ആഗോള താപനത്തിന്‍റെ ഭീഷണി നേരിടാന്‍ ഇന്നു വൈകീട്ട് ഒരു മണിയ്ക്കൂര്‍ വൈദ്യുതി അണച്ച് ഭൂമിയെ രക്ഷിയ്ക്കാനുള്ള ആഗോള യജ്ഞത്തില്‍ കേരളവും മലയാളികളും പങ്കെടുക്കേണ്ടെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഭാരവാഹികള്‍ ഒരു പത്ര കുറിപ്പില്‍ അറിയിച്ചു. ലോകം മനസ്സില്‍ കാണുമ്പോള്‍ മാനത്തു കാണുന്നവരാണ് മലയാളികളെന്നും ആഗോള താപനത്തിന്‍റെ ദൂഷ്യ വശങ്ങളെ കുറിച്ചു മലയാളികള്‍ ദശാബ്ദങ്ങള്‍ ക്ക് മുമ്പ് തന്നെ ബോധവന്മാരാനെന്നും പത്ര കുറിപ്പ് തുടര്‍ന്നു. കൊച്ചി തിരുവനന്തപുരം മെട്രോ നഗരങ്ങള്‍ മുതല്‍ പട്ടികാട്ടിലെ കൂരകള്‍ വരെ മണിയ്ക്കൂരുകളോളം വൈദ്യുതി ബന്ധം കട്ട് ചെയ്തു ഈ മഹത്തായ ദൌത്യത്തില്‍ നിത്യേന പങ്കാളികള്‍ ആവുന്ന കാര്യം ഫണ്ട് കൃതജ്ഞതയോടെ അനുസ്മരിച്ചു. വൈദ്യുതി വകുപ്പ് നേരിട്ടു കൈ കാര്യം ചെയ്യുന്ന ഒരു മണിയ്ക്കൂര്‍ പവര്‍ കട്ട് പലപ്പോഴും ഒന്നര രണ്ടു മണിയ്ക്കൂരായി നീളുന്ന കാര്യം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇരു ചക്ര മു ചക്ര ബഹു ചക്ര വാഹനങ്ങള്‍ നിമിത്തം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിന്‍റെ ഭാഗമായി ആഴ്ചയില്‍ ഒരിയ്ക്കല്‍ മലയാളി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളും ബന്ദുകളും ആഗോള താപനത്തിന്‍റെ കാഠിന്യം വലിയ ഒരളവു വരെ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞതായി വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് അറിയിപ്പില്‍ പറയുന്നു. വിഷ പുക വമിയ്ക്കുന്ന ഫാക്ടറികള്‍ ക്കെതിരെ ജലാശയങ്ങളെ മലിനീകരിയ്ക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ മലയാളി നടത്തുന്ന സന്ധി ഇല്ലാ സമരം ആഗോള തപനതിനെതിരെ ആണെന്നും അല്ലാതെ മിലിട്ടന്റ്റ് ട്രേഡ് യൂണിയന്‍ ഇസം ആയി അതിനെ ദുര്‍ വ്യാഖ്യാനം ചെയ്യരുതെന്നും ഫണ്ട് പത്ര കുറിപ്പിലൂടെ അപേക്ഷിച്ചു. "വെളിച്ചം ദുഃഖം ആണുണ്ണി, തമസ്സല്ലോ സുഖ പ്രദം!" എന്ന് മലയാളത്തിലെ പ്രശസ്തനായ ഒരു മഹാകവി പാടിയ കാര്യം ഉദ്ധരിച്ച് കൊണ്ടു കേരളത്തെ കണ്ടു പഠിയ്ക്കാന്‍ പ്രസ്തുത പത്രകുറിപ്പ് ലോക ജനതയോട് ആവശ്യപ്പെട്ടു.
ശനിയാഴ്‌ച, മാർച്ച് 28, 2009
ഞായറാഴ്‌ച, മാർച്ച് 22, 2009
പോയ വസന്തം
നമ്രതാ ധീരജ് ലാല്‍ പട്ടേല്‍, കതകു തള്ളി തുറന്നു അകത്തു പ്രവേശിച്ചപ്പോള്‍ കളഭ കുറി അണിഞ്ഞ അവളുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞിരുന്നു. വൈകി വന്നതിനു ഹിന്ദിയില്‍ ക്ഷമാപണം നടത്തി മുന്‍ വശത്തെ സോഫയില്‍ അനുവാദത്തിനു കാക്കാതെ ഉപവിഷ്ടയായ നമ്രതയെ തെല്ലൊരു കൌതുകത്തോടെ വീക്ഷിച്ചു. ഗുജറാത്തി മാതൃകയില്‍ തലയില്‍ വലിയ സ്ലൈട് കൊളുത്തിയ ചെമ്പന്‍ കളറുള്ള അനുസരണ ഇല്ലാത്ത മുടി ഫാനിന്‍റെ കാറ്റില്‍ പാറി പറക്കുന്നു. ചായം പുരട്ടാത്തചുണ്ടുകളും വടിവൊത്ത നാസികയും അവളുടെ മനോഹാരിത ഒന്നു കൂടി വര്‍ധിപ്പിച്ചു. ധൃതിയില്‍ ഗോവണി പ്പടി കയറി വന്നതിനാലാവണം അവളുടെ ക്രമം തെറ്റിയ ശ്വാസ നിശ്വാസങ്ങള്‍ അളവില്‍ കവിഞ്ഞ നിമ്നോന്നതങ്ങളുടെ അദൃശ്യ ഭംഗി കാണാതെ കാണിച്ചു തന്നു. പേരറിയാന്‍ പാടില്ലാത്ത ഏതോ വിദേശ ടാല്‍ക്കം പൗടരിന്റെ മത്തു പിടിപ്പിയ്ക്കുന്ന ഗന്ധത്തില്‍ അവള്‍ ഒരു മദാലസയെ പോലെ തോന്നിച്ചു .
"ആപ് ഐസാ ക്യോന്‍ ദേഖ് രഹാ ഹൈ സാബ്, ഹാവ് യു നോട് സീന്‍ ലേഡീസ് ബിഫോര്‍? " ഹിന്ദിയും ഇംഗ്ലീഷും ഇട കലര്‍ത്തി ആണ് അവള്‍ ചോദിച്ചത്.
"ഫ്രാന്കിലി സ്പീകിന്ഗ്, നോ. ചമ്മല്‍ മറയ്ക്കാന്‍ പാടുപെട്ടു കൊണ്ടു പറഞ്ഞു. "യു ആര്‍ സോ ഫാസിനേട്ടിംഗ്"
പരിചയപ്പെടുന്നതിനു മുന്‍പു തന്നെ തന്‍റെ സൌന്ദര്യത്തിനു സാക്ഷിപത്രം തന്നതിനോടുള്ള കൃതജ്ഞത അവളുടെ വലിയ കണ്ണുകളിലെ തിളക്കത്തിലൂടെ പ്രകടമായി.
കമ്പനിയില്‍ പുതിയതായി ജോയിന്‍ ചെയ്യാന്‍ വന്ന ട്രെയിനീ എഞ്ചിനീയര്‍ ആയിരുന്നു നമ്രത പട്ടേല്‍. ജോയനിന്ഗ് ഫോര്മാലിട്ടീസ് പൂര്‍ത്തിയാക്കി പരിശീലന കാലാവധിയെ കുറിച്ചും ഏറ്റെടുക്കേണ്ട അസ്സൈമെന്റിനെ കുറിച്ചും വിവരിച്ചു കൊടുക്കുമ്പോള്‍ ശബ്ദം ഇടറുന്ന തായി തോന്നി. ഹൃദയത്തിന്റെ ഏതോ കോണില്‍ നമ്രതാ പട്ടേല്‍ എന്ന സൌന്ദര്യ ധാമം ഉണര്‍ത്തിവിട്ട നൊമ്പരങ്ങള്‍ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിച്ചു. എന്താണ് തനിയ്ക്ക് സംഭവിച്ചത്? നാളിതു വരെ തോന്നാത്ത ഒരു വികാരം ഈ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ മാത്രം തോന്നാന്‍ കാരണം? ഈ അനിര്‍വ്വചനീയമായ വികാരമാണോ പ്രേമം? മറുനാടന്‍ മലയാളിയ്ക്ക് ഗുജറാത്തി പെണ്ണിനോട് പ്രേമമോ? ഈശ്വര! എനിയ്ക്കെന്താണ് സംഭവിയ്ക്കുന്നത്?
"യു ടൂ ആര്‍ ലുക്കിന്ഗ് സ്മാര്ട്ട്, മധുജി!" പിന്നീടൊരു ഉച്ച ഭക്ഷണ ഇടവേളയില്‍ ഓഫീസ് വരാന്തയിലൂടെ ഉലാത്തുമ്പോള്‍ ഒരു രഹസ്യം പറയുന്ന പോലെ നമ്രത മധുരമായി മൊഴിഞ്ഞു. പ്രഥമ ദര്‍ശനത്തില്‍ താന്‍ കൊടുത്ത സൌന്ദര്യ സാക്ഷി പത്രത്തിന് അതെ നാണയത്തില്‍ തന്നെ മറുപടി. ഞങ്ങളുടെ കൂടി കാഴ്ചകള്‍ നിത്യേന ഓഫീസിലും വൈകീട്ട് നഗര മധ്യത്തിലെ പാര്‍ക്കിലും സ്ഥിരമായി. തെറ്റിദ്ധരിയ്ക്കപ്പെടുന്ന ഗുജറാത്തി സ്ത്രീകളുടെ വ്യക്തിത്വത്തെ കുറിച്ചും "മദ്രാസി ലോഗ്" എന്ന സംസ്കാര ശൂന്യന്മാരെ കുറിച്ചും അവള്‍ ആവേശപൂര്‍വ്വം സംസാരിച്ചു. ഫ്രീ ആയി ഇടപഴകുന്ന ഗുജറാത്തീ പെണ്‍കുട്ടികളെ "വളയ്ക്കാന്‍" "മൂഷ് വാല, സിഗരട്ട് പീനേ വാല മദ്രാസി" നടത്തുന്ന ആക്രാന്തങ്ങളെ അവള്‍ പരിഹസിച്ചു പൊട്ടി ചിരിച്ചു. ഞങ്ങളുടെ കൂടികാഴ്ചകളുടെ ദൈര്‍ഘ്യം വര്‍ദ്ധിച്ചു വന്നു, അനുരാഗത്തിന്റെ തീവ്രതയും.
വര്‍ഷങ്ങള്‍ കടന്നു പോകുക ആയിരുന്നു. വരുന്ന വിവാഹ ആലോചനകള്‍ ഓരോന്നായി മുടക്കിയ കഥകള്‍ അവള്‍ ഒരു ധീര വനിതയുടെ ഭാവ ചേഷ്ടയോടെ അവതരിപ്പിച്ചു. ഒരു മറുനാടന്‍ പെണ്ണിനെ വധുവായി സ്വീകരിയ്ക്കാനുള്ള മഹാമനസ്കത ഇല്ലാത്ത എന്‍റെ കുടുംബ പാരമ്പര്യത്തെ ഞാന്‍ മനസ്സാ ശപിച്ചു. സിനിമ കൊട്ടകയിലെ ഇരുളിന്‍റെ മറവിലും ഔദ്യോഗിക ടൂര്‍ വേളകളിലും അമ്പലങ്ങളുടെ ധര്‍മ ശാലകളിലും ഞങ്ങള്‍ ഏക ശരീരാത്മാക്കളായി വിലസി. സ്ഥിതി ഗതികള്‍ കൈ വിട്ടു പോവുക ആയിരുന്നു. എന്നിലെ സ്വാര്‍ത്ഥത രാക്ഷസ രൂപം പൂണ്ടു കമ്പനിയിലെ ദക്ഷിണ ഭാരതത്തിലെ ശാഖയിലെയ്ക്ക് എനിയ്ക്ക് ഒരു സ്ഥലം മാറ്റം ഒപ്പിച്ചു തന്നു. ഒരു നന്ദി പറയാന്‍ പോലും മിനക്കെടാതെ ഞാന്‍ നമ്രത പട്ടേലിന്റെ നാട്ടില്‍ നിന്നും "ഒളിച്ചോടി". കുടുംബ ഭാര്യ പുത്രാ ദികളുടെ സ്നേഹ- സാമീപ്യം നമ്രത എന്ന സുന്ദരിയെ മറക്കാന്‍ എനിയ്ക്ക് പ്രേരണ ആയി.
വര്‍ഷങ്ങള്‍ക്കു ശേഷം ഈയിടെ പഴയ ഓഫീസ് സന്ദര്ശിയ്ക്കേണ്ടി വന്നപ്പോള്‍ നമ്രത പട്ടേലിനെ നേരില്‍ കണ്ടു ക്ഷമാപണം നടത്താന്‍ മനസ്സു ആഗ്രഹിച്ചിരുന്നു. അവള്‍ കുറെ കാലം അവിവാഹിത ആയി തുടര്‍ന്നെന്നും അടുത്തിടെ ഒരു സര്ദാരെ വിവാഹം കഴിച്ചെന്നും കുടുംബ പ്രശ്നങ്ങളാല്‍ ആ വിവാഹം തകര്‍ച്ചയുടെ വക്കിലാണെന്നും ഇപ്പോള്‍ അവള്‍ സ്വന്തം വീട്ടില്‍ കുഞ്ഞുമായി താമസിയ്ക്കയാനെന്നും കൂട്ടുകാര്‍ വഴി അറിഞ്ഞു.
നാട്ടിലേയ്ക്കുള്ള ട്രെയിന്‍ വളരെ വൈകി ആണ് പുറപ്പെടുക. യഥേഷ്ടം സമയം ഉണ്ട്. അത് വരെ നമ്രതയുടെ വീട്ടില്‍ ചെലവഴിച്ചു വൈകീട്ടോടെ സ്റ്റെഷനിലോട്ടു പോയാല്‍ മതി ആകും. പഴയ ഓര്‍മയില്‍ അവളുടെ വീട് ലക്ഷ്യം വെച്ചു നടന്നു. ചൂടിന്‍റെ കാഠിന്യം കൂടി വന്നു. പഴയ ഗുജറാത് അല്ല ഇപ്പോള്‍. റോഡുകളും കെട്ടിടങ്ങളും എല്ലാം ഒരു സമ്പന്ന രാജ്യത്തിന്റെ പ്രതീതി ജനിപ്പിയ്ക്കുന്നു.
ചാരി ഇരിയ്ക്കുന്ന വാതില്‍ തുറക്കാതെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. മൂന്നു -നാലുവയസ്സ് തോന്നിയ്ക്കുന്ന ഒരു കുട്ടി വാതില്‍ തുറന്നു. "എന്ത് വേണം?" ഗുജറാത്തിയിലായിരുന്നു പയ്യന്റെ ചോദ്യം. "അമ്മയെ വിളിയ്ക്കു. ഒരു അങ്കിള്‍ വന്നിരിയ്ക്കുന്നു എന്ന് പറയു".
സാരി തലപ്പ് തല വഴി മൂടി ശോഷിച്ച ശരീരത്തോടെ ഒരു സ്ത്രീ പ്രത്യക്ഷ ആയി. ആ ശുഷ്ക ഗാത്രി നമ്രത ആണെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ദൈവമേ! ഒരു അസ്ഥി കൂടത്തിനു ജീവന്‍ വെച്ചത് പോലെ. കാലത്തിലെ (എം ടി) തങ്കമണിയുടെ രൂപം ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. കുറ്റ ബോധത്തോടെയും ചമ്മലോടെയും ചിരിയ്ക്കാന്‍ പാടു പെട്ട് കൊണ്ടു തമാശ രൂപേണ ചോദിച്ചു: "ഓര്‍മ്മയുണ്ടോ ഈ മധുവിനെ? "
ഒട്ടും താല്‍പ്പര്യമില്ലാതെ അവള്‍ പതിഞ്ഞ ശബ്ദത്തില്‍ ഗുജറാത്തിയും ഹിന്ദിയും ഇട കലര്‍ത്തി ചോദിച്ചു : " കോന്സാ മധു? സൂ കാം ഛെ ഭായ്? കിസ്കോ മില്‍നേ കേലിയെ ആയ ഹേ ? മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ അവള്‍ ശബ്ദത്തോടെ വാതില്‍ കൊട്ടി അടച്ചു.
വിറയ്ക്കുന്ന കാല്‍വെപ്പോടെ ഞാന്‍ പടി ഇറങ്ങി. റെയില്‍ വേ സ്റ്റേഷന്‍ റോഡ് ലക്ഷ്യമാക്കി നടന്നു. വെയിലിന്റെ ചൂടു അഗ്നി ഗോളങ്ങള്‍ ആകുന്നത് പോലെ .....
ശനിയാഴ്‌ച, മാർച്ച് 07, 2009
ലേലത്തിന് ശേഷം
മദ്യത്തിനും മയക്കു മരുന്നിനും എതിരെ മരണം വരെ പോരാടിയ മഹാത്മജിയുടെ രാജ്യത്തിന്‍റെ മാനം , മല്ല്യ എന്ന മദ്യ രാജാവിന്‍റെ മഹാ മനസ്കതയാല്‍ വീണ്ടെടുക്കാനായത് ആശ്വാസ കരം തന്നെ. മദ്യപാനത്തെയും മദ്യ പാനികളെയും സമൂഹത്തിലെ വില്ലന്‍ കഥാ പാത്രമാക്കി യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിയ്ക്കുന്ന ആധുനിക കപട ദേശ സ്നേഹികളെ വിജയ് മല്ല്യയുടെ ഈ നീക്കത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞതും സന്തോഷകരമായ ഒരു വസ്തുത അത്രേ. സ്ഥാനത്തും അസ്ഥാനത്തും, സ്ഥാപിത താല്‍പ്പര്യ സംരക്ഷണാര്‍ത്ഥം, രാഷ്ട്ര പിതാവിന്‍റെ നാമധേയം ദുരുപയോഗം ചെയ്ത/ചെയ്യുന്ന നവ യുഗ ഗാന്ധി ശിഷ്യന്മാരുടെ ആദര്ശ മുഖമാണ് വിജയ് മല്ല്യ പിച്ചി ചീന്തി എറിഞ്ഞത്. മഹത്തയാതെന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന, ശതാബ്ദി ആഘോഷിയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമോ, നഷ്ടപ്പെട്ടു പോയ അമൂല്ല്യ ശേഖരങ്ങള്‍ വീണ്ടെടുക്കാന്‍ ബാധ്യസ്ഥരായ ഭരണ കൂടമോ, കോടികളുടെ ആസ്തി കൈ മുതലായുള്ള ബൂര്‍ഷ്വാ ബൂര്‍ഷ്വാ- ഇതര പ്രസ്ഥാനങ്ങളോ തങ്ങളുടെ ചിന്താ വലയം വോട്ട് രാഷ്ട്രീയത്തിന് അപ്പുറം വ്യാപിപ്പിയ്ക്കുന്നില്ല എന്നതിനും ഈ ലേലം ദൃഷ്ടാന്തം ആയി. ഓല പുരയിലെ പട്ട ചാരായ സേവ നടത്തുന്ന നാടന്‍ "പാമ്പുകള്‍" മുതല്‍ പഞ്ച നക്ഷത്ര ബാറിലെ ശീതീകരിച്ച കാബിനിലിരുന്നു ഷിവാസ് റീഗല്‍ സിപ് ചെയ്യുന്ന ഫൈവ് സ്ടാര്‍ കുടിയന്മാര്‍ വരെ അടങ്ങുന്ന ശുദ്ധ മനസ്കരായ മദ്യ പാനികളെ , ഒരു രാജ്യത്തിന്‍റെ നഷ്ടപ്പെട്ട് പോകുമായിരുന്ന അഭിമാനം വീണ്ടെടുക്കുന്നതില്‍ , സമൂഹത്തിന്‍റെ ശാപം എന്ന് മുദ്ര അടിയ്ക്കപ്പെട്ട നിങ്ങള്‍ ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ ഭാഗ ഭാക്കായിരിയ്ക്കുന്നു. ഗാന്ധിജിയുടെ പേരില്‍ നിരാഹാര സമരം നടത്തുന്ന, മൈതാന പ്രസംഗങ്ങള്‍ നടത്തുന്ന ഭരണ പ്രതിപക്ഷ കക്ഷി രാഷ്ട്രീയ വിഴുപ്പു ഭാണ്ടങ്ങളെ ക്കാള്‍ പതിന്മടങ്ങ് ദേശ സ്നേഹം ആണ് ഈ ഒരൊറ്റ ലേലത്തിലൂടെ വിജയ് മല്ല്യ എന്ന വ്യവസായ പ്രമുഖന്‍ പ്രകടിപ്പിച്ചത്. ദ്രൗപതി ആകുന്ന ഈ പുണ്യ ഭൂമിയുടെ മാനം, അധികാര രാഷ്ട്രീയ പാണ്ഡവ സാന്നിധ്യത്തില്‍ സാമ്രാജ്യത്വ ദുശ്ശാസനന്മാര്‍ കവര്‍ന്നെടുക്കാന്‍ തുനിയവെ, തന്‍റെ അദൃശ്യ നീക്കങ്ങളിലൂടെ പിറന്ന നാടിന്‍റെ മാനം കാത്ത അല്ലയോ ഈ യുഗത്തിന്‍റെ ശ്രീ കൃഷ്ണനായ ഡോക്ടര്‍ വിജയ് മല്ല്യ, അങ്ങാണ് യഥാര്‍ത്ഥ ഗാന്ധി ശിഷ്യന്‍! അങ്ങേക്ക് പ്രണാമം!
വെള്ളിയാഴ്‌ച, മാർച്ച് 06, 2009
ഗാന്ധിജിയും ലേലവും പിന്നെ ദാരിദ്ര്യവും.
പട്ടിണി പാവങ്ങളുടെയും ദരിദ്ര നാരായണന്മാരുടെയും നാടായ നമ്മുടെ സ്വന്തം ഭാരതത്തിനു സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ഒരു യാഥാര്‍ഥ്യം ആകാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരിയ്ക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ച് അഹിംസ സിദ്ധാന്തത്തിലൂടെ ബ്രിട്ടിഷ്കാരെ ഇന്ത്യയില്‍ നിന്നു കെട്ട് കെട്ടിച്ച മഹാനായ ഗാന്ധിജി തന്നെ അതിന് കാരണമായത് ഒരു പക്ഷെ യാദൃശ്ചികമാവാം. മഹാത്മജിയുടെ കണ്ണടയും, മെതിയടിയും, വാച്ചും അദ്ദേഹത്തിന്‍റെ പഴയ സുഹൃത്തായ ജെയിംസ് ഓട്ടിസ് ലേലം വെയ്ക്കാന്‍ പോകുകയാണ് പോലും. ലേലം നടക്കാം, നടക്കാതിരിയ്ക്കാം. ലേലം ഉപേക്ഷിയ്ക്കനായി ജെയിംസ് ഓട്ടിസ് മുന്നോട്ടു വെയ്ക്കുന്ന ഉപാധികള്‍ ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ചാല്‍ അടുത്ത ഒരു ദശാബ്ദതോടെ നമ്മുടെ രാജ്യത്ത് പട്ടിണി എന്നത് ചരിത്രമായി മാറും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം പാവങ്ങളുടെ ഉന്നമനത്തിനായി ചെലവാക്കാനാണ് ഒട്ടിസിന്റെ നിര്‍ദ്ദേശം. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും സമുന്നതനായ മഹാത്മജിയ്ക്ക് വേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ സ്വീകരിയ്ക്കുകയാണ് വേണ്ടത്. അമൂല്യവും മഹാതമാവിനു ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്ന കണ്ണടയും മെതിയടിയും അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് വരുന്നു എന്ന് മാത്രമല്ല പാവപ്പെട്ടവന്‍റെ ഉന്നമനത്തിന്റെ ശംഖ് വിളി കൂടി ആകും ഇതിലൂടെ സാധ്യമാകുക. ഇതെങ്ങനെ സാധ്യമാകും? നമുക്കു പരിശോധിയ്ക്കാം: വര്‍ഷം രണ്ടായിരത്തി ഒമ്പത്: ഇന്ത്യയുടെ മൊത്തം ജനസംഖ്യ - ഏകദേശം നൂറു കോടി. ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബി പി എല്‍) ജനസംഖ്യ - മുപ്പതു കോടി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക്- എട്ടു/ഒമ്പത് ശതമാനം. ഓട്ടിസ് ഫോര്‍മുല പ്രകാരം ജി ഡി പി യുടെ അഞ്ചു ശതമാനം പാവങ്ങള്‍ക്കായി ചെലവാക്കിയാല്‍ അടുത്ത പത്തു വര്‍ഷത്തോടെ ദരിദ്ര വാസികളുടെ എണ്ണം മുപ്പതില്‍ നിന്നു പതിനഞ്ചു കോടി ആയി ചുരുങ്ങുന്നു എന്ന് സങ്കല്‍പ്പിയ്ക്കുക. അതായതു രണ്ടായിരത്തി പത്തൊമ്പതില്‍ അല്ലെങ്കില്‍ രണ്ടായിരത്തി ഇരുപതില്‍ പോപുലേഷന്‍ ബിലോ പോവര്ടി ലൈന്‍ : പതിനഞ്ചു കോടി (വിത്ത് സ്ട്രിക്ട് ഫാമിലി പ്ലാനിംഗ് മേഷേര്സ്!). ഇനി കലാപരിപാടിയിലെ അടുത്ത ഇനം: ദാരിദ്ര്യം പൂര്‍ണമായും തുടച്ചു നീക്കണമെന്ന് ആത്മാര്‍ഥമായും ആഗ്രഹിയ്ക്കുന്ന ഒരു സന്നദ്ധ സംഘം അഹമ്മദാബാദ് സബര്‍മതി ആശ്രമം, പോര്‍ബന്ദറിലെ ഗാന്ധി ഗൃഹം എന്നിവ സന്ദര്‍ശിയ്ക്കുന്നു. ഗാന്ധിജിയുടെ അവശേഷിയ്ക്കുന്ന ഊന്നു വടി, മറ്റു സാമഗ്രികള്‍ എന്നിവ സമര്‍ത്ഥമായി മോഷ്ടിയ്ക്കുന്നു. ജെയിംസ് ഓട്ടിസ് ആട്ടകഥ രണ്ടാം ഭാഗം ഇതോടെ ആരംഭിയ്ക്കുകയായി. ജി ഡി പി യുടെ പത്തു ശതമാനമാണ് ഇത്തവണ ഓട്ടിസ് ആവശ്ശ്യപ്പെടെണ്ടത് മോചന ദ്രവ്യം വകയില്‍. ഇന്ത്യയില്‍ ചൂടു പിടിച്ച വാദ പ്രതിവാദങ്ങള്‍ നടക്കുന്നു. പാര്‍ലിമെന്റില്‍ പ്രതിപക്ഷവും ഭരണ പക്ഷവും എട്ടു മുട്ടുന്നു. പ്രധാന മന്ത്രി രാഹുല്‍ ഗാന്ധി പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട് ഒട്ടിസില്‍ നിന്നും ഊന്നു വടി കരസ്തമാക്കുവനായി ജി ഡി പി യുടെ പത്തു ശതമാനം പാവപ്പെട്ടവര്‍ക്ക് മാറ്റി വെയ്ക്കുന്നു.
വര്‍ഷം : രണ്ടായിരത്തി മുപ്പതു. ഭാരതത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിയ്ക്കുന്ന ജനസംഖ്യ - പൂജ്യം പൂജ്യം പൂജ്യം പൂജ്യം!
വര്‍ഷം: രണ്ടായിരത്തി മുപ്പത്തി ഒന്നു. ന്യൂ ഡല്‍ഹിയിലെ പ്രശസ്തമായ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരു ലേലം അരങ്ങേറാന്‍ പോകുകയാണ്. ലേല സമാഗ്രികള്‍ : ജോര്‍ജ് വാഷിംഗ്‌ടണ്‍ ഉപയോഗിച്ച വാക്കിംഗ് സ്റ്റിക്, എബ്രഹാം ലിങ്കന്‍റെ കോട്ട്, ജോണ്‍ കെന്നഡിയുടെ സ്വിസ് വാച്ച്. ലേലം നടത്തുന്നത് : വിജയ് മല്ല്യ ജൂനിയര്‍. ലേലക്കാരന്റെ ആവശ്യം: ലേലം അല്ലെങ്കില്‍ അമേരിയ്ക്കയുടെ മൊത്തം ജി ഡി പിയുടെ അമ്പത് ശതമാനം അവിടുത്തെ അറുപതു ശതമാനത്തോളം വരുന്ന ദരിദ്ര സായിപ്പന്മാര്‍ക്കായി നീക്കി വെയ്ക്കുക.........
ചരിത്രം ആവര്‍ത്തിച്ച് കൊണ്ടേ ഇരിയ്ക്കുന്നു.....
ബുധനാഴ്‌ച, മാർച്ച് 04, 2009
ട്വന്റി പെര്‍സെന്റ്
ഹലോ, മാഷേ ഞാന്‍ കുട്ടപ്പനാ.. ആ ട്വന്റി പെര്‍സെന്‍റ് എന്തായി?
ഒന്നും അറിഞ്ഞില്ലടെ. അപ്പ്രൂവ് ആയി എന്ന് പറയുന്നു, ഇല്ല എന്ന് പറയുന്നു, ഒന്നും വ്യക്തമല്ല. ഫയല്‍ ചെയര്‍മാന്‍റെ ഓഫീസില്‍ ആണത്രെ. ചെയര്‍മാന്‍ ഏമാന്‍ പാപ്പാ ന്യൂ ഗിനിയില്‍ എന്തോ പ്രധാന ദൌത്യവുമായി പോയി എന്ന് കേട്ടു. താന്‍ ഇപ്പൊ എവിടെയാ കുട്ടപ്പാ ?
ഞാന്‍ ഗങ്ങ്ടോക്കിലാ..... ഒടുക്കത്തെ തണുപ്പ്... ഒരു സ്മാളിന്റെ ബലത്തിലാണ് നിന്നോട് സംസാരിയ്ക്കുന്നത്.
അപ്പൊ താന്‍ കമ്പിളി വസ്ത്രം ഒന്നും കൊണ്ടുപോയില്ലയോ? ഡിപ്പാര്‍ട്ട്മെന്റ് ഒരു അടിപൊളി സ്വെട്ടെര്‍ തന്നിരുന്നല്ലോ?
ഒന്നും അറിഞ്ഞില്ലടെ. അപ്പ്രൂവ് ആയി എന്ന് പറയുന്നു, ഇല്ല എന്ന് പറയുന്നു, ഒന്നും വ്യക്തമല്ല. ഫയല്‍ ചെയര്‍മാന്‍റെ ഓഫീസില്‍ ആണത്രെ. ചെയര്‍മാന്‍ ഏമാന്‍ പാപ്പാ ന്യൂ ഗിനിയില്‍ എന്തോ പ്രധാന ദൌത്യവുമായി പോയി എന്ന് കേട്ടു. താന്‍ ഇപ്പൊ എവിടെയാ കുട്ടപ്പാ ?
ഞാന്‍ ഗങ്ങ്ടോക്കിലാ..... ഒടുക്കത്തെ തണുപ്പ്... ഒരു സ്മാളിന്റെ ബലത്തിലാണ് നിന്നോട് സംസാരിയ്ക്കുന്നത്.
അപ്പൊ താന്‍ കമ്പിളി വസ്ത്രം ഒന്നും കൊണ്ടുപോയില്ലയോ? ഡിപ്പാര്‍ട്ട്മെന്റ് ഒരു അടിപൊളി സ്വെട്ടെര്‍ തന്നിരുന്നല്ലോ?
ഓ! അത് ഞാന്‍ നമ്മുടെ കോയകുട്ടിയ്ക്ക് മറിച്ചുവിറ്റു മാഷേ. ഒരു ബ്ലാക്ക് ഡോഗ് മുഴുകുപ്പി അങ്ങനെ ഒപ്പിച്ചു. ആട്ടെ, നീ ഇപ്പൊ എന്തെടുക്ക്വ?
ഞാനും കുടുംബവും ഇങ്ങു ഊട്ടിയിലാ ഇപ്പൊ. വാട്ട് എ പ്ലെസെന്‍റ് ക്ലൈമറ്റ് യാര്‍!
ചങ്ങാതി അപ്പൊ ഫാക്ടരിയിലാരുണ്ടിപ്പോള്‍? നീ അങ്ങോട്ടും പോയി, ഞാന്‍ ഇങ്ങോട്ടും വന്നു. പുലിവാലാകുമോ രാജപ്പാ?
മണ്ണാങ്കട്ട! ആരുടെയൊക്കെയോ മുന്ജന്മ്മസുകൃതം കൊണ്ടു ഫാക്ടറി ഒരു വിധം ഓടുന്നുണ്ട്. നീയും ഞാനും പോയാലും ഫാക്ടരീന്നു പുക വരും. പിന്നെ നമ്മടെ സഹായി ഉണ്ടവിടെ. അവനോടു പറഞ്ഞിട്ടുണ്ട് ലീവ് എടുക്കരുതെന്ന്.
ദെന്‍ ഇറ്റ് ഈസ് ഓക്കേ! ട്വന്റി പെര്‍സെന്‍റ് ഡിക്ലൈര്‍ ചെയ്താല്‍ ഒന്നു വിളിച്ചു പറഞ്ഞേര്. എനി തിംഗ് എല്‍സ്?
ങ്ഹാ യാര്‍ ! വണ്‍ തിംഗ് ഐ ഫോര്‍ഗോട്ട് ടു ടെല്‍ യു. നമ്മടെ രാജിവെച്ചു പോയ കണ്ണപ്പനില്ലേ? ഹി ഈസ് ബാക്ക് നൌ!
കണ്ണപ്പന്‍, ദ ഗയ് ഹു വാസ് ഓഫെഡ് ടെന്‍ ലാക് പെര്‍ ആനം ബൈ സം എം എന്‍ സി ?
ങ്ഹാ യാര്‍ ദ സെയിം പുവര്‍ ചാപ്പ്. മാന്ദ്യം ഇഫക്ട്. നൌഹിസ് ടോട്ടല്‍ സാലറി ഇസ് ട്വന്റി പെര്‍സെന്‍റ് ഓഫ് വാട്ട് ഇസ് ഓഫെഡ് ഇനിഷ്യലി! മൂപ്പര് രാജി കൊടുത്തു പറയുന്ന കേട്ടു. കാട കോഴി വളര്‍ത്തു പരിപാടി ഉണ്ടെന്നു കേട്ടറിഞ്ഞു. ലോണ്‍ അപ്ലൈ ചെയ്തെന്നും ട്വന്റി പെര്‍സെന്‍റ് ലോണ്‍ സംഗ്ഷന്‍ ആയെന്നും.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)