ബുധനാഴ്‌ച, ജൂലൈ 15, 2009

കള്ളന്‍

കൂട്ടുകാരന് കുട്ടി ഉണ്ടായ സന്തോഷം പങ്കു വെയ്ക്കാന്‍ സംഘടിപ്പിച്ച പാര്‍ടി അവസാനിച്ചപ്പോള്‍ സമയം രാത്രി പന്ത്രണ്ടേ മുക്കാല്‍ കഴിഞ്ഞിരുന്നു. ഈയിടെ ആയി അടിയ്ക്കടി പാര്‍ടികള്‍ ആണ്. കൊച്ചു ജനിച്ചാല്‍ പാര്‍ട്ടി, കൊച്ചിന്റെ അമ്മയ്ക്ക് ഗര്‍ഭം ആയാല്‍ പാര്‍ട്ടി, അതിന് മുന്‍പ് കല്യാണം കഴിഞ്ഞാല്‍ പാര്‍ട്ടി, എന്ഗെജുമെന്റ് പാര്‍ട്ടി.......... പാര്‍ട്ടി യ്ക്കുണ്ടോ പഞ്ഞം ഈ ലോകത്തില്‍ ? പതിവു പോലെ മൂക്കറ്റം വീശിയിരുന്നു. ഇതാണ് ചോദിയ്ക്കാനും പറയാനും ഒരാളില്ലാത്തതിന്റെ കുഴപ്പം. എന്തൊക്കെ വീര വാദം മുഴക്കിയാലും കുടുംബത്തില്‍ കൂട്ടിനു ഒരാള് വേണം എന്ന് പഴമക്കാര്‍ പറയുന്നതു ഒരു പക്ഷെ നമ്മളെ പോലെ ഉള്ള മാന്യന്മാരെ ഉദ്ദേശിച്ചാവാം.

ഫ്രന്റ്‌ റൂമിലെ സോഫയിലേയ്ക്ക് ചരിഞ്ഞപ്പോള്‍ സമയം ഒന്നേ പത്ത്. നിദ്രാ ദേവിയുടെ പരിരംഭണത്തില്‍ ഏകദേശം രണ്ടു മണിയ്ക്കൂര്‍ കിടന്നു കാണും. കിടപ്പ് മുറിയില്‍ നിന്നാണ് ആ ശബ്ദം കേട്ടത്. ഗോദ്രെജ് അലമാര ആരോ തുറക്കാന്‍ ശ്രമിയ്ക്കുന്നുണ്ടോ? ഈയിടെ ആയി അലമാര തുറക്കാന്‍ ഭയങ്കര പാടാണ്. കാല പഴക്കതിന്റെതാവാം. ഒരിയ്ക്കല്‍ കൂടി ശബ്ദം കേട്ടു. സംശയമില്ല. തസ്കരന്‍ അലമാര തുറക്കാനുള്ള ശ്രമത്തിലാണ്. മദ്യത്തിന്റെ ആലാസ്യം കൊണ്ടാവണം അശേഷം ഭയം തോന്നിയില്ല മറിച്ചു കള്ളനെ ഒരു ക്രോസ് വിസ്താരം നടത്തികളയാം എന്ന് തീരുമാനിച്ചു. അകത്തെ ബ്രാണ്ടിയുടെ ഒരു പവര്‍!

"മിസ്റ്റര്‍ തിരുടന്‍, കീഴടങ്ങുക ഓര്‍ എല്‍സ് ഐ വില്‍ കാള്‍ പോലീസ്". വിവിധ ഭാഷകള്‍ കൈ കാര്യം ചെയ്യാന്‍ അറിയാവുന്ന മോഷ്ട്ടാക്കളുടെ സംഘം ഇറങ്ങിയതായി ഈയിടെ പത്രത്തില്‍ കണ്ടിരുന്നു. തസ്കര കുമാരന്‍ ആ ഗണത്തില്‍ പെട്ടതാണെന്ന് ഏതാണ്ട് ഉറപ്പായി. ഉത്തരവ് അക്ഷരം പ്രതി അനുസരിച്ച് രണ്ടു കൈകളും ഉയര്ത്തി എന്റെ മുന്‍പില്‍! നല്ല കറുത്ത നിറം. കാഴ്ചയ്ക്ക് എന്റെ അത്ര തന്നെ പൊക്കവും വണ്ണവും ഉണ്ട്. ഒരു ഭീകര അന്തരീക്ഷം സൃഷ്ടിയ്ക്കാന്‍ ആയിരിയ്ക്കണം മുഖത്ത് ക്രിക്കറ്റ് കളിക്കാര്‍ ചെയ്യുന്ന പോലെ അവിടെയും ഇവിടെയും ചായം പുരട്ടി ഇരിയ്ക്കുന്നു. ശരിയ്ക്കും ഒരു കരിങ്കള്ളന്‍!
"ലെ മിരാബ്ല" യിലെ (വിക്ടര്‍ ഹ്യൂഗോ) ഡി നഗരത്തിലെ ബിഷപ്പിനെ പോലെ ഞാന്‍ എന്റെ മുന്‍പില്‍ നില്ക്കുന്ന ജീന്‍ വാല്‍ ജീനോട് മൊഴിഞ്ഞു: "ഇരിയ്ക്ക് മാഷേ. ഒരു കള്ളനെ ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്, ഗ്ലാഡ്‌ ടു മീറ്റ് യു!"
"ക്ഷമിയ്ക്കണം സാറെ, വേറെ വഴി ഇല്ലാത്ത കാരണം ആണ് മോഷണം തുടങ്ങിയാലോ എന്ന് ആലോചിച്ചത്. സാറിന്റെത് മൂന്നാമത്തെ വീടാണ്. കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാലും ഈ കോളനിക്കാര്‍ ഇത്ര ദരിദ്ര വാസികള്‍ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്."
"മിടുക്കന്‍, താന്‍ മലയാളി ആണെന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷം. ആട്ടെ കോളനി ക്കാരെ താന്‍ ദരിദ്ര വാസികളാക്കാന്‍ കാരണം? "
" ഞാന്‍ ആദ്യം കയറിയ വീടിനു മുന്‍പില്‍ ടൈപ്പ് ഇ എന്നെഴുതി ഇരുന്നു. വലിയ വിശാലമായ കുറെ മുറികള്‍. താമസിയ്ക്കുന്നത് ഷഷ്ടി പൂര്‍ത്തിയ്ക്ക് പ്രായമായ ഒരു അപ്പൂപ്പനും അമ്മൂമ്മയും. രണ്ടാളും ഉറങ്ങാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നു. അലമാര പതുക്കെ തുറന്നപ്പോള്‍ കുറെ പ്രമേഹം , പ്രഷര്‍ ഗുളികളും ദശ മൂല അരിഷ്ടം ഒരു കുപ്പിയും മാത്രം. അന്നൊന്നും തരപ്പെട്ടില്ല. "
"പ്രിയപ്പെട്ട മോഷ്ടാവേ, അര്‍ത്ഥവും അധികാരവും കൈയ്യില്‍ വരുമ്പോള്‍ മനസ്സമാധാനം എന്നൊരു സാധനം കളഞ്ഞു പോകുന്നു. ഉറക്കം എന്നുള്ളത് രണ്ടു പെഗ്ഗ് പോയിട്ട് ഒരു ഫുള്‍ കമിത്തിയാലും വരില്ല. അത്തരത്തില്‍ ഒരു ഭാഗ്യ ഹീനന്റെ വീടാണ് താന്‍ സന്ദര്‍ശിച്ചത്. ഓക്കേ നെക്സ്റ്റ് ?"
"മിനിങ്ങാന്ന് രാത്രി പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് ആ വീട്ടില്‍ കയറിയത്. പടിയില്‍ ടൈപ്പ് ഡി എന്ന് കാണാമായിരുന്നു. ഒരു കിടപ്പ് മുറിയില്‍ രണ്ടു പേര്‍ സുഖ നിദ്രയിലായിരുന്നു. അമ്പതിനോട് അടുത്ത പ്രായം. ഞാന്‍ മെല്ലെ അകത്തെ അലമാര വെച്ച മുറി പ്രവേശിച്ചു. ശബ്ദം ഉണ്ടാക്കാതെ അലമാര തുറന്നു. ......"
"ക്യാഷ്‌ , സ്വര്‍ണം, മാല, വള...... വല്ലതും തടഞ്ഞോ? " എനിയ്ക്ക് കേള്‍ക്കാന്‍ ആകാംഷ ആയി.
"ഒലയ്ക്ക! ഒരു മുസ്ലി പവര്‍ എക്സ്ട്രാ കുപ്പി, രണ്ടു വയാഗ്ര ഗുളിക സ്ട്രിപ്, കുറെ അണ്ടര്‍ വെയര്‍ , നല്ല കറുത്ത നിറമുള്ള ബ്രാ, പാന്റീസ്.... ഒരു രാത്രി ഗോവിന്ദ! "
"ഒന്നില്‍ തൊട്ടാല്‍ മൂന്നു എന്നാണ് പ്രമാണം! ഇന്നിപ്പോ എന്റെ വീട്ടില്‍ നിന്നു എന്താണ് തടഞ്ഞത്? "
"ഒള്ളത് പറയാമല്ലോ സാറേ, അലമാര തുറന്നു ഞാന്‍ ക്യാഷ്‌ ഒരു പോക്കെറ്റില്‍ നിക്ഷേപിച്ചു നല്ല മനോഹരമായ ഒരു ബ്രാണ്ടി കുപ്പി പതുക്കെ പൊക്കുമ്പോള്‍ ആണ് സാറ് ഉണര്‍ന്നത്. എന്നോട് ക്ഷമിയ്ക്കൂ സാര്‍. എന്നെ പോകാന്‍ അനുവദിയ്ക്കു".
"ക്യാഷ്‌ പൊക്കിയതിനു തന്നോടു നോം ക്ഷമിച്ചിരിയ്ക്കുന്നു, പക്ഷെ ബ്രാണ്ടി മോഷ്ടാവിനെ നോം വെറുതെ വിട്വോ , ശിവ ശിവ! തനിയ്ക്ക് നോം ശിക്ഷ വിധിച്ചിരിയ്ക്കുന്നു: താന്‍ ആ അടുക്കളെയില്‍ പോയി രണ്ടു ഗ്ലാസും ആ അലമാരയില്‍ നിന്നും ആ കുപ്പിം ഇങ്ങിട്ടു എടുക്ക്വാ, ഏഭ്യന്‍!

1 അഭിപ്രായം:

കണ്ണനുണ്ണി പറഞ്ഞു...

കള്ളന്‍ ഇനിപ്പോ ഇവിടെ അങ്ങട് സ്ഥിരാക്കാന്‍ ചാന്‍സ് ഉണ്ട്ട്ടോ... സൂക്ഷിക്യ :)