ഹണീ ബീ ബ്രാണ്ടി ഒരു സിപ് നുണഞ്ഞു കൃഷ്ണ സ്വാമി ഒരു ഗോള്‍ഡ് ഫ്ലൈക് കിംഗ് സൈസ് നു തീ കൊളുത്തി. ഇവിടെ ആണെങ്കില്‍ ആരുടെയും ശല്യം ഇല്ല, കഥ എഴുതാന്‍ പറ്റിയ ഒരു മൂഡ് വരുവാന്‍ പതിവായി ഈ ബാറില്‍ ആണ് വരാറ്. നഗരത്തിലെ ആ പ്രമുഖ ബാറിലെ രണ്ടാമത്തെ നിലയിലെ, ജനലില്‍ കൂടി നോക്കിയാല്‍ പതഞ്ഞൊഴുകുന്ന നദി കാണാന്‍ സൌകര്യം ഉള്ള, മുറി. അയാള്‍ എഴുതുന്ന സമാഹാരത്തിലെ പത്താമത്തെ കഥ എഴുതാന്‍ ആണ് അവിടെ എത്തിയത്. ഏകദേശം അര കുപ്പി തീരോമ്പോഴേക്കും കഥയുടെ ക്ലൈമാക്സ് ഭാഗത്തേക്ക് എത്തിയിരിക്കും. കഥയ്ക്ക് കൊടുക്കേണ്ട പേരും കഥാ സമാഹാരത്തിനു കൊടുക്കേണ്ട ടൈറ്റിലും പലവട്ടം ആലോചിച്ചു. യോജിച്ച പേരൊന്നും മനസ്സില്‍ വരുന്നില്ല. കഥ എഴുതി തീരട്ടെ, അതിന് ശേഷം ആകാം നാമ കരണം. കൃഷ്ണ സ്വാമി ഒരു സിപ് മദ്യം കൂടി അകത്താക്കി. എഴുത്ത് ആരംഭിച്ചു....
ചെട്ടിനാട് സിമെന്റിന്റെ സൌത്തിലെ മൊത്ത വ്യാപാരി ആയിരുന്നു മത്തായി കുഞ്ഞ്. നാല് നിലയുള്ള കൂറ്റന്‍ കെട്ടിടം, താഴെ വിശാലമായ എ സി ഓഫീസ്, ഓഫീസ് മേല്നോട്ടകാരന്‍ രാജപ്പന്‍, പിന്നെ നൂറോളം ജീവനക്കാര്‍, ഇരുപതോളം ലോറി, ഇന്നോവ കാര്‍ രണ്ട്, തടിച്ചു കൊഴുത്ത ഭാര്യ ഒന്ന്, സുന്ദരികളായ പെണ്മക്കള്‍ മൂന്ന്.... ധനികനും സ്ഥലത്തെ പ്രമാണിയുമായ മത്തായി കുഞ്ഞിന്റെ കഥ ഇവിടെ തുടങ്ങുന്നു...
ടാക്സി ഡ്രൈവര്‍ ആയിട്ടായിരുന്നു മത്തായി കുഞ്ഞിന്റെ ജീവിതം ആരംഭിക്കുന്നത്. കൊച്ചു ത്രേസ്യ യുടെ വരവോടെ മത്തായി കുഞ്ഞിന്റെ ജീവിതത്തിലെ ശുക്ര ദശ തെളിയുന്നു. സ്വന്തം ആയി ഒരു കാറ് വാങ്ങുന്നു. നിര്‍മാണ മേഖലയില്‍ ലോറിയുടെ പ്രാധാന്യം മനസ്സിലാക്കി അടുത്തതായി ഒരു ലോറി വാങ്ങുന്നു. വരുമാനം വര്‍ധിക്കുന്നതോടെ ലോറിയുടെ എണ്ണം കൂടുന്നു. കൊച്ചു ത്രേസ്യ എന്ന പട്ട മഹിഷിയുടെ വരവ് മത്തായി കുഞ്ഞിന്റെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റി മറിച്ചു. നിര്‍മാണ മേഖലയില്‍ സിമെന്റ് എന്ന വസ്തുവിന്റെ പ്രാധാന്യം മത്തായി കുഞ്ഞ് മനസ്സിലാക്കുന്നു. ചെട്ടിനാട് സിമെന്റ് കമ്പനിയുമായി കരാര്‍ ഒപ്പിടാന്‍ അധിക സമയം വേണ്ടി വന്നില്ല. സിമെന്റ് കച്ചവടം പൊടി പൊടിച്ചു. ലോറികളുടെ എണ്ണം, ഗോ ഡൌണ്‍ കളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം എല്ലാം കൂടി കൊണ്ടേ ഇരുന്നു. പ്രാപ്തനും, സുമുഖനുമായ രാജപ്പന്റെ മേല്‍നോട്ടത്തില്‍ മത്തായി കുഞ്ഞിന്റെ ചെട്ടിനാട് സിമെന്റ് ഓഫീസ് സമുച്ചയം വലിയ ഒരു സംഭവമായി നില കൊണ്ടു.
ഇതില്‍ എന്താണിത്ര പ്രത്യേകത? കൃഷ്ണ സ്വാമി സ്വയം ചോദിച്ചു. എത്ര എത്ര സ്ഥാപനങ്ങള്‍ ഈ ഭൂമി മലയാളത്തില്‍ ഇതിലും പ്രൌഡിയോടെ തല ഉയര്ത്തി നില്ക്കുന്നു. കഥയുടെ രണ്ടാം ഘട്ടത്തിലേക്ക് കൃഷ്ണ സ്വാമി കടന്നു....
സുന്ദരിയും സുഭഗയും ആയിരുന്നു മത്തായികുഞ്ഞിന്റെ മൂന്നാമത്തെ മകള്‍ സാറ. വെളുത്തു തടിച്ച ശരീരവും മുട്ടറ്റം വരെ മുടിയും കൈകളില്‍ സ്വര്‍ണ നിറത്തില്‍ നനുത്ത രോമവും ഉള്ള ഒരു നാടന്‍ സൌന്ദര്യ ശില്‍പം. സുന്ദരനും വാക് ചാതുര്യം കൈ മുതല്‍ ആയുള്ളവനും ആയ രാജപ്പനില്‍ അനുരക്ത ആവാന്‍ അവള്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഓഫീസില്‍ ബദ്ധ ശ്രദ്ധനായി അച്ചായന്റെ ബിസിനസ്സില്‍ മാത്രം തല്പ്പരനായി ചുറു ചുറു ക്കോടെ ജോലി നോക്കിയിരുന്ന രാജപ്പന്‍ ക്രമേണ "ഊണിന്നു ആസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതായി" മോഡിലേക്ക് ഗതി മാറാന്‍ കുറച്ചു സമയം മാത്രമെ വേണ്ടി വന്നുള്ളൂ. ഇനി എല്ലാ കഥയിലെയും പോലെ തന്നെ വില്ലന്റെ വരവാണ്. വില്ലന്‍ സാക്ഷാല്‍ മത്തായി കുഞ്ഞ് തന്നെ. സാമം, ദാനം, ഭേദം, ദണ്ഡം അവസാനം ക്വൊട്ടെഷന്‍. ഒരു ഇരുട്ടിന്റെ മറവില്‍ കൊട്ടേഷന്‍ സംഘവും ആയുള്ള ഏറ്റുമുട്ടലില്‍ രാജപ്പന്‍ യമരാജ പുരംപൂകിയതായി വാര്ത്താ പരക്കുന്നു. സാറ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുന്നു. സീതാന്വേഷണം ഏറ്റെടുത്ത വാനര വീരരെ പോലെ സാറ - അന്വേഷണം നടത്തിയ മത്തായി കിങ്കരന്മാര്‍ നിരാശരായി മടങ്ങുന്നു. മത്തായി കുഞ്ഞ് മാനസിക പീഡ അകറ്റുവാന്‍ മദ്യത്തെ ശരണം പ്രാപിക്കുന്നു.
വര്‍ഷങ്ങള്‍ കടന്നു പോയി. മദ്യപാനം, ആഗോള സാമ്പത്തിക മാന്ദ്യം, മനപ്രയാസം..... മത്തായി കുഞ്ഞ് എന്ന ബിസിനസ്സ് ടൈക്കൂണ്‍ ഒരു ടാക്സി ഡ്രൈവര്‍ റോളിലേക്ക് മാറാന്‍ കാലം അനുവദിച്ച സമയം പരിമിതം ആയിരുന്നു. ഹൈ ഫൈ ട്രാവെല്‍സ് പ്ളകാര്ഡ് ഉയര്ത്തി പിടിച്ചു തിരുവനന്ത പുറം അന്ത രാഷ്ട്ര വിമാനത്താവളത്തിലെ കൌണ്ടറില്‍ താടിയും തലയും നരച്ച ഡ്രൈവര്‍ മത്തായി കുഞ്ഞ് നിന്നു. ചെട്ടിനാട് സിമെന്റിന്റെ സൌത്ത് ഇന്ത്യയിലെ കുത്തക വ്യാപാരിയും പ്രമുഖ വ്യവസായ പ്രമുഖനും ആയ രാജ്കുമാര്‍ പത്നീ സാറയോട് ഒപ്പം ഒരു അന്താരാഷ്ട്ര സിംപോ സിയത്തില്‍ പങ്കെടുത്തു മടങ്ങി വരിക ആണ്. ലഗ്ഗേജ് കളക്റ്റ് ചെയ്തു പുറത്തേക്ക് ഇറങ്ങവേ രാജ്കുമാറിന്റെ മനോഹരമായ മൊബൈല്‍ ശബ്ദിച്ചു. " സാര്‍ ദിസ് ഈസ് ഫ്രം ഹൈ ഫൈ ട്രാവെല്‍സ്. ഔര്‍ ഡ്രൈവര്‍ വില്‍ ബി രിസീവിംഗ് യു അറ്റ് ദി എന്ട്രന്‍സ്. ആന്‍ ഓള്‍ഡ് മാന്‍ വിത്ത് എ പ്ലക്കാര്ട്. താങ്ക് യു സാര്‍."
ശീതീകരിച്ച ഇന്നോവ കാറിലെ പിന്‍ സീറ്റില്‍ ഇരുന്നു സാറയുടെ തോളില്‍ തല ചായ്ച്ചു രാജപ്പന്‍ പതുക്കെ പറഞ്ഞു: ദിസ് ഓള്‍ഡ് മാന്‍ ലൂക്സ് ലൈക് മത്തായി കുഞ്ഞ്, യുവര്‍ സ്റ്റുപിഡ് പപ്പാ........ നോക്കൂ സാറ.
" മേ ബീ ഓര്‍ മേ നോട് ബീ. ഹൂ കെയെര്‍സ് രാജ്..."
കഥ പൂര്‍ത്തിയാക്കി കൃഷ്ണ സ്വാമി അവസാനത്തെ പെഗും ഗ്ലാസിലേക്ക് പകര്‍ത്തി. പതിവു തെറ്റിയില്ല. അരകുപ്പി ഹണി ബീ സമം ഒരു കഥ. കഥാ സമാഹാരത്തിനു ദശ പുഷ്പം എന്ന പേരു നല്കി. ഗ്ലാസ് കാലിയാക്കി.
"......സാല ഭംജികകള്‍ കൈകളില്‍ കുസുമ താലമേന്തി വരവേല്‍ക്കും
പഞ്ച ലോഹ മണി മന്ദിരങ്ങളില്‍ മന്‍ വിളക്കുകള്‍ പൂക്കും......"
ഗാന ഗന്ധര്‍വ്വന്റെ സ്വര മാധുരിയില്‍ തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൌണ്‍ ഹാളിലെ വിശിഷ്ട സദസ്സ് ലയിച്ചിരുന്നു . മുപ്പത്തി നാലാമത് വയലാര്‍ അവാര്‍ഡ് ദാന ചടങ്ങ് ആണ് രംഗം. പ്രശസ്ത കഥാകൃത്ത് കൃഷ്ണ സ്വാമി യുടെ ദശ പുഷ്പം എന്ന കഥാ സമാഹാരത്തിനു ആണ് ഈ വര്ഷത്തെ വയലാര്‍ അവാര്‍ഡ്. മലയാള സാഹിത്യത്തിലെ അഭിമാന സ്തംപങ്ങളായ പ്രൊഫസര്‍ ഓ എന്‍ വി കുറുപ്പിന്റെയും പ്രൊഫസര്‍ എം കെ സാനുവിന്റെയും മധ്യത്തില്‍ ദശപുഷ്പത്തിന്റെ കഥാകൃത്ത് ഇരുന്നു. കൃഷ്ണ സ്വാമിയുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ നിമിഷം ആയിരുന്നു അത്. അധ്യക്ഷന്‍ കൃഷ്ണ സ്വാമിയുടെ കഥാ പ്രപഞ്ചത്തെ പ്രശംസ കൊണ്ടു മൂടുകയാണ് : എം ടി ക്കും, പദ്മനാഭനും തകഴിക്കും മാധവി കുട്ടിക്കും ശേഷം ഇത്രയും തീവ്രമായ ഭാഷയില്‍ കഥകള്‍ എഴുതിയ കലാകാരന്‍മാര്‍ വളരെ കുറവാണ്. ജീവിത ഗന്ധിയും ഹൃദയ ഹാരിയുമായ കൃഷ്ണസ്വാമിയുടെ ദശപുഷ്പത്തിലെ പത്തു കഥകളും കഥാ സരില് സാഗരത്തിലെ മണി മുത്തുകളാണ്. പ്രതിഭാധനനായ മഹാകവി വയലാര്‍ രാമ വര്‍മയുടെ പേരില്‍ നല്കുന്ന മുപ്പത്തി നാലാമത്തെ അവാര്‍ഡിന് കൃഷ്ണ സ്വാമിയുടെ ദശപുശ്പത്തെ അവാര്‍ഡ് കമ്മിറ്റി ഏക കണ്ടമായി അന്ഗീകരികുക ആയിരുന്നു. ഈ മഹത്തായ അവാര്‍ഡ് ഏറ്റു വാങ്ങുന്നതിനായി കഥാകൃത്ത് കൃഷ്ണ സ്വാമിയേ ഞാന്‍ ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു...... വി ജെ ടി ഹാളിലെ നിറഞ്ഞു കവിഞ്ഞ സഹൃദയ സദസ്സ് കരഘോഷത്തോടെ കൃഷ്ണ സ്വാമിയേ വരവേറ്റു.....
..... സാര്‍, സമയം ഒന്‍പതര കഴിഞ്ഞു . ബാര്‍ അടയ്ക്കാന്‍ നേരമായി. എത്ര നേരമായി ഞാന്‍ കതകില്‍ തട്ടുന്നു.. സാഹിത്യ കൃതികളോട് സ്വല്‍പ്പം താല്‍പ്പര്യം ഉള്ള ബാര്‍ മാന്‍ കൃഷ്ണ സ്വാമിയേ കുലുക്കി വിളിച്ചു.
"ഓ, ക്ഷമിക്കണം, ഞാന്‍ അല്‍പ്പം മയങ്ങി പോയി... എനിക്ക് ഒരു ലാര്‍ജ് കൂടി ഒഴിച്ച് നീ ബില്‍ കൊണ്ടു വരിക. ഞാന്‍ ഇറങ്ങുക ആയി. കൃഷ്ണ സ്വാമി ഒരു ഗോള്‍ഡ് ഫ്ലൈക് നു കൂടി തീ കൊളുത്തി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ