ശനിയാഴ്‌ച, ഡിസംബർ 06, 2008

പമ്പ അശാന്തമായി ഒഴുകുന്നു.





ശരണം വിളികളാല്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇരുമുടി കെട്ട് തലയിലേന്തി ശ്രീ കോവില്‍പ്പടി ഇറങ്ങുമ്പോള്‍, യാത്ര അയയ്ക്കാന്‍ വന്ന സ്ത്രീകളുടെയും കൊച്ചുങ്ങളുടെയും കണ്ണുകളില്‍ അപകട ഭീതി നിഴലിച്ചിരുന്നു. വടക്കന്‍ പാട്ടുകളിലെ ചേകവന്മാരെ യുദ്ധത്തിന്നു ആശിര്‍വദിച്ചു പറഞ്ഞയയ്ക്കുന്ന വീരാങ്ങനമാരുടെ മുഖത്തെ വിഷാദ ഭാവം "സംരക്ഷണത്തിന്റെ അതിപ്രസരത്തില്‍" ജീവിയ്ക്കുന്ന നമ്മുടെ സ്ത്രീകളുടെ മുഖത്ത് പ്രകടമായത് സ്വാഭാവികമാവാം . വന്യ മൃഗങ്ങള്‍ നിറഞ്ഞ കാനന പാതയിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരവും ക്ഷേത്രങ്ങളില്‍ അടിയ്ക്കടി ഉണ്ടാവുന്ന ബോംബ് ഭീഷണികളും ആവാം അവരുടെ മനസ്സിനെ ഉലച്ചത്‌.



"എരുമേലി പേട്ട തുള്ളും കന്നി അയ്യപ്പന്മാര്‍ ഞങ്ങള്‍ക്കൊരു ജാതി ഒരു മതം ഒരു ദൈവം...." മേലാസകലം ചായം പൂശി കാട്ടു ജാതിക്കാരുടെ വേഷ വിധാനത്തോടെ പക്ക മേള ക്കാരന്റെ വാദ്യത്തിന് ഒപ്പം ആനന്ദ നടനം ആടുമ്പോള്‍ (പേട്ട തുള്ളല്‍) ഉള്ളിന്റെ ഉള്ളിലെ അഹന്തയും തന്‍ പ്രമാണിത്വവും എല്ലാം അക്ഷരാര്‍ത്ഥത്തില്‍ എങ്ങോ പോയ് മറഞ്ഞിരുന്നു. ഇടുക്കിയിലെ പീരുമെടിനു അരികത്തുള്ള മുത്തവര്‍ കുന്നുകളില്‍ നിന്നും ഉത്ഭവിയ്ക്കുന്ന, ഏകദേശം തൊണ്ണൂറ്റി രണ്ടു കി.മി നീളമുള്ള മണിമലയാര്‍ , ഇങ്ങു എരുമേലി എത്തുമ്പോഴേയ്ക്കും മലിനീകരണം അതിന്‍റെ പാരമ്യതയില്‍ എത്തുന്നു. ആയിര കണക്കിന് അയ്യപ്പ ഭക്തന്മാരെ ദിനം പ്രതി സ്വീകരിയ്ക്കുന്ന എരുമേലി ബസ്സ് സ്റ്റേഷന്‍ ആകട്ടെ ദുര്‍ഗന്ധത്തിന്റെ പര്യായമായി നില കൊണ്ടു. കോടി കണക്കിന് രൂപയുടെ വരുമാനമുള്ള തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡ് ബസ്സ് സ്റ്റേഷന്‍ പരിസരം വൃത്തി ആക്കാനോ എരുമേലി നദിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്.



എരുമേലി യ്ക്ക് ശേഷം നാലു കി.മീ. നടന്നാല്‍ പേരൂര്‍ തോടായി. ഇവിടിന്നങ്ങോട്ടു ശ്രീ അയ്യപ്പന്‍റെ പൂങ്കാവനമാണ്. ആനകളും പുലികളും മറ്റു വന്യ മൃഗങ്ങളും സ്വൈര വിഹാരം നടത്തുന്ന ഘോര വനം. നട്ടുച്ച നേരത്തും പ്രകാശം കടന്നു വരാന്‍ മടിയ്ക്കുന്ന ഇടുങ്ങിയ ഒറ്റയടി പാതയിലൂടെ ഉള്ള യാത്രയില്‍, പേരറിയാന്‍ പാടില്ലാത്ത പക്ഷി മൃഗ ആദികളുടെ അപരിചിതമായ കരച്ചില്‍ ശ്മശാന മൂകത യ്ക്ക് ശമനം വരുത്തി, ഭയാനകമായ അന്തരീക്ഷം സംജാതമാക്കി. ഓരോ കാട്ടരുവികള്‍ക്കും മുളന്ചെടി (ബാംബൂ) കള്‍ക്കും സമീപത്തായി കണ്ടു വന്ന ആവി പറക്കുന്ന ആന പിണ്ടങ്ങള്‍, കൂട്ടം തെറ്റി കാട്ടില്‍ അലയുന്ന ഒറ്റയാന്‍റെ ആപല്‍ക്കരമായ അദൃശ്യ സാന്നിധ്യം വിളിച്ചറിയിച്ചു. കാനന വാസാ... അയ്യപ്പാ... പമ്പാ വാസാ... ശരണം വിളിയുടെ ശബ്ദം സ്വാഭാവികമായും ഉയര്‍ന്നു.......



മഹിഷിയെ വധിയ്ക്കാന്‍ മണി കണ്ടനായി ജന്മമെടുത്ത സ്വ പുത്രന്‍റെ, മഹിഷി വധം നേരിട്ടു കാണാന്‍ ഇറങ്ങിയ പരമശിവന്‍, തന്‍റെ വാഹനമായ കാളയെ മരത്തില്‍ കെട്ടിയ സ്ഥലം പിന്നീട് കാളകെട്ടി എന്ന പേരില്‍ അറിയപ്പെട്ടു. വെടി വഴിപാടു പ്രധാന വരുമാന മായ കാളകെട്ടി ക്ഷേത്രത്തിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം കുന്നും മലയും കയറി വരുന്ന അയ്യപ്പ ഭക്തര്‍ക്ക്‌ വിശ്രമിയ്ക്കാന്‍ പറ്റിയ ഒരു അതി മനോഹര മായ ഇടത്താവളം സൃഷ്ടിക്കുന്നു. കാളകെട്ടി താണ്ടി രണ്ടു കി.മീ. നടന്നാല്‍ പമ്പയുടെ കൈവഴി എന്നറിയപ്പെടുന്ന അഴുത നദി കാണാം. കാട്ടിലൂടെ ഒഴുകുന്ന നദി എന്ന ഒറ്റ കാരണം കൊണ്ടാവാം, അഴുതയിലെ വെള്ളം പൊതുവെ മലിന വിമുക്തം ആയിരുന്നു. കാട്ടിലെ അഴുതയില്‍ ആവോളം മുങ്ങി, കല്ലിടാം കുന്നില്‍ നിക്ഷേപിയ്ക്കാനുള്ള കല്ലുമെടുത്തു പൊങ്ങുമ്പോള്‍, നാട്ടിലെ എരുമേലി നദിയില്‍ പുലര്‍ച്ചെ മുങ്ങിയതിന്റെ പാപമെല്ലാം ഒഴുകി പോയിരിയ്ക്കണം. അഴുക്കു വിമുക്തമായ അഴുതയിലെ സ്നാനം പ്രദാനം ചെയ്ത നവോന്മേഷത്തില്‍, പൊതുവെ ക്ലേശകരമായ അഴുത കയറ്റം സ്വല്‍പ്പം അനായാസകരമായി അനുഭവപ്പെട്ടു. കല്ലിടാം കുന്നിലെ മഹിഷിയുടെ ജഡത്തില്‍ പ്രതീകാത്മകമായി കല്ലു നിക്ഷേപിച്ചു ഇഞ്ചി പാറക്കോട്ട, മുക്കുഴി വഴി കരിയിലാം തോടില്‍ രാത്രി വിശ്രമത്തിന് ഒരുക്കം കൂട്ടുമ്പോള്‍ പിറ്റേന്ന് നടത്തേണ്ട കരിമല കയറ്റവും അതിലും പ്രയാസമേറിയ കരിമല ഇറക്കവുമായിരുന്നു മനസ്സില്‍. "കരിമല കയറ്റം കഠിനം എന്നയ്യപ്പ " എന്ന മന്ത്ര ഉച്ചാരണത്തോടെ പിറ്റേന്ന് പുലര്‍ച്ചെ കൂരിരുട്ടിനെ ഭേദിച്ച് ഭയ ഭക്തിയോടെ തുടങ്ങിയ കാനന യാത്ര ഒമ്പത് മണിയോടെ പമ്പ എത്തിയതോടെ അവസാനിച്ചു.


ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന പമ്പ തീരത്ത് വെച്ചാണ്‌ കുഞ്ഞായ അയ്യപ്പനെ പന്തളം രാജാവ് കണ്ടു മുട്ടിയത്‌ എന്നാണ് പറയപ്പെടുന്നത്‌. സര്‍വ്വ പാപങ്ങളും കഴുകി കളയുന്ന പവിത്രമായ പമ്പാ നദി ലക്ഷോപ ലക്ഷം പൌര ബോധം നഷ്ടപെട്ട അയ്യപ്പ ഭക്തരുടെ വിഴുപ്പു ഭാണ്ഡം പേറുന്ന ഒരു അഴുക്കു ചാലായി രൂപാന്തരപ്പെട്ടിരിയ്ക്കുന്നു. ദര്‍ശനത്തിനു വരുന്ന അയ്യപ്പ ഭക്തര്‍ തങ്ങളുടെ ഉടുവസ്ത്രം പമ്പയില്‍ ഒഴുക്കണം എന്നുള്ള ഏതോ കുബുദ്ധികളുടെ അന്ധ വിശ്വാസത്തിനു പമ്പാ നദി ബലി ആടായി തീര്‍ന്നിരിയ്ക്കുന്നു. കോടികണക്കിന് രൂപയുടെ ചിലവുള്ള "ശബരിമല മാസ്റ്റര്‍ പ്ലാന്‍" പദ്ധതിയില്‍ പമ്പ മലിനമാക്കുന്ന ആധുനിക ഭക്തരെ നിഷ്കരുണം ശിക്ഷിയ്ക്കാനുള്ള വകുപ്പ് സൃഷ്ടിയ്ക്കെണ്ടിയിരിയ്ക്കുന്നു.


ദിനം പ്രതി ഏറി വരുന്ന ഭക്ത ജന പ്രവാഹം ശബരിമലയുടെ സുരക്ഷയ്ക്ക് ഒരു ഭീഷണി ആയി നില കൊള്ളവേ , പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തി സായൂജ്യമടയുന്ന ഭക്തരെ സന്നിധാനത്ത് താമസിയ്ക്കാന്‍ അനുവദിയ്ക്കുന്നത് ഏത് വിശ്വാസത്തിന്റെ പുറത്താണെന്ന് മനസ്സിലാകുന്നില്ല. അരവണ, അപ്പം കൌണ്ടര്‍ വഴി അഭിഷേകം ചെയ്ത നെയ്യും വിതരണം നടത്തി ഭക്ത ജനങ്ങളെ മല കയറിയ ദിനം തന്നെ തിരിച്ചു പറഞ്ഞയയ്ക്കാനുള്ള ഒരു നൂതന മാസ്റ്റര്‍ പ്ലാന്‍ പ്രാബല്യത്തില്‍ വരുത്താന്‍ ക്രാന്ത ദര്‍ശി ആയ പ്രിയ്യപെട്ട നെയ്യഭിഷേക പ്രിയനേ , അവിടുന്ന് കനിയുമാറാകണം!

ശനിയാഴ്‌ച, നവംബർ 29, 2008

ബാഷ്പാഞ്ജലി



നിരപരാധികളെ നിഷ്ടുരം ചുട്ടുകൊല്ലുന്ന ഭ്രാന്തന്‍ വിശ്വാസ സംഹിത രാജ്യത്തിന്‍റെ ഉല്‍കൃഷ്ടമായ സുരക്ഷാ സേനയ്ക്ക് മുമ്പില്‍ തല്‍ക്കാലത്തെങ്കിലും ഗത്യന്തരമില്ലാതെ മുട്ട് മടക്കവേ, ഈ മഹാരാജ്യം മറ്റൊരു അഗ്നി പരീക്ഷ കൂടി അതിജീവിച്ചിരിയ്ക്കുന്നു. സംഭ്രമ- ഉദ്വേക ജനകമായ ഒരു ഹോളിവൂഡ്‌ ത്രില്ലര്‍ കണ്ട പോലത്തെ ആഹ്ലാദ തിമര്‍പ്പില്‍ നമ്മള്‍ നമ്മുടെ ജോലികളില്‍ വീണ്ടും മുഴുകി . ജീവിതം മുന്നോട്ടു തന്നെ നീങ്ങുകയാണ്, വിശിഷ്യാ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍. ഇലക്ട്രോണിക് മാധ്യമങ്ങള്‍ കഴിഞ്ഞ ഈ വാരം "അടിച്ച് പൊളിച്ചു" ആഘോഷിച്ചു. അവര്‍ മണ്ണില്‍ മലര്‍ന്നു കിടന്നും ചരിഞ്ഞു കിടന്നും കുനിഞ്ഞു നിന്നും വാര്‍ത്ത ആകുന്ന ചൂടപ്പം പ്രേക്ഷകന്‍ എന്ന കിങ്ങിനു പകര്‍ന്നു കൊടുക്കുവാന്‍ പരസ്പരം മത്സരിച്ചു. സി എസ് ടി റെയില്‍ നിലയത്തിലെ പ്ലാറ്റ് ഫോറത്തില്‍ വീണ വാര്‍ അറ്റ ചെരുപ്പിലെ ചുടു ചോര മുതല്‍ നൂറ്റി അഞ്ചു വര്‍ഷം പഴക്കം ഉള്ള താജ് ഹോട്ടലില്‍ പടരുന്ന അഗ്നി ജ്വാല വരെ അവര്‍ "ജീവനോടെ " (ലൈവ്) കാണിച്ചു, പ്രേക്ഷക ലക്ഷങ്ങളുടെ കണ്ണും കരളും കവര്‍ന്നു, " (ടി വി) പത്ര ധര്‍മം" നിര്‍വഹിച്ചു.


കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയിലും "ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍" (പാര്‍ലിമെന്റരി) കമ്മിറ്റി മീറ്റിംഗ് കൂടാന്‍ താജ് ഹോട്ടല്‍ തിരെഞ്ഞെടുത്തതും പാവപ്പെട്ടവന്‍റെ ജനപ്രതിനിധി ഉള്‍പ്പെടെയുള്ള എം പി മാര്‍ ഭീകരന്മാരില്‍ നിന്നും രക്ഷപെട്ടതും നമ്മള്‍ ആശ്വാസത്തോടെ മനസ്സിലാക്കി. രാജ്യ സേവനം ജീവിത ചര്യ ആയി ഏറ്റെടുത്ത നാലാം കിട രാഷ്ട്രീയ നേതൃത്വം "Z" കാറ്റഗറി സുരക്ഷയുടെ പിന്‍ബലത്തില്‍ ദുരന്തത്തിന് കാരണമായി പരസ്പരം പഴി ചാരുന്നതും നമ്മള്‍ വേദനയോടെ നോക്കി കണ്ടു. ലോകത്തിന്‍റെ നാനാ തുറകളിലും പെട്ട വിദേശിയും സ്വദേശിയും സുരക്ഷാ സൈനികരും നക്ഷത്ര ഹോട്ടലിലെ വിവിധ ലോബികളില്‍ നിന്നും നക്ഷത്രം കണക്കെ അടര്‍ന്നു വീഴുന്നത് നമ്മള്‍ നടുക്കത്തോടെ ദര്‍ശിച്ചു . മരിച്ചു വീഴുന്ന വ്യക്തി മഹാരാഷ്ട്രകാരനാണോ, വടക്കനാണോ, തെക്കനാണോ, തെക്കു കിഴക്കനാണോ എന്നൊന്നും പക്ഷെ ആരും പറഞ്ഞു കേട്ടില്ല. അച്ഛന്‍റെ ജഡത്തില്‍, ഭര്‍ത്താവിന്റെ ചലനമറ്റ ശരീരത്തില്‍, സഹോദരന്റെ മൃത ദേഹത്തില്‍ വീണുരുളുന്ന മകനും, ഭാര്യയ്ക്കും സഹോദരിയ്ക്കും അണ പൊട്ടി ഒഴുകിയ ദുഖത്തിന് ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലായിരുന്നു.
രാജ്യത്തിന്‌ വേണ്ടി വീരചരമം പ്രാപിച്ച ധീര രക്ത സാക്ഷികളെ! നിങ്ങളുടെ ബലി കുടീരങ്ങളില്‍ ഞങ്ങള്‍ സിന്ദൂര മാലകള്‍ ചാര്‍ത്തി, ഞങ്ങളുടെ രാജ്യ സ്നേഹം പ്രകടിപ്പിയ്ക്കും . നിങ്ങളുടെ അര്‍ദ്ധ - പൂര്‍ണ കായ പ്രതിമകള്‍ നാല്‍ക്കവല തോറും പ്രതിഷ്ടിച്ചു നിങ്ങളുടെ രക്ത സാക്ഷിത്വം ഞങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു, നിങ്ങളുടെ പാവന സ്മരണയ്ക്ക് മുമ്പില്‍ അശ്രു പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കും. നിങ്ങള്‍ ചിന്തിയ ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉണരുന്നു എന്ന് ഞങ്ങള്‍ ഉച്ചൈസ്തരം ഉധ്ഘോഷിയ്ക്കും . കാരണം ഞങ്ങള്‍ക്ക് ഇനിയും നിങ്ങളെ ആവശ്യമുണ്ട്. ഞങ്ങള്‍ക്ക് ജീവിയ്ക്കണം, ജീവിതം ആസ്വദിയ്ക്കണം, ആഘോഷിയ്ക്കണം - നിങ്ങളില്ലാതെ എന്താഘോഷം! അന്തിമാഭിവാദനങ്ങള്‍!

വ്യാഴാഴ്‌ച, നവംബർ 06, 2008

ദി റോഡ് നോട്ട് ടേക്കന്‍



"എന്തിന്നധീരത? ഇപ്പോള്‍ തുടങ്ങുവിന്‍ , എല്ലാം നിങ്ങള്‍ പഠിയ്ക്കേണം, തയ്യാറാകണമിപ്പോള്‍ തന്നെ, ആജ്ഞാ ശക്തിയായ് മാറീടാന്‍ ................"പട്ടിണി ആയ മനുഷ്യാ നീ പുസ്തകം കൈയ്യിലെടുത്തോളൂ ..................."

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ചു കാലഘട്ടം. പരിഷത്തിന്റെ ശാസ്ത്ര കലാ ജാഥകള്‍ കലായങ്ങളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുന്നു. പൊതുവെ പഠനത്തില്‍ മോശമായിരുന്ന വിദ്യാര്‍ത്ഥികളെ പരിഷത്തിന്റെ മുദ്രാവാക്യങ്ങള്‍ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പുസ്തക പുഴുക്കളെയും രാഷ്രീയത്തിന്റെ ബാലപാഠം പോലുമറിയാത്ത നല്ലൊരു ശതമാനം ആവറേജ് വിദ്യാര്‍ത്ഥികളെയും ഇടതു പ്രത്യയ ശാസ്ത്രത്തോട്‌ അടുക്കാന്‍ ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ ഇത്തരം കലാപ്രകടനങ്ങള്‍ വളരെ അധികം പ്രയോജനപ്പെട്ടു.

മുന്‍ ജന്മ സുകൃതമോ ഈ ജന്മ സുകൃതമോ അയ്യപ്പ സ്വാമിയുടെ അനുഗ്രഹമോ എന്താണെന്നറിയില്ല പരിഷത്തിന്റെ പ്രചാര തന്ത്രങ്ങളെ അതിജീവിയ്ക്കാനും കാമ്പസ് ജീവിതം എന്നാല്‍ മുഷ്ടി ചുരുട്ടി ശൂന്യതയില്‍ പ്രഹരിയ്ക്കല് മാത്രമല്ലെന്ന് മനസ്സിലാകുവാനും ഉള്ള വിവേകം ഞങ്ങളിലെ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താടി വെച്ച നേതാക്കന്മാരുടെ തീപ്പൊരി പ്രസംഗത്തിലും കൂടുതല്‍ താല്‍പ്പര്യം ഞങ്ങള്‍ക്ക് കോളേജിന് ഒരു കി. മീ അകലെയുള്ള കള്ള് ഷാപ്പിലെ കാട- കള്ള് സേവയിലായിരുന്നു. എത്ര മനോഹരമായിരുന്നു ആ നല്ല ഇന്നലെകള്‍! "ദ പാത്ത് ഓഫ് എ പ്രോജെക്ടില്‍ ഈസ് എ പരാബോള"!. ഇന്നും അന്നും തലയില്‍ കയറാത്ത ഭൌതിക ശാസ്ത്രത്തിന്‍റെ നൂലാമാലകളിലെയ്ക്ക് ഊര്‍ന്നിറങ്ങുന്ന പ്രൊഫസര്‍ സദാനന്ദനും ഇന്റെഗ്രേഷന്‍, ഫങ്ങ്ഷന്‍ ഇത്യാദി പദങ്ങള്‍ക്കു നമ്മള്‍ വിചാരിച്ച അര്‍ത്ഥങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് പഠിപ്പിയ്ക്കാന്‍ പാടുപെട്ട കാല്‍ക്കുലസ് പ്രൊഫസര്‍ സുലോചനയും ആയിരുന്നു അന്നത്തെ ഞങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ മുഖ്യ വില്ലന്‍ കഥാ പാത്രങ്ങള്‍. രാഷ്ട്രീയ പ്രബുദ്ധത തലയ്ക്കു പിടിച്ചു ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് സമര കാഹളം നടത്തുന്ന നേതാക്കന്മാരോട് ഞങ്ങള്‍ക്ക് അതിര് കവിഞ്ഞ ഇഷ്ടമായിരുന്നു. ചൊവ്വ ആഴ്ചയിലേയും വെള്ളി ആഴ്ചയിലേയും രണ്ടാമത്തെ പീരീഡ്‌ കഴിഞ്ഞുള്ള സ്വയം പ്രഖ്യാപിയ്ക്കുന്ന അവധികളും വിദ്യാര്ത്ഥി നേതൃത്വം കനിഞ്ഞു നല്കുന്ന അവധികളും മാത്രമായിരുന്നല്ലോ ആകെയുള്ള കൈമുതല്‍!.

ഗോവിന്ദാപുരം- തൃശൂര്‍ റൂട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന "എന്‍ ടി പി" ബസ്സിലെ വയസ്സനായ ഡ്രൈവറെ പ്രാകി തമിഴനായ കണ്ടക്ടരുമായി സി ടി യ്ക്ക് വേണ്ടി (കണ്‍സ ഷന്‍ ടിക്കറ്റ്) വഴക്കിട്ടു ടൌണിലെ സിനിമ കൊട്ടകയിലെതുമ്പോഴെയ്ക്കും ഉച്ച പടം തുടങ്ങി കാണും. ഭാഗ്യവശാല്‍ കെ എസ് ഗോപാലകൃഷ്ണന്റെ കാനന സുന്ദരി ആയാലും ബ്രുസ് ലീ യുടെ എന്റര്‍ ദ ഡ്രാഗണ്‍ ആയാലും സിനിമയുടെ ആദ്യത്തെ പത്തു മിനിട്ട് ന്യൂസിനുള്ളത് ആയിരുന്നു. സ്വര്‍ണ കടകളും തുണി കടകളും നാമ മാത്രമായിരുന്ന ആ നാളുകളില്‍ ദേശ സ്നേഹത്തെ കുറിച്ചും സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ജനങ്ങള്‍ക്ക്‌ ബോധവല്‍ക്കരണം നടത്താന്‍ പത്തു പതിനഞ്ചു മിനിട്ട് സിനിമ തീയേറ്റര്‍ ഉപയോഗപ്പെടുത്തിയ "കാലഹരണപ്പെട്ട പുണ്യ വാളന്‍" മാരായ സിനിമ നിര്‍മിതാക്കളെ/തീയേറ്റര്‍ ഉടമകളെ നിങ്ങളുടെ രാജ്യ സ്നേഹത്തിനു മുമ്പില്‍ ഒരു തുള്ളി കണ്ണീര്‍ ഇപ്പോഴെങ്കിലും പൊഴിയ്ക്കട്ടെ!

കലാലയങ്ങള്‍ എത്ര മാത്രം രാഷ്ട്രീയ-വര്‍ഗീയ വല്ക്കരിയ്ക്കപ്പെട്ടു എന്നതിന് മദ്രാസ് ലോ കോളേജിലെ നവംബര്‍ പന്ത്രണ്ടാം തിയതിയിലെ സംഭവം ഉത്തമ ദൃഷ്ടാന്തം ആയിരിയ്ക്കെ, ചുവപ്പും ഖദറും കാഷായവും പച്ചയും സ്വന്തം ഇസങ്ങളെ പരിപോഷിയ്ക്കാന്‍ രക്ത കുരുതി നടത്തി മനുഷ്യ മൃഗങ്ങള്‍ ആയി അധപതിയ്ക്കവേ, അവയില്‍ നിന്നെല്ലാം അകന്നു, അപരന്നു സുഖം കൊടുത്തില്ലെങ്കിലും ദുഃഖം കൊടുക്കാതെ, ഒരു കോപ്പ കള്ളിലും കപ്പയിലും കുറച്ചു മദാലസ സിനിമകളിലും കലാലയ ജീവിതം അവസാനിപ്പിയ്ക്കുന്ന വിദ്യാര്‍ത്ഥി സമൂഹമേ നിങ്ങള്‍ നിങ്ങളുടേതായ ലോകത്ത് വിഹരിയ്ക്കുക, നിങ്ങളുടെ നിഷ്കളങ്കമായ ഇളം മനസ്സുകളില്‍ വിദ്വേഷത്തിന്റെ, വിപ്ലവത്തിന്റെ, വര്‍ഗീയതയുടെ വിഷ വിത്തുകള്‍ പാകാന്‍ ഒരു പ്രത്യയ ശാസ്ത്രത്തിനും ഇടം കൊടുക്കാതിരിയ്ക്കുക.
പട്ടിണി മൂലം, പരിഷത്തിന്റെ മഹദ് വചനങ്ങളില്‍ ആകൃഷ്ടനായി, പുസ്തകം കൈയ്യില്‍ എടുത്തിരുന്നെന്കില്‍ ഈയുള്ളവന്‍ പോക്കെറ്റില്‍ ഒരു ബിരുദവുമായി ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തിന്റെ മണ്ഡലം/ബ്രാഞ്ച് കമ്മറ്റി ലേബലില്‍ ആണവ ഊര്‍ജ്ജതിനെതിരെ പട നയിച്ചേനെ! പഠിയ്ക്കാതെ, പോരാടാതെ (പഠിയ്ക്കുക, പോരാടുക! - എസ് എഫ് ഐ മുദ്രാവാക്യം) തക്ക സമയത്തു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു യാത്രാമൊഴി ചൊല്ലിയത് കാരണം, ഇന്നു ആണവ ഊര്‍ജ്ജ വകുപ്പില്‍ തന്നെ തൊഴിലുമായി പോക്കറ്റില്‍ ബിരുദം ഇല്ലെങ്കിലും ജീവിയ്ക്കുന്നു. ദൈവത്തിനു സ്തുതി!



























































































ബുധനാഴ്‌ച, നവംബർ 05, 2008

പ്രിയതമന് സ്നേഹപൂര്‍വ്വം




പ്രിയപ്പെട്ട ചേട്ടന്,



ചേട്ടന് സുഖമാണെന്ന് വിശ്വസിയ്ക്കുന്നു. ഇവിടെ എനിയ്ക്കും പിള്ളേര്‍ക്കും പരമ സുഖമാണ്. ചിന്നു മോളെ പ്രസവിച്ചിട്ട് നാലാം മാസം ഈ വരുന്ന ശനി ആഴ്ച തികയും. തിങ്കള്‍ ആഴ്ച മുതല്‍ ജോലിയില്‍ പ്രവേശിയ്ക്കാന്‍ തയ്യാറെടുത്തു ഇരിയ്ക്കയായിരുന്നു. അപ്പോഴാണ്‌ തികച്ചും അപ്രതീക്ഷിതമായി പ്രസവ അവധി ആറ് മാസമായി ഉയര്‍ത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണ്ടത്. അതിന് ശേഷം രണ്ടു കൊല്ലം വീണ്ടും അവധി എടുക്കാം. കുട്ടി പരിപാലന അവധി (ചൈല്‍ഡ് കെയര്‍ ലീവ്) എന്ന പേരില്‍ വീണ്ടും രണ്ടു കൊല്ലം അവധി എടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് ഞങ്ങള്‍ക്കിവിടെ പരമസുഖം എന്ന് ആദ്യമേ തന്നെ ഞാന്‍ സൂചിപ്പിച്ചത്. മോള്‍ ഭയങ്കര വികൃതിയാണ്. ഇവളെയും ബേബി സിറ്റിങ്ങില്‍ ഇരുത്തി എങ്ങനെ ജോലിയ്ക്ക്‌ പോകും എന്ന് വ്യാകുലപ്പെട്ടു ഇരിയ്ക്കുക ആയിരുന്നു ഞാന്‍ നാളിതു വരെ. നമ്മളുടെ പ്രാര്‍ത്ഥന തിരുമാന്ധാം കുന്നിലെ ഭഗവതി കേട്ടു. ഇനി അവള്‍ക്ക് അഞ്ചു വയസ്സാകുന്നതുവരെ ഓഫീസില്‍ പോകേണ്ട. (അവിടെ പോയിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല - ചേട്ടന്‍ ആരോടും പറഞ്ഞെയ്ക്കരുത് കേട്ടോ!). പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം: നമ്മള്‍ അന്ന് തീരുമാനിച്ചത് പ്രകാരം ചേട്ടന്‍ അവിടെ വന്ധ്യം കരണ ശസ്ത്ര ക്രിയ ഒന്നും ചെയ്തെയ്ക്കല്ലേ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുട്ടി രണ്ടു കൂടി ആവാം എന്ന് ഗവണ്മെന്റ് തീരുമാനിച്ചതായി കൂട്ടുകാരി നങ്ങേലി പറയുന്നതു കേട്ടു. അതായതു ഒരു ആറേഴു കൊല്ലം കൂടി ജോലിയ്ക്ക്‌ പോകാതെ ശമ്പളം വാങ്ങാനുള്ള വകുപ്പുണ്ടെന്നര്‍ത്ഥം. അവിടെ കറുത്ത വര്‍ഗത്തില്‍ പെട്ട ഏതോ ആമയോ ഒബാമയോ പ്രസിഡന്‍റ് ആയെന്നും ഇന്ത്യക്കാരെ എല്ലാം പറഞ്ഞ്‌ വിടും എന്നൊക്കെ ആരോ പറഞ്ഞറിഞ്ഞു. ടി വിയിലും ഈ ആമ പ്രസിഡന്‍റ് ആയതിനെ കുറിച്ചു വാര്ത്ത വന്നത്രേ. ഇവിടെ സ്റ്റാര്‍ സിങ്ങറും സീരിയലുകളും കാരണം വാര്‍ത്ത കേള്‍ക്കാന്‍ സമയം കിട്ടാറില്ല. അഥവാ ഇന്ത്യക്കാരെല്ലാം ഇന്ത്യയ്ക്ക് പോകട്ടെ എന്ന് പുതിയ നിയമം വരികയാണെങ്കില്‍ ചേട്ടന്‍ ധൈര്യ സമേതം വരിക. ചേട്ടന്‍ വന്നതിനു ശേഷം നമുക്കു ഭാവി പരിപാടികള്‍ ആലോചിയ്ക്കാം. ആഗോള സാമ്പത്തിക മാന്ദ്യം കാരണം കമ്പ്യൂട്ടര്‍ കമ്പനികളെല്ലാം അടച്ചു പൂട്ടുകയാനെന്നും പഴയ പോലെ ചേട്ടനെ പോലെ പഠിച്ചവര്‍ക്ക് വലിയ ഡിമാണ്ട് ഒന്നും ഇല്ലെന്നും കേള്‍ക്കാന്‍ ഇട ആയി. ഈ പ്രശ്നം തുടങ്ങിയത് ചേട്ടന്‍ ജോലി ചെയ്യുന്ന അമേരിയ്ക്കയില്‍ നിന്നാണത്രേ. ഓഹരി മാര്‍ക്കറ്റ്‌ നിലം പതിച്ചെന്നും ദശ ലക്ഷകണക്കിന് ഡോളര്‍ അമേരിയ്ക്കക്ക് നഷ്ടമായെന്നും ഒക്കെ കേള്‍ക്കുന്നു. മാര്‍ക്കറ്റ്‌ വീണിട്ടു ആളപായമൊന്നും ഉണ്ടായില്ലല്ലോ, അത് തന്നെ ഭാഗ്യം! നമ്മുടെ അയല്‍വാസി കണ്ടന്‍ മൂത്താന്‍ അവരുടെ രണ്ടു എരുമ കുട്ടികളെ വില്‍ക്കാന്‍ പോകുന്നു എന്ന് പറഞ്ഞു കേട്ടു. ഞാന്‍ ഒരു മാസം വെയിറ്റ് ചെയ്യാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഒബാമ ഓട്ടിച്ചാല്‍ ചേട്ടന്‍ നാട്ടില്‍ വന്നു എരുമ പാല്‍ വില്പനയും ഞാന്‍ സര്‍കാര്‍ ചെലവില്‍ പിള്ളേരെയും നോക്കി നമുക്കു ജീവിതം ആര്മാദിയ്ക്കാം. അടുത്ത തവണയും ഇതേ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമേ എന്ന് ഞാന്‍ നിത്യവും പ്രാര്‍ത്ഥിക്കാറുണ്ട്. പറ്റുമെങ്കില്‍ അമേരിയ്ക്കയിലെ ദേവി ക്ഷേത്രത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരിനു വേണ്ടി ഒരു മൃത്യു ന്ജയ പൂജ നടത്തിയാല്‍ നന്നായിരുന്നു. നേരിട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഇ- പൂജ എങ്കിലും നടത്തു. ഇപ്പോള്‍ എല്ലാം "ഇ" യുടെ കാലമല്ലേ?. ഇനിയും ഒത്തിരി എഴുതാനുണ്ട്. സമയം ഇല്ലാത്ത കാരണം ബാക്കി അടുത്ത കത്തില്‍ ആവാം. "ക്യോംകി സാസ് ബീ ബഹൂ ധീ" തുടങ്ങാന്‍ സമയമായി. ചേട്ടന് ഒരായിരം ചുടു ചുംബനങ്ങള്‍!
സസ്നേഹം,
ചേട്ടന്‍റെ സ്വന്തം,
(മനോഹരി)

വ്യാഴാഴ്‌ച, ഒക്‌ടോബർ 30, 2008

ഒരു വടക്കു കിഴക്കന്‍ വീര ഗാഥ



ജെറ്റ് എയര്‍ വെയ്സ് വിമാനത്തിലെ അര്‍ദ്ധ നഗ്ന ആയ സുന്ദരിയുടെ വശ്യമായ പുഞ്ചിരിയില്‍ രണ്ടു മണിയ്ക്കൂര്‍ നീണ്ട മദിരാശി യാത്ര അഞ്ചു നിമിഷമായി തോന്നി. ഇനി അങ്ങോട്ടുള്ള യാത്രയും ഈ വിമാനത്തില്‍ ആയിരുന്നെങ്കില്‍ എന്ന് മനസ്സു വെറുതെ ആഗ്രഹിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ത്യന്‍ വിമാനത്തിലെ കൊല്‍കട്ട യാത്ര വിരസവും അസഹനീയവുമായിരുന്നു. ആയിരത്തി തൊള്ളായിരത്തി അമ്പതിമൂന്നില്‍ രൂപം കൊണ്ട വിമാന കമ്പനിയിലെ വായു ഗസ്റ്റുകള്‍ (എയര്‍ ഹൊസ്ടെസ്സ്) യാത്ര കാരോട് ചിരിയ്ക്കാന്‍ ബുദ്ധിമുട്ടന്നത് കണ്ടപ്പോള്‍ ഇന്നലെ കടന്നുവന്ന കിങ്ങ്ഫിഷേര്‍ വിമാനത്തിലെ ചുവന്ന അപ്സരസ്സുകളെ വെറുതെ ഓര്‍ത്തുപോയി. ഓപ്പണ്‍ സ്കൈ പോളിസിയുടെ ഭാഗമായി സ്വകാര്യ വിമാന കമ്പനികളെ മത്സരത്തിനു ഇറക്കിയ ഇന്ത്യ ഗവണ്‍‌മെന്റ് സ്വന്തം വിമാനത്തിലെ ജീവനക്കാരെ പുഞ്ചിരിയ്ക്കുന്നത് എങ്ങനെ എന്ന് പഠിപ്പിയ്ക്കാന്‍ മറന്നത് വിരോധാഭാസമാവാം!



ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആയിരത്തി തൊള്ളായിരത്തി പതിനൊന്നു വരെ തലസ്ഥാനമാക്കി വെച്ചിരുന്ന കൊല്‍കട്ട നഗരം പ്രതാപ ഐശ്വര്യങ്ങള്‍ നഷ്ടപ്പെട്ട് പോയ ഒരു എം ടീ മോഡല്‍ നാലുകെട്ടിനെ അനുസ്മരിപ്പിച്ചു. ഇടുങ്ങിയ തിരക്കേറിയ റോഡിലൂടെ ടാക്സിയില്‍ യാത്ര ചെയ്യവേ ജന്മം കൊണ്ടു ബംഗാളിനെ അനശ്വരമാക്കിയ ടാഗോറിനെയും നേതാജിയെയും മുതല്‍ സത്യജിത് റായ് , ജ്യോതി ബസു തുടങ്ങി പല മഹത് വ്യക്തികളെയും ഓര്‍ത്തുപോയി. കാലഹരണപ്പെട്ടു പോയ പ്രത്യയ ശാസ്ത്രങ്ങളില്‍ കുരുങ്ങി സ്വന്തം ജനങ്ങളുടെ ക്ഷേമം വിപ്ലവ ജ്വാലകളില്‍ ഹോമിച്ച ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥത, മുച്ചക്ര വാഹനങ്ങളില്‍ മുന്നൂറു കിലോ ഭാരം വലിച്ചു നീങ്ങുന്ന അസ്ഥി കൂടങ്ങളില്‍ കൂടിയും തെരുവോരത്ത് ഭിക്ഷ യാചിയ്ക്കുന്ന അനാഥ ബാലന്മാരിലൂടെയും ദര്‍ശിക്കാന്‍ കഴിഞ്ഞു.




കൊല്‍കട്ടയില്‍ നിന്നു ബാഗ്ടോഗ്ര വരെ ഉള്ള വിമാന യാത്ര വിജയ് മല്ല്യയുടെ ചുവപ്പ് ധരിച്ച കന്യകാ രത്നങ്ങളുടെ സാന്നിധ്യം മൂലമായിരിയ്ക്കണം തുലോം ദൈര്‍ഘ്യം കുറവായിരുന്നു. വടക്കു കിഴക്കിന്റെ ഒരു പ്രധാന പ്രവേശന കവാടമായ ബാഗ്ടോഗ്ര വിമാന താവളം സിവിലിയന്‍ - മിലിട്ടറി വിമാനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിയ്ക്കുന്നു. ഒരു വിമാന താവളത്തിലെ ബഹളങ്ങളോ ശബ്ദ ഘോഷാമോ ഇല്ലാത്ത ഒരു പാവം വിമാന താവളം!




മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഹില്‍ സ്റ്റെഷനുകളുടെ റാണി എന്നറിയപ്പെടുന്ന ഡാര്‍ജിലിംഗ് ഉള്‍പ്പെട്ട പ്രദേശങ്ങളോട് അനുവര്‍ത്തിച്ചു വരുന്ന ചിറ്റമ്മ നയം മൂലം ഉള്ള അമര്‍ഷം പരിചയപ്പെടാന്‍ ഇട ആയ മിയ്ക്ക മണ്ണിന്റെ മക്കളിലും പ്രകടം ആയിരുന്നു. ആയിരത്തി എണ്ണൂറ്റി മുപ്പത്തി അഞ്ചില്‍ സിക്കിം രാജാവിന്റെ വരദാനമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്ത ഡാര്‍ജീലിംഗ് വികസനത്തിന്‌ വിട പറഞ്ഞതു ഭാരത സര്ക്കാരിന്റെ കൈകളിലാണെന്ന് ഇവിടുത്തെ ലോക്കല്‍ ഖുക്രികള്‍ ആത്മാര്‍ത്ഥമായും വിശ്വസിയ്ക്കുന്നു. ബ്രിട്ടീഷ് ഭരണ കാലത്തെ സ്കൂളുകളും അവരുടെ തന്നെ സംഭാവന ആയ യു എന്‍ ഹെരിടജ് ലിസ്റ്റില്‍ പെട്ട നൂറ്റാണ്ട് പഴക്കമുള്ള ടോയ് ട്രെയിനും അല്ലാതെ, ഹില്‍ ജനതയുടെ അഭിവൃദ്ധിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന പരാതി വിശ്വസനീയമായി തോന്നി. ഡാര്‍ജീലിംഗ് കേന്ദ്രമാക്കി പ്രത്യേക ഗൂര്‍ഖ ലാന്‍റ് ആവശ്യപെട്ടുകൊണ്ടുള്ള പ്രക്ഷോഭം ആയിരത്തി തൊള്ളായിരത്തി എമ്പത്തി എട്ടില്‍ ഡാര്‍ജീലിംഗ് ഗൂര്‍ഖ ഹില്‍ കൌണ്‍സില്‍ രൂപീകൃതമായതോടെ സുഭാഷ് ഘീഷിന്ഗ് അവസാനിപ്പിച്ചു. സ്വയം ഭരണ അവകാശം നേടിയ ജി എന്‍ എല്‍ എഫ് , പശ്ചിമ ബംഗാള്‍ രജിസ്ട്രഷന്‍ വാഹനങ്ങള്‍ ജി എല്‍ നെയിം പ്ലെറ്റൊടെ മാത്രമെ ഹില്‍ സ്റ്റേഷന്‍ വഴി ഓടുവാന്‍ അനുവദിയ്ക്കു.


ഒരു ഡ്രൈവറില്‍ ഉപരി നല്ലൊരു വഴി കാട്ടി ആയി വര്‍ത്തിച്ച സിലിഗുരിക്കാരനായ ഗൌതം സര്‍ക്കാര്‍ ഡാര്‍ജീലിംഗ് ഹില്‍ സ്റ്റേഷന്റെ മാത്രം പ്രത്യേകത ആയ ആറ് "ടി" കളെ കുറിച്ചു വിവരിച്ചു: ടീ (ചായ), ടീക്‌ (തേക്ക്), ടൂറിസം, ട്രെക്കിന്ഗ് , ടോയ് ട്രെയിന്‍, ടൈഗര്‍ ഹില്‍. ടൈഗര്‍ ഹില്ലിലെ സൂര്യോദയം കണ്ണ് കുളിര്‍പ്പിയ്ക്കുന്നതായിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ്റി തൊണ്ണൂറു മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൈഗര്‍ ഹില്ലില്‍ സൂര്യോദയ ദര്‍ശനത്തിനായി ആയിരങ്ങള്‍ തലേന്ന് തന്നെ സ്ഥാനം പിടിയ്ക്കുന്നു. മരം കോച്ചുന്ന തണുപ്പില്‍ കുന്നു കയറുന്ന സന്ദര്‍ശകര്‍ക്ക് ചൂടു കാപ്പി ചായ പകര്ന്നു കൊടുക്കാന്‍ സുന്ദരികളായ നേപ്പാളി യുവതികള്‍ മത്സരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ഉദിച്ചു ഉയരുന്ന പ്രഭാത സൂര്യന്റെ ചുവന്ന രശ്മികള്‍ കാഞ്ചന്‍ ജംഗ കൊടുമുടിയുടെ ഹിമ ധവളത്തില്‍ പതിച്ചു താഴേയ്ക്ക് വ്യാപിയ്ക്കുന്ന കാഴ്ച , ഒരഗ്നി പര്‍വ്വതം പൊട്ടി ഒലിച്ചിറങ്ങുന്ന ലാവ പോലെ അനുഭവപ്പെട്ടു. പര്‍വ്വത ആരോഹകര്‍ക്ക് വില മതിയ്ക്കനാവാത്ത ഒട്ടേറെ വിവരങ്ങള്‍ നല്കുന്ന ഹിമാലയന്‍ പര്‍വ്വത ആരോഹക സ്ഥാപനം, ചുവന്ന പാണ്ടയ്ക്ക് പേരുകേട്ട സുവോലോജിക്കള്‍ പാര്‍ക്ക് , ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഘൂം റെയില്‍വേ സ്റ്റേഷന്‍, കലിമ്പോങ്ങിലെ സയന്‍സ് എക്സിബിഷന്‍ സെന്റര്‍, ക്യക്ട്ടസ്സുകളുടെ അപൂര്‍വ ശേഖരങ്ങളുള്ള തോട്ടം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശന യോഗ്യമാണ്. തീസ്ത നദിയിലൂടെ ഉള്ള ബോട്ട് യാത്ര സ്മരണീയമായ അനുഭവമായി.


കേരളത്തിലെ ഒരു പാര്‍ലിമെന്റ് മണ്ഡലത്തിന്റെ വലിപ്പവും ജനസംഖ്യയുമുള്ള സിക്കിം സംസ്ഥാനം ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ ഇന്ത്യയുടെ ഇരുപത്തി രണ്ടാമത് സംസ്ഥാനം ആയി. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കള്ള് കടകള്‍ മാത്രം! അതത്രേ വര്‍ഷങ്ങളോളം സ്വതന്ത്ര പരമാധികാര രാജ്യമായി വിലസിയ സിക്കിമിന്‍റെ പ്രത്യേകത. മദ്യ ഷാപ്പുകളുടെ ബാഹുല്യം കാരണമാവാം ലഹരി വിമുക്ത കേന്ദ്രങ്ങളും ഇടയ്ക്കിടെ കാണപ്പെട്ടു. പന്ത്രണ്ടായിരത്തി നാനൂറു അടി ഉയര്‍ച്ചയില്‍ സ്ഥിതി ചെയ്യുന്ന സോങ്കോ തടാകവും പതിനാലായിരത്തി എഴുനൂറു അടി മേലെ സ്ഥിതി ചെയ്യുന്ന നതുല പാസ്സും സന്ദര്‍ശകരെ ആകര്‍ഷിയ്ക്കുന്ന സ്ഥലങ്ങളാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിലെ ഇന്‍ഡോ- ചൈന യുദ്ധത്തിന്നു ശേഷം അടച്ച നതുല ചുരം പിന്നീട് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത് ജൂലൈ രണ്ടായിരത്തി ആറിലാണ്. ഏത് പ്രതികൂല സാഹചര്യത്തിലും രാജ്യാതിര്‍ത്തി സംരക്ഷിയ്ക്കാന്‍ കര്‍മ നിരതരായി നിതാന്ത ജാഗ്രത പാലിയ്ക്കുന്ന ഇന്ത്യന്‍ സൈനികരെ അവരുടെ കര്‍മ ഭൂമിയില്‍ വെച്ചു തന്നെ കാണാന്‍ സാധിച്ചത് അനുഗ്രഹമായി. ഗാന്ഗ് ടോക്കില്‍ നിന്നും അമ്പത്തെട്ടു കിലോമീറ്റര്‍ മാറി നതുലയോട് ചേര്‍ന്ന് ബാബ മന്ദിരം സ്ഥിതി ചെയ്യുന്നു. അതിര്‍ത്തിയില്‍ സഹ സൈനികരുമൊത്തു സുരക്ഷ ജോലിയില്‍ ഏര്‍പ്പെട്ടിരിയ്ക്കവേ വീര ചരമം അടഞ്ഞ ബാബയുടെ ആത്മാവ് ഇപ്പോഴും നതുലയില്‍ അലഞ്ഞു നടന്നു ജോലി ചെയ്യാതെ നേരം കൊല്ലുന്ന ജവാന്മാരെ കരണത്ത് അടിച്ച് ജോലി ചെയ്യിപ്പിയ്ക്കുന്നതായും ജവാന്മാര്‍ക്ക് താങ്ങും തണലുമായി അദൃശ്യ വിഹാരം നടത്തുന്നതായും സൈനികര്‍ വിശ്വസിയ്ക്കുന്നു.




























വെള്ളിയാഴ്‌ച, ഒക്‌ടോബർ 10, 2008

ബീരാന്‍ കുട്ടി സര്‍വീസില്‍ നിന്നു വിരമിയ്ക്കുകയാണ്.





ബീരാന്‍ കുട്ടി സര്‍വീസില്‍ നിന്നു വിരമിയ്ക്കുകയാണ്. ബീരാന്‍ കുട്ടിയെ ആര്‍ക്കാണ് അറിയാത്തത്? മുപ്പത്തിരണ്ടാം വയസ്സില്‍ ഇരുപത്തി നാലു വയസ്സിന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു സര്‍വീസില്‍ കയറിയ ബീരാന്‍ കുട്ടി സര്‍വീസ് ചട്ടങ്ങള്‍ തിരുത്തി എഴുതാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതനാക്കിയ ഒരു അപൂര്‍വ വ്യക്തിത്വം ആയിരുന്നു. ബീഡി, പാന്‍ പരാഗ്, സിഗരറ്റ് ഇത്യാദി ചില്ലറ കച്ചവടം ഓഫീസില്‍ നടത്തിയിരുന്ന ബീരാന്‍ കുട്ടി ബീഡി ബീരാന്‍ എന്ന ചെല്ല പേരിലും അറിയപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകയുടെ തുടയ്ക്കു നുള്ളിയതിനു ഒരു മാസത്തെ സസ്പെന്‍ഷന്‍, തുടര്‍ന്ന് ഇന്ക്രിമെന്റ്റ് മൂന്നു വര്‍ഷത്തേയ്ക്ക് തടഞ്ഞു വച്ചു കൊണ്ടുള്ള ശിക്ഷ നടപടി. ബീഡി ബീരാന്റെ സംഭവ ബഹുലമായ സര്‍വീസ് സ്റ്റോറി ഇവിടെ തുടങ്ങുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സഹപ്രവര്‍ത്തകയുടെ ചന്തിയില്‍ നുള്ളിയതിനു ഇന്ക്രിമെന്റ്റ് രണ്ടു വര്‍ഷത്തേയ്ക്ക് തടഞ്ഞു കൊണ്ടുള്ള അടുത്ത ശിക്ഷ നടപടി. ഇതിനെ കുറിച്ചു ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ അറിയുന്ന ബീരാന്‍കുട്ടി കൂട്ടുകാരനോട് പറഞ്ഞതിങ്ങനെ: ദ മോര്‍ ദ പ്ലെഷര്‍ , ദ ലെസ്സര്‍ ദ പെനാല്‍റ്റി വില്‍ ബി! മദ്യ നിരോധനം നടപ്പാക്കിയ സര്‍ക്കാരിനോട് ബീരാന്‍കുട്ടി ഏറെ കടപ്പെട്ടിരിയ്ക്കുന്നു. ബീരാന്‍ കുട്ടിയുടെ മൊബൈല്‍ നമ്പര്‍ അറിയാത്ത ഒരൊറ്റ മദ്യപാനിയും ആ ടൌന്‍ ഷിപ്പിലോ പരിസരത്തോ ഉണ്ടായിരുന്നില്ല പോലും! ആവശ്യപ്പെട്ട ബ്രാന്‍ഡ് ആവശ്യപ്പെട്ട സമയത്തു, ആവശ്യപ്പെട്ട സ്ഥലത്തു എത്തിച്ചു കൊടുക്കാനുള്ള ബീരന്കുട്ടിയുടെ പ്രാവീണ്യം , ഔദ്യോഗിക ജീവിതത്തില്‍ അല്പമെങ്കിലും പ്രകടമായിരുന്നെങ്കില്‍ ഈ രാജ്യം എപ്പോഴോ നന്നായേനെ! ഇരുനൂറ്റമ്പത് മില്ലി പട്ട ചാരായം ഒറ്റയടിയ്ക്ക് വിഴുങ്ങി ദിനേശ് ബീഡി ആഞ്ഞു വലിച്ചു പുക വിടുന്ന ബീഡി ബീരാന്‍ , താനത്രേ ഗാന്ധിജിയുടെ യഥാര്‍ത്ഥ അനുയായി എന്ന് ലഹരിയുടെ മൂര്‍ധന്യത്തില്‍ പ്രസംഗിയ്ക്കുക പതിവാണ് . ബീരാന്‍ കുട്ടിയുടെ സുന്ദരി ആയ ഭാര്യയെ കുറിച്ചോ മനോഹരികളായ അഞ്ചു പെണ്മക്കളെ കുറിച്ചോ ആര്‍ക്കും പക്ഷെ വിവരം ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യയുടെ കെട്ട് താലി വരെ ബീരാന്‍കുട്ടി പണയപ്പെടുത്തി ഇരിയ്ക്കയാനെന്നും അതിനെ ചൊല്ലി വീട്ടില്‍ നിത്യവും അടിപിടി ആണെന്നും ബീരന്കുട്ടിയുടെ അടുത്ത സുഹൃത്തുക്കള്‍ മാത്രം പറഞ്ഞറിഞ്ഞു. പൈസ ദുര്‍വ്യയം ചെയ്യാതെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും മല്‍സ്യമോ മാംസമോ വാങ്ങി കൊടുക്കാന്‍ ഉപദേശിച്ച സുഹൃത്തിനോട് ബീരാന്‍കുട്ടി ഈ വിധം മൊഴിഞ്ഞത്രെ: "മല്‍സ്യ മാംസങ്ങളിലെ കൊഴുപ്പ്‌ പെണ്ണുങ്ങളെ കഴിപ്പിയ്ക്കരുത്. കൊഴുപ്പ്‌ അകത്തു ചെന്നാല്‍ അവറ്റകള്‍ തുടല്‍ പൊട്ടിച്ചു വെളിയില്‍ ചാടും, പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിയ്ക്കണം! " പൊന്നാനിയിലെ ഒരു സമ്പന്ന മുസ്ലിം കുടുംബത്തില്‍ പിറന്ന ബീരന്കുട്ടിയുടെ കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ ആണ് ഒരു രാത്രിയില്‍ വീട്ടില്‍നിന്നു ഒളിച്ചോടാന്‍ നിര്‍ബന്ധിച്ചതെന്നും പിന്നീടുള്ള സാഹചര്യങ്ങള്‍ ആണ് ബീരാന്‍ കുട്ടിയെ ബീഡി ബീരാന്‍ ആക്കി മാറ്റിയതെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും മുപ്പത്തിനാല് വര്‍ഷത്തെ സര്‍കാര്‍ സേവനത്തില്‍ എട്ടു തവണ സസ്പെന്‍ഷന്‍ കിട്ടിയതായും , മൂന്നു തവണ താഴ്‌ന്ന തസ്തികയിലേയ്ക്ക് തരം താഴ്ത്തിയതായും മറ്റു പല കാരണങ്ങള്‍ക്കായി പത്തു തവണ മെമോ ലഭിച്ചതായും ബീരന്കുട്ടിയുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നു. നാളെയാണ് ബീരാന്‍കുട്ടി ഔദ്യോഗിക ജീവിതത്തിനോട് വിട ചൊല്ലുന്നത്. വകുപ്പ് മേധാവിയുടെ പേരില്‍ എഴുതി തയ്യാറാക്കിയ പ്രശംസ പത്രം ഇങ്ങനെ അവസാനിച്ചു: " മുപ്പത്താറ് വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിയ്ക്കുന്ന പ്രിയ്യങ്കരനായ ശ്രീ ബീരാന്‍കുട്ടി അവര്‍കള്‍ നമ്മുടെ സ്ഥാപനത്തിന് തന്നെ ഒരു മാതൃകയാണ്. അദ്ദേഹത്തിന്‍റെ കറ കളഞ്ഞ വ്യക്തിത്വവും സേവന തല്പ്പരതയും , ജോലി ചെയ്യുന്ന സ്ഥാപനത്തോടുള്ള അര്‍പ്പണ മനോഭാവവും എല്ലാവര്‍ക്കും മാതൃക ആക്കാവുന്നതാണ്. നമ്മുടെ സ്ഥാപനത്തിന്റെ അഭിവൃദ്ധിയ്ക്കായി അദ്ദേഹം ചെയ്ത സേവനങ്ങളെ നമുക്കു നന്ദിയോടെ സ്മരിയ്ക്കം. അദ്ദേഹത്തിനും കുടുംബത്തിനും ശാന്തിയുടെയും സമാധാനത്തിന്‍റെയും നല്ല നാളുകള്‍ നമുക്കു നേരാം. നന്ദി!"
യെസ് , മിസ്റ്റര്‍ ബീരാന്‍കുട്ടി ഈസ് റീ ട്ടയരിംഗ് ഫ്രം സര്‍വീസ്.

ശനിയാഴ്‌ച, ഒക്‌ടോബർ 04, 2008

ഒരു സാങ്കല്‍പ്പിക സംവാദം






ഹലോ, ഹലോ... ക്യാന്‍ ടാക് ടു രത്തന്‍ ടാറ്റ? ദിസ് ഈസ്‌ ഫ്രം ദ ഓഫീസ് ഓഫ് കേരള ചീഫ് മിനിസ്റ്റെര്‍ വി എസ് അച്ചുതാനന്ദന്‍.



വളരെ നല്ലത്. ടാറ്റ സര്‍ ഒരു മീറ്റിംഗില്‍ ആണല്ലോ.

വാട്ട് എ സര്‍പ്രൈസ്! ടാറ്റയുടെ ഓഫീസിലും മലയാളി !


അതെ, ഞാന്‍ രത്തന്‍ സാറിന്‍റെ സെക്രട്ടറി ആണ്. അദ്ദേഹം ഫ്രീ ആയാല്‍ ഞാന്‍ അങ്ങോട്ട് വിളിപ്പിയ്ക്കാം.

............




.........




സാര്‍, മിസ്റ്റര്‍ രത്തന്‍ ടാറ്റ ലൈനില്‍:
മിസ്റ്റര്‍ ടാറ്റ, ലാല്‍ സലാം , നിങ്ങള്‍ ബംഗാളിനോട് ടാറ്റ പറഞ്ഞു എന്ന് കേട്ടു, ശരി ആണോ?

യെസ് മിസ്റ്റര്‍ സി എം.

വളരെ കഷ്ടമായി പോയി മിസ്റ്റര്‍ ടാറ്റ. മമതയുടെ നിലപാടിനെ ഞങ്ങള്‍ ശക്തമായി അപലപിയ്ക്കുന്നു.

ഓക്കേ മിസ്റ്റര്‍ സി എം. ഇതു പറയാനാണോ ഇപ്പോള്‍ വിളിച്ചത്?

അല്ലെ അല്ല! നിങ്ങളെ ഞങ്ങള്‍ ഇങ്ങോട്ട് ക്ഷണിയ്ക്കാന്‍ വിളിച്ചതാണ്. ഇവിടെ ഇഷ്ടം പോലെ സ്ഥലം ഉണ്ട്, കാറല്ല, തീവണ്ടി വരെ ഉണ്ടാക്കാനുള്ള മനുഷ്യ ശക്തി ഉണ്ട്. അങ്ങേയ്ക്ക് സ്വാഗതം!

സോറി മിസ്റ്റര്‍ സി എം. കേരളം എന്ന് കേട്ടാലെ ഞങ്ങള്‍ ബിസിനെസ്സ്കാര്‍ക്ക് ഭയം ആണ്. കേരളത്തില്‍ വരുന്നതിനെ കുറിച്ചു ചിന്തിയ്ക്കാന്‍ കൂടി വയ്യ.

മിസ്റ്റര്‍ ടാറ്റ, അതെല്ലാം ഈ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഞങ്ങള്‍ കേരളീയര്‍ സമാധാനം കാംഷിയ്ക്കുന്നവരാണ്. വ്യവസായ വികസനം ഞങ്ങളുടെ അജണ്ടയിലെ മുഖ്യ ഇനമാണ്.

മിസ്റ്റര്‍ സി എം. ഞാന്‍ സ്വല്പം തിരക്കിലാണ്. ഞങ്ങള്‍ നാനോയെ പറിച്ചു നടാനുള്ള ഒരു തീവ്ര ശ്രമത്തിലാണിപ്പോള്‍. അതിന് ശേഷം ഞാന്‍ താങ്കളെ വിളിയ്ക്കാം.

വെയിറ്റ് വെയിറ്റ് മിസ്റ്റര്‍ ടാറ്റ , അങ്ങനങ്ങ് പോയാലോ? ഒരു റീ തിങ്കിങ്ങ് ആയി കൂടെ? ഞങ്ങള്‍ ഒരു ആകര്‍ഷകമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ലാന്‍ഡ്‌ ഏറ്റെടുക്കേണ്ട ആവശ്യമേ ഇല്ല. ഏക്കറു കണക്കിന് ഭൂമി ഞങ്ങളുടെ കൈവശം കിടക്കുന്നുണ്ട്‌.


സി എം സര്‍, അങ്ങ് മൂന്നാറില്‍ ഉള്ള ഭൂമി ആണോ ഉദ്ദ്യേശിച്ചത്? അത് ഞങ്ങള്‍ക്ക് വേണ്ടായെ! വെറുതെ തന്നാലും വേണ്ട സഖാവെ!



ഹലോ മിസ്റ്റര്‍ അത് നിങ്ങളുടെ തന്നെ ഭൂമി ആണ്. ഞങ്ങള്‍ നിങ്ങളുടെതെന്നും നിങ്ങള്‍ നിങ്ങളുടെതല്ലെന്നും പറയുന്ന ഭൂമി. നിങ്ങളുടെ ചായ തോട്ടത്തിന് അടുത്താണീ സ്ഥലം. ഒരു വെടിയ്ക്ക് രണ്ടു പക്ഷി.


ഇതൊക്കെ തന്നെ ആയിരുന്നു നിങ്ങളുടെ ബുദ്ധദേവ് സഖാവും തുടക്കത്തില്‍ പറഞ്ഞതു. എന്നിട്ട് ഇപ്പൊ എന്തായി? വിളിച്ചു വരുത്തി അപമാനിയ്ക്കരുത് സഖാവെ, ആരും തന്നെ.



മിസ്റ്റര്‍ ടാറ്റ നിങ്ങള്‍ എന്തെക്കെയോ തെറ്റി ധാരണയുടെ പുറത്താണ് സംസാരിയ്ക്കുന്നത്. ബംഗാള്‍ അല്ല കേരളം, ഇതു ദൈവത്തിന്‍റെ സ്വന്തം നാടാണ്. ഇവിടുത്തെ ജനങ്ങള്‍ നൂറു ശതമാനം സാക്ഷരരാണ്. ഞങ്ങള്‍ വിദ്യാ സമ്പന്നരും ഉയര്‍ന്ന ചിന്താ ഗതിയും ഉള്ള ഒരു ജനതയാണ്. കേരളത്തില്‍ ടാറ്റയുടെ ഒരു വ്യവസായം തുടങ്ങുക എന്നത് നിങ്ങള്‍ക്ക് തന്നെ അഭിമാനത്തിന് വക നല്കുന്ന ഒരു കാര്യമാണ് മിസ്റ്റര്‍ ടാറ്റ.


ഓക്കേ മിസ്റ്റര്‍ സി എം. അങ്ങയുടെ വാക്കുകള്‍ ഞാന്‍ വിശ്വസിയ്ക്കുന്നു. ബഹുമാന്യനായ അങ്ങയുടെ നീരസത്തിനു പാത്രമാവാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല . ഒരൊറ്റ ഉപാധിയില്‍ കേരളത്തില്‍ നാനോ പ്രൊജക്റ്റ്‌ തുടങ്ങാന്‍ ഞാന്‍ തയ്യാറാണ്. ഒരു മാസത്തില്‍ ചുരുങ്ങിയത് ഇരുപതു ദിവസം ബന്ദ് വിമുക്ത ഹര്‍ത്താല്‍ വിമുക്ത ജോലി ദിവസങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ അങ്ങ് തയ്യാറാണോ? ................ ഹലോ മിസ്റ്റര്‍ സി എം ...... ഹലോ ........ഹലോ.... ആര്‍ യു ഹിയറിംഗ് മി? ഹലോ.........ഹലോ......

സെക്രട്ടറി : സര്‍, ദ ലൈന്‍ ഗോട്ട് കട്ട്. ഷാള്‍ ഐ പുട്ട് ദ സി എം ഓണ്‍ ലൈന്‍ എഗൈന്‍ ?

ഡോണ്ട് വറി , ഹി വില്‍ നോട്ട് ട്രബിള്‍ അസ്‌ എനി മോര്‍!