ഞായറാഴ്‌ച, മാർച്ച് 22, 2009

പോയ വസന്തം



നമ്രതാ ധീരജ് ലാല്‍ പട്ടേല്‍, കതകു തള്ളി തുറന്നു അകത്തു പ്രവേശിച്ചപ്പോള്‍ കളഭ കുറി അണിഞ്ഞ അവളുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞിരുന്നു. വൈകി വന്നതിനു ഹിന്ദിയില്‍ ക്ഷമാപണം നടത്തി മുന്‍ വശത്തെ സോഫയില്‍ അനുവാദത്തിനു കാക്കാതെ ഉപവിഷ്ടയായ നമ്രതയെ തെല്ലൊരു കൌതുകത്തോടെ വീക്ഷിച്ചു. ഗുജറാത്തി മാതൃകയില്‍ തലയില്‍ വലിയ സ്ലൈട്‌ കൊളുത്തിയ ചെമ്പന്‍ കളറുള്ള അനുസരണ ഇല്ലാത്ത മുടി ഫാനിന്‍റെ കാറ്റില്‍ പാറി പറക്കുന്നു. ചായം പുരട്ടാത്തചുണ്ടുകളും വടിവൊത്ത നാസികയും അവളുടെ മനോഹാരിത ഒന്നു കൂടി വര്‍ധിപ്പിച്ചു. ധൃതിയില്‍ ഗോവണി പ്പടി കയറി വന്നതിനാലാവണം അവളുടെ ക്രമം തെറ്റിയ ശ്വാസ നിശ്വാസങ്ങള്‍ അളവില്‍ കവിഞ്ഞ നിമ്നോന്നതങ്ങളുടെ അദൃശ്യ ഭംഗി കാണാതെ കാണിച്ചു തന്നു. പേരറിയാന്‍ പാടില്ലാത്ത ഏതോ വിദേശ ടാല്‍ക്കം പൗടരിന്റെ മത്തു പിടിപ്പിയ്ക്കുന്ന ഗന്ധത്തില്‍ അവള്‍ ഒരു മദാലസയെ പോലെ തോന്നിച്ചു .

"ആപ് ഐസാ ക്യോന്‍ ദേഖ് രഹാ ഹൈ സാബ്, ഹാവ് യു നോട് സീന്‍ ലേഡീസ് ബിഫോര്‍? " ഹിന്ദിയും ഇംഗ്ലീഷും ഇട കലര്‍ത്തി ആണ് അവള്‍ ചോദിച്ചത്.

"ഫ്രാന്കിലി സ്പീകിന്ഗ്, നോ. ചമ്മല്‍ മറയ്ക്കാന്‍ പാടുപെട്ടു കൊണ്ടു പറഞ്ഞു. "യു ആര്‍ സോ ഫാസിനേട്ടിംഗ്"

പരിചയപ്പെടുന്നതിനു മുന്‍പു തന്നെ തന്‍റെ സൌന്ദര്യത്തിനു സാക്ഷിപത്രം തന്നതിനോടുള്ള കൃതജ്ഞത അവളുടെ വലിയ കണ്ണുകളിലെ തിളക്കത്തിലൂടെ പ്രകടമായി.

കമ്പനിയില്‍ പുതിയതായി ജോയിന്‍ ചെയ്യാന്‍ വന്ന ട്രെയിനീ എഞ്ചിനീയര്‍ ആയിരുന്നു നമ്രത പട്ടേല്‍. ജോയനിന്ഗ് ഫോര്മാലിട്ടീസ് പൂര്‍ത്തിയാക്കി പരിശീലന കാലാവധിയെ കുറിച്ചും ഏറ്റെടുക്കേണ്ട അസ്സൈമെന്റിനെ കുറിച്ചും വിവരിച്ചു കൊടുക്കുമ്പോള്‍ ശബ്ദം ഇടറുന്ന തായി തോന്നി. ഹൃദയത്തിന്റെ ഏതോ കോണില്‍ നമ്രതാ പട്ടേല്‍ എന്ന സൌന്ദര്യ ധാമം ഉണര്‍ത്തിവിട്ട നൊമ്പരങ്ങള്‍ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിച്ചു. എന്താണ് തനിയ്ക്ക് സംഭവിച്ചത്? നാളിതു വരെ തോന്നാത്ത ഒരു വികാരം ഈ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ മാത്രം തോന്നാന്‍ കാരണം? ഈ അനിര്‍വ്വചനീയമായ വികാരമാണോ പ്രേമം? മറുനാടന്‍ മലയാളിയ്ക്ക് ഗുജറാത്തി പെണ്ണിനോട് പ്രേമമോ? ഈശ്വര! എനിയ്ക്കെന്താണ് സംഭവിയ്ക്കുന്നത്?

"യു ടൂ ആര്‍ ലുക്കിന്ഗ് സ്മാര്ട്ട്, മധുജി!" പിന്നീടൊരു ഉച്ച ഭക്ഷണ ഇടവേളയില്‍ ഓഫീസ് വരാന്തയിലൂടെ ഉലാത്തുമ്പോള്‍ ഒരു രഹസ്യം പറയുന്ന പോലെ നമ്രത മധുരമായി മൊഴിഞ്ഞു. പ്രഥമ ദര്‍ശനത്തില്‍ താന്‍ കൊടുത്ത സൌന്ദര്യ സാക്ഷി പത്രത്തിന് അതെ നാണയത്തില്‍ തന്നെ മറുപടി. ഞങ്ങളുടെ കൂടി കാഴ്ചകള്‍ നിത്യേന ഓഫീസിലും വൈകീട്ട് നഗര മധ്യത്തിലെ പാര്‍ക്കിലും സ്ഥിരമായി. തെറ്റിദ്ധരിയ്ക്കപ്പെടുന്ന ഗുജറാത്തി സ്ത്രീകളുടെ വ്യക്തിത്വത്തെ കുറിച്ചും "മദ്രാസി ലോഗ്" എന്ന സംസ്കാര ശൂന്യന്മാരെ കുറിച്ചും അവള്‍ ആവേശപൂര്‍വ്വം സംസാരിച്ചു. ഫ്രീ ആയി ഇടപഴകുന്ന ഗുജറാത്തീ പെണ്‍കുട്ടികളെ "വളയ്ക്കാന്‍" "മൂഷ് വാല, സിഗരട്ട് പീനേ വാല മദ്രാസി" നടത്തുന്ന ആക്രാന്തങ്ങളെ അവള്‍ പരിഹസിച്ചു പൊട്ടി ചിരിച്ചു. ഞങ്ങളുടെ കൂടികാഴ്ചകളുടെ ദൈര്‍ഘ്യം വര്‍ദ്ധിച്ചു വന്നു, അനുരാഗത്തിന്റെ തീവ്രതയും.

വര്‍ഷങ്ങള്‍ കടന്നു പോകുക ആയിരുന്നു. വരുന്ന വിവാഹ ആലോചനകള്‍ ഓരോന്നായി മുടക്കിയ കഥകള്‍ അവള്‍ ഒരു ധീര വനിതയുടെ ഭാവ ചേഷ്ടയോടെ അവതരിപ്പിച്ചു. ഒരു മറുനാടന്‍ പെണ്ണിനെ വധുവായി സ്വീകരിയ്ക്കാനുള്ള മഹാമനസ്കത ഇല്ലാത്ത എന്‍റെ കുടുംബ പാരമ്പര്യത്തെ ഞാന്‍ മനസ്സാ ശപിച്ചു. സിനിമ കൊട്ടകയിലെ ഇരുളിന്‍റെ മറവിലും ഔദ്യോഗിക ടൂര്‍ വേളകളിലും അമ്പലങ്ങളുടെ ധര്‍മ ശാലകളിലും ഞങ്ങള്‍ ഏക ശരീരാത്മാക്കളായി വിലസി. സ്ഥിതി ഗതികള്‍ കൈ വിട്ടു പോവുക ആയിരുന്നു. എന്നിലെ സ്വാര്‍ത്ഥത രാക്ഷസ രൂപം പൂണ്ടു കമ്പനിയിലെ ദക്ഷിണ ഭാരതത്തിലെ ശാഖയിലെയ്ക്ക് എനിയ്ക്ക് ഒരു സ്ഥലം മാറ്റം ഒപ്പിച്ചു തന്നു. ഒരു നന്ദി പറയാന്‍ പോലും മിനക്കെടാതെ ഞാന്‍ നമ്രത പട്ടേലിന്റെ നാട്ടില്‍ നിന്നും "ഒളിച്ചോടി". കുടുംബ ഭാര്യ പുത്രാ ദികളുടെ സ്നേഹ- സാമീപ്യം നമ്രത എന്ന സുന്ദരിയെ മറക്കാന്‍ എനിയ്ക്ക് പ്രേരണ ആയി.

വര്‍ഷങ്ങള്‍ക്കു ശേഷം ഈയിടെ പഴയ ഓഫീസ് സന്ദര്ശിയ്ക്കേണ്ടി വന്നപ്പോള്‍ നമ്രത പട്ടേലിനെ നേരില്‍ കണ്ടു ക്ഷമാപണം നടത്താന്‍ മനസ്സു ആഗ്രഹിച്ചിരുന്നു. അവള്‍ കുറെ കാലം അവിവാഹിത ആയി തുടര്‍ന്നെന്നും അടുത്തിടെ ഒരു സര്ദാരെ വിവാഹം കഴിച്ചെന്നും കുടുംബ പ്രശ്നങ്ങളാല്‍ ആ വിവാഹം തകര്‍ച്ചയുടെ വക്കിലാണെന്നും ഇപ്പോള്‍ അവള്‍ സ്വന്തം വീട്ടില്‍ കുഞ്ഞുമായി താമസിയ്ക്കയാനെന്നും കൂട്ടുകാര്‍ വഴി അറിഞ്ഞു.

നാട്ടിലേയ്ക്കുള്ള ട്രെയിന്‍ വളരെ വൈകി ആണ് പുറപ്പെടുക. യഥേഷ്ടം സമയം ഉണ്ട്. അത് വരെ നമ്രതയുടെ വീട്ടില്‍ ചെലവഴിച്ചു വൈകീട്ടോടെ സ്റ്റെഷനിലോട്ടു പോയാല്‍ മതി ആകും. പഴയ ഓര്‍മയില്‍ അവളുടെ വീട് ലക്ഷ്യം വെച്ചു നടന്നു. ചൂടിന്‍റെ കാഠിന്യം കൂടി വന്നു. പഴയ ഗുജറാത് അല്ല ഇപ്പോള്‍. റോഡുകളും കെട്ടിടങ്ങളും എല്ലാം ഒരു സമ്പന്ന രാജ്യത്തിന്റെ പ്രതീതി ജനിപ്പിയ്ക്കുന്നു.

ചാരി ഇരിയ്ക്കുന്ന വാതില്‍ തുറക്കാതെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. മൂന്നു -നാലുവയസ്സ് തോന്നിയ്ക്കുന്ന ഒരു കുട്ടി വാതില്‍ തുറന്നു. "എന്ത് വേണം?" ഗുജറാത്തിയിലായിരുന്നു പയ്യന്റെ ചോദ്യം. "അമ്മയെ വിളിയ്ക്കു. ഒരു അങ്കിള്‍ വന്നിരിയ്ക്കുന്നു എന്ന് പറയു".

സാരി തലപ്പ് തല വഴി മൂടി ശോഷിച്ച ശരീരത്തോടെ ഒരു സ്ത്രീ പ്രത്യക്ഷ ആയി. ആ ശുഷ്ക ഗാത്രി നമ്രത ആണെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ദൈവമേ! ഒരു അസ്ഥി കൂടത്തിനു ജീവന്‍ വെച്ചത് പോലെ. കാലത്തിലെ (എം ടി) തങ്കമണിയുടെ രൂപം ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. കുറ്റ ബോധത്തോടെയും ചമ്മലോടെയും ചിരിയ്ക്കാന്‍ പാടു പെട്ട് കൊണ്ടു തമാശ രൂപേണ ചോദിച്ചു: "ഓര്‍മ്മയുണ്ടോ ഈ മധുവിനെ? "

ഒട്ടും താല്‍പ്പര്യമില്ലാതെ അവള്‍ പതിഞ്ഞ ശബ്ദത്തില്‍ ഗുജറാത്തിയും ഹിന്ദിയും ഇട കലര്‍ത്തി ചോദിച്ചു : " കോന്സാ മധു? സൂ കാം ഛെ ഭായ്? കിസ്കോ മില്‍നേ കേലിയെ ആയ ഹേ ? മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ അവള്‍ ശബ്ദത്തോടെ വാതില്‍ കൊട്ടി അടച്ചു.
വിറയ്ക്കുന്ന കാല്‍വെപ്പോടെ ഞാന്‍ പടി ഇറങ്ങി. റെയില്‍ വേ സ്റ്റേഷന്‍ റോഡ് ലക്ഷ്യമാക്കി നടന്നു. വെയിലിന്റെ ചൂടു അഗ്നി ഗോളങ്ങള്‍ ആകുന്നത്‌ പോലെ .....


അഭിപ്രായങ്ങളൊന്നുമില്ല: