തറവാട് വീതം വെച്ചതിന്റെ വകയില്‍ ഒരു നാലഞ്ച് ലക്ഷം രൂപ വീടിലെ അലമാരയില്‍ വന്നത് മുതല്‍ മനസ്സിന്റെ സമാധാനം നഷ്ടപ്പെട്ടിരിയ്ക്കുക ആയിരുന്നു. പണം ബാങ്കില്‍ നിക്ഷേപിയ്ക്കണോ, സ്വര്‍ണം വാങ്ങണോ, ഒന്നും തീരുമാനിയ്ക്കാന്‍ പറ്റുന്നില്ല. "ഡോണ്ട് കീപ് സച്ച് ഹ്യുജ് അമൌണ്ട് ഐഡില്‍ യാര്‍. ബെറ്റര്‍ ഇന്‍വെസ്റ്റ് ഇന്‍ സം ഷയെര്സ്" ഓഹരി ചന്തയില്‍ കാള ഓട്ടം സ്വപ്നം കാണുന്ന കൂട്ടുകാരന്റെ ഉപദേശം സ്വീകരിയ്ക്കാന്‍ ധൈര്യം പോരായിരുന്നു. "ഒരു റൂമും തുറന്നു, കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍ പുള്ലെയും അവിടെ ഇരുത്തി ഒരു "ഇന്ദ്രന്‍സ് ഫിനാന്‍സ് " തുടങ്ങരുതോ? ജനങ്ങളുടെയില്‍ എത്ര പൈസ വന്നാലും കടം വാങ്ങാന്‍ ദരിദ്ര വാസികള്‍ പിന്നെയും ഉണ്ടാവും." ബ്ലേഡ് ബാലേട്ടന്റെ അഭിപ്രായം തള്ളികളയാന്‍ രണ്ടാമതൊന്നു ആലോചിയ്ക്കേണ്ടി വന്നില്ല. നാണമില്ലാത്ത കുറെ നാറികള്‍ക്ക് കൊള്ള പലിശയ്ക്കു പൈസ കടം കൊടുക്കുക, തിരിച്ചു തന്നില്ലെങ്കില്‍ കൊട്ടേഷന്‍ സംഘത്തെ നിയമിയ്ക്കുക, സിനിമ സ്റ്റൈലില്‍ പൈസ തിരിച്ചു വാങ്ങുക. ആലോചിയ്ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു. കൊട്ടേഷന്‍ എന്ന വാക്കിനു അര്‍ഥങ്ങള്‍ പലതാണ് എന്ന് ഈയിടെ ആണ് മനസ്സിലായത്.
"മണ്ണിലും പൊന്നിലും പൈസ ഇന്‍വെസ്റ്റ് ചെയ്താല്‍ നഷ്ടമാവില്ല എന്ന് പഴമക്കാര്‍ പറയും. റിയല്‍ എസ്റ്റേറ്റ് പോലെ വേറൊരു ബിസിനസ്സ് ചിന്തിയ്ക്കയെ വേണ്ട. സ്ഥലം ഒന്നും കിട്ടാനേ ഇല്ല സാറേ പഴയ പോലെ. ഒക്കെ അച്ചായന്മാരും കാക്കാന്മാരും കൈ അടക്കി വെച്ചിരിയ്ക്കയാണ്" . ഒരു രഹസ്യം പറയുന്ന പോലെ ആയിരുന്നു ബ്രോക്കര്‍ ഗോപാലന്‍റെ വെളിപ്പെടുത്തല്‍. സാറ് റെഡി ആയി ഇരിയ്ക്ക്. നാളെ രാവിലെ ഞാന്‍ വണ്ടിയുമായി വരാം. ഒരു സൂപ്പര്‍ സ്ഥലം ഉണ്ട്. നമുക്കൊന്ന് പോയി മുട്ടി നോക്കാം, കുറച്ചു കുന്നിന്‍ പുറത്താനെന്നൊരു ദോഷമേയുള്ളൂ. ന്താ? മറുപടിയ്ക്ക് കാക്കാതെ ഗോപാലന്‍ പടിയിറങ്ങി പോയി.
കൃത്യം പത്തു മണിയ്ക്ക് തന്നെ ഗോപാലന്‍ എത്തി. "എ സി കാര്‍ തന്നെ ആവാമെന്ന് കരുതി. സാറിന്‍റെ പദവിയും നോക്കേണ്ടേ സര്‍" . എ സി കാറുമായി വന്നതിനു ഗോപാലന്‍ സ്വയം ന്യായീകരണം കണ്ടെത്തി. ഗോപാലന്റെ മോട്ടോര്‍ സൈക്കിളില്‍ സ്ഥലം സന്ദര്‍ശിയ്ക്കാന്‍ പുറപ്പെട്ടു ഒരുങ്ങിയ ഞാന്‍ എത്ര മണ്ടന്‍!
ടാറിടാത്ത പഞ്ചായത്ത് പാതയിലൂടെ വെളുത്ത അംബാസിഡര്‍ കാര്‍ മണി സൌധങ്ങളും ഓടിട്ട പഴയതും പുതിയതും ആയ വീടുകളും പിന്നിട്ടു ശബ്ദ ഘോഷത്തോടെ മുന്നോട്ടു നീങ്ങി. കഷ്ടിച്ച് ഒരു കാറിനു പോകാന്‍ മാത്രം വീതിയുള്ള റോഡിലൂടെ കാര്‍ ഇഴഞ്ഞിഴഞ്ഞു മുകളിലോട്ട് കയറി. ഭൂ മാഫിയയുടെ ഇടപെടല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ചു ബ്രോക്കര്‍ ഗോപാലന്‍ യാത്രയിലുടനീളം വാചാലനായി. കുന്നിന്‍ പുറം നിരപ്പായ പ്രതലത്തിനു വഴി മാറി. ചുവന്ന താമരപ്പൂക്കളാല്‍ സമൃദ്ധമായ ഒരു പരന്ന കുളത്തെ അഭിമുഖീകരിച്ചു നില്ക്കുന്ന ഒരു പഴയ ഓടിട്ട വീട്ടിനു മുന്‍പില്‍ കാര്‍ നിന്നു. തെങ്ങുകളും മാവും പ്ലാവും എല്ലാം അടങ്ങിയ ഒരു മനോഹര ഭവനം. "സിനിമ ഷൂട്ടിംഗ് അടിയ്ക്കടി ഇവിടെ ഉണ്ടാവാറുണ്ട്. മോഹന്‍ ലാലും മമ്മൂട്ടിയും ഷക്കീല ചേച്ചി യുമെല്ലാം നീരാടിയ കുളമാണ് ഈ കാണുന്നത്." ഗോപാലന്‍ ഈ വീട് എന്നെ കൊണ്ടു വാങ്ങിപ്പിച്ചേ അടങ്ങു എന്ന് തോന്നി. കൊത്തു പണികളാല്‍ ആകര്‍ഷകമാക്കിയ ജനലുകളും വാതിലുകളും. പഴയ രാജവംശത്തിലെ രാജാക്കന്മാരുടെ ചിത്രങ്ങളാല്‍ അലംകൃതമായ മുറികള്‍. "മണി ചിത്ര താഴിലെ" "ഒരു മുറൈ വന്ത് പാത്തായ " രംഗം അനുസ്മരിപ്പിയ്ക്കുന്ന ഒരു മാടം പള്ളി മാതൃക വീട്.
"സിനിമ ഫീല്‍ഡിലെ ശ്ശി ആളുകളെയും ഈ വീട് വാങ്ങിയാല്‍ സാറിന് അറിയാന്‍ പറ്റും. ഈ വീട്ടില്‍ ഷൂട്ട് ചെയ്ത പടങ്ങള്‍ സൂപ്പര്‍ ഹിറ്റ് ആയി എന്നാണ് പൊതുവെ സംസാരം. വേറൊരു രഹസ്യം കൂടി: സാറ് വല്ലപ്പോഴും തനിയെ ഇങ്ങോട്ട് വരുമ്പോള്‍ ഒരുച്ച നേരത്ത് ആ ജനലില്‍ കൂടി കുളം നോക്കി അങ്ങോട്ട് ഇരുന്നാല്‍ മതി. സമയം പോണത് അറിയില്ല. നല്ല നാടന്‍ചേച്ചി മാര്‍ പള്ളി നീരാടാന്‍ വരുന്ന സമയം ആണ് നട്ടുച്ച, ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! ഏത്?" ബ്രോക്കര്‍ ഗോപാലന്റെ വാചകമടിയില്‍ വീഴാത്തവരാരുമില്ല എന്ന് പറഞ്ഞതു എത്ര ശരി!
"സ്വപ്ന ഗൃഹത്തില്‍ " നിന്നും തിരിയ്ക്കുംബോഴെയ്ക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു. അരണ്ട വെളിച്ചത്തില്‍ കാര്‍ മെല്ലെ മെല്ലെ താഴോട്ടു ഇറങ്ങി. ഇടുങ്ങിയ റോഡിനു ഇരുവശവും അമ്പതടി ഓളം താഴ്ച ഉള്ള കൊക്ക ആണ്. പെട്ടെന്നാണ് അത് സംഭവിച്ചത്. മുന്നില്‍ അപ്രതീക്ഷിതമായി വന്നു പെട്ട ഒരു കാട്ടു പൂച്ചയെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ ഡ്രൈവര്‍ വണ്ടി പെട്ടെന്ന് വെട്ടിച്ചു. അടുത്ത നിമിഷം തന്നെ കാര്‍ കൊക്കയിലേക്ക് വലിയ ശബ്ദത്തോടെ മറിഞ്ഞു. മമ്മൂട്ടിയും മോഹന്‍ ലാലും താമര കുളത്തില്‍ നീന്തി തുടിയ്ക്കുന്ന നാടന്‍ സൌന്ദര്യ ധാമങ്ങളും ഒരു നിമിഷം മനസ്സിലൂടെ ഓടി മറഞ്ഞു.
ഐ സി യു വിലും മറ്റുമായി നഗരത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എട്ടു മാസത്തോളം ചിലവഴിച്ചു. ബ്രോക്കര്‍ ഗോപാലന്റെയും വണ്ടിക്കാരന്റെയും ചികിത്സ ചെലവ് "ധനവാന്‍" ആയ ഈയുള്ളവന്റെ കണക്കില്‍ പോയി.
ഇപ്പോള്‍ നല്ല മനസ്സമാധാനം ആണ്: ജീവന്‍ തിരിച്ചു കിട്ടിയതിലും, അലമാരയിലെ തറവാട് ഓഹരി ആശുപത്രിയില്‍ ചിലവഴിച്ചതിലും. ചുമ്മാതല്ല ചങ്ങംപുഴ പാടിയത്: ഒന്നുമില്ലാത്തവന്‍ ഒന്നുമില്ലാത്തവന്‍ മണ്ണില്‍ അവനത്രെ ഭാഗ്യ ശാലി!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ