വ്യാഴാഴ്‌ച, ഓഗസ്റ്റ് 28, 2008

ശാസ്ത്രജ്ഞര്‍ ഉണ്ടാവുന്നത്.



താടി പഞ്ഞി പോലെ നരച്ചിരിയ്ക്കണം, സോഡാ കുപ്പി മാതിരിയുള്ള കണ്ണട ധരിച്ചിരിയ്ക്കണം, സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് പടത്തിലെ ആളുകളെ പോലെ ചുണ്ടത്ത്എപ്പോഴും ഒരു സിഗരട്ട് കടിച്ചു പിടിയ്ക്കണം..... ഒരു ശാസ്ത്രജ്ഞന്‍ എന്ന് പറഞ്ഞാല്‍ ഇപ്പറഞ്ഞത്‌ എല്ലാം വേണം എന്നായിരുന്നു കുഞ്ഞു നാള്‍ മുതല്‍ക്കേ മനസ്സിലുള്ള ഒരു ധാരണ . അപ്രതീക്ഷിതമായി നഗരത്തിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞന്‍-ക ഗ്രേഡില്‍ നിയമനം ലഭിച്ചപ്പോള്‍ കുഞ്ഞികുട്ടന്‍ സ്വല്‍പ്പം അമ്പരക്കാതിരുന്നില്ല. ന്യൂട്ടനും ഐന്‍സ്ടീനും മാത്രമല്ല കാടാമ്പുഴ ഭഗവതി കനിഞ്ഞാല്‍ ഏത് കുഞ്ഞികുട്ടനും ശാസ്ത്രജ്ഞന്‍ ആകാമെന്ന് അപ്പോഴാണ്‌ അവന് ബോധ്യം വന്നത്. പരീക്ഷണ ശാല, ടെസ്റ്റ് ട്യൂബ്, ഹൈഡ്രോ ക്ലോറിക് ആസിഡ്, ബുദ്ധി, വിവേകം, കോമണ്‍ സെന്‍സ് ഇതൊന്നും ഇല്ലെങ്കിലും ശാസ്ത്രജ്ഞന്‍ - ഹ വരെ എത്തിയവരെ നേരില്‍ കണ്ടു മനസ്സിലാക്കിയപ്പോഴാണ് ശ്വാസം നേരെ വീണത്‌. ആപല്‍ ബാന്ധവ! അങ്ങ് കാത്തു! വളരാത്ത താടി വളര്‍ത്താന്‍ ആയുര്‍വേദ മരുന്ന് മസ്സാജിങ്ങും സിഗരട്ട് വലി തുടങ്ങാനുമുള്ള പദ്ധതി തല്ക്കാലം വേണ്ടെന്നു വെച്ചു. ഗവേഷണ ശാലയിലെ ചിട്ടവട്ടങ്ങള്‍ ക്രമേണ കുഞ്ഞികുട്ടന് ബോധ്യപ്പെട്ടു. സര്‍കാര്‍ ഓഫീസ് പോലെത്തന്നെ. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറ് വരെയാണ് സാധാരണ ഗവേഷണ സമയം. പ്രാരംഭ ഗവേഷണം ക്യാന്റീനില്‍ നടത്തി ഒരു പതിനൊന്നു മണിയോടെ ഗവേഷണ ശാലയില്‍ എത്തിയാല്‍ മതി. പിന്നെ കമ്പ്യുട്ടറില്‍ മെയില്‍ ഗവേഷണം .... ഇന്‍റര്‍നെറ്റ് ഗവേഷണം... ഈ കംപ്യുട്ടര്‍ എന്ന കുന്ത്രാണ്ടം ഇല്ലായിരുന്നെന്കില്‍ ഈ ശാസ്ത്രജ്ഞന്മാര്‍ എല്ലാം പണ്ടേ തട്ടിപോയേനെ! അത്രയ്ക്കും ബോറാണ് അളിയാ ഈ ഗവേഷണ ശാലയിലെ ജീവിതം. കുഞ്ഞികുട്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശാസ്ത്രജ്ഞന്‍-ഖ യുടെ അടുത്താണ്. ഖ അവധിയില്‍ പോയാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനാണ് ഉത്തരവ്. മീറ്റിങ്ങില്‍ പങ്കെടുക്കുകയാണ്‌ ഗവേഷണ ശാലയിലെ മുഖ്യ കലാപരിപാടി . ശാസ്ത്രജ്ഞന്‍-ഖ കിഴക്കമ്പലം ലുങ്കി കമ്പനിയുടെ പരസ്യം പോലെ ഒരു കിലോമീറ്റര്‍ നീളമുള്ള ഡ്രോയിംഗ് മേശപ്പുറത്തു വിരിയ്ക്കും. അതില്‍ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും അടയാളപ്പെടുത്തും. കുഞ്ഞികുട്ടനടക്കം മറ്റെല്ലാവരും അപ്പോള്‍ തലയാട്ടി ഹാ ജി! എന്ന് പറയണം. രണ്ടു സമോസയും ഓരോ ചായയും കുടിയ്ക്കണം. യോഗം പിരിച്ചുവിട്ടിരിയ്ക്കുന്നു! വീണ്ടും അടുത്ത നാള്‍. ഒരേ ഡ്രോയിംഗ്, ഒരേ വിഷയം, സമോസയ്ക്ക് പകരം ആലു ബോണ്ട. സംഗതി കുഞ്ഞികുട്ടന് പെരുത്തു ഇഷ്ട്ടായി . ഒരു സംശയം ഇപ്പോഴും ബാക്കി. ഈ ഗുരുത്വാകര്‍ഷണവും ഇ സമം എം സി സ്ക്വയര്‍ എല്ലാം ഉണ്ടായത് ഇങ്ങനെ സമോസയും ആലുവടയും വിഴിങ്ങിയിട്ടായിരിയ്ക്കുമോ? ആ.... എന്തിനീ അനാവശ്യ വിഷയങ്ങള്‍ ആലോചിച്ചു തല വേദന വരുത്തണം? തലച്ചോറ് എന്ന സാധനം തീരെ ഉപയോഗിയ്ക്കേണ്ട, മാസ അവസാനം കൈ നിറയെ പണം. ഇതില്‍ കൂടുതല്‍ എന്നെതാ വേണ്ടത്? സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിളയും ഗ്രാമം..... കുഞ്ഞികുട്ടനിലെ കവി ഉറക്കെ പാടി......

ചൊവ്വാഴ്ച, ഓഗസ്റ്റ് 26, 2008

വ്യവസായങ്ങളെ ടാറ്റ




പ്രിയപ്പെട്ട മമതാജി,
ഞങ്ങള്‍ കേരളീയര്‍ മമതജിയുടെ ഏറ്റവും പുതിയ സംരംഭമായ ടാറ്റയ്ക്ക് ടാറ്റ എന്ന കലാപരിപാടിയില്‍ അഭിമാന വിജ്രംഭിതരായിരിയ്ക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ദീദിയോടു ഞങ്ങള്‍ക്ക്‌ അസൂയ ആണ് തോന്നുന്നത്. ടാറ്റയെ പോലുള്ള ഒരു ബഹുരാഷ്ട്ര കുത്തകയെ ഞങ്ങളുടെ പാര്‍ട്ടിഭരിയ്ക്കുന്ന ബംഗാളില്‍ നിന്നു തൃണം കണക്കെ പിഴുതെറിയുക എന്ന് ഞങ്ങള്‍ കേരളീയരെ സംബന്ധിച്ചിടത്തോളം അസാധ്യവും അസംഭവ്യവും ആയിരുന്നു. എന്നാലും എന്‍റെ ചേച്ചി, നിങ്ങളെ സമ്മതിച്ചിരിയ്ക്കുന്നു. കുത്തക മുതലാളി, മൂരാച്ചി, ബൂര്‍ഷ്വാ എന്നീ പദങ്ങള്‍ ഞങ്ങള്‍ തൊഴിലിന്‍റെ ഭാഗമായി (വേറെ തൊഴില്‍ ഒന്നും ഇല്ലാത്ത കാരണം!) ഉപയോഗിയ്ക്കുമ്പോള്‍ ടാറ്റയുടെയും ബിര്‍ലയുടെയും ക്രൂരമായ മുഖമാണ് ഞങ്ങളുടെ മനസ്സില്‍ തെളിയുക. ആ ടാറ്റയെ ആണ് ചേച്ചി ഇപ്പോള്‍ മൂക്ക് കൊണ്ടു ക്ഷ മ്മ ക്ക ന്ന വരപ്പിയ്ക്കുന്നത്. ചേച്ചിയുടെ ഒരു ധൈര്യം ഓ! അപാരം തന്നെ! ശരിയ്ക്കും പറഞ്ഞാല്‍ ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിലെ ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടുക സമരത്തെ അനുസ്മരിപ്പിയ്ക്കുന്നു ചേച്ചിയുടെ ടാറ്റ യോടുള്ള ബംഗാള്‍ വിടുക സമരം. ഞങ്ങളുടെ ആള്‍ക്കാര്‍ അവിടെ ടാറ്റയുമായി സൌഹൃദത്തില്‍ ആണെന്നും ദീദിയെ ഒറ്റപെടുത്തി വ്യവസായങ്ങള്‍ കെട്ടിപെടുക്കാന്‍ മുന്നിട്ടിറങ്ങി ഇരിയ്ക്കയാനെന്നും കേട്ടു. നമ്മുടെ ഇടയിലും പിന്തിരിപ്പന്മാര്‍ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്. ദീദി വിഷമിയ്ക്കേണ്ട, ഇങ്ങോട്ട് പോന്നോളൂ. സ്മാര്‍ട്ട്‌ സിറ്റിയും ഇങ്ങു വിഴിഞ്ഞത്ത് ഒരു പോര്‍ട്ടും പിന്നെ എവിടെയോ കോച്ച് ഫാക്ടറി തുടങ്ങീ അല്ലറ ചില്ലറ കച്ചവടങ്ങളുമായി നമ്മുടെ സര്‍ക്കാറും എന്തൊക്കെയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ചേച്ചിയുടെ അനുഭവസമ്പത്ത് മുതലാക്കി നമുക്കീ സാമ്രാജ്യത്വ ശക്തികളെ അറബികടലില്‍ തള്ളാം. വികസനത്തിന്റെ പേരില്‍ അമേരിയ്ക്കക്കും മുതലാളിത്ത സംസ്കാരത്തിനും ഹലെലുയ്യ പാടുന്ന പുത്തന്‍ വികസന (ഭീകര ) വാദികളെ നമുക്കു ഒറ്റക്കെട്ടായി എതിര്‍ക്കാം. ബന്ദുകളും ഹര്‍ത്താലുകളും എങ്ങനെ വിജയിപ്പിയ്ക്കാം എന്നതിനെ കുറിച്ചു പഠിക്കുന്നതിനായി ഒരു സര്‍വകലാശാല നമ്മുടെ പാര്‍ടി തുടങ്ങാന്‍ ആലോചിയ്ക്കുന്നു. ആയതിന്റെ അധ്യക്ഷ പദം അലങ്കരിച്ചുകൊണ്ട് വരും തലമുറയ്ക്ക് അറിവിന്‍റെ സ്വര്‍ണകനികള്‍ വിളമ്പി , ഞങ്ങള്‍ കൊളുത്തിയ ഈ ദീപശിഖ തെക്കു കന്ന്യാകുമാരി മുതല്‍ അങ്ങ് വടക്കു കാശ്മീര്‍ വരെ ആളി കത്തിച്ചു ഈ രാജ്യത്തെ കുത്ത് പാള എടുപ്പിയ്ക്കാനുള്ള മഹാ യജ്ഞത്തില്‍ ഭാഗഭാക്കാകുവാന്‍ ചേച്ചിയോട് വിനീതപുരസ്സരം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ചേച്ചിയ്ക്ക് വിപ്ലവാഭിവാദനങ്ങള്‍!

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 22, 2008

കായിക ഭാരതം ഉണരട്ടെ!

രോഗ ശയ്യയില്‍ കിടക്കുന്ന കായിക ഭാരതത്തിന്‌ ഒരു മൃത സഞ്ജീവനി ആയി തീരട്ടെ ഒരു ബോളിവുഡ് നടി ഈയിടെ നടത്തിയ വാഗ്ദാനം. കായിക മന്ത്രാലയങ്ങളും സന്നദ്ധ സംഘടനകളും ഈ പുതിയ സംരഭത്തെ സഹര്‍ഷം സ്വാഗതം ചെയ്യേണ്ടതാണ്. നൂറു കോടിയോളം വരുന്ന ജനതയുടെ അഭിമാനം ഇത്തരം ചൂടന്‍ ദിന വാഗ്ദാനത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയുന്നുവെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് ഹേ നമ്മള്‍ക്ക് വേണ്ടത്? കോടികണക്കിന് പണം മുടക്കി കായിക പരിശീലന സ്ഥാ‍പനങ്ങള്‍ തുടങ്ങുന്നതിനു പകരം ചൂടന്‍ ദിനം വാഗ്ദാനം ചെയ്യാന്‍ പ്രാപ്തരായ കന്യകാ രത്നങ്ങള്‍ക്കായി വല്ല ഹോട്ട് എസ്ടബ്ലിഷ്മെന്റ്സ് ആരംഭിയ്ക്കുകയാണ് വേണ്ടത്. കാമ്പസ് സെലക്ഷന്‍ വഴി മികച്ച കുട്ടികളെ വ്യവസായ ഭീമന്മാര്‍ കൊത്തികൊണ്ട് പോകുന്നതുപോലെ കായിക വിദ്യാലയങ്ങളിലെ ഭാഗ്യവാന്‍മാര്‍ക്കായി ലലനാമണികള്‍ ക്യൂ നില്ക്കുന്ന കാഴ്ച വിദൂരമല്ല. മത്സരങ്ങളില്‍ സ്വര്‍ണം നേടിയാല്‍ ഒരു ഹോട്ട് ഡേ വെള്ളിയ്ക്ക് ഹാല്‍ഫ്‌ ഹോട്ട് ഡേ വെങ്ങലത്തിനു ക്വാര്‍ട്ടര്‍ ഹോട്ട് ഡേ എന്നിങ്ങനെ നിയമാവലി ഉണ്ടാക്കെണ്ടതും ആകുന്നു. മറ്റൊരു പ്രധാന കാര്യം സ്ത്രീ കായികതാരങ്ങളെ സംബന്ധിച്ചാണ്. അവര്‍ക്കായി ജന്റസ് ഹോട്ട് എസ്ടബ്ലിഷ്മെന്റ്സ് തുടങ്ങുന്നതാണ് ബുദ്ധി. സ്ത്രീകളെ അവഗണിച്ചു എന്ന പരാതിയും ഇതുവഴി ഒഴിവാക്കാവുന്നതാണ്. വ്യക്തിഗത ഇനങ്ങളല്ലാത്ത ക്രിക്കറ്റ്, ഹോക്കി , ഫുട്ബോള്‍ കബഡി ടീമുകള്‍ക്കും ഇത്തരം ഹോട്ട് ഡേ ഓഫര്‍ നല്‍കേണ്ടതാണ്. ബന്ധപ്പെട്ട അധികാരികള്‍ പ്രസ്തുത മഹതിയുടെ വാക്കുകള്‍ മുഖ വിലയ്ക്ക് എടുക്കെണ്ടതാനെന്നും താഴ്ചയില്‍ നിന്നു താഴ്ചയിലേക്ക് കൂപ്പു കുത്തുന്ന കായിക ഭാരതത്തെ ഉയര്തികൊണ്ടുവരാനുള്ള ഈ നൂതന വിദ്യയെ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി നടപടികള്‍ സ്വീകരിയ്ക്കെണ്ടാത്ആണെന്നും എളിമയോടെ അഭ്യര്‍തിച്ചുകൊള്ളട്ടെ. കായിക ഭാരതം നീണാള്‍ വാഴട്ടെ! ഒരു കായിക പ്രേമി.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 21, 2008

കേഴുക മമ പ്രിയ നാടേ!

എന്താണ് നടക്കുന്നത് നമ്മുടെ നാട്ടില്‍? ആരാണ് ഇതിന് ഉത്തരവാദി? കമ്മ്യുണിസ്റ്റ്കാരോ കോണ്ഗ്രസ്കാരോ ബ ജ പ കാരോ മുസ്ലിംലീഗോ? ഇതിലൊന്നും പെടാത്ത ബഹുഭൂരിപക്ഷം എത്ര നാള്‍ ഇങ്ങനെ മൌനം പാലിയ്ക്കും? പത്രങ്ങള്‍ മുഖപ്രസംഗം എഴുതിയാല്‍ അവരുടെ കടമ തീരുന്നു. രാഷ്ട്രീയകാരും എഴുത്തുകാരും സംഭവങ്ങളെ ശക്തമായ ഭാഷയില്‍ അപലപിയ്ക്കുന്നു. സംഗതി ശുഭം. അടുത്ത ഹര്‍ത്താല്‍ വരെ, കുട്ടി ആസ്പത്രിയില്‍ അമ്മയെ കാണാതെ മരിയ്ക്കുന്നതുവരെ, പൊതുമുതല്‍ ബന്ദനുകൂലികള്‍ തീ വെച്ചു നശിപ്പിയ്ക്കുന്നതുവരെ നമ്മള്‍ വിദ്വാന്മാര്‍ക്ക് മൌനം ഭൂഷണം! മലയാളിയിലെ മനുഷ്യന്‍ അനുദിനം മരിച്ചുകൊണ്ടിരിയ്ക്കയാണ്. നാടന്‍ കള്ളും കപ്പയും ബ്രാണ്ടിയുമായി മലയാളി ബന്താഘോഷം അടിച്ച് പൊളിയ്ക്കുകയാണ്. വഴിയില്‍ വാഹന അപകടത്തിനു ഇര ആയവരെ കണ്ടാല്‍ മലയാളി കാണാതെ പോകുന്നു. ഭാര്യ കുട്ടികള്‍ പിന്നെ ഞാനും അതാണിപ്പോള്‍ മലയാളിയ്ക്ക് ലോകം. ഹര്‍ത്താല്‍ സമയത്തു ചീട്ടുകളി, മദ്യസേവ, മഹിഷ സേവ .... ആനന്ദ ലബ്ദിയ്ക്ക് ഇനിയെന്ത് വേണം? ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന ചിന്ത, വികസിത രാജ്യങ്ങളോട് കിട പിടിയ്ക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ , മഹത്തായ പൈതൃകം, ആദി ശങ്കരനെ ജനിപ്പിച്ച മണ്ണ് ...... ഈ നേട്ടങ്ങള്‍ എല്ലാം നമ്മള്‍ കളഞ്ഞു കുളിയ്ക്കയാണോ? സ്വാമി വിവേകാനന്ദന്റെ ഭ്രാന്താലയം പുനര്‍ജനിയ്ക്കയന്നോ? ബന്ദുകള്‍ക്കും സമരങ്ങള്‍ക്കും അപ്പുറം ഒരു ലോകം ഉണ്ടെന്നും അവിടെയും മനുഷ്യര്‍ ജീവിയ്ക്കുന്നുന്ടെന്നും മലയാളി
എന്ന വിപ്ലവകാരിയ്ക്ക് അറിയാന്‍ പാടില്ലേ? ഗള്‍ഫ് നാടുകളില്‍ , രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ലോകത്തിന്റെ ഓരോ കോണിലും അങ്ങ് ചന്ദ്രനില്‍ ചായക്കട വരെ നടത്തുന്ന മറുനാടന്‍ മലയാളീ, നീ വേഗം നാട്ടിലേക്കു തിരിയ്ക്കുക, നിന്റെ നാടു കത്തി എരിയുന്നു, കപട കാഷായ, കാവി ചുവപ്പ് ഖാദര്‍ പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്നും നിന്റെ പ്രിയപ്പെട്ട നാട്ടിനെ രക്ഷിയ്ക്കാനുള്ള ചരിത്രപരമായ ദൌത്യം നീ ഏറ്റെടുക്കുക. നാടിനെ രക്ഷിയ്ക്കാന്‍ ദൈവത്തിനു പോലും ആവില്ലെന്ന് പരിതപ്പിച്ച നീതി ന്യായ കോടതിയെ കൊഞാനന്മാരുടെ ഭരണകൂടത്തെ , കപടസ്വമിമാരുടെ ഉപജാപക വൃന്ദത്തെ നീ എന്ന പരശുരാമന്റെ രണ്ടാം വരവ് അറിയിയ്ക്കുക. നിഷ്പക്ഷവും നിരാലംബരുമായ ഒരു ഭൂരിപക്ഷം നിന്റെ രണ്ടാം വിമോചനസമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നിനക്കു നല്ലത് വരട്ടേ, നിന്റെ നാടിനും!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 18, 2008

പേയ് കമ്മീഷന്‍

1996 അവസാനത്തില്‍ ആയിരുന്നു അതുവരെ മല മറിച്ചതിന്‌ സര്‍ക്കാര്‍ ചെറിയ ഒരു ആശ്വാസം തന്നത്. അതിന് ശേഷം നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ വേണ്ടി വന്നു ഗവര്‍മെന്റിന് നമ്മുടെ കാര്യം വീണ്ടും പരിഗണിക്കാന്‍. എന്തൊരു ജ്വോലി ആണെന്റെ ഭഗവാനെ! മൂത്രം ഒഴിക്കാന്‍ കൂടി നേരമില്ല. എന്നിട്ടും ഈ ജനങ്ങളുടെ വായടപ്പിക്കാന്‍ പറ്റുന്നില്ലല്ലോ. മറ്റുള്ളവര്‍ എല്ല് മുറിയെ പണിയെടുക്കുന്നതിനു സര്‍ക്കാര്‍ എന്തെങ്കിലും നക്കാപിച്ച്ച വെച്ചു നീട്ടിയാല്‍ അപ്പൊ തുടങ്ങും ഈ ദരിദ്രവാസികള്‍ക്ക്‌ ഹാലിളകാന്‍! നേരത്തിനും കാലത്തിനും ജോലിക്ക് വരുന്നില്ല , വന്നാല്‍ തന്നെ നേരാം വണ്ണം ജോലി എടുക്കുന്നില്ല, കൈകൂലി വാങ്ങുന്നു ....... നമ്മളെ കുറിച്ചു പറയാത്ത കഥകളില്ല. കീഴിലും മേലിലും കാണാത്ത ഇവന്റെ ജാതി ഇതാണ്, മതം ഇതാണ്, ഇവന് ഇത്ര വരുമാനം ഉണ്ട്, അവന്‍ കല്യാണം കഴിച്ചു, കൊച്ചുങ്ങളെ ഉണ്ടാക്കി, അവന്റെ തന്ത ചത്തു, തള്ള ചത്തു ..... ഇതിനൊക്കെ സാക്ഷി പത്രം ഉണ്ടാക്കണമെങ്കില്‍ ഈയുള്ളവന്‍ കനിയണം. അതിന് പകരം ചായ കുടിക്കാനായി എന്തെങ്കിലും അവന്റെ കൈയ്യില്‍ നിന്നു ഈടാക്കിയാല്‍ അത് കൈകൂലി ആയി, പാവങ്ങളെ ദ്രോഹിക്കലായി........ ഈ പണ്ടാര പരിശകളെ കൊണ്ടു തോറ്റു!. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ പോലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രതിബദ്ധതയും ഉത്പ്പാദന ക്ഷമതയും ഇല്ല എന്നാണു പറഞ്ഞു കേള്‍ക്കുന്ന വേറൊരു പരാതി. ഇതു നല്ല കൂത്ത്! ഉത്പ്പാദനം കൂട്ടാന്‍ നമ്മള്‍ എന്ത് ചെയ്യാനെട ഊവേ! സര്‍ക്കാര്‍ എന്നാല്‍ വല്ല പശുവോ എരുമയോ ആണോ, രണ്ടു കിലോ കടല പിണ്ണാക്ക് അധികം കൊടുത്തു ഉത്പ്പാദനം കൂട്ടാന്‍? അല്ല പിന്നെ! ഈ കൈകൂലി കൈകൂലി എന്ന് പറയുന്നതു നമ്മള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം കുത്തകയൊന്നുമല്ല കേട്ടോ. പ്രൈവറ്റ് കമ്പനിയിലെ മറ്റവന്മാരൊടു കൈകൂലി വാങ്ങേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ. കിട്ടിയാല്‍ വാങ്ങാത്തവരായിട്ടു ഏത് ഹരിസ്ച്ചന്ദ്രനുണ്ടീ നാട്ടില്‍ ? കൈകൂലി ഒരു ആഗോള പ്രതിഭാസമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് മാഷേ? പണ്ടു കൈലാസത്തില്‍ അടക്കം ഗണപതി കൈകൂലി വാങ്ങിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. ശിവനും പാര്‍വതിയും എന്തെല്ലാമോ ലീലകളില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ ഏതോ മഹര്‍ഷി വന്നതും , ഉള്ളില്‍ പ്രവേശനം കൈകൂലി മൂലം എന്ന് ഗണപതി നിഷ്കര്ഷിച്ചതും .... അങ്ങനെ പോകുന്നു പുരാണം. ഇതൊക്കെ ആര് വായിക്കാന്‍ ? പുതിയ ശമ്പള കമ്മിഷന്റെ കുടിശ്ശിക എപ്പോഴാണാവോ കിട്ടുക? നല്ലൊരു തുക ഉണ്ടെന്നാണ് കേട്ടത്. അതങ്ങോട്ട് കൈയ്യില്‍ കിട്ടുമ്പോഴെ പണി എടുക്കാന്‍ ഒരു ഒരു ഇതു ഉള്ളു! കെട്ടിയോള്‍ ഇതു കിട്ടാന്‍ കാത്തിരിക്കുകയാണ്. മാല മാറ്റണം അരഞ്ഞാണം മാറ്റണം ...... പയ്യന് സൈക്കിള്‍ വാങ്ങണം.... ടിവി ന്യുസും പത്രമൊന്നും വായിക്കാത്ത ഭാര്യക്ക് പേ കമ്മീഷന്‍ കുടിശ്ശികയെ പറ്റി ഏത് ശൂര്‍പ്പണക ആണാവോ പറഞ്ഞു കൊടുത്തത് ? വിവരമില്ലാത്ത ഒരു വര്‍ഗ്ഗം! കുടിശ്ശിക കൊണ്ടു ഒരു കാര്‍ വാങ്ങാന്‍ ആയിരുന്നു ആഗ്രഹം. നടക്കില്ല....... കണ്ട അണ്ടനും അടകോടനും കാറില്‍ ചെത്തുമ്പോള്‍ ഒരു മോഹം നമുക്കും ഒരു കാര്‍ ആയാലോ എന്ന്. ഹെല്‍പര്‍, തുടങ്ങിയ വര്‍ഗങ്ങള്‍ കാര്‍ വാങ്ങിയാല്‍ ജോലിയില്‍ നിന്നു പറഞ്ഞു വിടാനുള്ള സംവിധാനം വേണം. കാലം പോയ പോക്കെ! നമ്മളെ കണ്ടാല്‍ പഞ്ച പുച്ച്ചമടക്കി നിന്ന വര്‍ഗം ഇപ്പോള്‍ കാറില്‍ യാത്ര, നമ്മള്‍ ഇപ്പോഴും പഴയ മോഡല്‍ സ്കൂട്ടര്‍ യാത്ര ചെയ്യുന്നു. കലികാല വൈഭവം അല്ലാതെന്താ പറയ്യ? ഇനി ആകെ ഒരു പ്രതീക്ഷ ഏഴാം ശമ്പള കമ്മീഷന്‍ വന്നാലാണ്. അതൊന്നു വേഗം വന്നേക്കണേ എന്റെ കള്ളിയന്ക്കാട്ടു നീലി!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 04, 2008

വിപ്ലവ ധ്വനികള്‍

അങ്ങിനെ പാര്‍ലിമെന്റും കൈയ്യൊഴിഞ്ഞു. അവസാനത്തെ കച്ചിതുരുംബായിരുന്നു പാര്‍ലിമെന്റ്. ഇനി എന്താ ഒരു പോംവഴി? ഞങ്ങളുടെ കാറല്‍ മാര്‍ക്സ് മുത്തപ്പാ കാപ്പാതുന്കോ! പോയ നാലു വര്ഷം നല്ല കുശാലായിരുന്നു. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. മാസത്തില്‍ മൂന്നു നാല്‌ മീറ്റിങ്ങ്, ചായ, കാപ്പി, പെപ്സി, കോഴി, പൊതു, കള്ള്.... എല്ലാം തുലച്ചില്ലേ? ആ എമ്പോക്കി അമരന്‍ കാരണം. അസൂയ, മൂത്ത അസൂയ അല്ലാതെന്താ പറയ്യാ? തലേല്‍ കെട്ടുള്ള പാവം കിഴവനെ അടിമപണി ചെയ്യിച്ചത് അമരന് പിടിച്ചിട്ടുണ്ടാവില്ല. എല്ലാം പക്ഷെ രാജ്യത്തിന്റെ ഭാവിയെ കരുതി ആയിരുന്നു. ഏറെ കഷ്ടം ഈ ശാസ്ത്രത്നരെ കൊണ്ടാണ്. അവര്‍ക്കീ മേല്‍പ്പോട്ടു വാണം ഇട്ടിരുന്നാല്‍ പോരായിരുന്നോ? ചുമ്മാ വഴിമുടക്കികള്‍ ! കരന്റില്ലെന്കിലെന്താ കുഴപ്പം, നമുക്കു അഭിമാനമല്ലേ വലുത്? വൈദ്യുത പ്രതിസന്ധി, ഊര്‍ജ സുരക്ഷ എന്നൊക്കെ പറഞ്ഞു ആളെ പേടിപ്പെരുത്തി അമേരികായുമായി കരണ്ടു കച്ചവടം നടത്താനായിരുന്നു പരിപാടി. എന്ത് കൊണ്ടാണാവോ അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ മേലാകെ ഒരു ചൊറിച്ചില്‍. ചൈനയെ വിശ്വസിക്ക്, അമേരിക്കയെ അവിശ്വസിക്ക് എന്നല്ലേ ദാസ് കാപിറ്റല്‍ പറഞ്ഞിരിക്കുന്നത്? ഈ ജനങ്ങള്‍ക്കൊന്നും വായനാശീലം ഇല്ലാത്തതിന്റെ കുഴപ്പമാനിതൊക്കെ. മലയാളിയെ കണ്ടു പഠിക്കണം ഇന്ത്യക്കാര്‍ . അവരുടെ നാട്ടില്‍ കറന്റില്ല. പക്ഷെ കൊട്ട കണക്കിനല്ലേ മലയാളിയുടെ അഭിമാനം? നൂറ്റൊന്നു ശതമാനമാണത്രേ അവരുടെ സാക്ഷരത. അവര്ക്കു വ്യവസായങ്ങളും വേണ്ട, ഊര്‍ജവും വേണ്ട. ആഴ്ചയില്‍ നാല്ബന്ദും മൂന്ന് ഹര്‍ത്താലും ഒരു ഫുള്‍ കുപ്പിയുമുണ്ടോ മലയാളിമാമന്‍ ഹാപ്പി! ഈ ഇന്ത്യ കേരളം പോലായാല്‍ ഈ രാജ്യം രക്ഷപ്പെടും. അത്യാവശ്യം ജോലി നമുക്കും തരപ്പെടും തീര്‍ച്ച. എന്ത് നല്ല രസമായിരുന്നു കഴിഞ്ഞ രണ്ടു-മൂന്ന് വര്‍ഷങ്ങള്‍. പര്‍ലിമെന്ടരി ജനാധിപത്യം സുഖമില്ലാത്ത ഏര്‍പ്പാടാണെന്ന് ഏത് വിവര ദോഷി ആണ് പറഞ്ഞതു? തേനും പാലും എല്ലാം റെഡി ആയിരുന്നു. ഒഴുക്കാനായി കുനിഞ്ഞപ്പോഴാനു തലേല്‍ കെട്ടുള്ള അടിമ ആണവ അസ്ത്രം കെയ്യില്‍ എടുത്തു ജപ്പാനിലേക്ക് പുറപ്പെട്ടത്‌. കട്ടന്‍ കാപ്പിക്കും പരിപ്പ് വടയ്ക്കും ഓര്‍ഡര്‍ കൊടുത്തു മര്യാദ ബ്യുറോ അംഗങ്ങള്‍ ഉടന്‍ എത്തിച്ചേരാന്‍ ഓല അയച്ചു. അദ്ധ്വാനിക്കുന്ന ജനങ്ങളെ സേവിക്കുന്നത് തല്‍ക്കാലം നിര്ത്തി നേതാക്കള്‍ ഒത്തുകൂടി. ഒന്നു..... രണ്ടു...... മൂന്ന്....... ധൂം...! വലിച്ചു പിന്തുണ. ആകാശം നിലം പൊത്തി എന്നാണ് കരുതിയത്‌. മായ(വതി) ജാലം! ആകാശം അവിടെത്തന്നെ നിന്നു. ഇനി ഒരു വര്ഷം പ്രതിപക്ഷം. അതിന് ശേഷം അധോഗതി. വിവരമില്ലാത്ത ബന്കാളിയും മലയാളിയും കനിഞ്ഞാല്‍ ഒരു പത്തിരുപതു സീറ്റ് തരപ്പെടുത്താം. ശിഷ്ടകാലം മാര്‍ക്സ് ശരണം ഗച്ചാമി, എന്കല്‍സ് ശരണം ഗച്ചാമി, ലെനിന്‍ ശരണം ഗച്ചാമി. ലാല്‍ സലാം !