ചൊവ്വാഴ്ച, ഡിസംബർ 08, 2009

എലി ജന്മം

പുതിയ അണ്ടര്‍ വെയര്‍ ആയിരുന്നു. ദേ കിടക്കുന്നു. മാര്‍ജാര രിപുവിന്റെ വിശപ്പടക്കാന്‍ നൂറ്റി ഇരുപതു രൂപ കൊടുത്തു കഴിഞ്ഞ ആഴ്ച വാങ്ങിയ വി ഐ പി ഫ്രെഞ്ചി തന്നെ വേണ്ടി വന്നു. കമ്പനി സപ്ലൈ ചെയ്യുന്ന ജെട്ടി ആണേല്‍ പോകട്ടെ എന്ന് വെക്കാം . ഇതു പക്ഷെ കൈയ്യില്‍ നിന്നു പൈസ കൊടുത്തു വാങ്ങിയതാണ്. രാത്രി ഉറക്കത്തിനിടെ അലമാരയില്‍ നിന്നു അപശബ്ദം കേട്ടപ്പോഴേ കരുതിയതാണ് ഏതോ പെരുച്ചാഴി അകത്തു പ്രവേശിച്ചിട്ടുണ്ട് എന്ന്. മൂഷിക രാജന്റെ അടുത്ത ദിവസത്തെ ഇര ഭാര്യയുടെ ബ്രേസിയര്‍ ആയിരുന്നു. അടിവസ്ത്രങ്ങളോട് അടങ്ങാത്ത അഭിനിവേശത്തോടെ യമലോകം പൂകിയ ഏതോ അര കിറുക്കന്‍ എലി ജന്മം എടുത്തു അവതരിച്ചിരിക്കാനാണ് സാധ്യത. തീര്‍ച്ച. കമ്പ്യൂട്ടര്‍ മൗസ് കേബിള്‍ തിന്നപ്പോഴും വാഷിംഗ്‌ യന്ത്രത്തിന്റെ ഹോസ് കരണ്ടപ്പോഴും വിശപ്പടക്കാന്‍ പാടുപെടുന്ന ഒരു നികൃഷ്ട ജീവിയുടെ ഗതികേട് എന്ന് മാത്രമെ കരുതി ഉള്ളൂ. നികൃഷ്ട ജീവിയിലെ യഥാര്‍ത്ഥ വില്ലനെ തിരിച്ചറിഞ്ഞത് ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്നു നാല്‍പ്പത്തി ഒന്നു ദിവസം നീണ്ട വൃതം മുറിക്കാന്‍ ഒരുങ്ങോമ്പോള്‍ ആയിരുന്നു. അടുക്കളയിലെ സൈഡ് റാക്കില്‍ വെച്ചിരുന്ന ഹണി ബീ മുഴു കുപ്പി, അരകുപ്പി ആയി തീര്‍ന്നിരിക്കുന്നു! പ്ലാസ്റ്റിക് ബോട്ടില്‍ മേല്‍വശം സമര്‍ത്ഥമായി കാര്‍ന്നു സോഡയും അച്ചാറും ഇല്ലാതെ മൂഷിക പൂരുഷന്‍ (അതോ സ്ത്രീയോ!) കാര്യം സാധിച്ചിരിക്കയാണ്. ബീവരജെസ് കോര്പോരേഷന്റെ ഏതോ ശാഖയില്‍ റം കുടിച്ചു പൂസാവുന്ന എലി കളെ കുറിച്ചു ഈയിടെ ആണ് പത്രത്തില്‍ വായിച്ചതു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എലികളും മദ്യപാനം ആരംഭിച്ചിരിക്കുന്നു. കുടിച്ചു പാമ്പാകുന്ന മനുഷ്യ സമൂഹമേ ബീവെയര്‍ ഓഫ് യുവര്‍ ന്യൂ ഫാന്‍ഗില്‍ഡ് എനിമീസ്!

കള്ള് കട്ട് കുടിക്കുന്ന ഈ പുത്തന്‍ കുരിശിനെ എങ്ങനെ ഒഴിവാക്കണം എന്നായി എന്റെ ചിന്ത. എലിവിഷം വെച്ചു കൊന്നാലോ? പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്ട്ടി ടു അനിമല്‍സ് ആക്റ്റ് 1960 പ്രകാരം മനേക ഗാന്ധി യുടെ അനുയായികള്‍ വല്ല കേസും കൊടുത്താല്‍ തെണ്ടിയത് തന്നെ. വര്ഷം മുഴുവന്‍ കന്നി മാസം ആഘോഷിക്കുന്ന തെരുവിലെ ചാവാലി പട്ടികള്‍ പി സി എ ആക്റ്റ് 1960 ന്റെ ബലത്തില്‍ സ്വൈര വിഹാരം നടത്തുന്നത് ആര്‍ക്കാണ് അറിയാത്തത്? അപ്പുറത്തെ വീട്ടിലെ പാണ്ടന്‍ പൂച്ചയുടെ സേവനം ഉപയോഗപ്പെടുത്തിയാലോ? അനുരണ്ജനത്തിന്റെ പാത ആണ് എപ്പോഴും നല്ലത്. എബ്രഹാം ലിങ്കണ്‍ ഡിസ്ട്രോയ്ട് ഹിസ്‌ എനിമീസ് ബൈ മേക്കിംഗ് ദേം ഹിസ്‌ ഫ്രന്റ്സ് . പത്താം ക്ലാസ്സില്‍ ബാലന്‍ മാഷ് പഠിപ്പിച്ചതാണ്. ഇവിടെയും അത് തന്നെ രക്ഷ. ചന്തയില്‍ പോയി വരുമ്പോള്‍ വീട്ടിലെ പുതിയ അതിഥി ക്ക് കുറച്ചു ഉണക്ക തേങ്ങ, ഉണക്ക മീന്‍ തുടങ്ങിയ ഐറ്റം വാങ്ങാന്‍ മറന്നില്ല. അന്ന് രാത്രി തേങ്ങ കഷണവും ഉണക്ക മീനും മാതൃഭൂമി പത്രത്തിന്റെ നനുത്ത താളുകളില്‍ വിരുന്നുകാരന്‌ അടുക്കള ഭാഗത്ത് വിതറിയ ശേഷം ആണ് ഉറങ്ങിയത്. ങ്ങൂ ഹൂം. മീനും തേങ്ങയും അതെ പടി അവശേഷിച്ചു. പകരം അടിവസ്ത്രം ഒന്നു കൂടി മാര്‍ജാര ശത്രുവിന്റെ മൃഷ്ടാന്ന ഭോജനമായി.

പിറ്റേന്ന് വൈകീട്ട് പതിവു പോലെ കുപ്പിയും ഗ്ലാസ്സുമായി സോഫയിലോട്ടു അമര്ന്നപ്പോഴാണ് അവന്‍ അടുക്കളയിലെ സിന്കിന് താഴെ ഉള്ള മാളത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ടത്. എഴുന്നു നില്ക്കുന്ന ചെവികള്‍. മദ്യത്തിന്റെ ഗന്ധം ആസ്വദിക്കുന്ന പോലെ മേല്പോട്ടും കീഴ്പോട്ടും ചലിക്കുന്ന നാസിക. കണ്ണുകളില്‍ നൂറ്റി പത്തു വാറ്റ് ബള്‍ബിന്റെ സ്വര്‍ണ തിളക്കം. വൈദ്യുത വിളക്കിന്റെ പ്രഭയില്‍ അവന്റെ ശരീരത്തിലെ കറുത്ത രോമങ്ങള്‍ ചെമ്പൊന്നിന്‍ നിറം പോലെ തിളങ്ങി. ഹണി ബീ യുടെ സുഗന്ധം അവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതെ. അവന്‍ എനിക്ക് കമ്പനി തരാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കയാണ്. കുപ്പിയുടെ അടപ്പില്‍ അവനും പകര്ന്നു ഒരു പത്തു മില്ലി. ചിയേര്‍സ് പറയുന്നതിന് മുന്പ് തന്നെ അവന്‍ രണ്ടു സിപ് അകത്താക്കി സോഡാ ഇല്ലാതെ, വെള്ളം ഇല്ലാതെ. ഗണപതി വാഹനം ടേസ്റ്റ് ചെയ്ത പാനീയത്തിന്റെ അവസാന പെഗ്ഗും മെല്ലെ മെല്ലെ നുകരവേ, എന്റെ ശരീരത്തിലെ രോമ കൂപങ്ങള്‍ വളര്ന്നു വലുതാക്കുന്നത് ഞാനറിഞ്ഞു. എന്റെ ചെവികള്‍ മൂഷിക സുഹൃത്തിന്റെ ചെവികള്‍ പോലെ ചുരുങ്ങി. മുഖം തീരെ ചെറുതാകുന്നു, നേര്ത്ത മീശ രോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നു, പുറകു വശത്ത് നീളത്തില്‍ വാല് പ്രത്യക്ഷപ്പെടുന്നു............ മ്യാവൂ........ അപ്പുറത്തെ വീട്ടിലെ പാണ്ടന്‍ പൂച്ചയുടെ ശബ്ദം! ഞാന്‍ അടുക്കളയിലെ സിന്കിന് താഴെ ഉള്ള മാളത്തില്‍ ഒളിച്ചു....

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

while i surfing find this story. its very nice.. congrats .
i have a site:
linkedlist.wall.fm
if you like to post malayalam stories plz join.
any way congrats agin!
regards,
jkuttu.