ചൊവ്വാഴ്ച, മേയ് 26, 2009

വാട്ട്‌ ആന്‍ ഐഡിയ സര്‍ ജി!

അഭിവന്ദ്യനായ മിത്രമേ!

ആദ്യമായി അങ്ങേയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍! കുതി കാല്‍വെട്ടും കുതിര കച്ചടവും ഒന്നും ഇല്ലാതെ തന്നെ അങ്ങും കൂട്ടാളികളും ഇരുനൂറ്റി എഴുപത്തി രണ്ടു എന്ന മാന്ത്രിക സംഖ്യ കൈ വരിച്ചതില്‍ ഏതൊരു ഇന്ത്യന്‍ പൌരനേയും പോലെ ഈയുള്ളവനും സന്തോഷവാനാണ്. അങ്ങേയുടെയും അങ്ങയുടെ പാര്‍ടിയുടെയും നേതൃത്വ പാടവം നമ്മുടെ രാജ്യത്തിന്റെ ഭാവി ഭാഗധേയം നിശ്ചയിയ്ക്കുന്നതില്‍ ഇനിയും ലഭിയ്ക്കുമാര്‍ ആകട്ടെ.

വിജയ ശ്രീ ലാളിതനായ അങ്ങയുടെ ടീമിന്റെ മുന്നോട്ടുള്ള പ്രയാണം മന്ത്രിസഭ രൂപീകരണം എന്ന കീറാമുട്ടിയില്‍ തട്ടി ഉടക്കി നില്‍ക്കയാണല്ലോ? പ്രവചനങ്ങളും കുപ്രച്ചരണങ്ങളും കാറ്റില്‍ പറത്തി ഒരു ഫിനിക്സ്‌ പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ അങ്ങയുടെ ടീം അധികാര മോഹികളുടെയും വംശാധിപതികളുടെയും തീട്ടൂരങ്ങള്‍ക്ക് മുന്‍പില്‍ നിസ്സഹായരായി നില്ക്കുന്നത് ഒട്ടും ഭൂഷണമല്ല. ഈ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഈയുള്ളവന്റെ എളിയ മനസ്സില്‍ തോന്നിയ ഒരു ആശയം അങ്ങേയ്ക്ക് മുന്‍പില്‍ സമര്‍പ്പിയ്ക്കുന്നു:
പാര്‍ലിമെന്റിന്റെ ഒരു നിശ്ചിത ശതമാനം മെമ്പര്‍മാരെ മന്ത്രി ആകാവൂ എന്ന നിബന്ധന (അങ്ങനെ ഒന്നുണ്ടെങ്കില്‍) ആദ്യമേ തന്നെ എടുത്തു മാറ്റുക. അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ അങ്ങനെ തന്നെ. ഇരുനൂറ്റി എഴുപത്തി രണ്ടു എന്ന മാജിക്‌ നമ്പറില്‍ നിന്നു തിരഞ്ഞെടുക്കുന്ന സെവെന്ടി പ്ലസ്‌ ഭാഗ്യശാലികളെ എപ്പോള്‍ താഴെ ഇറക്കാം എന്ന് കരുതി ഇരിയ്ക്കുന്നവരാണ് അതില്‍ പ്പെടാത്ത ഇരുനൂറോളം ഭാഗ്യ ഹീനര്‍. അധികാരം ഉള്ള കാലത്തോളം അധികാര മോഹികള്‍ ഉണ്ടാവും. അത്രയും കാലം അസ്ഥിരതയും ഉണ്ടാവും. ഈ സമസ്യ ഒഴിവാക്കാന്‍ ബാക്കിയുള്ള ഇരുനൂറു ഓളം വരുന്ന മാന്യന്മാരെയും പിടിച്ചു മന്ത്രി ആക്കുക എന്നതാണ്. ഈ ആശയം വിഡ്ഢിത്തം എന്ന് പറയാന്‍ വരട്ടെ. നൂറു കോടിയിലധികം ജനസംഖ്യയുള്ള ഈ മഹാ രാജ്യത്ത് അതിലും കൂടുതല്‍ പ്രശ്നങ്ങളുണ്ട്‌. ഇതെല്ലം പരിഹരിയ്ക്കാന്‍ ഒരു പക്ഷെ എഴുപതോളം വരുന്ന മന്ത്രി പുംഗവന്മാര്‍ റൌണ്ട് ദി ക്ലോക്ക് പണിയെടുതാലും പറ്റില്ല എന്നത് നൂറ്റൊന്നു ശതമാനം ഉറപ്പ്. തന്ത്ര പ്രധാനമായ വകുപ്പുകള്‍ ഒഴികെയുള്ള മറ്റു അപ്രധാന വകുപ്പുകള്‍ വിഭജിച്ച്‌ ഓരോ പാര്‍ലിമെന്റ് അംഗത്തിനും നല്കി അധികാര ആസക്തിയും ഭരണ അസ്ഥിരതയും ഒഴിവാക്കാവുന്നതാണ്. ഫോര്‍ എക്സാമ്പിള്‍ : സ്ത്രീ - കുടുംബ ക്ഷേമ വകുപ്പുകള്‍ വിഭജിച്ച്‌ സ്ത്രീ പീഡനം വകുപ്പ് ഒരു ആദരണീയ മെമ്പറെ ഏല്പ്പിയ്ക്കുക. അതില്‍ തന്നെ കന്യ സ്ത്രീ പീഡനം സാദാ സ്ത്രീ പീഡനം എന്നീ രണ്ടു വകുപ്പുകള്‍ സൃഷ്ടിയ്ക്കാവുന്നതാണ്. വീണ്ടും സാദാ സ്ത്രീ വകുപ്പില്‍ ബാല സ്ത്രീ ആന്‍ഡ്‌ പ്രായ പൂര്‍ത്തി സ്ത്രീ എന്നീ വകുപ്പുകള്‍ വീണ്ടും രണ്ടു മന്ത്രി ഏമാന്മാര്‍ നോക്കട്ടെ. സന്തോഷ്‌ മാധവന്‍ മാര്‍ ഉണ്ടാവുന്നത് ഇത്തരത്തില്‍ ഒരു വകുപ്പ്‌ വിഭജനത്തിന്റെ അഭാവത്താലാണ്. ഒരു ഉദാഹരണം കൂടി : കര്‍ഷകരുടെ കൂട്ട ആത്മഹത്യ യ്ക്ക് സാക്ഷ്യം വഹിച്ച നാടാണ് നമ്മുടെ ഭാരതം. ശരി ആയ രീതിയിലുള്ള കാര്ഷിക രീതി അവലംബിച്ചാല്‍ ഈ ആത്മഹത്യ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്. അതിന്റെ ഭാഗമായി രാസവള മന്ത്രാലയം വിഘടിക്കുക. മിനിസ്റ്റെര്‍ ഫോര്‍ യൂറിയ, മിനിസ്റ്റെര്‍ ഫോര്‍ അമോണിയ, മിനിസ്റ്റെര്‍ ഫോര്‍ പൊട്ടാഷ്‌ .......... ഭാരതത്തിന്റെ കാര്ഷിക മേഖലയില്‍ ഒരു വിപ്ലവം തന്നെ ഈ നീക്കത്തിലൂടെ പ്രതീക്ഷിയ്ക്കാവുന്നതാണ്‌. ഈ വിധം വകുപ്പുകള്‍ വേര്‍തിരിയ്ക്കുമ്പോള്‍ ഒരു പക്ഷെ മൊത്തത്തില്‍ അഞ്ഞൂറ്റി നാല്‍പ്പത്തി മൂന്നു അംഗങ്ങളെയും മന്ത്രിമാര്‍ ആക്കാവുന്നതാണ്. എന്ത് വേണമെന്നു അങ്ങ് തീരുമാനിയ്ക്കുക. ഭരണ പ്രതിസന്ധി അകറ്റാന്‍ ഈ നിഷ്കളങ്ക മനസ്സില്‍ തോന്നിയ ഒരു ഐഡിയ മാത്രമാണിത്. വാട്ട്‌ ആന്‍ ഐഡിയ സാര്‍ ജി! അങ്ങേയ്ക്ക് പ്രണാമം!

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇതേ ബ്ലോഗു നാമത്തിലും എഴുത്തുനാമത്തിലും വേറൊരാള്‍ ബ്ലോഗു ചെയ്യുന്നുണ്ടല്ലൊ ബഹുമാന ദേഹമേ, (അതോ ഇതൊരു അപരനോ)

(മറ്റേ ബ്ലോഗ്‌ മാതൃഭൂമിയിലെ രാജേന്ദ്രന്റേത്‌)

മുക്കുവന്‍ പറഞ്ഞു...

അധികാരം ഉള്ള കാലത്തോളം അധികാര മോഹികള്‍ ഉണ്ടാവും. അത്രയും കാലം അസ്ഥിരതയും ഉണ്ടാവും..


wow woow.. good thoughts..