ബുധനാഴ്‌ച, നവംബർ 05, 2008

പ്രിയതമന് സ്നേഹപൂര്‍വ്വം




പ്രിയപ്പെട്ട ചേട്ടന്,



ചേട്ടന് സുഖമാണെന്ന് വിശ്വസിയ്ക്കുന്നു. ഇവിടെ എനിയ്ക്കും പിള്ളേര്‍ക്കും പരമ സുഖമാണ്. ചിന്നു മോളെ പ്രസവിച്ചിട്ട് നാലാം മാസം ഈ വരുന്ന ശനി ആഴ്ച തികയും. തിങ്കള്‍ ആഴ്ച മുതല്‍ ജോലിയില്‍ പ്രവേശിയ്ക്കാന്‍ തയ്യാറെടുത്തു ഇരിയ്ക്കയായിരുന്നു. അപ്പോഴാണ്‌ തികച്ചും അപ്രതീക്ഷിതമായി പ്രസവ അവധി ആറ് മാസമായി ഉയര്‍ത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണ്ടത്. അതിന് ശേഷം രണ്ടു കൊല്ലം വീണ്ടും അവധി എടുക്കാം. കുട്ടി പരിപാലന അവധി (ചൈല്‍ഡ് കെയര്‍ ലീവ്) എന്ന പേരില്‍ വീണ്ടും രണ്ടു കൊല്ലം അവധി എടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് ഞങ്ങള്‍ക്കിവിടെ പരമസുഖം എന്ന് ആദ്യമേ തന്നെ ഞാന്‍ സൂചിപ്പിച്ചത്. മോള്‍ ഭയങ്കര വികൃതിയാണ്. ഇവളെയും ബേബി സിറ്റിങ്ങില്‍ ഇരുത്തി എങ്ങനെ ജോലിയ്ക്ക്‌ പോകും എന്ന് വ്യാകുലപ്പെട്ടു ഇരിയ്ക്കുക ആയിരുന്നു ഞാന്‍ നാളിതു വരെ. നമ്മളുടെ പ്രാര്‍ത്ഥന തിരുമാന്ധാം കുന്നിലെ ഭഗവതി കേട്ടു. ഇനി അവള്‍ക്ക് അഞ്ചു വയസ്സാകുന്നതുവരെ ഓഫീസില്‍ പോകേണ്ട. (അവിടെ പോയിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല - ചേട്ടന്‍ ആരോടും പറഞ്ഞെയ്ക്കരുത് കേട്ടോ!). പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം: നമ്മള്‍ അന്ന് തീരുമാനിച്ചത് പ്രകാരം ചേട്ടന്‍ അവിടെ വന്ധ്യം കരണ ശസ്ത്ര ക്രിയ ഒന്നും ചെയ്തെയ്ക്കല്ലേ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുട്ടി രണ്ടു കൂടി ആവാം എന്ന് ഗവണ്മെന്റ് തീരുമാനിച്ചതായി കൂട്ടുകാരി നങ്ങേലി പറയുന്നതു കേട്ടു. അതായതു ഒരു ആറേഴു കൊല്ലം കൂടി ജോലിയ്ക്ക്‌ പോകാതെ ശമ്പളം വാങ്ങാനുള്ള വകുപ്പുണ്ടെന്നര്‍ത്ഥം. അവിടെ കറുത്ത വര്‍ഗത്തില്‍ പെട്ട ഏതോ ആമയോ ഒബാമയോ പ്രസിഡന്‍റ് ആയെന്നും ഇന്ത്യക്കാരെ എല്ലാം പറഞ്ഞ്‌ വിടും എന്നൊക്കെ ആരോ പറഞ്ഞറിഞ്ഞു. ടി വിയിലും ഈ ആമ പ്രസിഡന്‍റ് ആയതിനെ കുറിച്ചു വാര്ത്ത വന്നത്രേ. ഇവിടെ സ്റ്റാര്‍ സിങ്ങറും സീരിയലുകളും കാരണം വാര്‍ത്ത കേള്‍ക്കാന്‍ സമയം കിട്ടാറില്ല. അഥവാ ഇന്ത്യക്കാരെല്ലാം ഇന്ത്യയ്ക്ക് പോകട്ടെ എന്ന് പുതിയ നിയമം വരികയാണെങ്കില്‍ ചേട്ടന്‍ ധൈര്യ സമേതം വരിക. ചേട്ടന്‍ വന്നതിനു ശേഷം നമുക്കു ഭാവി പരിപാടികള്‍ ആലോചിയ്ക്കാം. ആഗോള സാമ്പത്തിക മാന്ദ്യം കാരണം കമ്പ്യൂട്ടര്‍ കമ്പനികളെല്ലാം അടച്ചു പൂട്ടുകയാനെന്നും പഴയ പോലെ ചേട്ടനെ പോലെ പഠിച്ചവര്‍ക്ക് വലിയ ഡിമാണ്ട് ഒന്നും ഇല്ലെന്നും കേള്‍ക്കാന്‍ ഇട ആയി. ഈ പ്രശ്നം തുടങ്ങിയത് ചേട്ടന്‍ ജോലി ചെയ്യുന്ന അമേരിയ്ക്കയില്‍ നിന്നാണത്രേ. ഓഹരി മാര്‍ക്കറ്റ്‌ നിലം പതിച്ചെന്നും ദശ ലക്ഷകണക്കിന് ഡോളര്‍ അമേരിയ്ക്കക്ക് നഷ്ടമായെന്നും ഒക്കെ കേള്‍ക്കുന്നു. മാര്‍ക്കറ്റ്‌ വീണിട്ടു ആളപായമൊന്നും ഉണ്ടായില്ലല്ലോ, അത് തന്നെ ഭാഗ്യം! നമ്മുടെ അയല്‍വാസി കണ്ടന്‍ മൂത്താന്‍ അവരുടെ രണ്ടു എരുമ കുട്ടികളെ വില്‍ക്കാന്‍ പോകുന്നു എന്ന് പറഞ്ഞു കേട്ടു. ഞാന്‍ ഒരു മാസം വെയിറ്റ് ചെയ്യാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഒബാമ ഓട്ടിച്ചാല്‍ ചേട്ടന്‍ നാട്ടില്‍ വന്നു എരുമ പാല്‍ വില്പനയും ഞാന്‍ സര്‍കാര്‍ ചെലവില്‍ പിള്ളേരെയും നോക്കി നമുക്കു ജീവിതം ആര്മാദിയ്ക്കാം. അടുത്ത തവണയും ഇതേ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമേ എന്ന് ഞാന്‍ നിത്യവും പ്രാര്‍ത്ഥിക്കാറുണ്ട്. പറ്റുമെങ്കില്‍ അമേരിയ്ക്കയിലെ ദേവി ക്ഷേത്രത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരിനു വേണ്ടി ഒരു മൃത്യു ന്ജയ പൂജ നടത്തിയാല്‍ നന്നായിരുന്നു. നേരിട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഇ- പൂജ എങ്കിലും നടത്തു. ഇപ്പോള്‍ എല്ലാം "ഇ" യുടെ കാലമല്ലേ?. ഇനിയും ഒത്തിരി എഴുതാനുണ്ട്. സമയം ഇല്ലാത്ത കാരണം ബാക്കി അടുത്ത കത്തില്‍ ആവാം. "ക്യോംകി സാസ് ബീ ബഹൂ ധീ" തുടങ്ങാന്‍ സമയമായി. ചേട്ടന് ഒരായിരം ചുടു ചുംബനങ്ങള്‍!
സസ്നേഹം,
ചേട്ടന്‍റെ സ്വന്തം,
(മനോഹരി)

അഭിപ്രായങ്ങളൊന്നുമില്ല: