ഏകദേശം രണ്ടു മാസം മുന്‍പാണ് പ്രശ്നങ്ങളുടെ തുടക്കം. പതിവു പോലെ ക്ലാസ്സിക് അവന്യൂ ബാറിലെ അരണ്ട വെളിച്ചത്തില്‍ വാസുദേവ് ഭാസ്കര്‍ തന്‍റെ സ്ഥിരം വിളമ്പുകാരനെ കാത്തിരുന്നു. പക്ഷെ വന്നത് ഒരു പുതു മുഖം ആയിരുന്നു.
"നമസ്തേ സര്‍, സാറിന്റെ ഐറ്റം? "സ്ഥിരം വിളംബുകാരനോട് ഒന്നും പറയേണ്ട ആവശ്യമില്ല. എല്ലാം കൃത്യ സമയത്തു അയാള്‍ എത്തിച്ചിരിയ്ക്കും. കഴിയ്ക്കുന്ന ഐറ്റം, അളവ്, സോഡാ, ഐസ് , സൈഡ് ഡിഷ് എല്ലാം അവന് കാണാപ്പാഠം ആണ്.
"ഉം.... എനിയ്ക്ക് ബ്രാണ്ടി കൊണ്ടു വരൂ....."
"സര്‍ ബ്രാന്‍ഡ് പറഞ്ഞില്ലാ..... "
നാവിന്‍റെ തുമ്പത്ത് ഉണ്ട് അയാളുടെ ഇഷ്ട പ്പെട്ട മദ്യത്തിന്റെ പേര്‍. പക്ഷെ ഓര്മ വരുന്നില്ല.
"ക്ഷമിയ്ക്കണം മാഷേ ...ഉം....... എനിയ്ക്ക് ബ്രാന്‍ഡ് നെയിം ഓര്മ വരുന്നില്ല. വിരോധമില്ലെങ്കില്‍ മൂന്നു നാലു ഇനങ്ങളുടെ പേരു പറയൂ ....."
"നോ പ്രോബ്ലം സര്‍. ജെ ഡി എഫ് വി എസ് ഓ പി , എട്ടു പി എം എക്സേലെന്‍സ് , എം സി നമ്പര്‍ വണ്‍, ഹണി ബീ ......."
" യെസ് യെസ്! ഹണി ബീ ! ഹണി ബീ രണ്ടു ലാര്‍ജ്, ക്ലബ് സോഡാ, ഗോള്‍ഡ് ഫ്ലാക്ക് അര പായ്ക്കറ്റ് " ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്ത്തു. വീണ്ടും മറന്നു പോയെങ്കിലോ!
വര്‍ഷങ്ങളായി കുടിയ്ക്കുന്ന പ്രിയ്യപ്പെട്ട മദ്യത്തിന്റെ പേരു ഓര്മ വരുന്നില്ല. ഈയി ടെ ആയി ശ്രദ്ധിക്കുന്നു. ജനന തിയതി, വിവാഹ തിയതി, ഭാര്യയുടെ, കൊച്ചുങ്ങളുടെ ജനന തിയതികള്‍ എല്ലാം കുറച്ചു കാലം മുന്‍പ് പച്ച വെള്ളം പോലെ ഹൃദിസ്ഥം ആയിരുന്നു. ഇപ്പോള്‍ എല്ലാം മൊബൈലില്‍ റെക്കോര്‍ഡ് ആണ്.
ബാറിലെ മറവി സംഭവം മനപൂര്‍വ്വം ഭാര്യയോടു പറഞ്ഞില്ല. ബാറില്‍ പോയി എന്നറിഞ്ഞതിനായിരിയ്ക്കും അടുത്ത ശണ്ട. അന്ന് രാത്രി അയാള്‍ തന്മാത്ര സിനിമയിലെ മോഹന്‍ ലാലിനെ സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു. ഭാര്യയോടു എന്തോ ദുസ്വപ്നം കണ്ടെന്നു മാത്രം പറഞ്ഞു.
കമ്പനി ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണ മേഖല കോണ്‍ഫ്രെന്സില്‍ പ്രൊജക്റ്റ് റിപ്പോര്ട്ട് അവതരിപ്പിയ്ക്കാനായിരുന്നു അയാള്‍ മുംബയിലെ ആ നക്ഷത്ര ഹോട്ടെലില്‍ എത്തിയത്. സൌത്ത് സോണ്‍ പ്രൊജക്റ്റ്, വാസുദേവ് ഭാസ്കര്‍ എന്ന ചുറു ചുറുക്കുള്ള യുവ പ്രൊഫഷണല്‍, കമ്പനിയുടെ ഫ്ലാഗ്ഷിപ് പ്രൊജക്റ്റ് ആക്കിയിട്ടു അധികം മാസങ്ങള്‍ ആയിരുന്നില്ല. റിസെപ്ഷന്‍ ഓഫീസില്‍ നിന്നും റൂം ബോയുടെ പിന്നാലെ മുന്‍ കൂട്ടി റിസര്‍വ് ചെയ്തിരുന്ന സ്യൂട്ട് ലക്ഷ്യം ആക്കി നടക്കുമ്പോള്‍ ആണ് ഓടി കിതച്ചു കൊണ്ടു അവള്‍ വന്നത്. കടും മഞ്ഞ കളറില്‍ നേരിയ പൂക്കളുള്ള സാരി നാഭി ചുഴി കാണ തക്ക രീതിയില്‍ ഉടുത്തിരിയ്ക്കുന്നു. സാരിയ്ക്ക് മാച്ച് ചെയ്യുന്ന ബ്ലൌസും. വെളുത്ത വയറിലെ നേര്ത്ത ചെമ്പന്‍ രോമ രാജി ഒരു കുഞ്ഞു പഴുതാര പോലെ ഇറങ്ങി പോകുന്നു.. ഒരു വിവാഹിത ആണോ അവിവാഹിത ആണോ എന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസം.
"ഇതെന്താ വാസൂ, ആലുവ മണപ്പുറത്ത് കണ്ട പരിചയം കൂടി ഇല്ലല്ലോ? കണ്ണ് ഇത്രയ്ക്ക് പറ്റാണ്ടായോ? "
" ക്ഷമിയ്ക്കണം മാഡം, എനിയ്ക്ക് ആളെ മനസ്സിലായില്ല! ഐ ആം ലിറ്റില്‍ ബിറ്റ് ബിസി ടൂ"
കാര്‍മേഘം വന്നു മറച്ച പോലെ അവളുടെ മുഖം പെട്ടെന്ന് മങ്ങി. ഉള്ളില്‍ അണപൊട്ടി ഒഴുകിയ സങ്കടവും ദേഷ്യവും മറയ്ക്കാന്‍ പാടുപെട്ടു അവള്‍ നേരിയ ശബ്ദത്തില്‍ ചോദിച്ചു: വാസൂ, നിനക്കു എന്നെ മറക്കാന്‍ പറ്റ്വോ? സത്യം പറ !"
"ഐ തിങ്ക് യു ആര്‍ നോട്ട് ശകുന്തള. നോര്‍ ആം ഐ ദുഷ്യന്തന്‍. ഡു യു ഹാവ് എനി റിംഗ് ഇന്‍ യുവര്‍ ഫിംഗര്‍ ടു കോണ്ട്രടിക്റ്റ് മൈ സ്റ്റേറ്റ് മെന്റ്?" തെല്ലും മയമില്ലാത്ത മറുപടി അവളെ സ്തബ്ധ ആക്കിയതായി തോന്നി.
അവള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ശല്യം ഒഴിവാക്കാന്‍ മുറിയില്‍ കയറി പെട്ടെന്ന് വാതില്‍ അടിച്ചു. കോണ്‍ഫറന്‍സ് തുടങ്ങാന്‍ നേരം ആയി. അവളോട് ശ്രിങ്ങാരം പറഞ്ഞു നില്ക്കാന്‍ സമയമില്ല. അയാളുടെ പ്രണയ ഭാജനം ആയിരുന്നത്രെ അവള്‍. ജീവിതത്തില്‍ ആദ്യം ആയി സ്ത്രീ ഗന്ധം പകര്ന്നു തന്ന അവളെ അയാള്‍ ഒരിയ്ക്കലും മറക്കുകില്ല എന്ന് പറഞ്ഞിരുന്നു പോലും! മുഴു വട്ട് എന്ന് പറഞ്ഞാല്‍ മുഴുത്ത വട്ട്. അല്ലാതെ എന്താ പറയ്യാ? ഈ പെണ്ണുങ്ങളുടെ ഓരോ കാര്യം!
ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളിലെ ഓവല്‍ ഷേപ്പുള്ള മേശയിലെ വാസുദേവ് ഭാസ്കര്‍ എന്ന നെയിം പ്ലേറ്റിനു പുറകില്‍ അയാള്‍ ഇരുന്നു. കമ്പനിയുടെ ഓവര്‍ ഓള്‍ പെര്‍ഫോര്‍മന്‍സ് , പുതിയ വെല്ലുവിളികള്‍, കമ്പനി സ്വീകരിയ്ക്കേണ്ട തന്ത്രങ്ങള്‍ എല്ലാം ചെയര്‍മാന്‍ സവിസ്തരം പ്രതിപാദിച്ചു. പ്രൊജക്റ്റ് റിപ്പോര്ട്ട് അവതരിപ്പിയ്ക്കുന്നതിനായി ചെയര്‍മാന്‍ അടുത്തതായി അയാളെ ക്ഷണിച്ചു:
"ഇറ്റ് ഈസ് മൈ പ്ലെഷര്‍ നൌവ് ടു ഇന്വ്യ്റ്റ് മിസ്റ്റര്‍ വാസുദേവ് ഭാസ്കര്‍ ടു പ്രസെന്ട് ദി പ്രൊജക്റ്റ് റിപ്പോര്ട്ട് ഓഫ് സതേണ്‍ സോണ്‍ വിത്തൌട്ട് ഹൂസ് ഹാര്‍ഡ് വര്ക്ക് ആന്‍ഡ് ടെടിക്കേഷന്‍ ഔര്‍ കമ്പനി വുഡ് ഹാവ് ബീന്‍ ഇന്‍ ഡീപ് ട്രബിള്‍".
അയാള്‍ എഴുന്നേറ്റു നിന്നു, ഒരു ബിംബം പോലെ. കോട്ടും സ്യൂട്ടും അണിഞ്ഞ കുറെ അപരിചിതര്‍ അയാളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിയ്ക്കുന്നു. ആരാണ് ഇവര്‍? എന്തിന് ഇവര്‍ എല്ലാം തന്നെ ഇങ്ങനെ നോക്കുന്നു? അയാള്‍ക്കൊന്നും മനസ്സിലായില്ല.
"സര്‍, ഹാവ് യു ബ്രോറ്റ് സി ഡി ഓര്‍ പെന്‍ ഡ്രൈവ്"? എല്‍ സി ഡി പ്രോജെക്ടര്‍ ഓപ്പറേറ്റര്‍ ആണ്. അയാളുടെ പ്രൊജക്റ്റ് റിപ്പോര്ട്ട് എവിടെ ആണ് എന്ന് ചോദിയ്ക്കയാണ്.
" സി ഡി? വാട്ട് സി ഡി? പെന്‍ ഡ്രൈവ്? വാട്ട് ഡു യു മീന്‍? " അയാള്‍ക്ക് ദേഷ്യം അടക്കാന്‍ പാടു പെട്ടു.
"മിസ്റ്റര്‍ വാസുദേവ്, വാട്ട് ഹാപ്പെന്റ്റ്, എനി തിംഗ് റോങ്ങ് ?" ചെയര്‍മാന്‍ അയാളുടെ സമീപത്തു എത്തി.
"വാട്ട് റോങ്ങ്, ഹു ആര്‍ യു.........?" അയാള്‍ നിന്നു വിറയ്ക്കുക ആണ്.......
...............
..............
മാനസിക ആരോഗ്യ ആശുപത്രിയിലെ പത്തു നാളത്തെ വിശ്രമത്തിന് ശേഷം വീട്ടിലോട്ടു തിരിയ്ക്കാനായി ഒരുങ്ങുമ്പോള്‍ ആണ് ഫോണ്‍ ബെല്‍ ശബ്ദിച്ചത്. ഭാര്യ ഫോണ്‍ എടുക്കാന്‍ മുതിരുന്നതിനു മുന്പ് തന്നെ യാന്ത്രികമായി ട്ടെന്നോണം അയാള്‍ ഫോണ്‍ എടുത്തു.
"ഹലോ ഈസ് ഇറ്റ് ട്വന്റി ട്വന്റി ഫോര്‍ ഫോര്ടി ടു? "
"ട്വന്റി ട്വന്റി ഫോര്‍?" അതെന്നതാ?
"വാസുദേവ് ഭാസ്കര്‍ ഉണ്ടോ അവിടെ?"
"വാസുദേവ് ഭാസ്കര്‍? വണ്‍ മിനിട്ട് , ഹലോ യന്‍ഗ് ലേഡി, സം വണ്‍ ഈസ് ആസ്കിംഗ് വണ്‍ വാസുദേവ് ഭാസ്കര്‍" അയാള്‍ ഫോണ്‍ ഭാര്യയെ ഏല്പിച്ചു......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ