ആഗോള താപനത്തിന്‍റെ ഭീഷണി നേരിടാന്‍ ഇന്നു വൈകീട്ട് ഒരു മണിയ്ക്കൂര്‍ വൈദ്യുതി അണച്ച് ഭൂമിയെ രക്ഷിയ്ക്കാനുള്ള ആഗോള യജ്ഞത്തില്‍ കേരളവും മലയാളികളും പങ്കെടുക്കേണ്ടെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഭാരവാഹികള്‍ ഒരു പത്ര കുറിപ്പില്‍ അറിയിച്ചു. ലോകം മനസ്സില്‍ കാണുമ്പോള്‍ മാനത്തു കാണുന്നവരാണ് മലയാളികളെന്നും ആഗോള താപനത്തിന്‍റെ ദൂഷ്യ വശങ്ങളെ കുറിച്ചു മലയാളികള്‍ ദശാബ്ദങ്ങള്‍ ക്ക് മുമ്പ് തന്നെ ബോധവന്മാരാനെന്നും പത്ര കുറിപ്പ് തുടര്‍ന്നു. കൊച്ചി തിരുവനന്തപുരം മെട്രോ നഗരങ്ങള്‍ മുതല്‍ പട്ടികാട്ടിലെ കൂരകള്‍ വരെ മണിയ്ക്കൂരുകളോളം വൈദ്യുതി ബന്ധം കട്ട് ചെയ്തു ഈ മഹത്തായ ദൌത്യത്തില്‍ നിത്യേന പങ്കാളികള്‍ ആവുന്ന കാര്യം ഫണ്ട് കൃതജ്ഞതയോടെ അനുസ്മരിച്ചു. വൈദ്യുതി വകുപ്പ് നേരിട്ടു കൈ കാര്യം ചെയ്യുന്ന ഒരു മണിയ്ക്കൂര്‍ പവര്‍ കട്ട് പലപ്പോഴും ഒന്നര രണ്ടു മണിയ്ക്കൂരായി നീളുന്ന കാര്യം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇരു ചക്ര മു ചക്ര ബഹു ചക്ര വാഹനങ്ങള്‍ നിമിത്തം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിന്‍റെ ഭാഗമായി ആഴ്ചയില്‍ ഒരിയ്ക്കല്‍ മലയാളി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളും ബന്ദുകളും ആഗോള താപനത്തിന്‍റെ കാഠിന്യം വലിയ ഒരളവു വരെ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞതായി വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് അറിയിപ്പില്‍ പറയുന്നു. വിഷ പുക വമിയ്ക്കുന്ന ഫാക്ടറികള്‍ ക്കെതിരെ ജലാശയങ്ങളെ മലിനീകരിയ്ക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ മലയാളി നടത്തുന്ന സന്ധി ഇല്ലാ സമരം ആഗോള തപനതിനെതിരെ ആണെന്നും അല്ലാതെ മിലിട്ടന്റ്റ് ട്രേഡ് യൂണിയന്‍ ഇസം ആയി അതിനെ ദുര്‍ വ്യാഖ്യാനം ചെയ്യരുതെന്നും ഫണ്ട് പത്ര കുറിപ്പിലൂടെ അപേക്ഷിച്ചു. "വെളിച്ചം ദുഃഖം ആണുണ്ണി, തമസ്സല്ലോ സുഖ പ്രദം!" എന്ന് മലയാളത്തിലെ പ്രശസ്തനായ ഒരു മഹാകവി പാടിയ കാര്യം ഉദ്ധരിച്ച് കൊണ്ടു കേരളത്തെ കണ്ടു പഠിയ്ക്കാന്‍ പ്രസ്തുത പത്രകുറിപ്പ് ലോക ജനതയോട് ആവശ്യപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ