ബുധനാഴ്‌ച, ജൂലൈ 29, 2009

ഒരു യക്ഷിക്കഥ

"ജയ ഭാരതില്‍" സെക്കന്‍റ് ഷോ കഴിയുന്നത്‌ രാത്രി പന്ത്രണ്ടു മുപ്പതിനാണ്. സാധാരണ ഗതിയില്‍ പത്തു മിനിട്ട് കാത്തു നിന്നാല്‍ ഒരു തൃശൂര്‍ പാലക്കാട് ഫാസ്റ്റ് വരാറുണ്ട്‌. അതില്‍ കയറി കുമാരന്‍റെ ചായ കട സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ പിന്നെ ഒരു അഞ്ചു മിനിട്ട് നടക്കണം വീടെത്താന്‍. ഇരുപതു മിനിട്ടോളം ബസ്സിനു വേണ്ടി കാത്തു നിന്നു. നോ രക്ഷ. മിന്നല്‍ പണി മുടക്ക്, ബ്രേക്ക്‌ ഡൌണ്‍, ആക്സിടെന്റ്റ്..... എന്ത് പണ്ടാരം ആണാവോ? സ്ത്രീകളെ വിശ്വസിച്ചാലും കെ എസ് ആര്‍ ടി സി യെ നമ്പരുത് എന്ന് പണ്ടു വിവരമുള്ളവര്‍ പറയുന്നതു എത്ര ശരി! കാറിലും ബൈക്കിലും ഒക്കെ ആയി പടം കാണാന്‍ വന്നവര്‍ എല്ലാം സ്ഥലം വിട്ടിരിയ്ക്കുന്നു. റിക്ഷക്കാരും ഓട്ടം മതിയാക്കി തോന്നുന്നു. ഇനി നടക്കുക തന്നെ.

വിജനമായ റോഡ് ആണ്. വേഗത്തില്‍ നടന്നാല്‍ മുക്കാല്‍ മണിയ്ക്കൂര്‍ കൊണ്ടു വീടെത്താം. മഴ പെയ്തിരുന്നതിനാല്‍ റോഡില്‍ അവിടവിടെ വെള്ളം കെട്ടി കിടന്നിരുന്നു. ചന്ദ്രികാ ചര്‍ച്ചിതമാം രാത്രിയില്‍ റോഡിലെ ഗട്ടരുകളിലെ വെള്ളത്തില്‍ അവ്യക്തമായി പ്രതിഫലിയ്ക്കുന്ന പൂര്‍ണ ചന്ദ്രന്‍ കേരളത്തിലെ പൊതു മരാമത്ത് വകുപ്പിനെ നോക്കി പല്ലിളിയ്ക്കുന്നത് പോലെ തോന്നി.

തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്തോളം ഉയര്ന്നു നില്ക്കുന്ന കരിമ്പനകളുടെ നിഴലുകള്‍ കാറ്റിന്റെ താളത്തിനൊപ്പം നൃത്തം ചെയ്തു. റോഡിനു ചേര്ന്നു കിടക്കുന്ന പാടത്തെ വെള്ള ചാട്ട ശബ്ദം ഏതോ പോക്കാച്ചി തവളയുടെ പേക്രോം പേക്രോം കരച്ചിലിന് ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൊടുക്കുന്നത് പോലെ. കാലന്റെ വരവ് അറിയിച്ചു കൊണ്ടു കരിമ്പനയുടെ ഉച്ച സ്ഥായിലിരുന്നു കാലന്‍ കോഴിയുടെ കൂവല്‍. സര്‍വ്വോപരി ഏതോ ചാവാലി പട്ടിയുടെ വിദൂരത്ത് നിന്നുള്ള കുര. കോട്ടയം പുഷ്പ നാഥിന്റെ ഡിറ്റക്ടീവ് മാക്സിന്‍ പോലും ഭയപ്പെട്ടു ട്രൌസറില്‍ മുള്ളുന്ന ഭീതി ജനകമായ അന്തരീക്ഷം.

പുറത്തെ തണുപ്പും മനസ്സിന് ഉള്ളിലെ ഭയവും അകറ്റാന്‍ ഒരു ഗോള്‍ഡ്‌ ഫ്ലാക്കിന് തീ കൊളുത്തി പുക ആഞ്ഞു വലിച്ചു കൊണ്ടു ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. കുമാരന്റെ ചായ കട എത്താന്‍ ഇനിയും പത്തിരുപതു മിനിട്ട് നടക്കണം. ഒരു വളവു തിരിഞ്ഞപ്പോള്‍ ആണ് പുറകില്‍ പാദസരം കിലുങ്ങുന്ന ഒരു ശബ്ദം ശ്രദ്ധയില്‍ പെട്ടത്. ആരോ എന്നെ അനുഗമിയ്ക്കുന്ന പോലെ. എന്‍റെ നടത്തത്തിന്റെ സ്പീഡ് ഞാന്‍ അറിയാതെ തന്നെ കൂടി. ഒരു പക്ഷെ എല്ലാം എന്‍റെ തോന്നലാവാം. ഭീരു! ഞാന്‍ എന്നെ തന്നെ പഴിച്ചു.

"നില്‍ക്കവിടെ!" അതൊരു തോന്നലായിരുന്നില്ല എന്ന് ഞാന്‍ ഭീതിയോടെ മനസ്സിലാക്കി. അടിമുടി വിറച്ചു കൊണ്ടു സടന്‍ ബ്രേക്ക്‌ ഇട്ടപോലെ നിന്നു. ഒരു നിമിഷം തിരിഞ്ഞൊന്നു നോക്കി. വെളുത്ത സാരിയും നിലം തൊടുന്നത്ര കേശ ഭരവും, പഞ്ച ജീരക ഗുടം പരസ്യ മോഡലിനെ പോലെ അവയവ ഭംഗിയുമുള്ള ഒരു ചരക്കു യക്ഷി! രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഞാന്‍ കിടപ്പറ പങ്കിട്ട ഏതോ സ്വപ്ന മോഹിനിയുടെ ഛായ ആയിരുന്നു അവള്‍ക്ക്.

" ഞാന്‍ എപ്പോഴാണ് നിങ്ങളുടെ വെപ്പാട്ടി ആയതു? ഇന്റര്നെറ്റ് കണക്ഷനും ഒരു ബ്ലോഗും ഉണ്ടെങ്കില്‍ എന്ത് അസംബന്തവും എഴുതാമെന്ന് ആരാണ് ഹേ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്‌? "


ഊതി വീര്‍പ്പിച്ച ബലൂണിലെ കാറ്റു പോകുന്നത് പോലെ ആയിരുന്നു യക്ഷി ഭയം എന്നില്‍ നിന്നും ഓടി ഒളിച്ചത്. അപ്പൊ അതാണ് കാര്യം. എന്റെ ബ്ലോഗിലെ മോഹിനി എന്ന ഒരു കഥാ പാത്രം ഈ യക്ഷി ആവാനെ തരമുള്ളൂ.


"തണ്ടും തടിയും ഉള്ള ഒരുത്തനുമായി ഒന്നു അന്തി ഉറങ്ങി എന്ന് തന്നെ വിചാരിയ്ക്കുക. അതിലിത്ര രോഷം കൊള്ലാനെന്തിരിയ്ക്കുന്നു യക്ഷീ മനോഹരി? മാത്രമല്ല, ഓരോ ഭാരത പൌരനും സ്വപ്നം കാണാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടനയില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. " ഞാന്‍ തികച്ചും നിര്ഭയനായിരുന്നു.

"കണ്ട അണ്ടനും അടകോടനും ആയി അഴിഞ്ഞാടുന്ന ആളല്ല എന്നെ പോലെ ഉള്ള തറവാട്ടില്‍ പിറന്ന യക്ഷിമാര്‍" . യക്ഷിയിലെ ചാരിത്ര പ്രാസന്ഗിക ധര്‍മ രോഷം കൊണ്ടു.

"ഓക്കേ എന്റെ അടുത്ത ബ്ലോഗ് പോസ്റ്റില്‍ മോഹിനിയെ മോഹന്‍ ലാലിന്റെ അല്ലെങ്കില്‍ മമ്മൂട്ടിയുടെ കൂടെ കിടത്താം എന്താ? " എന്‍റെ ശബ്ദത്തിലെ പരിഹാസം അവള്‍ മനസ്സിലാക്കിയത് പോലെ തോന്നി.

"നിങ്ങള്‍ മനുഷന്മാര്‍ക്ക് ഒരു വിചാരം ഉണ്ട്. നിങ്ങള്‍ ആണ് എല്ലാം എല്ലാം. യക്ഷി, പ്രേതം, ഭൂതം പിശാച് എല്ലാം നിങ്ങള്ക്ക് താഴെ ആണ്. അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. നിങ്ങളുടെ ബ്ലോഗ് പോസ്റ്റ് കാരണം എനിയ്ക്ക് എന്‍റെ ഉറ്റ കൂട്ടുകാരി ആണ് നഷ്ടമായത്. അവള്‍ ഇപ്പോള്‍ എന്‍റെ കൂടെ അന്തി ഉറങ്ങാറില്ല. കണ്ട മനുഷ്യന് മദ്യം വിളമ്പി രാത്രി ചിലവഴിയ്ക്കുന്ന യക്ഷിയുടെ കൂടെ വസിയ്ക്കാന്‍ അവള്‍ തയ്യാറല്ല പോലും. "

"കൂട്ടുകാരിടെ കൂടെ എന്തിന് കിടക്കണം? നല്ല യക്ഷന്മാര്‍ ഒന്നും ഇല്ലേ ഇവിടത്തെ പാല മരത്തില്‍?" എന്‍റെ സംശയം തികച്ചും ന്യായം ആയിരുന്നു.

"നോണ്‍ സെന്‍സ്! പുരുഷ വര്‍ഗത്തെ ആകെ എനിക്ക് അറപ്പാണ്. യക്ഷനാകട്ടെ, കിന്നരനാകട്ടെ, ഗന്ധര്‍വനാകട്ടെ നാണം കെട്ട വര്‍ഗം. ഒണ്‍ലി യക്ഷീസ്‌!" അവളുടെ ചോര കുടിയ്ക്കുന്ന നീണ്ട പല്ലുകള്‍ ഇപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ പെട്ടത്.

"അപ്പൊ യക്ഷിയും യക്ഷിയും...... യു മീന്‍ ലെസ്ബിയനിസം .......? " ഒന്നും മനസ്സില്‍ വെയ്ക്കാതെ ഞാന്‍ ചോദിച്ചു.

" വൈ നോട്, സ്വവര്‍ഗ രതി എന്താ മനുഷന്മാര്‍ക്ക് മാത്രേ പാടുള്ളൂ വിഡ്ഢി കൂശ്മാണ്ടം!"

"ക്ഷമിയ്ക്കണം മാഡം യക്ഷി, എനിയ്ക്ക് അത്രയ്ക്ക് അങ്ങട്ട് പോയില്ല. അതിരിയ്ക്കട്ടെ വന്നാല്‍ ഒരു ചായ കുടിച്ചിട്ട് പോകാം" . ഇപ്പോഴേയ്ക്കും ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നു.

"നോ താങ്ക്സ്. എനിയ്ക്ക് ഒന്ന് മുറുക്കണം. വീട്ടില്‍ വന്നാല്‍ കുറച്ചു ചുണ്ണാമ്പ് കിട്ട്വോ? "

"സോറി. ഞാന്‍ മുറുക്കാറില്ല. നല്ല ഹണി ബീ ബ്രാണ്ടി ഉണ്ട്. മിലിട്ടറി ഇനം ആണ്. വിരോധമില്ലെങ്കില്‍ രണ്ടു പെഗ് വീശാം. ഞാന്‍ തിരിച്ചു പാലമരത്തില്‍ ഡ്രോപ്പ് ചെയ്യാം റൈറ്റ്? "

"നഹി യാര്‍. ഞങ്ങള്‍ യക്ഷികള്‍ മദ്യം കഴിയ്ക്കാറില്ല. ഒണ്‍ലി ബ്ലഡ്‌. ഒറിജിനല്‍ ഹ്യൂമന്‍ ബ്ലഡ്‌..... ഞാന്‍ പറക്കുന്നു...... ശുഭ രാത്രി......"





ചൊവ്വാഴ്ച, ജൂലൈ 21, 2009

ഓര്‍മ്മകള്‍ ഇല്ലായിരിയ്ക്കണം

ഏകദേശം രണ്ടു മാസം മുന്‍പാണ് പ്രശ്നങ്ങളുടെ തുടക്കം. പതിവു പോലെ ക്ലാസ്സിക്‌ അവന്യൂ ബാറിലെ അരണ്ട വെളിച്ചത്തില്‍ വാസുദേവ്‌ ഭാസ്കര്‍ തന്‍റെ സ്ഥിരം വിളമ്പുകാരനെ കാത്തിരുന്നു. പക്ഷെ വന്നത് ഒരു പുതു മുഖം ആയിരുന്നു.
"നമസ്തേ സര്‍, സാറിന്റെ ഐറ്റം? "
സ്ഥിരം വിളംബുകാരനോട് ഒന്നും പറയേണ്ട ആവശ്യമില്ല. എല്ലാം കൃത്യ സമയത്തു അയാള്‍ എത്തിച്ചിരിയ്ക്കും. കഴിയ്ക്കുന്ന ഐറ്റം, അളവ്, സോഡാ, ഐസ് , സൈഡ് ഡിഷ്‌ എല്ലാം അവന് കാണാപ്പാഠം ആണ്.

"ഉം.... എനിയ്ക്ക് ബ്രാണ്ടി കൊണ്ടു വരൂ....."

"സര്‍ ബ്രാന്‍ഡ്‌ പറഞ്ഞില്ലാ..... "

നാവിന്‍റെ തുമ്പത്ത് ഉണ്ട് അയാളുടെ ഇഷ്ട പ്പെട്ട മദ്യത്തിന്റെ പേര്‍. പക്ഷെ ഓര്മ വരുന്നില്ല.

"ക്ഷമിയ്ക്കണം മാഷേ ...ഉം....... എനിയ്ക്ക് ബ്രാന്‍ഡ്‌ നെയിം ഓര്മ വരുന്നില്ല. വിരോധമില്ലെങ്കില്‍ മൂന്നു നാലു ഇനങ്ങളുടെ പേരു പറയൂ ....."


"നോ പ്രോബ്ലം സര്‍. ജെ ഡി എഫ്‌ വി എസ്‌ ഓ പി , എട്ടു പി എം എക്സേലെന്‍സ് , എം സി നമ്പര്‍ വണ്‍, ഹണി ബീ ......."

" യെസ്‌ യെസ്‌! ഹണി ബീ ! ഹണി ബീ രണ്ടു ലാര്‍ജ്, ക്ലബ്‌ സോഡാ, ഗോള്‍ഡ്‌ ഫ്ലാക്ക്‌ അര പായ്ക്കറ്റ് " ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്ത്തു. വീണ്ടും മറന്നു പോയെങ്കിലോ!

വര്‍ഷങ്ങളായി കുടിയ്ക്കുന്ന പ്രിയ്യപ്പെട്ട മദ്യത്തിന്റെ പേരു ഓര്മ വരുന്നില്ല. ഈയി ടെ ആയി ശ്രദ്ധിക്കുന്നു. ജനന തിയതി, വിവാഹ തിയതി, ഭാര്യയുടെ, കൊച്ചുങ്ങളുടെ ജനന തിയതികള്‍ എല്ലാം കുറച്ചു കാലം മുന്‍പ് പച്ച വെള്ളം പോലെ ഹൃദിസ്ഥം ആയിരുന്നു. ഇപ്പോള്‍ എല്ലാം മൊബൈലില്‍ റെക്കോര്‍ഡ്‌ ആണ്.

ബാറിലെ മറവി സംഭവം മനപൂര്‍വ്വം ഭാര്യയോടു പറഞ്ഞില്ല. ബാറില്‍ പോയി എന്നറിഞ്ഞതിനായിരിയ്ക്കും അടുത്ത ശണ്ട. അന്ന് രാത്രി അയാള്‍ തന്മാത്ര സിനിമയിലെ മോഹന്‍ ലാലിനെ സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു. ഭാര്യയോടു എന്തോ ദുസ്വപ്നം കണ്ടെന്നു മാത്രം പറഞ്ഞു.

കമ്പനി ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണ മേഖല കോണ്‍ഫ്രെന്സില്‍ പ്രൊജക്റ്റ്‌ റിപ്പോര്ട്ട് അവതരിപ്പിയ്ക്കാനായിരുന്നു അയാള്‍ മുംബയിലെ ആ നക്ഷത്ര ഹോട്ടെലില്‍ എത്തിയത്. സൌത്ത് സോണ്‍ പ്രൊജക്റ്റ്‌, വാസുദേവ്‌ ഭാസ്കര്‍ എന്ന ചുറു ചുറുക്കുള്ള യുവ പ്രൊഫഷണല്‍, കമ്പനിയുടെ ഫ്ലാഗ്ഷിപ്‌ പ്രൊജക്റ്റ്‌ ആക്കിയിട്ടു അധികം മാസങ്ങള്‍ ആയിരുന്നില്ല. റിസെപ്ഷന്‍ ഓഫീസില്‍ നിന്നും റൂം ബോയുടെ പിന്നാലെ മുന്‍ കൂട്ടി റിസര്‍വ്‌ ചെയ്തിരുന്ന സ്യൂട്ട് ലക്ഷ്യം ആക്കി നടക്കുമ്പോള്‍ ആണ് ഓടി കിതച്ചു കൊണ്ടു അവള്‍ വന്നത്. കടും മഞ്ഞ കളറില്‍ നേരിയ പൂക്കളുള്ള സാരി നാഭി ചുഴി കാണ തക്ക രീതിയില്‍ ഉടുത്തിരിയ്ക്കുന്നു. സാരിയ്ക്ക് മാച്ച് ചെയ്യുന്ന ബ്ലൌസും. വെളുത്ത വയറിലെ നേര്ത്ത ചെമ്പന്‍ രോമ രാജി ഒരു കുഞ്ഞു പഴുതാര പോലെ ഇറങ്ങി പോകുന്നു.. ഒരു വിവാഹിത ആണോ അവിവാഹിത ആണോ എന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസം.

"ഇതെന്താ വാസൂ, ആലുവ മണപ്പുറത്ത് കണ്ട പരിചയം കൂടി ഇല്ലല്ലോ? കണ്ണ് ഇത്രയ്ക്ക് പറ്റാണ്ടായോ? "

" ക്ഷമിയ്ക്കണം മാഡം, എനിയ്ക്ക് ആളെ മനസ്സിലായില്ല! ഐ ആം ലിറ്റില്‍ ബിറ്റ് ബിസി ടൂ"

കാര്‍മേഘം വന്നു മറച്ച പോലെ അവളുടെ മുഖം പെട്ടെന്ന് മങ്ങി. ഉള്ളില്‍ അണപൊട്ടി ഒഴുകിയ സങ്കടവും ദേഷ്യവും മറയ്ക്കാന്‍ പാടുപെട്ടു അവള്‍ നേരിയ ശബ്ദത്തില്‍ ചോദിച്ചു: വാസൂ, നിനക്കു എന്നെ മറക്കാന്‍ പറ്റ്വോ? സത്യം പറ !"

"ഐ തിങ്ക്‌ യു ആര്‍ നോട്ട് ശകുന്തള. നോര്‍ ആം ഐ ദുഷ്യന്തന്‍. ഡു യു ഹാവ് എനി റിംഗ് ഇന്‍ യുവര്‍ ഫിംഗര്‍ ടു കോണ്ട്രടിക്റ്റ് മൈ സ്റ്റേറ്റ് മെന്റ്?" തെല്ലും മയമില്ലാത്ത മറുപടി അവളെ സ്തബ്ധ ആക്കിയതായി തോന്നി.

അവള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ശല്യം ഒഴിവാക്കാന്‍ മുറിയില്‍ കയറി പെട്ടെന്ന് വാതില്‍ അടിച്ചു. കോണ്‍ഫറന്‍സ് തുടങ്ങാന്‍ നേരം ആയി. അവളോട്‌ ശ്രിങ്ങാരം പറഞ്ഞു നില്ക്കാന്‍ സമയമില്ല. അയാളുടെ പ്രണയ ഭാജനം ആയിരുന്നത്രെ അവള്‍. ജീവിതത്തില്‍ ആദ്യം ആയി സ്ത്രീ ഗന്ധം പകര്ന്നു തന്ന അവളെ അയാള്‍ ഒരിയ്ക്കലും മറക്കുകില്ല എന്ന് പറഞ്ഞിരുന്നു പോലും! മുഴു വട്ട് എന്ന് പറഞ്ഞാല്‍ മുഴുത്ത വട്ട്. അല്ലാതെ എന്താ പറയ്യാ? ഈ പെണ്ണുങ്ങളുടെ ഓരോ കാര്യം!

ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളിലെ ഓവല്‍ ഷേപ്പുള്ള മേശയിലെ വാസുദേവ്‌ ഭാസ്കര്‍ എന്ന നെയിം പ്ലേറ്റിനു പുറകില്‍ അയാള്‍ ഇരുന്നു. കമ്പനിയുടെ ഓവര്‍ ഓള്‍ പെര്‍ഫോര്‍മന്‍സ് , പുതിയ വെല്ലുവിളികള്‍, കമ്പനി സ്വീകരിയ്ക്കേണ്ട തന്ത്രങ്ങള്‍ എല്ലാം ചെയര്‍മാന്‍ സവിസ്തരം പ്രതിപാദിച്ചു. പ്രൊജക്റ്റ്‌ റിപ്പോര്ട്ട് അവതരിപ്പിയ്ക്കുന്നതിനായി ചെയര്‍മാന്‍ അടുത്തതായി അയാളെ ക്ഷണിച്ചു:

"ഇറ്റ്‌ ഈസ്‌ മൈ പ്ലെഷര്‍ നൌവ്‌ ടു ഇന്വ്യ്റ്റ്‌ മിസ്റ്റര്‍ വാസുദേവ്‌ ഭാസ്കര്‍ ടു പ്രസെന്ട് ദി പ്രൊജക്റ്റ്‌ റിപ്പോര്ട്ട് ഓഫ് സതേണ്‍ സോണ്‍ വിത്തൌട്ട് ഹൂസ്‌ ഹാര്‍ഡ് വര്ക്ക് ആന്‍ഡ്‌ ടെടിക്കേഷന്‍ ഔര്‍ കമ്പനി വുഡ് ഹാവ് ബീന്‍ ഇന്‍ ഡീപ് ട്രബിള്‍".
അയാള്‍ എഴുന്നേറ്റു നിന്നു, ഒരു ബിംബം പോലെ. കോട്ടും സ്യൂട്ടും അണിഞ്ഞ കുറെ അപരിചിതര്‍ അയാളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിയ്ക്കുന്നു. ആരാണ് ഇവര്‍? എന്തിന് ഇവര്‍ എല്ലാം തന്നെ ഇങ്ങനെ നോക്കുന്നു? അയാള്‍ക്കൊന്നും മനസ്സിലായില്ല.
"സര്‍, ഹാവ് യു ബ്രോറ്റ്‌ സി ഡി ഓര്‍ പെന്‍ ഡ്രൈവ്"? എല്‍ സി ഡി പ്രോജെക്ടര്‍ ഓപ്പറേറ്റര്‍ ആണ്. അയാളുടെ പ്രൊജക്റ്റ്‌ റിപ്പോര്ട്ട് എവിടെ ആണ് എന്ന് ചോദിയ്ക്കയാണ്.
" സി ഡി? വാട്ട്‌ സി ഡി? പെന്‍ ഡ്രൈവ്? വാട്ട്‌ ഡു യു മീന്‍? " അയാള്‍ക്ക് ദേഷ്യം അടക്കാന്‍ പാടു പെട്ടു.
"മിസ്റ്റര്‍ വാസുദേവ്‌, വാട്ട്‌ ഹാപ്പെന്റ്റ്, എനി തിംഗ് റോങ്ങ്‌ ?" ചെയര്‍മാന്‍ അയാളുടെ സമീപത്തു എത്തി.
"വാട്ട്‌ റോങ്ങ്‌, ഹു ആര്‍ യു.........?" അയാള്‍ നിന്നു വിറയ്ക്കുക ആണ്.......
...............
..............
മാനസിക ആരോഗ്യ ആശുപത്രിയിലെ പത്തു നാളത്തെ വിശ്രമത്തിന് ശേഷം വീട്ടിലോട്ടു തിരിയ്ക്കാനായി ഒരുങ്ങുമ്പോള്‍ ആണ് ഫോണ്‍ ബെല്‍ ശബ്ദിച്ചത്. ഭാര്യ ഫോണ്‍ എടുക്കാന്‍ മുതിരുന്നതിനു മുന്പ് തന്നെ യാന്ത്രികമായി ട്ടെന്നോണം അയാള്‍ ഫോണ്‍ എടുത്തു.
"ഹലോ ഈസ്‌ ഇറ്റ്‌ ട്വന്റി ട്വന്റി ഫോര്‍ ഫോര്ടി ടു? "
"ട്വന്റി ട്വന്റി ഫോര്‍?" അതെന്നതാ?
"വാസുദേവ്‌ ഭാസ്കര്‍ ഉണ്ടോ അവിടെ?"
"വാസുദേവ്‌ ഭാസ്കര്‍? വണ്‍ മിനിട്ട് , ഹലോ യന്‍ഗ് ലേഡി, സം വണ്‍ ഈസ്‌ ആസ്കിംഗ് വണ്‍ വാസുദേവ്‌ ഭാസ്കര്‍" അയാള്‍ ഫോണ്‍ ഭാര്യയെ ഏല്പിച്ചു......


വ്യാഴാഴ്‌ച, ജൂലൈ 16, 2009

വീണ്ടും ഒരു പൈങ്കിളി കഥ

"................ദൂരെ കിനാവിന്‍റെ പൊന്നല ചാര്‍ത്തുകള്‍
പാകി വിരിയ്ക്കും മനുഷ്യ മോഹങ്ങളെ
നേരാം വഴിയില്‍ ഒതുക്കവേ കേഴുന്ന
ഭാവാത്മ ഗാനങ്ങള്‍ കേള്‍ക്കും വരെയ്ക്കുമീ
പ്രേമം എന്താണെന്ന് അറിഞ്ഞിരുന്നില്ല ഞാന്‍......

ഞാന്‍ അവസാനിപ്പിയ്ക്കുകയാണ് തോഴരേ. കലാലയ ജീവ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യെപ്പെടാന്‍ പോകുന്ന എന്‍റെ ഈ പൊയ്പോയ ഏഴ് സുന്ദര വര്‍ഷങ്ങള്‍ അവിസ്മരണീയം ആക്കി മാറ്റിയ എന്‍റെ അഭിവന്ദ്യരായ ഗുരു ജനങ്ങളെ, എന്‍റെ അഭ്യുദയം കാംഷിയ്ക്കുന്ന സുന്ദരികളും സുന്ദരന്മാരുമായ സുഹൃത്ത് ജനങ്ങളെ നിങ്ങള്ക്ക് മംഗളം ഭവിയ്ക്കട്ടെ. നന്ദി, നമസ്കാരം"

കേരള വര്‍മ കോളേജിലെ വിശാലമായ ഓഡിറ്റൊരിയം ശ്രീനാഥ് എസ് മേനോന്റെ ശബ്ദ മാധുരിയില്‍ ലയിച്ചിരുന്നു. ഭൌതിക ശാസ്ത്രത്തില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥി അയ ശ്രീനാഥ് മേനോന്റെ അപ്രതീക്ഷിത വിട വാങ്ങല്‍ കോളേജ് കാമ്പസിലെ സജീവ ചര്‍ച്ചാ വിഷയം ആയിരുന്നു. അറിയപ്പെടുന്ന യുവ കവി, ഉജ്ജ്വല വാഗ്മി, പഠനത്തില്‍ കെങ്കേമന്‍..... തൃശൂര്‍ പൂങ്കുന്നം കാരന്‍ ശ്രീനാഥ് എസ് മേനോന്‍ എന്ന അത്ഭുത പ്രതിഭാസം കോളേജ് കുമാരികളുടെ സ്വപ്ന കാമുകന്‍ ആയതില്‍ തെല്ലും അതിശയമില്ല.

ഓടിട്ടോരിയത്തിലെ ഇടത്തെ മൂലയിലെ ഇരുമ്പ് കസേരയില്‍ വിഷാദ മൂകയായ്‌ ആരതിഎസ്നായര്‍ ഇരുന്നു. ശ്രീനാഥ് ആലപിച്ച കവിതയിലെ ഓരോ വരികളും ആരതി എന്ന പ്രണയ പരവശയുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. അഹമ്മദാബാദിലെ ഐ എസ് ആര്‍ ഓ ഇന്‍സ്ടിടുട്ടിലെയ്ക്ക് റിസര്‍ച്ച് അസിസ്റ്റന്റ് ആയി നിയമിച്ചു കൊണ്ടുള്ള മഞ്ഞ കവരിലുള്ള ജി ഓ ശ്രീനാഥ് ഒപ്പിട്ടു വാങ്ങുമ്പോള്‍ നാളുകളേറെ ആയി ഭയന്നിരുന്ന ആ അനിവാര്യ മുഹൂര്‍ത്തം എത്തിപ്പെട്ടതായി ആരതി ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. അതെ തന്റെ എല്ലാം എല്ലാം ആയ ശ്രീ പോവുകയായ്........ മൈലുകള്‍ക്കു അപ്പുറത്തേക്ക് ...... ജീവിതത്തിന്റെ കാണാ കയങ്ങള്‍ തേടി...

"ആറാട്ട് പുഴക്കാരി ആരതി നായര്‍ അറുനൂരില്‍ അറുനൂറു മാര്‍കെന്തേ വാങ്ങിയില്ല?" സുഭഗനും സുസ്മേര വദനനുമായി മുന്‍പില്‍ നില്ക്കുന്ന ശ്രീനാഥ് മേനോന്‍ ആരതി നായരെ ആദ്യമായി പ്രീ ഡിഗ്രി ക്ലാസ്സില്‍ പരിചയപ്പെടുക ആയിരുന്നു. ദിവസങ്ങളായി ഹൃദയത്തിന്റെ ഏതോ മൂലയില്‍ സ്ഥാനം പിടിച്ച യുവ കോമളന്റെ പ്രാസം ഒപ്പിച്ചുള്ള ചോദ്യത്തിന് ആരാധനയോടെ ഒരു കടാക്ഷം മാത്രം ആയിരുന്നു മറുപടി. ഗുരുത്വാ കര്ഷണ തത്വവും ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം തിയറിയും എല്ലാം ചങ്ങന്പുഴയുടെ രമണനും ഷെല്ലിയുടെയും കീട്സ് ന്റെയും വിശ്വോത്തര കവിതകള്‍ക്കും ഒമര്‍ ഖയ്യാമിനും വഴി മാറി. കോളേജ് കാമ്പസ്സിന്റെ ആളൊഴിഞ്ഞ വരാന്തകളില്‍, കാമ്പസ്സിനെ വലയം ചെയ്തു കിടക്കുന്ന കര്‍ണികാര ശിഖര തണലുകളില്‍, നഗരത്തിലെ കമിതാക്കള്‍ക്ക്മാത്രമായുള്ള ടീ കഫെ കളില്‍ ശ്രീ - ആരതി യുവ മിധുനങ്ങള്‍ പാറി പറന്നു ഉല്ലസിച്ചു.

ആയിരത്തി തൊള്ളായിരത്തി എന്പതി അഞ്ചു നവംബര്‍ ഒമ്പതാം തിയ്യതി. ആരതി നായര്‍ എന്ന അനാഘ്രാത കുസുമം പൂങ്കുന്നം കാരന്‍ പുരുഷ കേസരിയാല്‍ ആദ്യ ചുംബനത്തിന്റെ മാധുര്യം അറിഞ്ഞ അവിസ്മരണീയ ദിനം. തൃശൂര്‍ പത്തന്‍സ് ഹോട്ടലിലെ ഫാമിലി മുറിയില്‍ ജീവിത പങ്കാളിയാക്കുവാന്‍ ഒരുക്കമാണോ എന്ന തന്‍റെ നാളുകളോളം മനസ്സില്‍ വെച്ചിരുന്ന സന്ദേഹത്തിനു ശ്രീ മറുപടി പറഞ്ഞതു ഈ വിധത്തില്‍ ആയിരിയ്ക്കുമെന്ന് താന്‍ ഹൃദയത്തിലെവിടെയോ ഒരു പക്ഷെ ആഗ്രഹിച്ചതല്ലേ? . അധരം കൊണ്ടധരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അമൃത്‌ നിവേദിക്കുന്ന അസുലഭ നിര്‍ വൃതികള്‍ അങ്ങനെ പല തവണകളായി അനുഭവിച്ചറിഞ്ഞു.............

.................
..................


".........ഈ അമ്മ ഏത് ലോകത്താണ്? എത്ര നേരമായി ഞാന്‍ വിളിയ്ക്കുന്നു? ..."

അശ്വതി കുലക്കി വിളിച്ചപ്പോള്‍ ആണ് ആരതി ചിന്തയില്‍ നിന്നുണര്‍ന്നത്‌. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോയത്? അശ്വതി തങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ട് വര്ഷം പന്ത്രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. ശ്രീനാഥ് ബന്ഗ്ലൂരിലെ എസ് ആര്‍ ഓ യുടെ ചന്ദ്രയാന്‍ പ്രൊജെക്ടിലെ കമ്പ്യൂട്ടര്‍ വിഭാഗം സീനിയര്‍ ഓഫീസര്‍ ആണ് ഇപ്പോള്‍. ദില്ലി കേന്ദ്രീയ വിദ്യാലയത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുക്കാന്‍ താന്‍ രണ്ടു നാള്‍ക്കകം തിരിയ്ക്കുക ആയി.

" അമ്മ പോകാന്‍ തന്നെ തീരുമാനിച്ചു അല്ലെ അറ്റ്‌ ലാസ്റ്റ്?

"യാ അച്ചു. ഐ ഷുഡ്‌ ഗോ. ഇറ്റ്‌ ഈസ്‌ സച്ച് ആന്‍ ഇമ്പോര്ടന്റ്റ്‌ അസൈന്‍ മെന്റ് യു വില്‍ നെവെര്‍ കം അക്രോസ് ഇന്‍ യുവര്‍ എന്‍ടയര്‍ കാരിയര്‍. "

"അമ്മ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അമ്മടെ കാരിയര്‍, അമ്മടെ സൌന്ദര്യം ....... അച്ഛനെ കുറിച്ചോ എന്നെ കുറിച്ചോ അമ്മക്ക് വല്ല ചിന്ത ഉണ്ടോ? അച്ഛന്‍ ഒറ്റയ്ക്ക് ആയിട്ട് വര്ഷം ആറ് ഏഴായി........അമ്മയ്ക്ക് ഈ പ്രൊമോഷന്‍ വേണ്ടെന്നു വെച്ചു അച്ഛനുമായി നമുക്കു ഒരുമിചു ഇരിയ്ക്കരുതോ? "

"അച്ചു, എ പ്രൊമോഷന്‍ ഈസ്‌ എ പ്രമോഷന്‍ ഈസ്‌ എ പ്രമോഷന്‍ ഈസ്‌ എ പ്രമോഷന്‍.... യു കാന്റ് അണ്ടര്‍ സ്റ്റാന്റ് ദി വാല്യൂ ഓഫ് പ്രമോഷന്‍ അറ്റ്‌ ദിസ്‌ എജ് "

"ഇല്ലമ്മേ എനിയ്ക്കൊന്നും മനസില്ലാവില്ല. അറുപതു വയസ്സ് വരെ അടുത്ത തലമുറയെ വാര്‍ത്തെടുക്കാനുള്ള അക്ഷീണ പരിശ്രമം അമ്മ തുടരുക. ഉയര്‍ച്ചയുടെ പടികള്‍ ആവേശത്തോടെ കയറവേ , അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങള്‍ അമ്മ കണ്ടില്ലെന്നു നടിയ്ക്കുക, അച്ഛന്‍ പറഞ്ഞു തന്ന കാലത്തിലെ (എം ടി) സേതുവിനെ പോലെ അമ്മ അമ്മയെ മാത്രം സ്നേഹിച്ചു ആമോദത്തോടെ ജീവിയ്ക്കുക, അമ്മയ്ക്ക് നല്ലത് വരട്ടെ!"

"ഷട്ട്അപ്പ്‌ യുവര്‍ ബ്ലടി മൌത്‌........."




























ബുധനാഴ്‌ച, ജൂലൈ 15, 2009

കള്ളന്‍

കൂട്ടുകാരന് കുട്ടി ഉണ്ടായ സന്തോഷം പങ്കു വെയ്ക്കാന്‍ സംഘടിപ്പിച്ച പാര്‍ടി അവസാനിച്ചപ്പോള്‍ സമയം രാത്രി പന്ത്രണ്ടേ മുക്കാല്‍ കഴിഞ്ഞിരുന്നു. ഈയിടെ ആയി അടിയ്ക്കടി പാര്‍ടികള്‍ ആണ്. കൊച്ചു ജനിച്ചാല്‍ പാര്‍ട്ടി, കൊച്ചിന്റെ അമ്മയ്ക്ക് ഗര്‍ഭം ആയാല്‍ പാര്‍ട്ടി, അതിന് മുന്‍പ് കല്യാണം കഴിഞ്ഞാല്‍ പാര്‍ട്ടി, എന്ഗെജുമെന്റ് പാര്‍ട്ടി.......... പാര്‍ട്ടി യ്ക്കുണ്ടോ പഞ്ഞം ഈ ലോകത്തില്‍ ? പതിവു പോലെ മൂക്കറ്റം വീശിയിരുന്നു. ഇതാണ് ചോദിയ്ക്കാനും പറയാനും ഒരാളില്ലാത്തതിന്റെ കുഴപ്പം. എന്തൊക്കെ വീര വാദം മുഴക്കിയാലും കുടുംബത്തില്‍ കൂട്ടിനു ഒരാള് വേണം എന്ന് പഴമക്കാര്‍ പറയുന്നതു ഒരു പക്ഷെ നമ്മളെ പോലെ ഉള്ള മാന്യന്മാരെ ഉദ്ദേശിച്ചാവാം.

ഫ്രന്റ്‌ റൂമിലെ സോഫയിലേയ്ക്ക് ചരിഞ്ഞപ്പോള്‍ സമയം ഒന്നേ പത്ത്. നിദ്രാ ദേവിയുടെ പരിരംഭണത്തില്‍ ഏകദേശം രണ്ടു മണിയ്ക്കൂര്‍ കിടന്നു കാണും. കിടപ്പ് മുറിയില്‍ നിന്നാണ് ആ ശബ്ദം കേട്ടത്. ഗോദ്രെജ് അലമാര ആരോ തുറക്കാന്‍ ശ്രമിയ്ക്കുന്നുണ്ടോ? ഈയിടെ ആയി അലമാര തുറക്കാന്‍ ഭയങ്കര പാടാണ്. കാല പഴക്കതിന്റെതാവാം. ഒരിയ്ക്കല്‍ കൂടി ശബ്ദം കേട്ടു. സംശയമില്ല. തസ്കരന്‍ അലമാര തുറക്കാനുള്ള ശ്രമത്തിലാണ്. മദ്യത്തിന്റെ ആലാസ്യം കൊണ്ടാവണം അശേഷം ഭയം തോന്നിയില്ല മറിച്ചു കള്ളനെ ഒരു ക്രോസ് വിസ്താരം നടത്തികളയാം എന്ന് തീരുമാനിച്ചു. അകത്തെ ബ്രാണ്ടിയുടെ ഒരു പവര്‍!

"മിസ്റ്റര്‍ തിരുടന്‍, കീഴടങ്ങുക ഓര്‍ എല്‍സ് ഐ വില്‍ കാള്‍ പോലീസ്". വിവിധ ഭാഷകള്‍ കൈ കാര്യം ചെയ്യാന്‍ അറിയാവുന്ന മോഷ്ട്ടാക്കളുടെ സംഘം ഇറങ്ങിയതായി ഈയിടെ പത്രത്തില്‍ കണ്ടിരുന്നു. തസ്കര കുമാരന്‍ ആ ഗണത്തില്‍ പെട്ടതാണെന്ന് ഏതാണ്ട് ഉറപ്പായി. ഉത്തരവ് അക്ഷരം പ്രതി അനുസരിച്ച് രണ്ടു കൈകളും ഉയര്ത്തി എന്റെ മുന്‍പില്‍! നല്ല കറുത്ത നിറം. കാഴ്ചയ്ക്ക് എന്റെ അത്ര തന്നെ പൊക്കവും വണ്ണവും ഉണ്ട്. ഒരു ഭീകര അന്തരീക്ഷം സൃഷ്ടിയ്ക്കാന്‍ ആയിരിയ്ക്കണം മുഖത്ത് ക്രിക്കറ്റ് കളിക്കാര്‍ ചെയ്യുന്ന പോലെ അവിടെയും ഇവിടെയും ചായം പുരട്ടി ഇരിയ്ക്കുന്നു. ശരിയ്ക്കും ഒരു കരിങ്കള്ളന്‍!
"ലെ മിരാബ്ല" യിലെ (വിക്ടര്‍ ഹ്യൂഗോ) ഡി നഗരത്തിലെ ബിഷപ്പിനെ പോലെ ഞാന്‍ എന്റെ മുന്‍പില്‍ നില്ക്കുന്ന ജീന്‍ വാല്‍ ജീനോട് മൊഴിഞ്ഞു: "ഇരിയ്ക്ക് മാഷേ. ഒരു കള്ളനെ ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്, ഗ്ലാഡ്‌ ടു മീറ്റ് യു!"
"ക്ഷമിയ്ക്കണം സാറെ, വേറെ വഴി ഇല്ലാത്ത കാരണം ആണ് മോഷണം തുടങ്ങിയാലോ എന്ന് ആലോചിച്ചത്. സാറിന്റെത് മൂന്നാമത്തെ വീടാണ്. കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാലും ഈ കോളനിക്കാര്‍ ഇത്ര ദരിദ്ര വാസികള്‍ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്."
"മിടുക്കന്‍, താന്‍ മലയാളി ആണെന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷം. ആട്ടെ കോളനി ക്കാരെ താന്‍ ദരിദ്ര വാസികളാക്കാന്‍ കാരണം? "
" ഞാന്‍ ആദ്യം കയറിയ വീടിനു മുന്‍പില്‍ ടൈപ്പ് ഇ എന്നെഴുതി ഇരുന്നു. വലിയ വിശാലമായ കുറെ മുറികള്‍. താമസിയ്ക്കുന്നത് ഷഷ്ടി പൂര്‍ത്തിയ്ക്ക് പ്രായമായ ഒരു അപ്പൂപ്പനും അമ്മൂമ്മയും. രണ്ടാളും ഉറങ്ങാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നു. അലമാര പതുക്കെ തുറന്നപ്പോള്‍ കുറെ പ്രമേഹം , പ്രഷര്‍ ഗുളികളും ദശ മൂല അരിഷ്ടം ഒരു കുപ്പിയും മാത്രം. അന്നൊന്നും തരപ്പെട്ടില്ല. "
"പ്രിയപ്പെട്ട മോഷ്ടാവേ, അര്‍ത്ഥവും അധികാരവും കൈയ്യില്‍ വരുമ്പോള്‍ മനസ്സമാധാനം എന്നൊരു സാധനം കളഞ്ഞു പോകുന്നു. ഉറക്കം എന്നുള്ളത് രണ്ടു പെഗ്ഗ് പോയിട്ട് ഒരു ഫുള്‍ കമിത്തിയാലും വരില്ല. അത്തരത്തില്‍ ഒരു ഭാഗ്യ ഹീനന്റെ വീടാണ് താന്‍ സന്ദര്‍ശിച്ചത്. ഓക്കേ നെക്സ്റ്റ് ?"
"മിനിങ്ങാന്ന് രാത്രി പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് ആ വീട്ടില്‍ കയറിയത്. പടിയില്‍ ടൈപ്പ് ഡി എന്ന് കാണാമായിരുന്നു. ഒരു കിടപ്പ് മുറിയില്‍ രണ്ടു പേര്‍ സുഖ നിദ്രയിലായിരുന്നു. അമ്പതിനോട് അടുത്ത പ്രായം. ഞാന്‍ മെല്ലെ അകത്തെ അലമാര വെച്ച മുറി പ്രവേശിച്ചു. ശബ്ദം ഉണ്ടാക്കാതെ അലമാര തുറന്നു. ......"
"ക്യാഷ്‌ , സ്വര്‍ണം, മാല, വള...... വല്ലതും തടഞ്ഞോ? " എനിയ്ക്ക് കേള്‍ക്കാന്‍ ആകാംഷ ആയി.
"ഒലയ്ക്ക! ഒരു മുസ്ലി പവര്‍ എക്സ്ട്രാ കുപ്പി, രണ്ടു വയാഗ്ര ഗുളിക സ്ട്രിപ്, കുറെ അണ്ടര്‍ വെയര്‍ , നല്ല കറുത്ത നിറമുള്ള ബ്രാ, പാന്റീസ്.... ഒരു രാത്രി ഗോവിന്ദ! "
"ഒന്നില്‍ തൊട്ടാല്‍ മൂന്നു എന്നാണ് പ്രമാണം! ഇന്നിപ്പോ എന്റെ വീട്ടില്‍ നിന്നു എന്താണ് തടഞ്ഞത്? "
"ഒള്ളത് പറയാമല്ലോ സാറേ, അലമാര തുറന്നു ഞാന്‍ ക്യാഷ്‌ ഒരു പോക്കെറ്റില്‍ നിക്ഷേപിച്ചു നല്ല മനോഹരമായ ഒരു ബ്രാണ്ടി കുപ്പി പതുക്കെ പൊക്കുമ്പോള്‍ ആണ് സാറ് ഉണര്‍ന്നത്. എന്നോട് ക്ഷമിയ്ക്കൂ സാര്‍. എന്നെ പോകാന്‍ അനുവദിയ്ക്കു".
"ക്യാഷ്‌ പൊക്കിയതിനു തന്നോടു നോം ക്ഷമിച്ചിരിയ്ക്കുന്നു, പക്ഷെ ബ്രാണ്ടി മോഷ്ടാവിനെ നോം വെറുതെ വിട്വോ , ശിവ ശിവ! തനിയ്ക്ക് നോം ശിക്ഷ വിധിച്ചിരിയ്ക്കുന്നു: താന്‍ ആ അടുക്കളെയില്‍ പോയി രണ്ടു ഗ്ലാസും ആ അലമാരയില്‍ നിന്നും ആ കുപ്പിം ഇങ്ങിട്ടു എടുക്ക്വാ, ഏഭ്യന്‍!