തിങ്കളാഴ്‌ച, ഡിസംബർ 29, 2008

രണ്ടായിരത്തി എട്ട് - ഒരു തിരിഞ്ഞു നോട്ടം.




സാധാരണക്കാരന്‍റെ "സ്വന്തമായൊരു കാറ്" എന്ന സ്വപ്നം സാക്ഷാല്‍ക്കരിയ്ക്കുവാനായി, രത്തന്‍ ടാറ്റ എന്ന വ്യവസായ രാജാവ് രണ്ടായിരത്തി എട്ടു ജനുവരിയില്‍, കൊട്ടും കുരവയോടും തുടങ്ങിയ "നാനോ" പ്രൊജക്റ്റ്‌ എന്ന പളുങ്ക് പാത്രം, രാഷ്ട്രീയ മേലാളന്മാരുടെ ഇച്ഛാശക്തിയ്ക്ക് മുമ്പില്‍ വീണു ഉടയുന്നതിനു ഈ വര്‍ഷം മൂക സാക്ഷി ആയി. നാടിന്‍റെ അഭിവൃദ്ധിയ്ക്ക് വിദേശ മൂലധനം അത്യാവശ്യമാണെന്നും സോഷ്യലിസം ഇന്ത്യന്‍ ചുറ്റുപാടില്‍ സാധ്യമല്ലെന്നും ഉള്ള വിപ്ലവാച്ചര്യന് സ: ജ്യോതി ബസുവിന്‍റെ വെളിപ്പെടുത്തല്‍, പുതു വര്‍ഷ പുലരിയിലെ പ്രധാന വാര്‍ത്ത‍ ആയിരുന്നു. പാവപ്പെട്ടവനെ ചവിട്ടി മെതിച്ചുകൊണ്ടുള്ള വികസന കാഴ്ച്ചപാടിനെതിരെ ബംഗാളി സാഹിത്യകാരി മഹേശ്വതാ ദേവി സംസാരിച്ചതും കേരളത്തിലെ സാംസ്കാരിക നായകര്‍ക്കെതിരെ രോഷം കൊണ്ടതും, സുകുമാര്‍ അഴിക്കോട് "സംസ്കാര സാഹിതി" യുടെ പുരസ്കാരം തമസ്കരിച്ചതും രണ്ടായിരത്തി എട്ടിലെ ചരിത്രമായി.


ഏറ്റവും കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളം ആണെന്നുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ യുടെ റിപ്പോര്‍ട്ടിന് സാക്ഷി പത്രം എന്നോണം, കണ്നുരിലും കൊടുങ്ങല്ലൂരിലും ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ സാക്ഷര കേരളത്തിന്‍റെ യശസ്സിനു ഒട്ടൊന്നുമല്ല കളങ്കം ചാര്‍ത്തിയത്.


സങ്കുചിത ജാതി-മത ചട്ടകൂട്ടില്‍ നിന്നും വിഭിന്നമായി ചിന്തിയ്ക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌, പരിഷ്കൃത പഠന രീതി അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു സര്‍ക്കാരിനെ പ്രതി കൂട്ടില്‍ കയറ്റി, "ജീവനില്ലാത്ത മതം" ഉണ്ടാക്കാന്‍ ക്രൈസ്തവ സഭയും പ്രതിപക്ഷ സമൂഹവും ഒത്തു ചേര്ന്നു, തെരുവില്‍ കാഹളം മുഴക്കിയതും നമ്മള്‍ ഈ വര്‍ഷം കണ്ടു. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമായ വിദ്യാഭ്യാസ മേഖല പരിഷ്കരിയ്ക്കാനായി, സര്‍ക്കാര്‍ കൊണ്ടു വന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പ്രബലമായ സഭയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ ഫലം കാണാതെ പോയി. സിസ്റ്റര്‍ അഭയ വധ കേസില്‍, കന്യാസ്ത്രീകളുടെ പ്രായത്തെ സംബന്ധിച്ച് വനിതാ കമ്മീഷന്‍ നടത്തിയ പരാമര്‍ശത്തില്‍, സഭ സ്വീകരിച്ച നിലപാട്, ഇതു വരെ പരിപാവനമെന്നു ശുദ്ധ മനസ്കര്‍ കരുതിയിരുന്ന വിശ്വാസ പ്രമാണങ്ങളെ തുരങ്കം വെയ്ക്കുന്നവ ആയിരുന്നു. ക്ലസ്റ്റെര്‍ പരിശീലനവുമായി ബന്ധപ്പെട്ട് ഉണ്ടായ കശപിശയില്‍ ഒരു സ്കൂള്‍ ഹെഡ് മാസ്റ്റര്‍ നരാധമന്‍ മാരാല്‍ നിഷ്കരുണം വധിയ്ക്കപ്പെട്ടതും രണ്ടായിരത്തി എട്ടിലെ കറുത്ത ഏടായി അവശേഷിയ്ക്കുന്നു.


പി കൃഷ്ണപിള്ളയുടെയും എകെ ജിയുടെയും ഇ എം എസ്സിന്റേയും അനുയായികളുടെ കൈകളില്‍, പാവപ്പെട്ടവന്‍റെ ആശാകേന്ദ്രമായി വര്‍ത്തിച്ച വിപ്ലവ പാര്‍ട്ടി, ഗ്രൂപ്പുകളിയുടെ കൂത്തരങ്ങായി അധപ്പതിച്ചതും കേരളം കണ്ടറിഞ്ഞു. റിയല്‍ എസ്റ്റേറ്റ്‌ - ഭൂ ഉടമകള്‍ക്കെതിരെ സത്യസന്ധമായി പട നയിച്ച ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ഗ്രൂപ്പ് കളി യ്ക്ക് ബലിയാട് ആയതിനും കേരള ജനത നിര്‍ലജ്ജം സാക്ഷ്യം വഹിച്ചു.


നീതി നിഷേധത്തിന്റെയും പട്ടിണിയുടെയും ഉപോല്‍പ്പന്നമായ തീവ്ര വാദം കേരളത്തിലും വേര് പിടിയ്ക്കുന്നു എന്ന് ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കി. ഒമ്പത്/പതിനൊന്നിന്റെ രണ്ടാം ഭാഗം ഇരുപത്തി ആറ്/പതിനൊന്നിനു മുംബൈ താജ് ഹോട്ടല്‍ കേന്ദ്രമാക്കി അരങ്ങേറിയപ്പോള്‍ അതിര്‍ത്തി കടന്നുള്ള ഭീകര ആക്രമണങ്ങളുടെ തീവ്രത നമ്മള്‍ നേരിട്ടനുഭവിച്ചു. ഭീകരരെ സ്വന്തം ജീവന്‍ ത്യജിച്ചു തുരത്തിയ ധീരന്മാരേ നമ്മള്‍ ശ്വാന പ്രയോഗം നടത്തി അനുമോദിച്ചു/അവഹേളിച്ചു.


ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആഗോള ഒറ്റപെടലില്‍ നിന്നും കരകയറ്റാനായി പ്രധാന മന്ത്രി അമേരിയ്ക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ രണ്ടായിരത്തി എട്ടില്‍ നിറഞ്ഞു നിന്ന വാര്ത്ത ആയിരുന്നു. സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരത്തിലെര്‍പ്പെട്ട ഇടതു പക്ഷം തങ്ങളുടെ "ചരിത്രപരമായ അബദ്ധം" പിന്തുണ പിന്‍ വലിച്ചതിലൂടെ ആവര്‍ത്തിച്ചു. കേന്ദ്ര വിരുദ്ധ സമരം മറന്നു പോയ സംസ്ഥാന ഭരണ നേതൃത്വം പെട്ടെന്നൊരു സുപ്രഭാതത്തില്‍ പാര്‍ലിമെന്റിനു മുമ്പില്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ടിച്ചു ഗാന്ധിയന്‍ സമരങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു.


ഐ എസ്ആര്‍ ഓ യുടെ വിജയകരമായ ചന്ദ്രയാന്‍ ദൌത്യം, ബിജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര നേടിയ വിജയം, അമേരിയ്ക്കയില്‍ ബാരക്ക് ഒബാമ ഹുസൈന്‍ നേടിയ ഐതിഹാസിക വിജയം ഇവയ്ക്കൊപ്പം ഇറാഖ‌ില്‍ പര്യടനത്തിനിടയില്‍ ജോര്‍ജ് ബുഷ് ഏറ്റു വാങ്ങിയ പാദുകവര്‍ഷവും രണ്ടായിരത്തി എട്ടിനെ അവിസ്മരണീയമാക്കി.


പദ്മ ശ്രീ ഭരത് മോഹന്‍ലാല്‍ ലെഫ്ടനെന്റ്റ് കേണല്‍ ആയതും പദ്മശ്രീ ഭരത് മമ്മൂട്ടി അഡ്വക്കേറ്റ് ഡോക്ടര്‍ മേജര്‍ ജനറല്‍ ആകാതിരുന്നതും രണ്ടായിരത്തി എട്ടിലെ തമാശ മാത്രം. സന്തോഷ് മാധവന്മാരുടെയും ഹിമവല്‍ ഭദ്ര ആനന്ദന്‍ മാരുടെയും വിശ്വ ചൈതന്യ ആനന്ദന്മാരുടെയും മായാ ലീലാ വിലാസങ്ങളില്‍ ആകൃഷ്ടരായ ഒട്ടേറെ ലോല ഹൃദയരായ നാരീ ജനങ്ങളുടെ പീഡന ത്തിന്റെ ചരിത്രം കൂടി രണ്ടായിരത്തി എട്ടിന് അവകാശപെട്ടതാണ്. "യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവത" (സ്ത്രീകള്‍ എവിടെയെല്ലാം പൂജിയ്ക്കപ്പെടുന്നുവോ, അവിടെ ദൈവം കുടി കൊള്ളുന്നു.).


എവിടെ സ്ത്രീ കൂടുതലായി പീഡനത്തിനു വിധേയ ആകുന്നുവോ, അവിടം "ദൈവത്തിന്റെ സ്വന്തം നാടെന്ന്" അറിയപ്പെടുന്നു. വിട! മൈ ഡിയര്‍ രണ്ടായിരത്തി എട്ടേ!

ശനിയാഴ്‌ച, ഡിസംബർ 06, 2008

പമ്പ അശാന്തമായി ഒഴുകുന്നു.





ശരണം വിളികളാല്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇരുമുടി കെട്ട് തലയിലേന്തി ശ്രീ കോവില്‍പ്പടി ഇറങ്ങുമ്പോള്‍, യാത്ര അയയ്ക്കാന്‍ വന്ന സ്ത്രീകളുടെയും കൊച്ചുങ്ങളുടെയും കണ്ണുകളില്‍ അപകട ഭീതി നിഴലിച്ചിരുന്നു. വടക്കന്‍ പാട്ടുകളിലെ ചേകവന്മാരെ യുദ്ധത്തിന്നു ആശിര്‍വദിച്ചു പറഞ്ഞയയ്ക്കുന്ന വീരാങ്ങനമാരുടെ മുഖത്തെ വിഷാദ ഭാവം "സംരക്ഷണത്തിന്റെ അതിപ്രസരത്തില്‍" ജീവിയ്ക്കുന്ന നമ്മുടെ സ്ത്രീകളുടെ മുഖത്ത് പ്രകടമായത് സ്വാഭാവികമാവാം . വന്യ മൃഗങ്ങള്‍ നിറഞ്ഞ കാനന പാതയിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരവും ക്ഷേത്രങ്ങളില്‍ അടിയ്ക്കടി ഉണ്ടാവുന്ന ബോംബ് ഭീഷണികളും ആവാം അവരുടെ മനസ്സിനെ ഉലച്ചത്‌.



"എരുമേലി പേട്ട തുള്ളും കന്നി അയ്യപ്പന്മാര്‍ ഞങ്ങള്‍ക്കൊരു ജാതി ഒരു മതം ഒരു ദൈവം...." മേലാസകലം ചായം പൂശി കാട്ടു ജാതിക്കാരുടെ വേഷ വിധാനത്തോടെ പക്ക മേള ക്കാരന്റെ വാദ്യത്തിന് ഒപ്പം ആനന്ദ നടനം ആടുമ്പോള്‍ (പേട്ട തുള്ളല്‍) ഉള്ളിന്റെ ഉള്ളിലെ അഹന്തയും തന്‍ പ്രമാണിത്വവും എല്ലാം അക്ഷരാര്‍ത്ഥത്തില്‍ എങ്ങോ പോയ് മറഞ്ഞിരുന്നു. ഇടുക്കിയിലെ പീരുമെടിനു അരികത്തുള്ള മുത്തവര്‍ കുന്നുകളില്‍ നിന്നും ഉത്ഭവിയ്ക്കുന്ന, ഏകദേശം തൊണ്ണൂറ്റി രണ്ടു കി.മി നീളമുള്ള മണിമലയാര്‍ , ഇങ്ങു എരുമേലി എത്തുമ്പോഴേയ്ക്കും മലിനീകരണം അതിന്‍റെ പാരമ്യതയില്‍ എത്തുന്നു. ആയിര കണക്കിന് അയ്യപ്പ ഭക്തന്മാരെ ദിനം പ്രതി സ്വീകരിയ്ക്കുന്ന എരുമേലി ബസ്സ് സ്റ്റേഷന്‍ ആകട്ടെ ദുര്‍ഗന്ധത്തിന്റെ പര്യായമായി നില കൊണ്ടു. കോടി കണക്കിന് രൂപയുടെ വരുമാനമുള്ള തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡ് ബസ്സ് സ്റ്റേഷന്‍ പരിസരം വൃത്തി ആക്കാനോ എരുമേലി നദിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്.



എരുമേലി യ്ക്ക് ശേഷം നാലു കി.മീ. നടന്നാല്‍ പേരൂര്‍ തോടായി. ഇവിടിന്നങ്ങോട്ടു ശ്രീ അയ്യപ്പന്‍റെ പൂങ്കാവനമാണ്. ആനകളും പുലികളും മറ്റു വന്യ മൃഗങ്ങളും സ്വൈര വിഹാരം നടത്തുന്ന ഘോര വനം. നട്ടുച്ച നേരത്തും പ്രകാശം കടന്നു വരാന്‍ മടിയ്ക്കുന്ന ഇടുങ്ങിയ ഒറ്റയടി പാതയിലൂടെ ഉള്ള യാത്രയില്‍, പേരറിയാന്‍ പാടില്ലാത്ത പക്ഷി മൃഗ ആദികളുടെ അപരിചിതമായ കരച്ചില്‍ ശ്മശാന മൂകത യ്ക്ക് ശമനം വരുത്തി, ഭയാനകമായ അന്തരീക്ഷം സംജാതമാക്കി. ഓരോ കാട്ടരുവികള്‍ക്കും മുളന്ചെടി (ബാംബൂ) കള്‍ക്കും സമീപത്തായി കണ്ടു വന്ന ആവി പറക്കുന്ന ആന പിണ്ടങ്ങള്‍, കൂട്ടം തെറ്റി കാട്ടില്‍ അലയുന്ന ഒറ്റയാന്‍റെ ആപല്‍ക്കരമായ അദൃശ്യ സാന്നിധ്യം വിളിച്ചറിയിച്ചു. കാനന വാസാ... അയ്യപ്പാ... പമ്പാ വാസാ... ശരണം വിളിയുടെ ശബ്ദം സ്വാഭാവികമായും ഉയര്‍ന്നു.......



മഹിഷിയെ വധിയ്ക്കാന്‍ മണി കണ്ടനായി ജന്മമെടുത്ത സ്വ പുത്രന്‍റെ, മഹിഷി വധം നേരിട്ടു കാണാന്‍ ഇറങ്ങിയ പരമശിവന്‍, തന്‍റെ വാഹനമായ കാളയെ മരത്തില്‍ കെട്ടിയ സ്ഥലം പിന്നീട് കാളകെട്ടി എന്ന പേരില്‍ അറിയപ്പെട്ടു. വെടി വഴിപാടു പ്രധാന വരുമാന മായ കാളകെട്ടി ക്ഷേത്രത്തിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം കുന്നും മലയും കയറി വരുന്ന അയ്യപ്പ ഭക്തര്‍ക്ക്‌ വിശ്രമിയ്ക്കാന്‍ പറ്റിയ ഒരു അതി മനോഹര മായ ഇടത്താവളം സൃഷ്ടിക്കുന്നു. കാളകെട്ടി താണ്ടി രണ്ടു കി.മീ. നടന്നാല്‍ പമ്പയുടെ കൈവഴി എന്നറിയപ്പെടുന്ന അഴുത നദി കാണാം. കാട്ടിലൂടെ ഒഴുകുന്ന നദി എന്ന ഒറ്റ കാരണം കൊണ്ടാവാം, അഴുതയിലെ വെള്ളം പൊതുവെ മലിന വിമുക്തം ആയിരുന്നു. കാട്ടിലെ അഴുതയില്‍ ആവോളം മുങ്ങി, കല്ലിടാം കുന്നില്‍ നിക്ഷേപിയ്ക്കാനുള്ള കല്ലുമെടുത്തു പൊങ്ങുമ്പോള്‍, നാട്ടിലെ എരുമേലി നദിയില്‍ പുലര്‍ച്ചെ മുങ്ങിയതിന്റെ പാപമെല്ലാം ഒഴുകി പോയിരിയ്ക്കണം. അഴുക്കു വിമുക്തമായ അഴുതയിലെ സ്നാനം പ്രദാനം ചെയ്ത നവോന്മേഷത്തില്‍, പൊതുവെ ക്ലേശകരമായ അഴുത കയറ്റം സ്വല്‍പ്പം അനായാസകരമായി അനുഭവപ്പെട്ടു. കല്ലിടാം കുന്നിലെ മഹിഷിയുടെ ജഡത്തില്‍ പ്രതീകാത്മകമായി കല്ലു നിക്ഷേപിച്ചു ഇഞ്ചി പാറക്കോട്ട, മുക്കുഴി വഴി കരിയിലാം തോടില്‍ രാത്രി വിശ്രമത്തിന് ഒരുക്കം കൂട്ടുമ്പോള്‍ പിറ്റേന്ന് നടത്തേണ്ട കരിമല കയറ്റവും അതിലും പ്രയാസമേറിയ കരിമല ഇറക്കവുമായിരുന്നു മനസ്സില്‍. "കരിമല കയറ്റം കഠിനം എന്നയ്യപ്പ " എന്ന മന്ത്ര ഉച്ചാരണത്തോടെ പിറ്റേന്ന് പുലര്‍ച്ചെ കൂരിരുട്ടിനെ ഭേദിച്ച് ഭയ ഭക്തിയോടെ തുടങ്ങിയ കാനന യാത്ര ഒമ്പത് മണിയോടെ പമ്പ എത്തിയതോടെ അവസാനിച്ചു.


ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന പമ്പ തീരത്ത് വെച്ചാണ്‌ കുഞ്ഞായ അയ്യപ്പനെ പന്തളം രാജാവ് കണ്ടു മുട്ടിയത്‌ എന്നാണ് പറയപ്പെടുന്നത്‌. സര്‍വ്വ പാപങ്ങളും കഴുകി കളയുന്ന പവിത്രമായ പമ്പാ നദി ലക്ഷോപ ലക്ഷം പൌര ബോധം നഷ്ടപെട്ട അയ്യപ്പ ഭക്തരുടെ വിഴുപ്പു ഭാണ്ഡം പേറുന്ന ഒരു അഴുക്കു ചാലായി രൂപാന്തരപ്പെട്ടിരിയ്ക്കുന്നു. ദര്‍ശനത്തിനു വരുന്ന അയ്യപ്പ ഭക്തര്‍ തങ്ങളുടെ ഉടുവസ്ത്രം പമ്പയില്‍ ഒഴുക്കണം എന്നുള്ള ഏതോ കുബുദ്ധികളുടെ അന്ധ വിശ്വാസത്തിനു പമ്പാ നദി ബലി ആടായി തീര്‍ന്നിരിയ്ക്കുന്നു. കോടികണക്കിന് രൂപയുടെ ചിലവുള്ള "ശബരിമല മാസ്റ്റര്‍ പ്ലാന്‍" പദ്ധതിയില്‍ പമ്പ മലിനമാക്കുന്ന ആധുനിക ഭക്തരെ നിഷ്കരുണം ശിക്ഷിയ്ക്കാനുള്ള വകുപ്പ് സൃഷ്ടിയ്ക്കെണ്ടിയിരിയ്ക്കുന്നു.


ദിനം പ്രതി ഏറി വരുന്ന ഭക്ത ജന പ്രവാഹം ശബരിമലയുടെ സുരക്ഷയ്ക്ക് ഒരു ഭീഷണി ആയി നില കൊള്ളവേ , പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തി സായൂജ്യമടയുന്ന ഭക്തരെ സന്നിധാനത്ത് താമസിയ്ക്കാന്‍ അനുവദിയ്ക്കുന്നത് ഏത് വിശ്വാസത്തിന്റെ പുറത്താണെന്ന് മനസ്സിലാകുന്നില്ല. അരവണ, അപ്പം കൌണ്ടര്‍ വഴി അഭിഷേകം ചെയ്ത നെയ്യും വിതരണം നടത്തി ഭക്ത ജനങ്ങളെ മല കയറിയ ദിനം തന്നെ തിരിച്ചു പറഞ്ഞയയ്ക്കാനുള്ള ഒരു നൂതന മാസ്റ്റര്‍ പ്ലാന്‍ പ്രാബല്യത്തില്‍ വരുത്താന്‍ ക്രാന്ത ദര്‍ശി ആയ പ്രിയ്യപെട്ട നെയ്യഭിഷേക പ്രിയനേ , അവിടുന്ന് കനിയുമാറാകണം!

ശനിയാഴ്‌ച, നവംബർ 29, 2008

ബാഷ്പാഞ്ജലി



നിരപരാധികളെ നിഷ്ടുരം ചുട്ടുകൊല്ലുന്ന ഭ്രാന്തന്‍ വിശ്വാസ സംഹിത രാജ്യത്തിന്‍റെ ഉല്‍കൃഷ്ടമായ സുരക്ഷാ സേനയ്ക്ക് മുമ്പില്‍ തല്‍ക്കാലത്തെങ്കിലും ഗത്യന്തരമില്ലാതെ മുട്ട് മടക്കവേ, ഈ മഹാരാജ്യം മറ്റൊരു അഗ്നി പരീക്ഷ കൂടി അതിജീവിച്ചിരിയ്ക്കുന്നു. സംഭ്രമ- ഉദ്വേക ജനകമായ ഒരു ഹോളിവൂഡ്‌ ത്രില്ലര്‍ കണ്ട പോലത്തെ ആഹ്ലാദ തിമര്‍പ്പില്‍ നമ്മള്‍ നമ്മുടെ ജോലികളില്‍ വീണ്ടും മുഴുകി . ജീവിതം മുന്നോട്ടു തന്നെ നീങ്ങുകയാണ്, വിശിഷ്യാ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍. ഇലക്ട്രോണിക് മാധ്യമങ്ങള്‍ കഴിഞ്ഞ ഈ വാരം "അടിച്ച് പൊളിച്ചു" ആഘോഷിച്ചു. അവര്‍ മണ്ണില്‍ മലര്‍ന്നു കിടന്നും ചരിഞ്ഞു കിടന്നും കുനിഞ്ഞു നിന്നും വാര്‍ത്ത ആകുന്ന ചൂടപ്പം പ്രേക്ഷകന്‍ എന്ന കിങ്ങിനു പകര്‍ന്നു കൊടുക്കുവാന്‍ പരസ്പരം മത്സരിച്ചു. സി എസ് ടി റെയില്‍ നിലയത്തിലെ പ്ലാറ്റ് ഫോറത്തില്‍ വീണ വാര്‍ അറ്റ ചെരുപ്പിലെ ചുടു ചോര മുതല്‍ നൂറ്റി അഞ്ചു വര്‍ഷം പഴക്കം ഉള്ള താജ് ഹോട്ടലില്‍ പടരുന്ന അഗ്നി ജ്വാല വരെ അവര്‍ "ജീവനോടെ " (ലൈവ്) കാണിച്ചു, പ്രേക്ഷക ലക്ഷങ്ങളുടെ കണ്ണും കരളും കവര്‍ന്നു, " (ടി വി) പത്ര ധര്‍മം" നിര്‍വഹിച്ചു.


കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയിലും "ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍" (പാര്‍ലിമെന്റരി) കമ്മിറ്റി മീറ്റിംഗ് കൂടാന്‍ താജ് ഹോട്ടല്‍ തിരെഞ്ഞെടുത്തതും പാവപ്പെട്ടവന്‍റെ ജനപ്രതിനിധി ഉള്‍പ്പെടെയുള്ള എം പി മാര്‍ ഭീകരന്മാരില്‍ നിന്നും രക്ഷപെട്ടതും നമ്മള്‍ ആശ്വാസത്തോടെ മനസ്സിലാക്കി. രാജ്യ സേവനം ജീവിത ചര്യ ആയി ഏറ്റെടുത്ത നാലാം കിട രാഷ്ട്രീയ നേതൃത്വം "Z" കാറ്റഗറി സുരക്ഷയുടെ പിന്‍ബലത്തില്‍ ദുരന്തത്തിന് കാരണമായി പരസ്പരം പഴി ചാരുന്നതും നമ്മള്‍ വേദനയോടെ നോക്കി കണ്ടു. ലോകത്തിന്‍റെ നാനാ തുറകളിലും പെട്ട വിദേശിയും സ്വദേശിയും സുരക്ഷാ സൈനികരും നക്ഷത്ര ഹോട്ടലിലെ വിവിധ ലോബികളില്‍ നിന്നും നക്ഷത്രം കണക്കെ അടര്‍ന്നു വീഴുന്നത് നമ്മള്‍ നടുക്കത്തോടെ ദര്‍ശിച്ചു . മരിച്ചു വീഴുന്ന വ്യക്തി മഹാരാഷ്ട്രകാരനാണോ, വടക്കനാണോ, തെക്കനാണോ, തെക്കു കിഴക്കനാണോ എന്നൊന്നും പക്ഷെ ആരും പറഞ്ഞു കേട്ടില്ല. അച്ഛന്‍റെ ജഡത്തില്‍, ഭര്‍ത്താവിന്റെ ചലനമറ്റ ശരീരത്തില്‍, സഹോദരന്റെ മൃത ദേഹത്തില്‍ വീണുരുളുന്ന മകനും, ഭാര്യയ്ക്കും സഹോദരിയ്ക്കും അണ പൊട്ടി ഒഴുകിയ ദുഖത്തിന് ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലായിരുന്നു.
രാജ്യത്തിന്‌ വേണ്ടി വീരചരമം പ്രാപിച്ച ധീര രക്ത സാക്ഷികളെ! നിങ്ങളുടെ ബലി കുടീരങ്ങളില്‍ ഞങ്ങള്‍ സിന്ദൂര മാലകള്‍ ചാര്‍ത്തി, ഞങ്ങളുടെ രാജ്യ സ്നേഹം പ്രകടിപ്പിയ്ക്കും . നിങ്ങളുടെ അര്‍ദ്ധ - പൂര്‍ണ കായ പ്രതിമകള്‍ നാല്‍ക്കവല തോറും പ്രതിഷ്ടിച്ചു നിങ്ങളുടെ രക്ത സാക്ഷിത്വം ഞങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു, നിങ്ങളുടെ പാവന സ്മരണയ്ക്ക് മുമ്പില്‍ അശ്രു പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കും. നിങ്ങള്‍ ചിന്തിയ ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉണരുന്നു എന്ന് ഞങ്ങള്‍ ഉച്ചൈസ്തരം ഉധ്ഘോഷിയ്ക്കും . കാരണം ഞങ്ങള്‍ക്ക് ഇനിയും നിങ്ങളെ ആവശ്യമുണ്ട്. ഞങ്ങള്‍ക്ക് ജീവിയ്ക്കണം, ജീവിതം ആസ്വദിയ്ക്കണം, ആഘോഷിയ്ക്കണം - നിങ്ങളില്ലാതെ എന്താഘോഷം! അന്തിമാഭിവാദനങ്ങള്‍!

വ്യാഴാഴ്‌ച, നവംബർ 06, 2008

ദി റോഡ് നോട്ട് ടേക്കന്‍



"എന്തിന്നധീരത? ഇപ്പോള്‍ തുടങ്ങുവിന്‍ , എല്ലാം നിങ്ങള്‍ പഠിയ്ക്കേണം, തയ്യാറാകണമിപ്പോള്‍ തന്നെ, ആജ്ഞാ ശക്തിയായ് മാറീടാന്‍ ................"പട്ടിണി ആയ മനുഷ്യാ നീ പുസ്തകം കൈയ്യിലെടുത്തോളൂ ..................."

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ചു കാലഘട്ടം. പരിഷത്തിന്റെ ശാസ്ത്ര കലാ ജാഥകള്‍ കലായങ്ങളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുന്നു. പൊതുവെ പഠനത്തില്‍ മോശമായിരുന്ന വിദ്യാര്‍ത്ഥികളെ പരിഷത്തിന്റെ മുദ്രാവാക്യങ്ങള്‍ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പുസ്തക പുഴുക്കളെയും രാഷ്രീയത്തിന്റെ ബാലപാഠം പോലുമറിയാത്ത നല്ലൊരു ശതമാനം ആവറേജ് വിദ്യാര്‍ത്ഥികളെയും ഇടതു പ്രത്യയ ശാസ്ത്രത്തോട്‌ അടുക്കാന്‍ ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ ഇത്തരം കലാപ്രകടനങ്ങള്‍ വളരെ അധികം പ്രയോജനപ്പെട്ടു.

മുന്‍ ജന്മ സുകൃതമോ ഈ ജന്മ സുകൃതമോ അയ്യപ്പ സ്വാമിയുടെ അനുഗ്രഹമോ എന്താണെന്നറിയില്ല പരിഷത്തിന്റെ പ്രചാര തന്ത്രങ്ങളെ അതിജീവിയ്ക്കാനും കാമ്പസ് ജീവിതം എന്നാല്‍ മുഷ്ടി ചുരുട്ടി ശൂന്യതയില്‍ പ്രഹരിയ്ക്കല് മാത്രമല്ലെന്ന് മനസ്സിലാകുവാനും ഉള്ള വിവേകം ഞങ്ങളിലെ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താടി വെച്ച നേതാക്കന്മാരുടെ തീപ്പൊരി പ്രസംഗത്തിലും കൂടുതല്‍ താല്‍പ്പര്യം ഞങ്ങള്‍ക്ക് കോളേജിന് ഒരു കി. മീ അകലെയുള്ള കള്ള് ഷാപ്പിലെ കാട- കള്ള് സേവയിലായിരുന്നു. എത്ര മനോഹരമായിരുന്നു ആ നല്ല ഇന്നലെകള്‍! "ദ പാത്ത് ഓഫ് എ പ്രോജെക്ടില്‍ ഈസ് എ പരാബോള"!. ഇന്നും അന്നും തലയില്‍ കയറാത്ത ഭൌതിക ശാസ്ത്രത്തിന്‍റെ നൂലാമാലകളിലെയ്ക്ക് ഊര്‍ന്നിറങ്ങുന്ന പ്രൊഫസര്‍ സദാനന്ദനും ഇന്റെഗ്രേഷന്‍, ഫങ്ങ്ഷന്‍ ഇത്യാദി പദങ്ങള്‍ക്കു നമ്മള്‍ വിചാരിച്ച അര്‍ത്ഥങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് പഠിപ്പിയ്ക്കാന്‍ പാടുപെട്ട കാല്‍ക്കുലസ് പ്രൊഫസര്‍ സുലോചനയും ആയിരുന്നു അന്നത്തെ ഞങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ മുഖ്യ വില്ലന്‍ കഥാ പാത്രങ്ങള്‍. രാഷ്ട്രീയ പ്രബുദ്ധത തലയ്ക്കു പിടിച്ചു ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് സമര കാഹളം നടത്തുന്ന നേതാക്കന്മാരോട് ഞങ്ങള്‍ക്ക് അതിര് കവിഞ്ഞ ഇഷ്ടമായിരുന്നു. ചൊവ്വ ആഴ്ചയിലേയും വെള്ളി ആഴ്ചയിലേയും രണ്ടാമത്തെ പീരീഡ്‌ കഴിഞ്ഞുള്ള സ്വയം പ്രഖ്യാപിയ്ക്കുന്ന അവധികളും വിദ്യാര്ത്ഥി നേതൃത്വം കനിഞ്ഞു നല്കുന്ന അവധികളും മാത്രമായിരുന്നല്ലോ ആകെയുള്ള കൈമുതല്‍!.

ഗോവിന്ദാപുരം- തൃശൂര്‍ റൂട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന "എന്‍ ടി പി" ബസ്സിലെ വയസ്സനായ ഡ്രൈവറെ പ്രാകി തമിഴനായ കണ്ടക്ടരുമായി സി ടി യ്ക്ക് വേണ്ടി (കണ്‍സ ഷന്‍ ടിക്കറ്റ്) വഴക്കിട്ടു ടൌണിലെ സിനിമ കൊട്ടകയിലെതുമ്പോഴെയ്ക്കും ഉച്ച പടം തുടങ്ങി കാണും. ഭാഗ്യവശാല്‍ കെ എസ് ഗോപാലകൃഷ്ണന്റെ കാനന സുന്ദരി ആയാലും ബ്രുസ് ലീ യുടെ എന്റര്‍ ദ ഡ്രാഗണ്‍ ആയാലും സിനിമയുടെ ആദ്യത്തെ പത്തു മിനിട്ട് ന്യൂസിനുള്ളത് ആയിരുന്നു. സ്വര്‍ണ കടകളും തുണി കടകളും നാമ മാത്രമായിരുന്ന ആ നാളുകളില്‍ ദേശ സ്നേഹത്തെ കുറിച്ചും സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ജനങ്ങള്‍ക്ക്‌ ബോധവല്‍ക്കരണം നടത്താന്‍ പത്തു പതിനഞ്ചു മിനിട്ട് സിനിമ തീയേറ്റര്‍ ഉപയോഗപ്പെടുത്തിയ "കാലഹരണപ്പെട്ട പുണ്യ വാളന്‍" മാരായ സിനിമ നിര്‍മിതാക്കളെ/തീയേറ്റര്‍ ഉടമകളെ നിങ്ങളുടെ രാജ്യ സ്നേഹത്തിനു മുമ്പില്‍ ഒരു തുള്ളി കണ്ണീര്‍ ഇപ്പോഴെങ്കിലും പൊഴിയ്ക്കട്ടെ!

കലാലയങ്ങള്‍ എത്ര മാത്രം രാഷ്ട്രീയ-വര്‍ഗീയ വല്ക്കരിയ്ക്കപ്പെട്ടു എന്നതിന് മദ്രാസ് ലോ കോളേജിലെ നവംബര്‍ പന്ത്രണ്ടാം തിയതിയിലെ സംഭവം ഉത്തമ ദൃഷ്ടാന്തം ആയിരിയ്ക്കെ, ചുവപ്പും ഖദറും കാഷായവും പച്ചയും സ്വന്തം ഇസങ്ങളെ പരിപോഷിയ്ക്കാന്‍ രക്ത കുരുതി നടത്തി മനുഷ്യ മൃഗങ്ങള്‍ ആയി അധപതിയ്ക്കവേ, അവയില്‍ നിന്നെല്ലാം അകന്നു, അപരന്നു സുഖം കൊടുത്തില്ലെങ്കിലും ദുഃഖം കൊടുക്കാതെ, ഒരു കോപ്പ കള്ളിലും കപ്പയിലും കുറച്ചു മദാലസ സിനിമകളിലും കലാലയ ജീവിതം അവസാനിപ്പിയ്ക്കുന്ന വിദ്യാര്‍ത്ഥി സമൂഹമേ നിങ്ങള്‍ നിങ്ങളുടേതായ ലോകത്ത് വിഹരിയ്ക്കുക, നിങ്ങളുടെ നിഷ്കളങ്കമായ ഇളം മനസ്സുകളില്‍ വിദ്വേഷത്തിന്റെ, വിപ്ലവത്തിന്റെ, വര്‍ഗീയതയുടെ വിഷ വിത്തുകള്‍ പാകാന്‍ ഒരു പ്രത്യയ ശാസ്ത്രത്തിനും ഇടം കൊടുക്കാതിരിയ്ക്കുക.
പട്ടിണി മൂലം, പരിഷത്തിന്റെ മഹദ് വചനങ്ങളില്‍ ആകൃഷ്ടനായി, പുസ്തകം കൈയ്യില്‍ എടുത്തിരുന്നെന്കില്‍ ഈയുള്ളവന്‍ പോക്കെറ്റില്‍ ഒരു ബിരുദവുമായി ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തിന്റെ മണ്ഡലം/ബ്രാഞ്ച് കമ്മറ്റി ലേബലില്‍ ആണവ ഊര്‍ജ്ജതിനെതിരെ പട നയിച്ചേനെ! പഠിയ്ക്കാതെ, പോരാടാതെ (പഠിയ്ക്കുക, പോരാടുക! - എസ് എഫ് ഐ മുദ്രാവാക്യം) തക്ക സമയത്തു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു യാത്രാമൊഴി ചൊല്ലിയത് കാരണം, ഇന്നു ആണവ ഊര്‍ജ്ജ വകുപ്പില്‍ തന്നെ തൊഴിലുമായി പോക്കറ്റില്‍ ബിരുദം ഇല്ലെങ്കിലും ജീവിയ്ക്കുന്നു. ദൈവത്തിനു സ്തുതി!



























































































ബുധനാഴ്‌ച, നവംബർ 05, 2008

പ്രിയതമന് സ്നേഹപൂര്‍വ്വം




പ്രിയപ്പെട്ട ചേട്ടന്,



ചേട്ടന് സുഖമാണെന്ന് വിശ്വസിയ്ക്കുന്നു. ഇവിടെ എനിയ്ക്കും പിള്ളേര്‍ക്കും പരമ സുഖമാണ്. ചിന്നു മോളെ പ്രസവിച്ചിട്ട് നാലാം മാസം ഈ വരുന്ന ശനി ആഴ്ച തികയും. തിങ്കള്‍ ആഴ്ച മുതല്‍ ജോലിയില്‍ പ്രവേശിയ്ക്കാന്‍ തയ്യാറെടുത്തു ഇരിയ്ക്കയായിരുന്നു. അപ്പോഴാണ്‌ തികച്ചും അപ്രതീക്ഷിതമായി പ്രസവ അവധി ആറ് മാസമായി ഉയര്‍ത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണ്ടത്. അതിന് ശേഷം രണ്ടു കൊല്ലം വീണ്ടും അവധി എടുക്കാം. കുട്ടി പരിപാലന അവധി (ചൈല്‍ഡ് കെയര്‍ ലീവ്) എന്ന പേരില്‍ വീണ്ടും രണ്ടു കൊല്ലം അവധി എടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് ഞങ്ങള്‍ക്കിവിടെ പരമസുഖം എന്ന് ആദ്യമേ തന്നെ ഞാന്‍ സൂചിപ്പിച്ചത്. മോള്‍ ഭയങ്കര വികൃതിയാണ്. ഇവളെയും ബേബി സിറ്റിങ്ങില്‍ ഇരുത്തി എങ്ങനെ ജോലിയ്ക്ക്‌ പോകും എന്ന് വ്യാകുലപ്പെട്ടു ഇരിയ്ക്കുക ആയിരുന്നു ഞാന്‍ നാളിതു വരെ. നമ്മളുടെ പ്രാര്‍ത്ഥന തിരുമാന്ധാം കുന്നിലെ ഭഗവതി കേട്ടു. ഇനി അവള്‍ക്ക് അഞ്ചു വയസ്സാകുന്നതുവരെ ഓഫീസില്‍ പോകേണ്ട. (അവിടെ പോയിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല - ചേട്ടന്‍ ആരോടും പറഞ്ഞെയ്ക്കരുത് കേട്ടോ!). പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം: നമ്മള്‍ അന്ന് തീരുമാനിച്ചത് പ്രകാരം ചേട്ടന്‍ അവിടെ വന്ധ്യം കരണ ശസ്ത്ര ക്രിയ ഒന്നും ചെയ്തെയ്ക്കല്ലേ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുട്ടി രണ്ടു കൂടി ആവാം എന്ന് ഗവണ്മെന്റ് തീരുമാനിച്ചതായി കൂട്ടുകാരി നങ്ങേലി പറയുന്നതു കേട്ടു. അതായതു ഒരു ആറേഴു കൊല്ലം കൂടി ജോലിയ്ക്ക്‌ പോകാതെ ശമ്പളം വാങ്ങാനുള്ള വകുപ്പുണ്ടെന്നര്‍ത്ഥം. അവിടെ കറുത്ത വര്‍ഗത്തില്‍ പെട്ട ഏതോ ആമയോ ഒബാമയോ പ്രസിഡന്‍റ് ആയെന്നും ഇന്ത്യക്കാരെ എല്ലാം പറഞ്ഞ്‌ വിടും എന്നൊക്കെ ആരോ പറഞ്ഞറിഞ്ഞു. ടി വിയിലും ഈ ആമ പ്രസിഡന്‍റ് ആയതിനെ കുറിച്ചു വാര്ത്ത വന്നത്രേ. ഇവിടെ സ്റ്റാര്‍ സിങ്ങറും സീരിയലുകളും കാരണം വാര്‍ത്ത കേള്‍ക്കാന്‍ സമയം കിട്ടാറില്ല. അഥവാ ഇന്ത്യക്കാരെല്ലാം ഇന്ത്യയ്ക്ക് പോകട്ടെ എന്ന് പുതിയ നിയമം വരികയാണെങ്കില്‍ ചേട്ടന്‍ ധൈര്യ സമേതം വരിക. ചേട്ടന്‍ വന്നതിനു ശേഷം നമുക്കു ഭാവി പരിപാടികള്‍ ആലോചിയ്ക്കാം. ആഗോള സാമ്പത്തിക മാന്ദ്യം കാരണം കമ്പ്യൂട്ടര്‍ കമ്പനികളെല്ലാം അടച്ചു പൂട്ടുകയാനെന്നും പഴയ പോലെ ചേട്ടനെ പോലെ പഠിച്ചവര്‍ക്ക് വലിയ ഡിമാണ്ട് ഒന്നും ഇല്ലെന്നും കേള്‍ക്കാന്‍ ഇട ആയി. ഈ പ്രശ്നം തുടങ്ങിയത് ചേട്ടന്‍ ജോലി ചെയ്യുന്ന അമേരിയ്ക്കയില്‍ നിന്നാണത്രേ. ഓഹരി മാര്‍ക്കറ്റ്‌ നിലം പതിച്ചെന്നും ദശ ലക്ഷകണക്കിന് ഡോളര്‍ അമേരിയ്ക്കക്ക് നഷ്ടമായെന്നും ഒക്കെ കേള്‍ക്കുന്നു. മാര്‍ക്കറ്റ്‌ വീണിട്ടു ആളപായമൊന്നും ഉണ്ടായില്ലല്ലോ, അത് തന്നെ ഭാഗ്യം! നമ്മുടെ അയല്‍വാസി കണ്ടന്‍ മൂത്താന്‍ അവരുടെ രണ്ടു എരുമ കുട്ടികളെ വില്‍ക്കാന്‍ പോകുന്നു എന്ന് പറഞ്ഞു കേട്ടു. ഞാന്‍ ഒരു മാസം വെയിറ്റ് ചെയ്യാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഒബാമ ഓട്ടിച്ചാല്‍ ചേട്ടന്‍ നാട്ടില്‍ വന്നു എരുമ പാല്‍ വില്പനയും ഞാന്‍ സര്‍കാര്‍ ചെലവില്‍ പിള്ളേരെയും നോക്കി നമുക്കു ജീവിതം ആര്മാദിയ്ക്കാം. അടുത്ത തവണയും ഇതേ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമേ എന്ന് ഞാന്‍ നിത്യവും പ്രാര്‍ത്ഥിക്കാറുണ്ട്. പറ്റുമെങ്കില്‍ അമേരിയ്ക്കയിലെ ദേവി ക്ഷേത്രത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരിനു വേണ്ടി ഒരു മൃത്യു ന്ജയ പൂജ നടത്തിയാല്‍ നന്നായിരുന്നു. നേരിട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഇ- പൂജ എങ്കിലും നടത്തു. ഇപ്പോള്‍ എല്ലാം "ഇ" യുടെ കാലമല്ലേ?. ഇനിയും ഒത്തിരി എഴുതാനുണ്ട്. സമയം ഇല്ലാത്ത കാരണം ബാക്കി അടുത്ത കത്തില്‍ ആവാം. "ക്യോംകി സാസ് ബീ ബഹൂ ധീ" തുടങ്ങാന്‍ സമയമായി. ചേട്ടന് ഒരായിരം ചുടു ചുംബനങ്ങള്‍!
സസ്നേഹം,
ചേട്ടന്‍റെ സ്വന്തം,
(മനോഹരി)

വ്യാഴാഴ്‌ച, ഒക്‌ടോബർ 30, 2008

ഒരു വടക്കു കിഴക്കന്‍ വീര ഗാഥ



ജെറ്റ് എയര്‍ വെയ്സ് വിമാനത്തിലെ അര്‍ദ്ധ നഗ്ന ആയ സുന്ദരിയുടെ വശ്യമായ പുഞ്ചിരിയില്‍ രണ്ടു മണിയ്ക്കൂര്‍ നീണ്ട മദിരാശി യാത്ര അഞ്ചു നിമിഷമായി തോന്നി. ഇനി അങ്ങോട്ടുള്ള യാത്രയും ഈ വിമാനത്തില്‍ ആയിരുന്നെങ്കില്‍ എന്ന് മനസ്സു വെറുതെ ആഗ്രഹിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ത്യന്‍ വിമാനത്തിലെ കൊല്‍കട്ട യാത്ര വിരസവും അസഹനീയവുമായിരുന്നു. ആയിരത്തി തൊള്ളായിരത്തി അമ്പതിമൂന്നില്‍ രൂപം കൊണ്ട വിമാന കമ്പനിയിലെ വായു ഗസ്റ്റുകള്‍ (എയര്‍ ഹൊസ്ടെസ്സ്) യാത്ര കാരോട് ചിരിയ്ക്കാന്‍ ബുദ്ധിമുട്ടന്നത് കണ്ടപ്പോള്‍ ഇന്നലെ കടന്നുവന്ന കിങ്ങ്ഫിഷേര്‍ വിമാനത്തിലെ ചുവന്ന അപ്സരസ്സുകളെ വെറുതെ ഓര്‍ത്തുപോയി. ഓപ്പണ്‍ സ്കൈ പോളിസിയുടെ ഭാഗമായി സ്വകാര്യ വിമാന കമ്പനികളെ മത്സരത്തിനു ഇറക്കിയ ഇന്ത്യ ഗവണ്‍‌മെന്റ് സ്വന്തം വിമാനത്തിലെ ജീവനക്കാരെ പുഞ്ചിരിയ്ക്കുന്നത് എങ്ങനെ എന്ന് പഠിപ്പിയ്ക്കാന്‍ മറന്നത് വിരോധാഭാസമാവാം!



ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആയിരത്തി തൊള്ളായിരത്തി പതിനൊന്നു വരെ തലസ്ഥാനമാക്കി വെച്ചിരുന്ന കൊല്‍കട്ട നഗരം പ്രതാപ ഐശ്വര്യങ്ങള്‍ നഷ്ടപ്പെട്ട് പോയ ഒരു എം ടീ മോഡല്‍ നാലുകെട്ടിനെ അനുസ്മരിപ്പിച്ചു. ഇടുങ്ങിയ തിരക്കേറിയ റോഡിലൂടെ ടാക്സിയില്‍ യാത്ര ചെയ്യവേ ജന്മം കൊണ്ടു ബംഗാളിനെ അനശ്വരമാക്കിയ ടാഗോറിനെയും നേതാജിയെയും മുതല്‍ സത്യജിത് റായ് , ജ്യോതി ബസു തുടങ്ങി പല മഹത് വ്യക്തികളെയും ഓര്‍ത്തുപോയി. കാലഹരണപ്പെട്ടു പോയ പ്രത്യയ ശാസ്ത്രങ്ങളില്‍ കുരുങ്ങി സ്വന്തം ജനങ്ങളുടെ ക്ഷേമം വിപ്ലവ ജ്വാലകളില്‍ ഹോമിച്ച ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥത, മുച്ചക്ര വാഹനങ്ങളില്‍ മുന്നൂറു കിലോ ഭാരം വലിച്ചു നീങ്ങുന്ന അസ്ഥി കൂടങ്ങളില്‍ കൂടിയും തെരുവോരത്ത് ഭിക്ഷ യാചിയ്ക്കുന്ന അനാഥ ബാലന്മാരിലൂടെയും ദര്‍ശിക്കാന്‍ കഴിഞ്ഞു.




കൊല്‍കട്ടയില്‍ നിന്നു ബാഗ്ടോഗ്ര വരെ ഉള്ള വിമാന യാത്ര വിജയ് മല്ല്യയുടെ ചുവപ്പ് ധരിച്ച കന്യകാ രത്നങ്ങളുടെ സാന്നിധ്യം മൂലമായിരിയ്ക്കണം തുലോം ദൈര്‍ഘ്യം കുറവായിരുന്നു. വടക്കു കിഴക്കിന്റെ ഒരു പ്രധാന പ്രവേശന കവാടമായ ബാഗ്ടോഗ്ര വിമാന താവളം സിവിലിയന്‍ - മിലിട്ടറി വിമാനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിയ്ക്കുന്നു. ഒരു വിമാന താവളത്തിലെ ബഹളങ്ങളോ ശബ്ദ ഘോഷാമോ ഇല്ലാത്ത ഒരു പാവം വിമാന താവളം!




മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഹില്‍ സ്റ്റെഷനുകളുടെ റാണി എന്നറിയപ്പെടുന്ന ഡാര്‍ജിലിംഗ് ഉള്‍പ്പെട്ട പ്രദേശങ്ങളോട് അനുവര്‍ത്തിച്ചു വരുന്ന ചിറ്റമ്മ നയം മൂലം ഉള്ള അമര്‍ഷം പരിചയപ്പെടാന്‍ ഇട ആയ മിയ്ക്ക മണ്ണിന്റെ മക്കളിലും പ്രകടം ആയിരുന്നു. ആയിരത്തി എണ്ണൂറ്റി മുപ്പത്തി അഞ്ചില്‍ സിക്കിം രാജാവിന്റെ വരദാനമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്ത ഡാര്‍ജീലിംഗ് വികസനത്തിന്‌ വിട പറഞ്ഞതു ഭാരത സര്ക്കാരിന്റെ കൈകളിലാണെന്ന് ഇവിടുത്തെ ലോക്കല്‍ ഖുക്രികള്‍ ആത്മാര്‍ത്ഥമായും വിശ്വസിയ്ക്കുന്നു. ബ്രിട്ടീഷ് ഭരണ കാലത്തെ സ്കൂളുകളും അവരുടെ തന്നെ സംഭാവന ആയ യു എന്‍ ഹെരിടജ് ലിസ്റ്റില്‍ പെട്ട നൂറ്റാണ്ട് പഴക്കമുള്ള ടോയ് ട്രെയിനും അല്ലാതെ, ഹില്‍ ജനതയുടെ അഭിവൃദ്ധിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന പരാതി വിശ്വസനീയമായി തോന്നി. ഡാര്‍ജീലിംഗ് കേന്ദ്രമാക്കി പ്രത്യേക ഗൂര്‍ഖ ലാന്‍റ് ആവശ്യപെട്ടുകൊണ്ടുള്ള പ്രക്ഷോഭം ആയിരത്തി തൊള്ളായിരത്തി എമ്പത്തി എട്ടില്‍ ഡാര്‍ജീലിംഗ് ഗൂര്‍ഖ ഹില്‍ കൌണ്‍സില്‍ രൂപീകൃതമായതോടെ സുഭാഷ് ഘീഷിന്ഗ് അവസാനിപ്പിച്ചു. സ്വയം ഭരണ അവകാശം നേടിയ ജി എന്‍ എല്‍ എഫ് , പശ്ചിമ ബംഗാള്‍ രജിസ്ട്രഷന്‍ വാഹനങ്ങള്‍ ജി എല്‍ നെയിം പ്ലെറ്റൊടെ മാത്രമെ ഹില്‍ സ്റ്റേഷന്‍ വഴി ഓടുവാന്‍ അനുവദിയ്ക്കു.


ഒരു ഡ്രൈവറില്‍ ഉപരി നല്ലൊരു വഴി കാട്ടി ആയി വര്‍ത്തിച്ച സിലിഗുരിക്കാരനായ ഗൌതം സര്‍ക്കാര്‍ ഡാര്‍ജീലിംഗ് ഹില്‍ സ്റ്റേഷന്റെ മാത്രം പ്രത്യേകത ആയ ആറ് "ടി" കളെ കുറിച്ചു വിവരിച്ചു: ടീ (ചായ), ടീക്‌ (തേക്ക്), ടൂറിസം, ട്രെക്കിന്ഗ് , ടോയ് ട്രെയിന്‍, ടൈഗര്‍ ഹില്‍. ടൈഗര്‍ ഹില്ലിലെ സൂര്യോദയം കണ്ണ് കുളിര്‍പ്പിയ്ക്കുന്നതായിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ്റി തൊണ്ണൂറു മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൈഗര്‍ ഹില്ലില്‍ സൂര്യോദയ ദര്‍ശനത്തിനായി ആയിരങ്ങള്‍ തലേന്ന് തന്നെ സ്ഥാനം പിടിയ്ക്കുന്നു. മരം കോച്ചുന്ന തണുപ്പില്‍ കുന്നു കയറുന്ന സന്ദര്‍ശകര്‍ക്ക് ചൂടു കാപ്പി ചായ പകര്ന്നു കൊടുക്കാന്‍ സുന്ദരികളായ നേപ്പാളി യുവതികള്‍ മത്സരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ഉദിച്ചു ഉയരുന്ന പ്രഭാത സൂര്യന്റെ ചുവന്ന രശ്മികള്‍ കാഞ്ചന്‍ ജംഗ കൊടുമുടിയുടെ ഹിമ ധവളത്തില്‍ പതിച്ചു താഴേയ്ക്ക് വ്യാപിയ്ക്കുന്ന കാഴ്ച , ഒരഗ്നി പര്‍വ്വതം പൊട്ടി ഒലിച്ചിറങ്ങുന്ന ലാവ പോലെ അനുഭവപ്പെട്ടു. പര്‍വ്വത ആരോഹകര്‍ക്ക് വില മതിയ്ക്കനാവാത്ത ഒട്ടേറെ വിവരങ്ങള്‍ നല്കുന്ന ഹിമാലയന്‍ പര്‍വ്വത ആരോഹക സ്ഥാപനം, ചുവന്ന പാണ്ടയ്ക്ക് പേരുകേട്ട സുവോലോജിക്കള്‍ പാര്‍ക്ക് , ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഘൂം റെയില്‍വേ സ്റ്റേഷന്‍, കലിമ്പോങ്ങിലെ സയന്‍സ് എക്സിബിഷന്‍ സെന്റര്‍, ക്യക്ട്ടസ്സുകളുടെ അപൂര്‍വ ശേഖരങ്ങളുള്ള തോട്ടം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശന യോഗ്യമാണ്. തീസ്ത നദിയിലൂടെ ഉള്ള ബോട്ട് യാത്ര സ്മരണീയമായ അനുഭവമായി.


കേരളത്തിലെ ഒരു പാര്‍ലിമെന്റ് മണ്ഡലത്തിന്റെ വലിപ്പവും ജനസംഖ്യയുമുള്ള സിക്കിം സംസ്ഥാനം ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ ഇന്ത്യയുടെ ഇരുപത്തി രണ്ടാമത് സംസ്ഥാനം ആയി. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കള്ള് കടകള്‍ മാത്രം! അതത്രേ വര്‍ഷങ്ങളോളം സ്വതന്ത്ര പരമാധികാര രാജ്യമായി വിലസിയ സിക്കിമിന്‍റെ പ്രത്യേകത. മദ്യ ഷാപ്പുകളുടെ ബാഹുല്യം കാരണമാവാം ലഹരി വിമുക്ത കേന്ദ്രങ്ങളും ഇടയ്ക്കിടെ കാണപ്പെട്ടു. പന്ത്രണ്ടായിരത്തി നാനൂറു അടി ഉയര്‍ച്ചയില്‍ സ്ഥിതി ചെയ്യുന്ന സോങ്കോ തടാകവും പതിനാലായിരത്തി എഴുനൂറു അടി മേലെ സ്ഥിതി ചെയ്യുന്ന നതുല പാസ്സും സന്ദര്‍ശകരെ ആകര്‍ഷിയ്ക്കുന്ന സ്ഥലങ്ങളാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിലെ ഇന്‍ഡോ- ചൈന യുദ്ധത്തിന്നു ശേഷം അടച്ച നതുല ചുരം പിന്നീട് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത് ജൂലൈ രണ്ടായിരത്തി ആറിലാണ്. ഏത് പ്രതികൂല സാഹചര്യത്തിലും രാജ്യാതിര്‍ത്തി സംരക്ഷിയ്ക്കാന്‍ കര്‍മ നിരതരായി നിതാന്ത ജാഗ്രത പാലിയ്ക്കുന്ന ഇന്ത്യന്‍ സൈനികരെ അവരുടെ കര്‍മ ഭൂമിയില്‍ വെച്ചു തന്നെ കാണാന്‍ സാധിച്ചത് അനുഗ്രഹമായി. ഗാന്ഗ് ടോക്കില്‍ നിന്നും അമ്പത്തെട്ടു കിലോമീറ്റര്‍ മാറി നതുലയോട് ചേര്‍ന്ന് ബാബ മന്ദിരം സ്ഥിതി ചെയ്യുന്നു. അതിര്‍ത്തിയില്‍ സഹ സൈനികരുമൊത്തു സുരക്ഷ ജോലിയില്‍ ഏര്‍പ്പെട്ടിരിയ്ക്കവേ വീര ചരമം അടഞ്ഞ ബാബയുടെ ആത്മാവ് ഇപ്പോഴും നതുലയില്‍ അലഞ്ഞു നടന്നു ജോലി ചെയ്യാതെ നേരം കൊല്ലുന്ന ജവാന്മാരെ കരണത്ത് അടിച്ച് ജോലി ചെയ്യിപ്പിയ്ക്കുന്നതായും ജവാന്മാര്‍ക്ക് താങ്ങും തണലുമായി അദൃശ്യ വിഹാരം നടത്തുന്നതായും സൈനികര്‍ വിശ്വസിയ്ക്കുന്നു.




























വെള്ളിയാഴ്‌ച, ഒക്‌ടോബർ 10, 2008

ബീരാന്‍ കുട്ടി സര്‍വീസില്‍ നിന്നു വിരമിയ്ക്കുകയാണ്.





ബീരാന്‍ കുട്ടി സര്‍വീസില്‍ നിന്നു വിരമിയ്ക്കുകയാണ്. ബീരാന്‍ കുട്ടിയെ ആര്‍ക്കാണ് അറിയാത്തത്? മുപ്പത്തിരണ്ടാം വയസ്സില്‍ ഇരുപത്തി നാലു വയസ്സിന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു സര്‍വീസില്‍ കയറിയ ബീരാന്‍ കുട്ടി സര്‍വീസ് ചട്ടങ്ങള്‍ തിരുത്തി എഴുതാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതനാക്കിയ ഒരു അപൂര്‍വ വ്യക്തിത്വം ആയിരുന്നു. ബീഡി, പാന്‍ പരാഗ്, സിഗരറ്റ് ഇത്യാദി ചില്ലറ കച്ചവടം ഓഫീസില്‍ നടത്തിയിരുന്ന ബീരാന്‍ കുട്ടി ബീഡി ബീരാന്‍ എന്ന ചെല്ല പേരിലും അറിയപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകയുടെ തുടയ്ക്കു നുള്ളിയതിനു ഒരു മാസത്തെ സസ്പെന്‍ഷന്‍, തുടര്‍ന്ന് ഇന്ക്രിമെന്റ്റ് മൂന്നു വര്‍ഷത്തേയ്ക്ക് തടഞ്ഞു വച്ചു കൊണ്ടുള്ള ശിക്ഷ നടപടി. ബീഡി ബീരാന്റെ സംഭവ ബഹുലമായ സര്‍വീസ് സ്റ്റോറി ഇവിടെ തുടങ്ങുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സഹപ്രവര്‍ത്തകയുടെ ചന്തിയില്‍ നുള്ളിയതിനു ഇന്ക്രിമെന്റ്റ് രണ്ടു വര്‍ഷത്തേയ്ക്ക് തടഞ്ഞു കൊണ്ടുള്ള അടുത്ത ശിക്ഷ നടപടി. ഇതിനെ കുറിച്ചു ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ അറിയുന്ന ബീരാന്‍കുട്ടി കൂട്ടുകാരനോട് പറഞ്ഞതിങ്ങനെ: ദ മോര്‍ ദ പ്ലെഷര്‍ , ദ ലെസ്സര്‍ ദ പെനാല്‍റ്റി വില്‍ ബി! മദ്യ നിരോധനം നടപ്പാക്കിയ സര്‍ക്കാരിനോട് ബീരാന്‍കുട്ടി ഏറെ കടപ്പെട്ടിരിയ്ക്കുന്നു. ബീരാന്‍ കുട്ടിയുടെ മൊബൈല്‍ നമ്പര്‍ അറിയാത്ത ഒരൊറ്റ മദ്യപാനിയും ആ ടൌന്‍ ഷിപ്പിലോ പരിസരത്തോ ഉണ്ടായിരുന്നില്ല പോലും! ആവശ്യപ്പെട്ട ബ്രാന്‍ഡ് ആവശ്യപ്പെട്ട സമയത്തു, ആവശ്യപ്പെട്ട സ്ഥലത്തു എത്തിച്ചു കൊടുക്കാനുള്ള ബീരന്കുട്ടിയുടെ പ്രാവീണ്യം , ഔദ്യോഗിക ജീവിതത്തില്‍ അല്പമെങ്കിലും പ്രകടമായിരുന്നെങ്കില്‍ ഈ രാജ്യം എപ്പോഴോ നന്നായേനെ! ഇരുനൂറ്റമ്പത് മില്ലി പട്ട ചാരായം ഒറ്റയടിയ്ക്ക് വിഴുങ്ങി ദിനേശ് ബീഡി ആഞ്ഞു വലിച്ചു പുക വിടുന്ന ബീഡി ബീരാന്‍ , താനത്രേ ഗാന്ധിജിയുടെ യഥാര്‍ത്ഥ അനുയായി എന്ന് ലഹരിയുടെ മൂര്‍ധന്യത്തില്‍ പ്രസംഗിയ്ക്കുക പതിവാണ് . ബീരാന്‍ കുട്ടിയുടെ സുന്ദരി ആയ ഭാര്യയെ കുറിച്ചോ മനോഹരികളായ അഞ്ചു പെണ്മക്കളെ കുറിച്ചോ ആര്‍ക്കും പക്ഷെ വിവരം ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യയുടെ കെട്ട് താലി വരെ ബീരാന്‍കുട്ടി പണയപ്പെടുത്തി ഇരിയ്ക്കയാനെന്നും അതിനെ ചൊല്ലി വീട്ടില്‍ നിത്യവും അടിപിടി ആണെന്നും ബീരന്കുട്ടിയുടെ അടുത്ത സുഹൃത്തുക്കള്‍ മാത്രം പറഞ്ഞറിഞ്ഞു. പൈസ ദുര്‍വ്യയം ചെയ്യാതെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും മല്‍സ്യമോ മാംസമോ വാങ്ങി കൊടുക്കാന്‍ ഉപദേശിച്ച സുഹൃത്തിനോട് ബീരാന്‍കുട്ടി ഈ വിധം മൊഴിഞ്ഞത്രെ: "മല്‍സ്യ മാംസങ്ങളിലെ കൊഴുപ്പ്‌ പെണ്ണുങ്ങളെ കഴിപ്പിയ്ക്കരുത്. കൊഴുപ്പ്‌ അകത്തു ചെന്നാല്‍ അവറ്റകള്‍ തുടല്‍ പൊട്ടിച്ചു വെളിയില്‍ ചാടും, പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിയ്ക്കണം! " പൊന്നാനിയിലെ ഒരു സമ്പന്ന മുസ്ലിം കുടുംബത്തില്‍ പിറന്ന ബീരന്കുട്ടിയുടെ കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ ആണ് ഒരു രാത്രിയില്‍ വീട്ടില്‍നിന്നു ഒളിച്ചോടാന്‍ നിര്‍ബന്ധിച്ചതെന്നും പിന്നീടുള്ള സാഹചര്യങ്ങള്‍ ആണ് ബീരാന്‍ കുട്ടിയെ ബീഡി ബീരാന്‍ ആക്കി മാറ്റിയതെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും മുപ്പത്തിനാല് വര്‍ഷത്തെ സര്‍കാര്‍ സേവനത്തില്‍ എട്ടു തവണ സസ്പെന്‍ഷന്‍ കിട്ടിയതായും , മൂന്നു തവണ താഴ്‌ന്ന തസ്തികയിലേയ്ക്ക് തരം താഴ്ത്തിയതായും മറ്റു പല കാരണങ്ങള്‍ക്കായി പത്തു തവണ മെമോ ലഭിച്ചതായും ബീരന്കുട്ടിയുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നു. നാളെയാണ് ബീരാന്‍കുട്ടി ഔദ്യോഗിക ജീവിതത്തിനോട് വിട ചൊല്ലുന്നത്. വകുപ്പ് മേധാവിയുടെ പേരില്‍ എഴുതി തയ്യാറാക്കിയ പ്രശംസ പത്രം ഇങ്ങനെ അവസാനിച്ചു: " മുപ്പത്താറ് വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിയ്ക്കുന്ന പ്രിയ്യങ്കരനായ ശ്രീ ബീരാന്‍കുട്ടി അവര്‍കള്‍ നമ്മുടെ സ്ഥാപനത്തിന് തന്നെ ഒരു മാതൃകയാണ്. അദ്ദേഹത്തിന്‍റെ കറ കളഞ്ഞ വ്യക്തിത്വവും സേവന തല്പ്പരതയും , ജോലി ചെയ്യുന്ന സ്ഥാപനത്തോടുള്ള അര്‍പ്പണ മനോഭാവവും എല്ലാവര്‍ക്കും മാതൃക ആക്കാവുന്നതാണ്. നമ്മുടെ സ്ഥാപനത്തിന്റെ അഭിവൃദ്ധിയ്ക്കായി അദ്ദേഹം ചെയ്ത സേവനങ്ങളെ നമുക്കു നന്ദിയോടെ സ്മരിയ്ക്കം. അദ്ദേഹത്തിനും കുടുംബത്തിനും ശാന്തിയുടെയും സമാധാനത്തിന്‍റെയും നല്ല നാളുകള്‍ നമുക്കു നേരാം. നന്ദി!"
യെസ് , മിസ്റ്റര്‍ ബീരാന്‍കുട്ടി ഈസ് റീ ട്ടയരിംഗ് ഫ്രം സര്‍വീസ്.

ശനിയാഴ്‌ച, ഒക്‌ടോബർ 04, 2008

ഒരു സാങ്കല്‍പ്പിക സംവാദം






ഹലോ, ഹലോ... ക്യാന്‍ ടാക് ടു രത്തന്‍ ടാറ്റ? ദിസ് ഈസ്‌ ഫ്രം ദ ഓഫീസ് ഓഫ് കേരള ചീഫ് മിനിസ്റ്റെര്‍ വി എസ് അച്ചുതാനന്ദന്‍.



വളരെ നല്ലത്. ടാറ്റ സര്‍ ഒരു മീറ്റിംഗില്‍ ആണല്ലോ.

വാട്ട് എ സര്‍പ്രൈസ്! ടാറ്റയുടെ ഓഫീസിലും മലയാളി !


അതെ, ഞാന്‍ രത്തന്‍ സാറിന്‍റെ സെക്രട്ടറി ആണ്. അദ്ദേഹം ഫ്രീ ആയാല്‍ ഞാന്‍ അങ്ങോട്ട് വിളിപ്പിയ്ക്കാം.

............




.........




സാര്‍, മിസ്റ്റര്‍ രത്തന്‍ ടാറ്റ ലൈനില്‍:
മിസ്റ്റര്‍ ടാറ്റ, ലാല്‍ സലാം , നിങ്ങള്‍ ബംഗാളിനോട് ടാറ്റ പറഞ്ഞു എന്ന് കേട്ടു, ശരി ആണോ?

യെസ് മിസ്റ്റര്‍ സി എം.

വളരെ കഷ്ടമായി പോയി മിസ്റ്റര്‍ ടാറ്റ. മമതയുടെ നിലപാടിനെ ഞങ്ങള്‍ ശക്തമായി അപലപിയ്ക്കുന്നു.

ഓക്കേ മിസ്റ്റര്‍ സി എം. ഇതു പറയാനാണോ ഇപ്പോള്‍ വിളിച്ചത്?

അല്ലെ അല്ല! നിങ്ങളെ ഞങ്ങള്‍ ഇങ്ങോട്ട് ക്ഷണിയ്ക്കാന്‍ വിളിച്ചതാണ്. ഇവിടെ ഇഷ്ടം പോലെ സ്ഥലം ഉണ്ട്, കാറല്ല, തീവണ്ടി വരെ ഉണ്ടാക്കാനുള്ള മനുഷ്യ ശക്തി ഉണ്ട്. അങ്ങേയ്ക്ക് സ്വാഗതം!

സോറി മിസ്റ്റര്‍ സി എം. കേരളം എന്ന് കേട്ടാലെ ഞങ്ങള്‍ ബിസിനെസ്സ്കാര്‍ക്ക് ഭയം ആണ്. കേരളത്തില്‍ വരുന്നതിനെ കുറിച്ചു ചിന്തിയ്ക്കാന്‍ കൂടി വയ്യ.

മിസ്റ്റര്‍ ടാറ്റ, അതെല്ലാം ഈ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഞങ്ങള്‍ കേരളീയര്‍ സമാധാനം കാംഷിയ്ക്കുന്നവരാണ്. വ്യവസായ വികസനം ഞങ്ങളുടെ അജണ്ടയിലെ മുഖ്യ ഇനമാണ്.

മിസ്റ്റര്‍ സി എം. ഞാന്‍ സ്വല്പം തിരക്കിലാണ്. ഞങ്ങള്‍ നാനോയെ പറിച്ചു നടാനുള്ള ഒരു തീവ്ര ശ്രമത്തിലാണിപ്പോള്‍. അതിന് ശേഷം ഞാന്‍ താങ്കളെ വിളിയ്ക്കാം.

വെയിറ്റ് വെയിറ്റ് മിസ്റ്റര്‍ ടാറ്റ , അങ്ങനങ്ങ് പോയാലോ? ഒരു റീ തിങ്കിങ്ങ് ആയി കൂടെ? ഞങ്ങള്‍ ഒരു ആകര്‍ഷകമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ലാന്‍ഡ്‌ ഏറ്റെടുക്കേണ്ട ആവശ്യമേ ഇല്ല. ഏക്കറു കണക്കിന് ഭൂമി ഞങ്ങളുടെ കൈവശം കിടക്കുന്നുണ്ട്‌.


സി എം സര്‍, അങ്ങ് മൂന്നാറില്‍ ഉള്ള ഭൂമി ആണോ ഉദ്ദ്യേശിച്ചത്? അത് ഞങ്ങള്‍ക്ക് വേണ്ടായെ! വെറുതെ തന്നാലും വേണ്ട സഖാവെ!



ഹലോ മിസ്റ്റര്‍ അത് നിങ്ങളുടെ തന്നെ ഭൂമി ആണ്. ഞങ്ങള്‍ നിങ്ങളുടെതെന്നും നിങ്ങള്‍ നിങ്ങളുടെതല്ലെന്നും പറയുന്ന ഭൂമി. നിങ്ങളുടെ ചായ തോട്ടത്തിന് അടുത്താണീ സ്ഥലം. ഒരു വെടിയ്ക്ക് രണ്ടു പക്ഷി.


ഇതൊക്കെ തന്നെ ആയിരുന്നു നിങ്ങളുടെ ബുദ്ധദേവ് സഖാവും തുടക്കത്തില്‍ പറഞ്ഞതു. എന്നിട്ട് ഇപ്പൊ എന്തായി? വിളിച്ചു വരുത്തി അപമാനിയ്ക്കരുത് സഖാവെ, ആരും തന്നെ.



മിസ്റ്റര്‍ ടാറ്റ നിങ്ങള്‍ എന്തെക്കെയോ തെറ്റി ധാരണയുടെ പുറത്താണ് സംസാരിയ്ക്കുന്നത്. ബംഗാള്‍ അല്ല കേരളം, ഇതു ദൈവത്തിന്‍റെ സ്വന്തം നാടാണ്. ഇവിടുത്തെ ജനങ്ങള്‍ നൂറു ശതമാനം സാക്ഷരരാണ്. ഞങ്ങള്‍ വിദ്യാ സമ്പന്നരും ഉയര്‍ന്ന ചിന്താ ഗതിയും ഉള്ള ഒരു ജനതയാണ്. കേരളത്തില്‍ ടാറ്റയുടെ ഒരു വ്യവസായം തുടങ്ങുക എന്നത് നിങ്ങള്‍ക്ക് തന്നെ അഭിമാനത്തിന് വക നല്കുന്ന ഒരു കാര്യമാണ് മിസ്റ്റര്‍ ടാറ്റ.


ഓക്കേ മിസ്റ്റര്‍ സി എം. അങ്ങയുടെ വാക്കുകള്‍ ഞാന്‍ വിശ്വസിയ്ക്കുന്നു. ബഹുമാന്യനായ അങ്ങയുടെ നീരസത്തിനു പാത്രമാവാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല . ഒരൊറ്റ ഉപാധിയില്‍ കേരളത്തില്‍ നാനോ പ്രൊജക്റ്റ്‌ തുടങ്ങാന്‍ ഞാന്‍ തയ്യാറാണ്. ഒരു മാസത്തില്‍ ചുരുങ്ങിയത് ഇരുപതു ദിവസം ബന്ദ് വിമുക്ത ഹര്‍ത്താല്‍ വിമുക്ത ജോലി ദിവസങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ അങ്ങ് തയ്യാറാണോ? ................ ഹലോ മിസ്റ്റര്‍ സി എം ...... ഹലോ ........ഹലോ.... ആര്‍ യു ഹിയറിംഗ് മി? ഹലോ.........ഹലോ......

സെക്രട്ടറി : സര്‍, ദ ലൈന്‍ ഗോട്ട് കട്ട്. ഷാള്‍ ഐ പുട്ട് ദ സി എം ഓണ്‍ ലൈന്‍ എഗൈന്‍ ?

ഡോണ്ട് വറി , ഹി വില്‍ നോട്ട് ട്രബിള്‍ അസ്‌ എനി മോര്‍!









തിങ്കളാഴ്‌ച, സെപ്റ്റംബർ 29, 2008

കാമിനി മൂലം..........






തിംഗ് ഓഫ് ബ്യൂട്ടി ഇസ് എ ജോയ് ഫോര്‍ എവര്‍. ഇതൊരു പ്രപഞ്ച സത്യം ആണ്. ഉമ്മ ആണേ അതില്‍ അപ്പുറം ഒന്നും ചിന്തിച്ചിട്ടേ ഇല്ല. അള്ളാഹു സത്യം. അല്ലെങ്കിലെ നൂറു കൂട്ടം പ്രശ്നങ്ങള്‍ ആണ് തലയില്‍. ഇനി ഇപ്പൊ സാറ പൈലിന്‍ ആയി അടുത്ത കുരിശ്‌ . ഈ പത്രക്കാര്‍ക്ക് വേറെ ജ്വോലികള് ഒന്നും ഇല്ലെടെ അപ്പി? കാണാന്‍ കൊള്ളാവുന്ന ഒരു മദാമ്മ. അവരെ കണ്ടപ്പോള്‍ ഒന്നു കൈ കൊടുത്തു. ഒരു ധൃത രാഷ്ട്ര മോഡല്‍ കെട്ടി പിടുത്തം ആയിരുന്നു മനസ്സില്‍. ആ സെക്യൂരിറ്റി കള്ള കഴുവേറി സമ്മതിച്ചിട്ട് വേണ്ടേ? ഇതു പണ്ടാരാണ്ട് പറഞ്ഞ പോലെ ...... തൊട്ടിട്ടു .......... കേക്കുന്ന പോലെ ആയി. അമേരിയ്ക്കയുടെ അല്ല ഇനി ഇപ്പൊ വൈകുണ്ടതിന്റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ആയാലും പെണ്ണ് പെണ്ണ് തന്നെ അല്ലെ? ആയ കാലത്ത് ഒന്നും നേടാന്‍ കഴിഞ്ഞില്ല. ലണ്ടനിലെ പഠിപ്പ് കഴിഞ്ഞതും തുടങ്ങിയത് ആണ് കച്ചവടം. ബിസിനസ്സ് വലുതാക്കി വലുതാക്കി നാല് തലമുറയ്ക്കുള്ളത് സമ്പാദിച്ചു. അതിന്‍റെ ഇടയില്‍ ഒരു നിക്കാഹും തരപ്പെടുത്തി. രണ്ടു കിടാങ്ങളും ആയി. കെട്ടിയവള്‍ ജ്വോലികള് ഉള്ള കുടുംബത്തിലെ ആയിരുന്നു. പ്രധാന മന്ത്രി ടെ തൊഴില്‍ ആയിരുന്നു രണ്ടാം പകുതിയ്ക്ക്. എപ്പോ നോക്കിയാലും തിരക്ക്. ഒറ്റയ്ക്ക് ഒന്നു കാണണമെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന അവസ്ഥ വന്നു. സാറ അച്ചായത്തി പോലെ സ്ലിം ബ്യൂട്ടി ആയിരുന്നില്ല. ഫാറ്റ് ബ്യൂട്ടി ആയിരുന്നു. നമ്മടെ പെടാപ്പാട് പടച്ചോന്‍ മനസ്സില്‍ കണ്ടു തോന്നുന്നു. മന്ത്രി സഭ പിരിച്ചു വിട്ടു കുടുംബത്ത് പോയി പത്തിരി ഇറച്ചി ഉണ്ടാക്കി കെട്ട്യോനെയും പിള്ളാരെയും നോക്കാന്‍ പ്രസിഡന്‍റ് ഉത്തരവ് ഇറക്കി. വീട്ടില്‍ ഇരുന്നു രണ്ടു ദിവസം കഴിഞ്ഞില്ല , പോലീസ് വന്നു കൈയ്യില്‍ വിലങ്ങു വെയ്ക്കുന്നു. അളിയച്ചാരെ കൊല്ലാന്‍ നമ്മള്‍ ഗൂഢാലോചന നടത്തി പോലും. പിന്നെ കുറെ കാലം കൊതുകിന്റെം മൂട്ടയുടെയും ഒപ്പം കാരാഗ്രഹത്തില്‍. കലികാല വൈഭവം! വ്യത്യസ്ത തവണകളായി മൂന്നു നാല് കൊല്ലം ജയില്‍ വാസം. പീഡനങ്ങള്‍ കുറെ സഹിച്ചു, മുഷറഫ് അണ്ണന്റെ പോലീസ് നല്ല പോലെ പെരുമാറി. ഒരു വിധം പുറത്തു ചാടിയപ്പോഴെയ്ക്കും കാഴ്ച ശക്തിയും ഓര്‍മ ശക്തിയുമെല്ലാം കുറേശ്ശെ മങ്ങാന്‍ തുടങ്ങി. കുട്ടികളെയും എന്നെയും വഴി ആധാരമാക്കി ഓളും പോയി പരലോകത്തേയ്ക്ക്. അതിന്നിടയില്‍ മുഷറഫ് അണ്ണനെ എല്ലാവരും കൂടി നാടു കടത്തി. ഇപ്പൊ കറാച്ചിയിലോ മറ്റോ മത്തി വിറ്റ് ജീവിയ്ക്കുകയാണ് എന്ന് ആരോ പറഞ്ഞറിഞ്ഞു. നമ്മള് പ്രസിഡന്റും ആയി. അതൊന്നു ആഘോഷിയ്ക്കാന്‍ അമേരിയ്ക്കയില്‍ പോയതായിരുന്നു. അപ്പോഴാണ്‌ ഈ പുത്തന്‍ കുരിശ്. ന്‍റെ റബ്ബേ...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 19, 2008

ഹരി നാരായണീയം


രണ്ടാമത്തെ പെഗ്ഗ് കൂടി ഉള്ളില്‍ ചെന്നതിനു ശേഷമാണ് സാധാരണ ഗതിയില്‍ ഹരി നാരായണന്‍ നമ്പൂതിരിയിലെ കവി പുറത്തു വരിക. ചങ്ങമ്പുഴയുടെ മനസ്വിനിയില്‍ തുടങ്ങി മധുസൂദനന്‍ നായരുടെ നാറാണത്ത്‌ ഭ്രാന്തനിലെത്തുംബോഴേക്കും , ഹരിനാരായണന്‍ എന്ന മുതലയും ഞാനും കൂടി ഒരു മുഴു കുപ്പി കാലി ആക്കി ഉണ്ടാവും. പിന്നെ കുറെ ഹരി നാരായണ ഫലിതങ്ങള്‍ ...... പണ്ടു പൂജ ചെയ്ത അമ്പലങ്ങളിലെ സ്ത്രീ സന്ദര്‍ശകരെ കുറിച്ചുള്ള വര്‍ണനകള്‍.... ഹരി നാരായണന്‍ മരിച്ചിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞിരിക്കുന്നു. യുവത്വം കത്തി നിന്ന ആ പഴയ നാളുകള്‍ ഇപ്പോഴും മനസ്സിന്‍റെ ഏതൊക്കെയോ കോണുകളില്‍ വിങ്ങലുകള്‍ സൃഷ്ടിക്കുന്നു. പ്രാരാബ്ധങ്ങളും വേവലാതികളും ഇല്ലാത്ത ഒരു കാലം. ഭാര്യ, ആസ്പത്രി, കുട്ടികള്‍, സ്കൂള്‍, പഠനം...... എല്ലാം അന്ന് അന്യമായിരുന്നല്ലോ? ഓഫീസിലെ എട്ടു- പത്തു മണിക്കൂര്‍ നീണ്ട പിരിമുറക്കം അയയ്ക്കുന്നത്, ഹരി നാരായണനുമായി ചിലവഴിക്കുന്ന സായാഹ്നങ്ങളിലായിരുന്നു. വാതാപി ഗണപതിയും കൊടുങ്ങല്ലൂര്‍ ഭരണി കീര്‍ത്തനങ്ങളും മനോഹരമായ ഈണത്തില്‍ പാടുന്ന ഹരിനാരായണന്‍ എന്ന കലാകാരനെ മദ്യം ക്രമേണ കീഴ്പ്പെടുത്തുക ആയിരുന്നു. നിര്‍മാല്യം തൊഴുവാന്‍വരുന്ന വലിയ കണ്ണുള്ള പാവാടക്കാരിയെ കുറിച്ചും തടിച്ച കുലീന ആയ വീട്ടമ്മയെ കുറിച്ചും ഹരിനാരായണന്‍ ഒരു കാഥികന്റെ സ്വത സിദ്ധമായ ശൈലിയില്‍ വര്‍ണിക്കുമ്പോള്‍ പണ്ടു കണ്ടു ആസ്വദിച്ച എത്ര എത്ര മദന സുന്ദരിമാരുടെ മുഖം എന്‍റെ മനസ്സില്‍ ഉള്‍പ്പുളകം ഉണ്ടാക്കിയില്ല! കമ്പനി ആവശ്യാര്‍ത്ഥം സ്ഥലം മാറി പോയ ഹരി നാരായണനെ കുറിച്ചു പിന്നീട് ഒരറിവും ഉണ്ടായില്ല. മദ്യപാനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയെന്നും ഹരിനാരായണന്‍ വിവാഹിതനായെന്നും ആരൊക്കെയോ പറഞ്ഞറിഞ്ഞു. കുറെ മാസങ്ങള്‍ക്കു ശേഷം ഹരി നാരായണന്റെ വടിവൊത്ത കൈപ്പടയില്‍ ഒരു കത്ത് ലഭിച്ചു. വിവാഹ കാര്യം അറിയിക്കാത്തത്തില്‍ ക്ഷമാപണത്തോടെ തുടങ്ങിയ കത്തില്‍ ലൌകിക ജീവിതത്തിന്‍റെ ക്ഷണികത യെ കുറിച്ചും കുടുംബ -സ്നേഹ ബന്ധങ്ങളുടെ വ്യര്‍ഥതയെ കുറിച്ചും അവന്‍ വാചാലനായിരുന്നു. തന്‍റെ മരണം ഏത് നിമിഷവും ഉണ്ടാകാമെന്നും മരണത്തിനു മുമ്പു ഒരിയ്ക്കല്‍ കൂടി എന്നോടൊപ്പമിരുന്നു മഞ്ഞ തെച്ചി പൂങ്കുല പോലെ......... പാടാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ കത്തിലെഴുതി. തിരക്കിട്ട ഔദ്യോഗിക - കുടുംബ ജീവിതത്തിനിടയില്‍ കൂട്ടുകാരന്റെ അന്ത്യാഭിലാഷത്തിനു വഴങ്ങി കൊടുക്കാന്‍ എന്നിലെ സ്വാര്‍ത്ഥന്‍ തയ്യാറായില്ല. പിന്നീടെപ്പോഴോ ഞങ്ങളുടെ ബന്ധം അറിയാവുന്ന ഒരു സുഹൃത്ത് ടെലിഫോണ്‍ വഴി അറിയിച്ചു; ഹരിനാരായണന്‍ മരിച്ചു പോയെന്നും അവന്‍റെ നിരാലംബയായ ഭാര്യയും കുട്ടികളും നാട്ടിലേയ്ക്ക് തിരിച്ചു പോയെന്നും. .....
മദ്യത്തില്‍ തുടങ്ങിയ ബന്ധം മദ്ധ്യേ ഉപേക്ഷിച്ചു പോയ എന്‍റെ തോഴാ... .. ഈ മദ്യപാനിക്ക് മാപ്പു തരു......

ബുധനാഴ്‌ച, സെപ്റ്റംബർ 10, 2008

കുറച്ചു മധു(ര) സ്മരണകള്‍


അങ്ങനെ പറഞ്ഞു പറഞ്ഞു നാളെ ഓണമായി. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോകുന്നത്? കഴിഞ്ഞ തിരുവോണത്തിന് ഡയാന ബാറില്‍ വെച്ചു വാള് വെച്ചത് ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. കൂട്ടുകാരനും ഒന്നിച്ചു ഓണാഘോഷത്തിനു പോയതായിരുന്നു ബാറില്‍. ഒരു പൈന്റില്‍ തുടങ്ങി ഫുള്ളില്‍ എത്തിയപ്പോഴേ പറഞ്ഞതായിരുന്നു ചങ്ങാതിയോട്‌, അവസാനിപ്പിയ്ക്കാന്‍. വീപ്പകുറ്റി ! പറഞ്ഞാല്‍ കേള്‍ക്കേണ്ടേ? അവസാനം വാള് വെച്ചത് ഞാനും. മോശമായിപോയി. കുടിച്ച ബ്രാണ്ടിയും, തിന്ന പോത്തും എല്ലാം നിമിഷനേരം കൊണ്ടു വെളിയില്‍. മെല്ലെ തല ഒന്നു പെരുത്ത്‌ വന്നതായിരുന്നു. എല്ലാം കുളമാക്കി. അന്ന് വിചാരിച്ചതാണ് ഇനി ഒരിയ്കലും ബ്രാന്റ് മാറി കഴിയ്ക്കില്ല എന്ന്. കഴിഞ്ഞ ഒരു കൊല്ലമായി അന്നെടുത്ത തീരുമാനം കൃത്യമായി പാലിയ്ക്കുന്നു. വിസ്കി ആണെന്കില്‍ വിസ്കി മാത്രം, ബ്രാണ്ടി ആണെന്കില്‍ ബ്രാണ്ടി, റം എങ്കില്‍ ഒണ്‍ലി റം , കണിശമായും നോ ബ്രാന്‍ഡ് ചേഞ്ച്‌. ഈയിടെ ഒരു ചങ്ങാതി ഉപദേശിച്ചു നിനക്കിതൊന്നു നിര്‍ത്തികൂടെ എന്ന്. വിവരദോഷി! രണ്ടു ലാര്‍ജ് അടിച്ച് ഒരു കോഴിക്കാലും കടിച്ചു അതിനും മേലെ ഒരു വില്‍സും കൊളുത്തി ആ പുക വിട്ടിരിയ്ക്കുന്ന ആ ഒരു ഒരു സുഖം ഉണ്ടല്ലോ ......... അതത്രേ പരമാനന്ദം. ഈ പച്ചക്കറികള്‍ക്ക് ഇതു വല്ലതും പറഞ്ഞാല്‍ ഉണ്ടോ മനസ്സിലാവുന്നു? എഭ്യന്മാര്‍! പക്ഷെ അന്ന് അടിച്ച ഐറ്റം അത്ര സുഖമുള്ളതായിരുന്നില്ല. എന്തോ ഒരു പന്തികേട്‌. ഒറിജിനല്‍ ഇനം അല്ലെന്നു തോന്നി. പിറ്റേന്ന് രാവിലെ മുഴുവന്‍ തലവേദന ആയിരുന്നു. വിശ്വസിച്ചിട്ടു ഒരു കള്ളും കുടിയ്ക്കാന്‍ പറ്റാത്ത അവസ്ഥ ആയിരിയ്ക്കുന്നു. കണ്ണ് പൊട്ടാത്തത്‌ കടവുള്‍ സഹായം. കുടിയ്ക്കുന്ന കള്ളില്‍ മായം, കാണുന്ന സിനിമയില്‍ മായം.... ലോകം മായമയം! അന്ന് ബാറില്‍ നിന്നിറങ്ങി നേരെ വിട്ടത് ഷക്കീല ചേച്ചിടെ പടം കളിയ്ക്കുന്ന ഒരു കൊട്ടകയിലെയ്ക്കായിരുന്നു. സിനിമ പരസ്യത്തിലെ ചേച്ചിമാരുടെ നിമ്ന്നോതങ്ങള്‍ മനസ്സില്‍ ഓര്‍ത്തു കൊണ്ടാണ് തിയെട്ടരിനുള്ളില്‍ പ്രവേശിച്ചത്‌. മണിക്കൂര്‍ ഒന്നു.... രണ്ടു.... ഹൃദയമിടിപ്പ്‌ ഇരട്ടി ആയി. ഗോവിന്ദ! മുപ്പതു രൂപ വേസ്റ്റ് ആയതു മിച്ചം. ഒരു ലാര്‍ജിന്റെ പൈസ വെറുതെ കളഞ്ഞു, കഷ്ടം! പരസ്യത്തിനു വിരുദ്ധമായി സിനിമ കാണിയ്ക്കുന്നവരെയും മായം ചേര്‍ത്ത മദ്യം വിളംബുന്നവരെയും മുക്കാലിയില്‍ കെട്ടി അടിയ്ക്കണം. എന്നാലെ ഇവന്മാരൊക്കെ ഒരു പാഠം പഠിയ്ക്കുക ഉള്ളു. സംസ്കാര ശൂന്യര്‍!

ഞായറാഴ്‌ച, സെപ്റ്റംബർ 07, 2008

ചീന ഭാരതം

"സോവിയറ്റ് എന്നൊരു നാടുണ്ടത്രേ, കാണാന്‍ കഴിഞ്ഞെന്കില്‍ എന്ത് ഭാഗ്യം!" അധ്വാന വര്‍ഗ്ഗത്തിന്റെ ആശ കേന്ദ്രം, പാവപ്പെട്ടവന്റെ സ്വര്‍ഗം.... എന്തൊക്കെ ആയിരുന്നു പഴയ ആ മഹാനാടിനെ കുറിച്ചുള്ള ഭാവനകള്‍? വിപ്ലവകാവ്യങ്ങള്‍ എത്ര എത്ര എഴുതപ്പെട്ടു? അന്ന് തുടങ്ങിയതായിരുന്നു ആ നാടിനോടുള്ള മതിപ്പ്‌. മതിപ്പ്‌ കൂടി കൂടി അവിടെ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിയ്ക്കുന്നത് വരെ ശീലമായി. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ? അത് സോവിയറ്റ് യൂണിയന്റെ ചുടല വരെ എത്തിച്ചു. കറക്റ്റ് സമയത്തിന് കുടപിടി നിര്‍ത്തിയില്ലായിരുന്നെന്കില്‍ ഇപ്പോള്‍ വടി പിടിച്ചേനെ! ഒന്നിന് പകരം പതിനഞ്ചു കുട ആണ് പിടിയ്ക്കേണ്ടി വരിക (സോവിയറ്റ് യൂനിണ്‍ പതിനഞ്ചു കഷണം ആയി എന്നാണ് ഓര്‍മ) . ഇപ്പോള്‍ ഇങ്ങു അപ്പുറത്ത് ചീനയില്‍ മഴ പെയ്യുംബോഴേ പ്രശ്നമുള്ളൂ. എങ്കിലും എന്താ ഒരൊറ്റ കുട പിടിച്ചാല്‍ പോരെ? . മിടുക്കന്മാരാണ് ചൈനക്കാര്‍. സാമ്രാജ്യത്വത്തിന് എതിരെ നേര്‍ക്ക്‌ നേര്‍ പൊരുതാന്‍ ഇന്നീ ലോകത്തില്‍ വേറെ ആരുണ്ട്‌ സഖാവെ? കഴിഞ്ഞ ഒളിമ്പിക്സിലെ ചീനയുടെ പ്രകടനം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. ആഗോള മുതലാളിത്തവും സാമ്രജ്വത്വ കിന്കരന്മാരും, പുത്തന്‍ ബൂര്‍ഷ്വാസിയും ഒത്തൊരുമിച്ചു എതിര്‍ത്തിട്ടും നമ്മളെ തോല്പ്പിയ്ക്കാന്‍ പറ്റിയോ? അവരാണ് അവരാണ് ഈ ഞങ്ങള്‍ ചൈനക്കാര്‍! ഇടയില്‍ കേറി വെടി വെയ്ക്കാനും ഗുസ്തി പിടിയ്ക്കാനും രണ്ടു മൂന്നു ഇന്ത്യന്‍ ബൂര്‍ഷ്വാസിയും ഉണ്ടായിരുന്നു. സാമ്രാജ്യത്വത്തിന് വിടുവേല ചെയ്യുന്ന ഇന്ത്യന്‍ ദല്ലാളന്മാര്‍. യാങ്കിപ്പടയുമായിട്ടുള്ള ചങ്ങാത്തം ഈയിടെ കുറച്ചു കൂടുന്നുണ്ട്. ഇപ്പോള്‍ എന്തിനും ഏതിനും അമേരിയ്ക്കയാണ് സഹായി. അവരുമായിട്ടുള്ള കരണ്ട് കച്ചവടം പൂട്ടാന്‍ ഇവിടെ നമ്മള്‍ പഠിച്ച പണി പതിനെട്ടും നോക്കി, കണ്ണുരുട്ടി കാണിച്ചു, കസേര വലിച്ചു, പറശ്ശിനിക്കടവ് മുത്തപ്പന് കള്ളും കപ്പയും നേര്ച്ച നേര്‍ന്നു... തന്ത്രങ്ങള്‍ എല്ലാം പാളി. സാം അമ്മാവന്‍ ആരാ മോന്‍? കുറ്റം പറയരുതല്ലോ? വിയന്നയില്‍ ചീനന്‍ സഖാവ് ശ്ശി ശ്രമിച്ചതാണ് കരണ്ട് കമ്പനി പൂട്ടിയ്ക്കാന്‍. സഖാവിനും ഉണ്ടാവില്ലേ ആശങ്ക ? നാളെ ഈ ബൂര്‍ഷ്വാ കമ്പനികള്‍ എല്ലാം ഒന്നായി കൂട്ട് കച്ചവടം ആരംഭിച്ചാല്‍ ചീനന്‍ സഖാവ് എന്തോന്ന് ചെയ്യും? ആഗോള വിപണി കുത്തക മുതലാളിമാരുടെ നിയന്ത്രണത്തില്‍ ആകരുതെന്നല്ലേ ഏതൊരു കമ്മ്യൂണിസ്റ്റ് കാരനും ആഗ്രഹിയ്ക്കുക? ഇന്നു ന്യൂക്ലിയര്‍ വെപ്പോന്‍സ് സ്റ്റേറ്റ്സ് ക്ലബ്ബില്‍ അംഗത്വം, നാളെ ജി- എട്ടില്‍ അംഗത്വം, പിന്നെ യു എന്‍ സുരക്ഷസമിതിയിലും അംഗത്വം കൂടി ഈ സാം അമ്മാവനും കൂട്ടാളികളും കൂടി ഇന്ത്യയ്ക്ക് വാങ്ങി കൊടുക്കില്ല എന്നാരു കണ്ടു? ഇന്ത്യന്‍ ബൂര്‍ഷ്വാസി സുരക്ഷസമിതിയില്‍ ചീനന്‍ സഖാവിനു ഒപ്പം ഇരിക്ക്യെ? ശിവ ശിവ! നമ്മുടെ കൊക്കിനു ജീവനുള്ള കാലത്തോളം അത് നടപ്പില്ല. സാമ്രാജ്യത്വ ശക്തികളില്‍ നിന്നു കരണ്ടിനുള്ള ഇന്ധനം വാങ്ങരുത്, കൊടുക്കരുത്‌. ഇന്ത്യ കുത്ത് പാള എടുത്താലും സഖാവ് ചീനന്‍ നന്നായാല്‍ മതി! സഖാവ് ചീനന്‍ കീ ജയ്!

വ്യാഴാഴ്‌ച, ഓഗസ്റ്റ് 28, 2008

ശാസ്ത്രജ്ഞര്‍ ഉണ്ടാവുന്നത്.



താടി പഞ്ഞി പോലെ നരച്ചിരിയ്ക്കണം, സോഡാ കുപ്പി മാതിരിയുള്ള കണ്ണട ധരിച്ചിരിയ്ക്കണം, സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് പടത്തിലെ ആളുകളെ പോലെ ചുണ്ടത്ത്എപ്പോഴും ഒരു സിഗരട്ട് കടിച്ചു പിടിയ്ക്കണം..... ഒരു ശാസ്ത്രജ്ഞന്‍ എന്ന് പറഞ്ഞാല്‍ ഇപ്പറഞ്ഞത്‌ എല്ലാം വേണം എന്നായിരുന്നു കുഞ്ഞു നാള്‍ മുതല്‍ക്കേ മനസ്സിലുള്ള ഒരു ധാരണ . അപ്രതീക്ഷിതമായി നഗരത്തിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞന്‍-ക ഗ്രേഡില്‍ നിയമനം ലഭിച്ചപ്പോള്‍ കുഞ്ഞികുട്ടന്‍ സ്വല്‍പ്പം അമ്പരക്കാതിരുന്നില്ല. ന്യൂട്ടനും ഐന്‍സ്ടീനും മാത്രമല്ല കാടാമ്പുഴ ഭഗവതി കനിഞ്ഞാല്‍ ഏത് കുഞ്ഞികുട്ടനും ശാസ്ത്രജ്ഞന്‍ ആകാമെന്ന് അപ്പോഴാണ്‌ അവന് ബോധ്യം വന്നത്. പരീക്ഷണ ശാല, ടെസ്റ്റ് ട്യൂബ്, ഹൈഡ്രോ ക്ലോറിക് ആസിഡ്, ബുദ്ധി, വിവേകം, കോമണ്‍ സെന്‍സ് ഇതൊന്നും ഇല്ലെങ്കിലും ശാസ്ത്രജ്ഞന്‍ - ഹ വരെ എത്തിയവരെ നേരില്‍ കണ്ടു മനസ്സിലാക്കിയപ്പോഴാണ് ശ്വാസം നേരെ വീണത്‌. ആപല്‍ ബാന്ധവ! അങ്ങ് കാത്തു! വളരാത്ത താടി വളര്‍ത്താന്‍ ആയുര്‍വേദ മരുന്ന് മസ്സാജിങ്ങും സിഗരട്ട് വലി തുടങ്ങാനുമുള്ള പദ്ധതി തല്ക്കാലം വേണ്ടെന്നു വെച്ചു. ഗവേഷണ ശാലയിലെ ചിട്ടവട്ടങ്ങള്‍ ക്രമേണ കുഞ്ഞികുട്ടന് ബോധ്യപ്പെട്ടു. സര്‍കാര്‍ ഓഫീസ് പോലെത്തന്നെ. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറ് വരെയാണ് സാധാരണ ഗവേഷണ സമയം. പ്രാരംഭ ഗവേഷണം ക്യാന്റീനില്‍ നടത്തി ഒരു പതിനൊന്നു മണിയോടെ ഗവേഷണ ശാലയില്‍ എത്തിയാല്‍ മതി. പിന്നെ കമ്പ്യുട്ടറില്‍ മെയില്‍ ഗവേഷണം .... ഇന്‍റര്‍നെറ്റ് ഗവേഷണം... ഈ കംപ്യുട്ടര്‍ എന്ന കുന്ത്രാണ്ടം ഇല്ലായിരുന്നെന്കില്‍ ഈ ശാസ്ത്രജ്ഞന്മാര്‍ എല്ലാം പണ്ടേ തട്ടിപോയേനെ! അത്രയ്ക്കും ബോറാണ് അളിയാ ഈ ഗവേഷണ ശാലയിലെ ജീവിതം. കുഞ്ഞികുട്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശാസ്ത്രജ്ഞന്‍-ഖ യുടെ അടുത്താണ്. ഖ അവധിയില്‍ പോയാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനാണ് ഉത്തരവ്. മീറ്റിങ്ങില്‍ പങ്കെടുക്കുകയാണ്‌ ഗവേഷണ ശാലയിലെ മുഖ്യ കലാപരിപാടി . ശാസ്ത്രജ്ഞന്‍-ഖ കിഴക്കമ്പലം ലുങ്കി കമ്പനിയുടെ പരസ്യം പോലെ ഒരു കിലോമീറ്റര്‍ നീളമുള്ള ഡ്രോയിംഗ് മേശപ്പുറത്തു വിരിയ്ക്കും. അതില്‍ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും അടയാളപ്പെടുത്തും. കുഞ്ഞികുട്ടനടക്കം മറ്റെല്ലാവരും അപ്പോള്‍ തലയാട്ടി ഹാ ജി! എന്ന് പറയണം. രണ്ടു സമോസയും ഓരോ ചായയും കുടിയ്ക്കണം. യോഗം പിരിച്ചുവിട്ടിരിയ്ക്കുന്നു! വീണ്ടും അടുത്ത നാള്‍. ഒരേ ഡ്രോയിംഗ്, ഒരേ വിഷയം, സമോസയ്ക്ക് പകരം ആലു ബോണ്ട. സംഗതി കുഞ്ഞികുട്ടന് പെരുത്തു ഇഷ്ട്ടായി . ഒരു സംശയം ഇപ്പോഴും ബാക്കി. ഈ ഗുരുത്വാകര്‍ഷണവും ഇ സമം എം സി സ്ക്വയര്‍ എല്ലാം ഉണ്ടായത് ഇങ്ങനെ സമോസയും ആലുവടയും വിഴിങ്ങിയിട്ടായിരിയ്ക്കുമോ? ആ.... എന്തിനീ അനാവശ്യ വിഷയങ്ങള്‍ ആലോചിച്ചു തല വേദന വരുത്തണം? തലച്ചോറ് എന്ന സാധനം തീരെ ഉപയോഗിയ്ക്കേണ്ട, മാസ അവസാനം കൈ നിറയെ പണം. ഇതില്‍ കൂടുതല്‍ എന്നെതാ വേണ്ടത്? സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിളയും ഗ്രാമം..... കുഞ്ഞികുട്ടനിലെ കവി ഉറക്കെ പാടി......

ചൊവ്വാഴ്ച, ഓഗസ്റ്റ് 26, 2008

വ്യവസായങ്ങളെ ടാറ്റ




പ്രിയപ്പെട്ട മമതാജി,
ഞങ്ങള്‍ കേരളീയര്‍ മമതജിയുടെ ഏറ്റവും പുതിയ സംരംഭമായ ടാറ്റയ്ക്ക് ടാറ്റ എന്ന കലാപരിപാടിയില്‍ അഭിമാന വിജ്രംഭിതരായിരിയ്ക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ദീദിയോടു ഞങ്ങള്‍ക്ക്‌ അസൂയ ആണ് തോന്നുന്നത്. ടാറ്റയെ പോലുള്ള ഒരു ബഹുരാഷ്ട്ര കുത്തകയെ ഞങ്ങളുടെ പാര്‍ട്ടിഭരിയ്ക്കുന്ന ബംഗാളില്‍ നിന്നു തൃണം കണക്കെ പിഴുതെറിയുക എന്ന് ഞങ്ങള്‍ കേരളീയരെ സംബന്ധിച്ചിടത്തോളം അസാധ്യവും അസംഭവ്യവും ആയിരുന്നു. എന്നാലും എന്‍റെ ചേച്ചി, നിങ്ങളെ സമ്മതിച്ചിരിയ്ക്കുന്നു. കുത്തക മുതലാളി, മൂരാച്ചി, ബൂര്‍ഷ്വാ എന്നീ പദങ്ങള്‍ ഞങ്ങള്‍ തൊഴിലിന്‍റെ ഭാഗമായി (വേറെ തൊഴില്‍ ഒന്നും ഇല്ലാത്ത കാരണം!) ഉപയോഗിയ്ക്കുമ്പോള്‍ ടാറ്റയുടെയും ബിര്‍ലയുടെയും ക്രൂരമായ മുഖമാണ് ഞങ്ങളുടെ മനസ്സില്‍ തെളിയുക. ആ ടാറ്റയെ ആണ് ചേച്ചി ഇപ്പോള്‍ മൂക്ക് കൊണ്ടു ക്ഷ മ്മ ക്ക ന്ന വരപ്പിയ്ക്കുന്നത്. ചേച്ചിയുടെ ഒരു ധൈര്യം ഓ! അപാരം തന്നെ! ശരിയ്ക്കും പറഞ്ഞാല്‍ ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിലെ ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടുക സമരത്തെ അനുസ്മരിപ്പിയ്ക്കുന്നു ചേച്ചിയുടെ ടാറ്റ യോടുള്ള ബംഗാള്‍ വിടുക സമരം. ഞങ്ങളുടെ ആള്‍ക്കാര്‍ അവിടെ ടാറ്റയുമായി സൌഹൃദത്തില്‍ ആണെന്നും ദീദിയെ ഒറ്റപെടുത്തി വ്യവസായങ്ങള്‍ കെട്ടിപെടുക്കാന്‍ മുന്നിട്ടിറങ്ങി ഇരിയ്ക്കയാനെന്നും കേട്ടു. നമ്മുടെ ഇടയിലും പിന്തിരിപ്പന്മാര്‍ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്. ദീദി വിഷമിയ്ക്കേണ്ട, ഇങ്ങോട്ട് പോന്നോളൂ. സ്മാര്‍ട്ട്‌ സിറ്റിയും ഇങ്ങു വിഴിഞ്ഞത്ത് ഒരു പോര്‍ട്ടും പിന്നെ എവിടെയോ കോച്ച് ഫാക്ടറി തുടങ്ങീ അല്ലറ ചില്ലറ കച്ചവടങ്ങളുമായി നമ്മുടെ സര്‍ക്കാറും എന്തൊക്കെയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ചേച്ചിയുടെ അനുഭവസമ്പത്ത് മുതലാക്കി നമുക്കീ സാമ്രാജ്യത്വ ശക്തികളെ അറബികടലില്‍ തള്ളാം. വികസനത്തിന്റെ പേരില്‍ അമേരിയ്ക്കക്കും മുതലാളിത്ത സംസ്കാരത്തിനും ഹലെലുയ്യ പാടുന്ന പുത്തന്‍ വികസന (ഭീകര ) വാദികളെ നമുക്കു ഒറ്റക്കെട്ടായി എതിര്‍ക്കാം. ബന്ദുകളും ഹര്‍ത്താലുകളും എങ്ങനെ വിജയിപ്പിയ്ക്കാം എന്നതിനെ കുറിച്ചു പഠിക്കുന്നതിനായി ഒരു സര്‍വകലാശാല നമ്മുടെ പാര്‍ടി തുടങ്ങാന്‍ ആലോചിയ്ക്കുന്നു. ആയതിന്റെ അധ്യക്ഷ പദം അലങ്കരിച്ചുകൊണ്ട് വരും തലമുറയ്ക്ക് അറിവിന്‍റെ സ്വര്‍ണകനികള്‍ വിളമ്പി , ഞങ്ങള്‍ കൊളുത്തിയ ഈ ദീപശിഖ തെക്കു കന്ന്യാകുമാരി മുതല്‍ അങ്ങ് വടക്കു കാശ്മീര്‍ വരെ ആളി കത്തിച്ചു ഈ രാജ്യത്തെ കുത്ത് പാള എടുപ്പിയ്ക്കാനുള്ള മഹാ യജ്ഞത്തില്‍ ഭാഗഭാക്കാകുവാന്‍ ചേച്ചിയോട് വിനീതപുരസ്സരം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ചേച്ചിയ്ക്ക് വിപ്ലവാഭിവാദനങ്ങള്‍!

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 22, 2008

കായിക ഭാരതം ഉണരട്ടെ!

രോഗ ശയ്യയില്‍ കിടക്കുന്ന കായിക ഭാരതത്തിന്‌ ഒരു മൃത സഞ്ജീവനി ആയി തീരട്ടെ ഒരു ബോളിവുഡ് നടി ഈയിടെ നടത്തിയ വാഗ്ദാനം. കായിക മന്ത്രാലയങ്ങളും സന്നദ്ധ സംഘടനകളും ഈ പുതിയ സംരഭത്തെ സഹര്‍ഷം സ്വാഗതം ചെയ്യേണ്ടതാണ്. നൂറു കോടിയോളം വരുന്ന ജനതയുടെ അഭിമാനം ഇത്തരം ചൂടന്‍ ദിന വാഗ്ദാനത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയുന്നുവെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് ഹേ നമ്മള്‍ക്ക് വേണ്ടത്? കോടികണക്കിന് പണം മുടക്കി കായിക പരിശീലന സ്ഥാ‍പനങ്ങള്‍ തുടങ്ങുന്നതിനു പകരം ചൂടന്‍ ദിനം വാഗ്ദാനം ചെയ്യാന്‍ പ്രാപ്തരായ കന്യകാ രത്നങ്ങള്‍ക്കായി വല്ല ഹോട്ട് എസ്ടബ്ലിഷ്മെന്റ്സ് ആരംഭിയ്ക്കുകയാണ് വേണ്ടത്. കാമ്പസ് സെലക്ഷന്‍ വഴി മികച്ച കുട്ടികളെ വ്യവസായ ഭീമന്മാര്‍ കൊത്തികൊണ്ട് പോകുന്നതുപോലെ കായിക വിദ്യാലയങ്ങളിലെ ഭാഗ്യവാന്‍മാര്‍ക്കായി ലലനാമണികള്‍ ക്യൂ നില്ക്കുന്ന കാഴ്ച വിദൂരമല്ല. മത്സരങ്ങളില്‍ സ്വര്‍ണം നേടിയാല്‍ ഒരു ഹോട്ട് ഡേ വെള്ളിയ്ക്ക് ഹാല്‍ഫ്‌ ഹോട്ട് ഡേ വെങ്ങലത്തിനു ക്വാര്‍ട്ടര്‍ ഹോട്ട് ഡേ എന്നിങ്ങനെ നിയമാവലി ഉണ്ടാക്കെണ്ടതും ആകുന്നു. മറ്റൊരു പ്രധാന കാര്യം സ്ത്രീ കായികതാരങ്ങളെ സംബന്ധിച്ചാണ്. അവര്‍ക്കായി ജന്റസ് ഹോട്ട് എസ്ടബ്ലിഷ്മെന്റ്സ് തുടങ്ങുന്നതാണ് ബുദ്ധി. സ്ത്രീകളെ അവഗണിച്ചു എന്ന പരാതിയും ഇതുവഴി ഒഴിവാക്കാവുന്നതാണ്. വ്യക്തിഗത ഇനങ്ങളല്ലാത്ത ക്രിക്കറ്റ്, ഹോക്കി , ഫുട്ബോള്‍ കബഡി ടീമുകള്‍ക്കും ഇത്തരം ഹോട്ട് ഡേ ഓഫര്‍ നല്‍കേണ്ടതാണ്. ബന്ധപ്പെട്ട അധികാരികള്‍ പ്രസ്തുത മഹതിയുടെ വാക്കുകള്‍ മുഖ വിലയ്ക്ക് എടുക്കെണ്ടതാനെന്നും താഴ്ചയില്‍ നിന്നു താഴ്ചയിലേക്ക് കൂപ്പു കുത്തുന്ന കായിക ഭാരതത്തെ ഉയര്തികൊണ്ടുവരാനുള്ള ഈ നൂതന വിദ്യയെ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി നടപടികള്‍ സ്വീകരിയ്ക്കെണ്ടാത്ആണെന്നും എളിമയോടെ അഭ്യര്‍തിച്ചുകൊള്ളട്ടെ. കായിക ഭാരതം നീണാള്‍ വാഴട്ടെ! ഒരു കായിക പ്രേമി.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 21, 2008

കേഴുക മമ പ്രിയ നാടേ!

എന്താണ് നടക്കുന്നത് നമ്മുടെ നാട്ടില്‍? ആരാണ് ഇതിന് ഉത്തരവാദി? കമ്മ്യുണിസ്റ്റ്കാരോ കോണ്ഗ്രസ്കാരോ ബ ജ പ കാരോ മുസ്ലിംലീഗോ? ഇതിലൊന്നും പെടാത്ത ബഹുഭൂരിപക്ഷം എത്ര നാള്‍ ഇങ്ങനെ മൌനം പാലിയ്ക്കും? പത്രങ്ങള്‍ മുഖപ്രസംഗം എഴുതിയാല്‍ അവരുടെ കടമ തീരുന്നു. രാഷ്ട്രീയകാരും എഴുത്തുകാരും സംഭവങ്ങളെ ശക്തമായ ഭാഷയില്‍ അപലപിയ്ക്കുന്നു. സംഗതി ശുഭം. അടുത്ത ഹര്‍ത്താല്‍ വരെ, കുട്ടി ആസ്പത്രിയില്‍ അമ്മയെ കാണാതെ മരിയ്ക്കുന്നതുവരെ, പൊതുമുതല്‍ ബന്ദനുകൂലികള്‍ തീ വെച്ചു നശിപ്പിയ്ക്കുന്നതുവരെ നമ്മള്‍ വിദ്വാന്മാര്‍ക്ക് മൌനം ഭൂഷണം! മലയാളിയിലെ മനുഷ്യന്‍ അനുദിനം മരിച്ചുകൊണ്ടിരിയ്ക്കയാണ്. നാടന്‍ കള്ളും കപ്പയും ബ്രാണ്ടിയുമായി മലയാളി ബന്താഘോഷം അടിച്ച് പൊളിയ്ക്കുകയാണ്. വഴിയില്‍ വാഹന അപകടത്തിനു ഇര ആയവരെ കണ്ടാല്‍ മലയാളി കാണാതെ പോകുന്നു. ഭാര്യ കുട്ടികള്‍ പിന്നെ ഞാനും അതാണിപ്പോള്‍ മലയാളിയ്ക്ക് ലോകം. ഹര്‍ത്താല്‍ സമയത്തു ചീട്ടുകളി, മദ്യസേവ, മഹിഷ സേവ .... ആനന്ദ ലബ്ദിയ്ക്ക് ഇനിയെന്ത് വേണം? ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന ചിന്ത, വികസിത രാജ്യങ്ങളോട് കിട പിടിയ്ക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ , മഹത്തായ പൈതൃകം, ആദി ശങ്കരനെ ജനിപ്പിച്ച മണ്ണ് ...... ഈ നേട്ടങ്ങള്‍ എല്ലാം നമ്മള്‍ കളഞ്ഞു കുളിയ്ക്കയാണോ? സ്വാമി വിവേകാനന്ദന്റെ ഭ്രാന്താലയം പുനര്‍ജനിയ്ക്കയന്നോ? ബന്ദുകള്‍ക്കും സമരങ്ങള്‍ക്കും അപ്പുറം ഒരു ലോകം ഉണ്ടെന്നും അവിടെയും മനുഷ്യര്‍ ജീവിയ്ക്കുന്നുന്ടെന്നും മലയാളി
എന്ന വിപ്ലവകാരിയ്ക്ക് അറിയാന്‍ പാടില്ലേ? ഗള്‍ഫ് നാടുകളില്‍ , രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ലോകത്തിന്റെ ഓരോ കോണിലും അങ്ങ് ചന്ദ്രനില്‍ ചായക്കട വരെ നടത്തുന്ന മറുനാടന്‍ മലയാളീ, നീ വേഗം നാട്ടിലേക്കു തിരിയ്ക്കുക, നിന്റെ നാടു കത്തി എരിയുന്നു, കപട കാഷായ, കാവി ചുവപ്പ് ഖാദര്‍ പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്നും നിന്റെ പ്രിയപ്പെട്ട നാട്ടിനെ രക്ഷിയ്ക്കാനുള്ള ചരിത്രപരമായ ദൌത്യം നീ ഏറ്റെടുക്കുക. നാടിനെ രക്ഷിയ്ക്കാന്‍ ദൈവത്തിനു പോലും ആവില്ലെന്ന് പരിതപ്പിച്ച നീതി ന്യായ കോടതിയെ കൊഞാനന്മാരുടെ ഭരണകൂടത്തെ , കപടസ്വമിമാരുടെ ഉപജാപക വൃന്ദത്തെ നീ എന്ന പരശുരാമന്റെ രണ്ടാം വരവ് അറിയിയ്ക്കുക. നിഷ്പക്ഷവും നിരാലംബരുമായ ഒരു ഭൂരിപക്ഷം നിന്റെ രണ്ടാം വിമോചനസമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നിനക്കു നല്ലത് വരട്ടേ, നിന്റെ നാടിനും!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 18, 2008

പേയ് കമ്മീഷന്‍

1996 അവസാനത്തില്‍ ആയിരുന്നു അതുവരെ മല മറിച്ചതിന്‌ സര്‍ക്കാര്‍ ചെറിയ ഒരു ആശ്വാസം തന്നത്. അതിന് ശേഷം നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ വേണ്ടി വന്നു ഗവര്‍മെന്റിന് നമ്മുടെ കാര്യം വീണ്ടും പരിഗണിക്കാന്‍. എന്തൊരു ജ്വോലി ആണെന്റെ ഭഗവാനെ! മൂത്രം ഒഴിക്കാന്‍ കൂടി നേരമില്ല. എന്നിട്ടും ഈ ജനങ്ങളുടെ വായടപ്പിക്കാന്‍ പറ്റുന്നില്ലല്ലോ. മറ്റുള്ളവര്‍ എല്ല് മുറിയെ പണിയെടുക്കുന്നതിനു സര്‍ക്കാര്‍ എന്തെങ്കിലും നക്കാപിച്ച്ച വെച്ചു നീട്ടിയാല്‍ അപ്പൊ തുടങ്ങും ഈ ദരിദ്രവാസികള്‍ക്ക്‌ ഹാലിളകാന്‍! നേരത്തിനും കാലത്തിനും ജോലിക്ക് വരുന്നില്ല , വന്നാല്‍ തന്നെ നേരാം വണ്ണം ജോലി എടുക്കുന്നില്ല, കൈകൂലി വാങ്ങുന്നു ....... നമ്മളെ കുറിച്ചു പറയാത്ത കഥകളില്ല. കീഴിലും മേലിലും കാണാത്ത ഇവന്റെ ജാതി ഇതാണ്, മതം ഇതാണ്, ഇവന് ഇത്ര വരുമാനം ഉണ്ട്, അവന്‍ കല്യാണം കഴിച്ചു, കൊച്ചുങ്ങളെ ഉണ്ടാക്കി, അവന്റെ തന്ത ചത്തു, തള്ള ചത്തു ..... ഇതിനൊക്കെ സാക്ഷി പത്രം ഉണ്ടാക്കണമെങ്കില്‍ ഈയുള്ളവന്‍ കനിയണം. അതിന് പകരം ചായ കുടിക്കാനായി എന്തെങ്കിലും അവന്റെ കൈയ്യില്‍ നിന്നു ഈടാക്കിയാല്‍ അത് കൈകൂലി ആയി, പാവങ്ങളെ ദ്രോഹിക്കലായി........ ഈ പണ്ടാര പരിശകളെ കൊണ്ടു തോറ്റു!. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ പോലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രതിബദ്ധതയും ഉത്പ്പാദന ക്ഷമതയും ഇല്ല എന്നാണു പറഞ്ഞു കേള്‍ക്കുന്ന വേറൊരു പരാതി. ഇതു നല്ല കൂത്ത്! ഉത്പ്പാദനം കൂട്ടാന്‍ നമ്മള്‍ എന്ത് ചെയ്യാനെട ഊവേ! സര്‍ക്കാര്‍ എന്നാല്‍ വല്ല പശുവോ എരുമയോ ആണോ, രണ്ടു കിലോ കടല പിണ്ണാക്ക് അധികം കൊടുത്തു ഉത്പ്പാദനം കൂട്ടാന്‍? അല്ല പിന്നെ! ഈ കൈകൂലി കൈകൂലി എന്ന് പറയുന്നതു നമ്മള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം കുത്തകയൊന്നുമല്ല കേട്ടോ. പ്രൈവറ്റ് കമ്പനിയിലെ മറ്റവന്മാരൊടു കൈകൂലി വാങ്ങേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ. കിട്ടിയാല്‍ വാങ്ങാത്തവരായിട്ടു ഏത് ഹരിസ്ച്ചന്ദ്രനുണ്ടീ നാട്ടില്‍ ? കൈകൂലി ഒരു ആഗോള പ്രതിഭാസമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് മാഷേ? പണ്ടു കൈലാസത്തില്‍ അടക്കം ഗണപതി കൈകൂലി വാങ്ങിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. ശിവനും പാര്‍വതിയും എന്തെല്ലാമോ ലീലകളില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ ഏതോ മഹര്‍ഷി വന്നതും , ഉള്ളില്‍ പ്രവേശനം കൈകൂലി മൂലം എന്ന് ഗണപതി നിഷ്കര്ഷിച്ചതും .... അങ്ങനെ പോകുന്നു പുരാണം. ഇതൊക്കെ ആര് വായിക്കാന്‍ ? പുതിയ ശമ്പള കമ്മിഷന്റെ കുടിശ്ശിക എപ്പോഴാണാവോ കിട്ടുക? നല്ലൊരു തുക ഉണ്ടെന്നാണ് കേട്ടത്. അതങ്ങോട്ട് കൈയ്യില്‍ കിട്ടുമ്പോഴെ പണി എടുക്കാന്‍ ഒരു ഒരു ഇതു ഉള്ളു! കെട്ടിയോള്‍ ഇതു കിട്ടാന്‍ കാത്തിരിക്കുകയാണ്. മാല മാറ്റണം അരഞ്ഞാണം മാറ്റണം ...... പയ്യന് സൈക്കിള്‍ വാങ്ങണം.... ടിവി ന്യുസും പത്രമൊന്നും വായിക്കാത്ത ഭാര്യക്ക് പേ കമ്മീഷന്‍ കുടിശ്ശികയെ പറ്റി ഏത് ശൂര്‍പ്പണക ആണാവോ പറഞ്ഞു കൊടുത്തത് ? വിവരമില്ലാത്ത ഒരു വര്‍ഗ്ഗം! കുടിശ്ശിക കൊണ്ടു ഒരു കാര്‍ വാങ്ങാന്‍ ആയിരുന്നു ആഗ്രഹം. നടക്കില്ല....... കണ്ട അണ്ടനും അടകോടനും കാറില്‍ ചെത്തുമ്പോള്‍ ഒരു മോഹം നമുക്കും ഒരു കാര്‍ ആയാലോ എന്ന്. ഹെല്‍പര്‍, തുടങ്ങിയ വര്‍ഗങ്ങള്‍ കാര്‍ വാങ്ങിയാല്‍ ജോലിയില്‍ നിന്നു പറഞ്ഞു വിടാനുള്ള സംവിധാനം വേണം. കാലം പോയ പോക്കെ! നമ്മളെ കണ്ടാല്‍ പഞ്ച പുച്ച്ചമടക്കി നിന്ന വര്‍ഗം ഇപ്പോള്‍ കാറില്‍ യാത്ര, നമ്മള്‍ ഇപ്പോഴും പഴയ മോഡല്‍ സ്കൂട്ടര്‍ യാത്ര ചെയ്യുന്നു. കലികാല വൈഭവം അല്ലാതെന്താ പറയ്യ? ഇനി ആകെ ഒരു പ്രതീക്ഷ ഏഴാം ശമ്പള കമ്മീഷന്‍ വന്നാലാണ്. അതൊന്നു വേഗം വന്നേക്കണേ എന്റെ കള്ളിയന്ക്കാട്ടു നീലി!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 04, 2008

വിപ്ലവ ധ്വനികള്‍

അങ്ങിനെ പാര്‍ലിമെന്റും കൈയ്യൊഴിഞ്ഞു. അവസാനത്തെ കച്ചിതുരുംബായിരുന്നു പാര്‍ലിമെന്റ്. ഇനി എന്താ ഒരു പോംവഴി? ഞങ്ങളുടെ കാറല്‍ മാര്‍ക്സ് മുത്തപ്പാ കാപ്പാതുന്കോ! പോയ നാലു വര്ഷം നല്ല കുശാലായിരുന്നു. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. മാസത്തില്‍ മൂന്നു നാല്‌ മീറ്റിങ്ങ്, ചായ, കാപ്പി, പെപ്സി, കോഴി, പൊതു, കള്ള്.... എല്ലാം തുലച്ചില്ലേ? ആ എമ്പോക്കി അമരന്‍ കാരണം. അസൂയ, മൂത്ത അസൂയ അല്ലാതെന്താ പറയ്യാ? തലേല്‍ കെട്ടുള്ള പാവം കിഴവനെ അടിമപണി ചെയ്യിച്ചത് അമരന് പിടിച്ചിട്ടുണ്ടാവില്ല. എല്ലാം പക്ഷെ രാജ്യത്തിന്റെ ഭാവിയെ കരുതി ആയിരുന്നു. ഏറെ കഷ്ടം ഈ ശാസ്ത്രത്നരെ കൊണ്ടാണ്. അവര്‍ക്കീ മേല്‍പ്പോട്ടു വാണം ഇട്ടിരുന്നാല്‍ പോരായിരുന്നോ? ചുമ്മാ വഴിമുടക്കികള്‍ ! കരന്റില്ലെന്കിലെന്താ കുഴപ്പം, നമുക്കു അഭിമാനമല്ലേ വലുത്? വൈദ്യുത പ്രതിസന്ധി, ഊര്‍ജ സുരക്ഷ എന്നൊക്കെ പറഞ്ഞു ആളെ പേടിപ്പെരുത്തി അമേരികായുമായി കരണ്ടു കച്ചവടം നടത്താനായിരുന്നു പരിപാടി. എന്ത് കൊണ്ടാണാവോ അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ മേലാകെ ഒരു ചൊറിച്ചില്‍. ചൈനയെ വിശ്വസിക്ക്, അമേരിക്കയെ അവിശ്വസിക്ക് എന്നല്ലേ ദാസ് കാപിറ്റല്‍ പറഞ്ഞിരിക്കുന്നത്? ഈ ജനങ്ങള്‍ക്കൊന്നും വായനാശീലം ഇല്ലാത്തതിന്റെ കുഴപ്പമാനിതൊക്കെ. മലയാളിയെ കണ്ടു പഠിക്കണം ഇന്ത്യക്കാര്‍ . അവരുടെ നാട്ടില്‍ കറന്റില്ല. പക്ഷെ കൊട്ട കണക്കിനല്ലേ മലയാളിയുടെ അഭിമാനം? നൂറ്റൊന്നു ശതമാനമാണത്രേ അവരുടെ സാക്ഷരത. അവര്ക്കു വ്യവസായങ്ങളും വേണ്ട, ഊര്‍ജവും വേണ്ട. ആഴ്ചയില്‍ നാല്ബന്ദും മൂന്ന് ഹര്‍ത്താലും ഒരു ഫുള്‍ കുപ്പിയുമുണ്ടോ മലയാളിമാമന്‍ ഹാപ്പി! ഈ ഇന്ത്യ കേരളം പോലായാല്‍ ഈ രാജ്യം രക്ഷപ്പെടും. അത്യാവശ്യം ജോലി നമുക്കും തരപ്പെടും തീര്‍ച്ച. എന്ത് നല്ല രസമായിരുന്നു കഴിഞ്ഞ രണ്ടു-മൂന്ന് വര്‍ഷങ്ങള്‍. പര്‍ലിമെന്ടരി ജനാധിപത്യം സുഖമില്ലാത്ത ഏര്‍പ്പാടാണെന്ന് ഏത് വിവര ദോഷി ആണ് പറഞ്ഞതു? തേനും പാലും എല്ലാം റെഡി ആയിരുന്നു. ഒഴുക്കാനായി കുനിഞ്ഞപ്പോഴാനു തലേല്‍ കെട്ടുള്ള അടിമ ആണവ അസ്ത്രം കെയ്യില്‍ എടുത്തു ജപ്പാനിലേക്ക് പുറപ്പെട്ടത്‌. കട്ടന്‍ കാപ്പിക്കും പരിപ്പ് വടയ്ക്കും ഓര്‍ഡര്‍ കൊടുത്തു മര്യാദ ബ്യുറോ അംഗങ്ങള്‍ ഉടന്‍ എത്തിച്ചേരാന്‍ ഓല അയച്ചു. അദ്ധ്വാനിക്കുന്ന ജനങ്ങളെ സേവിക്കുന്നത് തല്‍ക്കാലം നിര്ത്തി നേതാക്കള്‍ ഒത്തുകൂടി. ഒന്നു..... രണ്ടു...... മൂന്ന്....... ധൂം...! വലിച്ചു പിന്തുണ. ആകാശം നിലം പൊത്തി എന്നാണ് കരുതിയത്‌. മായ(വതി) ജാലം! ആകാശം അവിടെത്തന്നെ നിന്നു. ഇനി ഒരു വര്ഷം പ്രതിപക്ഷം. അതിന് ശേഷം അധോഗതി. വിവരമില്ലാത്ത ബന്കാളിയും മലയാളിയും കനിഞ്ഞാല്‍ ഒരു പത്തിരുപതു സീറ്റ് തരപ്പെടുത്താം. ശിഷ്ടകാലം മാര്‍ക്സ് ശരണം ഗച്ചാമി, എന്കല്‍സ് ശരണം ഗച്ചാമി, ലെനിന്‍ ശരണം ഗച്ചാമി. ലാല്‍ സലാം !

വ്യാഴാഴ്‌ച, ജൂലൈ 03, 2008

ഭഗ്ന ഭവനം

മനസ്സിനിണങ്ങിയ ഒരു വീട് ഉണ്ടാക്കുകാനും അതില്‍ കയറി താമസിക്കാനും ആഗ്രഹം ഇല്ലാത്ത മനുഷ്യന്‍ ഉണ്ടാകില്ല. അമിത പലിശക്ക് വായ്പയെടുത്തും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും മണി സൌധം പടുത്തുയര്‍ത്തുന്ന മനുഷ്യന്‍, ആ മണി സൌധത്തില്‍ താമസിക്കാന്‍ വിധിക്കപ്പെട്ടവനല്ലെങ്കില്‍ അവന്‍റെ പേരത്രേ മറുനാടന്‍ മലയാളി. ഉയര്‍ന്ന സാക്ഷരതയും അവകാശങ്ങളുടെ അമിതാവബോധത്തില്‍ നാടിനെ കുട്ടിച്ചോറാക്കിയ സാമൂഹ്യ പശ്ചാത്തലവും മൂലം വെളിനാടുകളില്‍ ജോലി ചെയ്യേണ്ടി വരുന്ന ഈ ഹതഭാഗ്യന്‍ വീടും കുടിയും ആവശ്യമാണെന്ന് ജീവിതാന്ത്യത്തിലാണ് ആലോചിക്കുന്നത് തന്നെ. വീട് ഉണ്ടാക്കി പാലും കാച്ചി സുഹൃത്തുക്കളും ബന്ധുക്കളും ഒന്നിച്ചു ഗ്രഹപ്രവേശം നടത്തിയ ശേഷമാണ് ആലോചിക്കുക ഈ ഗ്രഹത്തില്‍ താമസിക്കാന്‍ സമയമായിട്ടില്ലല്ലോ എന്ന്. വീടിനു അനുയോജ്യമായ വാടകക്കാരെ അന്വേഷിയ്ക്കുകയാണ് അടുത്ത പടി. മുന്തിയ തരം ടൈല്‍സ് പതിച്ച
തറയും, ലക്ഷക്കണക്കിന്‌ വിലകൊടുത്തു നിര്‍മ്മിച്ച മോഡുലാര്‍ അടുക്കളയുമെല്ലാം
നാളിതുവരെ കാണാത്ത അപരിചിതന് ഇരുപതു രൂപയുടെ മുദ്ര പത്രത്തിന്‍റെ ബലത്തില്‍ താമസിയ്ക്കാന്‍ കൊടുക്കേണ്ടി വരുന്ന ഗതികേട് ഓര്‍ത്തു പാവം മലയാളി നെടുവീര്‍പ്പിടുന്നുണ്ടാവും. ജീവിതത്തിന്‍റെ അവസാന യാമത്തില്‍ സ്വന്തം നാട്ടില്‍ ശിഷ്ട ജീവിതം കഴിച്ചു കൂട്ടാനുള്ള വ്യഗ്രതയില്‍ നാട്ടിലെത്തുന്ന മലയാളിയ്ക്ക് കിട്ടുന്നത് ആന കയറിയ കരിമ്പിന്‍ തോട്ടം മാതിരിയുള്ള വീടാണ്. വാടകക്കാരന്റെ കൊച്ചു മക്കളുടെ ഭാവനാ വിലാസങ്ങള്‍ കാട് കയറിയത് വിലപിടിപ്പുള്ള ടൈല്‍സ് കൊണ്ടു നിര്‍മ്മിച്ച തറയിലും ചുമരിലുമാണ്. സൌന്ദര്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാടകക്കാരന്റെ നല്ല പകുതി പെരുമാറിയ അടുക്കളയാകട്ടെ, യൌവ്വനത്തിനു മുമ്പെ ചാരിത്ര്യം നഷ്ടപെട്ട പെണ്‍കുട്ടിയെ അനുസ്മരിപ്പിയ്ക്കുന്നു. മലയാളി ജീവിയ്ക്കുകയാണ്, എല്ലാ നായകളും ജീവിയ്ക്കുന്നതുപോലെ തന്നെ. (സോക്രടീസിനോട് കടപ്പാട്).

വ്യാഴാഴ്‌ച, ജൂൺ 26, 2008

വിവാദങ്ങളുടെ സ്വന്തം നാട്.

നാട്ടിലെ വിവാദങ്ങള്‍ തന്നെ ആവട്ടെ ഇന്നത്തെ ചിന്താ വിഷയം. കടലിലെ തിരയ്ക്കും കേരളത്തിലെ വിവാദത്തിനും അന്തമില്ല എന്ന് ഏതെങ്കിലും മഹാകവി പാടിയതായിട്ടു ഓര്‍ക്കുന്നില്ല. കഷ്ടം തന്നെ നമ്മുടെ നാടിന്‍റെ സ്ഥിതി. ഏറ്റവും പുതിയ വിവാദം ഏഴാം ക്ലാസ്സിലെ പാഠ പുസ്തകത്തിലെ വിഷയം ആണ് . മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറഞ്ഞ മഹാന്റെ മണ്ണില്‍ മരണമില്ലാത്തത് വിവാദങ്ങള്‍ക്ക് മാത്രം. ഒരു വിവാദം രണ്ടു-മൂന്നു ദിവസത്തില്‍ കൂടുതല്‍ നില്ക്കാന്‍ പാടില്ല എന്ന് ആരോ ഉത്തരവ് ഇറക്കിയിട്ടുന്ടെന്നു ന്യായമായിട്ടും സംശയിയ്കാം. ഗോള്‍ഫ് ക്ലബ്ബ്, സന്തോഷ് മാധവന്‍, കണ്ടരരു ഇതെല്ലം ഒരു പക്ഷെ എല്ലാവരും മറന്നിരിക്കാം. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമല്ല അത് അതിവേഗം മറക്കാനുമുള്ള മലയാളിയുടെ കഴിവ് അപാരം തന്നെ. ഈ മറവി കാരണം തന്നെ ആയിരിക്കണം ഭരണാധികാരികളെ സന്ദര്‍ഭാനുസരണം ശിക്ഷിക്കാതെ ഇടതിനെയും വലതിനെയും ഒന്നിടവിട്ട ഇടവേളകളില്‍ മലയാളി മാറി മാറി ചുമക്കുന്നത്! ക്ഷത്രിയ നിഗ്രഹം ജീവിത ദൌത്യം ആയി ഏറ്റെടുത്ത് ദേവലോകത്ത്‌ വിവാദം സൃഷ്ടിച്ച പരശുരാമന്റെ പാരമ്പര്യം ആണോ അതോ ദാനധര്‍മ്മങ്ങളില്‍ വിവാദ പുരുഷനായ മഹാബലിയുടെ പാരമ്പര്യമാണോ മലയാളിക്ക് ലഭിച്ചിരിക്കുന്നത്? ഗവേഷണ വിധ്യാര്തികള്‍ ആലോചിക്കട്ടെ.

മാധ്യമങ്ങള്‍ ആണെന്ന് തോനുന്നു, ഒരു പക്ഷെ വിവാദങ്ങളെ ഇത്ര മാത്രം പെരുപ്പിച്ച് കാണിക്കുന്നത്. ഭരിക്കുന്ന കക്ഷിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍, പ്രതിപക്ഷത്തെ തമ്മിലടി, കരുണാകര-മുരളി സംവാദങ്ങള്‍, ശബരിമല വിവാദം, അരവണ പ്രശ്നം, മൂന്നാര്‍ ദൌത്യം, ഏറ്റവും ഒടുവില്‍ സിനിമാക്കാരുടെ തമ്മിലടി എല്ലാം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടിയതല്ലേ? പക്ഷെ ഇവയൊന്നും ഇല്ലാത്ത അവസ്ഥയെ കുറിച്ചു ചിന്തിച്ചു നോക്കൂ. ടിവി കാണാനും, പത്രം വായിക്കാനും എല്ലാം പരമ ബോറായിരിക്കും. പീഡന കേസിനും സന്തോഷ് മാധവ വിലാസങ്ങള്‍ക്കും പകരം ആഗോള താപനവും പ്ലൂറ്റൊവിനെ സൌരയൂഥത്തില്‍ നിന്നു നിഷ്കസിതനാക്കിയതും വായിക്കാന്‍ ആരുണ്ടാവുമിവിടെ? അതായത് അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിവാദങ്ങളെ ഇഷ്ട്ടപ്പെടുന്നു. നാണയപെരുപ്പം പന്ത്രണ്ടു ശതമാനം ആയാലും, ബാന്കുകള്‍ വായ്പ നയം തിരുത്തിയാലും നമ്മള്‍ ആദ്യം വായിക്കാന്‍/കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാര്ത്ത രാഷ്ട്രീയക്കാരുടെ/സാംസ്കാരിക നായകരുടെ വാചക കസര്‍ത്തുകളും ആള്‍ ദൈവങ്ങളുടെ അന്തപ്പുര വിശേഷങ്ങലുമാണ് . രാജ്യത്തെ വെളിച്ചത്തിലേയ്ക്കു നയിക്കാവുന്ന ആണവ കരാറിലും കൂടുതല്‍ ഇഷ്ടം നമുക്കു അരവണ കരാറിന്റെ അഴിമതി വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ബന്ദിന്റെയും സമരങ്ങളുടെയും ആലാസ്യത്തില്‍ ഉറങ്ങുന്ന മലയാളി സ്വന്തം നാട്ടിന്റെ ഈ വഴി വിട്ടുള്ള പോക്കില്‍ പരിതപിക്കാറില്ല. അരവണ പായസത്തില്‍ ഇല്ലാത്ത എലിവാലിനു തിരയുന്ന ഈ വിദ്വാന്‍ അങ്ങ് തമിഴ് മക്കള്‍ നേടിയ പുരോഗതിയില്‍ ഒട്ടും ആവേശം കാണിക്കാറില്ല. പുസ്തകം കത്തിക്കലും വഴി തടയലും മുഖ്യ തൊഴിലാക്കിയ ഈ മഹാന്‍ കാലത്തിന്റെ ചുമരെഴുത്ത് വായിക്കാനാവാതെ ഇനി എത്ര കാലം വിവാദ കുരുക്കില്‍ കുരുങ്ങി കിടക്കും? അങ്ങേക്ക് അറിയുമോ ദൈവമേ, അങ്ങയുടെ സ്വന്തം നാടല്ലെ?

ബുധനാഴ്‌ച, ജൂൺ 25, 2008

ഹരി ശ്രീ ഗണപതായെ നമഹ!

ഇതു ഒരു പരീക്ഷണം ആണ്. ഇതില്‍ ഞാന്‍ വിജയിച്ചാല്‍ ഞാനും ഒരു ബ്ലോഗനായി!
കാലം പോയ പോക്കെ! ഞാന്‍ ഒന്നു മനസ്സില്‍ കാണ്‌ാ , അതെഴുതി പിടിപ്പിക്ക്യ, നാട്ടുകാര് വായിക്ക്യ, ബഹുകേമാണെ. സുനില്‍ വളരേ നന്ദി ഉണ്ട് ട്ടോ, അപ്പൊ വീണ്ടും കാണാം