" എടൊ താന്‍ എന്നെ തെറ്റിദ്ധരിചിരിയ്ക്കുന്നു. വീട്ടില്‍ പുജാമുറി സ്ഥാപിച്ചത് കൊണ്ടോ കാര്‍ പോര്‍ച്ച് ഉണ്ടാക്കിയത് കൊണ്ടോ ഞാന്‍ കമ്മ്യുണിസ്റ്റ് അല്ലാതാവുന്നില്ല. കമ്മ്യുണിസ്റ്റ് ആശയങ്ങളോട് എനിയ്ക്ക് ഇപ്പോഴും പഴയ അടുപ്പം തന്നെ ഉണ്ടേ". സഖാവ് പ്രഭാകരന്‍ തെല്ലു ജാള്യതയോടെ പറഞ്ഞു.
"സഖാവിനു വേറൊന്നും തോന്നരുത്. എനിയ്ക്ക് സന്തോഷം മാത്രമെ ഉള്ളു സഖാവിന്റെ പ്ലാന്‍ അനുസരിച്ച് വീട് കെട്ടി തരാന്‍. നാളെ ആരെങ്കിലും സഖാവിന്റെ വീട്ടിലെ പൂജ മുറിയെ കുറിച്ചു പരാതി പറഞ്ഞാല്‍ എന്നെ പഴിയ്ക്കരുത്. " കോണ്ട്രാക്ടര്‍ വാസു പിള്ള തന്റെ ഭാഗം ന്യായീകരിച്ചു.
"എടൊ വാസു, കമ്മ്യുണിസം എല്ലാം പ്രസംഗിച്ചു നടക്കാന്‍ കൊള്ളാം. സ്വന്തം കുടുംബത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാലേ , കുടുംബം കൊളം തോണ്ടും " - സഖാവ്
" സാര്‍ റേറ്റിന്റെ കാര്യത്തില്‍ എന്തിന്കിലും വിട്ടു വീഴ്ച ചെയ്തേ ഒക്കൂ. സ്ക്വയര്‍ ഫീറ്റിന് തൊള്ളായിരം രൂപ ഈ കാലത്ത് മുതലാവില്ല ഏമാനെ. " - വാസു പിള്ള.
"എപ്പോഴാനെടോ ഞാന്‍ തന്റെ സാറും ഏമാനും ഒക്കെ ആയതു? കാള്‍ മി സഖാവ്. ദാറ്റ് ഈസ് കോമ്രേഡ് പ്രഭാകരന്‍ ഓക്കേ? പിന്നെ റേറ്റിന്റെ കാര്യത്തില്‍ നോ മോര്‍ നെഗോഷിയേഷന്‍. സ്ക്വയര്‍ ഫീറ്റിന് തൊള്ളായിരം രൂപ മൂന്നു വട്ടം! "
"സഖാവെ ഇന്നലെ ആണ് കമ്പി വില കൂടിയത്. സിമെന്റിനും വില വര്‍ധിയ്ക്കാന്‍ സാധ്യത ഉള്ളതായി പറയുന്ന കേട്ടു. മണല്‍ ആണെങ്കില്‍ കിട്ടാനേ ഇല്ല. എന്തെങ്കിലും ഒരു ഇളവ്.... " - പിള്ളേച്ചന്‍ മുട്ടോളം കുനിഞ്ഞു.
" ഡോണ്ട് വറി പിള്ളേച്ചോ, ഞാന്‍ സഖാവ് കുഞ്ഞനന്തനോട് പറഞ്ഞോളാം. ഹി വില്‍ ക്ലിയര്‍ ദി മണല്‍ പെര്‍മിറ്റ് സൂണ്‍. നീ കണ്ടോ കമ്പിയും സിമെന്റുമെല്ലാം ഇനി വില കുറയാന്‍ പോകുന്നത്. നമ്മടെ ആള്‍ക്കാര് അല്ലയോ ഇപ്പൊ നാടു ഭരിയ്ക്കുന്നത്? "
"എന്തോന്ന് നമ്മടെ ആള്‍ക്കാരോ? സാറെപ്പോഴാ കോണ്‍ഗ്രെസ്സായത്? "
"എടൊ പിള്ളേച്ചോ, സംഗതി സ്വല്പം പ്രൈവറ്റ് ആണ് കേട്ടോ. ഒള്ളത് പറഞ്ഞാല്‍ അങ്ങ് കേന്ദ്രത്തില് സര്‍ദാര്‍ജി ഭരിയ്ക്കുന്നത് ആണ് നമ്മളെ പോലുള്ള ഇടത്തരക്കാര്‍ക്ക് മെച്ചം. പിള്ളേച്ചന്‍ ഒന്നിങ്ങടുത്തു വന്നെ (പിള്ളേച്ചന്റെ ചെവിയില്‍) എടൊ: ഞാനും ഇത്തവണ കൈയ്യിലാ കുത്തിയത്. ആരോടും പറഞ്ഞെയ്ക്കല്ലേ! "
"ദൈവമേ ഞാനെന്താണീ കേക്കുന്നത്? സഖാവ് പ്രഭാകരന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യേ? ഇതു വഞ്ചനയാണ് സഖാവെ. ഇതിലും ഭേദം അങ്ങ് താമരയ്ക്കു കുത്തുക ആയിരുന്നു." - വാസു പിള്ള കോണ്ട്രാക്ടര്‍ ആണെന്ന കാര്യം തല്‍കാലം മറന്നു.
"എടൊ, താന്‍ കോണ്ട്രാക്ടര്‍ ആയിട്ടു വര്ഷം എത്ര ആയി? - സഖാവ് പ്രഭാകരന്‍ സ്റ്റഡി ക്ലാസ്സ് ആരംഭിച്ചു.
" 5 വര്‍ഷത്തോളം ആയി സഖാവെ"
ഓക്കേ അതിന് മുന്പ് വെറും ഒരു കെട്ട് പണിക്കാരനായിരുന്നു താന്‍ കറക്റ്റ്?
യെസ് സര്‍!
"അതായതു നിര്‍മാണ മേഖലയിലെ മുന്നേറ്റം വെറുമൊരു കല്ലാശാരിയായ തന്നെ കോണ്ട്രാക്ടര്‍ വാസു പിള്ള ആക്കി, റൈറ്റ് ? ഒന്നു കൂടി തെളിച്ചു പറഞ്ഞാല്‍ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉടലെടുത്ത ആ ഒരു ബൂം തന്നെ പോലെ ഉള്ള അധകൃതരെ മെഗാ കോണ്ട്രാക്ടര്‍ പദവിയിലേയ്ക്ക് ഉയര്ത്തി. അമേരിയ്ക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ ആഗോള മാന്ദ്യത്തിന്റെ കെടുതികള്‍ അനുഭവിച്ചപ്പോഴും ഇന്ത്യന്‍ വിപണി കുലുങ്ങാതെ നിന്നതിനു ഞാനും താനുമൊക്കെ ഡോക്ടര്‍ സര്‍ദാര്ജിയ്ക്കും പരലോകം പൂകിയ നരസിംഹ റാവുവിനും നന്ദി പറയണം. "
"ഇതു നല്ല കഥ ! ഈയുള്ളവന്‍ ചോര നീരാക്കി അധ്വാനിച്ചു കോണ്ട്രാക്ടര്‍ ആയതിനു നരസിംഹ രാവുവിനോട് എന്തിന് നന്ദി പറയണം സഖാവെ ?"
" ആഗോള വത്കരണത്തിന് അനുകൂലമായ നിലപാടുകള്‍ നമ്മുടെ നാട്ടില്‍ വ്യാവസായിക അഭിവൃദ്ധി ത്വരിത പെടുത്തുവാന്‍ ഉപകരിച്ചു. വ്യാവസായിക പുരോഗതി വന്‍ കിട - ഇടത്തരം കച്ചവടക്കാര്‍ക്ക് അനുകൂലമായി ഭവിച്ചു. അത് തന്നെ പോലുള്ള ചെറു കിട കരാറുകാരനെ മെഗാ കോണ്ട്രാക്ടര്‍ പദവിയിലേയ്ക്ക് ഉയര്ത്തി. ഇന്ത്യയുടെ മിഡില്‍ ക്ലാസ്സ് ലോവര്‍ മിഡില്‍ ക്ലാസ്സ് കോണ്ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയോടു കടപ്പെട്ടിരിയ്ക്കുന്നു."
"ഇതു ശരിയല്ല സഖാവെ, ഒരേ സമയം രണ്ടു തോണിയില്‍ സഞ്ചരിയ്ക്കരുത്. അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അങ്ങ് കോണ്‍ഗ്രസില്‍ ചേര്ന്നു കൂടായോ? "
"ശ്ശെ മോശം! ഒരു കമ്മ്യുണിസ്റ്റ് കാരന്‍ കോണ്‍ഗ്രസില്‍ ചേരുകയോ? അതില്‍പ്പരം അപമാനം എന്തുണ്ട്? അപ്പര്‍ ക്ലാസ്സ് , മിഡില്‍ ക്ലാസ്സ്, ലോവര്‍ മിഡില്‍ ക്ലാസ്സ് ഈ വര്‍ഗങ്ങള്‍ കൂടാതെ ദരിദ്ര വാസികള്‍ എന്നൊരു എമ്പോക്കികള്‍ കൂടി ഉണ്ട് ഈ നാട്ടില്‍. അവറ്റകള്‍ ഉള്ള കാലത്തോളം ഞങ്ങളെ പോലുള്ള കമ്മ്യുണിസ്റ്റ് കാരും ഉണ്ടാവും. ഇതു പ്രകൃതി നിയമം. "
" ഓക്കേ സഖാവെ , അപ്പൊ അസ്ഥിവാരം പണി നാളെ മുതല്‍ തുടങ്ങിയാലോ? "
"നോ നോ നാളെ നല്ല കാര്യങ്ങള്‍ തുടങ്ങിവെയ്ക്കാന്‍ പാടാത്ത ദിവസമാ. മറ്റന്നാള്‍ രാവിലെ പത്തരയ്ക്ക് പൂജയ്ക്കുള്ള ഏര്‍പ്പാട് ചെയ്തോളൂ. അപ്പ് ടു മോണിംഗ് ടെന്‍ തെര്‍ട്ടി ഇറ്റ് ഈസ് യമ കണ്ട കാലം....."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ