പട്ടിണി പാവങ്ങളുടെയും ദരിദ്ര നാരായണന്മാരുടെയും നാടായ നമ്മുടെ സ്വന്തം ഭാരതത്തിനു സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ഒരു യാഥാര്‍ഥ്യം ആകാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരിയ്ക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ച് അഹിംസ സിദ്ധാന്തത്തിലൂടെ ബ്രിട്ടിഷ്കാരെ ഇന്ത്യയില്‍ നിന്നു കെട്ട് കെട്ടിച്ച മഹാനായ ഗാന്ധിജി തന്നെ അതിന് കാരണമായത് ഒരു പക്ഷെ യാദൃശ്ചികമാവാം. മഹാത്മജിയുടെ കണ്ണടയും, മെതിയടിയും, വാച്ചും അദ്ദേഹത്തിന്‍റെ പഴയ സുഹൃത്തായ ജെയിംസ് ഓട്ടിസ് ലേലം വെയ്ക്കാന്‍ പോകുകയാണ് പോലും. ലേലം നടക്കാം, നടക്കാതിരിയ്ക്കാം. ലേലം ഉപേക്ഷിയ്ക്കനായി ജെയിംസ് ഓട്ടിസ് മുന്നോട്ടു വെയ്ക്കുന്ന ഉപാധികള്‍ ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ചാല്‍ അടുത്ത ഒരു ദശാബ്ദതോടെ നമ്മുടെ രാജ്യത്ത് പട്ടിണി എന്നത് ചരിത്രമായി മാറും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം പാവങ്ങളുടെ ഉന്നമനത്തിനായി ചെലവാക്കാനാണ് ഒട്ടിസിന്റെ നിര്‍ദ്ദേശം. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും സമുന്നതനായ മഹാത്മജിയ്ക്ക് വേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ സ്വീകരിയ്ക്കുകയാണ് വേണ്ടത്. അമൂല്യവും മഹാതമാവിനു ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്ന കണ്ണടയും മെതിയടിയും അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് വരുന്നു എന്ന് മാത്രമല്ല പാവപ്പെട്ടവന്‍റെ ഉന്നമനത്തിന്റെ ശംഖ് വിളി കൂടി ആകും ഇതിലൂടെ സാധ്യമാകുക. ഇതെങ്ങനെ സാധ്യമാകും? നമുക്കു പരിശോധിയ്ക്കാം: വര്‍ഷം രണ്ടായിരത്തി ഒമ്പത്: ഇന്ത്യയുടെ മൊത്തം ജനസംഖ്യ - ഏകദേശം നൂറു കോടി. ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബി പി എല്‍) ജനസംഖ്യ - മുപ്പതു കോടി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക്- എട്ടു/ഒമ്പത് ശതമാനം. ഓട്ടിസ് ഫോര്‍മുല പ്രകാരം ജി ഡി പി യുടെ അഞ്ചു ശതമാനം പാവങ്ങള്‍ക്കായി ചെലവാക്കിയാല്‍ അടുത്ത പത്തു വര്‍ഷത്തോടെ ദരിദ്ര വാസികളുടെ എണ്ണം മുപ്പതില്‍ നിന്നു പതിനഞ്ചു കോടി ആയി ചുരുങ്ങുന്നു എന്ന് സങ്കല്‍പ്പിയ്ക്കുക. അതായതു രണ്ടായിരത്തി പത്തൊമ്പതില്‍ അല്ലെങ്കില്‍ രണ്ടായിരത്തി ഇരുപതില്‍ പോപുലേഷന്‍ ബിലോ പോവര്ടി ലൈന്‍ : പതിനഞ്ചു കോടി (വിത്ത് സ്ട്രിക്ട് ഫാമിലി പ്ലാനിംഗ് മേഷേര്സ്!). ഇനി കലാപരിപാടിയിലെ അടുത്ത ഇനം: ദാരിദ്ര്യം പൂര്‍ണമായും തുടച്ചു നീക്കണമെന്ന് ആത്മാര്‍ഥമായും ആഗ്രഹിയ്ക്കുന്ന ഒരു സന്നദ്ധ സംഘം അഹമ്മദാബാദ് സബര്‍മതി ആശ്രമം, പോര്‍ബന്ദറിലെ ഗാന്ധി ഗൃഹം എന്നിവ സന്ദര്‍ശിയ്ക്കുന്നു. ഗാന്ധിജിയുടെ അവശേഷിയ്ക്കുന്ന ഊന്നു വടി, മറ്റു സാമഗ്രികള്‍ എന്നിവ സമര്‍ത്ഥമായി മോഷ്ടിയ്ക്കുന്നു. ജെയിംസ് ഓട്ടിസ് ആട്ടകഥ രണ്ടാം ഭാഗം ഇതോടെ ആരംഭിയ്ക്കുകയായി. ജി ഡി പി യുടെ പത്തു ശതമാനമാണ് ഇത്തവണ ഓട്ടിസ് ആവശ്ശ്യപ്പെടെണ്ടത് മോചന ദ്രവ്യം വകയില്‍. ഇന്ത്യയില്‍ ചൂടു പിടിച്ച വാദ പ്രതിവാദങ്ങള്‍ നടക്കുന്നു. പാര്‍ലിമെന്റില്‍ പ്രതിപക്ഷവും ഭരണ പക്ഷവും എട്ടു മുട്ടുന്നു. പ്രധാന മന്ത്രി രാഹുല്‍ ഗാന്ധി പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട് ഒട്ടിസില്‍ നിന്നും ഊന്നു വടി കരസ്തമാക്കുവനായി ജി ഡി പി യുടെ പത്തു ശതമാനം പാവപ്പെട്ടവര്‍ക്ക് മാറ്റി വെയ്ക്കുന്നു.
വര്‍ഷം : രണ്ടായിരത്തി മുപ്പതു. ഭാരതത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിയ്ക്കുന്ന ജനസംഖ്യ - പൂജ്യം പൂജ്യം പൂജ്യം പൂജ്യം!
വര്‍ഷം: രണ്ടായിരത്തി മുപ്പത്തി ഒന്നു. ന്യൂ ഡല്‍ഹിയിലെ പ്രശസ്തമായ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരു ലേലം അരങ്ങേറാന്‍ പോകുകയാണ്. ലേല സമാഗ്രികള്‍ : ജോര്‍ജ് വാഷിംഗ്‌ടണ്‍ ഉപയോഗിച്ച വാക്കിംഗ് സ്റ്റിക്, എബ്രഹാം ലിങ്കന്‍റെ കോട്ട്, ജോണ്‍ കെന്നഡിയുടെ സ്വിസ് വാച്ച്. ലേലം നടത്തുന്നത് : വിജയ് മല്ല്യ ജൂനിയര്‍. ലേലക്കാരന്റെ ആവശ്യം: ലേലം അല്ലെങ്കില്‍ അമേരിയ്ക്കയുടെ മൊത്തം ജി ഡി പിയുടെ അമ്പത് ശതമാനം അവിടുത്തെ അറുപതു ശതമാനത്തോളം വരുന്ന ദരിദ്ര സായിപ്പന്മാര്‍ക്കായി നീക്കി വെയ്ക്കുക.........
ചരിത്രം ആവര്‍ത്തിച്ച് കൊണ്ടേ ഇരിയ്ക്കുന്നു.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ