കുമാരന്റെ ചായക്കട സ്റ്റോപ്പില്‍ ബസ്സിറങ്ങിയപ്പോള്‍ മഴ തിമര്‍ത്തു പെയ്യുക ആയിരുന്നു. വര്‍ഷങ്ങളായി ഇത് പോലൊരു മഴ കണ്ടിട്ടും, കൊണ്ടിട്ടും. ഇതു പോലെ ഒരവസരം ഇനി കിട്ടിയെന്നു വരില്ല. മഴ കൊള്ളുക തന്നെ. മഴത്തുള്ളികളുടെ ശക്തമായ പ്രഹരം ശരീരത്തില്‍ സുഖകരമായ വേദന ഉളവാക്കി. മൂന്നു ദിവസം നീണ്ട തീവണ്ടി യാത്രയിലെ ക്ഷീണവും ശരീരത്തിലെ ദുര്‍ഗന്ധവും പേമാരിയുടെ നിഷ്കരുണമായ വൃഷ്ടിയില്‍ എങ്ങോ പോയി ഒളിച്ചു. നീണ്ട എട്ടു വര്‍ഷത്തിനു ശേഷമുള്ള അപ്പുവിന്റെ നാട്ടിലോട്ടുള്ള യാത്ര കര്‍ക്കിടകത്തിലെ കനത്ത മഴ കണ്ടും കൊണ്ടും ആസ്വദിയ്ക്കാനും കൂടി ആയിരുന്നു.
എട്ടു വര്‍ഷം കൊണ്ടു നാട്ടില്‍ വന്ന മാറ്റം അപ്പുവിനെ അത്ഭുതപ്പെടുത്തി. കുമാരന്റെ ചായക്കട സ്ഥാനത്ത് കുമരന്സ് അസ്ട്രോലോജിയ്ക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന വലിയ ബോര്‍ഡ് സ്ഥാനം പിടിച്ചിരിയ്ക്കുന്നു. താഴെ രണ്ടു മൊബൈല്‍ നമ്പറും. ചായകടയുടെ മറവില്‍ ചാരായ വാറ്റും ചാത്തന് സേവയും നടത്തിയ കുമാരന് ഇപ്പോള്‍ സ്ഥലത്തെ അറിയപ്പെടുന്ന ജ്യോതിഷി ആണ്. മുന്‍കൂട്ടി അപ്പോയിന്മേന്റ്റ് എടുക്കാതെ കുമാരനെ കാണാന്‍ അനുവാദമില്ല പോലും. കലികാലം!
മര്‍ദിത ജനതയുടെ ആശ കേന്ദ്രമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓല കൊണ്ടും മുള കൊണ്ടും തീര്‍ത്ത ബസ്സ് സ്റ്റോപ്പിനു സമീപത്തുണ്ടായിരുന്ന പാര്‍ട്ടി ഓഫീസ് ഒരു രണ്ടു നില കോണ്‍ക്രീറ്റ് സൌധം ആയി സ: പി കൃഷ്ണ പിള്ള മന്ദിരം എന്ന പേരില്‍ തല ഉയര്‍ത്തി നില്ക്കുന്നു. പാര്‍ട്ടി ഓഫീസിലെ വെളിച്ചം എത്തി നോക്കാന്‍ മടിയ്ക്കുന്ന മുറിയിലെ കാലൊടിഞ്ഞ ബെഞ്ചിലിരുന്നു ദേശാഭിമാനിയും ചിന്ത വാരികയും അരിച്ചു പെറുക്കി ഇരുന്ന സ: കുള്ളന്‍ ബാലേട്ടന് അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നും നിഷ്കാസിതനായെന്നു കേട്ടു.
"ഇതാരാത്? ഞമ്മന്റെ കളത്തിലെ കുട്ട്യേല്ലേ? ഇങ്ങിട്ടു വാ കുട്ട്യേ. മഴ ഒന്നു ഒതുങ്ങട്ടെ, ന്നിട്ട് പോക്കൊളിന്‍! " പണ്ടു വീട്ടില്‍ ജോലിയ്ക്ക് വന്നിരുന്ന കല്യാണി യുടെ സ്നേഹത്തോടെയുള്ള ക്ഷണം നിരസിയ്ക്കാന്‍ തോന്നിയില്ല. "മുഴോന്‍ നനഞ്ഞൂലോ. ഈ തോര്‍ത്ത് കൊണ്ടു തല അങ്ങിട് തോര്ത്വ. പനീം കൊരേം വന്നാല്‍ പിന്നെ ഇശ്ശി കഷ്ടാവും കുട്ട്യേ". ചുവന്ന കളറിലുള്ള കോടി മണമുള്ള തോര്‍ത്ത് കൊണ്ടു തലയിലെ വെള്ളം തോര്‍ത്തി. കല്യാണി ക്ഷണ നേരത്തില്‍ ഉണ്ടാക്കി തന്ന കടുപ്പം കുറഞ്ഞ ചായ, ഭംഗിയില്ലാത്ത സ്റ്റീല്‍ ഗ്ലാസില്‍ ഊതി കുടിയ്ക്കവേ കല്യാണിയുടെ മകള്‍ ദേവകിയും താനും വര്‍ഷങ്ങള്‍ക്കു മുമ്പ് മഴയുടെ മറവില്‍ മഥിച്ചു ഉല്ലസിച്ച മദാലസ രാത്രികള്‍ ഒരു ഫ്ലാഷ് ബാക്ക് പോലെ അപ്പു ഓര്‍ത്തു. ചോര തുടിയ്ക്കുന്ന യൌവ്വനത്തിന്റെ മലവെള്ള പാച്ചിലില്‍ സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ മധുര പതിനേഴിന്റെ മാസ്മരിക വീഞ്ഞ് നുകരാന്‍ ദേവകിയ്ക്കും തന്നെ പോലെ തന്നെ കൊതിയാണെന്ന് അവളുടെ സമയത്തും അസമയത്തും ഉള്ള വരവ് തന്നെ സാക്ഷി ആയിരുന്നല്ലോ.
"ദേവൂ നു ഇപ്പൊ കുട്ട്യോള് മൂന്നായി. മൂത്തവന് രണ്ടില്‍ പഠിയ്ക്കുന്നു. പിന്നെ ഒരെണ്ണം ഒന്നിലും. ഇളയതിന് ഈ ചിങ്ങത്തില് രണ്ടു വയസ്സാവും. " അപ്പു ചോദിയ്ക്കാതെ തന്നെ കല്യാണി ദേവകിയെ കുറിച്ചു പറഞ്ഞു. താനും ദേവൂം തമ്മിലുള്ള ബന്ധം മറ്റാരിലും ഉപരി അറിയുന്നതും കല്യാണി മാത്രമായിരുന്നല്ലോ. മഴ ഒന്നു ശമിച്ചു. "ഞാന്‍ ഇറങ്ങ്വ ഏടത്ത്യെ! പിന്നെ കാണാം. ദേവൂനോട് അന്വേഷണം പറയൂ.
" ശരി കുട്ട്യേ, ഇനി എപ്പെഴാ കുട്ടി പോണത്? " " അടുത്ത ആഴ്ച"
"അപ്പു വരുണൂ പറയുന്ന കേട്ടു. വിശേഷം ഒന്നും ഇല്ലാലോ? " വീടിന്റെ അയല്കാരി ടീച്ചര്‍ സരസമ്മ ആണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമാ താരം ഉണ്ണി മേരി കണക്കെ അണിഞ്ഞൊരുങ്ങി സ്കൂളില്‍ പോകുന്ന ടീച്ചറെ അവര്‍ കാണാതെ എത്ര തവണ നോക്കി നിന്നിരിയ്ക്കുന്നു. സര്‍വീസില്‍ നിന്നും രണ്ടു കൊല്ലം മുമ്പ് വിരമിച്ചു പോലും. കാലം ടീച്ചറുടെ ശരീരത്തിലും വരുത്തിയ മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
" എത്ര ദിവസത്തെ ലീവ് ഉണ്ട് അപ്പൂനു? " എല്ലാവര്ക്കും എപ്പോഴാണ് തിരിച്ചു പോകുന്നത് എന്നറിയാന്‍ ആണ് തിടുക്കം. ആവുന്നതും വേഗം പോയി കൊള്ളാമേ ..... എന്ന് പക്ഷെ പറഞ്ഞില്ല.അമ്മയും സഹോദരങ്ങളും വീടൊഴിഞ്ഞു പോയിട്ട് വര്‍ഷങ്ങളായി. പെങ്ങളും അളിയനും വല്ലപ്പോഴും വന്നൊന്നു എത്തി നോക്കിയിട്ട് പോകും. ജീവിത സാഗരത്തിലെ ദിശാബോധം നഷ്ടപെട്ട പ്രയാണത്തില്‍ വിധി കൂടെ പിറപ്പുകളെ ഒന്നൊന്നായി അപഹരിച്ചപ്പോള്‍ മൃത്യുഞ്ജയ ഹോമങ്ങളും ശത്രു സംഹാര പുജകളും പാഴ്വേലകള് ആണെന്ന തിരിച്ചറിവ് ജനിച്ച നാടിനോട് വിട ചൊല്ലാന്‍ അപ്പുവിനു പ്രേരണ ആവുക ആയിരുന്നു. ഡിറ്റക്ടീവ് കഥകളിലെ പ്രേത ബാധയുള്ള വീട് പോലെ വീടിന്റെ പ്രധാന കവാടം ഒരു ഞെരക്കത്തോടെ തുറന്നു. ചിതല് പിടിച്ച വാതില്‍ പാളികളും മാറാല ചുറ്റിയ ചുവരുകളും അപ്പുവിനെ പക്ഷെ തെല്ലും അസ്വസ്ഥനാക്കിയില്ല. താന്‍ ജനിച്ചു വളര്‍ന്ന, തന്റെ ജീവിതത്തിന്റെ മധുര സ്മരണകള്‍ ഉറങ്ങുന്ന ഈ ഭാര്‍ഗവി നിലയത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പു എന്ന ചക്രവര്‍ത്തിയും ദേവു എന്ന ചക്രവര്‍ത്തിനിയും വിശുദ്ധ പ്രേമത്തിന്റെ എത്ര എത്ര സുന്ദര സാമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്തില്ല!. ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ ഭൂത പ്രേത പിശാചുക്കളെ നിങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധം!
ലുങ്കിയും ഉടുത്തു തോര്‍ത്ത് തലയില്‍ കെട്ടി തനി നാട്ടിന് പുറത്തു കാരനായി തോടുവക്കത്തെയ്ക്ക് നടന്നു. പണ്ടു, ഇരു കര കവിഞ്ഞു കടുപ്പമുള്ള ചായയുടെ നിറത്തോടെ ചെളിയും പതയും നുരയുമായി ലക്ഷ്യമില്ലാതെ ഒഴുകുന്ന തോട്ടില്‍ കൂട്ടുകാരും ഒത്തു മണിയ്ക്കൂരുകളോളം നീന്തി രസിയ്ക്കുമായിരുന്നു. തോട്ടിനു ഇരു വശവും വളര്‍ന്നു നില്ക്കുന്ന കൈത ചെടികളുടെ മറവില്‍ ഇരുന്നു നീരാടുവാന്‍ വരുന്ന നാടന്‍ തരുണീ മണികളുടെ സൌന്ദര്യം ആസ്വദിച്ച് ഇരുട്ടുവോളം തോട്ടില്‍ ചെലവഴിയ്ക്കും...... മച്ച് വാട്ടര്‍ ഹാസ് ഫ്ലൌന്‍ ഡൌണ്‍ ദി തോട് സിന്‍സ് ദെന്‍!
മുങ്ങി കുളിച്ച കാലം മറന്നു. കൊതി തീരുവോളം മുങ്ങി. എന്തൊരു നവോന്മേഷം! ഏതൊരു ഗംഗയ്ക്കും ഏതൊരു പദ്മ തീര്ത്തത്തിനും പ്രദാനം ചെയ്യാന്‍ പറ്റാത്ത നവോന്മേഷം. കുളിച്ചു കയറുമ്പോള്‍ എതിരെ വന്ന യുവതി പരിചയ ഭാവത്തോടെ ചിരിച്ചു. "അപ്പു ഏട്ടന് ഞങ്ങളെ ഒക്കെ മറന്നു തോന്നുന്നു. ... താഴത്തെ വീട്ടിലെ മാലിനി ആണ് ഞാന്‍. എന്റീശ്വരാ! ഈ പെണ്ണുങ്ങളുടെ വളര്‍ച്ച എത്ര പെട്ടെന്നാണ്? "താരുണ്യ വേഗത്തില്‍ വധൂ ജനങ്ങള്‍ പിന്നിട്ടിടുന്നു പുരുഷ വൃജത്തെ, മരം തളിര്‍ക്കാന്‍ തുടരുംബോഴെയ്ക്കും ഒപ്പം മുളചീടിന വല്ലി പൂത്തു!" നാലപ്പാട്ട് നാരായണ മേനോന് ഒരു പക്ഷെ ഈ മാലിനിമാരെ ഉദ്ദേശിച്ചു ആവാം പണ്ടു പാടിയത്.
"ലീവ് എത്ര ഉണ്ട് അപ്പു ഏട്ടന്?" ...... പ്രവാസിയുടെ വരവില്‍ അവളും തൃപ്ത അല്ല.
പഴയ കൂട്ടുകാര്‍ എല്ലാവരും നാട്ടില്‍ തന്നെ ഉണ്ടെന്നാണ് അറിഞ്ഞത്. ഓരോരുത്തര്‍ക്കായി ഫോണ്‍ ചെയ്തു. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ വലിയ ആവേശം ആയിരിയ്ക്കും എന്നാണ് കരുതിയത്. അവിടെയും തനിയ്ക്ക് തെറ്റി. എല്ലാവരും വലിയ തിരക്കുള്ളവര്‍. കൂട്ടുകാരന് വേണ്ടി ഒരു സായാഹ്നം ചിലവഴിയ്ക്കാന്‍ ആര്‍ക്കും സമയം ഇല്ലാ പോലും. എല്ലാവര്ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം: അപ്പു എപ്പോഴാണ് പോകുന്നത്?!
നാളികേരത്തിന്റെ നാട്ടില്‍ നഷ്ടപ്പെട്ട് പോകുന്ന വേരുകള്‍ തേടിയിറങ്ങിയ മറുനാടന്‍ മലയാളിയുടെ മനോവിഷമം അപ്പു തിരിച്ചറിയുക ആയിരുന്നു. ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത കുശലാന്വേഷണങ്ങളും ക്രിതൃമത്വം മുഴച്ചു നില്ക്കുന്ന സ്നേഹ പ്രകടനങ്ങളും അവനെ അസ്വസ്ഥനാക്കി. വീട് പൂട്ടി താക്കോല്‍ ടീച്ചറെ ഏല്പിച്ചു ധൃതിയില്‍ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ തണുത്ത കാറ്റു ആഞ്ഞു വീശി. കള്ള കര്‍ക്കിടകത്തിലെ വീണ്ടും ഒരു മഴ നനയതിരിയ്ക്കാന്‍ അപ്പു വേഗത്തില്‍ നടന്നു.....
ബുധനാഴ്ച, സെപ്റ്റംബർ 09, 2009
കള്ള കര്‍ക്കിടകം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
Devaaaaa,
Kadha valare nannayittundu. Ethu nammude manappadom story aanodo?
Anyway I like it. Thudarnnum ezhuthuka. All the best.
regards,
Prakasan Muthu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ