ശനിയാഴ്‌ച, സെപ്റ്റംബർ 19, 2009

മൂന്നാമത്തെ പെഗ്

"എടോ, തണ്ണി പാര്ട്ടി രാത്രി എട്ടു മണിയ്ക്കാണ്. എന്റെ വീട്ടിന്റെ ടെറസ്സില്‍ തന്നെ. ഇനി മറന്നു പോയി എന്ന് പറയരുത്." കൂട്ടുകാരന്‍ ഒരിയ്ക്കല്‍ കൂടി ഓര്മ പെടുത്തി. തണ്ണി പാര്ട്ടി മറക്കുകയോ, അതും ഞാന്‍. അതിന് ഇനി നാലു ജന്മം ജനിയ്ക്കണം. "എട്ടേ ഒന്നിന് ഞാന്‍ തന്റെ വീടിന്റെ ടെറസ്സില്‍ ഉണ്ടാവും. യു ഡോണ്ട് വറി മൈ ഡിയര്‍! "

ഏകദേശം രണ്ടാഴ്ച മുന്പ് ഉറ്റ സുഹൃത്തിന്റെ ദാരുണമായ അന്ത്യത്തിന് ശേഷം വാരാന്ത്യ മദ്യപാനത്തിന് ഒരു താത്കാലിക വെടി നിര്‍ത്തല്‍ ഏര്‍പ്പെടുത്തി ഇരിയ്ക്കുക ആയിരുന്നു. അമിതമായി മദ്യം കഴിച്ചു രാത്രി ബൈക്കില്‍ യാത്ര ചെയ്യവേ ഹൈ വേ യിലെ വാഹന അപകടത്തില്‍ രക്തത്തില്‍ കുളിച്ചു കിടന്ന പ്രിയ തോഴനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതിന്റെ നാലാം നാള്‍ പുലര്‍ച്ചെ മരണം കീഴടക്കുക ആയിരുന്നു. കൂട്ടുകാരന്റെ അപ്രതീക്ഷിതമായ വിട വാങ്ങല്‍ ഞങ്ങളുടെ കുടി കമ്പനിയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കി. തന്റെ അന്ത്യ നിമിഷങ്ങളും കാത്തു രോഗ ശയ്യയില്‍ കിടക്കവേ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങള്‍ അവന്‍ അവ്യക്തമായ സ്വരത്തില്‍ പുലമ്പി. മദ്യം കഴിച്ചാല്‍ തന്നെ മൂന്നു പെഗ്ഗില്‍ കൂടുതല്‍ കഴിയ്ക്കില്ലെന്ന് വാക്ക് കൊടുക്കാന്‍ ആ നിര്‍ജീവ അവസ്ഥയില്‍ അവന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ഗത്യന്തരം ഒന്നും ഇല്ലാതെ അവന്റെ അവസാന അഭിലാഷത്തിനു വഴങ്ങുക ആയിരുന്നു.

കൃത്യം എട്ടേ മുപ്പതിന് പാര്ട്ടി ആരംഭിച്ചു. ഇഹലോക വാസം വെടിഞ്ഞ ചങ്ങാതിയ്ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രഥമ റൌണ്ട് തുടങ്ങിയത്. സോഡാ, കോള, വെള്ളം, ഒന്നും വേണ്ടാത്ത വൃത്തിക്കാര്‍ (നീറ്റ്‌) അങ്ങനെ ഒന്നാം രംഗം തിരശ്ശീല വീണു. ആദ്യത്തെ റൌണ്ട് കഴിഞ്ഞാല്‍ എന്റെ ഗ്ലാസ്‌ നിന്റെ ഗ്ലാസ്‌ എന്നൊന്നും ഇല്ല. എല്ലാ ഗ്ലാസും എല്ലാവരുടെതും ആണ്. ചൈനയില്‍ കൂടി കാണാത്ത സമ്പൂര്‍ണ സോഷ്യലിസം! ജാപ്പനീസ് പഴമൊഴിയിലെ യു ടേക്ക് ലിക്കര്‍ സ്റ്റേജ് അവസാനിച്ചു. ഇനി ലിക്കര്‍ ടേക്ക് ലിക്കര്‍ ആണ് രണ്ടാം സ്റ്റേജ്. നാറാണത്ത്‌ ഭ്രാന്തനും വാതാപിയും പതുക്കെ രംഗ പ്രവേശം ചെയ്യുന്ന സീന്‍ നമ്പര്‍ ടു. രാവിലെ മുതലേ വയര്‍ കാലി ആയിരുന്നതിനാല്‍ ആവണം തലയ്ക്കു മത്തു പെരുത്ത്‌ കയറാന്‍ തുടങ്ങിയിരുന്നു. മദ്യം, മഹിഷം, മരച്ചീനി ത്രയങ്ങളുടെ മഹത്തരമായ കോമ്പിനേഷന്‍ മനുഷ്യന്റെ മജ്ജയിലും മാംസത്തിലും മനസ്സിലും ഉള്‍പ്പുളകം സൃഷ്ടിയ്ക്കുന്ന മാന്ത്രിക ലോകത്തേയ്ക്ക് ഞാന്‍ പറന്നു പറന്നു പൊങ്ങുക ആയിരുന്നു. ലഹരിയുടെ ഏതോ ദിവ്യ യാമത്തില്‍ മൂന്നാമത്തെ പെഗ്ഗിനെ ഞാന്‍ ആശ്ലേഷിച്ചപ്പോള്‍ വാതാപി പാടുന്ന നാറാണത്ത്‌ ഭ്രാന്തന്മാരുടെ ആരവം അടുത്ത് നിന്നാണെങ്കിലുംഅകലെ നിന്നും മുഴങ്ങുന്നത് പോലെ അനുഭവപ്പെട്ടു. അതെ. ജാപ്പനീസ് പഴമോഴിയിലെ തേര്‍ഡ് സ്റ്റേജ് : ലിക്കര്‍ ടേക്ക് യു സ്ഥിതിയിലേയ്ക്ക് ഞാന്‍ എത്തിയിരുന്നു. മദ്യം എന്നെ പൂര്‍ണമായി ഏറ്റെടുത്തു.

മദിരാ ചഷകങ്ങള്‍ കാലിആയി കൊണ്ടിരുന്നു. തേനീച്ച (ഹണീ ബീ ബ്രാണ്ടി) കുത്തിയ നാറാണത്ത്‌ ഭ്രാന്തന്മാര്‍ വാതാപിയെ ഉപേക്ഷിച്ചു കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവേശപൂര്‍വ്വം സ്തുതിയ്ക്കയാണ്. ലഹരി-ഭക്തി സാന്ദ്രമായ സുവര്‍ണ നിമിഷങ്ങളില്‍ എപ്പോഴോ ഞാന്‍ അന്തരിച്ച കൂട്ടുകാരന് നല്കിയ വാക്ക് തെറ്റിച്ചു. നാലാമത്തെ പെഗ്, അഞ്ചാമത്തെ പെഗ്..... ആറാമത്തെ പെഗ്.... ക്ഷമിയ്ക്കുക എന്റെ പ്രിയ തോഴാ...

വീടിലെത്തി മയക്കു വെടിയേറ്റു വീണ മദയാനയെ പോലെ കിടക്കയിലേയ്ക്ക് വീണു. ഒരു മണിയ്ക്കൂര്‍ കഴിഞ്ഞിരിയ്ക്കില്ല. മൊബൈല് റിംഗ് കേട്ടു ആണ് ഉണര്‍ന്നത്. ശല്യം! ഏത് കുരുത്തം കെട്ടവനാണ് ഈ അസമയത്ത് വിളിച്ചു ബുദ്ധിമുട്ടിയ്ക്കുന്നത്? പാതി തുറന്ന കണ്മിഴികളോടെ വന്ന നമ്പര്‍ ശ്രദ്ധിച്ചു. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. ശരീരം അടിമുടി വിറയ്ക്കുന്നു. രക്തത്തില്‍ കുളിച്ചു ഹൈ വേയില്‍ കിടന്ന കൂട്ടുകാരന്റെ വികൃതമായ മുഖം മൊബൈല് സ്ക്രീനില്‍ തെളിഞ്ഞു. അശരീരി പോലെ അവന്റെ ശബ്ദം മുറിയില്‍ പ്രകമ്പനം കൊണ്ടു: " വഞ്ചകാ... നീ എനിയ്ക്ക് തന്ന വാക്കു പാലിച്ചില്ല. നിനക്കു മാപ്പില്ല.." അരൂപി ആയ അവന്റെ ബലിഷ്ടമായ കൈകളില്‍ എന്റെ കഴുത്ത് ഞെരിഞ്ഞു അമര്‍ന്നു.......എന്റെ തൊണ്ടയില്‍ നിന്നും നേരിയ ആര്‍ത്ത നാദം പുറത്തേയ്ക്ക് വന്നു.......

കിടക്കയില്‍ നിന്നും ഞാന്‍ തെറിച്ചു നിലത്തു വീണു. ഭയാനകമായ സ്വപ്നത്തിന്റെ ഞെട്ടലില്‍ ശരീരം വിയര്‍ത്തു കുളിച്ചു. രക്ത പങ്കിലമായ സുഹൃത്തിന്റെ വികൃതമായ മുഖം മുറിയില്‍ എന്നെ നോക്കി അട്ടഹസിയ്ക്കുന്നതു പോലെ ........

വിറയ്ക്കുന്ന കൈകളോടെ അലമാര തുറന്നു ബ്രാണ്ടി കുപ്പി എടുത്തു പുറത്തു വെച്ചു.... ഏഴാമത്തെ പെഗ് ഒഴിയ്ക്കാന്‍ ഗ്ലാസ്സിനായി ഞാന്‍ അടുക്കളയിലോട്ട്‌ നടന്നു. ഉറയ്ക്കാത്ത കാല്‍വെപ്പോടെ....

അഭിപ്രായങ്ങളൊന്നുമില്ല: