ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009

മഹാലക്ഷ്മി


അമൃത എക്സ്പ്രസ്സിലെ S-4 ബോഗിയില്‍, അവധി ദിവസം അല്ലാത്തതിനാല്‍ ആവണം, തിരക്ക് താരതമ്യേന കുറവായിരുന്നു. മോര്‍ ഫ്യൂസ് ബ്രാണ്ടിയുടെ 180 ml ലഹരിയില്‍ സൈഡ് ലോവര്‍ ബെര്‍ത്തില്‍, ലൈറ്റ് അണച്ച്, സുഖ സുഷുപ്തിക്കുള്ള ഒരുക്കം കൂട്ടുമ്പോള്‍ ആണ് ആ യുവതിയും ഒരു മധ്യ വയസ്കനും കയറി വന്നത്. മുഷിഞ്ഞ സാരിയും സാരിക്ക് യോജിക്കാത്ത ബ്ലൌസും ധരിച്ച ആ യുവതി അണിഞ്ഞ കട്ടിയുള്ള കണ്ണട ആ മുഖത്തിന്‌ ഒട്ടും യോജിച്ചത് ആയിരുന്നില്ല. തോളില്‍ തൂക്കിയ ഭാരമുള്ള എയര്‍ ബാഗ് സീറ്റിന്റെ അടിയിലെക്കിട്ടു അവള്‍ ആ മധ്യ വയസ്കനെ എന്റെ സീറ്റില്‍ ഇരുത്തി. സുഖ നിദ്രക്കു ഭംഗം വരുത്തിയതിലുള്ള നീരസം ഞാന്‍ പ്രകടം ആക്കും മുന്പേ പതിഞ്ഞ ശബ്ദത്തില്‍ ആ യുവതി പറഞ്ഞു: ക്ഷമിക്കണം സാര്‍, വിരോധമില്ലെങ്കില്‍ സാറീ മുകളിലെ ബെര്‍ത്തില്‍ കിടക്കാമോ. അദ്ദേഹം ഒരു രോഗിയാണ്. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടാണ്." എവിടെയോ കേട്ടുമറന്ന ശബ്ദം. അവളുടെ മുഖം വ്യക്തമായി കാണാനായി ഓഫ്‌ ചെയ്ത ലൈറ്റ് ഓണ്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി. ഈശ്വരാ! ബി എസ്സി ക്ക് ഒന്നിച്ചു പഠിച്ച മഹാലക്ഷ്മി ! കോളേജിലെ കലാ പ്രതിഭ, കോളേജു കുമാരന്മാരുടെ സ്വപ്ന റാണി ആയി വിലസിയ വര വര്‍ണിനി! സൌന്ദര്യത്തിനു ഇങ്ങനെയും ഒരു രൂപാന്തരമോ, അവിശ്വസനീയം. "മഹാലക്ഷ്മി.... ബീ എസ്സിക്ക് വിക്ടോറിയയില്‍ പഠിച്ച......? ഗോപന്‍. അവള്‍ എന്നെയും തിരിച്ചറിഞ്ഞിരിക്കുന്നു. മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ അവള്‍ പാടു പെടുന്നതുപോലെ. ഇതു മോഹന്‍. എന്റെ ഭര്ത്താവ്. ഒരു വര്ഷമായി ചികിത്സയിലാണ്. ഹി ഈസ്‌ എ കാന്‍സര്‍ പേഷ്യന്റ്. വിദൂരതയിലേക്ക് ദൃഷ്ടികള്‍ ഊന്നി നിര്‍വ്വികരാനായി ഇരുന്ന അയാളുടെ തണുത്ത ശോഷിച്ച കൈകള്‍ പിടിച്ചു കുലുക്കുമ്പോള്‍ അയാളുടെ നിസ്സംഗത ഭാവം മഹാലക്ഷ്മി കണ്ടില്ലെന്നു നടിച്ചു. എന്റെ ബെര്‍ത്തില്‍ കിടത്തി അയാള്ക്ക് കമ്പിളി പുതപ്പിച്ച ശേഷം മഹാലക്ഷ്മി പറഞ്ഞു: ആര്‍ സി സി യിലാണ് ട്രീട്മെന്റ്റ്. റേഡിയേഷന്‍ തെറാപി. മാസത്തില്‍ നാലഞ്ച്‌ തവണ വന്നു പോകും. കടുത്ത ക്ഷീണവും അസഹനീയമായ വേദനയും. ആവോളം അനുഭവിച്ചു. അയാളുടെ മുടി കൊഴിഞ്ഞ ശിരസ്സില്‍ അവള്‍ സ്നേഹത്തോടെ തടവി. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഹോണ്‍ മുഴക്കി ഏതോ ഒരു സൂപ്പര്‍ ഫാസ്റ്റ് കടന്നു പോയി. ചില്ല് ജാലകം താഴ്ത്തി സാരികൊണ്ടു തല മൂടി വിഷാദ മൂകയായി മഹാലക്ഷ്മി ഭര്‍ത്താവിന്റെ സമീപം ഇരുന്നു....

"നമസ്തേ ഗരുടാ രൂടെ, കോലാസുര ഭയങ്കരീ... സര്‍വ്വ പാപ ഹരേ ദേവി... മഹാലക്ഷ്മീ നമോസ്തുതേ... " കൂപ്പു കൈകളോടെ മുന്നില്‍ നില്ക്കുന്ന ഭക്തനെ കണ്ടപ്പോള്‍ അവള്‍ ഒന്നംബരക്കാതിരുന്നില്ല. ഞാന്‍ ഗോപന്‍, ഗോപകുമാര്‍. ദേവിയുടെ ക്ലാസ്സില്‍ പഠിക്കാന്‍ ‍അടിയനും ഭാഗ്യം ലഭിച്ചിരിക്കുന്നു. അനുഗ്രഹിക്കൂ അമ്മേ മഹാമായേ! "

" നോം സന്തുഷ്ട ആയിരിക്കുന്നൂ വല്‍സാ.... എന്ത് വരമാണ് വേണ്ടത് ? ചോദിച്ചു കൊള്ളുക...!" പൊട്ടിച്ചിരിയോടെ അവള്‍ പറഞ്ഞു. നര്‍മ ബോധത്തില്‍ അവളും ഒട്ടും പിറകില്‍ ആയിരുന്നില്ലല്ലോ. ചിരിക്കുമ്പോള്‍ തെളിയുന്ന നുണകുഴിയും ചുവന്നു തുടുത്ത കപോലങ്ങളും കലമാന്‍ മിഴികളും മഹാലക്ഷ്മിയുടെ മനോഹാരിത വര്ധിപിചതെ ഉള്ളൂ. കലാ- സാംസ്‌കാരിക പരിപാടികളിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും അസൂയാവഹമായ സുഹൃത്ത് വലയവും മഹാലക്ഷ്മിയെ അധ്യാപക - വിദ്യാര്‍ത്ഥികളുടെ രോമാഞ്ചം ആയി മാറ്റാന്‍ അധിക സമയം വേണ്ടി വന്നില്ല.
ലോക പുകയില വിരുദ്ധ ദിനം. കോളേജ് ചെയര്‍ പേര്‍സണ്‍ മഹാലക്ഷ്മി സ്റ്റേജില്‍ കത്തി കയറുകയാണ്. ....... ..........." മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എതിരെ ഉയര്ന്നു വന്ന ഈ കൂട്ടായ്മയില്‍ ഈ വിഷങ്ങള്‍ സമൂഹത്തില്‍ വരുത്തിവെക്കുന്ന വിനാശങ്ങളെ നമുക്കു പൊതു ജന മധ്യത്തില്‍ തുറന്നു കാട്ടാം. ആരോഗ്യമുള്ള ഒരു ജനതയുടെ ഹൃദയത്തെ, കരളിനെ, ശ്വാസ കോശങ്ങളെ കാര്‍ന്നു തിന്നുന്ന ഈ മഹാവിപത്തുക്കളെ ഉന്മൂലനം ചെയ്യാനുള്ള പ്രയാണത്തില്‍ എന്റെ സ്നേഹ നിധികളായ സതീര്ത്യരെ നമുക്കു കൈകൊര്‍ക്കം.......... തോഴരേ... നിങ്ങള്ക്ക് മംഗളം!

തീവണ്ടി കായംകുളം ജങ്ങ്ഷന്‍ പിന്നിടുമ്പോള്‍ സമയം രാത്രി ഒന്ന്. "ഉറങ്ങാന്‍ സമയം ആയില്ലെ മഹാലക്ഷ്മി. സമയം ഒന്ന് കഴിഞ്ഞു ." ഉറക്കം എല്ലാം പോയിട്ട് മാസങ്ങളായി ഗോപന്‍. ഗോപന്‍ കിടന്നോളൂ. ഞാന്‍ ഇങ്ങനെ ഒക്കെ തന്നെ. ബൈ ദി ബൈ ഗോപന്‍ കല്യാണം കഴിച്ചോ ....?
"നോക്കുന്നുണ്ട്". രണ്ടു കൊച്ചുങ്ങളും ഒരു ഭാര്യയും ആയി സുഖ ജീവിതം നയിക്കുന്നു എന്ന് ആ സമയത്തു അവളോട്‌ പറയാന്‍ തോന്നിയില്ല.
അഞ്ചു മുപ്പതിന് വണ്ടി തൃശ്ശൂരില്‍ എത്തി. മോഹനനെ കൈ പിടിച്ചു ഇറക്കവേ അവള്‍ ചോദിച്ചു: ഗോപന്‍ ഇറങ്ങുന്നില്ലേ? അടുത്ത സ്റ്റോപ്പ്‌ , ഷോര്‍ണൂര്‍.
ശരി ഗോപന്‍, ഇനി വല്ലപ്പോഴും ഒക്കെ കാണാം. ഗോപന് എല്ലാ മംഗളങ്ങളും! മുഖത്ത് ഒരു ചിരി വരുത്താന്‍ മഹാലക്ഷ്മി ബുദ്ധിമുട്ടി. അവളുടെ ഒട്ടിയ കവിളില്‍ നുണ കുഴി തെളിഞ്ഞു......

അഭിപ്രായങ്ങളൊന്നുമില്ല: