ബുധനാഴ്‌ച, മേയ് 09, 2012

ആണവോര്‍ജ്ജം എന്തെ പുളിക്കുന്നില്ല?


           ആതിരപള്ളി അടക്കമുള്ള ജല വൈദ്യുത പദ്ധതികള്‍ക്ക്  കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിക്കുക വഴി കേരളത്തിന്‌  ലഭിക്കേണ്ടിയിരുന്ന 840 മെഗാ വാറ്റ് വൈദ്യുതിയുടെ കുറവ് നികത്താന്‍,  തമിഴ് നാട്ടിലെ കൂടന്‍കുളം ആണവനിലയം കറന്റ്  ഉത്പാദനം ആരംഭിക്കുമ്പോള്‍ 500  മെഗാ വാറ്റ് വൈദ്യുതി കേരളത്തിന്‌ മാറ്റി വെക്കണമെന്ന്‍  ബഹു.കേരള മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ആവശ്യപെട്ടതായി വാര്‍ത്ത.  

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  കണ്ണൂരിലെ പെരിങ്ങോതും ഇടുക്കി ജില്ലയിലെ ഭൂതത്താന്‍കെട്ടിലും ആണവ നിലയങ്ങള്‍ പണിയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ഭരണാധികാരികളുടെ പുറകെ നടന്നപ്പോള്‍ ഇന്നു കൂടന്‍കുളത്തെ കരണ്ടിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ എവിടെ ആയിരുന്നു? 99 ശതമാനം പണി പൂര്‍ത്തിയാക്കിയ ഒരു വൈദ്യുത നിലയം കമ്മീഷന്‍ ചെയ്യാന്‍ സര്‍വസജ്ജമായിരുന്ന വേളയില്‍ കുംഭകര്‍ണ നിദ്രയിലായിരുന്ന തമിഴ് നാട്ടിലെ  പരിസ്ഥിതിയുടെ കാവല്‍ മാലാഖമാര്‍  പ്ലാന്റ്  "കുഴിച്ചുമൂടാന്‍"  ഗാന്ധിയന്‍ സമരമാര്‍ഗ്ഗം അവലംബിച്ചു. ഏകദേശം 6 മാസത്തോളം നീണ്ടുനിന്ന "ഐതിഹാസികമായ" സമരാഭാസം പുരട്ചി തലവിയുടെ    നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ച നാമേവരും കണ്ടു. കൊക്കോകൊളക്കെതിരെയും എന്‍ഡോസള്‍ഫാനെതിരായും പട നയിച്ചെന്നവകാശപ്പെടുന്ന മലയാളത്തിലെ ഒരു പ്രമുഖ പത്ര മാധ്യമത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഒരു വിഭാഗവും ഭാരതത്തിന്റെ തെക്കേ മുനമ്പിലെ ഈ പ്രകാശ ഗോപുരത്തെ ഇല്ലാതാക്കാന്‍ തങ്ങളാല്‍ ആവുന്നത് പയറ്റിനോക്കി.

തമിഴ് നാടിന്റെ ഭാവി ഭാഗധേയം മലയാളക്കരയിലെ സാഹിത്യ പഞ്ചാസ്യ വിക്രമന്മാരോ പത്ര മാധ്യമങ്ങളോ അല്ല നിശ്ചയിക്കേണ്ടതെന്ന സാമാന്യ തത്വം 101 ശതമാനം സാക്ഷരര്‍ എന്നവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാന്യദേഹങ്ങള്‍ എന്തെ മനസ്സിലാക്കിയില്ല? ചെറുകിട - വന്‍കിട വ്യവസായ ശാലകള്‍, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനോപാധിയായ തുണിമില്ലുകള്‍, ബഹുരാഷ്ട്ര കുത്തകകളുടെ അതിഭീമന്‍ ആട്ടോ മൊബൈല്‍ വ്യവസായങ്ങള്‍ തുടങ്ങീ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ ആയിരിക്കണം എന്നറിയണമെങ്കില്‍ സന്ദര്‍ശിക്കേണ്ട സംസ്ഥാനമത്രെ തമിഴ് നാട്.  അവര്‍ക്കിടയിലേക്ക്  ആണവ വിരുദ്ധ ലേഖനങ്ങളുടെ,    അസത്യ  പ്രചരണങ്ങളുടെ ഒളി അമ്പുകള്‍ ഇനിയെങ്കിലും തൊടുക്കാതിരിക്കുക.   "സമര പുളകങ്ങള്‍ തന്‍ സിന്ധൂരമാല ചാര്‍ത്തിയ"  രാഷ്ട്രീയ വിശ്വാസ സംഹിതകളിലും ഇടിന്തങ്കരയിലെ സമരപ്പന്തലില്‍ വെടി പറഞ്ഞിരിക്കുന്ന "മഹിളാ രത്നങ്ങള്‍" ക്കായി നിങ്ങള്‍ പൊഴിക്കുന്ന കണ്ണീരിലും അധ്വാനത്തിന്റെ വിലയറിഞ്ഞ തമിഴ് മകന് ഒട്ടും താല്പര്യമില്ല തന്നെ. അവരെ അവരുടെ   പാട്ടിനു വിട്ടേക്കുക. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മക്കളെ ദൈവം  കാക്കുമാറാകട്ടെ !  


   

തിങ്കളാഴ്‌ച, ജനുവരി 11, 2010

തംബുരു

പാസഞ്ചര്‍ തീവണ്ടിയിലൂടെ ഉള്ള യാത്ര എപ്പോഴും ആഹ്ലാദം പ്രദാനം ചെയ്തിട്ടേ ഉള്ളൂ. വൃത്തിയില്ലാത്ത സീറ്റും വൃത്തി തൊട്ടു തീണ്ടിയിട്ടില്ലാത്ത യാത്രക്കാരും ഒന്നിച്ചുള്ള യാത്ര ജീവിതത്തില്‍ പല അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സെക്കന്റ്‌ എ സിയിലെ, തൊലി വെളുത്ത കൃത്രിമ സൌന്ദര്യ ബിംബങ്ങളുടെ ആംഗലേയ ത്തിലുള്ള വാചക കസര്‍ത്തുകള്‍, മുന്നില്‍ ഇരിക്കുന്നവന്റെ ഔദ്യോഗിക പദവി നോക്കിയുള്ള പരിചയപ്പെടല്‍ ഇത്യാദി തല വേദന ഒന്നും പാസ്സെന്ചെര്‍ യാത്രയില്‍ ഉണ്ടാവാറില്ല. കൂലി വേല ചെയ്തു, കുടുംബത്തിലേക്ക് പോകുന്ന, ലിപ് സ്ടിക്കും ഫേഷ്യല്‍ ഉം എന്തെന്ന് അറിയാന്‍ പാടാത്ത ആദിവാസി പെണ്‍കിടാങ്ങള്‍, പട്ട ചാരായത്തിന്റെ, കുറ്റി ബീഡിയുടെ ഗന്ധം പേറി ചെരുപ്പ് പോലും ഇടാതെ ആടിനോടും പട്ടിയോടും ഒപ്പം യാത്ര ചെയ്യുന്ന, ജാഡ എന്തെന്നറിയാത്ത പട്ടിണി പാവങ്ങള്‍.......യാഥാര്‍ത്ഥ ഇന്ത്യ എന്തെന്നറിയണമെങ്കില്‍ ഗ്രാമത്തില്‍ കൂടി മാത്രമല്ല പാസ്സെന്ചെര്‍ ട്രെയിനിലും സഞ്ചരിക്കണം എന്ന് മഹാത്മാ ഗാന്ധിജി പറഞ്ഞിട്ടുണ്ടോ ആവോ!
നാഗര്‍ കോവില്‍ തിരുവനന്തപുരം പാസ്സെന്ചെര്‍ കൃത്യം എട്ടേ ഇരുപതിന് തന്നെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേര്‍ന്നു. കാര്യ പരിപാടിയിലെ അടുത്ത ഇനം സ്ഥിരം പോകുന്ന ബാറില്‍ പോയി രണ്ടു മൂന്നെണ്ണം വീശുക, പതിനൊന്നു മണിക്ക് അമൃത എക്സ്പ്രസ്സ്‌ കയറുക ....പിന്നെ നിദ്ര ദേവിയുമായി ഒരു സൈഡ് അപ്പെര്‍ ബെര്‍ത്ത്‌ സുഖ സുഷുപ്തി....... അതൊക്കെ തന്നെ.
എ സി ബാറിലെ സ്ഥിരം ഇരിപ്പിടത്തില്‍ ബാഗ്‌ വെച്ച് മുഖം കഴുകി ഒന്ന് ഫ്രഷ്‌ ആവാനായി ടോയ് ലെറ്റില്‍ പോയതായിരുന്നു. ടോയ് ലെറ്റ്‌ ചുമരുകളില്‍ സ്ത്രീയുടെയും പുരുഷന്റെയും അംഗോ ഉപംഗങ്ങള്‍ വരച്ചു ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്ന ഞരമ്പ്‌ രോഗികളുടെ ചിത്ര കലാ വൈഭവം പലപ്പോഴും ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. അത്തരം ഒരു സൃഷ്ടിക്കു താഴെ ചുവന്ന സ്കെച് പെന്‍ കൊണ്ടെഴുതിയ പരസ്യം ശ്രദ്ധയില്‍ പെട്ടു: തംബുരു വാടകയ്ക്ക്. മണിക്കൂറിനു രണ്ടായിരം രൂപ. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; 0471.....
സിറ്റി ക്കുള്ളിലെ നമ്പര്‍ തന്നെ ആണ്. നമ്പര്‍ മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തു. തംബുരു മീട്ടണം എന്ന് പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആണ്. രണ്ടെണ്ണം പിടിപ്പിച്ചിട്ട് ആലോചിക്കാം.
സീസര്‍ ബ്രാണ്ടി 180 ml. അകത്താക്കി ഒരു കാട ഫ്രൈ കൂടി കഴിച്ചപ്പോള്‍ സമയം രാത്രി പത്ത്. അമൃത പുറപ്പെടാന്‍ ഇനിയും ഒരു മണിക്കൂര്‍ ബാക്കി. തംബുരു വാടകക്കാരന് വെറുതെ ഒന്ന് ഫോണ്‍ ചെയ്തു. അറ്റന്‍ഡ് ചെയ്തത് ഒരു കിളി നാദം ആയിരുന്നു. യു ആര്‍ വെല്‍ക്കം എനി ടൈം സാര്‍...... അസമയത്ത് തംബുരു മീട്ടാന്‍ സ്വാഗതം അരുളിയ അദൃശ്യ സുന്ദരിക്കായി ഒരു സ്മാള്‍ കൂടി അകത്താക്കി അവള്‍ ഫോണിലൂടെ നിര്‍ദേശിച്ച സ്ഥലത്തേക്ക് വിടാന്‍ ആദ്യം കണ്ട ഓട്ടോ കാരനോട് ആജ്ഞാപിച്ചു. ഒരു കള്ള ചിരിയോടെ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്ത ഡ്രൈവറുടെ ഭാവ വ്യത്യാസം അവഗണിച്ചു ഞാന്‍ ഒരു ഗോള്‍ഡ്‌ ഫ്ലെക്കിനു തീ കൊളുത്തി. സിറ്റിയുടെ പരിധി വിട്ടു ഏതോ ഉള്‍നാടന്‍ പാതയിലൂടെ ഓട്ടോ പിന്നെയും ഓടി. അധികം പഴക്കമില്ലാത്ത ഒരു ഓടിട്ട വീടിനു മുന്‍പില്‍ ഓട്ടോ നിന്നു. ഓട്ടോകാരനോട് വെയിറ്റ് ചെയ്യാന്‍ നിര്‍ദേശം കൊടുത്തു കനകാംബര- പനിനീര്‍ പൂക്കളാല്‍ അലംകൃതമായ പൂന്തോട്ടം പിന്നിട്ടു വീടിനു മുന്‍പില്‍ എത്തി ചാരി വെച്ചിരുന്ന വാതിലില്‍ പതുക്കെ കൊട്ടി. പ്ലീസ് കം ഇന്‍. ഫോണില്‍ കേട്ട അതെ കിളി നാദം. പാതി രാത്രി തംബുരു മീട്ടാന്‍ ഇറങ്ങി തിരിച്ചതിന്റെ അനൌചിത്യം സീസര്‍ ബ്രാണ്ടിയുടെ ബലത്തില്‍ മറക്കാന്‍ ശ്രമിച്ചു വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിച്ചു. വിശാലമായ ഹാളിലെ സോഫാ സെറ്റില്‍ ഉപവിഷ്ട ആയിരുന്ന ഒരു മനോ മോഹിനി കൂപ്പു കൈകളോടെ അഭിവാദ്യം ചെയ്തു എഴുന്നേറ്റു. കോഴിമുട്ട കരുവിന്റെ നിറത്തിലുള്ള സാരിയും അതിനു അനുയോജ്യമായ ബ്ലൌസും അവളുടെ ശരീര കാന്തി വര്‍ധിപ്പിച്ചു. തലയില്‍ ചൂടിയ മുല്ല പൂവിന്റെയും ശരീരത്തില്‍ പുരട്ടിയ അത്തറിന്റെയും പരിമളത്താല്‍ ഏതോ രവിവര്‍മ ചിത്രത്തിലെ പെണ്‍കൊടിയുടെ രൂപം അവള്‍ കൈ കൊണ്ട പോലെ. സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച ആ മാദക സൌന്ദര്യ തിടംബിനു മുന്‍പില്‍ ഋഷിവര്യന്‍ വിശ്വാമിത്രനും നിയന്ത്രണം വിട്ടു പോയേനെ! ഭ്രാന്തമായ ചിന്തകളില്‍ നിന്നും മോചിതനായി ഞാന്‍ ചോദിച്ചു: ഇവിടെ തംബുരു വാടകയ്ക്ക് കൊടുക്കുന്നെണ്ട് പറഞ്ഞു കേട്ട് വന്നതാണ്. കുറച്ചു മുന്‍പ് ഫോണില്‍ വിളിച്ചത് ഞാനായിരുന്നു.
യു ആര്‍ റൈറ്റ്. പ്ലീസ് സിറ്റ് ഡൌണ്‍. വുഡ് യു ലൈക്‌ ടു ഹാവ് എ കപ്പ്‌ ഓഫ് ടീ? മറുപടിക്ക് കാത്തു നിക്കാതെ അവള്‍ ഉള്ളിലോട്ടു പോയി; മന്ദം മന്ദം... ഏതോ ഫാഷന്‍ ഷോയിലെ താര റാണിയുടെ കാല്‍ വെപ്പോടെ. പൂ പോലെ മൃദുലമായ കൈ വിരലുകളാല്‍ മനപ്പൂര്‍വ്വം എന്റെ കൈയ്യിനെ സ്പര്‍ശിച്ചു ചായ പകര്‍ന്നു തരവേ, അവളുടെ വിടര്‍ന്ന കണ്ണുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന കാമ വികാരം എന്നെ അസ്വസ്ഥനാക്കി. മനസ്സില്‍ ഉരുണ്ടു കൂടിയ സംശയങ്ങള്‍ ക്ക്, എന്റെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം അവള്‍ എന്നെ മുട്ടി നിന്ന് കൊണ്ട് മറുപടി മൊഴിഞ്ഞു : ലുക്ക്‌, ഐ അം തംബുരു. നിങ്ങള്‍ മീട്ടെണ്ടത് എന്നെയാണ്; നോട് എനി ഇന്‍സ്ട്രുമെന്റ്. മുല്ല പൂവിന്റെയും അത്തറിന്റെയും സുഗന്ധമുള്ള അവളുടെ വിയര്‍പ്പിന്റെ ത്രസിപ്പിക്കുന്ന മണം എന്നെ പൊതിഞ്ഞു. ഗാഡമായ ഒരു ആലിംഗനം പ്രതീക്ഷിച്ചു അവള്‍ രണ്ടു കൈകളും എന്റെ നേര്‍ക്ക്‌ നീട്ടി. തികച്ചും അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ എന്നെ അമ്പരിപ്പിച്ചു. മനസ്സിന്റെ ഉള്ളിലെ ആഗ്രഹങ്ങളെ തല്ക്കാലം അടക്കി നിര്‍ത്തി പിന്നീട് വരാം എന്ന് മാത്രം അവളോട്‌ പറഞ്ഞു ഞാന്‍ പുറത്തു കടന്നു. ഓട്ടോ റിക്ഷ റെയില്‍വേ സ്റ്റേഷന്‍ ലേക്ക് നീങ്ങി. മുല്ല പൂവിന്റെയും അത്തറിന്റെയും മണം പേറിയ തംബുരു വിന്റെ വിയര്‍പ്പിന്റെ ഗന്ധം എന്റെ ശരീരത്തില്‍ തങ്ങി നിന്നു. സീസര്‍ ബ്രാണ്ടിയുടെ ലഹരി അതിന്റെ പാരമ്യതയില്‍ എത്തി..... ഓട്ടോ ഡ്രൈവറുടെ ചുമലില്‍ തട്ടി ഞാന്‍ പറഞ്ഞു: സുഹൃത്തേ; വണ്ടി വന്ന വഴിക്ക് തന്നെ തിരിച്ചു വിടുക.... എനിക്ക് തംബുരു മീട്ടണം.....

ചൊവ്വാഴ്ച, ഡിസംബർ 22, 2009

ലവ് അറ്റ്‌ ഫോര്ടി പ്ലസ്‌

കോരിച്ചൊരിയുന്ന മഴ. ദിഗന്തങ്ങള്‍ മുഴങ്ങുന്ന ഇടി നാദം. ഭൂമിയെ പിളര്‍ന്നു പോകുന്ന മിന്നല്‍ പിണരുകളില്‍ വിറങ്ങലിച്ചു നില്ക്കുന്ന പടു വൃക്ഷങ്ങള്‍. ശക്തി ആയി വീശുന്ന കാറ്റില്‍ ആടി ഉലയുന്ന വൃക്ഷ ശിഖരങ്ങള്‍. ചോര്‍ച്ച തടയുവാന്‍ വീടിന്റെ ടെറസ്സിനു മുകളില്‍ സ്ഥാപിച്ച അലൂമിനിയം ഷീറ്റുകളില്‍ കനത്ത മഴ തുള്ളികളുടെ താളം തെറ്റിയ വൃഷ്ടി വൈകി എത്തിയ തുലാ വര്‍ഷത്തിന്റെ അപ്രമാദിത്വം ആവര്‍ത്തിച്ചു ഉറപ്പിക്കുന്നതുപോലെ തോന്നി. സമയം പുലര്‍ച്ചെ നാല് മണി. ഡാര്‍ജിലിങ്ങിലെ ഏതോ ഒരു തെരുവോരത്തെ, വെളുത്ത സുന്ദരി ആയ ഗൂര്‍ഖ യുവതിയില്‍ നിന്നും വാങ്ങിയ കട്ടിയുള്ള കമ്പിളി തല വഴി മൂടി കാലുകള്ക്കിടയിലേക്ക് കൈയ്യുകള്‍ കയറ്റി ചുരുണ്ടു കൂടി നിദ്രയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങവേ ആണ് പ്രസാദ്‌ മോഹന്റെ മൊബൈല് ശബ്ദിച്ചത്. പണ്ടാരം! ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ഏത് മറ്റവന്‍ ആണെടോ തനിക്ക് ഫോണ്‍ ചെയ്യാന്‍? നാശം! മൊബൈല് കൈയ്യിലെടുത്തു. ലൈറ്റ് ഓണ്‍ ചെയ്തു. കണ്ണട തേടി പിടിച്ചു. വിളിച്ച മാന്യ ദേഹം ആരെന്നു നോക്കുമ്പോഴേക്കും കട്ടായി. കണ്ണട ഇല്ലാതെ ഒന്നും വായിക്കാന്‍ പറ്റാത്ത അവസ്ഥ. വയസ്സ് നാല്‍പ്പത്തി രണ്ടു കഴിയാന്‍ പോകുന്നു ഈ തുലാത്തില്‍. മധ്യ വയസ്കന്‍ ആയി എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ആദ്യമൊക്കെ മനസ്സു കൊണ്ടു മടി ആയിരുന്നു. ക്രമേണ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു, അര്‍ദ്ധ മനസ്സാലെ. മിസ്ഡ് കോള്‍ ലിസ്റ്റിലേക്ക് തെല്ലൊരു ആശങ്കയോടെ നോക്കി. അതെ. അതവള്‍ തന്നെ. ആയിഷ. വയസ്സ് നാല്‍പ്പത്തി നാല്. പ്രസാദ്‌ മോഹന്റെ പ്രണയ വല്ലരിയില്‍ ആദ്യമായ് (ഒരു പക്ഷെ അവസാനമായും) പൂത്ത മന്ദാര പുഷ്പം. ഇനി അവളെ തിരിച്ചു വിളിക്കണം. അവളുടെ പരിഭവങ്ങള്‍ കേള്‍ക്കണം. അവളെ ആശ്വസിപ്പിക്കണം. അവള്ക്ക് വേണ്ടതും അത് തന്നെ ആണല്ലോ. ആയിഷ തനിയെ താമസിക്കാന്‍ തുടങ്ങീട്ടു കൊല്ലം രണ്ടാകുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം, അവളില്‍ സ്നേഹമില്ലായ്മ, ഓഫീസ് ജോലി കാര്യങ്ങളില്‍ അമിത ശ്രദ്ധ ... ആയിഷ - ഇബ്രാഹിം ദമ്പതികളുടെ വൈവാഹിക ജീവിതം ശിഥിലം ആകുവാന്‍ കാരണങ്ങള്‍ ഇതൊക്കെ തന്നെ ധാരാളം....

പോയ വര്ഷം മണ്ഡല മാസ ക്കാലത്തിന്റെ ആരംഭം. നഗരത്തിലെ അയ്യപ്പ ക്ഷേത്രത്തില്‍ വെച്ചു വൃശ്ചികം ഒന്നാം തിയതി മാല ഇടാനായി യാത്ര തിരിച്ച ദിവസം. റെയില്‍ വേ ക്രോസ്സിങ്ങില്‍ തീവണ്ടി വരുന്നതും കാത്തു അക്ഷമനായി മോട്ടോര്‍ സൈക്കിളില്‍ വിശ്രമിക്കുംപോഴാണ് തൊട്ടരികിലായി കറുത്ത കളറുള്ള ഹോണ്ട ആക്ടിവയില്‍ അവളെത്തിയത്. വെയിലില്‍ നിന്നും രക്ഷ പെടാനെന്ന വണ്ണം തല വഴി മൂടിയ കടും നീല കളറുള്ള സാരി, ചായം പുരട്ടാത്ത പേലവാ ധരം, വിടര്‍ന്ന വലിയ വശ്യത ആര്ന്ന കണ്ണുകള്‍. ചെമ്പക പൂവിന്റെ സുഗന്ധമുള്ള ഏതോ എണ്ണയുടെ സൌരഭ്യം അവളെ പൊതിഞ്ഞു. അവള്‍ ഒരു മുസ്ലിം യുവതിയാണെന്ന് മനസ്സിലാക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു. കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടു ഒരു ചരക്കു വണ്ടി കടന്നു പോയി. ഗേറ്റു തുറന്നതും ധൃതിയില്‍ ഓവര്‍ ടേക്ക് ചെയ്തു പാളങ്ങള്‍ കടന്നു അവള്‍ എങ്ങോട്ടോ യാത്ര തിരിച്ചു. കോമള ഗാത്രിയുടെ വശ്യതയാര്‍ന്ന കടാക്ഷങ്ങളും ചെമ്പക പൂവിന്റെ ലഹരി പിടിപ്പിക്കുന്ന മണവും അവളെ പിന്തുടരാന്‍ എന്നിലെ പച്ചയായ മനുഷ്യ കീടത്തോട് ആജ്ഞാപിക്കുന്നതുപോലെ തോന്നി. ധര്‍മ ശാസ്താവിനു സെക്കന്റ്‌ പ്രിഫെരെന്‍സ് കൊടുത്തു, നമ്പര്‍ പ്ലേറ്റില്‍ ആയിഷ എന്നെഴുതിയിരുന്ന അവളുടെ വാഹനത്തിനു പിന്നാലെ വിട്ടു. സ്ഥലത്തെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു വ്യവസായ സ്ഥാപനതിനുള്ളിലേക്ക് അവളുടെ ഹോണ്ട ആക്ടിവ ഒരു ചിത്ര ശലഭത്തെ പോലെ പറന്നകന്നു. അയ്യപ്പ ഭക്തനാവാന്‍ ഇറങ്ങി തിരിച്ച ഞാന്‍ അംഗനലാവണ്യ ത്തിനു മുന്‍പില്‍ അല്‍പ നേരത്തെങ്കിലും വശം വദന്‍ ആയതിനു സര്‍വ്വാ പരാധങ്ങളും പൊറുക്കുന്ന ശാസ്തവിനോട് വൈകീട്ട് മാല ധരിക്കവേ കൂപ്പു കെയ്യോടെ അപേക്ഷിച്ചു...

കടും നീല സാരി തല വഴി മൂടിയ നാരീ മണിയുടെ വശ്യതയാര്‍ന്ന വലിയ കണ്ണുകളും ചെമ്പക പൂവും എന്നെ പക്ഷെ വേട്ട ആടി കൊണ്ടേ ഇരുന്നു. ഇന്റര്‍ നെറ്റ് വഴി പ്രസ്തുത വ്യവസായ സ്ഥാപനത്തിലെ ആയിഷ എന്ന് പേരുള്ള ആളുടെ ഇ മെയില് ഐ ഡി തേടി പിടിക്കുവാന്‍ വിഷമം ഉണ്ടായില്ല. മിടിക്കുന്ന ഹൃദയത്തോടെ, അറിഞ്ഞു കൊണ്ടു തെറ്റ് ചെയ്യുന്നതിലുള്ള കുറ്റ ബോധത്തോടെ അവളുടെ ഇ മെയില് ഐ ഡി യിലേക്ക് പ്രഥമ സന്ദേശം കൈ മാറി : വൃശ്ചികം ഒന്നാം തിയതി ചുറ്റിയ സാരിയില്‍ ആയിഷ കൂടുതല്‍ മനോഹരി ആയി കാണപ്പെട്ടെന്നും, ചെമ്പക പൂവിന്റെ മണം തന്നെ മത്തു പിടിപ്പിചെന്നും ആയിഷയെ കുറിച്ചു കൂടുതല്‍ അറിയാന്‍ താത്പര്യം ഉണ്ടെന്നും കാണിച്ച്. ഇ മെയില് ഐ ഡി പിഴച്ചില്ല. അതവള്‍ തന്നെ ആയിരുന്നു. മാല ഇട്ടു കപട ഭക്തനാകാന്‍ ഇറങ്ങിയ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ അവള്‍ മുന്പേ നോട്ടമിട്ടു വെച്ചിരുന്നു പോലും! പ്രസാദ്‌ മോഹന്‍ - ആയിഷ അനുരാഗത്തിന്റെ നാന്ദി അവിടെ കുറിക്കുക ആയിരുന്നു. ഭര്‍ത്താവിന്റെ, ഭാര്യയുടെ, സ്വന്തം കുഞ്ഞുങ്ങളുടെ, ബന്ധു ജനങ്ങളുടെ, കൂട്ടുകാരുടെ കണ്ണ് വെട്ടിച്ചു ഹൃദയ വികാരങ്ങള്‍ പരസ്പരം കൈ മാറുന്ന കമിതാക്കളുടെ കാല്‍പനിക ലോകത്തില്‍ ആയിഷ- പ്രസാദ്‌ മോഹന്‍ പ്രണേതാക്കള്‍ ലൈലാ മജ്നു മാരായി വിലസി.

"കുസുമേ കുസുമോല്‍പ്പത്തി
ശ്രുയത, ന ദൃശ്യതാ,
ബാലെ തവ മുഖാംബോജെ
നേത്ര മിന്ദീവര ദ്വയം!
നിന്റെ കണ്ണുകളെ കുറിച്ചായിരിക്കണം പണ്ടു കാളിദാസന്‍ പടിയത്ത്‌" - ഒരിക്കല്‍ പ്രസാദ്‌ മോഹന്‍ ആയിഷയോട് പറഞ്ഞു.

"ക്ഷമിക്കണം സുഹൃത്തേ. ഞാന്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്ണാണ്. ഇയാളുടെ സംസ്കൃതം ഒന്നും എന്റെ അടുത്ത് വേണ്ട - സൌകര്യം ഉണ്ടെങ്കില്‍ മലയാളത്തില്‍ പറയൂ. ഒരു സംസ്കൃത വിദ്വാന്‍!"

" പൂക്കളില്‍ നിന്നും പൂക്കള്‍ ഉണ്ടായതായി കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. അല്ലയോ സുന്ദരി, പക്ഷെ നിന്റെ മുഖം ആകുന്ന താമരയില്‍ കണ്ണുകള്‍ ആകുന്ന ഇന്ദീവര പൂക്കള്‍ എങ്ങനെ ആണ് ഉണ്ടായത്? എ ഡി അഞ്ചാം ശതകത്തിലോ മറ്റോ ജനിച്ച മഹാകവി കാളിദാസന്‍ ഒരു പക്ഷെ ഇരുപതൊന്നാം നൂറ്റാണ്ടില്‍ ജനിക്കാന്‍ പോകുന്ന ഇബ്രാഹിം ഭാര്യ ആയിഷയെ തന്റെ മന കണ്ണാല്‍ കണ്ടിരിക്കണം! "

"തന്നെ തന്നെ. ഒന്നു പോകൂ മിസ്റ്റര്‍ .... അധികം കളിയാക്കാതെ..... നോക്കൂ, നേരം ഒരു പാടായിരിക്കുന്നു. നമ്മള്‍ ചെയ്യുന്നത് എന്തെന്ന് നമ്മള്‍ക്ക് അറിയുന്നില്ല. അറിഞ്ഞു കൊണ്ട് തന്നെ നമ്മുടെ ജീവിത പങ്കാളികളെ നമ്മള്‍ വന്ജിക്കയല്ലേ. നമ്മളോട് ദൈവം പൊറുക്കുമോ? "

"തീര്ച്ചയായും ആയിഷ. ദൈവം സ്നേഹമാകുന്നു, സ്നേഹിക്കുന്ന ഹൃദയങ്ങളെ അദ്ദേഹം ഒരിക്കലും കൈ വിടാറില്ല" . ഒരു വിവാഹ മോചനത്തെ കുറിച്ചു എന്ത് കൊണ്ടു നീ ആലോചിക്കുന്നില്ല ? - ഇബ്രാഹിം എന്ന വില്ലന്‍ കഥാപാത്രത്തിന്റെ അദൃശ്യ സാന്നിധ്യം എല്ലായിപ്പോഴും തന്നെ അസ്വസ്ഥന്‍ ആക്കി ഇരുന്നല്ലോ.

"ഇല്ല പ്രസാദ്‌. ഒരിക്കലും അതുണ്ടാവില്ല. അദ്ദേഹത്തെയും കുട്ടികളെയും എനിക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ഒരു നാള്‍ അദ്ദേഹം എന്നെ തിരികെ വിളിക്കും. എനിക്ക് ഉറപ്പാണ്. അള്ളാഹു സത്യം! "
...........
...........
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ആയിഷ തന്നെ വീണ്ടും വിളിക്കുക ആണ്. ഈ അസമയത്ത് വിളിക്കാന്‍ എന്തെങ്കിലും പ്രത്യേകിച്ച് കാരണം ഉണ്ടായിരിക്കണം. അധികം വൈകിയില്ല, അവള്‍ വിളിച്ചു വീണ്ടും. ഇബ്രാഹിം അവളെ തിരികെ കൊണ്ട് പോകാന്‍ വരുന്നുവെന്ന സന്തോഷ വര്‍ത്തമാനം അറിയിക്കാനാണ് അവള്‍ വിളിച്ചത്. സംഭവിച്ചു പോയതിനെ ഓര്‍ത്തു താന്‍ ഖേദിക്കുന്നു വെന്നും ആയിഷ ഇല്ലാതെ ഇനി മുന്നോട്ടുള്ള ജീവിതം അസാധ്യം ആണെന്ന് ഇബ്രാഹിമിന് ബോധ്യമായെന്നും ഗധ്ഗധ കണ്ടയായി അവള്‍ മൊഴിഞ്ഞു. പ്രസാദ്‌ മോഹനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും അവള്‍ നേര്‍ന്നു. അവളുടെ ശബ്ദം ഒരു തേങ്ങലായി...
ഇ മെയില്‍ വഴി ആരംഭിച്ച അനുരാഗം ഇ മെയില്‍ വഴി തന്നെ അവസാനിപ്പിക്കാനായി പ്രസാദ്‌ മോഹന്‍ വീണ്ടുമൊരിക്കല്‍ കൂടി ആയിഷക്കെഴുതി: "ഏകാന്തവും വിരസവും ആയ എന്റെ ജീവിത സായാഹ്നത്തില്‍ ദിവ്യ പ്രേമത്തിന്റെ അഗ്നി ജ്വാലകള്‍ പടര്‍ത്തി പോയ്‌ പോയ യൌവനത്തെ കുറച്ചു കാലത്തെങ്കിലും തിരികെ കൊണ്ട് വരാന്‍ കാരണ ഭൂതയായ എന്റെ പ്രേമോ ദാരയായ ആയിഷാ....... നിനക്ക് നല്ലത് വരട്ടെ, നിന്റെ ഭര്‍ത്താവിനും! "
പ്രസാദ്‌ മോഹന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണ് നീര്‍ കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ ഇറ്റു വീണു....

ചൊവ്വാഴ്ച, ഡിസംബർ 08, 2009

എലി ജന്മം

പുതിയ അണ്ടര്‍ വെയര്‍ ആയിരുന്നു. ദേ കിടക്കുന്നു. മാര്‍ജാര രിപുവിന്റെ വിശപ്പടക്കാന്‍ നൂറ്റി ഇരുപതു രൂപ കൊടുത്തു കഴിഞ്ഞ ആഴ്ച വാങ്ങിയ വി ഐ പി ഫ്രെഞ്ചി തന്നെ വേണ്ടി വന്നു. കമ്പനി സപ്ലൈ ചെയ്യുന്ന ജെട്ടി ആണേല്‍ പോകട്ടെ എന്ന് വെക്കാം . ഇതു പക്ഷെ കൈയ്യില്‍ നിന്നു പൈസ കൊടുത്തു വാങ്ങിയതാണ്. രാത്രി ഉറക്കത്തിനിടെ അലമാരയില്‍ നിന്നു അപശബ്ദം കേട്ടപ്പോഴേ കരുതിയതാണ് ഏതോ പെരുച്ചാഴി അകത്തു പ്രവേശിച്ചിട്ടുണ്ട് എന്ന്. മൂഷിക രാജന്റെ അടുത്ത ദിവസത്തെ ഇര ഭാര്യയുടെ ബ്രേസിയര്‍ ആയിരുന്നു. അടിവസ്ത്രങ്ങളോട് അടങ്ങാത്ത അഭിനിവേശത്തോടെ യമലോകം പൂകിയ ഏതോ അര കിറുക്കന്‍ എലി ജന്മം എടുത്തു അവതരിച്ചിരിക്കാനാണ് സാധ്യത. തീര്‍ച്ച. കമ്പ്യൂട്ടര്‍ മൗസ് കേബിള്‍ തിന്നപ്പോഴും വാഷിംഗ്‌ യന്ത്രത്തിന്റെ ഹോസ് കരണ്ടപ്പോഴും വിശപ്പടക്കാന്‍ പാടുപെടുന്ന ഒരു നികൃഷ്ട ജീവിയുടെ ഗതികേട് എന്ന് മാത്രമെ കരുതി ഉള്ളൂ. നികൃഷ്ട ജീവിയിലെ യഥാര്‍ത്ഥ വില്ലനെ തിരിച്ചറിഞ്ഞത് ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്നു നാല്‍പ്പത്തി ഒന്നു ദിവസം നീണ്ട വൃതം മുറിക്കാന്‍ ഒരുങ്ങോമ്പോള്‍ ആയിരുന്നു. അടുക്കളയിലെ സൈഡ് റാക്കില്‍ വെച്ചിരുന്ന ഹണി ബീ മുഴു കുപ്പി, അരകുപ്പി ആയി തീര്‍ന്നിരിക്കുന്നു! പ്ലാസ്റ്റിക് ബോട്ടില്‍ മേല്‍വശം സമര്‍ത്ഥമായി കാര്‍ന്നു സോഡയും അച്ചാറും ഇല്ലാതെ മൂഷിക പൂരുഷന്‍ (അതോ സ്ത്രീയോ!) കാര്യം സാധിച്ചിരിക്കയാണ്. ബീവരജെസ് കോര്പോരേഷന്റെ ഏതോ ശാഖയില്‍ റം കുടിച്ചു പൂസാവുന്ന എലി കളെ കുറിച്ചു ഈയിടെ ആണ് പത്രത്തില്‍ വായിച്ചതു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എലികളും മദ്യപാനം ആരംഭിച്ചിരിക്കുന്നു. കുടിച്ചു പാമ്പാകുന്ന മനുഷ്യ സമൂഹമേ ബീവെയര്‍ ഓഫ് യുവര്‍ ന്യൂ ഫാന്‍ഗില്‍ഡ് എനിമീസ്!

കള്ള് കട്ട് കുടിക്കുന്ന ഈ പുത്തന്‍ കുരിശിനെ എങ്ങനെ ഒഴിവാക്കണം എന്നായി എന്റെ ചിന്ത. എലിവിഷം വെച്ചു കൊന്നാലോ? പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്ട്ടി ടു അനിമല്‍സ് ആക്റ്റ് 1960 പ്രകാരം മനേക ഗാന്ധി യുടെ അനുയായികള്‍ വല്ല കേസും കൊടുത്താല്‍ തെണ്ടിയത് തന്നെ. വര്ഷം മുഴുവന്‍ കന്നി മാസം ആഘോഷിക്കുന്ന തെരുവിലെ ചാവാലി പട്ടികള്‍ പി സി എ ആക്റ്റ് 1960 ന്റെ ബലത്തില്‍ സ്വൈര വിഹാരം നടത്തുന്നത് ആര്‍ക്കാണ് അറിയാത്തത്? അപ്പുറത്തെ വീട്ടിലെ പാണ്ടന്‍ പൂച്ചയുടെ സേവനം ഉപയോഗപ്പെടുത്തിയാലോ? അനുരണ്ജനത്തിന്റെ പാത ആണ് എപ്പോഴും നല്ലത്. എബ്രഹാം ലിങ്കണ്‍ ഡിസ്ട്രോയ്ട് ഹിസ്‌ എനിമീസ് ബൈ മേക്കിംഗ് ദേം ഹിസ്‌ ഫ്രന്റ്സ് . പത്താം ക്ലാസ്സില്‍ ബാലന്‍ മാഷ് പഠിപ്പിച്ചതാണ്. ഇവിടെയും അത് തന്നെ രക്ഷ. ചന്തയില്‍ പോയി വരുമ്പോള്‍ വീട്ടിലെ പുതിയ അതിഥി ക്ക് കുറച്ചു ഉണക്ക തേങ്ങ, ഉണക്ക മീന്‍ തുടങ്ങിയ ഐറ്റം വാങ്ങാന്‍ മറന്നില്ല. അന്ന് രാത്രി തേങ്ങ കഷണവും ഉണക്ക മീനും മാതൃഭൂമി പത്രത്തിന്റെ നനുത്ത താളുകളില്‍ വിരുന്നുകാരന്‌ അടുക്കള ഭാഗത്ത് വിതറിയ ശേഷം ആണ് ഉറങ്ങിയത്. ങ്ങൂ ഹൂം. മീനും തേങ്ങയും അതെ പടി അവശേഷിച്ചു. പകരം അടിവസ്ത്രം ഒന്നു കൂടി മാര്‍ജാര ശത്രുവിന്റെ മൃഷ്ടാന്ന ഭോജനമായി.

പിറ്റേന്ന് വൈകീട്ട് പതിവു പോലെ കുപ്പിയും ഗ്ലാസ്സുമായി സോഫയിലോട്ടു അമര്ന്നപ്പോഴാണ് അവന്‍ അടുക്കളയിലെ സിന്കിന് താഴെ ഉള്ള മാളത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ടത്. എഴുന്നു നില്ക്കുന്ന ചെവികള്‍. മദ്യത്തിന്റെ ഗന്ധം ആസ്വദിക്കുന്ന പോലെ മേല്പോട്ടും കീഴ്പോട്ടും ചലിക്കുന്ന നാസിക. കണ്ണുകളില്‍ നൂറ്റി പത്തു വാറ്റ് ബള്‍ബിന്റെ സ്വര്‍ണ തിളക്കം. വൈദ്യുത വിളക്കിന്റെ പ്രഭയില്‍ അവന്റെ ശരീരത്തിലെ കറുത്ത രോമങ്ങള്‍ ചെമ്പൊന്നിന്‍ നിറം പോലെ തിളങ്ങി. ഹണി ബീ യുടെ സുഗന്ധം അവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതെ. അവന്‍ എനിക്ക് കമ്പനി തരാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കയാണ്. കുപ്പിയുടെ അടപ്പില്‍ അവനും പകര്ന്നു ഒരു പത്തു മില്ലി. ചിയേര്‍സ് പറയുന്നതിന് മുന്പ് തന്നെ അവന്‍ രണ്ടു സിപ് അകത്താക്കി സോഡാ ഇല്ലാതെ, വെള്ളം ഇല്ലാതെ. ഗണപതി വാഹനം ടേസ്റ്റ് ചെയ്ത പാനീയത്തിന്റെ അവസാന പെഗ്ഗും മെല്ലെ മെല്ലെ നുകരവേ, എന്റെ ശരീരത്തിലെ രോമ കൂപങ്ങള്‍ വളര്ന്നു വലുതാക്കുന്നത് ഞാനറിഞ്ഞു. എന്റെ ചെവികള്‍ മൂഷിക സുഹൃത്തിന്റെ ചെവികള്‍ പോലെ ചുരുങ്ങി. മുഖം തീരെ ചെറുതാകുന്നു, നേര്ത്ത മീശ രോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നു, പുറകു വശത്ത് നീളത്തില്‍ വാല് പ്രത്യക്ഷപ്പെടുന്നു............ മ്യാവൂ........ അപ്പുറത്തെ വീട്ടിലെ പാണ്ടന്‍ പൂച്ചയുടെ ശബ്ദം! ഞാന്‍ അടുക്കളയിലെ സിന്കിന് താഴെ ഉള്ള മാളത്തില്‍ ഒളിച്ചു....

ബുധനാഴ്‌ച, നവംബർ 18, 2009

മരണ വാറണ്ട്

പാര്‍ടി ക്ലാസ്സ് കഴിയുമ്പോള്‍ സമയം രാത്രി എട്ടര. രാവിലെ തുടങ്ങിയ മഴ ആണ്. തുലാ വര്‍ഷം ആണത്രേ. തുലാവര്‍ഷം വൃശ്ചികത്തില്‍ പെയ്യുന്നു. തണുപ്പ് കാലത്ത് ചൂട്, ചൂടു കാലത്ത് തണുപ്പ്. പ്രകൃതിക്കും ഈയിടെ ആയി കൃത്യ നിഷ്ഠ തെറ്റുന്നു. കലികാലം. വിജനമായ റോഡ് ആയതിനാല്‍ പോലീസ് വരാന്‍ സാധ്യത ഇല്ല. നല്ല തണുപ്പും. ഒരു ഗോള്‍ഡ്‌ ഫ്ലൈക് സിഗരറ്റ് കൊളുത്തി വേഗത്തില്‍ നടന്നു. രണ്ടു പെഗ് അടിക്കാന്‍ എന്ത് കൊണ്ടും യോജിച്ച അന്തരീക്ഷം.സെക്രട്ടറിയോട് പറഞ്ഞതായിരുന്നു ഒരു ഏഴ് മണിക്കെങ്കിലും ക്ലാസ്സ് അവസാനിപ്പിക്കണം എന്ന്. ആഗോള പ്രശ്നങ്ങള്‍ ചര്ച്ച ചെയ്തു സമയം നീണ്ടു പോയി. ഇനി വീടെത്തി കുളിച്ചു രണ്ടെണ്ണം പിടിപ്പിച്ചു തലേന്ന് ഫ്രീസറില്‍ കയറ്റിയ ഭക്ഷണം ചൂടാക്കി കഴിക്കുംപോഴേക്കും പാതിരാത്രി ആവും എന്ന് തോന്നുന്നു. വീടിന്റെ പടി തുറന്നു കിടന്നിരുന്നു. രാവിലെ പോകുമ്പോള്‍ അടച്ചതായിരുന്നല്ലോ. ഇനി വല്ല കള്ളനും....? ആലോചിക്കാന്‍ സമയം കിട്ടിയില്ല. എന്നെ കണ്ടതും സിറ്റ് ഔട്ടില്‍ ഇരുന്നിരുന്ന അയാള്‍ എഴുന്നേറ്റു. കുറെ നേരം ഇരുന്നു മുഷിഞ്ഞു എന്ന് അയാളുടെ മുഖ ഭാവത്തില്‍ നിന്നും വ്യക്തം. "എവിടെ ആയിരുന്നു ഇതു വരെ ശ്രീമാന്‍? ഞങ്ങള്‍ എത്ര നേരം ആയി കത്ത് നില്ക്കുന്നു?" "ഞങ്ങളോ? അതെ. ഞാനും എന്റെ വാഹനവും. അയാളുടെ കൈയ്യിലെ നീളമുള്ള കയറും കാര്‍ പോര്ചിനു സമീപത്തു നിന്നിരുന്ന പോത്തിനെയും അപ്പോഴാണ്‌ ശ്രദ്ധിച്ചത്. "സംശയിക്കേണ്ട. ഞാന്‍ യമ കിങ്കരന്‍ ആണ്. യമന്‍ നേരിട്ടു വരേണ്ട കേസ് അല്ലാത്തതിനാല്‍ എന്നെയാണ് ഡെപ്യൂട്ട് ചെയ്തത്. ഹ ..ഹ . .. ഹ .. ...." അസ്ഥാനത്തുള്ള ചിരി ഒരു കൊല ചിരി ആയി തോന്നി. വീരപ്പനെ വെല്ലുന്ന മീശ, കുടവയര്‍, ദൃഡമായ പേശികളോട് കൂടിയ കൈത്തണ്ട. ചെമ്പരത്തി പൂവ് പോലെ തുടുത്ത കണ്ണുകള്‍. ആകെപ്പാടെ ഒരു ലെഷ്കര്‍ ഈ തോയിബ മോഡല്‍ ഭീകരന്‍. ഇയാള്‍ യമ കിങ്കരന്‍ എന്ന് ഏത് കൊച്ചു കുട്ടി പോലും പറയും. "അകത്തേക്ക് ഇരിക്കാം" . കാലന്‍ ആണേലും ആദിത്യ മര്യാദ മറക്കരുതല്ലോ. പോത്ത് അവിടെ തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തി യമ കിങ്കരന്‍ സ്വീകരണ മുറിയിലെ സോഫ യില്‍ ആസനസ്ഥനായി.


ധൃതിയില്‍ കുളിച്ചെന്നു വരുത്തി, ഡ്രസ്സ്‌ മാറി, താമസിച്ചതിനു ക്ഷമ ചോദിച്ചു കൊണ്ടു ഞാന്‍ യമ കിങ്കരന് എതിര്‍ ദിശയിലെ സോഫയില്‍ ഉപവിഷ്ടനായി. അലമാരയിലെ കുപ്പിയും രണ്ടു ഗ്ലാസും നേരത്തെ ടീ പോയില്‍ സ്ഥാനം പിടിച്ചിരുന്നു. ഒന്നു അകത്താക്കിയിട്ട് ആവാം ക്രോസ് വിസ്താരം. രണ്ടാമത്തെ ഗ്ലാസില്‍ മദ്യം ഒഴിക്കാന്‍ തുനിഞ്ഞപ്പോള്‍ യമ ദൂതന്‍ ഇടപെട്ടു: "ക്ഷമിക്കണം ഐ ആം ഓണ്‍ ഡ്യൂട്ടി. എന്റെ പെഗ് കരുതിക്കോളൂ. നമുക്കു പരലോകത്ത് പോയി വീശാം."


"നോക്കൂ മിസ്റ്റര്‍....... പെരെന്തെന്നാണ് പറഞ്ഞതു? " ഒരു സിപ് ഹണീ ബീ എടുത്തിട്ട് ആഗതനോട് chodichu. ഞങ്ങള്‍ ആര്ക്കും പേരില്ല. മാത്രവുമല്ല ഞങ്ങള്‍ പരലോകത്തെ സംഹാര ഡിപ്പാര്ട്ട്മെന്റിലെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ആണ്. ഞങ്ങള്ക്ക് പേരിനു പകരം നമ്പര്‍ ആണ് ഉള്ളത്. ഫോര്‍ ട്വന്റി ഈസ്‌ മൈ നമ്പര്‍"


"ഓക്കേ ചാര്‍ സൌ ബീസ്. എന്റെ മരണം ഇനിയും മുപ്പതു കൊല്ലം കഴിഞ്ഞ ശേഷം ആണെന്നാണല്ലോ പ്രശസ്ത ജ്യോതിഷികള്‍ പ്രവചിച്ചിരിക്കുന്നത്. ആറ്റുകാല്‍ രാധാകൃഷ്ണന് തെറ്റ് പറ്റാന്‍ വഴിയില്ല. കാല്ക്കുലെഷന്‍സ് ഓഫ് ചിത്ര ഗുപ്തന്‍ സീം ടു ഹാവ് ഗോണ്‍ അവ്രി"

" അസംഭവ്യം! ചിത്ര ഗുപ്തന് പാളിച്ച പറ്റുകയോ? " ചിത്ര ഗുപ്തനെ തരം താഴ്ത്തിയതില്‍ സബ് കോണ്ട്രാക്ടര്‍ യമ കിങ്കരന്റെ ഈര്‍ഷ്യ പുറത്തു വന്നു.

"ലുക്ക്‌ മിസ്റ്റര്‍ ചാര്‍ സൌ ബീസ്, എനിക്ക് ജീവിതം ആസ്വദിക്കണം, കഴിഞ്ഞ ആഴ്ച ആണ് പഴയ മാരുതി വിറ്റിട്ട് ഒരു പുതിയ ഐ ട്വന്റി ബുക്ക്‌ ചെയ്തത്. മോര്‍ ഫ്യൂസ് ബ്രാണ്ടി ഒരു കേസ് പൊട്ടിക്കാതെ കിടക്കുന്നു. എന്റെ പ്രണയം അതിന്റെ ഉച്ച സ്ഥയിലാണ്. ഈ മനോഹര ഭൂമി വിട്ടു വരാന്‍ എനിക്ക് തെല്ലും മനസ്സില്ല. യു കം ആഫ്റ്റെര്‍ ഫോര്ടി ഇയര്‍ "

"ക്ഷമിക്കണം ശ്രീമാന്‍, ഞങ്ങള്‍ യമലോകത്ത്‌ രണ്ടു നിയമങ്ങള്‍ ഇല്ല. മരണത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാണ്. ഞങ്ങള്ക്ക് ബേനസീര്‍ ഭൂട്ടോയും തിരുനെല്‍വേലിയിലെ ഗോവിന്ദന്‍ ചെട്ട്യാരും എല്ലാം സമം. നോ ഡിസ്ക്രിമിനേഷന്‍. ഈ പറഞ്ഞ ബ്രാണ്ടിയും കാറും പെണ്ണും ഒക്കെ അവിടെയും കിട്ടും, യു കം ഓണ്‍ യാര്ര്‍..." യമ കിങ്കരന്‍ കയറു വായുവില്‍ ചുഴറ്റി കൊണ്ടു എഴുന്നേറ്റു. അയാളുടെ മുഖം കൂടുതല്‍ ബീഭത്സം ആയതുപോലെ തോന്നി.
മരണ ഭയം ക്രമേണ എന്നെ പൊതിഞ്ഞു. ഉള്‍ക്കിടിലത്തോടെ ഞാന്‍ ചോദിച്ചു: എങ്ങനെ ആണ് എന്റെ മരണം?
ഹൃദയ സ്തംഭനം. മദ്യവും, മദിരാക്ഷിയും, മയക്കു മരുന്നുമായി ജീവിക്കുന്ന നിനക്കു തരുന്ന സ്വാഭാവിക അന്ത്യം.
"ഓക്കേ ചാര്‍ സൌ ബീസ്, ഈ കയറു കൊണ്ടു എന്ത് ചെയ്യാന്‍ പോകുന്നു?" മരണ സമയം നീട്ടി കിട്ടാനായി വെറുതെ ചോദിച്ചു.
ശ്രീമാന്റെ ദേഹി ബന്ധിച്ചു കൊണ്ടു പോയി ചിത്ര ഗുപ്തനെ ബോധ്യപ്പെടുത്തണം. അപ്പോഴേ ഞങ്ങളുടെ പെയ്മെന്റ് റിലീസ് ആകൂ. ദേഹത്തിലും ഇരട്ടി ഭാരം ആണ് ദേഹിക്ക്. അതിനാലാണ് യമന്‍ പോത്തിന്റെ പുറത്തു എഴുന്നള്ളുന്നത്. നോ മോര്‍ ആര്‍ഗ്യു മെന്റ്സ് ശ്രീമാന്‍. യുവര്‍ ടൈം ഈസ്‌ അപ്പ്‌. യമരാജ്‌ കീ ജയ്!"
തീവ്രമായ നെഞ്ച് വേദനയോടെ ഞാന്‍ നിലത്തു വീണു. ആത്മാവ് ദേഹം വിട്ടു മേല്പോട്ട് പോകുന്നു. യമ കിങ്കരന്‍ ആത്മാവിനെ വരിഞ്ഞു കെട്ടുന്നു. മഹിഷാ രൂടനായി മുകളിലേക്ക് .... മുകളിലേക്ക്....

തിങ്കളാഴ്‌ച, നവംബർ 09, 2009

കൃഷ്ണ സ്വാമി കഥ എഴുതുക ആണ്.

ഹണീ ബീ ബ്രാണ്ടി ഒരു സിപ്‌ നുണഞ്ഞു കൃഷ്ണ സ്വാമി ഒരു ഗോള്‍ഡ്‌ ഫ്ലൈക്‌ കിംഗ്‌ സൈസ് നു തീ കൊളുത്തി. ഇവിടെ ആണെങ്കില്‍ ആരുടെയും ശല്യം ഇല്ല, കഥ എഴുതാന്‍ പറ്റിയ ഒരു മൂഡ്‌ വരുവാന്‍ പതിവായി ഈ ബാറില്‍ ആണ് വരാറ്. നഗരത്തിലെ ആ പ്രമുഖ ബാറിലെ രണ്ടാമത്തെ നിലയിലെ, ജനലില്‍ കൂടി നോക്കിയാല്‍ പതഞ്ഞൊഴുകുന്ന നദി കാണാന്‍ സൌകര്യം ഉള്ള, മുറി. അയാള്‍ എഴുതുന്ന സമാഹാരത്തിലെ പത്താമത്തെ കഥ എഴുതാന്‍ ആണ് അവിടെ എത്തിയത്. ഏകദേശം അര കുപ്പി തീരോമ്പോഴേക്കും കഥയുടെ ക്ലൈമാക്സ്‌ ഭാഗത്തേക്ക് എത്തിയിരിക്കും. കഥയ്ക്ക് കൊടുക്കേണ്ട പേരും കഥാ സമാഹാരത്തിനു കൊടുക്കേണ്ട ടൈറ്റിലും പലവട്ടം ആലോചിച്ചു. യോജിച്ച പേരൊന്നും മനസ്സില്‍ വരുന്നില്ല. കഥ എഴുതി തീരട്ടെ, അതിന് ശേഷം ആകാം നാമ കരണം. കൃഷ്ണ സ്വാമി ഒരു സിപ്‌ മദ്യം കൂടി അകത്താക്കി. എഴുത്ത് ആരംഭിച്ചു....

ചെട്ടിനാട് സിമെന്റിന്റെ സൌത്തിലെ മൊത്ത വ്യാപാരി ആയിരുന്നു മത്തായി കുഞ്ഞ്. നാല് നിലയുള്ള കൂറ്റന്‍ കെട്ടിടം, താഴെ വിശാലമായ എ സി ഓഫീസ്, ഓഫീസ് മേല്നോട്ടകാരന്‍ രാജപ്പന്‍, പിന്നെ നൂറോളം ജീവനക്കാര്‍, ഇരുപതോളം ലോറി, ഇന്നോവ കാര്‍ രണ്ട്‌, തടിച്ചു കൊഴുത്ത ഭാര്യ ഒന്ന്, സുന്ദരികളായ പെണ്മക്കള്‍ മൂന്ന്‌.... ധനികനും സ്ഥലത്തെ പ്രമാണിയുമായ മത്തായി കുഞ്ഞിന്റെ കഥ ഇവിടെ തുടങ്ങുന്നു...

ടാക്സി ഡ്രൈവര്‍ ആയിട്ടായിരുന്നു മത്തായി കുഞ്ഞിന്റെ ജീവിതം ആരംഭിക്കുന്നത്. കൊച്ചു ത്രേസ്യ യുടെ വരവോടെ മത്തായി കുഞ്ഞിന്റെ ജീവിതത്തിലെ ശുക്ര ദശ തെളിയുന്നു. സ്വന്തം ആയി ഒരു കാറ്‌ വാങ്ങുന്നു. നിര്‍മാണ മേഖലയില്‍ ലോറിയുടെ പ്രാധാന്യം മനസ്സിലാക്കി അടുത്തതായി ഒരു ലോറി വാങ്ങുന്നു. വരുമാനം വര്‍ധിക്കുന്നതോടെ ലോറിയുടെ എണ്ണം കൂടുന്നു. കൊച്ചു ത്രേസ്യ എന്ന പട്ട മഹിഷിയുടെ വരവ് മത്തായി കുഞ്ഞിന്റെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റി മറിച്ചു. നിര്‍മാണ മേഖലയില്‍ സിമെന്റ് എന്ന വസ്തുവിന്റെ പ്രാധാന്യം മത്തായി കുഞ്ഞ് മനസ്സിലാക്കുന്നു. ചെട്ടിനാട് സിമെന്റ് കമ്പനിയുമായി കരാര്‍ ഒപ്പിടാന്‍ അധിക സമയം വേണ്ടി വന്നില്ല. സിമെന്റ് കച്ചവടം പൊടി പൊടിച്ചു. ലോറികളുടെ എണ്ണം, ഗോ ഡൌണ്‍ കളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം എല്ലാം കൂടി കൊണ്ടേ ഇരുന്നു. പ്രാപ്തനും, സുമുഖനുമായ രാജപ്പന്റെ മേല്‍നോട്ടത്തില്‍ മത്തായി കുഞ്ഞിന്റെ ചെട്ടിനാട് സിമെന്റ് ഓഫീസ് സമുച്ചയം വലിയ ഒരു സംഭവമായി നില കൊണ്ടു.

ഇതില്‍ എന്താണിത്ര പ്രത്യേകത? കൃഷ്ണ സ്വാമി സ്വയം ചോദിച്ചു. എത്ര എത്ര സ്ഥാ‍പനങ്ങള്‍ ഈ ഭൂമി മലയാളത്തില്‍ ഇതിലും പ്രൌഡിയോടെ തല ഉയര്ത്തി നില്ക്കുന്നു. കഥയുടെ രണ്ടാം ഘട്ടത്തിലേക്ക് കൃഷ്ണ സ്വാമി കടന്നു....

സുന്ദരിയും സുഭഗയും ആയിരുന്നു മത്തായികുഞ്ഞിന്റെ മൂന്നാമത്തെ മകള്‍ സാറ. വെളുത്തു തടിച്ച ശരീരവും മുട്ടറ്റം വരെ മുടിയും കൈകളില്‍ സ്വര്‍ണ നിറത്തില്‍ നനുത്ത രോമവും ഉള്ള ഒരു നാടന്‍ സൌന്ദര്യ ശില്‍പം. സുന്ദരനും വാക് ചാതുര്യം കൈ മുതല്‍ ആയുള്ളവനും ആയ രാജപ്പനില്‍ അനുരക്ത ആവാന്‍ അവള്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഓഫീസില്‍ ബദ്ധ ശ്രദ്ധനായി അച്ചായന്റെ ബിസിനസ്സില്‍ മാത്രം തല്പ്പരനായി ചുറു ചുറു ക്കോടെ ജോലി നോക്കിയിരുന്ന രാജപ്പന്‍ ക്രമേണ "ഊണിന്നു ആസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതായി" മോഡിലേക്ക് ഗതി മാറാന്‍ കുറച്ചു സമയം മാത്രമെ വേണ്ടി വന്നുള്ളൂ. ഇനി എല്ലാ കഥയിലെയും പോലെ തന്നെ വില്ലന്റെ വരവാണ്. വില്ലന്‍ സാക്ഷാല്‍ മത്തായി കുഞ്ഞ് തന്നെ. സാമം, ദാനം, ഭേദം, ദണ്ഡം അവസാനം ക്വൊട്ടെഷന്‍. ഒരു ഇരുട്ടിന്റെ മറവില്‍ കൊട്ടേഷന്‍ സംഘവും ആയുള്ള ഏറ്റുമുട്ടലില്‍ രാജപ്പന്‍ യമരാജ പുരംപൂകിയതായി വാര്ത്താ പരക്കുന്നു. സാറ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുന്നു. സീതാന്വേഷണം ഏറ്റെടുത്ത വാനര വീരരെ പോലെ സാറ - അന്വേഷണം നടത്തിയ മത്തായി കിങ്കരന്മാര്‍ നിരാശരായി മടങ്ങുന്നു. മത്തായി കുഞ്ഞ് മാനസിക പീഡ അകറ്റുവാന്‍ മദ്യത്തെ ശരണം പ്രാപിക്കുന്നു.

വര്‍ഷങ്ങള്‍ കടന്നു പോയി. മദ്യപാനം, ആഗോള സാമ്പത്തിക മാന്ദ്യം, മനപ്രയാസം..... മത്തായി കുഞ്ഞ് എന്ന ബിസിനസ്സ് ടൈക്കൂണ്‍ ഒരു ടാക്സി ഡ്രൈവര്‍ റോളിലേക്ക് മാറാന്‍ കാലം അനുവദിച്ച സമയം പരിമിതം ആയിരുന്നു. ഹൈ ഫൈ ട്രാവെല്‍സ്‌ പ്ളകാര്ഡ് ഉയര്ത്തി പിടിച്ചു തിരുവനന്ത പുറം അന്ത രാഷ്ട്ര വിമാനത്താവളത്തിലെ കൌണ്ടറില്‍ താടിയും തലയും നരച്ച ഡ്രൈവര്‍ മത്തായി കുഞ്ഞ് നിന്നു. ചെട്ടിനാട് സിമെന്റിന്റെ സൌത്ത് ഇന്ത്യയിലെ കുത്തക വ്യാപാരിയും പ്രമുഖ വ്യവസായ പ്രമുഖനും ആയ രാജ്കുമാര്‍ പത്നീ സാറയോട് ഒപ്പം ഒരു അന്താരാഷ്ട്ര സിംപോ സിയത്തില്‍ പങ്കെടുത്തു മടങ്ങി വരിക ആണ്. ലഗ്ഗേജ് കളക്റ്റ്‌ ചെയ്തു പുറത്തേക്ക് ഇറങ്ങവേ രാജ്കുമാറിന്റെ മനോഹരമായ മൊബൈല്‍ ശബ്ദിച്ചു. " സാര്‍ ദിസ്‌ ഈസ്‌ ഫ്രം ഹൈ ഫൈ ട്രാവെല്‍സ്‌. ഔര്‍ ഡ്രൈവര്‍ വില്‍ ബി രിസീവിംഗ് യു അറ്റ്‌ ദി എന്ട്രന്‍സ്. ആന്‍ ഓള്‍ഡ്‌ മാന്‍ വിത്ത്‌ എ പ്ലക്കാര്ട്. താങ്ക് യു സാര്‍."

ശീതീകരിച്ച ഇന്നോവ കാറിലെ പിന്‍ സീറ്റില്‍ ഇരുന്നു സാറയുടെ തോളില്‍ തല ചായ്ച്ചു രാജപ്പന്‍ പതുക്കെ പറഞ്ഞു: ദിസ്‌ ഓള്‍ഡ്‌ മാന്‍ ലൂക്സ് ലൈക്‌ മത്തായി കുഞ്ഞ്, യുവര്‍ സ്റ്റുപിഡ് പപ്പാ........ നോക്കൂ സാറ.
" മേ ബീ ഓര്‍ മേ നോട് ബീ. ഹൂ കെയെര്‍സ് രാജ്..."
കഥ പൂര്‍ത്തിയാക്കി കൃഷ്ണ സ്വാമി അവസാനത്തെ പെഗും ഗ്ലാസിലേക്ക് പകര്‍ത്തി. പതിവു തെറ്റിയില്ല. അരകുപ്പി ഹണി ബീ സമം ഒരു കഥ. കഥാ സമാഹാരത്തിനു ദശ പുഷ്പം എന്ന പേരു നല്കി. ഗ്ലാസ്‌ കാലിയാക്കി.

"......സാല ഭംജികകള്‍ കൈകളില്‍ കുസുമ താലമേന്തി വരവേല്‍ക്കും
പഞ്ച ലോഹ മണി മന്ദിരങ്ങളില്‍ മന്‍ വിളക്കുകള്‍ പൂക്കും......"
ഗാന ഗന്ധര്‍വ്വന്റെ സ്വര മാധുരിയില്‍ തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൌണ്‍ ഹാളിലെ വിശിഷ്ട സദസ്സ് ലയിച്ചിരുന്നു . മുപ്പത്തി നാലാമത് വയലാര്‍ അവാര്‍ഡ്‌ ദാന ചടങ്ങ് ആണ് രംഗം. പ്രശസ്ത കഥാകൃത്ത് കൃഷ്ണ സ്വാമി യുടെ ദശ പുഷ്പം എന്ന കഥാ സമാഹാരത്തിനു ആണ് ഈ വര്ഷത്തെ വയലാര്‍ അവാര്‍ഡ്‌. മലയാള സാഹിത്യത്തിലെ അഭിമാന സ്തംപങ്ങളായ പ്രൊഫസര്‍ ഓ എന്‍ വി കുറുപ്പിന്റെയും പ്രൊഫസര്‍ എം കെ സാനുവിന്റെയും മധ്യത്തില്‍ ദശപുഷ്പത്തിന്റെ കഥാകൃത്ത്‌ ഇരുന്നു. കൃഷ്ണ സ്വാമിയുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ നിമിഷം ആയിരുന്നു അത്. അധ്യക്ഷന്‍ കൃഷ്ണ സ്വാമിയുടെ കഥാ പ്രപഞ്ചത്തെ പ്രശംസ കൊണ്ടു മൂടുകയാണ് : എം ടി ക്കും, പദ്മനാഭനും തകഴിക്കും മാധവി കുട്ടിക്കും ശേഷം ഇത്രയും തീവ്രമായ ഭാഷയില്‍ കഥകള്‍ എഴുതിയ കലാകാരന്‍മാര്‍ വളരെ കുറവാണ്. ജീവിത ഗന്ധിയും ഹൃദയ ഹാരിയുമായ കൃഷ്ണസ്വാമിയുടെ ദശപുഷ്പത്തിലെ പത്തു കഥകളും കഥാ സരില് സാഗരത്തിലെ മണി മുത്തുകളാണ്. പ്രതിഭാധനനായ മഹാകവി വയലാര്‍ രാമ വര്‍മയുടെ പേരില്‍ നല്കുന്ന മുപ്പത്തി നാലാമത്തെ അവാര്‍ഡിന് കൃഷ്ണ സ്വാമിയുടെ ദശപുശ്പത്തെ അവാര്‍ഡ്‌ കമ്മിറ്റി ഏക കണ്ടമായി അന്ഗീകരികുക ആയിരുന്നു. ഈ മഹത്തായ അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നതിനായി കഥാകൃത്ത്‌ കൃഷ്ണ സ്വാമിയേ ഞാന്‍ ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു...... വി ജെ ടി ഹാളിലെ നിറഞ്ഞു കവിഞ്ഞ സഹൃദയ സദസ്സ് കരഘോഷത്തോടെ കൃഷ്ണ സ്വാമിയേ വരവേറ്റു.....
..... സാര്‍, സമയം ഒന്‍പതര കഴിഞ്ഞു . ബാര്‍ അടയ്ക്കാന്‍ നേരമായി. എത്ര നേരമായി ഞാന്‍ കതകില്‍ തട്ടുന്നു.. സാഹിത്യ കൃതികളോട് സ്വല്‍പ്പം താല്‍പ്പര്യം ഉള്ള ബാര്‍ മാന്‍ കൃഷ്ണ സ്വാമിയേ കുലുക്കി വിളിച്ചു.
"ഓ, ക്ഷമിക്കണം, ഞാന്‍ അല്‍പ്പം മയങ്ങി പോയി... എനിക്ക് ഒരു ലാര്‍ജ് കൂടി ഒഴിച്ച് നീ ബില്‍ കൊണ്ടു വരിക. ഞാന്‍ ഇറങ്ങുക ആയി. കൃഷ്ണ സ്വാമി ഒരു ഗോള്‍ഡ്‌ ഫ്ലൈക്‌ നു കൂടി തീ കൊളുത്തി...

ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009

മഹാലക്ഷ്മി


അമൃത എക്സ്പ്രസ്സിലെ S-4 ബോഗിയില്‍, അവധി ദിവസം അല്ലാത്തതിനാല്‍ ആവണം, തിരക്ക് താരതമ്യേന കുറവായിരുന്നു. മോര്‍ ഫ്യൂസ് ബ്രാണ്ടിയുടെ 180 ml ലഹരിയില്‍ സൈഡ് ലോവര്‍ ബെര്‍ത്തില്‍, ലൈറ്റ് അണച്ച്, സുഖ സുഷുപ്തിക്കുള്ള ഒരുക്കം കൂട്ടുമ്പോള്‍ ആണ് ആ യുവതിയും ഒരു മധ്യ വയസ്കനും കയറി വന്നത്. മുഷിഞ്ഞ സാരിയും സാരിക്ക് യോജിക്കാത്ത ബ്ലൌസും ധരിച്ച ആ യുവതി അണിഞ്ഞ കട്ടിയുള്ള കണ്ണട ആ മുഖത്തിന്‌ ഒട്ടും യോജിച്ചത് ആയിരുന്നില്ല. തോളില്‍ തൂക്കിയ ഭാരമുള്ള എയര്‍ ബാഗ് സീറ്റിന്റെ അടിയിലെക്കിട്ടു അവള്‍ ആ മധ്യ വയസ്കനെ എന്റെ സീറ്റില്‍ ഇരുത്തി. സുഖ നിദ്രക്കു ഭംഗം വരുത്തിയതിലുള്ള നീരസം ഞാന്‍ പ്രകടം ആക്കും മുന്പേ പതിഞ്ഞ ശബ്ദത്തില്‍ ആ യുവതി പറഞ്ഞു: ക്ഷമിക്കണം സാര്‍, വിരോധമില്ലെങ്കില്‍ സാറീ മുകളിലെ ബെര്‍ത്തില്‍ കിടക്കാമോ. അദ്ദേഹം ഒരു രോഗിയാണ്. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടാണ്." എവിടെയോ കേട്ടുമറന്ന ശബ്ദം. അവളുടെ മുഖം വ്യക്തമായി കാണാനായി ഓഫ്‌ ചെയ്ത ലൈറ്റ് ഓണ്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി. ഈശ്വരാ! ബി എസ്സി ക്ക് ഒന്നിച്ചു പഠിച്ച മഹാലക്ഷ്മി ! കോളേജിലെ കലാ പ്രതിഭ, കോളേജു കുമാരന്മാരുടെ സ്വപ്ന റാണി ആയി വിലസിയ വര വര്‍ണിനി! സൌന്ദര്യത്തിനു ഇങ്ങനെയും ഒരു രൂപാന്തരമോ, അവിശ്വസനീയം. "മഹാലക്ഷ്മി.... ബീ എസ്സിക്ക് വിക്ടോറിയയില്‍ പഠിച്ച......? ഗോപന്‍. അവള്‍ എന്നെയും തിരിച്ചറിഞ്ഞിരിക്കുന്നു. മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ അവള്‍ പാടു പെടുന്നതുപോലെ. ഇതു മോഹന്‍. എന്റെ ഭര്ത്താവ്. ഒരു വര്ഷമായി ചികിത്സയിലാണ്. ഹി ഈസ്‌ എ കാന്‍സര്‍ പേഷ്യന്റ്. വിദൂരതയിലേക്ക് ദൃഷ്ടികള്‍ ഊന്നി നിര്‍വ്വികരാനായി ഇരുന്ന അയാളുടെ തണുത്ത ശോഷിച്ച കൈകള്‍ പിടിച്ചു കുലുക്കുമ്പോള്‍ അയാളുടെ നിസ്സംഗത ഭാവം മഹാലക്ഷ്മി കണ്ടില്ലെന്നു നടിച്ചു. എന്റെ ബെര്‍ത്തില്‍ കിടത്തി അയാള്ക്ക് കമ്പിളി പുതപ്പിച്ച ശേഷം മഹാലക്ഷ്മി പറഞ്ഞു: ആര്‍ സി സി യിലാണ് ട്രീട്മെന്റ്റ്. റേഡിയേഷന്‍ തെറാപി. മാസത്തില്‍ നാലഞ്ച്‌ തവണ വന്നു പോകും. കടുത്ത ക്ഷീണവും അസഹനീയമായ വേദനയും. ആവോളം അനുഭവിച്ചു. അയാളുടെ മുടി കൊഴിഞ്ഞ ശിരസ്സില്‍ അവള്‍ സ്നേഹത്തോടെ തടവി. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഹോണ്‍ മുഴക്കി ഏതോ ഒരു സൂപ്പര്‍ ഫാസ്റ്റ് കടന്നു പോയി. ചില്ല് ജാലകം താഴ്ത്തി സാരികൊണ്ടു തല മൂടി വിഷാദ മൂകയായി മഹാലക്ഷ്മി ഭര്‍ത്താവിന്റെ സമീപം ഇരുന്നു....

"നമസ്തേ ഗരുടാ രൂടെ, കോലാസുര ഭയങ്കരീ... സര്‍വ്വ പാപ ഹരേ ദേവി... മഹാലക്ഷ്മീ നമോസ്തുതേ... " കൂപ്പു കൈകളോടെ മുന്നില്‍ നില്ക്കുന്ന ഭക്തനെ കണ്ടപ്പോള്‍ അവള്‍ ഒന്നംബരക്കാതിരുന്നില്ല. ഞാന്‍ ഗോപന്‍, ഗോപകുമാര്‍. ദേവിയുടെ ക്ലാസ്സില്‍ പഠിക്കാന്‍ ‍അടിയനും ഭാഗ്യം ലഭിച്ചിരിക്കുന്നു. അനുഗ്രഹിക്കൂ അമ്മേ മഹാമായേ! "

" നോം സന്തുഷ്ട ആയിരിക്കുന്നൂ വല്‍സാ.... എന്ത് വരമാണ് വേണ്ടത് ? ചോദിച്ചു കൊള്ളുക...!" പൊട്ടിച്ചിരിയോടെ അവള്‍ പറഞ്ഞു. നര്‍മ ബോധത്തില്‍ അവളും ഒട്ടും പിറകില്‍ ആയിരുന്നില്ലല്ലോ. ചിരിക്കുമ്പോള്‍ തെളിയുന്ന നുണകുഴിയും ചുവന്നു തുടുത്ത കപോലങ്ങളും കലമാന്‍ മിഴികളും മഹാലക്ഷ്മിയുടെ മനോഹാരിത വര്ധിപിചതെ ഉള്ളൂ. കലാ- സാംസ്‌കാരിക പരിപാടികളിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും അസൂയാവഹമായ സുഹൃത്ത് വലയവും മഹാലക്ഷ്മിയെ അധ്യാപക - വിദ്യാര്‍ത്ഥികളുടെ രോമാഞ്ചം ആയി മാറ്റാന്‍ അധിക സമയം വേണ്ടി വന്നില്ല.
ലോക പുകയില വിരുദ്ധ ദിനം. കോളേജ് ചെയര്‍ പേര്‍സണ്‍ മഹാലക്ഷ്മി സ്റ്റേജില്‍ കത്തി കയറുകയാണ്. ....... ..........." മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എതിരെ ഉയര്ന്നു വന്ന ഈ കൂട്ടായ്മയില്‍ ഈ വിഷങ്ങള്‍ സമൂഹത്തില്‍ വരുത്തിവെക്കുന്ന വിനാശങ്ങളെ നമുക്കു പൊതു ജന മധ്യത്തില്‍ തുറന്നു കാട്ടാം. ആരോഗ്യമുള്ള ഒരു ജനതയുടെ ഹൃദയത്തെ, കരളിനെ, ശ്വാസ കോശങ്ങളെ കാര്‍ന്നു തിന്നുന്ന ഈ മഹാവിപത്തുക്കളെ ഉന്മൂലനം ചെയ്യാനുള്ള പ്രയാണത്തില്‍ എന്റെ സ്നേഹ നിധികളായ സതീര്ത്യരെ നമുക്കു കൈകൊര്‍ക്കം.......... തോഴരേ... നിങ്ങള്ക്ക് മംഗളം!

തീവണ്ടി കായംകുളം ജങ്ങ്ഷന്‍ പിന്നിടുമ്പോള്‍ സമയം രാത്രി ഒന്ന്. "ഉറങ്ങാന്‍ സമയം ആയില്ലെ മഹാലക്ഷ്മി. സമയം ഒന്ന് കഴിഞ്ഞു ." ഉറക്കം എല്ലാം പോയിട്ട് മാസങ്ങളായി ഗോപന്‍. ഗോപന്‍ കിടന്നോളൂ. ഞാന്‍ ഇങ്ങനെ ഒക്കെ തന്നെ. ബൈ ദി ബൈ ഗോപന്‍ കല്യാണം കഴിച്ചോ ....?
"നോക്കുന്നുണ്ട്". രണ്ടു കൊച്ചുങ്ങളും ഒരു ഭാര്യയും ആയി സുഖ ജീവിതം നയിക്കുന്നു എന്ന് ആ സമയത്തു അവളോട്‌ പറയാന്‍ തോന്നിയില്ല.
അഞ്ചു മുപ്പതിന് വണ്ടി തൃശ്ശൂരില്‍ എത്തി. മോഹനനെ കൈ പിടിച്ചു ഇറക്കവേ അവള്‍ ചോദിച്ചു: ഗോപന്‍ ഇറങ്ങുന്നില്ലേ? അടുത്ത സ്റ്റോപ്പ്‌ , ഷോര്‍ണൂര്‍.
ശരി ഗോപന്‍, ഇനി വല്ലപ്പോഴും ഒക്കെ കാണാം. ഗോപന് എല്ലാ മംഗളങ്ങളും! മുഖത്ത് ഒരു ചിരി വരുത്താന്‍ മഹാലക്ഷ്മി ബുദ്ധിമുട്ടി. അവളുടെ ഒട്ടിയ കവിളില്‍ നുണ കുഴി തെളിഞ്ഞു......