ശനിയാഴ്‌ച, നവംബർ 29, 2008

ബാഷ്പാഞ്ജലി



നിരപരാധികളെ നിഷ്ടുരം ചുട്ടുകൊല്ലുന്ന ഭ്രാന്തന്‍ വിശ്വാസ സംഹിത രാജ്യത്തിന്‍റെ ഉല്‍കൃഷ്ടമായ സുരക്ഷാ സേനയ്ക്ക് മുമ്പില്‍ തല്‍ക്കാലത്തെങ്കിലും ഗത്യന്തരമില്ലാതെ മുട്ട് മടക്കവേ, ഈ മഹാരാജ്യം മറ്റൊരു അഗ്നി പരീക്ഷ കൂടി അതിജീവിച്ചിരിയ്ക്കുന്നു. സംഭ്രമ- ഉദ്വേക ജനകമായ ഒരു ഹോളിവൂഡ്‌ ത്രില്ലര്‍ കണ്ട പോലത്തെ ആഹ്ലാദ തിമര്‍പ്പില്‍ നമ്മള്‍ നമ്മുടെ ജോലികളില്‍ വീണ്ടും മുഴുകി . ജീവിതം മുന്നോട്ടു തന്നെ നീങ്ങുകയാണ്, വിശിഷ്യാ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍. ഇലക്ട്രോണിക് മാധ്യമങ്ങള്‍ കഴിഞ്ഞ ഈ വാരം "അടിച്ച് പൊളിച്ചു" ആഘോഷിച്ചു. അവര്‍ മണ്ണില്‍ മലര്‍ന്നു കിടന്നും ചരിഞ്ഞു കിടന്നും കുനിഞ്ഞു നിന്നും വാര്‍ത്ത ആകുന്ന ചൂടപ്പം പ്രേക്ഷകന്‍ എന്ന കിങ്ങിനു പകര്‍ന്നു കൊടുക്കുവാന്‍ പരസ്പരം മത്സരിച്ചു. സി എസ് ടി റെയില്‍ നിലയത്തിലെ പ്ലാറ്റ് ഫോറത്തില്‍ വീണ വാര്‍ അറ്റ ചെരുപ്പിലെ ചുടു ചോര മുതല്‍ നൂറ്റി അഞ്ചു വര്‍ഷം പഴക്കം ഉള്ള താജ് ഹോട്ടലില്‍ പടരുന്ന അഗ്നി ജ്വാല വരെ അവര്‍ "ജീവനോടെ " (ലൈവ്) കാണിച്ചു, പ്രേക്ഷക ലക്ഷങ്ങളുടെ കണ്ണും കരളും കവര്‍ന്നു, " (ടി വി) പത്ര ധര്‍മം" നിര്‍വഹിച്ചു.


കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയിലും "ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍" (പാര്‍ലിമെന്റരി) കമ്മിറ്റി മീറ്റിംഗ് കൂടാന്‍ താജ് ഹോട്ടല്‍ തിരെഞ്ഞെടുത്തതും പാവപ്പെട്ടവന്‍റെ ജനപ്രതിനിധി ഉള്‍പ്പെടെയുള്ള എം പി മാര്‍ ഭീകരന്മാരില്‍ നിന്നും രക്ഷപെട്ടതും നമ്മള്‍ ആശ്വാസത്തോടെ മനസ്സിലാക്കി. രാജ്യ സേവനം ജീവിത ചര്യ ആയി ഏറ്റെടുത്ത നാലാം കിട രാഷ്ട്രീയ നേതൃത്വം "Z" കാറ്റഗറി സുരക്ഷയുടെ പിന്‍ബലത്തില്‍ ദുരന്തത്തിന് കാരണമായി പരസ്പരം പഴി ചാരുന്നതും നമ്മള്‍ വേദനയോടെ നോക്കി കണ്ടു. ലോകത്തിന്‍റെ നാനാ തുറകളിലും പെട്ട വിദേശിയും സ്വദേശിയും സുരക്ഷാ സൈനികരും നക്ഷത്ര ഹോട്ടലിലെ വിവിധ ലോബികളില്‍ നിന്നും നക്ഷത്രം കണക്കെ അടര്‍ന്നു വീഴുന്നത് നമ്മള്‍ നടുക്കത്തോടെ ദര്‍ശിച്ചു . മരിച്ചു വീഴുന്ന വ്യക്തി മഹാരാഷ്ട്രകാരനാണോ, വടക്കനാണോ, തെക്കനാണോ, തെക്കു കിഴക്കനാണോ എന്നൊന്നും പക്ഷെ ആരും പറഞ്ഞു കേട്ടില്ല. അച്ഛന്‍റെ ജഡത്തില്‍, ഭര്‍ത്താവിന്റെ ചലനമറ്റ ശരീരത്തില്‍, സഹോദരന്റെ മൃത ദേഹത്തില്‍ വീണുരുളുന്ന മകനും, ഭാര്യയ്ക്കും സഹോദരിയ്ക്കും അണ പൊട്ടി ഒഴുകിയ ദുഖത്തിന് ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലായിരുന്നു.
രാജ്യത്തിന്‌ വേണ്ടി വീരചരമം പ്രാപിച്ച ധീര രക്ത സാക്ഷികളെ! നിങ്ങളുടെ ബലി കുടീരങ്ങളില്‍ ഞങ്ങള്‍ സിന്ദൂര മാലകള്‍ ചാര്‍ത്തി, ഞങ്ങളുടെ രാജ്യ സ്നേഹം പ്രകടിപ്പിയ്ക്കും . നിങ്ങളുടെ അര്‍ദ്ധ - പൂര്‍ണ കായ പ്രതിമകള്‍ നാല്‍ക്കവല തോറും പ്രതിഷ്ടിച്ചു നിങ്ങളുടെ രക്ത സാക്ഷിത്വം ഞങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു, നിങ്ങളുടെ പാവന സ്മരണയ്ക്ക് മുമ്പില്‍ അശ്രു പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കും. നിങ്ങള്‍ ചിന്തിയ ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉണരുന്നു എന്ന് ഞങ്ങള്‍ ഉച്ചൈസ്തരം ഉധ്ഘോഷിയ്ക്കും . കാരണം ഞങ്ങള്‍ക്ക് ഇനിയും നിങ്ങളെ ആവശ്യമുണ്ട്. ഞങ്ങള്‍ക്ക് ജീവിയ്ക്കണം, ജീവിതം ആസ്വദിയ്ക്കണം, ആഘോഷിയ്ക്കണം - നിങ്ങളില്ലാതെ എന്താഘോഷം! അന്തിമാഭിവാദനങ്ങള്‍!

3 അഭിപ്രായങ്ങൾ:

പോരാളി പറഞ്ഞു...

രാജ്യരക്ഷക്കായ് ചോരചിന്തിയ ധീരയോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

The hollowness of our politicians are exposed once more.

A reader

അജ്ഞാതന്‍ പറഞ്ഞു...

Good Work..

Marichu kazhumbol ellam dead body... no maharashtriyan, keralite.....

its a gud tribute to the heroes..

Anil.