വ്യാഴാഴ്‌ച, ഒക്‌ടോബർ 30, 2008

ഒരു വടക്കു കിഴക്കന്‍ വീര ഗാഥ



ജെറ്റ് എയര്‍ വെയ്സ് വിമാനത്തിലെ അര്‍ദ്ധ നഗ്ന ആയ സുന്ദരിയുടെ വശ്യമായ പുഞ്ചിരിയില്‍ രണ്ടു മണിയ്ക്കൂര്‍ നീണ്ട മദിരാശി യാത്ര അഞ്ചു നിമിഷമായി തോന്നി. ഇനി അങ്ങോട്ടുള്ള യാത്രയും ഈ വിമാനത്തില്‍ ആയിരുന്നെങ്കില്‍ എന്ന് മനസ്സു വെറുതെ ആഗ്രഹിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ത്യന്‍ വിമാനത്തിലെ കൊല്‍കട്ട യാത്ര വിരസവും അസഹനീയവുമായിരുന്നു. ആയിരത്തി തൊള്ളായിരത്തി അമ്പതിമൂന്നില്‍ രൂപം കൊണ്ട വിമാന കമ്പനിയിലെ വായു ഗസ്റ്റുകള്‍ (എയര്‍ ഹൊസ്ടെസ്സ്) യാത്ര കാരോട് ചിരിയ്ക്കാന്‍ ബുദ്ധിമുട്ടന്നത് കണ്ടപ്പോള്‍ ഇന്നലെ കടന്നുവന്ന കിങ്ങ്ഫിഷേര്‍ വിമാനത്തിലെ ചുവന്ന അപ്സരസ്സുകളെ വെറുതെ ഓര്‍ത്തുപോയി. ഓപ്പണ്‍ സ്കൈ പോളിസിയുടെ ഭാഗമായി സ്വകാര്യ വിമാന കമ്പനികളെ മത്സരത്തിനു ഇറക്കിയ ഇന്ത്യ ഗവണ്‍‌മെന്റ് സ്വന്തം വിമാനത്തിലെ ജീവനക്കാരെ പുഞ്ചിരിയ്ക്കുന്നത് എങ്ങനെ എന്ന് പഠിപ്പിയ്ക്കാന്‍ മറന്നത് വിരോധാഭാസമാവാം!



ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആയിരത്തി തൊള്ളായിരത്തി പതിനൊന്നു വരെ തലസ്ഥാനമാക്കി വെച്ചിരുന്ന കൊല്‍കട്ട നഗരം പ്രതാപ ഐശ്വര്യങ്ങള്‍ നഷ്ടപ്പെട്ട് പോയ ഒരു എം ടീ മോഡല്‍ നാലുകെട്ടിനെ അനുസ്മരിപ്പിച്ചു. ഇടുങ്ങിയ തിരക്കേറിയ റോഡിലൂടെ ടാക്സിയില്‍ യാത്ര ചെയ്യവേ ജന്മം കൊണ്ടു ബംഗാളിനെ അനശ്വരമാക്കിയ ടാഗോറിനെയും നേതാജിയെയും മുതല്‍ സത്യജിത് റായ് , ജ്യോതി ബസു തുടങ്ങി പല മഹത് വ്യക്തികളെയും ഓര്‍ത്തുപോയി. കാലഹരണപ്പെട്ടു പോയ പ്രത്യയ ശാസ്ത്രങ്ങളില്‍ കുരുങ്ങി സ്വന്തം ജനങ്ങളുടെ ക്ഷേമം വിപ്ലവ ജ്വാലകളില്‍ ഹോമിച്ച ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥത, മുച്ചക്ര വാഹനങ്ങളില്‍ മുന്നൂറു കിലോ ഭാരം വലിച്ചു നീങ്ങുന്ന അസ്ഥി കൂടങ്ങളില്‍ കൂടിയും തെരുവോരത്ത് ഭിക്ഷ യാചിയ്ക്കുന്ന അനാഥ ബാലന്മാരിലൂടെയും ദര്‍ശിക്കാന്‍ കഴിഞ്ഞു.




കൊല്‍കട്ടയില്‍ നിന്നു ബാഗ്ടോഗ്ര വരെ ഉള്ള വിമാന യാത്ര വിജയ് മല്ല്യയുടെ ചുവപ്പ് ധരിച്ച കന്യകാ രത്നങ്ങളുടെ സാന്നിധ്യം മൂലമായിരിയ്ക്കണം തുലോം ദൈര്‍ഘ്യം കുറവായിരുന്നു. വടക്കു കിഴക്കിന്റെ ഒരു പ്രധാന പ്രവേശന കവാടമായ ബാഗ്ടോഗ്ര വിമാന താവളം സിവിലിയന്‍ - മിലിട്ടറി വിമാനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിയ്ക്കുന്നു. ഒരു വിമാന താവളത്തിലെ ബഹളങ്ങളോ ശബ്ദ ഘോഷാമോ ഇല്ലാത്ത ഒരു പാവം വിമാന താവളം!




മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഹില്‍ സ്റ്റെഷനുകളുടെ റാണി എന്നറിയപ്പെടുന്ന ഡാര്‍ജിലിംഗ് ഉള്‍പ്പെട്ട പ്രദേശങ്ങളോട് അനുവര്‍ത്തിച്ചു വരുന്ന ചിറ്റമ്മ നയം മൂലം ഉള്ള അമര്‍ഷം പരിചയപ്പെടാന്‍ ഇട ആയ മിയ്ക്ക മണ്ണിന്റെ മക്കളിലും പ്രകടം ആയിരുന്നു. ആയിരത്തി എണ്ണൂറ്റി മുപ്പത്തി അഞ്ചില്‍ സിക്കിം രാജാവിന്റെ വരദാനമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്ത ഡാര്‍ജീലിംഗ് വികസനത്തിന്‌ വിട പറഞ്ഞതു ഭാരത സര്ക്കാരിന്റെ കൈകളിലാണെന്ന് ഇവിടുത്തെ ലോക്കല്‍ ഖുക്രികള്‍ ആത്മാര്‍ത്ഥമായും വിശ്വസിയ്ക്കുന്നു. ബ്രിട്ടീഷ് ഭരണ കാലത്തെ സ്കൂളുകളും അവരുടെ തന്നെ സംഭാവന ആയ യു എന്‍ ഹെരിടജ് ലിസ്റ്റില്‍ പെട്ട നൂറ്റാണ്ട് പഴക്കമുള്ള ടോയ് ട്രെയിനും അല്ലാതെ, ഹില്‍ ജനതയുടെ അഭിവൃദ്ധിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന പരാതി വിശ്വസനീയമായി തോന്നി. ഡാര്‍ജീലിംഗ് കേന്ദ്രമാക്കി പ്രത്യേക ഗൂര്‍ഖ ലാന്‍റ് ആവശ്യപെട്ടുകൊണ്ടുള്ള പ്രക്ഷോഭം ആയിരത്തി തൊള്ളായിരത്തി എമ്പത്തി എട്ടില്‍ ഡാര്‍ജീലിംഗ് ഗൂര്‍ഖ ഹില്‍ കൌണ്‍സില്‍ രൂപീകൃതമായതോടെ സുഭാഷ് ഘീഷിന്ഗ് അവസാനിപ്പിച്ചു. സ്വയം ഭരണ അവകാശം നേടിയ ജി എന്‍ എല്‍ എഫ് , പശ്ചിമ ബംഗാള്‍ രജിസ്ട്രഷന്‍ വാഹനങ്ങള്‍ ജി എല്‍ നെയിം പ്ലെറ്റൊടെ മാത്രമെ ഹില്‍ സ്റ്റേഷന്‍ വഴി ഓടുവാന്‍ അനുവദിയ്ക്കു.


ഒരു ഡ്രൈവറില്‍ ഉപരി നല്ലൊരു വഴി കാട്ടി ആയി വര്‍ത്തിച്ച സിലിഗുരിക്കാരനായ ഗൌതം സര്‍ക്കാര്‍ ഡാര്‍ജീലിംഗ് ഹില്‍ സ്റ്റേഷന്റെ മാത്രം പ്രത്യേകത ആയ ആറ് "ടി" കളെ കുറിച്ചു വിവരിച്ചു: ടീ (ചായ), ടീക്‌ (തേക്ക്), ടൂറിസം, ട്രെക്കിന്ഗ് , ടോയ് ട്രെയിന്‍, ടൈഗര്‍ ഹില്‍. ടൈഗര്‍ ഹില്ലിലെ സൂര്യോദയം കണ്ണ് കുളിര്‍പ്പിയ്ക്കുന്നതായിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ്റി തൊണ്ണൂറു മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൈഗര്‍ ഹില്ലില്‍ സൂര്യോദയ ദര്‍ശനത്തിനായി ആയിരങ്ങള്‍ തലേന്ന് തന്നെ സ്ഥാനം പിടിയ്ക്കുന്നു. മരം കോച്ചുന്ന തണുപ്പില്‍ കുന്നു കയറുന്ന സന്ദര്‍ശകര്‍ക്ക് ചൂടു കാപ്പി ചായ പകര്ന്നു കൊടുക്കാന്‍ സുന്ദരികളായ നേപ്പാളി യുവതികള്‍ മത്സരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ഉദിച്ചു ഉയരുന്ന പ്രഭാത സൂര്യന്റെ ചുവന്ന രശ്മികള്‍ കാഞ്ചന്‍ ജംഗ കൊടുമുടിയുടെ ഹിമ ധവളത്തില്‍ പതിച്ചു താഴേയ്ക്ക് വ്യാപിയ്ക്കുന്ന കാഴ്ച , ഒരഗ്നി പര്‍വ്വതം പൊട്ടി ഒലിച്ചിറങ്ങുന്ന ലാവ പോലെ അനുഭവപ്പെട്ടു. പര്‍വ്വത ആരോഹകര്‍ക്ക് വില മതിയ്ക്കനാവാത്ത ഒട്ടേറെ വിവരങ്ങള്‍ നല്കുന്ന ഹിമാലയന്‍ പര്‍വ്വത ആരോഹക സ്ഥാപനം, ചുവന്ന പാണ്ടയ്ക്ക് പേരുകേട്ട സുവോലോജിക്കള്‍ പാര്‍ക്ക് , ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഘൂം റെയില്‍വേ സ്റ്റേഷന്‍, കലിമ്പോങ്ങിലെ സയന്‍സ് എക്സിബിഷന്‍ സെന്റര്‍, ക്യക്ട്ടസ്സുകളുടെ അപൂര്‍വ ശേഖരങ്ങളുള്ള തോട്ടം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശന യോഗ്യമാണ്. തീസ്ത നദിയിലൂടെ ഉള്ള ബോട്ട് യാത്ര സ്മരണീയമായ അനുഭവമായി.


കേരളത്തിലെ ഒരു പാര്‍ലിമെന്റ് മണ്ഡലത്തിന്റെ വലിപ്പവും ജനസംഖ്യയുമുള്ള സിക്കിം സംസ്ഥാനം ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ ഇന്ത്യയുടെ ഇരുപത്തി രണ്ടാമത് സംസ്ഥാനം ആയി. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കള്ള് കടകള്‍ മാത്രം! അതത്രേ വര്‍ഷങ്ങളോളം സ്വതന്ത്ര പരമാധികാര രാജ്യമായി വിലസിയ സിക്കിമിന്‍റെ പ്രത്യേകത. മദ്യ ഷാപ്പുകളുടെ ബാഹുല്യം കാരണമാവാം ലഹരി വിമുക്ത കേന്ദ്രങ്ങളും ഇടയ്ക്കിടെ കാണപ്പെട്ടു. പന്ത്രണ്ടായിരത്തി നാനൂറു അടി ഉയര്‍ച്ചയില്‍ സ്ഥിതി ചെയ്യുന്ന സോങ്കോ തടാകവും പതിനാലായിരത്തി എഴുനൂറു അടി മേലെ സ്ഥിതി ചെയ്യുന്ന നതുല പാസ്സും സന്ദര്‍ശകരെ ആകര്‍ഷിയ്ക്കുന്ന സ്ഥലങ്ങളാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിലെ ഇന്‍ഡോ- ചൈന യുദ്ധത്തിന്നു ശേഷം അടച്ച നതുല ചുരം പിന്നീട് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത് ജൂലൈ രണ്ടായിരത്തി ആറിലാണ്. ഏത് പ്രതികൂല സാഹചര്യത്തിലും രാജ്യാതിര്‍ത്തി സംരക്ഷിയ്ക്കാന്‍ കര്‍മ നിരതരായി നിതാന്ത ജാഗ്രത പാലിയ്ക്കുന്ന ഇന്ത്യന്‍ സൈനികരെ അവരുടെ കര്‍മ ഭൂമിയില്‍ വെച്ചു തന്നെ കാണാന്‍ സാധിച്ചത് അനുഗ്രഹമായി. ഗാന്ഗ് ടോക്കില്‍ നിന്നും അമ്പത്തെട്ടു കിലോമീറ്റര്‍ മാറി നതുലയോട് ചേര്‍ന്ന് ബാബ മന്ദിരം സ്ഥിതി ചെയ്യുന്നു. അതിര്‍ത്തിയില്‍ സഹ സൈനികരുമൊത്തു സുരക്ഷ ജോലിയില്‍ ഏര്‍പ്പെട്ടിരിയ്ക്കവേ വീര ചരമം അടഞ്ഞ ബാബയുടെ ആത്മാവ് ഇപ്പോഴും നതുലയില്‍ അലഞ്ഞു നടന്നു ജോലി ചെയ്യാതെ നേരം കൊല്ലുന്ന ജവാന്മാരെ കരണത്ത് അടിച്ച് ജോലി ചെയ്യിപ്പിയ്ക്കുന്നതായും ജവാന്മാര്‍ക്ക് താങ്ങും തണലുമായി അദൃശ്യ വിഹാരം നടത്തുന്നതായും സൈനികര്‍ വിശ്വസിയ്ക്കുന്നു.




























4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Your artical was very apt,precise and complete.You almost took me for a north- east ride,though I was not lucky enough to awail the NER tour due to lack of service seniority.I felt as if I kind of visited all the places you mensioned.Hope to read more of you.Regards.

Vinod

അജ്ഞാതന്‍ പറഞ്ഞു...

Dear Devadas,
Thank you very much for the ‘Yatra Vivaranam’. One way only described. Waiting for the second part. Regards. -lekha

അജ്ഞാതന്‍ പറഞ്ഞു...

adipoli

V.Rajesh

അജ്ഞാതന്‍ പറഞ്ഞു...

thanks. this was woderful .keep writting
regards
m menon