"പന്നി പനി എങ്ങാനും ഉണ്ണിമോന് പിടി പെട്ടാല്‍ തന്റെ പ്രതീക്ഷകളെല്ലാം താളം തെറ്റും എന്നായിരുന്നു ചേട്ടന്റെ ഭയം. രാമന്‍ കുട്ടിയുടെ പത്നി സിന്ധു തുടര്‍ന്നു. ദിവസം ചുരുങ്ങിയത് ഇരുപതു തവണ എങ്കിലും കൈ കഴുകി തുടയ്ക്കും, മോനെയും എന്നെയും കൂടെ കൂടെ കൈ കഴുകാന്‍ നിര്‍ബന്ധിയ്ക്കും. അപ്പോഴും അസ്വാഭവികം ആയി ഒന്നും തന്നെ ഞങ്ങള്ക്ക് തോന്നിയില്ല ഡോക്ടര്‍" - സിന്ധു രാമന്‍ കുട്ടി നെടുവീര്‍പ്പിട്ടു.
" എപ്പോള്‍ മുതല്‍ ആണ് രാമന്കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയത്? തന്റെ നരച്ചു തുടങ്ങിയ താടി തടവി കൊണ്ടു മനശ്ശാസ്ത്ര ഡോക്ടര്‍ ജേക്കബ് കുരുവിള ചോദിച്ചു.
" നാഷണല്‍ ടാലെന്റ്റ് സേര്‍ച്ച് പരീക്ഷയുടെ തിയതി നിശ്ചയിച്ചു എന്ന് പറഞ്ഞു കൊണ്ടു ഉണ്ണി മോന്‍ സ്കൂളില്‍ നിന്നും വന്ന ദിവസം. കേട്ടത് പാതി, കേള്‍ക്കാത്തത് പാതി. മോന്റെ കെയ്യും പിടിച്ചു കൊണ്ടു ചേട്ടന്‍ ഒറ്റ വിടലായിരുന്നു, അടുത്തുള്ള ജ്യോതിഷിയുടെ വീട്ടിലേയ്ക്ക്. തിരിച്ചു വന്നത് ഒരു മണിയ്ക്കൂര്‍ കഴിഞ്ഞു ഒരു മന്ത്രവാദിയുടെ മട്ടും ഭാവത്തോടെയും ആയിരുന്നു. അതിന്റെ പിറ്റേന്ന് മുതലാണ് ചേട്ടന്‍ ചേട്ടന്‍ അല്ലാതായത്....." സിന്ധു രാമന്‍ കുട്ടി സാരി തലപ്പ് കൊണ്ടു കണ്‍ തുടച്ചു.
"ജ്യോതിഷി എന്താണ് പറഞ്ഞു വിട്ടത്? "- ഡോക്ടര്‍ കുരുവിള ചോദിച്ചു.
"തുലാത്തിലെ ചിത്തിരയില്‍ ആണ് മോന്റെ ജനനം. ചിത്തിര നക്ഷത്രക്കാര്‍ക്ക് ഏഴര ശനിയുടെ അപഹാരം ആണെന്നും അതിനുള്ള പരിഹാര ക്രിയകള്‍ ചെയ്താല്‍ ഉണ്ണി മോന്റെ പഠനത്തെ ബാധിയ്ക്കില്ലെന്നും ജ്യോതിഷി ചേട്ടനെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിന് ശേഷം തുടങ്ങിയത് ആണ് മുറി അടച്ചുള്ള ഈ പേക്കൂത്തുകള്‍." ......സിന്ധു കരച്ചിലടക്കാന്‍ പാടു പെട്ടു.
"നിങ്ങള്‍ കരയാതെ കാര്യം പറയൂ.... നമുക്കു വഴി ഉണ്ടാക്കാം." ഡോക്ടര്‍ കുരിവിള ശ്രീമതി രാമന്കുട്ടിയെ ആശ്വസിപ്പിയ്ക്കാന്‍ എന്നോണം പറഞ്ഞു.
"അതി രാവിലെ കൃത്യം മൂന്നേ മുക്കാലിന് ഉണരും. കുളിയും കുറിയും എല്ലാം കഴിഞ്ഞു പീതാംബരം ധരിയ്ക്കും, കഴുത്തില്‍ ഗോമേദക കല്ല്, ചെവിയില്‍ മഞ്ഞ അരളി പൂക്കള്‍, നാഭിയോളം നീളത്തില്‍ തുളസി മാല, ചന്ദന കളഭ ലേപനം.... പിന്നെ പൂജാ മുറി തുറന്നു സരസ്വതി ദേവിയുടെ ഫോട്ടോയുടെ മുന്‍പില്‍ ഇരുപ്പായി. യാ ദേവി സര്‍വ്വ ഭൂതെഷൂ വിദ്യാ രൂപേണ സംസ്ഥിതാ, നമസ്തസ്യേ നമസ്തസ്യേ......... വൈകുന്നത് വരെ ഒരേ പ്രാര്ത്ഥന മാത്രം".
"മോന്റെ ശനി അപഹാരം അച്ഛന്‍ പൂജ ചെയ്താല്‍ എങ്ങനെ മാറും?" ഡോക്ടര്‍ കുരുവിളയ്ക്ക് തികച്ചും ന്യായമായ സംശയം ഉണര്‍ന്നു.
"അച്ഛനും മോനും ഇരുനാള്‍ ഒരു നാള്‍ കാരാണ്. അച്ഛന്‍ ചോതി, മകന്‍ ചിത്തിര. മകന് സ്കൂളില്‍ പോകേണ്ടതിനാല്‍ അച്ഛന്‍ പൂജ നടത്തിയാലും മതി എന്നാണ് ജ്യോതിഷിയുടെ കണ്ടു പിടുത്തം. ഞങ്ങള്ക്ക് ഒരു നിശ്ചയവുമില്ല ഡോക്ടര്‍ സാര്‍. ഇതു തീര്‍ച്ച ആയിട്ടും ആരോ കൂടോത്രം ചെയ്തതാണ്. ആരായാലും അവര്‍ നശിച്ചേ പോകൂ..... എന്റെ മാങ്ങോട്ടു കാവിലമ്മേ! " സിന്ധു രാമന്‍കുട്ടി നിറ കണ്ണുകളോടെ പ്രാര്‍ത്ഥിച്ചു.
"ഈ പറഞ്ഞ ടാലെന്റ്റ് പരീക്ഷയ്ക്ക് എന്താ ഇത്ര പ്രാധാന്യം. ഐ എ എസ്, ഐ എഫ് എസ് അല്ലെങ്കില്‍ ഐ പി എസ് പോലെ അത്രയ്ക്ക് നിര്‍ണായകം ആണോ ഈ പരൂക്ഷ?" സ്വല്പം പരിഹാസത്തോടെ ആണ് ഡോക്ടര്‍ കുരുവിള ചോദിച്ചത്.
"സത്യം പറയാമല്ലോ ഡോക്ടര്‍, കഴിഞ്ഞ തവണ ഈ പരീക്ഷയ്ക്ക് അയല്‍ വീട്ടിലെ ക്ലാസ്സ് ഫോര്‍ ജീവനക്കാരന്റെ മകള്‍ സ്കൂളില്‍ ഒന്നാമതായിരുന്നു. ക്ലാസ്സ് വണ്‍ ഓഫീസിരായ രാമന്‍ കുട്ടി ചേട്ടന് അത് സഹിയ്ക്കാവുന്നതില്‍ അപ്പുറമായിരുന്നു. അന്ന് മുതലുള്ള പരിശ്രമം ചേട്ടനെ ഈ പരുവത്തിലാക്കി".
"ആട്ടെ, ഇപ്പോള്‍ എവിടെക്കാണ് എന്ന് പറഞ്ഞിട്ടാണ് രാമന്‍ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവന്നിരിയ്ക്കുന്നത്?" ജ്യോതിഷത്തില്‍ അന്ധമായി വിശ്വസിയ്ക്കുന്ന ഒരാള്‍ തന്നെ പോലുള്ള ഒരു മനശ്ശസ്ത്രനെ കാണാന്‍ വരുമോ എന്ന് ഡോക്ടര്‍ കുരുവിള ആശങ്ക പെട്ടിരുന്നു.
" നഗരത്തിലെ ഒരു പ്രമുഖ ജ്യോതിഷ രത്നത്തെ കാണണം എന്നാണ് ഞങ്ങള്‍ ചേട്ടനോട് പറഞ്ഞിരിയ്ക്കുന്നത്. അല്ലെങ്കില്‍ ഒരു പക്ഷെ വന്നില്ലെങ്കിലോ.. "
"ബ്രിംഗ് ഹിം" ഡോക്ടര്‍ കുരുവിള ജ്യോതിഷ രത്നം കുഞ്ഞുരാമന്‍ നമ്പൂതിരി യുടെ ഗൌവരവത്തോടെ ചാരുകസേരയില്‍ ആലോചന നിമഗ്നനായി.
കാഷായ വസ്ത്രവും ചുണ്ടില്‍ നാമ ജപങ്ങളുമായി രാമന്‍ കുട്ടി ജ്യോതിഷ രത്നത്തെ കൈ കൂപ്പി വണങ്ങി. "ഉപവിഷ്ടനാവൂ, വല്‍സാ! നിന്റെ ആഗമന ഉദ്ദ്യേശം നോം മന കണ്ണാലെ ഗ്രഹിചിരിയ്ക്കുന്നു. നിന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് നോം പരിഹാരവും കണ്ടിരിയ്ക്കുന്നു. നമ്മില്‍ പൂര്‍ണമായും വിശ്വസിയ്ക്കുക." - നേരത്തെ പഠിച്ചു വെച്ച ഡായലോഗ് ഡോക്ടര്‍ കുരുവിള നമ്പൂതിരിപ്പാട് ഉരുവിട്ടു.
"അടിയന്‍! " ക്ലാസ്സ് വണ്‍ ഓഫീസര്‍ പഞ്ച പുച്ച മടക്കി ഭവ്യതയോടെ ഇരുന്നു.
"ഒന്നും അഞ്ചും ഭാവാധിപന്മാരെ താരതമ്യം ചെയ്യുമ്പോള്‍ ഒമ്പതാം ഭാവാധിപന് ബലം കുറവാണ്. അതുകൊണ്ട് തന്നെ ചിത്തിര നക്ഷത്രത്തെ ഗ്രസിചിരിയ്ക്കുന്ന ഏഴര ശനിയുടെ അപഹാരം ഇപ്പോള്‍ കുറഞ്ഞു വരുന്നതായി നോം കാണുന്നു. പൂജാദി കര്‍മങ്ങള്‍ ക്രമേണ കുറച്ചു കൊണ്ടു വരിക. ശനി ഭഗവാന്റെ ക്ഷേത്രത്തില്‍ ഒരു ശയന പ്രദക്ഷിണം ആവാം. മനസ്സിന്റെ വിഷമങ്ങള്‍ കുറയ്ക്കാന്‍ ഹണി ബീ മദ്യം രണ്ടു പെഗ് വീതം കിടപ്പറ പോകുന്നതിനു മുന്പ് ഭസ്മത്തില്‍ കലക്കി സേവിയ്ക്ക. ശനി ഭഗവാന്റെ ഫേവറൈറ്റ് ഐറ്റം ആണ് ഹണി ബീ ബ്രാണ്ടി. മംഗളം ഭവിക്ക തേ! " ജ്യോതിഷ രത്നം മാസികയില്‍ നിന്നും കാണാതെ പഠിച്ചതും കൂടെ താന്‍ സ്വയം കണ്ടുപിടിച്ച ഒറ്റ മൂലിയും ചേര്ത്തു ഡോക്ടര്‍ കുരുവിള കസറി.
ഒരു മാസം കഴിഞ്ഞു ഡോക്ടര്‍ കുരുവിള സിന്ധുരാമന്കുട്ടിയെ നഗരത്തിലെ ഒരു ഷോപ്പിംഗ് കോമ്പ്ലെക്സില്‍ വെച്ചു കണ്ടു മുട്ടി. "ഹൌ ഈസ് രാമന്‍കുട്ടി നൌ, ശനിയുടെ അപഹാരം എല്ലാം മാറിയില്ലേ? "
"ചേട്ടന്‍ ഓക്കേ സര്‍. പക്ഷെ ശനിയുടെ അപഹാരം മാറി ഇപ്പൊ ഹണിയുടെ അപഹാരം തുടങ്ങി. വേറെ കുഴപ്പം ഒന്നുമില്ല. " - സിന്ധു രാമന്‍കുട്ടി ചിരി അടക്കാന്‍ പാടു പെട്ടു.
"മനസ്സിലായില്ല" ഡോക്ടര്‍ കുരുവിള നെറ്റി ചുളിച്ചു.
"സാറന്ന് പറഞ്ഞില്ലേ ശനി ഭഗവാന്റെ ഫേവറൈറ്റ് ബ്രാണ്ടി - ഹണി ബീ. ഇപ്പൊ ദിവസവും ഹണി ബീ രണ്ടെണ്ണം അകത്തു പോയില്ലെങ്കില്‍ ചേട്ടന് ഉറക്കം വരില്ല. എനി വെ ബെറ്റര്‍ ദാന്‍ ഏഴര ശനി ഡോക്ടര്‍....."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ