഒരു സാങ്കല്‍പ്പിക സംവാദം






ഹലോ, ഹലോ... ക്യാന്‍ ടാക് ടു രത്തന്‍ ടാറ്റ? ദിസ് ഈസ്‌ ഫ്രം ദ ഓഫീസ് ഓഫ് കേരള ചീഫ് മിനിസ്റ്റെര്‍ വി എസ് അച്ചുതാനന്ദന്‍.



വളരെ നല്ലത്. ടാറ്റ സര്‍ ഒരു മീറ്റിംഗില്‍ ആണല്ലോ.

വാട്ട് എ സര്‍പ്രൈസ്! ടാറ്റയുടെ ഓഫീസിലും മലയാളി !


അതെ, ഞാന്‍ രത്തന്‍ സാറിന്‍റെ സെക്രട്ടറി ആണ്. അദ്ദേഹം ഫ്രീ ആയാല്‍ ഞാന്‍ അങ്ങോട്ട് വിളിപ്പിയ്ക്കാം.

............




.........




സാര്‍, മിസ്റ്റര്‍ രത്തന്‍ ടാറ്റ ലൈനില്‍:
മിസ്റ്റര്‍ ടാറ്റ, ലാല്‍ സലാം , നിങ്ങള്‍ ബംഗാളിനോട് ടാറ്റ പറഞ്ഞു എന്ന് കേട്ടു, ശരി ആണോ?

യെസ് മിസ്റ്റര്‍ സി എം.

വളരെ കഷ്ടമായി പോയി മിസ്റ്റര്‍ ടാറ്റ. മമതയുടെ നിലപാടിനെ ഞങ്ങള്‍ ശക്തമായി അപലപിയ്ക്കുന്നു.

ഓക്കേ മിസ്റ്റര്‍ സി എം. ഇതു പറയാനാണോ ഇപ്പോള്‍ വിളിച്ചത്?

അല്ലെ അല്ല! നിങ്ങളെ ഞങ്ങള്‍ ഇങ്ങോട്ട് ക്ഷണിയ്ക്കാന്‍ വിളിച്ചതാണ്. ഇവിടെ ഇഷ്ടം പോലെ സ്ഥലം ഉണ്ട്, കാറല്ല, തീവണ്ടി വരെ ഉണ്ടാക്കാനുള്ള മനുഷ്യ ശക്തി ഉണ്ട്. അങ്ങേയ്ക്ക് സ്വാഗതം!

സോറി മിസ്റ്റര്‍ സി എം. കേരളം എന്ന് കേട്ടാലെ ഞങ്ങള്‍ ബിസിനെസ്സ്കാര്‍ക്ക് ഭയം ആണ്. കേരളത്തില്‍ വരുന്നതിനെ കുറിച്ചു ചിന്തിയ്ക്കാന്‍ കൂടി വയ്യ.

മിസ്റ്റര്‍ ടാറ്റ, അതെല്ലാം ഈ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഞങ്ങള്‍ കേരളീയര്‍ സമാധാനം കാംഷിയ്ക്കുന്നവരാണ്. വ്യവസായ വികസനം ഞങ്ങളുടെ അജണ്ടയിലെ മുഖ്യ ഇനമാണ്.

മിസ്റ്റര്‍ സി എം. ഞാന്‍ സ്വല്പം തിരക്കിലാണ്. ഞങ്ങള്‍ നാനോയെ പറിച്ചു നടാനുള്ള ഒരു തീവ്ര ശ്രമത്തിലാണിപ്പോള്‍. അതിന് ശേഷം ഞാന്‍ താങ്കളെ വിളിയ്ക്കാം.

വെയിറ്റ് വെയിറ്റ് മിസ്റ്റര്‍ ടാറ്റ , അങ്ങനങ്ങ് പോയാലോ? ഒരു റീ തിങ്കിങ്ങ് ആയി കൂടെ? ഞങ്ങള്‍ ഒരു ആകര്‍ഷകമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ലാന്‍ഡ്‌ ഏറ്റെടുക്കേണ്ട ആവശ്യമേ ഇല്ല. ഏക്കറു കണക്കിന് ഭൂമി ഞങ്ങളുടെ കൈവശം കിടക്കുന്നുണ്ട്‌.


സി എം സര്‍, അങ്ങ് മൂന്നാറില്‍ ഉള്ള ഭൂമി ആണോ ഉദ്ദ്യേശിച്ചത്? അത് ഞങ്ങള്‍ക്ക് വേണ്ടായെ! വെറുതെ തന്നാലും വേണ്ട സഖാവെ!



ഹലോ മിസ്റ്റര്‍ അത് നിങ്ങളുടെ തന്നെ ഭൂമി ആണ്. ഞങ്ങള്‍ നിങ്ങളുടെതെന്നും നിങ്ങള്‍ നിങ്ങളുടെതല്ലെന്നും പറയുന്ന ഭൂമി. നിങ്ങളുടെ ചായ തോട്ടത്തിന് അടുത്താണീ സ്ഥലം. ഒരു വെടിയ്ക്ക് രണ്ടു പക്ഷി.


ഇതൊക്കെ തന്നെ ആയിരുന്നു നിങ്ങളുടെ ബുദ്ധദേവ് സഖാവും തുടക്കത്തില്‍ പറഞ്ഞതു. എന്നിട്ട് ഇപ്പൊ എന്തായി? വിളിച്ചു വരുത്തി അപമാനിയ്ക്കരുത് സഖാവെ, ആരും തന്നെ.



മിസ്റ്റര്‍ ടാറ്റ നിങ്ങള്‍ എന്തെക്കെയോ തെറ്റി ധാരണയുടെ പുറത്താണ് സംസാരിയ്ക്കുന്നത്. ബംഗാള്‍ അല്ല കേരളം, ഇതു ദൈവത്തിന്‍റെ സ്വന്തം നാടാണ്. ഇവിടുത്തെ ജനങ്ങള്‍ നൂറു ശതമാനം സാക്ഷരരാണ്. ഞങ്ങള്‍ വിദ്യാ സമ്പന്നരും ഉയര്‍ന്ന ചിന്താ ഗതിയും ഉള്ള ഒരു ജനതയാണ്. കേരളത്തില്‍ ടാറ്റയുടെ ഒരു വ്യവസായം തുടങ്ങുക എന്നത് നിങ്ങള്‍ക്ക് തന്നെ അഭിമാനത്തിന് വക നല്കുന്ന ഒരു കാര്യമാണ് മിസ്റ്റര്‍ ടാറ്റ.


ഓക്കേ മിസ്റ്റര്‍ സി എം. അങ്ങയുടെ വാക്കുകള്‍ ഞാന്‍ വിശ്വസിയ്ക്കുന്നു. ബഹുമാന്യനായ അങ്ങയുടെ നീരസത്തിനു പാത്രമാവാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല . ഒരൊറ്റ ഉപാധിയില്‍ കേരളത്തില്‍ നാനോ പ്രൊജക്റ്റ്‌ തുടങ്ങാന്‍ ഞാന്‍ തയ്യാറാണ്. ഒരു മാസത്തില്‍ ചുരുങ്ങിയത് ഇരുപതു ദിവസം ബന്ദ് വിമുക്ത ഹര്‍ത്താല്‍ വിമുക്ത ജോലി ദിവസങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ അങ്ങ് തയ്യാറാണോ? ................ ഹലോ മിസ്റ്റര്‍ സി എം ...... ഹലോ ........ഹലോ.... ആര്‍ യു ഹിയറിംഗ് മി? ഹലോ.........ഹലോ......

സെക്രട്ടറി : സര്‍, ദ ലൈന്‍ ഗോട്ട് കട്ട്. ഷാള്‍ ഐ പുട്ട് ദ സി എം ഓണ്‍ ലൈന്‍ എഗൈന്‍ ?

ഡോണ്ട് വറി , ഹി വില്‍ നോട്ട് ട്രബിള്‍ അസ്‌ എനി മോര്‍!